വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തര”ത്തിന്റെ (ഇംഗ്ലീഷ്) 2013-ലെ പരിഷ്കരിച്ച പതിപ്പിൽ സങ്കീർത്തനം 144:12-15 ദൈവജനത്തിനാണു ബാധകമാക്കിയിരിക്കുന്നത്. എന്നാൽ ഇതിനു മുമ്പത്തെ ഭാഷാന്തരത്തിൽ ഈ ഭാഗം, 11-ാം വാക്യത്തിൽ പറയുന്ന ദുഷ്ടരായ വിദേശികൾക്കാണു ബാധമാക്കിയിരുന്നത്. ഇങ്ങനെയൊരു മാറ്റം എന്തുകൊണ്ടാണ്?
ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന എബ്രായപദങ്ങൾ രണ്ടു രീതിയിലും പരിഭാഷ ചെയ്യാവുന്നതാണ്. ആ സ്ഥിതിക്ക്, പരിഷ്കരിച്ച പതിപ്പിൽ വരുത്തിയിരിക്കുന്ന മാറ്റം പിൻവരുന്ന വസ്തുതകളെ അടിസ്ഥാനമാക്കിയാണ്:
ഈ മാറ്റത്തിനു ഭാഷാപരവും വ്യാകരണപരവും ആയ പിന്തുണയുണ്ട്. എബ്രായഭാഷയിൽ 12-ാം വാക്യം തുടങ്ങുന്നത് ആശേർ എന്ന പദത്തോടെയാണ്. ആശേർ എന്ന പദം പല വിധങ്ങളിൽ പരിഭാഷ ചെയ്യാം. ഈ പദത്തിന് എന്ത് അർഥം കൊടുക്കുന്നു എന്നതാണു സങ്കീർത്തനം 144:12-15-ഉം അതിനു പിന്നിലുള്ള വാക്യങ്ങളും തമ്മിലുള്ള ബന്ധം നിർണയിക്കുന്നത്. ഉദാഹരണത്തിന്, “ആര് (അവർ)” എന്നപോലെ ഒരു ആപേക്ഷിക സർവനാമമായി ആശേർ പരിഭാഷ ചെയ്യാവുന്നതാണ്. ആദ്യത്തെ ഭാഷാന്തരത്തിൽ ഈ അർഥമാണു കല്പിച്ചത്. 12-14 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന നന്മകൾ അങ്ങനെ ദുഷ്ടന്മാർക്കു ബാധകമാക്കിയാണ് ആ ഭാഷാന്തരത്തിൽ എഴുതിയിരുന്നത്. എന്നാൽ ആശേർ എന്ന പദത്തിനു ഫലത്തെയോ ഭവിഷ്യത്തിനെയോ അർഥമാക്കാനും കഴിയും, അതായത്, “അപ്പോൾ” എന്നപോലെ പരിഭാഷപ്പെടുത്താനാകും. ഈ അർഥമാണ് 2013-ലെ പരിഷ്കരിച്ച പതിപ്പിലും മറ്റു ഭാഷാന്തരങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്.
144-ാം സങ്കീർത്തനത്തിലെ മറ്റു വാക്യങ്ങളുമായി ഈ മാറ്റം യോജിക്കുന്നു. 11-ാം വാക്യത്തിൽ ദുഷ്ടന്മാരുടെ കൈയിൽനിന്ന് “വിടുവിച്ച് രക്ഷിക്കേണമേ” എന്ന് അപേക്ഷിക്കുന്ന നീതിമാന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അവർക്കുള്ള അനുഗ്രഹങ്ങളാണ് “അപ്പോൾ” എന്നു തുടങ്ങുന്ന 12 മുതൽ 14 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത്. പദഘടനയിൽ വരുത്തിയിരിക്കുന്ന മാറ്റം 15-ാം വാക്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ആ വാക്യത്തിൽ രണ്ടു പ്രാവശ്യം കാണുന്ന “സന്തുഷ്ടർ” എന്ന പദം ഇപ്പോൾ ഒരേ കൂട്ടർക്കുതന്നെയാണു ബാധകമാകുന്നത്, അതായത് ‘യഹോവ ദൈവമായ ജനത്തിന്.’ മൂല എബ്രായപാഠത്തിൽ ഉദ്ധരണിചിഹ്നങ്ങൾപോലുള്ള ചിഹ്നങ്ങളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് എബ്രായ കാവ്യശൈലിയും സന്ദർഭവും ഇതിനോടു ബന്ധപ്പെട്ട മറ്റു ബൈബിൾഭാഗങ്ങളും കണക്കിലെടുത്ത് പരിഭാഷകർ ശരിയായ അർഥം മനസ്സിലാക്കണം.
ദൈവത്തിന്റെ വിശ്വസ്തരായ ജനതയ്ക്ക് അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്ന മറ്റു ബൈബിൾഭാഗങ്ങളുമായി പരിഭാഷയിലെ ഈ മാറ്റം യോജിപ്പിലാണ്. ദൈവം ഇസ്രായേൽ ജനതയെ ശത്രുക്കളിൽനിന്ന് വിടുവിച്ചശേഷം അവർക്കു സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കുമെന്നു ദാവീദിന് ഉറപ്പുണ്ടായിരുന്നു. 144-ാം സങ്കീർത്തനം ഇപ്പോൾ ദാവീദിന്റെ ഈ പ്രത്യാശയ്ക്കു തെളിവ് തരുന്നു. (ലേവ്യ 26:9, 10; ആവ. 7:13; സങ്കീ. 128:1-6) അത്തരമൊരു പ്രത്യാശയ്ക്കു ദാവീദിന് അടിസ്ഥാനമുണ്ടായിരുന്നു. ഉദാഹരണത്തിന്, ആവർത്തനം 28:4 ഇങ്ങനെ പറയുന്നു: “നിങ്ങളുടെ മക്കൾ അനുഗൃഹീതരായിരിക്കും; നിങ്ങളുടെ നിലത്തെ വിളവും നിങ്ങളുടെ മൃഗങ്ങളുടെ കുഞ്ഞുങ്ങളും—നിങ്ങളുടെ കന്നുകാലിക്കിടാങ്ങളും നിങ്ങളുടെ ആട്ടിൻകുട്ടികളും—അനുഗൃഹീതമായിരിക്കും.” വാസ്തവത്തിൽ ദാവീദിന്റെ മകനായ ശലോമോന്റെ ഭരണകാലത്ത് ഇസ്രായേല്യർ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സമാധാനവും സമൃദ്ധിയും ആസ്വദിച്ചു. അതിലുപരി, ശലോമോന്റെ ഭരണത്തിലെ നന്മകൾ മിശിഹയുടെ ഭരണത്തിൻകീഴിൽ ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളിലേക്കു വിരൽചൂണ്ടി.—1 രാജാ. 4:20, 21; സങ്കീ. 72:1-20.
അതുകൊണ്ട് 144-ാം സങ്കീർത്തനത്തിൽ വരുത്തിയിരിക്കുന്ന മാറ്റം ബൈബിൾപഠിപ്പിക്കലുകളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിനു വ്യത്യാസമൊന്നും വരുത്തുന്നില്ല. ദുഷ്ടന്മാരുടെ മേലുള്ള ദിവ്യന്യായവിധിക്കായും നീതിമാന്മാർക്കു എന്നെന്നും നിലനിൽക്കുന്ന സമാധാനത്തിനായും സമൃദ്ധിക്കായും എല്ലാ കാലത്തും ജീവിച്ചിരുന്ന യഹോവയുടെ ദാസർ കാത്തിരുന്നിട്ടുണ്ട്. ഈ പ്രത്യാശ ഇപ്പോൾ 144-ാം സങ്കീർത്തനത്തിൽ കൂടുതൽ വ്യക്തമായിരിക്കുന്നു.—സങ്കീ. 37:10, 11.