‘എല്ലാ തരം ആളുകളോടും’ അനുകമ്പയുള്ളവരായിരിക്കുക
രാജ്യസന്ദേശം എല്ലാവരും ഇരുകൈയും നീട്ടി സ്വീകരിക്കില്ലെന്നു സന്തോഷവാർത്ത പ്രസംഗിക്കാൻ ശിഷ്യന്മാരെ പരിശീലിപ്പിച്ച സമയത്ത് യേശു സൂചിപ്പിച്ചു. (ലൂക്കോ. 10:3, 5, 6) ശുശ്രൂഷയിലായിരിക്കുമ്പോൾ ആളുകൾ നമ്മളോടു പരുഷമായി ഇടപെട്ടേക്കാം, നമ്മളെ ഉപദ്രവിക്കുകപോലും ചെയ്തേക്കാം. അത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ പിന്നെ അനുകമ്പ കാണിക്കാൻ ചിലപ്പോൾ തോന്നില്ല. എന്നാൽ നമ്മൾ അതിന് എതിരെ ജാഗ്രതയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
അനുകമ്പ കാണിക്കുന്നതിൽ മടുത്തുപോയാൽ ശുശ്രൂഷയിലുള്ള നമ്മുടെ ഉത്സാഹവും ഫലപ്രദത്വവും നഷ്ടപ്പെട്ടേക്കാം. അനുകമ്പയുണ്ടെങ്കിൽ ഒരു വ്യക്തി മറ്റുള്ളവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുകയും സഹാനുഭൂതി തോന്നി അവരെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. അതുകൊണ്ട്, നമ്മൾ അനുകമ്പ വളർത്തിയെടുക്കണം. അപ്പോൾ ശുശ്രൂഷയിൽ ഏർപ്പെടാനുള്ള നമ്മുടെ ഉത്സാഹം ജ്വലിക്കും. തീ ആളിക്കത്താൻ കൂടുതൽ വിറക് ഇട്ടുകൊടുക്കുന്നതുപോലെയായിരിക്കും അത്.—1 തെസ്സ. 5:19.
ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും അനുകമ്പ കാണിക്കാൻ എങ്ങനെ കഴിയും? ഇക്കാര്യത്തിൽ യഹോവയുടെയും യേശുവിന്റെയും പൗലോസ് അപ്പോസ്തലന്റെയും മാതൃക നോക്കാം.
യഹോവയുടെ അനുകമ്പ അനുകരിക്കുക
ആയിരക്കണക്കിന് വർഷങ്ങളായി തന്റെ നാമത്തിന്മേലുള്ള നിന്ദ യഹോവ സഹിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും യഹോവ “നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ” കാണിക്കുന്നു. (ലൂക്കോ. 6:35) യഹോവ എങ്ങനെയാണു ദയ കാണിക്കുന്നത്? എല്ലാവരോടും ക്ഷമയോടെ ഇടപെട്ടുകൊണ്ട്. ‘എല്ലാ തരം ആളുകളും’ രക്ഷപ്പെടണമെന്നാണ് യഹോവയുടെ ആഗ്രഹം. (1 തിമൊ. 2:3, 4) ദുഷ്ടത ദൈവം വെറുക്കുന്നെങ്കിലും മനുഷ്യർക്കു വില കല്പിക്കുന്നു. ആരുടെയും ജീവൻ നഷ്ടപ്പെട്ടുകാണാൻ യഹോവ ആഗ്രഹിക്കുന്നില്ല.—2 പത്രോ. 3:9.
സാത്താൻ എത്ര വിദഗ്ധമായിട്ടാണ് അവിശ്വാസികളെ അന്ധമാക്കിയിരിക്കുന്നതെന്ന് യഹോവയ്ക്ക് അറിയാം. (2 കൊരി. 4:3, 4) ചെറുപ്പംതൊട്ടേ പലർക്കും തെറ്റായ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ആണ് ഉള്ളത്. അതുകൊണ്ട് സത്യം സ്വീകരിക്കുക അവർക്ക് അത്ര എളുപ്പമല്ല. അങ്ങനെയുള്ളവരെ സഹായിക്കാൻ യഹോവയ്ക്ക് അതിയായ ആഗ്രഹമുണ്ട്. നമുക്ക് അത് എങ്ങനെ അറിയാം?
പുരാതനകാലത്തെ നിനെവെക്കാരെ യഹോവ എങ്ങനെയാണു വീക്ഷിച്ചതെന്നു നോക്കാം. ദുഷ്ടത പ്രവർത്തിച്ചിരുന്നവരായിരുന്നെങ്കിലും യഹോവ നിനെവെയിലെ ആളുകളെക്കുറിച്ച് യോനയോട് ഇങ്ങനെ പറഞ്ഞു: ‘ശരിയും തെറ്റും എന്തെന്നുപോലും അറിയാത്ത 1,20,000-ത്തിലധികം മനുഷ്യരുള്ള മഹാനഗരമായ നിനെവെയോട് എനിക്കു കനിവ് തോന്നരുതോ?’ (യോന 4:11) തന്നെക്കുറിച്ചുള്ള സത്യം അറിയാതിരുന്ന ആ നിനെവെക്കാരോട് യഹോവയ്ക്ക് അനുകമ്പ തോന്നി. അവർക്കു മുന്നറിയിപ്പു കൊടുക്കാൻ യഹോവ യോനയെ നിയമിച്ചു.
യഹോവയെപ്പോലെ നമ്മളും ആളുകളെ വിലയുള്ളവരായി കാണുന്നു. ആളുകൾ ശ്രദ്ധിക്കാൻ സാധ്യതയില്ലെന്നു തോന്നിയാൽപ്പോലും അവരെ സഹായിക്കാൻ ആത്മാർഥമായി ശ്രമിച്ചുകൊണ്ട് നമുക്ക് യഹോവയെ അനുകരിക്കാം.
യേശുവിന്റെ അനുകമ്പ അനുകരിക്കുക
ആത്മീയ ആവശ്യങ്ങൾക്കായി ദാഹിക്കുന്ന ആളുകളെ കണ്ടപ്പോൾ തന്റെ പിതാവിനെപ്പോലെ യേശുവിന്റെയും മനസ്സ് അലിഞ്ഞു. “ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന് അലിവ് തോന്നി. കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും ആയിരുന്നു.” (മത്താ. 9:36) യേശു ആ വ്യക്തികളുടെ സാഹചര്യം മനസ്സിലാക്കി. അവരുടെ മതനേതാക്കന്മാർ അവരെ തെറ്റായ കാര്യങ്ങൾ പഠിപ്പിച്ചിരുന്നു, അവർക്ക് ആ നേതാക്കന്മാരുടെ ദ്രോഹം സഹിക്കേണ്ടിയും വന്നിരുന്നു. അങ്ങനെയുള്ള ആളുകളോടാണു താൻ സംസാരിക്കുന്നതെന്നു യേശുവിന് അറിയാമായിരുന്നു. പലപല കാരണങ്ങളാൽ അവരിൽ പലരും തന്റെ സന്ദേശത്തോടു പ്രതികരിക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും “യേശു അവരെ പലതും പഠിപ്പിക്കാൻതുടങ്ങി.”—മർക്കോ. 4:1-9.
ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധിക്കാത്തപ്പോൾ നമ്മളും അവരുടെ സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കണം. അവർ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നു ചിന്തിക്കണം. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന ചിലരുടെ തെറ്റായ പ്രവൃത്തികൾ കാരണം ക്രിസ്ത്യാനികളെക്കുറിച്ചും ബൈബിളിനെക്കുറിച്ചും
ചിലർക്കു മോശമായ അഭിപ്രായമായിരിക്കും ഉള്ളത്. നമ്മുടെ വിശ്വാസത്തെപ്പറ്റി പറഞ്ഞുകേൾക്കുന്ന നുണകളായിരിക്കാം ചിലരെ പിന്തിരിപ്പിക്കുന്നത്. ഇനി, നമ്മുടെ സന്ദേശം ശ്രദ്ധിച്ചാൽ സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പരിഹാസത്തിന് ഇരയാകുമോ എന്നു ചിലർക്കു ഭയമുണ്ടായിരിക്കും.ചിലരുടെ കാര്യത്തിൽ, അവരെ വൈകാരികമായി തളർത്തിക്കളഞ്ഞ ദുരനുഭവങ്ങളാണു നമ്മുടെ സന്ദേശം ശ്രദ്ധിക്കാൻ തടസ്സമായി നിൽക്കുന്നത്. കിം എന്ന മിഷനറി പറയുന്നു: “ഞങ്ങളുടെ പ്രദേശത്തെ ഒരു ഭാഗത്ത് യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച് ജീവിക്കുന്ന കുറെ മനുഷ്യരുണ്ട്. അവർക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ മുന്നിൽ ഭാവി ഇരുളടഞ്ഞതാണ്. ആകെ നിരാശിതരാണ് അവർ, അവർക്ക് ആരെയും വിശ്വാസമില്ല. ഇവിടെ പ്രവർത്തിക്കുമ്പോൾ മിക്കപ്പോഴും ഞങ്ങൾക്ക് എതിർപ്പു നേരിടേണ്ടിവരാറുണ്ട്. ഒരവസരത്തിൽ എനിക്കു ശാരീരികോപദ്രവം ഏൽക്കേണ്ടിവന്നിട്ടുണ്ട്.”
ഇങ്ങനെയുള്ള മോശമായ അനുഭവങ്ങളുണ്ടായിട്ടും തുടർന്നും ആളുകളോടു അനുകമ്പയോടെ ഇടപെടാൻ കിമ്മിനു കഴിഞ്ഞത് എങ്ങനെയാണ്? സഹോദരി പറയുന്നു: “മോശമായ പെരുമാറ്റം നേരിടേണ്ടിവരുമ്പോൾ ഞാൻ സുഭാഷിതങ്ങൾ 19:11-ലെ വാക്കുകൾ മനസ്സിലേക്കു കൊണ്ടുവരാൻ ശ്രമിക്കും. അത് ഇങ്ങനെ പറയുന്നു: ‘മനുഷ്യന്റെ ഉൾക്കാഴ്ച അവന്റെ കോപം തണുപ്പിക്കുന്നു.’ ഞങ്ങളുടെ പ്രദേശത്തെ ആളുകളുടെ പശ്ചാത്തലം ഓർക്കുന്നത് അവരോട് അനുകമ്പയുള്ളവളായിരിക്കാൻ എന്നെ സഹായിക്കുന്നു. എല്ലാവരും മോശമായി ഇടപെടുന്നവരല്ല. ആ പ്രദേശത്തുതന്നെ ഞങ്ങൾക്കു ചില നല്ല മടക്കസന്ദർശനങ്ങളും കിട്ടി.”
നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന വീട്ടുകാരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നോട് ആരെങ്കിലും രാജ്യസന്ദേശം പറഞ്ഞാൽ ഞാൻ കേൾക്കുമായിരുന്നോ?’ ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികളെക്കുറിച്ച് പലപല നുണകൾ കൂടെക്കൂടെ കേട്ടിരുന്നെങ്കിൽ നമ്മൾ സാക്ഷികൾ പറയുന്നതു ശ്രദ്ധിക്കാനുള്ള സാധ്യതയുണ്ടായിരുന്നോ? അത്തരം സാഹചര്യങ്ങളിൽ നമ്മളും രാജ്യസന്ദേശം ശ്രദ്ധിക്കാനുള്ള സാധ്യത കുറവായിരിക്കും. നമ്മളോടും അനുകമ്പ കാണിക്കേണ്ടത് ആവശ്യമായിവന്നേനേ. നമ്മളോട് ആളുകൾ എങ്ങനെയാണോ ഇടപെടാൻ ആഗ്രഹിക്കുന്നത്, അതുപോലെ നമ്മൾ അവരോട് ഇടപെടണമെന്നുള്ള യേശുവിന്റെ കല്പന ഓർക്കുന്നെങ്കിൽ, ബുദ്ധിമുട്ടാണെങ്കിൽപ്പോലും സമാനുഭാവത്തോടെ ഇടപെടാൻ നമ്മൾ പ്രചോദിതരാകും.—മത്താ. 7:12.
പൗലോസിന്റെ അനുകമ്പ അനുകരിക്കുക
പ്രസംഗപ്രവർത്തനത്തിനിടെ, തന്നെ ഉപദ്രവിച്ച ആളുകളോടുപോലും പൗലോസ് അപ്പോസ്തലൻ അനുകമ്പ കാണിച്ചു. എന്തുകൊണ്ട്? തന്റെ മുൻകാലജീവിതം പൗലോസ് മറന്നില്ല. അദ്ദേഹം പറയുന്നു: “മുമ്പ് ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും ആയിരുന്ന എന്നെയാണ് ഇങ്ങനെ വിശ്വസ്തനായി കണക്കാക്കിയത്. അതൊക്കെ വിശ്വാസമില്ലാതിരുന്ന കാലത്ത് അറിവില്ലാതെ ചെയ്തതായിരുന്നതുകൊണ്ട് എനിക്കു കരുണ ലഭിച്ചു.” (1 തിമൊ. 1:13) യഹോവയും യേശുവും തന്നോട് അളവറ്റ കരുണ കാണിച്ചെന്നു പൗലോസ് തിരിച്ചറിഞ്ഞു. താൻ സന്തോഷവാർത്ത അറിയിച്ച പലർക്കും തന്റെ നേരത്തത്തെ സ്വഭാവമാണുള്ളതെന്നു പൗലോസ് മനസ്സിലാക്കി, കാരണം ഒരു കാലത്ത് പൗലോസ് അങ്ങനെ ചെയ്തിരുന്ന വ്യക്തിയായിരുന്നല്ലോ.
പൗലോസ് കണ്ടുമുട്ടിയ ആളുകളിൽ ചിലർ തെറ്റായ പഠിപ്പിക്കലുകളിൽ ശക്തമായ വിശ്വാസം വെച്ചുപുലർത്തിയവരായിരുന്നു. അങ്ങനെയുള്ളവരെ കണ്ടപ്പോൾ പൗലോസിന് എന്തു തോന്നി? ഉദാഹരണത്തിന്, പ്രവൃത്തികൾ 17:16 പറയുന്നു. എങ്കിലും തന്നെ അസ്വസ്ഥനാക്കിയ അതേ കാര്യം ഉപയോഗിച്ച് പൗലോസ് സാക്ഷ്യം കൊടുത്തു. (പ്രവൃ. 17:22, 23) വ്യത്യസ്തതരത്തിലുള്ള ആളുകളോട് അവരുടെ പശ്ചാത്തലത്തിനു യോജിക്കുന്ന രീതിയിൽ പൗലോസ് സാക്ഷീകരിച്ചു. ‘എങ്ങനെയെങ്കിലും ചിലരെ നേടുക’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.—1 കൊരി. 9:20-23.
ആതൻസിലായിരുന്നപ്പോൾ ആ “നഗരം വിഗ്രഹങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നതു കണ്ട് പൗലോസിന്റെ മനസ്സ് ആകെ അസ്വസ്ഥമായി” എന്നുതെറ്റായ വീക്ഷണങ്ങളും വിശ്വാസങ്ങളും ഉള്ള ആളുകളെ പ്രസംഗപ്രവർത്തനത്തിനിടെ നമ്മളും കണ്ടുമുട്ടിയേക്കാം. അപ്പോൾ ‘ഏറെ മെച്ചമായ ഒന്നിനെക്കുറിച്ചുള്ള ശുഭവാർത്ത’ വൈദഗ്ധ്യത്തോടെ അവതരിപ്പിച്ചുകൊണ്ട് നമുക്കു പൗലോസിന്റെ മാതൃക അനുകരിക്കാം. (യശ. 52:7) ഡൊറോത്തി എന്ന ഒരു സഹോദരി പറയുന്നു: “ദൈവം ദയയില്ലാത്തവനും കുറ്റം കണ്ടുപിടിക്കുന്നവനും ആണെന്നാണു ഞങ്ങളുടെ പ്രദേശത്തെ മിക്കവരും പഠിച്ചുവെച്ചിരുന്നത്. അങ്ങനെയുള്ളവരെ കാണുമ്പോൾ അടിയുറച്ച ദൈവവിശ്വാസമുള്ളതിനു ഞാൻ അവരെ ആദ്യം അഭിനന്ദിക്കും. എന്നിട്ട് സ്നേഹം നിറഞ്ഞ യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ചും ബൈബിൾ പറയുന്ന കാര്യങ്ങൾ അവരോടു പറയും.”
“എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കുക”
‘അവസാനത്തോട്’ നമ്മൾ കൂടുതൽക്കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. പ്രസംഗപ്രവർത്തനത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ആളുകളുടെ മനോഭാവവും അതിനനുസരിച്ച് ‘അധഃപതിക്കുമെന്ന്’ നമ്മൾ പ്രതീക്ഷിക്കണം. (2 തിമൊ. 3:1, 13) ആളുകളുടെ സ്വഭാവത്തിലെ ഈ അധഃപതനം, നമ്മുടെ അനുകമ്പ ഇല്ലാതാകാനോ സന്തോഷം കെട്ടുപോകാനോ ഇടയാക്കരുത്. നമുക്ക് ‘എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കാനുള്ള’ ശക്തി തരാൻ യഹോവയ്ക്കു കഴിയും. (റോമ. 12:21) ജെസ്സീക്ക എന്ന മുൻനിരസേവിക പറയുന്നു: “താഴ്മയില്ലാത്ത, നമ്മളെയും നമ്മുടെ സന്ദേശത്തെയും വിലകുറച്ചുകാണുന്ന ആളുകളെ മിക്കപ്പോഴും ഞാൻ കണ്ടുമുട്ടാറുണ്ട്. അപ്പോൾ ദേഷ്യവും നിരാശയും ഒക്കെ തോന്നാം. വീട്ടുകാരൻ ഈ രീതിയിൽ പ്രതികരിക്കുമ്പോൾ ഉടനെ ഞാൻ മൗനമായി യഹോവയോടു പ്രാർഥിക്കും. യഹോവ കാണുന്നതുപോലെ ഈ വ്യക്തിയെ കാണാൻ സഹായിക്കണേ എന്നു യാചിക്കും. അങ്ങനെ, എന്റെ വികാരങ്ങളിൽ മനസ്സു കേന്ദ്രീകരിക്കുന്നതിനു പകരം ആ വ്യക്തിയെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കാൻ എനിക്കു കഴിയുന്നു.”
കൂടെ പ്രവർത്തിക്കുന്ന സഹോദരങ്ങളെ നമ്മൾ പ്രോത്സാഹിപ്പിക്കുകയും വേണം. ജെസ്സീക്ക പറയുന്നു: “പ്രസംഗപ്രവർത്തനത്തിനിടെ ആർക്കെങ്കിലും മോശമായ അനുഭവമുണ്ടായാൽ അതെക്കുറിച്ച് വീണ്ടും സംസാരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. നല്ല കാര്യങ്ങളിലേക്കു ഞാൻ സംഭാഷണം തിരിച്ചുവിടും. ചിലർ മോശമായി പ്രതികരിച്ചാലും നമ്മുടെ ശുശ്രൂഷ കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കും.”
ശുശ്രൂഷയിൽ നമ്മൾ നേരിടുന്ന വെല്ലുവിളികൾ യഹോവയ്ക്കു നന്നായി അറിയാം. അത്തരം സാഹചര്യങ്ങളിൽ യഹോവയെ അനുകരിച്ചുകൊണ്ട് കരുണ കാണിക്കുമ്പോൾ യഹോവ എത്രയധികം സന്തോഷിക്കും! (ലൂക്കോ. 6:36) യഹോവയുടെ അനുകമ്പ എന്നും ഇങ്ങനെ തുടരുകയില്ല. ഈ വ്യവസ്ഥിതിയെ എപ്പോൾ നശിപ്പിക്കണമെന്ന് യഹോവയ്ക്കു കൃത്യമായി അറിയാം. അതുവരെ പ്രസംഗപ്രവർത്തനത്തിൽ ഉത്സാഹത്തോടെ ഏർപ്പെടുക. (2 തിമൊ. 4:2) അങ്ങനെ, തീക്ഷ്ണതയോടെയും അനുകമ്പയോടെയും ‘എല്ലാ തരം ആളുകളോടും’ പ്രസംഗിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിറവേറ്റാം.