സന്തോഷത്തോടെ യഹോവയ്ക്കായി കാത്തിരിക്കുക
യഹോവ ദുഷ്ടതയെല്ലാം അവസാനിപ്പിക്കുകയും എല്ലാം പുതിയതാക്കുകയും ചെയ്യുന്ന സമയത്തിനായി നിങ്ങൾ കാത്തിരിക്കുകയാണോ? (വെളി. 21:1-5) ഉറപ്പായും. പക്ഷേ, യഹോവയ്ക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് അത്ര എളുപ്പമല്ല; പ്രത്യേകിച്ചും നമ്മൾ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ. പ്രതീക്ഷകൾ നിറവേറാൻ വൈകുന്നതു കാണുമ്പോൾ നമ്മുടെ ഹൃദയം തകർന്നുപോയേക്കാം.—സുഭാ. 13:12.
എന്നാൽ എല്ലാം പുതിയതാക്കുന്നതിനായി താൻ തീരുമാനിച്ചിരിക്കുന്ന സമയംവരെ, നമ്മൾ ക്ഷമയോടെ കാത്തിരിക്കാൻതന്നെയാണ് യഹോവ പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടാണ് യഹോവ അങ്ങനെ പ്രതീക്ഷിക്കുന്നത്? ആ കാത്തിരിപ്പിന്റെ സമയത്ത് സന്തോഷം നിലനിറുത്താൻ നമ്മളെ എന്തു സഹായിക്കും?
നമ്മൾ കാത്തിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ പറയുന്നു: “നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ കാത്തിരിക്കുന്നു, നിങ്ങളോടു കനിവ് കാട്ടാൻ ദൈവം എഴുന്നേൽക്കും. യഹോവ ന്യായത്തിന്റെ ദൈവമല്ലോ. ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന എല്ലാവരും സന്തുഷ്ടർ.” (യശ. 30:18) യശയ്യ 30-ാം അധ്യായം പ്രധാനമായും അക്കാലത്തെ ദുശ്ശാഠ്യക്കാരായ ജൂതന്മാരോടുള്ള വാക്കുകളായിരുന്നു. (യശ. 30:1) എന്നാൽ 18-ാം വാക്യം, അവിടെയുണ്ടായിരുന്ന വിശ്വസ്തരായ ജൂതന്മാർക്കു പ്രത്യാശ പകർന്നു. അത് ഇന്നും യഹോവയുടെ വിശ്വസ്തദാസർക്കു പ്രത്യാശ പകരുന്നു.
യഹോവ ക്ഷമയോടെ കാത്തിരിക്കുന്നതുകൊണ്ട് നമ്മളും കാത്തിരിക്കണം. ഈ വ്യവസ്ഥിതി അവസാനിപ്പിക്കാൻ യഹോവ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. ആ ദിവസവും മണിക്കൂറും എത്താൻ യഹോവ കാത്തിരിക്കുകയാണ്. (മത്താ. 24:36) അന്ന് സാത്താൻ യഹോവയെക്കുറിച്ചും ദൈവദാസരെക്കുറിച്ചും പറഞ്ഞിരിക്കുന്ന ആരോപണങ്ങളെല്ലാം നുണയാണെന്നു വ്യക്തമായിത്തീരും. തുടർന്ന് ദൈവം സാത്താനെയും അവന്റെ പക്ഷത്തുള്ളവരെയും ഇല്ലാതാക്കും; പക്ഷേ നമ്മളോടു ‘കരുണ കാണിക്കും.’
അതുവരെ നമുക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങളെല്ലാം ദൈവം തടയുമെന്ന് നമുക്കു പ്രതീക്ഷിക്കാനാകില്ല. എന്നാൽ കാത്തിരിക്കുന്ന ഈ സമയത്ത് സന്തോഷമുള്ളവരായിരിക്കാൻ നമുക്കു കഴിയും എന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. യശയ്യ പറഞ്ഞതുപോലെ ഒരു നല്ല കാര്യത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ നമുക്കു സന്തോഷമുള്ളവരായിരിക്കാനാകും. (യശ. 30:18) a എന്നാൽ ആ സന്തോഷം നേടാൻ നമ്മൾ എന്താണു ചെയ്യേണ്ടത്? നാലു കാര്യങ്ങൾ നോക്കാം.
സന്തോഷത്തോടെ കാത്തിരിക്കാൻ എന്തു ചെയ്യാം?
നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കുക. ദാവീദിന്, ചുറ്റും ഒരുപാട് ദുഷ്ടത നടക്കുന്നതു കാണേണ്ടിവന്നു. (സങ്കീ. 37:35) എങ്കിലും അദ്ദേഹം എഴുതി: “യഹോവയുടെ മുന്നിൽ മൗനമായിരിക്കൂ! ദൈവത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കൂ! ആരുടെയെങ്കിലും ഗൂഢതന്ത്രങ്ങൾ വിജയിക്കുന്നതു കണ്ട് നീ അസ്വസ്ഥനാകരുത്.” (സങ്കീ. 37:7) തനിക്കു ലഭിക്കാൻപോകുന്ന രക്ഷയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ദാവീദുതന്നെ ആ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചു. കൂടാതെ യഹോവയിൽനിന്ന് തനിക്കു കിട്ടിയ ഓരോ അനുഗ്രഹങ്ങളെക്കുറിച്ചും ദാവീദ് ചിന്തിച്ചു. (സങ്കീ. 40:5) അതുപോലെ നമ്മളും നമുക്കു ചുറ്റും നടക്കുന്ന മോശം കാര്യങ്ങളിലല്ല, നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങളിൽ ശ്രദ്ധവെക്കുന്നെങ്കിൽ യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നതു നമുക്ക് എളുപ്പമായിരിക്കും.
യഹോവയെ സ്തുതിക്കുന്നതിൽ തിരക്കുള്ളവരായിരിക്കുക. 71-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ സാധ്യതയനുസരിച്ച് ദാവീദ് ആണ്. അവിടെ അദ്ദേഹം യഹോവയോട് ഇങ്ങനെ പറഞ്ഞു: “ഞാനോ, ഇനിയും കാത്തിരിക്കും; അങ്ങയെ ഞാൻ അധികമധികം സ്തുതിക്കും.” (സങ്കീ. 71:14) അദ്ദേഹം എങ്ങനെ യഹോവയെ സ്തുതിക്കുമായിരുന്നു? മറ്റുള്ളവരോട് യഹോവയെക്കുറിച്ച് പറഞ്ഞുകൊണ്ടും സ്തുതിഗീതങ്ങൾ പാടിക്കൊണ്ടും. (സങ്കീ. 71:16, 23) നമുക്കും യഹോവയെ സ്തുതിക്കാനാകും. പ്രസംഗപ്രവർത്തനം ചെയ്യുമ്പോഴും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും യഹോവയെക്കുറിച്ച് സംസാരിക്കുമ്പോഴും സ്തുതിഗീതങ്ങൾ പാടുമ്പോഴും നമ്മൾ അതാണു ചെയ്യുന്നത്. അടുത്ത തവണ ഒരു രാജ്യഗീതം പാടുമ്പോൾ അതിലെ വരികളുടെ അർഥത്തെക്കുറിച്ചും അത് എങ്ങനെയാണ് നമുക്കു സന്തോഷം നൽകുന്നത് എന്നതിനെക്കുറിച്ചും നിങ്ങൾക്കു ചിന്തിച്ചുകൂടേ? അങ്ങനെയെല്ലാം ചെയ്യുന്നത്, ദാവീദിനെപ്പോലെ സന്തോഷത്തോടെ കാത്തിരിക്കാൻ നമ്മളെയും സഹായിക്കും.
സഹോദരങ്ങളിൽനിന്ന് പ്രോത്സാഹനം നേടുക. പ്രയാസസാഹചര്യങ്ങൾ ഉണ്ടായപ്പോൾ ദാവീദ് യഹോവയോടു പറഞ്ഞു: “അങ്ങയുടെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ ഞാൻ അങ്ങയുടെ നാമത്തിൽ പ്രത്യാശ വെക്കും.” (സങ്കീ. 52:9) വിശ്വസ്തരായ സഹാരാധകരിൽനിന്ന് നമുക്കും പ്രോത്സാഹനം നേടാനാകും. മീറ്റിങ്ങിലോ ശുശ്രൂഷയിലോ ആയിരിക്കുമ്പോൾ മാത്രമല്ല, ഒരുമിച്ചുകൂടുന്ന മറ്റ് അവസരങ്ങളിലും നമുക്ക് അതിനു കഴിയും.—റോമ. 1:11, 12.
പ്രത്യാശ ശക്തമാക്കുക. സങ്കീർത്തനം 62:5 പറയുന്നു: “ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു. എന്റെ പ്രത്യാശയുടെ ഉറവ് ദൈവമാണല്ലോ.” ശക്തമായ പ്രത്യാശ ഉണ്ടായിരിക്കുന്നതിൽ ഒരു കാര്യത്തിനുവേണ്ടി ഉറപ്പോടെ കാത്തിരിക്കുന്നത് ഉൾപ്പെടുന്നു. അങ്ങനെ ഒരു ഉറപ്പുണ്ടെങ്കിലേ, നമ്മൾ പ്രതീക്ഷിക്കുന്ന സമയത്ത് വ്യവസ്ഥിതി അവസാനിച്ചില്ലെങ്കിലും നമുക്കു പിടിച്ചുനിൽക്കാനാകൂ. എത്ര നാൾ കാത്തിരിക്കേണ്ടിവന്നാലും യഹോവയുടെ വാക്കുകൾ എല്ലാം നിറവേറുമെന്ന് നമുക്ക് ഉറച്ച ബോധ്യമുണ്ടാകണം. ആ ബോധ്യം ശക്തമാക്കാൻ നമ്മൾ ദൈവവചനം പഠിക്കണം. ഉദാഹരണത്തിന്, നിറവേറിയ പ്രവചനങ്ങളും ബൈബിളിന്റെ ആന്തരികയോജിപ്പും യഹോവ തന്നെക്കുറിച്ച് വെളിപ്പെടുത്തുന്ന കാര്യങ്ങളും എല്ലാം നിങ്ങൾക്കു പഠനവിഷയമാക്കാം. (സങ്കീ. 1:2, 3) കൂടാതെ ‘പരിശുദ്ധാത്മാവിനു ചേർച്ചയിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയും’ വേണം. വാഗ്ദാനങ്ങൾ നിറവേറുന്നതിനായി കാത്തിരിക്കുമ്പോൾ യഹോവയുമായി ഒരു ശക്തമായ ബന്ധം നിലനിറുത്താൻ അതു നമ്മളെ സഹായിക്കും.—യൂദ 20, 21.
തനിക്കായി കാത്തിരിക്കുന്നവരെ യഹോവ ശ്രദ്ധിക്കുന്നുണ്ടെന്നും അവരോട് അചഞ്ചലമായ സ്നേഹം കാണിക്കുന്നുണ്ടെന്നും ദാവീദിനെപ്പോലെ നമുക്കും ഉറപ്പുണ്ടായിരിക്കാം. (സങ്കീ. 33:18, 22) ജീവിതത്തിലെ നല്ല കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ടും യഹോവയെ സ്തുതിച്ചുകൊണ്ടും സഹാരാധകരിൽനിന്ന് പ്രോത്സാഹനം നേടിക്കൊണ്ടും നമ്മുടെ വിലയേറിയ പ്രത്യാശ ശക്തമാക്കിക്കൊണ്ടും നമുക്കു സന്തോഷത്തോടെ യഹോവയ്ക്കായി കാത്തിരിക്കാം.
a “കാത്തിരിക്കുന്ന” എന്നു പരിഭാഷ ചെയ്തിരിക്കുന്ന മൂലഭാഷാപദത്തിന്, ഒരു കാര്യത്തിനായി ആകാംക്ഷയോടെ നോക്കിയിരിക്കുന്നതിനെയും അർഥമാക്കാനാകും. നമ്മുടെ കഷ്ടതകളെല്ലാം യഹോവ അവസാനിപ്പിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നതു സ്വാഭാവികമാണെന്ന് അതു സൂചിപ്പിക്കുന്നു.