പഠനലേഖനം 6
യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധം എപ്പോഴും ശരിയാണെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?
“ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം, ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ. ദൈവം വിശ്വസ്തൻ, അനീതിയില്ലാത്തവൻ; നീതിയും നേരും ഉള്ളവൻതന്നെ.”—ആവ. 32:4.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
ചുരുക്കം *
1-2. (എ) അധികാരത്തിലുള്ളവരെ വിശ്വസിക്കുന്നതു പലർക്കും ഒരു ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ടാണ്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
അധികാരത്തിലുള്ളവരെ വിശ്വസിക്കാൻ ഇന്നു പലർക്കും ബുദ്ധിമുട്ടാണ്. കാരണം ഇന്നത്തെ ഗവണ്മെന്റുകളും നിയമവ്യവസ്ഥയും ഒക്കെ പണവും സ്ഥാനവും ഉള്ളവരെ സംരക്ഷിക്കുകയും പാവങ്ങളെ അവഗണിക്കുകയും ചെയ്യുന്നതാണ് അവർ പൊതുവേ കണ്ടിട്ടുള്ളത്. “മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് . . . അവർക്കു ദോഷം ചെയ്തിരിക്കുന്നു” എന്നു ബൈബിളും പറയുന്നുണ്ട്. (സഭാ. 8:9) ഇനി, ചില മതനേതാക്കന്മാർ ചെയ്യുന്ന കാര്യങ്ങളും ആളുകൾക്കു പൊതുവേ അംഗീകരിക്കാൻ പറ്റാത്തവയാണ്. ഇതൊക്കെ കണ്ട് പലർക്കും ദൈവത്തിലുള്ള വിശ്വാസംതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു വ്യക്തി ബൈബിൾ പഠിക്കാൻ തയ്യാറാകുമ്പോൾ യഹോവയിലും യഹോവ നിയമിച്ചിരിക്കുന്ന പ്രതിനിധികളിലും വിശ്വസിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് അല്പം ബുദ്ധിമുട്ടായിരുന്നേക്കാം.
2 എന്നാൽ യഹോവയിലും യഹോവയുടെ സംഘടനയിലും വിശ്വസിക്കാൻ പഠിക്കേണ്ടതു ബൈബിൾവിദ്യാർഥികൾ മാത്രമല്ല. നമ്മുടെ കാര്യത്തിലും അതു ശരിയാണ്. വർഷങ്ങളായി യഹോവയെ സേവിക്കുന്നവരാണെങ്കിൽപ്പോലും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് ഏറ്റവും നല്ലത് എന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെടാതെ നമ്മൾ നോക്കണം. അതിന് ഒരു പരിശോധനയായേക്കാവുന്ന സാഹചര്യങ്ങൾ ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം. അത്തരത്തിലുള്ള മൂന്നു സാഹചര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പഠിക്കുന്നത്: (1) നമ്മൾ ചില ബൈബിൾഭാഗങ്ങൾ വായിക്കുമ്പോൾ, (2) യഹോവയുടെ സംഘടനയിൽനിന്ന് നമുക്കു ചില നിർദേശങ്ങൾ കിട്ടുമ്പോൾ, (3) ഭാവിയിൽ ചില പ്രശ്നങ്ങൾ നേരിടുമ്പോൾ.
ബൈബിൾ വായിക്കുമ്പോൾ
3. ചില ബൈബിൾവിവരണങ്ങൾ യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയിലുള്ള നമ്മുടെ വിശ്വാസം പരിശോധിച്ചേക്കാവുന്നത് എങ്ങനെ?
3 ചില ബൈബിൾഭാഗങ്ങൾ വായിക്കുമ്പോൾ യഹോവ എന്തുകൊണ്ടാണ് ഈ വ്യക്തിയോട് ഇങ്ങനെ ഇടപെട്ടത്, എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നൊക്കെയുള്ള സംശയങ്ങൾ നമ്മുടെ മനസ്സിൽ വന്നേക്കാം. ഉദാഹരണത്തിന് ശബത്തുദിവസം വിറകു പെറുക്കിയതിന്റെ പേരിൽ ഒരു ഇസ്രായേല്യനെ കൊല്ലാൻ യഹോവ വിധിച്ചതിനെക്കുറിച്ച് സംഖ്യ പുസ്തകത്തിൽ നമ്മൾ വായിക്കുന്നുണ്ട്. എന്നാൽ വർഷങ്ങൾക്കുശേഷം, വ്യഭിചാരവും കൊലപാതകവും ചെയ്ത ദാവീദ് രാജാവിനോട് യഹോവ ക്ഷമിച്ചതായി 2 ശമുവേൽ എന്ന പുസ്തകത്തിൽ കാണുന്നു. (സംഖ്യ 15:32, 35; 2 ശമു. 12:9, 13) ‘യഹോവ എന്തുകൊണ്ടാണ് അത്ര ചെറിയ തെറ്റു ചെയ്ത ഒരാളെ വധശിക്ഷയ്ക്കു വിധിക്കുകയും അതേസമയം കൊലപാതകവും വ്യഭിചാരവും ചെയ്ത ദാവീദിനോടു ക്ഷമിക്കുകയും ചെയ്തത്’ എന്നു നമ്മൾ ചിന്തിച്ചേക്കാം. അതു മനസ്സിലാക്കാൻ ബൈബിൾ വായിക്കുമ്പോൾ ഓർക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം.
4. ഉൽപത്തി 18:20, 21-ഉം ആവർത്തനം 10:17-ഉം യഹോവയുടെ തീരുമാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നത് എങ്ങനെ?
4 ബൈബിളിൽ എല്ലായ്പോഴും ഒരു വിവരണത്തിന്റെ എല്ലാ വിശദാംശങ്ങളും ഉണ്ടായിരിക്കണമെന്നില്ല. ഉദാഹരണത്തിന്, താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് ദാവീദ് ആത്മാർഥമായി പശ്ചാത്തപിച്ചെന്നു നമുക്ക് അറിയാം. (സങ്കീ. 51:2-4) എന്നാൽ ശബത്തുനിയമം ലംഘിച്ച ആ വ്യക്തി എങ്ങനെയുള്ള ആളായിരുന്നു? താൻ ചെയ്തതിനെക്കുറിച്ച് അയാൾക്കു കുറ്റബോധമുണ്ടായിരുന്നോ? അയാൾ മുമ്പും യഹോവയുടെ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ? ഇനി, തിരുത്തൽ കൊടുത്തിട്ടും അതു സ്വീകരിക്കാത്തതാണോ? ബൈബിൾ അതെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്: യഹോവ ‘അനീതിയില്ലാത്തവനാണ്.’ (ആവ. 32:4) മനുഷ്യർ പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതു മറ്റുള്ളവർ പറഞ്ഞുകേൾക്കുന്നതുവെച്ചോ മുൻവിധിയോടെയോ ഒക്കെയായിരിക്കാം. അതുകൊണ്ട് അവരുടെ തീരുമാനങ്ങൾ ചിലപ്പോൾ തെറ്റിപ്പോകാറുണ്ട്. എന്നാൽ യഹോവ കാര്യങ്ങൾ തീരുമാനിക്കുന്നത് അങ്ങനെയല്ല, എല്ലാ വസ്തുതകളും കണക്കിലെടുത്തിട്ടാണ്. (ഉൽപത്തി 18:20, 21; ആവർത്തനം 10:17 വായിക്കുക.) യഹോവയെക്കുറിച്ചും യഹോവയുടെ നിലവാരങ്ങളെക്കുറിച്ചും നമ്മൾ എത്രയധികം പഠിക്കുന്നോ അതനുസരിച്ച് യഹോവ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണെന്ന നമ്മുടെ ബോധ്യവും ശക്തമാകും. നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ ഏതെങ്കിലും ഒരു ബൈബിൾഭാഗം വായിക്കുമ്പോൾ മനസ്സിൽ ചില സംശയങ്ങൾ തോന്നിയാലും “യഹോവ തന്റെ വഴികളിലെല്ലാം നീതിമാൻ” ആണെന്ന ഉറപ്പ് നമുക്കുണ്ടായിരിക്കും.—സങ്കീ. 145:17.
5. അപൂർണരായതുകൊണ്ട് നമ്മുടെ തീരുമാനങ്ങൾക്ക് എന്തു സംഭവിച്ചേക്കാം? (“ അപൂർണരായതുകൊണ്ട് എപ്പോഴും എല്ലാ കാര്യങ്ങളും മനസ്സിലാകണമെന്നില്ല” എന്ന ചതുരം കാണുക.)
5 അപൂർണരായതുകൊണ്ട് നമുക്ക് എപ്പോഴും കാര്യങ്ങളെ ശരിയായി കാണാനാകില്ല. ദൈവത്തിന്റെ ഗുണങ്ങളൊക്കെ തന്ന് നമ്മളെ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് ആളുകൾക്ക് അന്യായം നേരിടുന്നതു നമുക്കു സഹിക്കില്ല. (ഉൽപ. 1:26) എന്നാൽ നമ്മൾ അപൂർണരായതുകൊണ്ട് ഒരു കാര്യത്തിന്റെ എല്ലാ വശങ്ങളും അറിയാമെന്നു വിചാരിച്ച് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾപോലും പലപ്പോഴും തെറ്റിപ്പോയേക്കാം. ഉദാഹരണത്തിന്, യോനയുടെ കാര്യംതന്നെ എടുക്കുക. നിനവെയിലെ ആളുകളോടു കരുണ കാണിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ യോനയ്ക്ക് അത് ഇഷ്ടമായില്ല. (യോന 3:10–4:1) പക്ഷേ യഹോവ കരുണ കാണിച്ചതുകൊണ്ട് നിനവെയിലെ മാനസാന്തരപ്പെട്ട 1,20,000-ത്തിലധികം ആളുകൾ രക്ഷപ്പെട്ടു. അവസാനം യഹോവയുടെയല്ല, യോനയുടെ ചിന്തയാണു തെറ്റിപ്പോയതെന്നു തെളിഞ്ഞു.
6. താൻ എടുക്കുന്ന തീരുമാനങ്ങളുടെ കാരണം യഹോവയ്ക്കു നമ്മളോടു വിശദീകരിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
6 താൻ എടുക്കുന്ന തീരുമാനങ്ങളുടെ കാരണം മനുഷ്യരോടു വിശദീകരിക്കേണ്ട ആവശ്യം യഹോവയ്ക്കില്ല. താൻ എടുത്തതോ എടുക്കാൻപോകുന്നതോ ആയ തീരുമാനങ്ങളെക്കുറിച്ച് എന്തു തോന്നുന്നു എന്നു പറയാൻ യഹോവ തന്റെ ദാസന്മാരെ ചിലപ്പോഴൊക്കെ അനുവദിച്ചിട്ടുണ്ട് എന്നുള്ളതു ശരിയാണ്. (ഉൽപ. 18:25; യോന 4:2, 3) താൻ എന്തുകൊണ്ട് അങ്ങനെയൊരു തീരുമാനമെടുത്തെന്ന് ഇടയ്ക്കൊക്കെ യഹോവ വിശദീകരിച്ചിട്ടുമുണ്ട്. (യോന 4:10, 11) എന്നാൽ തന്റെ തീരുമാനങ്ങളുടെ കാരണം നമ്മളോടു വിശദീകരിക്കേണ്ട ആവശ്യമൊന്നും യഹോവയ്ക്കില്ല. ഇനി, നമ്മുടെ സ്രഷ്ടാവായതുകൊണ്ട് ഒരു കാര്യം ചെയ്യുന്നതിനു മുമ്പോ ചെയ്തശേഷമോ നമ്മുടെ അംഗീകാരത്തിന്റെ ആവശ്യവും യഹോവയ്ക്കില്ല.—യശ. 40:13, 14; 55:9.
നിർദേശങ്ങൾ കിട്ടുമ്പോൾ
7. ഏതു കാര്യത്തിൽ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം, എന്തുകൊണ്ട്?
7 യഹോവ എപ്പോഴും ശരിയായ രീതിയിലേ കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്നു പൂർണമനസ്സോടെ സമ്മതിക്കാൻ നമുക്കു വലിയ ബുദ്ധിമുട്ടൊന്നും കാണില്ല. എന്നാൽ യഹോവ നിയമിച്ചിരിക്കുന്ന ആളുകളെ വിശ്വസിക്കാൻ നമുക്കു ചിലപ്പോൾ ബുദ്ധിമുട്ടു തോന്നിയേക്കാം. യഹോവയുടെ സംഘടനയിൽ കുറച്ചൊക്കെ അധികാരമുള്ള ആളുകൾ പ്രവർത്തിക്കുന്നതു ശരിക്കും യഹോവയുടെ നിർദേശമനുസരിച്ചാണോ അതോ സ്വന്തം ഇഷ്ടപ്രകാരമാണോ എന്നു നമ്മൾ ചിന്തിക്കാനിടയുണ്ട്. ബൈബിൾക്കാലങ്ങളിൽ ജീവിച്ചിരുന്ന ചിലരും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. 3-ാം ഖണ്ഡികയിൽ പറഞ്ഞ ആ സംഭവം നമുക്കൊന്നു നോക്കാം. ശബത്തുനിയമം ലംഘിച്ച വ്യക്തിയുടെ ബന്ധുക്കളിൽപ്പെട്ട ഒരാൾ ഇങ്ങനെ ചിന്തിച്ചിരിക്കാം: ‘മോശ ശരിക്കും യഹോവയോട് ആലോചിച്ചിട്ടാണോ ഇയാൾക്കു മരണശിക്ഷ വിധിച്ചത്?’ ഇനി, ഹിത്യനായ ഊരിയാവിന്റെ ഒരു കൂട്ടുകാരൻ ഒരുപക്ഷേ ഓർത്തിട്ടുണ്ടാകും ‘ദാവീദ് രാജാവായതുകൊണ്ട് ആ അധികാരം ഉപയോഗിച്ച് മരണശിക്ഷയിൽനിന്ന് രക്ഷപ്പെട്ടതായിരിക്കണം.’ പക്ഷേ നമ്മൾ എപ്പോഴും മനസ്സിൽപ്പിടിക്കേണ്ട കാര്യം ഇതാണ്: തന്റെ സംഘടനയിലും സഭയിലും നേതൃത്വമെടുക്കാൻവേണ്ടി നിയമിച്ചിരിക്കുന്ന വ്യക്തികളെ യഹോവ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് നമ്മളും അവരെ വിശ്വസിക്കണം. ഇല്ലെങ്കിൽ നമ്മൾ യഹോവയെ വിശ്വസിക്കുന്നെന്ന് ഒരിക്കലും പറയാനാകില്ല.
8. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയ്ക്കും ഇന്നത്തെ ക്രിസ്തീയസഭയ്ക്കും തമ്മിൽ എന്തു സമാനതയുണ്ട്? (പ്രവൃത്തികൾ 16:4, 5)
8 ഇന്നു യഹോവ ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ ഉപയോഗിച്ചാണു തന്റെ സംഘടനയെ നയിക്കുന്നത്. (മത്താ. 24:45) ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തെപ്പോലെതന്നെ ഈ അടിമയും ലോകമെങ്ങുമുള്ള ദൈവജനത്തിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുകയും സഭയിൽ മൂപ്പന്മാർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. (പ്രവൃത്തികൾ 16:4, 5 വായിക്കുക.) തുടർന്ന് മൂപ്പന്മാർ തങ്ങൾക്കു കിട്ടിയ നിർദേശങ്ങളനുസരിച്ച് സഭയിൽ കാര്യങ്ങൾ ചെയ്യുന്നു. അതുകൊണ്ട് സംഘടനയിൽനിന്നും മൂപ്പന്മാരിൽനിന്നും കിട്ടുന്ന നിർദേശങ്ങൾ അനുസരിക്കുമ്പോൾ യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയിൽ വിശ്വാസമുണ്ടെന്നു നമ്മൾ തെളിയിക്കുകയാണ്.
9. മൂപ്പന്മാർ എടുക്കുന്ന തീരുമാനം അംഗീകരിക്കാൻ നമുക്ക് എപ്പോൾ ബുദ്ധിമുട്ടു തോന്നിയേക്കാം, എന്തുകൊണ്ട്?
9 ചിലപ്പോൾ മൂപ്പന്മാർ എടുക്കുന്ന തീരുമാനം അംഗീകരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. ഉദാഹരണത്തിന്, അടുത്ത കാലത്ത് പല സഭകളുടെയും സർക്കിട്ടുകളുടെയും കാര്യത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തി. രാജ്യഹാളുകളിലെ ഇരിപ്പിടസൗകര്യങ്ങൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻവേണ്ടി ചില പ്രചാരകരോടു മറ്റൊരു സഭയിൽ പോകാമോ എന്നു മൂപ്പന്മാർ ചോദിച്ചു. നമ്മളോടാണ് അങ്ങനെയൊരു കാര്യം ആവശ്യപ്പെടുന്നതെങ്കിൽ കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ പിരിയുന്നതു ബുദ്ധിമുട്ടായി നമുക്കു തോന്നിയേക്കാം. ഓരോ പ്രചാരകനെയും ഏതു സഭയിൽ നിയമിക്കണമെന്ന് യഹോവ മൂപ്പന്മാർക്കു നിർദേശം നൽകുന്നുണ്ടോ? ഇല്ല. അതുകൊണ്ടുതന്നെ അങ്ങനെയൊരു നിർദേശം കിട്ടുമ്പോൾ അത് അനുസരിക്കാൻ നമുക്കു ചിലപ്പോൾ പ്രയാസം തോന്നാം. പക്ഷേ ഇത്തരം തീരുമാനങ്ങളൊക്കെ എടുക്കാനുള്ള ഉത്തരവാദിത്വം യഹോവ മൂപ്പന്മാരെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് നമ്മളും അവരെ വിശ്വസിക്കണം. *
10. എബ്രായർ 13:17 പറയുന്നതനുസരിച്ച് നമ്മൾ മൂപ്പന്മാരുടെ തീരുമാനത്തോടു സഹകരിക്കേണ്ടത് എന്തുകൊണ്ട്?
10 ചില സന്ദർഭങ്ങളിൽ മൂപ്പന്മാർ എടുക്കുന്ന തീരുമാനം നമ്മൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ളത് ആയിരിക്കണമെന്നില്ല. അപ്പോഴും നമ്മൾ ആ തീരുമാനത്തെ പിന്തുണയ്ക്കുകയും അവരോടു സഹകരിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ടാണ്? അങ്ങനെ ചെയ്യുമ്പോൾ ദൈവജനത്തിന്റെ ഇടയിലെ ഐക്യം നിലനിറുത്താൻ നമ്മൾ സഹായിക്കുകയാണ്. (എഫെ. 4:2, 3) മൂപ്പന്മാരുടെ സംഘം എടുക്കുന്ന തീരുമാനം എല്ലാവരും താഴ്മയോടെ അനുസരിക്കുമ്പോൾ ആ സഭയിൽ നല്ല പുരോഗതിയുണ്ടാകും. (എബ്രായർ 13:17 വായിക്കുക.) അതിലും പ്രധാനമായി നമ്മളെ പരിപാലിക്കാൻവേണ്ടി യഹോവ വിശ്വസിച്ചാക്കിയിരിക്കുന്ന മൂപ്പന്മാരോടു സഹകരിക്കുമ്പോൾ നമ്മൾ യഹോവയെ വിശ്വസിക്കുന്നെന്നു കാണിക്കുകയാണ്.—പ്രവൃ. 20:28.
11. ഏതെല്ലാം കാര്യങ്ങൾ ഓർക്കുന്നതു മൂപ്പന്മാർ തരുന്ന നിർദേശങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കാൻ സഹായിക്കും?
11 മൂപ്പന്മാർ തരുന്ന നിർദേശങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കാൻ നമുക്കു മനസ്സിൽപ്പിടിക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. സഭയോടു ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അവർ പരിശുദ്ധാത്മാവിന്റെ സഹായത്തിനുവേണ്ടി പ്രാർഥിക്കുന്നു. കൂടാതെ ബൈബിൾതത്ത്വങ്ങളും സംഘടന തരുന്ന നിർദേശങ്ങളും ശ്രദ്ധാപൂർവം പരിശോധിച്ചിട്ടാണ് അവർ തീരുമാനങ്ങളെടുക്കുന്നത്. യഹോവയെ സന്തോഷിപ്പിക്കാനും ദൈവജനത്തെ ഏറ്റവും നന്നായി പരിപാലിക്കാനും ആണ് അവരെല്ലാം ആഗ്രഹിക്കുന്നത്. തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എങ്ങനെ ചെയ്യുന്നെന്ന കാര്യത്തിൽ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നു വിശ്വസ്തരായ ഈ സഹോദരന്മാർക്ക് അറിയാം. (1 പത്രോ. 5:2, 3) ഇതൊന്നു ചിന്തിക്കുക: വംശത്തിന്റെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ലോകം ഇന്നു ഭിന്നിച്ചിരിക്കുമ്പോൾ യഹോവയുടെ ജനം ഐക്യത്തോടെ ഏകസത്യദൈവത്തെ ആരാധിക്കുന്നു. എങ്ങനെയാണ് അവർക്ക് അതിനു കഴിയുന്നത്? യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് മാത്രമാണ് ഇന്ന് ഇതു സാധ്യമായിരിക്കുന്നത്.
12. ഒരു വ്യക്തിക്കു ശരിക്കും പശ്ചാത്താപമുണ്ടോ എന്നു തീരുമാനിക്കാൻ മൂപ്പന്മാർ ഏതെല്ലാം കാര്യങ്ങൾ പരിഗണിക്കണം?
12 സഭയെ ശുദ്ധമായി സൂക്ഷിക്കാനുള്ള വലിയൊരു ഉത്തരവാദിത്വമാണ് യഹോവ മൂപ്പന്മാരെ ഏൽപ്പിച്ചിരിക്കുന്നത്. ആരെങ്കിലും ഗുരുതരമായ ഒരു തെറ്റു ചെയ്താൽ ആ വ്യക്തിയെ സഭയിൽ തുടരാൻ അനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ മൂപ്പന്മാർ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. അവർ അങ്ങനെ ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. അതിന് അവർ പല കാര്യങ്ങളും ചിന്തിക്കേണ്ടതുണ്ട്: തന്റെ തെറ്റിനെക്കുറിച്ച് ആ വ്യക്തിക്ക് ശരിക്കും പശ്ചാത്താപമുണ്ടോ? അങ്ങനെയുണ്ടെന്ന് ആ വ്യക്തി അവകാശപ്പെട്ടേക്കാമെങ്കിലും അദ്ദേഹം വാസ്തവത്തിൽ ആ തെറ്റിനെ വെറുക്കുന്നുണ്ടോ? ആ തെറ്റ് ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ അദ്ദേഹം ഉറച്ച തീരുമാനമെടുത്തിട്ടുണ്ടോ? ചീത്ത കൂട്ടുകെട്ടാണ് അങ്ങനെയൊരു തെറ്റു ചെയ്യാൻ ഇടയാക്കിയതെങ്കിൽ അത്തരം ആളുകളുമായുള്ള സൗഹൃദം വേണ്ടെന്നുവെക്കാൻ അദ്ദേഹം തയ്യാറാണോ? ഇതെല്ലാം അവർ നോക്കും. ഒരു തീരുമാനമെടുക്കുന്നതിനു മുമ്പായി മൂപ്പന്മാർ യഹോവയോടു പ്രാർഥിക്കുന്നു. ആ തെറ്റിനെക്കുറിച്ച് വിശദമായി പഠിക്കുന്നു. തിരുവെഴുത്തുകൾ പരിശോധിക്കുന്നു. കൂടാതെ ചെയ്ത തെറ്റിനെക്കുറിച്ചുള്ള ആ വ്യക്തിയുടെ മനോഭാവം എന്താണെന്നും നോക്കുന്നു. എന്നിട്ട് തെറ്റു ചെയ്ത ആളെ സഭയിൽ തുടരാൻ അനുവദിക്കാനാകുമോ ഇല്ലയോ എന്നു മൂപ്പന്മാർ തീരുമാനിക്കുന്നു. ചില സാഹചര്യങ്ങളിൽ തെറ്റുകാരനെ പുറത്താക്കേണ്ടതുണ്ടായിരിക്കും.—1 കൊരി. 5:11-13.
13. നമ്മുടെ ഒരു സുഹൃത്തോ ബന്ധുവോ പുറത്താക്കപ്പെടുമ്പോൾ നമ്മൾ എങ്ങനെയൊക്കെ ചിന്തിച്ചേക്കാം?
13 പുറത്താക്കപ്പെട്ട വ്യക്തി നമ്മുടെ അടുത്ത സുഹൃത്തോ ബന്ധുവോ ഒന്നുമല്ലെങ്കിൽ മൂപ്പന്മാരുടെ തീരുമാനത്തോടു യോജിക്കാൻ നമുക്കു വലിയ ബുദ്ധിമുട്ടു കാണില്ല. എന്നാൽ ആ വ്യക്തി നമ്മുടെ അടുത്ത സുഹൃത്താണെങ്കിൽ നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കുമോ: ‘മൂപ്പന്മാർ എല്ലാ കാര്യങ്ങളും നന്നായി പരിശോധിച്ചുകാണുമോ? ഇനി, യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിച്ചിട്ടാണോ അവർ ഈ തീരുമാനമെടുത്തിരിക്കുന്നത്?’ മൂപ്പന്മാർ എടുക്കുന്ന തീരുമാനത്തെ മനസ്സോടെ സ്വീകരിക്കാൻ നമ്മളെ എന്തു സഹായിക്കും?
14. നമ്മുടെ അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ പുറത്താക്കാൻ മൂപ്പന്മാർ തീരുമാനിക്കുമ്പോൾ ഏതൊക്കെ കാര്യങ്ങൾ നമുക്കു മനസ്സിൽപ്പിടിക്കാം?
14 നമുക്ക് ഇക്കാര്യങ്ങൾ മനസ്സിൽപ്പിടിക്കാം: തെറ്റുകാരനെ പുറത്താക്കുകയെന്നത് യഹോവയുടെ ഒരു ക്രമീകരണമാണ്. അതു സഭയ്ക്കു പ്രയോജനം ചെയ്യും, തെറ്റുകാരനും ഗുണം ചെയ്തേക്കാം. പക്ഷേ പശ്ചാത്താപമില്ലാത്ത ഒരു തെറ്റുകാരനെ സഭയിൽ തുടരാൻ അനുവദിച്ചാൽ അയാൾ മറ്റുള്ളവരെയും മോശമായി സ്വാധീനിക്കും. (ഗലാ. 5:9) മാത്രമല്ല ആ വ്യക്തി തന്റെ തെറ്റിന്റെ ഗൗരവം തിരിച്ചറിയാതെപോയേക്കാം. ഇനി, യഹോവയുടെ പ്രീതിയിലേക്കു തിരിച്ചുവരാൻവേണ്ടി തന്റെ ചിന്തയിലും പ്രവർത്തനങ്ങളിലും മാറ്റംവരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കാനും പരാജയപ്പെട്ടേക്കാം. (സഭാ. 8:11) ഒരാളെ പുറത്താക്കണോ എന്നു തീരുമാനിക്കുമ്പോൾ നന്നായി ചിന്തിച്ചിട്ടാണു മൂപ്പന്മാർ ആ ഉത്തരവാദിത്വം ചെയ്യുന്നതെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. കാരണം പുരാതന ഇസ്രായേലിലെ ന്യായാധിപന്മാരെപ്പോലെതന്നെ തങ്ങളും “മനുഷ്യർക്കുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണു ന്യായവിധി നടത്തുന്നത്” എന്ന് അവർ തിരിച്ചറിയുന്നു.—2 ദിന. 19:6, 7.
ഇപ്പോൾ അനുസരിക്കുന്നതു ഭാവിയിലേക്കുള്ള പരിശീലനമാണ്
15. മുമ്പെന്നത്തെക്കാൾ അധികമായി ഇപ്പോൾ യഹോവ തരുന്ന നിർദേശങ്ങൾ സ്വീകരിക്കാൻ നമ്മൾ തയ്യാറാകേണ്ടത് എന്തുകൊണ്ടാണ്?
15 ഈ ദുഷ്ടലോകത്തിന്റെ നാശം തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. അതുകൊണ്ട് യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് ഏറ്റവും ശരിയായതെന്ന ബോധ്യം മുമ്പെന്നത്തെക്കാൾ അധികമായി നമുക്ക് ഇപ്പോൾ ഉണ്ടായിരിക്കണം. മഹാകഷ്ടതയുടെ സമയത്ത് നമുക്ക് ഒരുപാടു നിർദേശങ്ങൾ കിട്ടിയേക്കാം. അവയിൽ പലതും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവയോ വിചിത്രമോ ആയി നമുക്കു തോന്നാം. എന്തായാലും യഹോവ നേരിട്ട് നമ്മളോടു സംസാരിക്കില്ല. നമുക്കു നിർദേശങ്ങൾ കിട്ടുന്നത് യഹോവ നിയമിച്ചിരിക്കുന്ന പ്രതിനിധികളിലൂടെയായിരിക്കും. ആ സമയത്ത് അവർ പറയുന്ന കാര്യങ്ങളെ സംശയിക്കുന്നത്, ‘ഇതു ശരിക്കും യഹോവയിൽനിന്നാണോ അതോ ഉത്തരവാദിത്തപ്പെട്ട സഹോദരന്മാർ അവരുടെ സ്വന്തം ഇഷ്ടപ്രകാരം തരുന്ന നിർദേശങ്ങളാണോ’ എന്നു ചിന്തിക്കുന്നത്, മണ്ടത്തരമായിരിക്കും. മനുഷ്യചരിത്രത്തിലെ ആ നിർണായകസമയത്ത് നമ്മൾ യഹോവയിലും യഹോവയുടെ സംഘടനയിലും വിശ്വാസമർപ്പിക്കാൻ തയ്യാറാകുമോ? അതിന്റെ ഉത്തരം അറിയാൻ ഇന്നു ദൈവത്തിന്റെ പ്രതിനിധികൾ തരുന്ന നിർദേശങ്ങളെ നമ്മൾ എങ്ങനെ കാണുന്നെന്നു നോക്കിയാൽ മതി. ഇന്നു കിട്ടുന്ന നിർദേശങ്ങളെ യഹോവയിൽനിന്നുള്ളതായി കരുതാനും അനുസരിക്കാനും നമ്മൾ തയ്യാറാകുന്നെങ്കിൽ മഹാകഷ്ടതയുടെ സമയത്തും സാധ്യതയനുസരിച്ച് നമ്മൾ അതുതന്നെ ചെയ്യും.—ലൂക്കോ. 16:10.
16. യഹോവ എടുക്കുന്ന തീരുമാനങ്ങളിലുള്ള നമ്മുടെ വിശ്വാസം പെട്ടെന്നുതന്നെ എങ്ങനെ പരിശോധിക്കപ്പെട്ടേക്കാം?
16 ഈ ദുഷ്ടലോകത്തെ നശിപ്പിക്കുന്ന സമയത്ത് യഹോവ എടുക്കുന്ന തീരുമാനങ്ങളോടു നമ്മൾ എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിക്കുന്നതും പ്രധാനമാണ്. നമ്മുടെ ബന്ധുക്കൾ ഉൾപ്പെടെ ഇന്ന് യഹോവയെ ആരാധിക്കാത്ത പലരും ആ നാശത്തിനു മുമ്പായി യഹോവയെ ആരാധിക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയാണു നമുക്കുള്ളത്. എന്നാൽ അർമഗെദോൻ യുദ്ധത്തിന്റെ സമയത്ത് യഹോവ യേശുവിനെ ഉപയോഗിച്ച് ഓരോ വ്യക്തിയുടെയും കാര്യത്തിൽ ഒരു അന്തിമ തീരുമാനമെടുക്കും. (മത്താ. 25:31-33; 2 തെസ്സ. 1:7-9) ആരോടൊക്കെ കരുണ കാണിക്കണം, കാണിക്കേണ്ടാ എന്നു തീരുമാനിക്കുന്നത് യഹോവയാണ്. അതു നമ്മൾ വിചാരിക്കുന്നതുപോലെ ആയിരിക്കണമെന്നില്ല. (മത്താ. 25:34, 41, 46) അന്ന് യഹോവ എടുക്കുന്ന ആ തീരുമാനങ്ങളെ നമ്മൾ മനസ്സോടെ പിന്തുണയ്ക്കുമോ? അതോ തീരുമാനം ശരിയായില്ലെന്നു പറഞ്ഞ് യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയുമോ? യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധമാണു ശരിയെന്ന ബോധ്യം നമ്മൾ ഇപ്പോൾ ശരിക്കും ശക്തിപ്പെടുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഭാവിയിൽ യഹോവ എടുക്കുന്ന തീരുമാനങ്ങളെ പൂർണമായും വിശ്വസിക്കാൻ നമുക്കു കഴിയുകയുള്ളൂ.
17. ഈ ദുഷ്ടലോകത്തെ നശിപ്പിക്കുന്ന സമയത്ത് യഹോവ എടുക്കുന്ന തീരുമാനങ്ങൾ നമുക്ക് എങ്ങനെയെല്ലാം പ്രയോജനം ചെയ്യും?
17 ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുന്ന സമയത്ത് യഹോവ എടുത്ത തീരുമാനങ്ങളുടെ നല്ല ഫലങ്ങൾ ദൈവത്തിന്റെ പുതിയ ലോകത്തിൽ നമുക്കു കാണാനാകും: അന്നു വ്യാജമതങ്ങൾ ഉണ്ടായിരിക്കില്ല. അത്യാഗ്രഹികളായ വ്യവസായലോകവും ഇക്കാലമത്രയും ആളുകളെ അടിച്ചമർത്തുകയും അവരുടെ ജീവിതം ദുരിതപൂർണമാക്കുകയും ചെയ്ത രാഷ്ട്രീയവ്യവസ്ഥിതിയും പൊയ്പോയിരിക്കും. ആരോഗ്യപ്രശ്നങ്ങളോ പ്രായത്തിന്റെ ബുദ്ധിമുട്ടുകളോ ആർക്കുമുണ്ടാകില്ല. പ്രിയപ്പെട്ടവരെ നമുക്കു മരണത്തിൽ നഷ്ടപ്പെടില്ല. ആയിരം വർഷത്തേക്കു സാത്താനെയും ഭൂതങ്ങളെയും അടച്ചുപൂട്ടും. അവർ ദൈവത്തെ ധിക്കരിച്ചതിന്റെ ഫലമായുണ്ടായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. (വെളി. 20:2, 3) യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയിൽ വിശ്വാസം അർപ്പിച്ചത് എത്ര നന്നായെന്ന് അപ്പോൾ നമുക്കു മനസ്സിലാകും! അന്നു നമുക്കുണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് ഒന്ന് ഓർത്തുനോക്കൂ!
18. ഇസ്രായേല്യരിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (സംഖ്യ 11:4-6; 21:5)
18 യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തിലുള്ള നമ്മുടെ വിശ്വാസത്തെ പരിശോധിച്ചേക്കാവുന്ന സാഹചര്യങ്ങൾ പുതിയ ലോകത്തിലും ഉണ്ടായേക്കുമോ? ഉദാഹരണത്തിന് ഈജിപ്തിലെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരായ ഇസ്രായേല്യരുടെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്നു നോക്കുക. അവിടെനിന്ന് പോന്ന ഉടനെതന്നെ അവർ പരാതി പറയാൻതുടങ്ങി. ഈജിപ്തിൽ ഉണ്ടായിരുന്നതുപോലുള്ള നല്ലനല്ല ഭക്ഷണങ്ങൾ കിട്ടാത്തതിന്റെ പേരിൽ അവർ കുറ്റം പറഞ്ഞു. യഹോവ നൽകിയ മന്നയെ അറപ്പുളവാക്കുന്ന ഭക്ഷണമായി അവർ കണ്ടു. (സംഖ്യ 11:4-6; 21:5 വായിക്കുക.) മഹാകഷ്ടതയൊക്കെ തീർന്നുകഴിയുമ്പോൾ അത്തരത്തിലുള്ള ചിന്തകൾ നമുക്കുമുണ്ടാകുമോ? നാശത്തിനു ശേഷം എല്ലാമൊക്കെ ഒന്നു വൃത്തിയാക്കി ഭൂമിയെ പതിയെ ഒരു പറുദീസയാക്കി മാറ്റാൻ എത്രമാത്രം പണിയെടുക്കേണ്ടിവരുമെന്നു നമുക്ക് അറിയില്ല. സാധ്യതയനുസരിച്ച് ഒരുപാടു പണികാണും. തുടക്കത്തിൽ പല അസൗകര്യങ്ങളും നേരിട്ടേക്കാം. അന്ന് യഹോവ നമുക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ പരാതി പറയുമോ? ഒരു കാര്യം ഉറപ്പാണ്: യഹോവ നമുക്കു ചെയ്തുതരുന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ നന്ദിയുള്ളവരാണെങ്കിൽ അന്നു നമ്മൾ കൂടുതൽ നന്ദിയുള്ളവരായിരിക്കും.
19. ഈ ലേഖനത്തിലൂടെ നമ്മൾ എന്താണു പഠിച്ചത്?
19 ഏറ്റവും ശരിയായ രീതിയിലാണ് യഹോവ എപ്പോഴും കാര്യങ്ങൾ ചെയ്യുന്നത്. അക്കാര്യത്തിൽ നമുക്ക് ഉറച്ച ബോധ്യമുണ്ടായിരിക്കണം. യഹോവയുടെ നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ചെയ്യാൻവേണ്ടി യഹോവ നിയമിച്ചിരിക്കുന്നവരിലും നമുക്കു വിശ്വാസം വേണം. യശയ്യ പ്രവാചകനിലൂടെ യഹോവ പറഞ്ഞ വാക്കുകൾ നമുക്ക് എപ്പോഴും മനസ്സിൽപ്പിടിക്കാം: “ശാന്തരായിരുന്ന് എന്നിൽ ആശ്രയിക്കുക; അതാണു നിങ്ങളുടെ ബലം.”—യശ. 30:15.
ഗീതം 98 തിരുവെഴുത്തുകൾ ദൈവപ്രചോദിതം
^ യഹോവയിലും തന്റെ സംഘടനയിൽ നേതൃത്വമെടുക്കാൻ യഹോവ നിയമിച്ചിരിക്കുന്ന പ്രതിനിധികളിലും ഉള്ള നമ്മുടെ വിശ്വാസം ശക്തമാക്കേണ്ടത് എന്തുകൊണ്ടെന്ന് ഈ ലേഖനം നമ്മളെ പഠിപ്പിക്കും. കൂടാതെ അങ്ങനെ ചെയ്യുന്നതു നമുക്ക് ഇപ്പോൾ എങ്ങനെ പ്രയോജനം ചെയ്യുമെന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ നേരിടാൻ നമ്മളെ എങ്ങനെ ഒരുക്കുമെന്നും നമ്മൾ കാണും.
^ ചില പ്രത്യേകസാഹചര്യങ്ങളിൽ ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ അവർ ഇപ്പോൾ ആയിരിക്കുന്ന സഭയിൽത്തന്നെ തുടരേണ്ടത് ആവശ്യമായിവന്നേക്കാം. 2002 നവംബർ ലക്കം നമ്മുടെ രാജ്യശുശ്രൂഷയിലെ “ചോദ്യപ്പെട്ടി” കാണുക.