നിങ്ങൾക്ക് അറിയാമോ?
ബൈബിളിൽ ചിലതൊക്കെ ആവർത്തിച്ച് പറയുന്നത് എന്തുകൊണ്ടാണ്?
ബൈബിളെഴുത്തുകാർ ചിലപ്പോഴൊക്കെ ഒരേ കാര്യംതന്നെ വീണ്ടുംവീണ്ടും ആവർത്തിച്ച് എഴുതിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം അവർ അങ്ങനെ ചെയ്തത്? മൂന്നു സാധ്യതകൾ നോക്കാം:
അത് എഴുതിയ കാലഘട്ടം. പുരാതന ഇസ്രായേലിൽ മിക്ക ആളുകളുടെ കൈയിലും നിയമത്തിന്റെ ഒരു പകർപ്പുണ്ടായിരുന്നില്ല. പകരം ജനം വിശുദ്ധകൂടാരത്തിലോ ആലയത്തിലോ ചെല്ലുമ്പോൾ നിയമപുസ്തകം വായിച്ചുകേൾക്കുകയാണ് ചെയ്തിരുന്നത്. (ആവ. 31:10-12) ഒരു വലിയ ജനക്കൂട്ടം മണിക്കൂറുകൾനിന്ന് കേൾക്കുമ്പോൾ അവർക്കു പല ശ്രദ്ധാശൈഥില്യങ്ങളും ഉണ്ടായിട്ടുണ്ടാകും. (നെഹ. 8:2, 3, 7) അതുകൊണ്ട് അത്തരം സന്ദർഭങ്ങളിൽ പ്രധാനപ്പെട്ട പദപ്രയോഗങ്ങൾ വീണ്ടുംവീണ്ടും ആവർത്തിച്ച് കേൾക്കുന്നത് തിരുവെഴുത്തുകൾ ഓർത്തിരിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അവരെ സഹായിക്കുമായിരുന്നു. പ്രത്യേകിച്ച് ദൈവത്തിന്റെ ചട്ടങ്ങളുടെയും ന്യായത്തീർപ്പുകളുടെയും വിശദാംശങ്ങൾ ഓർത്തിരിക്കാൻ അവർക്ക് അതിലൂടെ കഴിഞ്ഞിട്ടുണ്ടാകും.—ലേവ്യ 18:4-22; ആവ. 5:1.
എഴുത്തിന്റെ രീതി. ബൈബിളിന്റെ ഏതാണ്ട് 10 ശതമാനവും ഗീതങ്ങളാണ്. സങ്കീർത്തനങ്ങൾ, ഉത്തമഗീതം, വിലാപങ്ങൾ എന്നീ പുസ്തകങ്ങളൊക്കെ അതിൽപ്പെടും. ഗീതങ്ങളിൽ ചിലപ്പോഴൊക്കെ ഒരേ പദങ്ങൾതന്നെ ആവർത്തിക്കുന്നതു കാണാം. അത് ആ പാട്ടിന്റെ പ്രധാനവിഷയവും അതിലെ വരികളും ഓർത്തിരിക്കാൻ കേൾവിക്കാരെ സഹായിച്ചു. ഉദാഹരണത്തിന്, സങ്കീർത്തനം 115:9-11 വരെയുള്ള ഭാഗം നോക്കുക: “ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക.—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും. അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക.—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും. യഹോവയെ ഭയപ്പെടുന്നവരേ, യഹോവയിൽ ആശ്രയിക്കുക.—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും.” ഇതിൽ വാക്കുകൾ ആവർത്തിച്ചിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചോ? അത്, പാട്ട് പാടുന്നവരുടെ മനസ്സിൽ അമൂല്യമായ ആ സത്യങ്ങൾ ആഴ്ന്നിറങ്ങാൻ സഹായിച്ചിട്ടുണ്ടാകില്ലേ?
പ്രാധാന്യമർഹിക്കുന്ന വിവരങ്ങൾ എടുത്തുകാണിക്കാൻ. ബൈബിളെഴുത്തുകാർ ചിലപ്പോഴൊക്കെ പ്രാധാന്യമുള്ള പദപ്രയോഗങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ഇസ്രായേൽ ജനതയോട് രക്തം കഴിക്കരുതെന്ന് നിർദേശിച്ചപ്പോൾ അതിന്റെ കാരണം വീണ്ടുംവീണ്ടും പറയാൻ യഹോവ മോശയെ നിയോഗിച്ചു. ജീവിയുടെ പ്രാണൻ രക്തത്തിലാണ്, അതായത് രക്തം ജീവനെ അർഥമാക്കുന്നു എന്ന് എടുത്തുകാണിക്കാൻ ദൈവം ആഗ്രഹിച്ചു. (ലേവ്യ 17:11, 14) പിന്നീട് യരുശലേമിലെ അപ്പോസ്തലന്മാരും മൂപ്പന്മാരും ക്രിസ്ത്യാനികൾ നിർബന്ധമായും പാലിക്കേണ്ട ചില നിയമങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ രക്തം ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ആവർത്തിച്ച് പറയുന്നതായി കാണാം.—പ്രവൃ. 15:20, 29.
ബൈബിളിൽ ചില കാര്യങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അതിലെ പദങ്ങളോ വാക്യങ്ങളോ ഒരു ആചാരംപോലെ ചൊല്ലിക്കൊണ്ടിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്ന് അത് അർഥമാക്കുന്നില്ല. ഉദാഹരണത്തിന്, യേശു പറഞ്ഞു: “പ്രാർഥിക്കുമ്പോൾ, . . . ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്.” (മത്താ. 6:7) തുടർന്ന്, ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ നമുക്കു പ്രാർഥിക്കാൻ കഴിയുന്ന ചില വിഷയങ്ങൾ എന്തൊക്കെയാണെന്നു യേശു പറഞ്ഞുതന്നു. (മത്താ. 6:9-13) അതുകൊണ്ട്, പ്രാർഥിക്കുമ്പോൾ നമ്മൾ ഒരേ വാക്കുകൾതന്നെ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കില്ല. എന്നാൽ ഒരു വിഷയത്തെക്കുറിച്ചുതന്നെ പല തവണ പ്രാർഥിക്കുന്നത് ഒരു തെറ്റല്ല.—മത്താ. 7:7-11.
ദൈവം തന്റെ വചനത്തിൽ ചില പദങ്ങളോ പദപ്രയോഗങ്ങളോ ആവർത്തിക്കാൻ അനുവദിച്ചത് നല്ല കാരണങ്ങൾകൊണ്ടുതന്നെയാണ്. നമ്മുടെ മഹാനായ ഉപദേഷ്ടാവ് നമ്മുടെ പ്രയോജനത്തിനായി നമ്മളെ പഠിപ്പിക്കുന്ന ഒരു വിധമാണ് അത്.—യശ. 48:17, 18.