നിയമിതപുരുഷന്മാരേ, തിമൊഥെയൊസിൽനിന്ന് പഠിക്കുക
കഴിഞ്ഞ വർഷം ലോകമെമ്പാടുമായി ആയിരക്കണക്കിനു സഹോദരന്മാരെയാണു മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ആയി നിയമിച്ചത്. ഈ പ്രിയങ്കരരായ സഹോദരങ്ങളിൽ ഒരാളാണോ നിങ്ങൾ? എങ്കിൽ, നിങ്ങൾക്കു കിട്ടിയ ഈ പുതിയ സേവനപദവിയിൽ നിങ്ങൾ സന്തോഷിക്കുന്നുണ്ടായിരിക്കും.
എങ്കിലും നിങ്ങൾക്ക് അൽപ്പം ഉത്കണ്ഠയും തോന്നുന്നുണ്ടാകും. ഒരു യുവമൂപ്പനായ ജേസൺ സഹോദരൻ പറയുന്നു: “എന്നെ മൂപ്പനായി നിയമിച്ചപ്പോൾ പുതിയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർത്ത് എനിക്ക് ആകെ ആശങ്ക തോന്നി.” യഹോവയിൽനിന്ന് നിയമനങ്ങൾ കിട്ടിയപ്പോൾ മോശയ്ക്കും യിരെമ്യക്കും തങ്ങൾക്ക് അതിനുള്ള പ്രാപ്തിയില്ലെന്ന് ആദ്യമൊക്കെ തോന്നിയിരുന്നു. (പുറ. 4:10; യിരെ. 1:6) ഇത്തരം ഉത്കണ്ഠകൾ നിങ്ങളെയും അലട്ടുന്നെങ്കിൽ അവ മറികടക്കാനും പുരോഗതി വരുത്തുന്നതിൽ തുടരാനും എങ്ങനെ കഴിയും? ക്രിസ്തുശിഷ്യനായ തിമൊഥെയൊസിന്റെ മാതൃക നമുക്കു ചിന്തിക്കാം.—പ്രവൃ. 16:1-3.
തിമൊഥെയൊസിന്റെ മാതൃക അനുകരിക്കുക
പൗലോസ് അപ്പോസ്തലൻ തന്നോടൊപ്പം മിഷനറിവേലയ്ക്കു തിമൊഥെയൊസിനെ ക്ഷണിച്ചപ്പോൾ തിമൊഥെയൊസ് കൗമാരത്തിന്റെ അവസാനത്തിലോ 20-കളുടെ തുടക്കത്തിലോ ആയിരുന്നിരിക്കാം. ചെറുപ്പമായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടുകാണും. പുതിയ നിയമനം ചെയ്യാൻ ആദ്യം അത്ര ധൈര്യം തോന്നിക്കാണണമെന്നുമില്ല. (1 തിമൊ. 4:11, 12; 2 തിമൊ. 1:1, 2, 7) എങ്കിലും പത്തു വർഷത്തിനു ശേഷം പൗലോസിനു ഫിലിപ്പിയിലെ സഭയ്ക്ക് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “കർത്താവായ യേശുവിന് ഇഷ്ടമെങ്കിൽ തിമൊഥെയൊസിനെ വേഗം നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. . . . നിങ്ങളുടെ കാര്യത്തിൽ ഇത്ര ആത്മാർഥമായ താത്പര്യം കാണിക്കുമെന്ന് എനിക്ക് ഉറപ്പുള്ള മറ്റാരും ഇവിടെയില്ല.”—ഫിലി. 2:19, 20.
ഇതുപോലെ മാതൃകായോഗ്യനായ ഒരു മൂപ്പനാകാൻ തിമൊഥെയൊസിന് എങ്ങനെയാണു കഴിഞ്ഞത്? അദ്ദേഹത്തിൽനിന്ന് പഠിക്കാൻ കഴിയുന്ന ആറു പാഠങ്ങളെക്കുറിച്ച് ചിന്തിക്കാം.
1. തിമൊഥെയൊസിന് ആളുകളിൽ ആഴമായ താത്പര്യമുണ്ടായിരുന്നു. ഫിലിപ്പിയിലെ സഹോദരങ്ങളോടു പൗലോസ് പറഞ്ഞു: ‘തിമൊഥെയൊസ് നിങ്ങളുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യം കാണിക്കും.’ (ഫിലി. 2:20) അതെ, തിമൊഥെയൊസിന് ആളുകളെക്കുറിച്ച് ആഴമായ ചിന്തയുണ്ടായിരുന്നു. അവരുടെ ആത്മീയക്ഷേമത്തിൽ ആത്മാർഥമായ താത്പര്യം കാണിക്കുകയും തന്നെത്തന്നെ മനസ്സോടെ അവർക്കുവേണ്ടി വിട്ടുകൊടുക്കുകയും ചെയ്തു.
യാത്രക്കാരെ കയറ്റുന്നതിനു പകരം ബസ്റ്റോപ്പുകളിൽ കൃത്യസമയത്ത് എത്തുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന ഒരു ബസ്സ് ഡ്രൈവറെപ്പോലെയാകരുത് നമ്മൾ. 20 വർഷത്തിലധികമായി ഒരു മൂപ്പനായിരിക്കുന്ന വില്യം സഹോദരൻ പുതുതായി നിയമിക്കപ്പെട്ട മൂപ്പന്മാരോടു പറയുന്നത് ഇതാണ്: “സഹോദരങ്ങളെ സ്നേഹിക്കുക. സഭയുടെ നടത്തിപ്പിലും മേൽനോട്ടത്തിലും ശ്രദ്ധിക്കുന്നതിനെക്കാൾ സഹോദരങ്ങളുടെ ആവശ്യങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കുക.”
2. തിമൊഥെയൊസ് ശുശ്രൂഷയ്ക്കു ഒന്നാം സ്ഥാനം കൊടുത്തു. തിമൊഥെയൊസിന്റെ മാതൃകയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തിക്കൊണ്ട് പൗലോസ് പറഞ്ഞു: “മറ്റുള്ളവരെല്ലാം യേശുക്രിസ്തുവിന്റെ താത്പര്യമല്ല, സ്വന്തം താത്പര്യമാണു നോക്കുന്നത്.” (ഫിലി. 2:21) പൗലോസ് റോമിൽനിന്നാണ് ഇത് എഴുതുന്നത്. അവിടെയുള്ള സഹോദരന്മാർക്കു സ്വന്തം കാര്യങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധയെന്നു പൗലോസ് നിരീക്ഷിച്ചു. ശുശ്രൂഷയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യാൻ അവർ ഒരുക്കമല്ലായിരുന്നു. എന്നാൽ തിമൊഥെയൊസോ? സന്തോഷവാർത്ത വ്യാപിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടിയപ്പോൾ “ഇതാ ഞാൻ, എന്നെ അയച്ചാലും” എന്നു പറഞ്ഞ യശയ്യ പ്രവാചകന്റെ മനോഭാവമാണു തിമൊഥെയൊസ് കാണിച്ചത്.—യശ. 6:8.
നിങ്ങൾക്കു വ്യക്തിപരമായ കാര്യങ്ങളും ആത്മീയ ഉത്തരവാദിത്വങ്ങളും എങ്ങനെ സമനിലയിൽ കൊണ്ടുപോകാൻ കഴിയും? ഒന്ന്, മുൻഗണനകൾ വെക്കുക. “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്താൻ” പൗലോസ് ആവശ്യപ്പെട്ടു. (ഫിലി. 1:10) ദൈവത്തിന്റെ മുൻഗണനകൾ നിങ്ങളുടെ മുൻഗണനകളാക്കുക. രണ്ട്, ജീവിതം ലളിതമാക്കുക. സമയവും ഊർജവും അപഹരിക്കുന്ന കാര്യങ്ങൾ പാടേ ഉപേക്ഷിക്കുക. പൗലോസ് തിമൊഥെയൊസിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “യൗവനത്തിന്റേതായ മോഹങ്ങൾ വിട്ടോടി, . . . നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ പിന്തുടരുക.”—2 തിമൊ. 2:22.
3. തിമൊഥെയൊസ് വിശുദ്ധസേവനത്തിനായി കഠിനാധ്വാനം ചെയ്തു. ഫിലിപ്പിയിലെ സഹോദരങ്ങളെ പൗലോസ് ഇങ്ങനെ ഓർമിപ്പിച്ചു: “തിമൊഥെയൊസ്, ഒരു മകൻ അപ്പന്റെകൂടെ എന്നപോലെ എന്റെകൂടെ സന്തോഷവാർത്തയുടെ വളർച്ചയ്ക്കുവേണ്ടി അധ്വാനിച്ചുകൊണ്ട് യോഗ്യത തെളിയിച്ചതു നിങ്ങൾക്ക് അറിയാമല്ലോ.” (ഫിലി. 2:22) തിമൊഥെയൊസ് അലസനായിരുന്നില്ല, പൗലോസിനോടൊപ്പം കഠിനാധ്വാനം ചെയ്തു. ഇത് അവർക്കിടയിലുള്ള സ്നേഹബന്ധം കരുത്തുറ്റതാക്കി.
ദൈവത്തിന്റെ സംഘടനയിൽ ഇന്നും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. അതു ചെയ്യുമ്പോൾ നിങ്ങൾക്കു വളരെയധികം സംതൃപ്തി ലഭിക്കും. കൂടാതെ, അതു നിങ്ങളെ സഹോദരങ്ങളുമായി കൂടുതൽ അടുപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ‘കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കാൻ’ ലക്ഷ്യംവെക്കുക.—1 കൊരി. 15:58.
4. തിമൊഥെയൊസ് പഠിച്ച കാര്യങ്ങൾ ബാധകമാക്കി. പൗലോസ് തിമൊഥെയൊസിന് എഴുതി: “നീ എന്റെ പഠിപ്പിക്കൽ, ജീവിതരീതി, ലക്ഷ്യം, വിശ്വാസം, ക്ഷമ, സ്നേഹം, സഹനശക്തി . . . എന്നിവയെല്ലാം അടുത്തറിഞ്ഞിട്ടുണ്ടല്ലോ.” (2 തിമൊ. 3:10, 11) പഠിച്ച കാര്യങ്ങൾ ബാധകമാക്കിയതുകൊണ്ട് കൂടുതൽ ഉത്തരവാദിത്വങ്ങൾക്കു തിമൊഥെയൊസ് യോഗ്യത നേടി.—1 കൊരി. 4:17.
നിങ്ങൾക്ക് ഒരു ആത്മീയവഴികാട്ടിയുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾക്കു കണ്ടെത്താനാകുമോ? അനേകവർഷങ്ങളായി ഒരു മൂപ്പനായിരിക്കുന്ന ടോം സഹോദരൻ പറയുന്നു: “അനുഭവസമ്പന്നനായ ഒരു മൂപ്പൻ തന്റെ ‘ചിറകിൻകീഴിൽ’ എന്നെ കൊണ്ടുനടന്ന് എനിക്കു നല്ല പരിശീലനം തന്നു. സഹോദരനോടു ഞാൻ എപ്പോഴും ഉപദേശം ചോദിക്കുമായിരുന്നു, സഹോദരൻ പറയുന്ന കാര്യങ്ങളെല്ലാം ഞാൻ ബാധകമാക്കുകയും ചെയ്യും. അങ്ങനെ ഉത്തരവാദിത്വങ്ങൾ ചെയ്യാനുള്ള എന്റെ ആത്മവിശ്വാസം വളരെ വേഗം വർധിച്ചു.”
5. തിമൊഥെയൊസ് തന്നെത്തന്നെ പരിശീലിപ്പിച്ചു. പൗലോസ് തിമൊഥെയൊസിന് ഈ ബുദ്ധിയുപദേശം കൊടുത്തു: “ദൈവഭക്തനാകുക എന്ന ലക്ഷ്യംവെച്ച് നിന്നെത്തന്നെ പരിശീലിപ്പിക്കുക.” (1 തിമൊ. 4:7) കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരാൾക്ക് ഒരു പരിശീലകനുണ്ടായിരിക്കും. അതിനു പുറമേ അദ്ദേഹം സ്വയം പരിശീലിക്കുകയും വേണം. പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞു: “വിശുദ്ധലിഖിതങ്ങൾ പരസ്യമായി വായിക്കുന്നതിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതനായിരിക്കുക. . . . ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക. ഇവയിൽ മുഴുകിയിരിക്കുക. അങ്ങനെ നിന്റെ പുരോഗതി എല്ലാവരും വ്യക്തമായി കാണട്ടെ.”—1 തിമൊ. 4:13-15.
നിങ്ങളുടെ വൈദഗ്ധ്യങ്ങൾ മെച്ചപ്പെടുത്താൻ നിങ്ങളും ശ്രമിക്കണം. ഉത്സാഹത്തോടെ പഠിച്ചുകൊണ്ട് ആത്മീയമായി വളർന്നുകൊണ്ടിരിക്കുക. സഭാക്രമീകരണങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി പരിചിതരാകുക. അമിത ആത്മവിശ്വാസം പാടില്ല. അനുഭവപരിചയമുള്ളതുകൊണ്ട് വേണ്ടത്ര ഗവേഷണം ചെയ്യാതെ ഏതു സാഹചര്യവും കൈകാര്യം ചെയ്യാൻ നിങ്ങൾക്കു കഴിയും എന്നു ചിന്തിക്കരുത്. തിമൊഥെയൊസിനെ അനുകരിച്ചുകൊണ്ട് ‘നിങ്ങൾക്കും നിങ്ങളുടെ പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ കൊടുക്കുക.’—1 തിമൊ. 4:16.
6. തിമൊഥെയൊസ് പരിശുദ്ധാത്മാവിൽ ആശ്രയിച്ചു. തിമൊഥെയൊസിന്റെ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹത്തെ പൗലോസ് ഇങ്ങനെ ഓർമിപ്പിച്ചു: “നിന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ആ നിക്ഷേപം, നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹായത്തോടെ കാത്തുകൊള്ളുക.” (2 തിമൊ. 1:14) ശുശ്രൂഷ കാത്തുകൊള്ളുന്നതിന്, അതായത് ശുശ്രൂഷയെ വിലയേറിയതായി കണ്ട് അതു സ്ഥിരോത്സാഹത്തോടെ ചെയ്യുന്നതിന്, തിമൊഥെയൊസ് പരിശുദ്ധാത്മാവിൽ ആശ്രയിക്കണമായിരുന്നു.
അനേകവർഷങ്ങളായി ഒരു മൂപ്പനായിരിക്കുന്ന ഡൊണാൾഡ് സഹോദരൻ പറയുന്നു: “നിയമിതപുരുഷന്മാർ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ വളരെ വിലയേറിയതായി കാണണം. അങ്ങനെ ചെയ്യുന്നവർ കൂടുതൽക്കൂടുതൽ ‘ശക്തിയാർജിക്കും.’ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും ആത്മാവിന്റെ ഫലം നട്ടുവളർത്തുകയും ചെയ്യുന്ന നിയമിതപുരുഷന്മാർ സഹോദരങ്ങൾക്ക് ഒരു അനുഗ്രഹമായിരിക്കും.”—സങ്കീ. 84:7; 1 പത്രോ. 4:11.
നിങ്ങളുടെ പദവി വിലയേറിയതായി കാണുക
നിങ്ങളുടെയും മറ്റു പുതിയ നിയമിതപുരുഷന്മാരുടെയും ആത്മീയപുരോഗതി കാണുന്നതു വളരെ പ്രോത്സാഹജനകമാണ്. ലേഖനത്തിന്റെ തുടക്കത്തിൽ കണ്ട ജേസൺ സഹോദരൻ ഇങ്ങനെ പറഞ്ഞു: “മൂപ്പനായപ്പോൾമുതൽ ഞാൻ വളരെയധികം കാര്യങ്ങൾ പഠിച്ചിരിക്കുന്നു. എന്റെ ആത്മവിശ്വാസം വർധിച്ചു. ഇപ്പോൾ ഞാൻ എന്റെ നിയമനം നന്നായി ആസ്വദിക്കുന്നു, അതിനെ വിലയേറിയ ഒരു പദവിയായി ഞാൻ കാണുന്നു.”
ആത്മീയപുരോഗതി വരുത്തുന്നതിൽ നിങ്ങൾ തുടരുമോ? തിമൊഥെയൊസിന്റെ മാതൃകയിൽനിന്ന് പഠിക്കുക. അപ്പോൾ നിങ്ങളും ദൈവജനത്തിന് ഒരു അനുഗ്രഹമായിരിക്കും.