പഠനലേഖനം 47
യഹോവയിൽനിന്ന് നമ്മളെ വേർപെടുത്താൻ ഒന്നിനെയും അനുവദിക്കരുത്
“യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.”—സങ്കീ. 31:14.
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
ചുരുക്കം a
1. നമ്മളോട് അടുത്ത് വരാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
യഹോവയോട് അടുത്ത് ചെല്ലാൻ യഹോവ നമ്മളെ ക്ഷണിക്കുകയാണ്. (യാക്കോ. 4:8) നമ്മുടെ ദൈവവും പിതാവും സുഹൃത്തും ഒക്കെയായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. ദൈവം പ്രാർഥനകൾക്ക് ഉത്തരം തരുകയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നമ്മളെ സഹായിക്കുകയും ചെയ്യും. കൂടാതെ നമ്മളെ പഠിപ്പിക്കാനും സംരക്ഷിക്കാനും തന്റെ സംഘടനയെയും യഹോവ ഉപയോഗിക്കുന്നു. എന്നാൽ ദൈവത്തോട് അടുത്ത് ചെല്ലാൻ നമ്മൾ എന്താണു ചെയ്യേണ്ടത്?
2. നമുക്ക് എങ്ങനെ യഹോവയോടു കൂടുതൽ അടുത്ത് ചെല്ലാൻ കഴിയും?
2 യഹോവയോട് അടുത്ത് ചെല്ലാൻ പ്രാർഥനയും ദൈവവചനത്തിന്റെ വായനയും ധ്യാനവും സഹായിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ ദൈവത്തോടുള്ള സ്നേഹവും വിലമതിപ്പും നമ്മുടെ ഹൃദയത്തിൽ നിറയും. യഹോവയെ അനുസരിക്കാനും അർഹമായ ആരാധനയും സ്തുതിയും ദൈവത്തിനു കൊടുക്കാനും നമ്മൾ പ്രേരിതരായിത്തീരും. (വെളി. 4:11) യഹോവയെ നമ്മൾ എത്രയധികം അറിയുന്നോ അത്രയധികം വിശ്വസിക്കും. മാത്രമല്ല നമ്മളെ സഹായിക്കാൻ യഹോവ ഉപയോഗിക്കുന്ന സംഘടനയിലുള്ള വിശ്വാസവും കൂടും.
3. (എ) പിശാച് എങ്ങനെയാണ് യഹോവയുമായുള്ള ബന്ധത്തിൽനിന്ന് നമ്മളെ അകറ്റാൻ ശ്രമിക്കുന്നത്? (ബി) ദൈവത്തെയും സംഘടനയെയും ഒരിക്കലും ഉപേക്ഷിക്കാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും? (സങ്കീർത്തനം 31:13, 14)
3 എന്നാൽ പിശാച് നമ്മളെ യഹോവയിൽനിന്ന് അകറ്റാനാണു നോക്കുന്നത്, പ്രത്യേകിച്ച് നമ്മൾ എന്തെങ്കിലും പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവിക്കുന്ന സമയത്ത്. എങ്ങനെയാണ് അവൻ അതിനു ശ്രമിക്കുന്നത്? പതിയെപ്പതിയെ യഹോവയിലും സംഘടനയിലും ഉള്ള നമ്മുടെ വിശ്വാസം തകർക്കാൻ ശ്രമിച്ചുകൊണ്ട്. എന്നാൽ നമുക്ക് ആ തന്ത്രത്തിൽ വീഴാതിരിക്കാനാകും. എങ്ങനെ? നമ്മുടെ വിശ്വാസവും യഹോവയിലുള്ള ആശ്രയവും ശക്തമാക്കിക്കൊണ്ട്. അങ്ങനെ ചെയ്താൽ യഹോവയെയും സംഘടനയെയും നമ്മൾ ഒരിക്കലും ഉപേക്ഷിച്ചുപോകില്ല.—സങ്കീർത്തനം 31:13, 14 വായിക്കുക.
4. ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യും?
4 സഭയ്ക്കു വെളിയിൽനിന്ന് നമുക്കു നേരിട്ടേക്കാവുന്ന മൂന്നു പ്രശ്നങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. യഹോവയിലും സംഘടനയിലും ഉള്ള നമ്മുടെ വിശ്വാസത്തെ തകർത്തേക്കാവുന്ന തരം പ്രശ്നങ്ങളാണ് അവ. അവ എങ്ങനെയാണു നമ്മളെ യഹോവയിൽനിന്ന് അകറ്റുന്നത് ? അതിനെ മറികടക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?
ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ
5. ജീവിതത്തിലെ പ്രശ്നങ്ങൾ യഹോവയിലും സംഘടനയിലും ഉള്ള നമ്മുടെ വിശ്വാസത്തിന് ഇളക്കംതട്ടാൻ ഇടയാക്കിയേക്കാവുന്നത് എങ്ങനെ?
5 ചില സമയങ്ങളിൽ കുടുംബത്തിൽനിന്നുള്ള എതിർപ്പോ ജോലി നഷ്ടമോ ഒക്കെ നമുക്കു വലിയ പ്രശ്നങ്ങളായി വരാനിടയുണ്ട്. അതുപോലുള്ള കാര്യങ്ങൾ സംഘടനയിലുള്ള നമ്മുടെ വിശ്വാസത്തിന് ഇളക്കം തട്ടാനും യഹോവയിൽനിന്ന് നമ്മളെ അകറ്റാനും ഇടയാക്കിയേക്കാവുന്നത് എങ്ങനെയാണ്? ഇത്തരം പ്രശ്നങ്ങൾ കുറെ നാളുകൾ നീണ്ടുനിൽക്കുമ്പോൾ ഒരുപക്ഷേ നമ്മൾ വല്ലാത്ത നിരാശയിലായിപ്പോയേക്കാം. ആ അവസരം മുതലെടുത്തുകൊണ്ട്, യഹോവ നമ്മളെ സ്നേഹിക്കുന്നില്ലെന്നു നമ്മൾ ചിന്തിക്കാൻ സാത്താൻ ഇടയാക്കിയേക്കാം. യഹോവയും സംഘടനയും കാരണമാണ് ഈ കഷ്ടപ്പാടുകളൊക്കെ ഉണ്ടായിരിക്കുന്നത് എന്നു നമ്മൾ വിശ്വസിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്. പണ്ട് ഈജിപ്തിലായിരുന്ന ചില ഇസ്രായേല്യരുടെ കാര്യത്തിൽ ഇതുപോലൊന്നു സംഭവിച്ചു. തങ്ങളെ അടിമത്തത്തിൽനിന്ന് വിടുവിക്കാൻ യഹോവ നിയമിച്ചവരാണു മോശയും അഹരോനും എന്ന് ആദ്യം അവർ വിശ്വസിച്ചു. (പുറ. 4:29-31) എന്നാൽ ഫറവോൻ അവരുടെ ജീവിതം കൂടുതൽ കഠിനമാക്കിയപ്പോൾ ജനം, തങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഉത്തരവാദികൾ മോശയും അഹരോനും ആണെന്നു പറഞ്ഞ് അവരെ കുറ്റപ്പെടുത്തി. അവർ പറഞ്ഞത് ഇങ്ങനെയാണ്: “ഫറവോന്റെയും ദാസന്മാരുടെയും മുന്നിൽ ഞങ്ങളെ നാറ്റിച്ച് ഞങ്ങളെ കൊല്ലാൻ അവരുടെ കൈയിൽ വാൾ നൽകിയ നിങ്ങളെ യഹോവ ന്യായം വിധിക്കട്ടെ.” (പുറ. 5:19-21) അവർ വാസ്തവത്തിൽ ദൈവത്തിന്റെ വിശ്വസ്തദാസരെയാണു കുറ്റപ്പെടുത്തിയത്. എത്ര കഷ്ടം! നിങ്ങൾ ഒരുപാടു നാളുകളായി ഒരു പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുകയാണോ? ഇങ്ങനെയൊരു സാഹചര്യത്തിലും, യഹോവയിലും സംഘടനയിലും ഉള്ള വിശ്വാസം കൂടുതൽ ശക്തമാക്കിനിറുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
6. ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ സഹിച്ചുനിൽക്കാം എന്നതിനെക്കുറിച്ച് ഹബക്കൂക്ക് പ്രവാചകനിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ഹബക്കൂക്ക് 3:17-19)
6 മനസ്സിലുള്ളതെല്ലാം പ്രാർഥനയിൽ യഹോവയോടു പറയുക, സഹായത്തിനായി യഹോവയിലേക്കു നോക്കുക. പ്രവാചകനായ ഹബക്കൂക്കിനു ജീവിതത്തിൽ പല പ്രയാസങ്ങളും സഹിക്കേണ്ടിവന്നു. ഒരു അവസരത്തിൽ, യഹോവ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും അദ്ദേഹം സംശയിച്ചതായി തോന്നുന്നു. അതുകൊണ്ട് തന്റെ മനസ്സിൽ തോന്നിയ എല്ലാ കാര്യങ്ങളും പ്രാർഥനയിൽ അദ്ദേഹം യഹോവയോടു പറഞ്ഞു. അദ്ദേഹം ഇങ്ങനെയാണു പറഞ്ഞത്: “യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായത്തിനായി നിലവിളിക്കും, അങ്ങ് എന്താണു കേൾക്കാത്തത്? . . . എന്തിനാണ് അങ്ങ് അടിച്ചമർത്തൽ വെച്ചുപൊറുപ്പിക്കുന്നത്?” (ഹബ. 1:2, 3) തന്റെ വിശ്വസ്തദാസന്റെ മനസ്സുരുകിയുള്ള ആ പ്രാർഥനയ്ക്ക് യഹോവ ഉത്തരം കൊടുത്തു. (ഹബ. 2:2, 3) യഹോവ മുമ്പ് തന്റെ ജനത്തെ രക്ഷിച്ചതിനെക്കുറിച്ചൊക്കെ ആഴത്തിൽ ചിന്തിച്ചപ്പോൾ ഹബക്കൂക്കിനു നഷ്ടപ്പെട്ടുപോയ സന്തോഷം വീണ്ടെടുക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായി: യഹോവ തനിക്കുവേണ്ടി കരുതും; എന്തൊക്കെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായാലും അതെല്ലാം സഹിച്ചുനിൽക്കാൻ ദൈവം സഹായിക്കും. (ഹബക്കൂക്ക് 3:17-19 വായിക്കുക.) എന്താണു നമുക്കുള്ള പാഠം? ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നതെന്ന കാര്യം പ്രാർഥനയിൽ യഹോവയോടു പറയുക. മുമ്പ് യഹോവ നിങ്ങളെ സഹായിച്ച സന്ദർഭങ്ങളെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ചെയ്യുമ്പോൾ യഹോവയിലുള്ള നിങ്ങളുടെ ആശ്രയം ശക്തമാകും, സഹിച്ചുനിൽക്കാൻ വേണ്ട ശക്തി യഹോവ തരുമെന്ന് ഉറപ്പുണ്ടായിരിക്കാനുമാകും. യഹോവ തരുന്ന സഹായം അനുഭവിച്ചറിയുമ്പോൾ യഹോവയിലുള്ള നിങ്ങളുടെ വിശ്വാസം വർധിക്കും.
7. (എ) ഷേർലി സഹോദരിയുടെ ബന്ധു എന്തിനാണു ശ്രമിച്ചത്? (ബി) യഹോവയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ എന്താണു സഹോദരിയെ സഹായിച്ചത്?
7 ആത്മീയകാര്യങ്ങൾക്കു മുടക്കം വരുത്താതിരിക്കുക. പാപ്പുവ ന്യൂഗിനിയിലെ ഷേർലി സഹോദരിയുടെ അനുഭവം അതാണു പഠിപ്പിക്കുന്നത്. b സഹോദരിക്കു ജീവിതത്തിൽ ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവന്നു. ഷേർലി സഹോദരിയുടേത് ഒരു ദരിദ്രകുടുംബമാണ്. ചില സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിനുപോലും സഹോദരിക്കു വളരെ കഷ്ടപ്പെടേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ കണ്ടപ്പോൾ ഒരു ബന്ധു സഹോദരിയുടെ വിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തിൽ ഇങ്ങനെ പറഞ്ഞു: “നീ എപ്പോഴും പറയാറുണ്ടല്ലോ പരിശുദ്ധാത്മാവ് സഹായിക്കുമെന്ന്. എന്നിട്ട് എവിടെ? ഇപ്പോഴും നിന്റെ കുടുംബം പട്ടിണിയിലല്ലേ? നീ ഇങ്ങനെ ബൈബിളും പ്രസംഗിച്ചുകൊണ്ട് നടന്ന് ജീവിതം പാഴാക്കിക്കോ.” ഷേർലി സഹോദരി പറയുന്നത് ഇങ്ങനെയാണ്: “അതൊക്കെ കേട്ടപ്പോൾ ഒരു നിമിഷം ഞാനും ഇങ്ങനെ ചിന്തിച്ചുപോയി: ‘ശരിക്കും ദൈവത്തിന് എന്നെക്കുറിച്ച് ചിന്തയുണ്ടോ?’ പക്ഷേ പെട്ടെന്നുതന്നെ ഞാൻ യഹോവയോടു പ്രാർഥിച്ചു. മനസ്സിൽ വന്ന എല്ലാ കാര്യങ്ങളും ദൈവത്തോടു പറഞ്ഞു. മാത്രമല്ല ബൈബിളും പ്രസിദ്ധീകരണങ്ങളും വായിക്കുകയും പഠിക്കുകയും സന്തോഷവാർത്ത അറിയിക്കുകയും മീറ്റിങ്ങുകൾക്കു കൂടിവരുകയും ഒക്കെ ചെയ്യുന്നതു ഞാൻ നിറുത്തിയില്ല.” സഹോദരിക്കു പെട്ടെന്നുതന്നെ ഒരു കാര്യം മനസ്സിലായി, യഹോവ സഹോദരിയുടെ കുടുംബത്തെ നന്നായി നോക്കുന്നുണ്ടെന്ന്. ഒരിക്കൽപ്പോലും പട്ടിണി കിടക്കേണ്ട ഒരു അവസ്ഥ അവർക്കു വന്നിട്ടില്ല. മാത്രമല്ല അവരുടെ സന്തോഷം നഷ്ടപ്പെട്ടുമില്ല. ഷേർലി സഹോദരി പറയുന്നു: “യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം തരുന്നുണ്ടെന്ന് എനിക്കു മനസ്സിലായി.” (1 തിമൊ. 6:6-8) നമ്മളും അതുപോലെ ആത്മീയപ്രവർത്തനങ്ങൾ മുടക്കം കൂടാതെ കൊണ്ടുപോകുകയാണെങ്കിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുമ്പോൾ യഹോവ നമുക്കുവേണ്ടി കരുതുന്നുണ്ടോ എന്നു സംശയിച്ചുകൊണ്ട് യഹോവയിൽനിന്ന് അകന്നുപോകില്ല.
ഉത്തരവാദിത്വസ്ഥാനത്തുള്ളവരോടു മോശമായി പെരുമാറുമ്പോൾ
8. യഹോവയുടെ സംഘടനയിലെ ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരങ്ങളെ എന്തു ചെയ്തേക്കാം?
8 യഹോവയുടെ സംഘടനയിൽ ഉത്തരവാദിത്വസ്ഥാനത്ത് പ്രവർത്തിക്കുന്ന സഹോദരന്മാരെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയോ മറ്റു വിധങ്ങളിലൂടെയോ ശത്രുക്കൾ നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചേക്കാം. (സങ്കീ. 31:13) ചില സഹോദരന്മാരെ ക്രിമിനൽ കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്തിട്ടുപോലുമുണ്ട്. ഒന്നാം നൂറ്റാണ്ടിലും ഇതുപോലുള്ള കാര്യങ്ങൾ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് അപ്പോസ്തലനായ പൗലോസിനെ വ്യാജമായ ഒരു കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. അന്നത്തെ ക്രിസ്ത്യാനികൾ അതിനോട് എങ്ങനെയാണു പ്രതികരിച്ചത്?
9. അപ്പോസ്തലനായ പൗലോസിനെ തടവിലാക്കിയപ്പോൾ ചില ക്രിസ്ത്യാനികൾ എന്താണു ചെയ്തത്?
9 ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ, അപ്പോസ്തലനായ പൗലോസ് റോമിൽ തടവിലായപ്പോൾ സഹായിക്കാതെ മാറിനിന്നു. (2 തിമൊ. 1:8, 15) എന്തുകൊണ്ടാണ്? ഒരുപക്ഷേ സമൂഹം പൗലോസിനെ ഒരു കുറ്റവാളിയായി കണ്ടിരുന്നതുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കാൻ അവർക്കു നാണക്കേടു തോന്നിയതുകൊണ്ടായിരിക്കാം. (2 തിമൊ. 2:8, 9) അല്ലെങ്കിൽ പൗലോസിനെ സഹായിച്ചാൽ തങ്ങൾക്കും ഉപദ്രവം ഏൽക്കേണ്ടിവരുമെന്നുള്ള ഭയംകൊണ്ടായിരിക്കാം. കാര്യം എന്തായിരുന്നാലും അവരുടെ ആ പ്രവർത്തനം പൗലോസിനെ എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടായിരിക്കുമെന്നു ചിന്തിക്കുക. ഒരുപാടു കഷ്ടപ്പാടുകൾ സഹിച്ച് സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും പൗലോസ് പലപ്പോഴും അവർക്കൊക്കെവേണ്ടി പ്രവർത്തിച്ചതാണ്. (പ്രവൃ. 20:18-21; 2 കൊരി. 1:8) സഹായം ആവശ്യമായ ഘട്ടത്തിൽ പൗലോസിനെ ഉപേക്ഷിച്ച് പോയ അവരെപ്പോലെ നമുക്കാകാതിരിക്കാം. ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരങ്ങളോടു മറ്റുള്ളവർ മോശമായി പെരുമാറുമ്പോൾ നമ്മൾ എന്താണു മനസ്സിൽപ്പിടിക്കേണ്ടത്?
10. ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരങ്ങൾക്ക് ഉപദ്രവം നേരിടേണ്ടിവരുമ്പോൾ നമ്മൾ എന്ത് ഓർക്കണം?
10 ഉപദ്രവം സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും അതിന്റെ കാരണക്കാരൻ ആരാണെന്നും നമ്മൾ ഓർക്കണം. 2 തിമൊഥെയൊസ് 3:12 പറയുന്നത്, “ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം സഹിക്കേണ്ടിവരും” എന്നാണ്. അതുകൊണ്ട് ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരങ്ങളെ സാത്താൻ ആക്രമിക്കുമ്പോൾ നമ്മൾ അതിൽ അതിശയിച്ചുപോകുന്നില്ല. സാത്താൻ അങ്ങനെ ചെയ്യുന്നതിന്റെ ലക്ഷ്യം അവരുടെ വിശ്വസ്തത തകർക്കുകയും അതോടൊപ്പം നമ്മളെ ഭയപ്പെടുത്തുകയും ചെയ്യുക എന്നതാണ്.—1 പത്രോ. 5:8.
11. ഒനേസിഫൊരൊസിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (2 തിമൊഥെയൊസ് 1:16-18)
11 സഹോദരങ്ങളെ എപ്പോഴും സഹായിക്കുകയും വിശ്വസ്തതയോടെ പിന്തുണയ്ക്കുകയും ചെയ്യുക. (2 തിമൊഥെയൊസ് 1:16-18 വായിക്കുക.) അപ്പോസ്തലനായ പൗലോസ് ജയിലിലാണെന്ന് അറിഞ്ഞപ്പോൾ ഒനേസിഫൊരൊസ് എന്നു പേരുള്ള ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യാനി പൗലോസിനെ സഹായിക്കാൻ മുന്നോട്ടുവന്നുകൊണ്ട് നല്ലൊരു മാതൃക വെച്ചു. പൗലോസിന്റെ ‘അവസ്ഥയെക്കുറിച്ച് ഒട്ടും നാണക്കേടു വിചാരിക്കാതെ ഒനേസിഫൊരൊസ്’ അദ്ദേഹത്തെ സഹായിക്കാൻ റോമിൽ എത്തി. എന്നിട്ട്, വളരെ ആത്മാർഥതയോടെ പൗലോസിനെ അന്വേഷിച്ച് കണ്ടുപിടിച്ചു. കൂടാതെ ആവശ്യമായ സഹായവും പിന്തുണയും കൊടുക്കുകയും ചെയ്തു. സ്വന്തം ജീവൻപോലും പണയംവെച്ചാണ് അദ്ദേഹം അതു ചെയ്തത്. നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം? ഉപദ്രവങ്ങൾ സഹിക്കേണ്ടിവരുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിൽനിന്ന് നമ്മളെ തടയാൻ മാനുഷഭയത്തെ അനുവദിക്കരുത്. പകരം നമ്മളാൽ കഴിയുന്ന എല്ലാ സഹായങ്ങളും അവർക്കു ചെയ്തുകൊടുക്കണം. (സുഭാ. 17:17) കാരണം ആ സമയത്ത് അവർക്കു വേണ്ടതു നമ്മുടെ സ്നേഹവും പിന്തുണയും ഒക്കെയാണ്.
12. റഷ്യയിലുള്ള നമ്മുടെ സഹോദരങ്ങളിൽനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്?
12 റഷ്യയിൽ ജയിലിൽ കിടക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനുവേണ്ടി അവിടെയുള്ള സഹോദരങ്ങൾ എങ്ങനെയാണു മുന്നോട്ടുവന്നിരിക്കുന്നത്? ആരെയെങ്കിലും വിചാരണയ്ക്കായി കോടതിയിൽ കൊണ്ടുവരുമ്പോൾ അവിടെയുള്ള സഹോദരങ്ങൾ അവരെ പിന്തുണയ്ക്കാൻ അവിടെ എത്തും. എന്താണു നമുക്കുള്ള പാഠം? ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരങ്ങളെ അറസ്റ്റു ചെയ്യുകയോ ഉപദ്രവിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന സാഹചര്യങ്ങളിൽ നമ്മൾ പേടിച്ചുപോകരുത്. പകരം അവർക്കുവേണ്ടി പ്രാർഥിക്കുക. അവരുടെ കുടുംബാംഗങ്ങൾക്കു സഹായങ്ങൾ ചെയ്തുകൊടുക്കുക. അതുപോലെ അവരെ പിന്തുണയ്ക്കുന്നതിനു മറ്റ് എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചും ചിന്തിക്കുക.—പ്രവൃ. 12:5; 2 കൊരി. 1:10, 11.
മറ്റുള്ളവർ നമ്മളെ പരിഹസിക്കുമ്പോൾ
13. മറ്റുള്ളവരുടെ പരിഹാസം യഹോവയിലും സംഘടനയിലും ഉള്ള നമ്മുടെ വിശ്വാസത്തിനു വിള്ളൽ വീഴ്ത്തിയേക്കാവുന്നത് എങ്ങനെ?
13 വിശ്വാസത്തിൽ ഇല്ലാത്ത ബന്ധുക്കളോ കൂടെ ജോലി ചെയ്യുന്നവരോ കൂടെ പഠിക്കുന്നവരോ ഒക്കെ നമ്മൾ സന്തോഷവാർത്ത പ്രസംഗിക്കുന്നതുകൊണ്ടോ യഹോവയുടെ ഉയർന്ന നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നതുകൊണ്ടോ കളിയാക്കിയേക്കാം. (1 പത്രോ. 4:4) ഒരുപക്ഷേ അവർ പറഞ്ഞേക്കാം: “നിന്നെ എനിക്ക് ഇഷ്ടമാണ്. പക്ഷേ നിന്റെ ഈ മതത്തിന് എന്തൊക്കെ നിയമങ്ങളും നിയന്ത്രണങ്ങളുമാണ്. കുറെ പഴഞ്ചൻ ഏർപ്പാടുകൾ!” ഇനി, പുറത്താക്കപ്പെട്ടവരോടു നമ്മൾ ഇടപെടുന്ന രീതിയെ വിമർശിച്ചുകൊണ്ട് ചിലർ ഇങ്ങനെ പറഞ്ഞേക്കാം: “മറ്റുള്ളവരെ സ്നേഹിക്കുന്നെന്നു നിങ്ങൾക്ക് എങ്ങനെ പറയാൻ പറ്റുന്നു?” ഇത്തരം അഭിപ്രായങ്ങൾ ഒരുപക്ഷേ നമ്മൾ ഇങ്ങനെ ചിന്തിക്കാൻ ഇടയാക്കിയേക്കാം: ‘യഹോവ ആവശ്യപ്പെടുന്നതുപോലെയൊക്കെ ജീവിക്കാൻ ആരെക്കൊണ്ടെങ്കിലും പറ്റുമോ? സംഘടനയുടെ ഈ നിയമങ്ങൾ അൽപ്പം കൂടിപ്പോകുന്നില്ലേ?’ ഇതുപോലുള്ള സാഹചര്യങ്ങൾ നേരിടുമ്പോൾ നമുക്ക് എങ്ങനെ യഹോവയോടും സംഘടനയോടും അടുത്ത് നിൽക്കാൻ കഴിയും?
14. യഹോവ ശരിയെന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങളനുസരിച്ച് ജീവിക്കുന്നതിനെ മറ്റുള്ളവർ പരിഹസിക്കുമ്പോൾ, നമ്മൾ എങ്ങനെ പ്രതികരിക്കണം? (സങ്കീർത്തനം 119:50-52)
14 യഹോവയുടെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാൻ തീരുമാനിക്കുക. പരിഹാസമൊക്കെ കേൾക്കേണ്ടിവന്നെങ്കിലും യഹോവയുടെ നിലവാരങ്ങളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്ത വ്യക്തിയായിരുന്നു ഇയ്യോബ്. ഇയ്യോബിന്റെ സുഹൃത്താണെന്നു പറഞ്ഞ് വന്നവരിൽ ഒരാൾ അദ്ദേഹത്തോടു പറഞ്ഞത്, ‘ഇയ്യോബ് ചെയ്യുന്ന ശരിയായ കാര്യങ്ങളൊന്നും ദൈവം ശ്രദ്ധിക്കുന്നില്ല. അവയൊന്നും അത്ര പ്രധാനപ്പെട്ട കാര്യങ്ങളായി ദൈവം കാണുന്നില്ല’ എന്നൊക്കെയാണ്. (ഇയ്യോ. 4:17, 18; 22:3) എന്നാൽ അതുപോലുള്ള നുണകൾ ഇയ്യോബ് വിശ്വസിച്ചില്ല. യഹോവയുടെ നിലവാരങ്ങളാണ് എപ്പോഴും ശരിയെന്ന് ഇയ്യോബിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവ അനുസരിക്കാൻ അദ്ദേഹം തീരുമാനിച്ചുറച്ചിരുന്നു. യഹോവയോടുള്ള തന്റെ വിശ്വസ്തതയെ തകർക്കാൻ മറ്റാരെയും ഇയ്യോബ് അനുവദിച്ചില്ല. (ഇയ്യോ. 27:5, 6) നമുക്കുള്ള പാഠം എന്താണ്? മറ്റുള്ളവർ പരിഹസിക്കുന്നതിന്റെ പേരിൽ നമ്മൾ യഹോവയുടെ നിലവാരങ്ങളെ സംശയത്തോടെ കാണരുത്. പകരം നമ്മുടെ ജീവിതത്തിൽത്തന്നെ മുമ്പ് ഉണ്ടായിട്ടുള്ള അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാൻ കഴിയും. യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിച്ചതിലൂടെ നമ്മൾ എത്രയോ തവണ പ്രയോജനം അനുഭവിച്ചിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ സംഘടന വെച്ചിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽത്തന്നെ പ്രവർത്തിക്കുമെന്നു തീരുമാനിച്ചുറയ്ക്കുക. അപ്പോൾ ആരൊക്കെ എത്രയൊക്കെ പരിഹസിച്ചാലും യഹോവയിൽനിന്ന് നമ്മൾ ഒരിക്കലും അകന്നുമാറില്ല.—സങ്കീർത്തനം 119:50-52 വായിക്കുക.
15. ബ്രിജിത്ത് സഹോദരിക്ക് എന്തുകൊണ്ടാണു പരിഹാസം നേരിടേണ്ടിവന്നത്?
15 ഇന്ത്യയിലുള്ള ബ്രിജിത്ത് സഹോദരിയുടെ അനുഭവം നോക്കാം. വിശ്വാസത്തിന്റെ പേരിൽ കുടുംബാംഗങ്ങളിൽനിന്ന് സഹോദരിക്കു വളരെയധികം പരിഹാസവും കുത്തുവാക്കും ഒക്കെ കേൾക്കേണ്ടിവന്നു. 1997-ലാണു സഹോദരി സ്നാനപ്പെട്ടത്. അതു കഴിഞ്ഞ് പെട്ടെന്നുതന്നെ സഹോദരിയുടെ, വിശ്വാസത്തിൽ ഇല്ലാത്ത ഭർത്താവിനു ജോലി നഷ്ടപ്പെട്ടു. അതുകൊണ്ട് ആ കുടുംബം ഭർത്താവിന്റെ വീട്ടിലേക്കു താമസം മാറാൻ തീരുമാനിച്ചു. എന്നാൽ അവിടെ ചെന്നപ്പോൾ അതിലും വലിയ പ്രശ്നങ്ങളാണു ബ്രിജിത്ത് സഹോദരിക്കു നേരിടേണ്ടിവന്നത്. ഭർത്താവിനു ജോലി നഷ്ടപ്പെട്ടതുകൊണ്ട് കുടുംബത്തെ പോറ്റുന്നതിനുവേണ്ടി സഹോദരിക്കു മുഴുവൻ സമയം ജോലി ചെയ്യേണ്ടതായിവന്നു. ഇനി, ഏതാണ്ട് 350 കിലോമീറ്റർ അകലെയായിരുന്നു ഏറ്റവും അടുത്തുള്ള സഭ. ഭർത്താവിന്റെ വീട്ടുകാരാണെങ്കിൽ വിശ്വാസത്തിന്റെ പേരിൽ സഹോദരിയോടു വല്ലാത്ത എതിർപ്പും കാണിച്ചു. അങ്ങനെ അവിടത്തെ സാഹചര്യം ഒന്നിനൊന്നു വഷളായതുകൊണ്ട് അവർക്ക് അവിടെനിന്ന് മാറിത്താമസിക്കേണ്ടിവന്നു. പിന്നീട് ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം സഹോദരിയുടെ ഭർത്താവ് മരിച്ചു. കുറച്ച് നാൾ കഴിഞ്ഞ് സഹോദരിക്ക് ഒരു മകളെയും നഷ്ടമായി. 12 വയസ്സുള്ള ആ കുട്ടിക്കു ക്യാൻസറായിരുന്നു. ഇതിനെല്ലാം പുറമേ, ഈ പ്രശ്നങ്ങൾക്കു കാരണക്കാരി സഹോദരിയാണെന്നു പറഞ്ഞ് ബന്ധുക്കൾ കുറ്റപ്പെടുത്തുകയും ചെയ്തു. സഹോദരി യഹോവയുടെ സാക്ഷിയായതുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് എന്നാണ് അവർ അവകാശപ്പെട്ടത്. എങ്കിലും സഹോദരി തുടർന്നും യഹോവയിൽ ആശ്രയിക്കുകയും സംഘടനയോടു പറ്റിനിൽക്കുകയും ചെയ്തു.
16. യഹോവയോടും സംഘടനയോടും പറ്റിനിന്നതുകൊണ്ട് ബ്രിജിത്ത് സഹോദരിക്ക് എന്തൊക്കെ അനുഗ്രഹങ്ങൾ നേടാൻ കഴിഞ്ഞു?
16 സഹോദരി താമസിച്ചിരുന്നതു സഭയുള്ളിടത്തുനിന്ന് വളരെ അകലെയായിരുന്നതുകൊണ്ട് സ്വന്തം പ്രദേശത്ത് സന്തോഷവാർത്ത പ്രസംഗിക്കാനും വീട്ടിൽവെച്ച് മീറ്റിങ്ങുകൾ നടത്താനും സർക്കിട്ട് മേൽവിചാരകൻ സഹോദരിയോട് ആവശ്യപ്പെട്ടു. ആദ്യം അതെക്കുറിച്ച് കേട്ടപ്പോൾ തനിക്ക് അതു പറ്റില്ലെന്നു സഹോദരിക്കു തോന്നി. എങ്കിലും സഹോദരി അത് അനുസരിച്ചുകൊണ്ട് അടുത്തുള്ളവരെ സന്തോഷവാർത്ത അറിയിച്ചു, വീട്ടിൽ മീറ്റിങ്ങുകൾ നടത്തി. മക്കളോടൊപ്പം കുടുംബാരാധന നടത്താൻ സമയം മാറ്റിവെക്കുകയും ചെയ്തു. യഹോവയിൽ ആശ്രയിക്കുകയും സംഘടനയോടു വിശ്വസ്തമായി പറ്റിനിൽക്കുകയും ചെയ്തതുകൊണ്ട് ബ്രിജിത്ത് സഹോദരിക്ക് എന്തൊക്കെ അനുഗ്രഹങ്ങൾ കിട്ടി? പല ബൈബിൾപഠനങ്ങൾ തുടങ്ങാൻ സഹോദരിക്കു കഴിഞ്ഞു. അവരിൽ പലരും സ്നാനപ്പെട്ടു. 2005-ൽ സഹോദരി ഒരു മുൻനിരസേവികയായി പ്രവർത്തിക്കാൻതുടങ്ങി. ഇപ്പോൾ അവർ താമസിക്കുന്ന സ്ഥലത്ത് രണ്ടു സഭയുണ്ട്. ഇനി, സഹോദരിയുടെ മക്കൾ വിശ്വസ്തമായി യഹോവയെ സേവിക്കുന്നു. തനിക്കുണ്ടായ കഷ്ടപ്പാടുകളും കുടുംബാംഗങ്ങളുടെ പരിഹാസവും ഒക്കെ സഹിച്ചുനിൽക്കാൻ കഴിഞ്ഞത് യഹോവയുടെ സഹായംകൊണ്ട് മാത്രമാണെന്നു ബ്രിജിത്ത് സഹോദരിക്ക് ഉറച്ചബോധ്യമുണ്ട്.
യഹോവയോടും സംഘടനയോടും തുടർന്നും വിശ്വസ്തരായിരിക്കുക
17. എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം?
17 ‘ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുമ്പോൾ യഹോവ നമ്മളെ സഹായിക്കില്ല, യഹോവയുടെ സംഘടന നമ്മുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കും’ എന്നൊക്കെ നമ്മൾ വിശ്വസിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്. ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരങ്ങളെ ആളുകൾ അധിക്ഷേപിക്കുകയും ജയിലിലാക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യുമ്പോൾ അതു കണ്ട് നമ്മൾ ഭയന്നുപോകാൻ സാത്താൻ ആഗ്രഹിക്കുന്നു. ഇനി, പരിഹാസവും കുറ്റപ്പെടുത്തലും ഉപയോഗിച്ചുകൊണ്ട് യഹോവയുടെ നിലവാരങ്ങളിലും സംഘടനയിലും നമുക്കുള്ള വിശ്വാസത്തിനു വിള്ളൽ വീഴ്ത്താനും അവൻ ശ്രമിക്കുന്നു. എന്തായാലും സാത്താൻ ഉപയോഗിക്കുന്ന കുടിലമായ തന്ത്രങ്ങൾ എന്താണെന്നു നമുക്ക് അറിയാം. (2 കൊരി. 2:11) അതുകൊണ്ട് അവന്റെ വഞ്ചനയിൽ നമ്മൾ വീണുപോകില്ല. സാത്താന്റെ തന്ത്രങ്ങൾ തള്ളിക്കളഞ്ഞ് യഹോവയോടും സംഘടനയോടും വിശ്വസ്തരായിരിക്കാൻ നമ്മൾ തീരുമാനിച്ചുറയ്ക്കണം. ഓർക്കുക: യഹോവ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല. (സങ്കീ. 28:7) അതുകൊണ്ട് യഹോവയിൽനിന്ന് നിങ്ങളെ അകറ്റാൻ ഒന്നിനെയും നിങ്ങൾ അനുവദിക്കരുത്.—റോമ. 8:35-39.
18. അടുത്ത ലേഖനം എന്തു ചർച്ച ചെയ്യും?
18 സഭയ്ക്കു പുറത്തുനിന്ന് വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ പഠിച്ചു. എന്നാൽ യഹോവയിലും സംഘടനയിലും ഉള്ള വിശ്വാസത്തിന് ഇളക്കംതട്ടാൻ ഇടയാക്കിയേക്കാവുന്ന പ്രശ്നങ്ങൾ സഭയ്ക്കുള്ളിൽനിന്നും വരാം. നമുക്ക് എങ്ങനെ അതുപോലുള്ള പ്രശ്നങ്ങളെ കൈകാര്യം ചെയ്യാം? അടുത്ത ലേഖനം അതെക്കുറിച്ച് ചർച്ച ചെയ്യും.
ഗീതം 118 “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”
a ഈ അവസാനനാളുകളിൽ വിശ്വസ്തമായി സഹിച്ചുനിൽക്കാൻ നമുക്ക് യഹോവയിലും സംഘടനയിലും പൂർണവിശ്വാസമുണ്ടായിരിക്കണം. എന്നാൽ നമ്മുടെ ആ വിശ്വാസം തകർക്കാൻ പിശാചായ സാത്താൻ ശ്രമിക്കുന്നു. അതിന് അവൻ ചെയ്യുന്ന മൂന്നു കാര്യങ്ങളെക്കുറിച്ചും നമുക്ക് അവയെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചും ഈ ലേഖനത്തിൽ പഠിക്കും.
b ചില പേരുകൾക്കു മാറ്റമുണ്ട്.