പഠനലേഖനം 28
ദൈവരാജ്യം ഭരിക്കുന്നു!
“ലോകത്തിന്റെ ഭരണം നമ്മുടെ കർത്താവിന്റെയും കർത്താവിന്റെ ക്രിസ്തുവിന്റെയും ആയിരിക്കുന്നു.”—വെളി. 11:15.
ഗീതം 22 രാജ്യം സ്ഥാപിതമായി—അതു വരേണമേ!
ചുരുക്കം a
1. ഏതു കാര്യം നമുക്ക് ഉറപ്പിച്ചുപറയാം, എന്തുകൊണ്ട്?
ഇന്നത്തെ ലോകാവസ്ഥകളൊക്കെ കാണുമ്പോൾ കാര്യങ്ങളൊന്നും മെച്ചപ്പെടില്ലെന്നു നമുക്കു തോന്നിയേക്കാം. കുടുംബബന്ധങ്ങൾ തകരുന്നു, ആളുകൾ പൊതുവേ അക്രമാസക്തരും സ്വന്തം കാര്യം നോക്കുന്നവരും ആണ്. അധികാരികളെപ്പോലും വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടു തോന്നുന്നു. പക്ഷേ ഇതൊക്കെ, കാര്യങ്ങൾ മെച്ചപ്പെടും എന്നതിന്റെ തെളിവാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം ആളുകളുടെ ഈ സ്വഭാവരീതികൾ ‘അവസാനകാലത്തെക്കുറിച്ചുള്ള’ ഒരു പ്രവചനത്തിൽ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (2 തിമൊ. 3:1-5) ഈ പ്രവചനം കൃത്യമായി നിറവേറുന്നതു കാണുമ്പോൾ ഒരു കാര്യം നമുക്ക് ഉറപ്പിച്ചുപറയാം: ദൈവരാജ്യത്തിന്റെ രാജാവായി യേശുക്രിസ്തു ഭരണം തുടങ്ങിയിരിക്കുന്നു! ദൈവരാജ്യത്തെക്കുറിച്ചുള്ള അനേകം പ്രവചനങ്ങളിൽ ഒന്നു മാത്രമാണ് ഇത്. ഇതുപോലുള്ള മറ്റു പല പ്രവചനങ്ങളും ഈ അടുത്ത് നിറവേറിയിട്ടുണ്ട്. അവയെക്കുറിച്ച് പഠിക്കുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കും.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും, അതു നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ? (പുറംതാളിലെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.)
2 ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്? (1) ദൈവരാജ്യം എപ്പോൾ ഭരണം ആരംഭിച്ചു എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രവചനം. (2) ദൈവരാജ്യത്തിന്റെ രാജാവായി യേശു സ്വർഗത്തിൽ ഭരണം തുടങ്ങിയെന്നു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ. (3) ദൈവരാജ്യത്തിന്റെ ശത്രുക്കളെ എങ്ങനെയായിരിക്കും നശിപ്പിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങൾ. ഈ പ്രവചനങ്ങൾ, പലപല കഷണങ്ങൾ ചേർത്തുവെച്ച് ഉണ്ടാക്കുന്ന വലിയൊരു ചിത്രത്തിന്റെ ഓരോ കഷണംപോലെയാണെന്നു പറയാം. അവയെക്കുറിച്ച് പഠിക്കുമ്പോൾ യഹോവയുടെ സമയപ്പട്ടികയനുസരിച്ച് നമ്മൾ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നെന്നു കൃത്യമായി മനസ്സിലാക്കാനാകും.
ദൈവരാജ്യം എപ്പോൾ ഭരണം ആരംഭിച്ചെന്നു നമുക്ക് എങ്ങനെ അറിയാം?
3. ദൈവരാജ്യത്തിന്റെ രാജാവിനെക്കുറിച്ച് ദാനിയേൽ 7:13, 14-ലെ പ്രവചനം നമുക്ക് എന്ത് ഉറപ്പു തരുന്നു?
3 ദൈവരാജ്യത്തിന്റെ രാജാവ് യേശുവാണെന്നും യേശുവിനെക്കാൾ മികച്ച ഭരണാധികാരി വേറെ ഇല്ലെന്നും ദാനിയേൽ 7:13, 14-ലെ പ്രവചനം വ്യക്തമാക്കുന്നു. സകല ജനതകളിൽനിന്നുമുള്ള ആളുകൾ സന്തോഷത്തോടെ യേശുവിനെ ‘സേവിക്കും.’ യേശുവിന്റെ ആ സ്ഥാനത്തേക്കു മറ്റൊരു ഭരണാധികാരി വരില്ല. ദാനിയേലിന്റെ പുസ്തകത്തിൽ ഏഴു കാലത്തെക്കുറിച്ചുള്ള ഒരു പ്രവചനവും കാണുന്നുണ്ട്. ആ ഏഴു കാലം അവസാനിക്കുമ്പോഴായിരിക്കും യേശു ദൈവരാജ്യത്തിന്റെ രാജാവായി ഭരണം ആരംഭിക്കുന്നത്. അത് എപ്പോഴാണെന്നു കൃത്യമായി അറിയാൻ നമുക്കു കഴിയുമോ?
4. ക്രിസ്തു ദൈവരാജ്യത്തിന്റെ രാജാവായി ഭരണം ആരംഭിച്ചത് എപ്പോഴാണെന്നു മനസ്സിലാക്കാൻ ദാനിയേൽ 4:10-17 നമ്മളെ സഹായിക്കുന്നത് എങ്ങനെ? (അടിക്കുറിപ്പും കാണുക.)
4 ദാനിയേൽ 4:10-17 വായിക്കുക. “ഏഴു കാലം” എന്നത് 2,520 വർഷത്തെ ഒരു കാലയളവാണ്. അതു ബി.സി. 607-ൽ തുടങ്ങി. കാരണം ആ വർഷമാണ് യരുശലേമിൽ യഹോവയുടെ സിംഹാസനത്തിൽ ഇരുന്ന് ഭരണം നടത്തിയ അവസാനത്തെ രാജാവിനെ ബാബിലോൺകാർ നീക്കംചെയ്തത്. “ഏഴു കാലം” 1914-ൽ അവസാനിച്ചു. ആ വർഷം ‘നിയമപരമായി അവകാശമുള്ള’ യേശുവിനെ യഹോവ ദൈവരാജ്യത്തിന്റെ രാജാവാക്കി. b—യഹ. 21:25-27.
5. ‘ഏഴു കാലത്തെക്കുറിച്ചുള്ള’ പ്രവചനം മനസ്സിലാക്കുന്നതിലൂടെ നമുക്കു ലഭിക്കുന്ന ഒരു പ്രയോജനം എന്താണ്?
5 ഈ പ്രവചനം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? ‘ഏഴു കാലത്തിന്റെ’ പ്രവചനത്തെക്കുറിച്ച് മനസ്സിലാക്കുന്നത് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ കൃത്യസമയത്തുതന്നെ നടക്കുമെന്ന ഉറപ്പു നമുക്കു തരുന്നു. യേശുവിനെ രാജാവാക്കാനുള്ള സമയം യഹോവ കൃത്യമായി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ആ സമയം വന്നപ്പോൾ യഹോവ യേശുവിനെ രാജാവാക്കുകയും ചെയ്തു. ഇതുപോലെ, മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങളും തീരുമാനിച്ചിരിക്കുന്ന സമയത്തുതന്നെ യഹോവ കൃത്യമായി നടത്തും. യഹോവയുടെ ദിവസം ഒരിക്കലും “താമസിക്കില്ല!”—ഹബ. 2:3.
യേശു ദൈവരാജ്യത്തിന്റെ രാജാവായെന്ന് എങ്ങനെ മനസ്സിലാക്കാം?
6. (എ) യേശു സ്വർഗത്തിൽ രാജാവായി എന്നതിന് എന്തെല്ലാം തെളിവുകൾ നമ്മൾ കാണുന്നുണ്ട്? (ബി) യേശു ഭരണം തുടങ്ങി എന്നതിനു വെളിപാട് 6:2-8 കൂടുതൽ ഉറപ്പു തരുന്നത് എങ്ങനെ?
6 ഭൂമിയിലെ ശുശ്രൂഷ അവസാനിക്കാറായ സമയത്ത് യേശു തന്റെ ശിഷ്യന്മാരോടു ചില കാര്യങ്ങൾ മുൻകൂട്ടിപ്പറഞ്ഞു. യേശു സ്വർഗത്തിൽ രാജാവായി ഭരണം ആരംഭിച്ചെന്നു തിരിച്ചറിയാൻ തന്റെ അനുഗാമികളെ സഹായിക്കുന്ന ചില ലോകസംഭവങ്ങളായിരുന്നു അവ. യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ എന്നിവയായിരുന്നു അവയിൽ ചിലത്. കൂടാതെ “ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ” പകർച്ചവ്യാധികൾ ഉണ്ടാകുമെന്ന കാര്യവും യേശു പറഞ്ഞു. കോവിഡ്-19 മഹാമാരി അതിന് ഏറ്റവും നല്ലൊരു ഉദാഹരണമാണ്. ക്രിസ്തുവിന്റെ സാന്നിധ്യത്തെ തിരിച്ചറിയിക്കുന്ന ‘അടയാളത്തിന്റെ’ ഭാഗമാണ് ഈ സംഭവങ്ങൾ. (മത്താ. 24:3, 7; ലൂക്കോ. 21:7, 10, 11) മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി നടക്കും എന്നതിന്റെ കൂടുതലായ ഒരു ഉറപ്പ് യേശു സ്വർഗത്തിലേക്കു പോയി 60-ലേറെ വർഷം കഴിഞ്ഞ് അപ്പോസ്തലനായ യോഹന്നാനു നൽകി. (വെളിപാട് 6:2-8 വായിക്കുക.) 1914-ൽ യേശു രാജാവായ ആ സമയംമുതൽ ഈ കാര്യങ്ങളൊക്കെ സംഭവിക്കുന്നുണ്ട്.
7. യേശു സ്വർഗത്തിൽ രാജാവായതിനു ശേഷം ഭൂമിയിൽ വളരെ മോശമായ കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടാണ്?
7 യേശു രാജാവായതോടെ ഭൂമിയിലെ അവസ്ഥകൾ ഇത്ര വഷളായത് എന്തുകൊണ്ടാണ്? അതിന്റെ ഒരു പ്രധാനകാരണം വെളിപാട് 6:2-ൽ പറയുന്നുണ്ട്. ദൈവരാജ്യത്തിന്റെ രാജാവായ ഉടനെ യേശു ഒരു യുദ്ധം ചെയ്തു. ആർക്കെതിരെ? പിശാചായ സാത്താനും ഭൂതങ്ങൾക്കുമെതിരെ. വെളിപാട് 12-ാം അധ്യായത്തിൽ പറയുന്നതുപോലെ സാത്താൻ ആ യുദ്ധത്തിൽ പരാജയപ്പെട്ടു. തുടർന്ന് യേശു സാത്താനെയും ഭൂതങ്ങളെയും ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. കോപാകുലനായ സാത്താൻ ഇന്നു മനുഷ്യർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അങ്ങനെ ഭൂമിയിലെ അവസ്ഥകൾ ആകെ ‘കഷ്ടമായി.’—വെളി. 12:7-12.
8. ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറുന്നതു കാണുമ്പോൾ നമുക്ക് എന്തു തോന്നും?
8 ഈ പ്രവചനങ്ങൾ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? ലോകസംഭവങ്ങളും ആളുകളുടെ സ്വഭാവത്തിൽ വന്നിരിക്കുന്ന വലിയ മാറ്റവും യേശു സ്വർഗത്തിൽ രാജാവായി എന്ന കാര്യം തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നു. അതുകൊണ്ട് ആളുകൾ സ്വാർഥരും ക്രൂരരും ആകുന്നതു കാണുമ്പോൾ അതിൽ വിഷമിക്കുന്നതിനു പകരം, ബൈബിൾപ്രവചനങ്ങൾ നിറവേറുകയാണെന്ന കാര്യം നമുക്ക് ഓർക്കാം. അതെ, ദൈവരാജ്യം ഭരണം തുടങ്ങിയിരിക്കുന്നു! (സങ്കീ. 37:1) അർമഗെദോൻ യുദ്ധത്തോട് അടുക്കുംതോറും ലോകാവസ്ഥകൾ കൂടുതൽക്കൂടുതൽ വഷളാകുകയേ ഉള്ളൂ എന്ന കാര്യം നമുക്കു മനസ്സിൽപ്പിടിക്കാം. (മർക്കോ. 13:8; 2 തിമൊ. 3:13) മോശമായ ഈ ലോകാവസ്ഥകളുടെ കാരണം തിരിച്ചറിയാൻ സ്വർഗീയപിതാവ് നമ്മളെ സ്നേഹത്തോടെ സഹായിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്, അല്ലേ?
ദൈവരാജ്യത്തിന്റെ ശത്രുക്കളുടെ നാശം എങ്ങനെയായിരിക്കും?
9. ദാനിയേൽ 2:28, 31-35-ലെ പ്രവചനം അവസാനത്തെ ലോകശക്തിയെ വർണിക്കുന്നത് എങ്ങനെ, എപ്പോഴാണ് അത് അധികാരത്തിൽവന്നത്?
9 ദാനിയേൽ 2:28, 31-35 വായിക്കുക. ഈ പ്രവചനവും ഇന്നു നിറവേറിക്കൊണ്ടിരിക്കുകയാണ്. നെബൂഖദ്നേസറിന്റെ സ്വപ്നത്തിൽ “അവസാനനാളുകളിൽ,” അതായത് ദൈവരാജ്യത്തിന്റെ രാജാവായി യേശു സ്വർഗത്തിൽ ഭരണം ആരംഭിച്ചതിനു ശേഷമുള്ള സമയത്ത്, എന്തു സംഭവിക്കുമെന്നു പറഞ്ഞിരിക്കുന്നു. യേശുവിന്റെ ശത്രുക്കളിൽ അവസാനത്തെ ലോകശക്തിയും ഉണ്ടായിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. സ്വപ്നത്തിലെ പ്രതിമയുടെ ‘ഇരുമ്പും കളിമണ്ണും കൊണ്ടുള്ള പാദമാണ്’ ആ ലോകശക്തിയെ ചിത്രീകരിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും അമേരിക്കയും കൈകോർത്ത് പ്രവർത്തിച്ചുകൊണ്ട് അവസാനത്തെ ലോകശക്തിയായി മാറി. ആംഗ്ലോ-അമേരിക്ക എന്ന ഈ ലോകശക്തി ഇപ്പോൾ ഭരണം നടത്തുകയാണ്. ഇതിനെ, മുമ്പുള്ള ലോകശക്തികളിൽനിന്ന് വ്യത്യസ്തമാക്കുന്ന രണ്ടു കാര്യങ്ങളെങ്കിലും നെബൂഖദ്നേസർ കണ്ട സ്വപ്നത്തിൽ പറയുന്നുണ്ട്.
10. (എ) ദാനിയേൽ പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞ ഏതു കാര്യം ഇന്ന് ആംഗ്ലോ-അമേരിക്കൻ ലോകശക്തിയിൽ കാണാം? (ബി) നമ്മൾ ഏത് അപകടം ഒഴിവാക്കണം? (“ അപകടം നിങ്ങൾക്കു തിരിച്ചറിയാൻ കഴിയുന്നുണ്ടോ?” എന്ന ചതുരം കാണുക.)
10 ഒന്നാമത്തെ വ്യത്യാസം: നെബൂഖദ്നേസർ കണ്ട പ്രതിമയുടെ ഓരോ ഭാഗവും ഓരോ ലോകശക്തിയെയാണു കുറിക്കുന്നതെന്നു നമ്മൾ മനസ്സിലാക്കി. ആദ്യത്തെ നാലു ലോകശക്തികളെ പ്രതിനിധാനം ചെയ്ത ഭാഗങ്ങൾ സ്വർണം, വെള്ളി പോലുള്ള കട്ടിയുള്ള ലോഹങ്ങൾകൊണ്ട് നിർമിച്ചിരിക്കുന്നു. എന്നാൽ അവസാനത്തെ ലോകശക്തിയായ ആംഗ്ലോ-അമേരിക്കയെ, ഇരുമ്പും കളിമണ്ണും കൂടിക്കലർന്ന ഒന്നായിട്ടാണു കാണുന്നത്. കളിമണ്ണ് അർഥമാക്കുന്നത് ‘ജനങ്ങളെ’ അല്ലെങ്കിൽ ‘പൊതുജനത്തെ’ ആണ്. (ദാനി. 2:43, അടിക്കുറിപ്പ്) ഇന്നു പൊതുജനത്തിന്റെ സ്വാധീനം വളരെ വ്യക്തമാണ്. തെരഞ്ഞെടുപ്പുകളിലും മനുഷ്യാവകാശ പ്രക്ഷോഭങ്ങളിലും തൊഴിലാളിയൂണിയനുകളിലും അതു കാണാം. അതുകൊണ്ടുതന്നെ ആംഗ്ലോ-അമേരിക്കൻ ലോകശക്തിക്കു പല പദ്ധതികളും നടപ്പിൽവരുത്താൻ പൊതുജനം ഒരു തടസ്സമാകുന്നുണ്ട്.
11. ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഇപ്പോൾ ഭരിക്കുന്നു എന്ന വസ്തുത നമ്മൾ ജീവിക്കുന്നതു അവസാനകാലത്താണെന്ന ബോധ്യം ശക്തമാക്കുന്നത് എങ്ങനെ?
11 രണ്ടാമത്തെ വ്യത്യാസം, മറ്റൊരു ലോകശക്തി ആംഗ്ലോ-അമേരിക്കയ്ക്കുശേഷം വരുന്നില്ല എന്നതാണ്. കാരണം ആ കൂറ്റൻ പ്രതിമയുടെ പാദങ്ങളാണല്ലോ ആംഗ്ലോ-അമേരിക്കൻ ലോകശക്തി. അർമഗെദോൻ യുദ്ധത്തിൽ ദൈവരാജ്യം ഈ ലോകശക്തിയെയും മറ്റു ഗവണ്മെന്റുകളെയും തകർത്തുനശിപ്പിച്ച് ഇല്ലാതാക്കും. c—വെളി. 16:13, 14, 16; 19:19, 20.
12. കൂറ്റൻ പ്രതിമയെക്കുറിച്ചുള്ള പ്രവചനം നമുക്ക് എങ്ങനെയാണ് ആശ്വാസവും പ്രത്യാശയും തരുന്നത്?
12 ഈ പ്രവചനം നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ? നമ്മൾ അവസാനകാലത്താണു ജീവിക്കുന്നതെന്നു ദാനിയേൽപ്രവചനം തെളിയിക്കുന്നു. ബാബിലോൺ എന്ന ലോകശക്തിക്കുശേഷം ദൈവജനത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ വിധത്തിൽ ഇടപെടുന്ന നാലു ലോകശക്തികൾകൂടെ ഉണ്ടാകുമെന്ന് 2,500-ലേറെ വർഷം മുമ്പ് ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞു. അതിൽ അവസാനത്തേത് ആംഗ്ലോ-അമേരിക്കൻ ലോകശക്തിയായിരിക്കുമെന്നു ദാനിയേലിന്റെ വാക്കുകളിൽനിന്ന് നമ്മൾ മനസ്സിലാക്കുന്നു. ഈ അറിവ് നമുക്ക് ആശ്വാസവും പ്രത്യാശയും തരുന്നു. കാരണം ദൈവരാജ്യം പെട്ടെന്നുതന്നെ മനുഷ്യഭരണം അവസാനിപ്പിക്കുകയും ഭൂമിയുടെ ഭരണം ഏറ്റെടുക്കുകയും ചെയ്യും.—ദാനി. 2:44.
13. വെളിപാട് 17:9-12-ൽ പറഞ്ഞിരിക്കുന്ന ‘എട്ടാമത്തെ രാജാവും’ ‘പത്തു രാജാക്കന്മാരും’ എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്, ആ പ്രവചനം നിറവേറിയത് എങ്ങനെ?
13 വെളിപാട് 17:9-12 വായിക്കുക. ഒന്നാം ലോകമഹായുദ്ധം വരുത്തിവെച്ച നാശങ്ങൾ അവസാനകാലത്തോടു ബന്ധപ്പെട്ട മറ്റു ചില ബൈബിൾപ്രവചനങ്ങൾ നിറവേറുന്നതിലേക്കു നയിച്ചു. നേതാക്കന്മാർ ലോകസമാധാനത്തിനുവേണ്ടി ഇറങ്ങിപ്രവർത്തിച്ചു. അങ്ങനെ 1920 ജനുവരിയിൽ അവർ സർവരാജ്യസഖ്യം സ്ഥാപിച്ചു. പിന്നീട് അതിനു പകരമായി 1945 ഒക്ടോബറിൽ ഐക്യരാഷ്ട്ര സംഘടന നിലവിൽവന്നു. ഈ സംഘടനയെ ‘എട്ടാമത്തെ രാജാവ്’ എന്നാണു ബൈബിൾ വിളിക്കുന്നത്. ഇത് ഒരു ലോകശക്തിയല്ല. കാരണം ഇതിന്റെ ശക്തിയും സ്വാധീനവും മറ്റു ഗവൺമെന്റുകളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ സംഘടനയ്ക്കു പിന്തുണ കൊടുക്കുന്ന ഗവൺമെന്റുകളെ “പത്തു രാജാക്കന്മാർ” എന്നാണു ബൈബിൾ വിളിച്ചിരിക്കുന്നത്.
14-15. (എ) വെളിപാട് 17:3-5 ‘ബാബിലോൺ എന്ന മഹതിയെക്കുറിച്ച്’ എന്തൊക്കെ കാര്യങ്ങളാണു വെളിപ്പെടുത്തുന്നത്? (ബി) വ്യാജമതത്തിന് ഇന്ന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
14 വെളിപാട് 17:3-5 വായിക്കുക. ദൈവം കാണിച്ചുകൊടുത്ത ദർശനത്തിൽ യോഹന്നാൻ അപ്പോസ്തലൻ ഒരു വേശ്യയെ കാണുന്നു. അതു ലോകമെങ്ങുമുള്ള വ്യാജമതങ്ങളെയാണു സൂചിപ്പിക്കുന്നത്. “ബാബിലോൺ എന്ന മഹതി” എന്നാണ് ആ വേശ്യയെ ബൈബിൾ വിളിക്കുന്നത്. എന്നാൽ ആ ദർശനം എങ്ങനെയാണു നിറവേറിയത്? ലോകഗവൺമെന്റുകൾ വ്യാജമതങ്ങളെ പിന്തുണച്ചുകൊണ്ട് വളരെക്കാലമായി സഹകരിച്ച് പ്രവർത്തിക്കുന്നു. എന്നാൽ പെട്ടെന്നുതന്നെ യഹോവ തന്റെ “ഉദ്ദേശ്യം നടപ്പാക്കാൻ” ഈ ഗവൺമെന്റുകളുടെ ഹൃദയത്തിൽ തോന്നിപ്പിക്കും. അപ്പോൾ എന്തു സംഭവിക്കും? ആ രാഷ്ട്രീയശക്തികൾ, അതായത് ബൈബിൾ പറയുന്ന “പത്തു രാജാക്കന്മാർ,” വ്യാജമതസംഘടനകളെ ആക്രമിച്ച് നശിപ്പിച്ചുകളയും.—വെളി. 17:1, 2, 16, 17.
15 ബാബിലോൺ എന്ന മഹതിയുടെ അവസാനം വന്നിരിക്കുന്നെന്നു നമുക്ക് എങ്ങനെ അറിയാം? ആ ചോദ്യത്തിന് ഉത്തരം അറിയാൻ പണ്ട് ഉണ്ടായിരുന്ന ബാബിലോൺ നഗരത്തെക്കുറിച്ച് നമുക്കു ചിന്തിക്കാം. യൂഫ്രട്ടീസ് നദിയിലെ വെള്ളം പണ്ടത്തെ ബാബിലോൺ നഗരത്തിന് ഒരു പരിധിവരെയുള്ള സംരക്ഷണം നൽകിയിരുന്നു. അതുപോലെ ജനതകളാകുന്ന “വെള്ളം” ബാബിലോൺ എന്ന മഹതിക്കു സംരക്ഷണം നൽകുന്നതായി വെളിപാട് പുസ്തകം പറയുന്നു. (വെളി. 17:15) എന്നാൽ പിന്നീട് ആ വെള്ളം ‘വറ്റിപ്പോകും’ എന്ന്, അതായത് അതിൽ അംഗങ്ങളായ വലിയൊരു കൂട്ടം ആളുകളുടെ പിന്തുണ അതിനു നഷ്ടമാകുമെന്ന്, അവിടെ പറയുന്നു. (വെളി. 16:12) ഈ പ്രവചനത്തിന്റെ നിവൃത്തി ഇന്നു നമുക്കു കാണാൻ കഴിയും. ഇന്നു കൂടുതൽക്കൂടുതൽ ആളുകൾക്കു മതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവർ അവരുടെ പ്രശ്നം പരിഹരിക്കുന്നതിനു മറ്റ് ഇടങ്ങളിലേക്കാണു നോക്കുന്നത്.
16. ഐക്യരാഷ്ട്ര സംഘടനയുടെ വരവിനെക്കുറിച്ചും ബാബിലോൺ എന്ന മഹതിയുടെ നാശത്തെക്കുറിച്ചും ഉള്ള പ്രവചനങ്ങൾ മനസ്സിലാക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
16 ഈ പ്രവചനങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ? ഐക്യരാഷ്ട്ര സംഘടനയുടെ വരവും വ്യാജമതത്തിന് അതിന്റെ അംഗങ്ങളെ നഷ്ടമാകുന്നതും നമ്മൾ ജീവിക്കുന്നത് അവസാനകാലത്താണ് എന്നതിനു കൂടുതൽ ഉറപ്പുനൽകുന്നു. ബാബിലോണിന്റെ ആലങ്കാരിക വെള്ളം വറ്റിപ്പോകുന്നുണ്ടെങ്കിലും വ്യാജമതസംഘടനകൾ നശിക്കുന്നത് അങ്ങനെയായിരിക്കില്ല. മുമ്പ് പറഞ്ഞതുപോലെ ‘പത്തു രാജാക്കന്മാരുടെ,’ അതായത് തന്റെ “ഉദ്ദേശ്യം നടപ്പാക്കാൻ” ഐക്യരാഷ്ട്ര സംഘടനയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയശക്തികളുടെ, മനസ്സിൽ ദൈവം തോന്നിപ്പിക്കും. ആ രാഷ്ട്രീയശക്തികൾ പെട്ടെന്നു വ്യാജമതത്തെ ആക്രമിച്ച് ഇല്ലാതാക്കും. അതു ലോകത്തിനു വലിയൊരു ഞെട്ടലാണ് ഉണ്ടാക്കാൻ പോകുന്നത്. d (വെളി. 18:8-10) ബാബിലോൺ എന്ന മഹതിയുടെ നാശം ലോകത്തെ പിടിച്ചുലയ്ക്കും. പല പ്രശ്നങ്ങൾ അതു മുഖാന്തരം ഉണ്ടാകാനും ഇടയുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ സംഭവിക്കുമ്പോൾ ദൈവജനത്തിനു സന്തോഷിക്കാൻ രണ്ടു കാരണമെങ്കിലുമുണ്ട്: ഒന്ന്, ദൈവമായ യഹോവയുടെ, കാലങ്ങളായുള്ള ശത്രു എന്നേക്കുമായി ഇല്ലാതാകും; രണ്ട്, പെട്ടെന്നുതന്നെ ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്നുള്ള രക്ഷ അവർക്കു ലഭിക്കും.—ലൂക്കോ. 21:28.
ധൈര്യത്തോടെ ഭാവിയിലേക്കു നോക്കുക
17-18. (എ) നമുക്ക് എങ്ങനെ നമ്മുടെ വിശ്വാസം ശക്തമാക്കാം? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
17 “ശരിയായ അറിവ് സമൃദ്ധമാകും” എന്നു ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞു. അക്കാര്യം ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാളുകളെക്കുറിച്ചുള്ള പ്രവചനങ്ങളുടെ അർഥം ഇപ്പോൾ നമുക്കു ശരിക്കും മനസ്സിലാകുന്നുണ്ട്. (ദാനി. 12:4, 9, 10) ആ പ്രവചനങ്ങൾ എത്ര കൃത്യമായാണു നിറവേറുന്നതെന്നു കാണുമ്പോൾ യഹോവയോടും ദൈവവചനത്തോടും ഉള്ള നമ്മുടെ ആദരവ് ഒന്നുകൂടെ വർധിക്കുന്നു. (യശ. 46:10; 55:11) അതുകൊണ്ട് ദൈവവചനം ശ്രദ്ധയോടെ പഠിച്ചുകൊണ്ടും യഹോവയുമായി ഒരു നല്ല ബന്ധത്തിലേക്കു വരാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാക്കാം. തന്നിൽ പൂർണമായി ആശ്രയിക്കുന്നവരെ യഹോവ സംരക്ഷിക്കും. അവർക്കു “നിത്യസമാധാനം” നൽകുകയും ചെയ്യും.—യശ. 26:3.
18 അവസാനകാലത്തെ ക്രിസ്തീയസഭയെക്കുറിച്ചുള്ള ചില പ്രവചനങ്ങളാണ് അടുത്ത ലേഖനത്തിൽ കാണാൻ പോകുന്നത്. നമ്മൾ ജീവിക്കുന്നതു ലോകാവസാനകാലത്താണെന്ന ബോധ്യം കൂടുതൽ ശക്തമാക്കുന്നവയാണ് ആ പ്രവചനങ്ങളും. ഇപ്പോൾ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന രാജാവായ യേശുവാണു തന്റെ അനുഗാമികളെ നയിക്കുന്നത് എന്നതിന്റെ തെളിവുകളും നമ്മൾ കാണും.
ഗീതം 61 സാക്ഷികളേ, മുന്നോട്ട്!
a നമ്മൾ ജീവിക്കുന്നതു ചരിത്രത്തിലെ വളരെ ആവേശം നിറഞ്ഞ ഒരു സമയത്താണ്. കാരണം ദൈവരാജ്യം ഭരണം ആരംഭിച്ചിരിക്കുന്നു! ബൈബിൾപ്രവചനങ്ങൾ അതാണു സൂചിപ്പിക്കുന്നത്. അത്തരം ചില പ്രവചനങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അത് യഹോവയിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും. കൂടാതെ ഇപ്പോഴും ഭാവിയിലും യഹോവയിൽ ആശ്രയിച്ചുകൊണ്ട് ശാന്തരായി നിൽക്കാൻ സഹായിക്കുകയും ചെയ്യും.
b ജീവിതം ആസ്വദിക്കാം! പുസ്തകത്തിന്റെ 32-ാം പാഠത്തിലെ 4-ാമത്തെ പോയിന്റ് കാണുക. കൂടാതെ jw.org സൈറ്റിൽനിന്ന് ദൈവരാജ്യം 1914-ൽ ഭരണം തുടങ്ങി എന്ന വീഡിയോയും കാണുക.
c ദാനിയേലിലെ ഈ പ്രവചനത്തെക്കുറിച്ച് കൂടുതൽ അറിയാൻ 2012 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 14-19 പേജുകൾ കാണുക.
d തൊട്ടടുത്ത ഭാവിയിൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നു കൂടുതൽ മനസ്സിലാക്കുന്നതിനായി ദൈവരാജ്യം ഭരിക്കുന്നു! എന്ന പുസ്തകത്തിന്റെ 21-ാം അധ്യായം കാണുക.