പഠനലേഖനം 34
ബൈബിൾപ്രവചനങ്ങളിൽനിന്ന് പഠിക്കുക
“ഉൾക്കാഴ്ചയുള്ളവർക്കു കാര്യം മനസ്സിലാകും.”—ദാനി. 12:10.
ഗീതം 98 തിരുവെഴുത്തുകൾ ദൈവപ്രചോദിതം
ചുരുക്കം a
1. ബൈബിൾപ്രവചനങ്ങൾ പഠിക്കുന്നത് ഇഷ്ടമാകാൻ നമ്മളെ എന്തു സഹായിക്കും?
“ബൈബിൾപ്രവചനങ്ങളെക്കുറിച്ച് പഠിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്” എന്നു കഴിഞ്ഞ ലേഖനത്തിൽ കണ്ട ബെൻ എന്ന ചെറുപ്പക്കാരൻ പറയുന്നു. നിങ്ങൾക്കും അങ്ങനെയാണോ തോന്നുന്നത്? അതോ ബൈബിൾപ്രവചനങ്ങളെക്കുറിച്ച് പഠിക്കുന്നത് അത്ര എളുപ്പമല്ലെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? അത്തരം കാര്യങ്ങൾ പഠിക്കുന്നത് ഒട്ടും രസമല്ല എന്നുപോലും നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ യഹോവ എന്തുകൊണ്ടാണ് അതൊക്കെ തന്റെ വചനത്തിൽ ഉൾപ്പെടുത്തിയതെന്നു മനസ്സിലാക്കുമ്പോൾ ഒരുപക്ഷേ നിങ്ങളുടെ ചിന്തയ്ക്കു മാറ്റം വരും.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ഈ ലേഖനത്തിൽ, ബൈബിൾപ്രവചനങ്ങൾ പഠിക്കേണ്ടത് എന്തുകൊണ്ടാണ് എന്നും അത് എങ്ങനെ ചെയ്യാം എന്നും നമ്മൾ കാണും. തുടർന്ന് ദാനിയേൽ പുസ്തകത്തിൽ കാണുന്ന രണ്ടു പ്രവചനങ്ങളെക്കുറിച്ചും അവയുടെ അർഥം മനസ്സിലാക്കുന്നത് ഇന്നു നമ്മളെ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചും പഠിക്കും.
ബൈബിൾപ്രവചനങ്ങളെക്കുറിച്ച് പഠിക്കേണ്ടത് എന്തുകൊണ്ട്?
3. ബൈബിൾപ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാൻ നമ്മൾ എന്തു ചെയ്യണം?
3 ബൈബിൾപ്രവചനങ്ങൾ മനസ്സിലാക്കണമെങ്കിൽ നമ്മൾ സഹായം ചോദിക്കണം. ഉദാഹരണത്തിന്, നിങ്ങൾ ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തേക്കു പോകുകയാണെന്നിരിക്കട്ടെ. പക്ഷേ നിങ്ങളുടെ കൂടെയുള്ള കൂട്ടുകാരന് ആ സ്ഥലമൊക്കെ നന്നായി അറിയാം. നിങ്ങൾ ഇപ്പോൾ എവിടെയാണു നിൽക്കുന്നതെന്നും ഓരോ വഴിയും എങ്ങോട്ടുള്ളതാണെന്നും അദ്ദേഹത്തിനു കൃത്യമായി പറയാനാകും. അദ്ദേഹം കൂടെയുള്ളതിൽ നിങ്ങൾക്ക് ഒരുപാടു സന്തോഷം തോന്നും, ശരിയല്ലേ? ആ കൂട്ടുകാരനെപ്പോലെതന്നെയാണ് യഹോവയും. നമ്മൾ ഇപ്പോൾ എത്തിനിൽക്കുന്നത് എവിടെയാണെന്നും ഇനിയങ്ങോട്ട് എന്താണു സംഭവിക്കാൻ പോകുന്നതെന്നും യഹോവയ്ക്കു കൃത്യമായി അറിയാം. അതുകൊണ്ട് ബൈബിൾപ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാൻ നമ്മൾ താഴ്മയോടെ യഹോവയുടെ സഹായം ചോദിക്കണം.—ദാനി. 2:28; 2 പത്രോ. 1:19, 20.
4. യഹോവ എന്തുകൊണ്ടാണു പ്രവചനങ്ങൾ ബൈബിളിൽ എഴുതിച്ചത്? (യിരെമ്യ 29:11) (ചിത്രവും കാണുക.)
4 സ്നേഹമുള്ള ഒരു അപ്പനെപ്പോലെ യഹോവയും ആഗ്രഹിക്കുന്നതു തന്റെ മക്കൾക്കു നല്ലൊരു ഭാവിയുണ്ടായിരിക്കാനാണ്. (യിരെമ്യ 29:11 വായിക്കുക.) പക്ഷേ, ഭാവിയിൽ എന്തു നടക്കുമെന്നു പറയാൻ മനുഷ്യർക്കാകില്ല. എന്നാൽ അതു കൃത്യമായി പറയാൻ യഹോവയ്ക്കു കഴിയും. ആ പ്രവചനങ്ങളെല്ലാം യഹോവ തന്റെ വചനത്തിൽ എഴുതിച്ചിട്ടുമുണ്ട്. (യശ. 46:10) പ്രധാനപ്പെട്ട പല സംഭവങ്ങളും അവ നടക്കുന്നതിനു മുമ്പുതന്നെ നമ്മൾ അറിയാൻവേണ്ടിയാണ് യഹോവ അങ്ങനെ ചെയ്തത്. നമ്മുടെ സ്വർഗീയപിതാവ് സ്നേഹത്തോടെ നൽകിയ സമ്മാനങ്ങളാണു ബൈബിൾപ്രവചനങ്ങൾ എന്നു പറയാം. പക്ഷേ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നടക്കുമെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പോടെ പറയാനാകും?
5. ചെറുപ്പക്കാർക്ക് മാക്സിന്റെ അനുഭവത്തിൽനിന്ന് എന്തു പഠിക്കാം?
5 സ്കൂളിൽ പലപ്പോഴും നമ്മുടെ മക്കൾ ബൈബിളിനെ ഒട്ടുംതന്നെ ആദരിക്കാത്ത കുട്ടികളോടൊപ്പമാണുള്ളത്. അവരുടെ സംസാരവും പ്രവൃത്തികളും നമ്മുടെ ചെറുപ്പക്കാരുടെ മനസ്സിൽ പല സംശയങ്ങളും ഉണ്ടാക്കിയേക്കാം. മാക്സ് എന്ന സഹോദരന്റെ അനുഭവം നോക്കുക. സഹോദരൻ പറയുന്നു: “സ്കൂളിൽ പഠിക്കുന്ന സമയത്ത് ബൈബിൾ ശരിക്കും ദൈവത്തിൽനിന്നുള്ളതാണോ, മാതാപിതാക്കൾ എന്നെ പഠിപ്പിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണോ എന്നൊക്കെ ഞാൻ ചിന്തിക്കാൻതുടങ്ങി.” അതു കേട്ടപ്പോൾ മാതാപിതാക്കൾ എന്തു ചെയ്തു? സഹോദരൻ പറയുന്നു: “അവർക്കു നല്ല ഉത്കണ്ഠയൊക്കെ തോന്നിയെങ്കിലും വളരെ ശാന്തരായിട്ടാണ് എന്നോട് ഇടപെട്ടത്.” മാക്സ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അവർ ബൈബിളിൽനിന്നുതന്നെ ഉത്തരം കൊടുത്തു. ഇനി, മാക്സും ചില കാര്യങ്ങൾ ചെയ്തു. സഹോദരൻ പറയുന്നു: “ഞാൻ ബൈബിൾപ്രവചനങ്ങളെക്കുറിച്ച് പഠിച്ചു. എന്നിട്ട് മനസ്സിലാക്കിയ കാര്യങ്ങൾ സഭയിലെ മറ്റു ചെറുപ്പക്കാരോടും പറഞ്ഞു.” എന്തായിരുന്നു ഫലം? “അങ്ങനെ ചെയ്തപ്പോൾ ബൈബിൾ ശരിക്കും ദൈവത്തിന്റെ പുസ്തകമാണെന്ന് എനിക്ക് ഉറപ്പായി.”
6. നിങ്ങൾക്കു സംശയങ്ങളുണ്ടെങ്കിൽ എന്തു ചെയ്യണം, എന്തുകൊണ്ട്?
6 മാക്സിനെപ്പോലെ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണോ എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതോർത്ത് കുറ്റബോധം തോന്നേണ്ടാ. പക്ഷേ, നിങ്ങൾ പെട്ടെന്നുതന്നെ ചില കാര്യങ്ങൾ ചെയ്യണം. കാരണം സംശയം തുരുമ്പുപോലെയാണെന്നു പറയാം. ശ്രദ്ധിച്ചില്ലെങ്കിൽ വിലപ്പെട്ട പലതും അതു പതിയെപ്പതിയെ നശിപ്പിച്ചുകളയും. വിശ്വാസത്തെ തകർത്തേക്കാവുന്ന സംശയങ്ങൾ ഒഴിവാക്കാൻ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഭാവിയെക്കുറിച്ച് ബൈബിളിൽ പറയുന്ന കാര്യങ്ങൾ ഞാൻ വിശ്വസിക്കുന്നുണ്ടോ?’ നിങ്ങൾക്ക് അതത്ര ഉറപ്പില്ലെങ്കിൽ ഇതുവരെ നിറവേറിയിട്ടുള്ള ബൈബിൾപ്രവചനങ്ങളെക്കുറിച്ച് പഠിക്കുക. അത് എങ്ങനെ ചെയ്യാം?
ബൈബിൾപ്രവചനങ്ങളെക്കുറിച്ച് എങ്ങനെ പഠിക്കാം?
7. ബൈബിൾപ്രവചനങ്ങളെക്കുറിച്ച് എങ്ങനെ പഠിക്കാമെന്ന കാര്യത്തിൽ ദാനിയേൽ എന്തു മാതൃകയാണു വെച്ചത്? (ദാനിയേൽ 12:10) (ചിത്രവും കാണുക.)
7 പ്രവചനം എങ്ങനെ പഠിക്കണം എന്നതിനു ദാനിയേൽ നല്ലൊരു മാതൃകവെച്ചു. ശരിയായ ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം അതു പഠിച്ചത്, അതായത്, സത്യം അറിയാൻവേണ്ടി. ദാനിയേൽ താഴ്മയുള്ളവനുമായിരുന്നു. യഹോവയോട് അടുത്തുനിൽക്കുകയും ദൈവം പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും ചെയ്താൽ ബൈബിൾപ്രവചനങ്ങൾ മനസ്സിലാക്കാൻ യഹോവ തന്നെ സഹായിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. (ദാനി. 2:27, 28; ദാനിയേൽ 12:10 വായിക്കുക.) സഹായത്തിനായി യഹോവയിൽ ആശ്രയിച്ചുകൊണ്ട് ദാനിയേൽ താഴ്മയുള്ളവനാണെന്നു തെളിയിക്കുകയും ചെയ്തു. (ദാനി. 2:18) ഇനി, വളരെ ശ്രദ്ധയോടെയാണു ദാനിയേൽ പഠിച്ചത്. അന്നു ലഭ്യമായിരുന്ന തിരുവെഴുത്തുകളിൽനിന്ന് തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അദ്ദേഹം കണ്ടെത്തി. (യിരെ. 25:11, 12; ദാനി. 9:2) നിങ്ങൾക്ക് എങ്ങനെ ദാനിയേലിനെ അനുകരിക്കാം?
8. ചിലർ എന്തുകൊണ്ടാണു ബൈബിൾപ്രവചനങ്ങൾ പഠിക്കുന്നത്, പക്ഷേ നമ്മുടെ ഉദ്ദേശ്യം എന്തായിരിക്കണം?
8 പഠിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു ചിന്തിക്കുക. സത്യം മനസ്സിലാക്കാനുള്ള ശക്തമായ ആഗ്രഹമുള്ളതുകൊണ്ടാണോ ബൈബിൾപ്രവചനങ്ങളെക്കുറിച്ച് നിങ്ങൾ പഠിക്കുന്നത്? അങ്ങനെയാണെങ്കിൽ യഹോവ നിങ്ങളെ സഹായിക്കും. (യോഹ. 4:23, 24; 14:16, 17) എന്നാൽ മറ്റു ചിലർ എന്തിനുവേണ്ടിയായിരിക്കും ബൈബിൾപ്രവചനങ്ങൾ പഠിക്കുന്നത്? ബൈബിൾ ദൈവത്തിന്റെ പുസ്തകമല്ല എന്നതിനുള്ള തെളിവുകൾ കണ്ടെത്തുന്നതിനായിരിക്കാം. അതാകുമ്പോൾ ശരിയും തെറ്റും എന്താണെന്നു സ്വന്തമായി തീരുമാനിച്ച് അതനുസരിച്ച് ജീവിക്കാമല്ലോ എന്നാണ് അവർ ചിന്തിക്കുന്നത്. പക്ഷേ നമ്മൾ പഠിക്കുന്നത് ഒരു ശരിയായ ഉദ്ദേശ്യത്തോടെയായിരിക്കണം. ബൈബിൾപ്രവചനങ്ങൾ മനസ്സിലാക്കാൻ ഒരു പ്രധാനപ്പെട്ട ഗുണവും നമുക്ക് ആവശ്യമാണ്.
9. ബൈബിൾപ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാൻ ഏതു ഗുണം നമുക്ക് ആവശ്യമാണ്? വിശദീകരിക്കുക.
9 താഴ്മയുള്ളവരായിരിക്കുക. താഴ്മയുള്ളവരെ സഹായിക്കുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. (യാക്കോ. 4:6) അതുകൊണ്ട് ബൈബിൾപ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാനുള്ള സഹായത്തിനായി നമ്മൾ യഹോവയോടു പ്രാർഥിക്കണം. താഴ്മയുള്ളവരാണെങ്കിൽ തക്കസമയത്ത് ആത്മീയാഹാരം തരാൻ യഹോവ ഇന്ന് ഉപയോഗിക്കുന്ന വിശ്വസ്തനായ അടിമയുടെ സഹായം സ്വീകരിക്കാനും നമ്മൾ തയ്യാറാകും. (ലൂക്കോ. 12:42) യഹോവ കാര്യങ്ങളെല്ലാം വളരെ ചിട്ടയോടെ, ക്രമമായി ചെയ്യുന്ന ദൈവമാണ്. അതുകൊണ്ടുതന്നെ തന്റെ വചനത്തിൽ അടങ്ങിയിരിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുന്നതിനു നമ്മളെ സഹായിക്കാൻ യഹോവ ഒരൊറ്റ സംഘടനയെ മാത്രമേ ഉപയോഗിക്കുകയുള്ളൂ.—1 കൊരി. 14:33; എഫെ. 4:4-6.
10. എസ്ഥേറിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
10 ശ്രദ്ധയോടെ പഠിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പ്രവചനത്തെക്കുറിച്ചുതന്നെ ആദ്യം പഠിച്ചുതുടങ്ങുക. അതാണു കഴിഞ്ഞ ലേഖനത്തിൽ കണ്ട എസ്ഥേർ ചെയ്തത്. മിശിഹയുടെ വരവിനെക്കുറിച്ച് പറയുന്ന പ്രവചനങ്ങൾ ശരിക്കും സത്യമാണോ എന്ന് അറിയാൻ സഹോദരി ആഗ്രഹിച്ചു. സഹോദരി പറയുന്നു: “എനിക്കു 15 വയസ്സുള്ളപ്പോൾ, ഈ പ്രവചനങ്ങളൊക്കെ യേശു വരുന്നതിനു മുമ്പുതന്നെ എഴുതിയവയാണോ എന്നതിനുള്ള തെളിവുകൾ കണ്ടെത്താൻ ഞാൻ ഒരു ശ്രമം നടത്തി.” ചാവുകടൽ ചുരുളുകളെക്കുറിച്ച് വായിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ എസ്ഥേറിന്റെ സംശയങ്ങളൊക്കെ മാറ്റി. “അവയിൽ പലതും ക്രിസ്തുവിന്റെ വരവിനു മുമ്പുതന്നെ എഴുതപ്പെട്ടവയായിരുന്നു. അതുകൊണ്ടുതന്നെ അവ എന്തായാലും ദൈവത്തിൽനിന്നുള്ളതായിരിക്കണം. പല പ്രാവശ്യം വായിച്ചപ്പോഴാണ് അതൊക്കെ എനിക്കു മനസ്സിലായത്” എന്ന് എസ്ഥേർ സമ്മതിക്കുന്നു. പക്ഷേ അങ്ങനെയൊരു ശ്രമം ചെയ്തത് എത്ര നന്നായെന്ന് എസ്ഥേറിന് ഇപ്പോൾ തോന്നുന്നുണ്ട്. ഇത്തരത്തിൽ പല ബൈബിൾപ്രവചനങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചതിനു ശേഷം എസ്ഥേർ പറഞ്ഞത് ഇതാണ്: “ബൈബിളിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണെന്ന് എനിക്ക് ഇപ്പോൾ ശരിക്കും ബോധ്യമായി.”
11. ബൈബിൾ സത്യമാണെന്നു ബോധ്യമുണ്ടെങ്കിൽ അതു നമുക്ക് എങ്ങനെയെല്ലാം പ്രയോജനം ചെയ്യും?
11 ബൈബിളിലെ ചില പ്രവചനങ്ങൾ ഇതിനോടകംതന്നെ എങ്ങനെയാണു നിറവേറിയിരിക്കുന്നതെന്നു മനസ്സിലാകുമ്പോൾ യഹോവയിലും യഹോവ തരുന്ന നിർദേശങ്ങളിലും ഉള്ള നമ്മുടെ വിശ്വാസം ശക്തമാകും. കൂടാതെ ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും ഭാവിയെക്കുറിച്ച് നല്ലൊരു പ്രത്യാശയുണ്ടായിരിക്കാനും അവ സഹായിക്കുന്നു. ഇനി നമുക്ക് ദാനിയേൽ പുസ്തകത്തിലെ രണ്ടു പ്രവചനങ്ങൾ ചുരുക്കമായി നോക്കാം. ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുന്ന ആ പ്രവചനങ്ങളുടെ അർഥം മനസ്സിലാക്കുന്നതു ശരിയായ തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കും.
ഇരുമ്പും കളിമണ്ണും കൊണ്ടുള്ള പാദം നിങ്ങളെ എങ്ങനെ സ്വാധീനിക്കണം?
12. ‘മയമുള്ള കളിമണ്ണിനോട് ഇരുമ്പ് കലർന്നിരിക്കുന്ന’ പാദം എന്തിനെയാണ് അർഥമാക്കുന്നത്? (ദാനിയേൽ 2:41-43)
12 ദാനിയേൽ 2:41-43 വായിക്കുക. നെബൂഖദ്നേസർ രാജാവ് കണ്ട സ്വപ്നത്തിലെ പ്രതിമയുടെ പാദം ‘മയമുള്ള കളിമണ്ണിനോട് ഇരുമ്പ് കലർന്നതായിരുന്നു.’ ഈ പ്രവചനം ദാനിയേലിലെയും വെളിപാടിലെയും മറ്റു പ്രവചനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കാര്യം നമുക്കു മനസ്സിലാകുന്നു: ഇന്ന് ഏറ്റവും അധികാരമുള്ള ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെയാണു പ്രതിമയുടെ പാദം അർഥമാക്കുന്നത്. ഈ ലോകശക്തിയെക്കുറിച്ച് ദാനിയേൽ പറയുന്നത് അതു “ഭാഗികമായി ബലമുള്ളതും ഭാഗികമായി ദുർബലവും” ആണെന്നാണ്. എന്തുകൊണ്ടാണു ഭാഗികമായി ദുർബലമായിരിക്കുന്നത്? കാരണം കളിമണ്ണു പ്രതിനിധാനം ചെയ്യുന്ന സാധാരണജനങ്ങൾ ഇരുമ്പിന്റെ ശക്തി കാണിക്കാൻ ഈ ലോകശക്തിയെ അനുവദിക്കുന്നില്ല. b
13. ഈ പ്രവചനത്തിൽനിന്ന് പ്രധാനപ്പെട്ട എന്തൊക്കെ സത്യങ്ങളാണു നമ്മൾ പഠിക്കുന്നത്?
13 രാജാവ് സ്വപ്നത്തിൽ കണ്ട ആ പ്രതിമയെക്കുറിച്ച്, പ്രത്യേകിച്ച് അതിന്റെ പാദത്തെക്കുറിച്ച്, ദാനിയേൽ നൽകിയ വിശദീകരണത്തിൽനിന്ന് പ്രധാനപ്പെട്ട പല സത്യങ്ങളും നമുക്കു പഠിക്കാനാകും. ഒന്നാമതായി, ആംഗ്ലോ-അമേരിക്കൻ ലോകശക്തി അതിന്റെ കരുത്ത് പല വിധങ്ങളിൽ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ വിജയിച്ചത് ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഉൾപ്പെട്ട രാഷ്ട്രങ്ങളാണ്. ആ വിജയത്തിൽ അവർക്കു വലിയൊരു പങ്കുണ്ടായിരുന്നു. അതേസമയം ഈ ലോകശക്തിയുടെ കീഴിലുള്ള പൗരന്മാർ തമ്മിൽത്തമ്മിലും ഗവൺമെന്റിനോടും പോരടിക്കുന്നതുകൊണ്ട് അതു ദുർബലമാണെന്നും പറയാം. അത് അങ്ങനെതന്നെ തുടരുകയും ചെയ്യും. രണ്ടാമതായി, ദൈവരാജ്യം എല്ലാ മനുഷ്യഭരണങ്ങളെയും ഇല്ലാതാക്കുമ്പോൾ അധികാരത്തിലിരിക്കുന്നത് അവസാനത്തെ ഈ ലോകശക്തിയായിരിക്കും. പല രാഷ്ട്രങ്ങളും ഇടയ്ക്കൊക്കെ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെ എതിർത്തേക്കാമെങ്കിലും അവ ഒരിക്കലും ഈ ലോകശക്തിയുടെ സ്ഥാനം കൈയടക്കില്ല. അങ്ങനെ പറയാൻ കാരണമുണ്ട്. ദൈവരാജ്യഭരണത്തെ സൂചിപ്പിക്കുന്ന “കല്ല്” ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെ അർഥമാക്കുന്ന പാദത്തെ ഇടിച്ചുതകർക്കുമെന്നാണു പ്രവചനത്തിൽ നമ്മൾ കാണുന്നത്.—ദാനി. 2:34, 35, 44, 45.
14. പ്രതിമയുടെ പാദത്തെക്കുറിച്ചുള്ള പ്രവചനത്തിന്റെ അർഥം മനസ്സിലാക്കുന്നതു ശരിയായ തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
14 ഇരുമ്പും കളിമണ്ണും കൊണ്ടുള്ള പാദത്തെപ്പറ്റി ദാനിയേൽപ്രവചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യം ശരിക്കും സത്യമാണെന്ന് നിങ്ങൾക്കു ബോധ്യമുണ്ടോ? അങ്ങനെയുണ്ടെങ്കിൽ നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നതിനെ അതു സ്വാധീനിക്കും. ദുഷ്ടലോകം പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടുമെന്നു നിങ്ങൾക്ക് അറിയാവുന്നതുകൊണ്ട് കൂടുതൽ പണമുണ്ടാക്കാനോ വസ്തുവകകൾ വാരിക്കൂട്ടാനോ നിങ്ങൾ ശ്രമിക്കില്ല. (ലൂക്കോ. 12:16-21; 1 യോഹ. 2:15-17) ഈ പ്രവചനത്തിന്റെ അർഥം മനസ്സിലാക്കുന്നതു പ്രസംഗപഠിപ്പിക്കൽ പ്രവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും നിങ്ങളെ സഹായിക്കും. (മത്താ. 6:33; 28:18-20) ഇതെക്കുറിച്ചെല്ലാം പഠിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇങ്ങനെയൊന്നു ചിന്തിക്കുക: ‘ദൈവരാജ്യം എല്ലാ മനുഷ്യഭരണങ്ങളെയും പെട്ടെന്നുതന്നെ ഇല്ലാതാക്കുമെന്ന ബോധ്യം എനിക്കുണ്ടെന്ന് എന്റെ തീരുമാനങ്ങൾ തെളിയിക്കുന്നുണ്ടോ?’
‘വടക്കേ രാജാവും’ ‘തെക്കേ രാജാവും’ നിങ്ങളെ എങ്ങനെയാണു സ്വാധീനിക്കുന്നത്?
15. ഇന്നു ‘വടക്കേ രാജാവും’ ‘തെക്കേ രാജാവും’ ആരൊക്കെയാണ്? (ദാനിയേൽ 11:40)
15 ദാനിയേൽ 11:40 വായിക്കുക. ദാനിയേൽ 11-ാം അധ്യായത്തിൽ അധികാരത്തിനുവേണ്ടി പരസ്പരം പോരടിക്കുന്ന രണ്ടു രാജാക്കന്മാരെക്കുറിച്ച്, അഥവാ രാഷ്ട്രീയശക്തികളെക്കുറിച്ച് പറയുന്നുണ്ട്. ഈ പ്രവചനം ബൈബിളിലെ മറ്റു പ്രവചനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ രാജാക്കന്മാർ ആരൊക്കെയാണെന്നു നമുക്കു മനസ്സിലാകും. “വടക്കേ രാജാവ്” റഷ്യയും സഖ്യകക്ഷികളും, “തെക്കേ രാജാവ്” ആംഗ്ലോ-അമേരിക്കൻ ലോകശക്തിയും ആണ്. c
16. ‘വടക്കേ രാജാവിന്റെ’ ഭരണത്തിൻകീഴിൽ കഴിയുന്ന ദൈവജനത്തിന് എന്തെല്ലാം പ്രശ്നങ്ങൾ നേരിടുന്നു?
16 ‘വടക്കേ രാജാവിന്റെ’ ഭരണത്തിൻകീഴിൽ കഴിയുന്ന ദൈവജനത്തിന് ആ രാജാവിൽനിന്ന് ഇന്നു നേരിട്ട് പല ഉപദ്രവങ്ങളും സഹിക്കേണ്ടിവരുന്നുണ്ട്. വിശ്വാസത്തിന്റെപേരിൽ നമ്മുടെ സഹോദരങ്ങളിൽ പലരെയും അടിക്കുകയും ജയിലിലാക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ അതൊന്നും അവരെ ഭയപ്പെടുത്തുന്നില്ല. പകരം അവരുടെ വിശ്വാസം ശക്തമാക്കുകയാണു ചെയ്തിട്ടുള്ളത്. എന്തുകൊണ്ട്? കാരണം ദൈവജനത്തിനു നേരിടുന്ന ഉപദ്രവം ദാനിയേൽപ്രവചനത്തിൽ പറഞ്ഞിരിക്കുന്നതിന്റെ നിവൃത്തിയാണെന്ന് അവർക്ക് അറിയാം. d (ദാനി. 11:41) അതു തിരിച്ചറിയുന്നതു നമ്മുടെ പ്രത്യാശ ശക്തമാക്കി നിറുത്താനും യഹോവയോടു വിശ്വസ്തരായി തുടരാനും നമ്മളെ സഹായിക്കും.
17. ‘തെക്കേ രാജാവിന്റെ’ ഭരണത്തിൻകീഴിൽ കഴിഞ്ഞ കാലത്ത് ദൈവജനത്തിന് എന്തെല്ലാം പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്?
17 കഴിഞ്ഞകാലങ്ങളിൽ ‘തെക്കേ രാജാവും’ ദൈവജനത്തെ നേരിട്ട് ആക്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഒന്നും രണ്ടും ലോകമഹായുദ്ധത്തിന്റെ സമയത്ത് നമ്മുടെ പല സഹോദരങ്ങളെയും നിഷ്പക്ഷതയുടെ പേരിൽ ജയിലിലാക്കി. അതേ കാരണത്തിന്റെ പേരിൽ നമ്മുടെ ചില കുട്ടികളെ സ്കൂളിൽനിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ ഈ അടുത്ത കാലത്ത് തെക്കേ രാജാവിന്റെ ഭരണത്തിൻകീഴിൽ കഴിയുന്ന ദൈവജനത്തിനു വിശ്വാസത്തിന്റെ നേരിട്ടുള്ളതല്ലാത്ത പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഇലക്ഷന്റെ സമയത്ത് ഒരു ക്രിസ്ത്യാനിക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയെയോ സ്ഥാനാർഥിയെയോ പിന്തുണയ്ക്കാൻ പ്രലോഭനം തോന്നിയേക്കാം. അദ്ദേഹം വോട്ടു ചെയ്യാനൊന്നും പോയില്ലെങ്കിലും മനസ്സുകൊണ്ട് ആരുടെയെങ്കിലും പക്ഷം ചേരുന്നു. പ്രവർത്തനങ്ങളിൽ മാത്രമല്ല ചിന്തയിൽപ്പോലും നമ്മൾ നിഷ്പക്ഷരായിരിക്കണമെന്നല്ലേ അതു കാണിക്കുന്നത്?—യോഹ. 15:18, 19; 18:36.
18. ‘വടക്കേ രാജാവും’ ‘തെക്കേ രാജാവും’ തമ്മിൽ പോരാടുന്നതു കാണുമ്പോൾ നമുക്ക് എന്താണു തോന്നുന്നത്? (ചിത്രവും കാണുക.)
18 ബൈബിൾപ്രവചനങ്ങളിൽ വിശ്വാസമില്ലാത്തവർക്കു ‘തെക്കേ രാജാവും’ ‘വടക്കേ രാജാവും’ തമ്മിൽ ‘കൊമ്പുകോർക്കുന്നതു’ കാണുമ്പോൾ അങ്ങേയറ്റം ഉത്കണ്ഠ തോന്നിയേക്കാം. (ദാനി. 11:40, അടിക്കുറിപ്പ്) ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും പൂർണമായും നശിപ്പിക്കാൻ കഴിയുന്നത്ര ആണവായുധങ്ങളാണു രണ്ടു രാജാക്കന്മാരുടെയും കൈയിലുള്ളത്. പക്ഷേ അങ്ങനെ സംഭവിക്കാൻ യഹോവ ഒരിക്കലും അനുവദിക്കില്ലെന്നു നമുക്ക് അറിയാം. (യശ. 45:18) അതുകൊണ്ട് ‘തെക്കേ രാജാവും’ ‘വടക്കേ രാജാവും’ തമ്മിലുള്ള ഏറ്റുമുട്ടൽ നമ്മളെ പേടിപ്പിക്കുന്നതിനു പകരം നമ്മുടെ വിശ്വാസം ശക്തമാക്കുകയാണു ചെയ്യുന്നത്. കാരണം, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം തൊട്ടടുത്ത് എത്തിയിരിക്കുന്നു എന്നതിന് അത് ഉറപ്പുതരുന്നു.
പ്രവചനങ്ങൾക്കു തുടർന്നും ശ്രദ്ധകൊടുക്കുക
19. ബൈബിൾപ്രവചനങ്ങളുടെ കാര്യത്തിൽ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം?
19 ചില ബൈബിൾപ്രവചനങ്ങൾ എങ്ങനെയാണു നിറവേറുന്നതെന്നു നമുക്ക് അറിയില്ല. ദാനിയേൽ പ്രവാചകനുപോലും താൻ എഴുതിയ പല കാര്യങ്ങളുടെയും അർഥം മനസ്സിലായില്ല. (ദാനി. 12:8, 9) ഒരു പ്രവചനം കൃത്യമായി എങ്ങനെ നിറവേറുമെന്നു നമുക്ക് അറിയില്ലെന്നു കരുതി അതു സംഭവിക്കില്ലെന്നു പറയാനാകില്ല. പക്ഷേ ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാം: നമ്മൾ അറിയേണ്ട കാര്യങ്ങൾ യഹോവ മുമ്പ് ചെയ്തിട്ടുള്ളതുപോലെതന്നെ ഇനിയും കൃത്യസമയത്ത് വെളിപ്പെടുത്തിത്തരും.—ആമോ. 3:7.
20. (എ) ആവേശം ജനിപ്പിക്കുന്ന ഏതെല്ലാം ബൈബിൾപ്രവചനങ്ങളാണ് ഉടനെ നിറവേറുന്നത്? (ബി) നമ്മൾ എന്തു ചെയ്യുന്നതിൽ തുടരണം?
20 “സമാധാനം! സുരക്ഷിതത്വം!”എന്ന ഒരു പ്രഖ്യാപനം ഉണ്ടാകും. (1 തെസ്സ. 5:3) തുടർന്ന് ലോകത്തിലെ രാഷ്ട്രീയശക്തികൾ പെട്ടെന്നുതന്നെ വ്യാജമതത്തിനു നേരേ തിരിഞ്ഞ് അവയെ നശിപ്പിക്കും. (വെളി. 17:16, 17) അതിനു ശേഷം അവർ ദൈവജനത്തെ ആക്രമിക്കും. (യഹ. 38:18, 19) അതേത്തുടർന്ന് അർമഗെദോൻ എന്ന അന്തിമയുദ്ധം ആരംഭിക്കും. (വെളി. 16:14, 16) ഇതൊക്കെ പെട്ടെന്നുതന്നെ നടക്കാൻപോകുന്ന സംഭവങ്ങളാണ്. അതുവരെ നമുക്കു ബൈബിൾപ്രവചനങ്ങൾക്ക് അടുത്ത ശ്രദ്ധ നൽകാം. അതുതന്നെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാം. അങ്ങനെ ചെയ്തുകൊണ്ട് സ്നേഹവാനായ സ്വർഗീയപിതാവിനോടു നന്ദിയുള്ളവരാണെന്നു നമുക്ക് ഓരോരുത്തർക്കും തെളിയിക്കാം.
ഗീതം 95 വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
a ലോകാവസ്ഥകൾ ഇന്ന് എത്ര വഷളായാലും കാര്യങ്ങളെല്ലാം പെട്ടെന്നുതന്നെ ശരിയാകുമെന്നു നമുക്ക് ഉറച്ച് വിശ്വസിക്കാനാകും. ബൈബിൾപ്രവചനങ്ങൾ പഠിക്കുന്നതിലൂടെയാണു നമുക്ക് ആ ഉറപ്പു കിട്ടുന്നത്. ഈ ലേഖനത്തിൽ ബൈബിൾപ്രവചനങ്ങൾ പഠിക്കേണ്ടതിന്റെ ചില കാരണങ്ങൾ നമ്മൾ കാണും. കൂടാതെ ദാനിയേലിന്റെ പുസ്തകത്തിൽ കാണുന്ന രണ്ടു പ്രവചനങ്ങളെക്കുറിച്ചും ചുരുക്കമായി നോക്കും. അവയുടെ അർഥം മനസ്സിലാക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും പഠിക്കും.
b 2012 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിലെ “‘വേഗത്തിൽ സംഭവിപ്പാനുള്ളത്’ യഹോവ വെളിപ്പെടുത്തുന്നു” എന്ന ലേഖനത്തിന്റെ ഖ. 7-9 കാണുക.
c 2020 മെയ് ലക്കം വീക്ഷാഗോപുരത്തിലെ “ഇന്ന് ആരാണ് ‘വടക്കേ രാജാവ്?’” എന്ന ലേഖനത്തിന്റെ ഖ. 3-4 കാണുക.
d 2020 മെയ് ലക്കം വീക്ഷാഗോപുരത്തിലെ “ഇന്ന് ആരാണ് ‘വടക്കേ രാജാവ്?’” എന്ന ലേഖനത്തിന്റെ ഖ. 7-9 കാണുക.