പഠനലേഖനം 16
യഹോവയ്ക്കു നിങ്ങളുടെ പരമാവധി കൊടുക്കുന്നതിൽ സന്തോഷിക്കുക
“ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ.”—ഗലാ. 6:4.
ഗീതം 37 മുഴുദേഹിയോടെ യഹോവയെ സേവിക്കുന്നു
ചുരുക്കം a
1. എന്തു ചെയ്യുന്നതു നമുക്ക് ഒരുപാടു സന്തോഷം തരും?
നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അത് എങ്ങനെ അറിയാം? യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഫലത്തിലെ ഒരു ഗുണമാണു സന്തോഷം. (ഗലാ. 5:22) ഇനി, വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണെന്നും ബൈബിൾ പറയുന്നു. അതുകൊണ്ട് പ്രസംഗപ്രവർത്തനത്തിൽ നമ്മൾ പരമാവധി പ്രവർത്തിക്കുകയും സഹോദരങ്ങളെ പല വിധങ്ങളിൽ സഹായിക്കുകയും ചെയ്യുമ്പോൾ നമുക്ക് ഒരുപാടു സന്തോഷം കിട്ടും.—പ്രവൃ. 20:35.
2-3. (എ) ഗലാത്യർ 6:4 സൂചിപ്പിക്കുന്നതുപോലെ യഹോവയുടെ സേവനത്തിൽ സന്തോഷമുള്ളവരായിരിക്കാൻ ഏതു രണ്ടു കാര്യങ്ങൾ നമ്മളെ സഹായിക്കും? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 സന്തോഷമുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കുന്ന രണ്ടു കാര്യങ്ങളെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് ഗലാത്യർ 6:4-ൽ പറഞ്ഞിട്ടുണ്ട്. (വായിക്കുക.) ഒന്ന്, നമ്മുടെ ഏറ്റവും നല്ലതു യഹോവയ്ക്കു കൊടുക്കണം. നമ്മൾ യഹോവയ്ക്കു കൊടുക്കുന്നതു നമ്മുടെ ഏറ്റവും നല്ലതാണെങ്കിൽ നമുക്കു സന്തോഷിക്കാം. (മത്താ. 22:36-38) രണ്ട്, നമ്മൾ മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യരുത്. നമ്മുടെ ആരോഗ്യവും കഴിവുകളും നമുക്കു കിട്ടിയിരിക്കുന്ന പരിശീലനവും ഉപയോഗിച്ച് യഹോവയുടെ സേവനത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം. കാരണം ഇതൊക്കെ യഹോവയാണു നമുക്കു തന്നിരിക്കുന്നത്. ഇനി, മറ്റുള്ളവർ ശുശ്രൂഷയിൽ നമ്മളെക്കാൾ നന്നായി ചെയ്യുന്നതു കണ്ടാലോ? അവർ യഹോവയെ സ്തുതിക്കാനായി തങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്നതിൽ നമ്മൾ സന്തോഷിക്കുകയാണു വേണ്ടത്. കാരണം അവർ ആ കഴിവുകൾ ഉപയോഗിക്കുന്നത് ഒരു പേരുണ്ടാക്കാനോ സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയോ ഒന്നുമല്ലല്ലോ. അതുകൊണ്ട് ആരെങ്കിലും നമ്മളെക്കാൾ നന്നായി ചെയ്യുന്നതു കണ്ടാൽ അവരോടു മത്സരിക്കാതെ അവരിൽനിന്ന് പഠിക്കാൻ ശ്രമിക്കുക.
3 യഹോവയുടെ സേവനത്തിൽ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ നിരുത്സാഹം തോന്നുമ്പോൾ നമുക്ക് എന്തു ചെയ്യാമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. കൂടാതെ നമുക്കുള്ള കഴിവുകൾ എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാമെന്നും മറ്റുള്ളവരുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും നമ്മൾ കാണും.
നമ്മുടെ സാഹചര്യങ്ങൾ മോശമാകുമ്പോൾ
4. ഏതു സാഹചര്യം ചിലപ്പോൾ നമ്മളെ നിരാശപ്പെടുത്തിയേക്കാം? ഒരു ഉദാഹരണം പറയുക.
4 പ്രായത്തിന്റെ ബുദ്ധിമുട്ടോ ആരോഗ്യപ്രശ്നമോ കാരണം, യഹോവയുടെ സേവനത്തിൽ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ നമ്മളിൽ പലർക്കും ഇന്നു കഴിയുന്നില്ല. അതു നമ്മളെ നിരാശപ്പെടുത്തിയേക്കാം. കാരൾ സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. സഹോദരി മുമ്പ് ആവശ്യം അധികമുള്ളിടത്ത് പ്രവർത്തിച്ചിരുന്നതാണ്. ആ സമയത്ത് സഹോദരി 35 ബൈബിൾപഠനങ്ങൾ നടത്തിയിരുന്നു. സമർപ്പിച്ച് സ്നാനമേൽക്കാൻ അവരിൽ പലരെയും സഹായിക്കാനും സഹോദരിക്കു കഴിഞ്ഞു. അങ്ങനെ പ്രസംഗപ്രവർത്തനം വളരെ നന്നായി ചെയ്യാൻ സഹോദരിക്കു സാധിച്ചു. പിന്നീടു സഹോദരിക്ക് അസുഖം വന്നു. മിക്കവാറും വീട്ടിൽത്തന്നെ കഴിയേണ്ട അവസ്ഥയായി. കാരൾ സഹോദരി പറയുന്നു: “അസുഖം വന്നതുകൊണ്ട് മറ്റുള്ളവർ ചെയ്യുന്ന അത്രയൊന്നും ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ പലപ്പോഴും എന്റെ മനസ്സിൽക്കൂടെ പോകുന്നത്, ഞാൻ അവരുടെ അത്രയൊന്നും വിശ്വസ്തയല്ല എന്നാണ്. പലതും ചെയ്യാൻ ആഗ്രഹമുണ്ടായിട്ടും അതിനു കഴിയാതെ വരുന്നത് എന്നെ ശരിക്കും നിരാശപ്പെടുത്തുന്നു.” അതു കാണിക്കുന്നത് ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും യഹോവയുടെ സേവനത്തിൽ തന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ സഹോദരി ആഗ്രഹിക്കുന്നുവെന്നാണ്. അതു നല്ലൊരു കാര്യവുമാണ്. സഹോദരിയുടെ ആ ആഗ്രഹം യഹോവയെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പാണ്.
5. (എ) സാഹചര്യങ്ങൾകൊണ്ട് ദൈവസേവനത്തിൽ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ നിരാശ തോന്നുന്നെങ്കിൽ നമ്മൾ എന്ത് ഓർക്കണം? (ബി) ചിത്രത്തിൽ കാണുന്നതുപോലെ, ഈ സഹോദരൻ എല്ലാ കാലത്തും യഹോവയുടെ സേവനത്തിൽ തന്റെ കഴിവിന്റെ പരമാവധി ചെയ്തത് എങ്ങനെ?
5 നിങ്ങളുടെ സാഹചര്യങ്ങൾകൊണ്ട് യഹോവയുടെ സേവനത്തിൽ ആഗ്രഹിക്കുന്ന അത്രയും ചെയ്യാനാകുന്നില്ലെങ്കിൽ നിങ്ങൾക്കു ചിലപ്പോൾ നിരാശ തോന്നിയേക്കാം. എങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘യഹോവ എന്നിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?’ ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി, അത്രമാത്രം. ഇങ്ങനെയൊന്നു ചിന്തിക്കുക: 80 വയസ്സുള്ള ഒരു സഹോദരി ആകെ നിരാശയിലാണ്. കാരണം 40-ാം വയസ്സിൽ ദൈവസേവനത്തിൽ ചെയ്തിരുന്ന അത്രയൊന്നും ഇപ്പോൾ ചെയ്യാനാകുന്നില്ല. കഴിവിന്റെ പരമാവധി താൻ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും യഹോവയെ സന്തോഷിപ്പിക്കുന്നില്ല എന്നാണു സഹോദരി ചിന്തിക്കുന്നത്. എന്നാൽ അതു ശരിയാണോ? 40-ാം വയസ്സിൽ സഹോദരി തന്റെ കഴിവിന്റെ പരമാവധി ചെയ്തു, 80-ാം വയസ്സിലും കഴിവിന്റെ പരമാവധിതന്നെ ചെയ്യുന്നുണ്ട്. അതിന്റെ അർഥം സഹോദരി എന്നും യഹോവയുടെ സേവനത്തിൽ തന്റെ കഴിവിന്റെ പരമാവധി ചെയ്തു എന്നാണ്. നമ്മൾ ഇപ്പോൾ ചെയ്യുന്നതൊന്നും യഹോവയെ സന്തോഷിപ്പിക്കാൻ മതിയാകില്ലെന്നു തോന്നിത്തുടങ്ങുന്നെങ്കിൽ ഒന്നോർക്കുക: തന്നെ സന്തോഷിപ്പിക്കാൻ നമ്മൾ എത്രമാത്രം ചെയ്യണമെന്നു തീരുമാനിക്കുന്നത് യഹോവയാണ്. നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്താൽ യഹോവയ്ക്കു വളരെ സന്തോഷമാകും.—മത്തായി 25:20-23 താരതമ്യം ചെയ്യുക.
6. മരിയ സഹോദരിയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6 ചെയ്യാൻ പറ്റാത്ത കാര്യങ്ങളിലല്ല, ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കു സന്തോഷമുള്ളവരായിരിക്കാനാകും. മരിയ സഹോദരിയുടെ അനുഭവം നോക്കാം. പ്രസംഗപ്രവർത്തനത്തിൽ സഹോദരിക്ക് അധികമൊന്നും ചെയ്യാനാകുന്നില്ല. തന്നെ ഒന്നിനും കൊള്ളില്ലല്ലോ എന്നു ചിന്തിച്ച് ആദ്യമൊക്കെ സഹോദരിക്കു നിരാശ തോന്നി. അപ്പോഴാണു തന്റെ സഭയിലുള്ള ഒരു സഹോദരിയെക്കുറിച്ച് മരിയ ഓർക്കുന്നത്. കിടപ്പിലായിരിക്കുന്ന ആ സഹോദരിയെ സഹായിക്കാൻ മരിയ തീരുമാനിച്ചു. മരിയ പറയുന്നു: “ആ സഹോദരിയുടെകൂടെ ടെലിഫോൺസാക്ഷീകരണവും കത്തുസാക്ഷീകരണവും നടത്താനുള്ള ക്രമീകരണം ഞാൻ ചെയ്തു. ഓരോ തവണയും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചതിനു ശേഷം വീട്ടിലെത്തുന്നതു വളരെ സന്തോഷത്തോടെയാണ്. കാരണം സുഖമില്ലാത്ത ആ സഹോദരിയെ സഹായിക്കാൻ കഴിഞ്ഞല്ലോ എന്ന സംതൃപ്തിയായിരുന്നു എനിക്ക്.” നമ്മളും അതുപോലെ, ചെയ്യാൻ പറ്റാത്തതിലല്ല ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നെങ്കിൽ നമ്മുടെ സന്തോഷം വർധിക്കും. ഇനി, നമ്മുടെ സാഹചര്യം നല്ലതായിരിക്കുകയോ നമുക്കു ചില പ്രത്യേകകഴിവുകൾ ഉണ്ടായിരിക്കുകയോ ചെയ്യുന്നെങ്കിൽ യഹോവയുടെ സേവനത്തിൽ കൂടുതൽ സന്തോഷം കണ്ടെത്താൻ നമുക്ക് എന്തു ചെയ്യാം?
നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേകകഴിവുകളുണ്ടെങ്കിൽ ‘അത് ഉപയോഗിക്കുക’
7. പത്രോസ് അപ്പോസ്തലൻ ക്രിസ്ത്യാനികൾക്ക് എന്തു ഉപദേശമാണു നൽകിയത്?
7 പത്രോസ് അപ്പോസ്തലൻ തന്റെ ഒന്നാമത്തെ കത്ത് എഴുതിയപ്പോൾ സഹോദരങ്ങളോട് അവർക്കുള്ള കഴിവുകൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കാൻ പറഞ്ഞു. പത്രോസ് എഴുതി: “ദൈവം കാണിച്ച അനർഹദയയുടെ നല്ല കാര്യസ്ഥരെന്ന നിലയിൽ നിങ്ങളുടെ കഴിവ്, നിങ്ങൾക്ക് ഓരോരുത്തർക്കും അതു കിട്ടിയതിന്റെ അളവനുസരിച്ച് പരസ്പരം ശുശ്രൂഷ ചെയ്യാൻ ഉപയോഗിക്കണം.” (1 പത്രോ. 4:10) നമുക്കുള്ള കഴിവുകൾ നമ്മൾ മുഴുവനായി ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് അസൂയയോ നിരാശയോ ഒക്കെ തോന്നുമോ എന്നു കരുതി നമ്മൾ അവ ഉപയോഗിക്കാതിരിക്കരുത്. കാരണം അങ്ങനെ ഉപയോഗിക്കാതിരുന്നാൽ നമ്മൾ യഹോവയ്ക്കു കഴിവിന്റെ പരമാവധി കൊടുക്കുകയായിരിക്കില്ല.
8. 1 കൊരിന്ത്യർ 4:6, 7 അനുസരിച്ച് നമ്മൾ നമ്മുടെ കഴിവുകളിൽ അഹങ്കരിക്കരുതാത്തത് എന്തുകൊണ്ട്?
8 നമ്മൾ നമ്മുടെ കഴിവുകൾ ദൈവസേവനത്തിൽ മുഴുവനായി ഉപയോഗിക്കണം. പക്ഷേ അതിൽ നമ്മൾ അഹങ്കരിക്കരുത്. (1 കൊരിന്ത്യർ 4:6, 7 വായിക്കുക.) ഉദാഹരണത്തിന്, ബൈബിൾപഠനങ്ങൾ തുടങ്ങാൻ നിങ്ങൾക്ക് ഒരു പ്രത്യേകകഴിവുണ്ടായിരിക്കാം. ആ കഴിവ് നിങ്ങൾ ഉപയോഗിക്കണം. പക്ഷേ അതിനെക്കുറിച്ച് നിങ്ങൾ വീമ്പിളക്കരുത്. ഈ അടുത്തിടയ്ക്ക് പ്രസംഗപ്രവർത്തനം ചെയ്തപ്പോൾ നിങ്ങൾക്കു നല്ലൊരു ബൈബിൾപഠനം തുടങ്ങാനായെന്നിരിക്കട്ടെ. ഈ കാര്യം വയൽസേവനഗ്രൂപ്പിലുള്ള എല്ലാവരോടും പറയാൻ നിങ്ങൾ കാത്തിരിക്കുകയാണ്. പക്ഷേ ഗ്രൂപ്പിലുള്ള എല്ലാവരും ഒന്നിച്ചുകൂടിയപ്പോൾ ഒരു സഹോദരി തനിക്ക് ഒരു മാസിക സമർപ്പിക്കാൻ കഴിഞ്ഞതിന്റെ അനുഭവം പറയുകയാണ്. സഹോദരി ഒരു മാസിക സമർപ്പിച്ചു, നിങ്ങൾ ഒരു ബൈബിൾപഠനം തുടങ്ങി. ഇപ്പോൾ നിങ്ങൾ എന്തു ചെയ്യും? നിങ്ങളുടെ ഈ അനുഭവം മറ്റു സഹോദരങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുമെന്നു നിങ്ങൾക്ക് അറിയാം. എങ്കിലും അതു മറ്റൊരു അവസരത്തിൽ പറയാൻ നിങ്ങൾ തീരുമാനിച്ചേക്കാം. കാരണം നിങ്ങൾ ചെയ്ത അത്രയും ചെയ്യാനായില്ലല്ലോ എന്നൊരു വിഷമം ആ സഹോദരിക്ക് ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് ആ സഹോദരിയോടു കാണിക്കുന്ന ദയയായിരിക്കും. അതിന്റെ അർഥം നിങ്ങൾ ബൈബിൾപഠനങ്ങൾ തുടങ്ങരുതെന്നല്ല. നിങ്ങൾക്ക് അതിനുള്ള കഴിവുണ്ട്. നിങ്ങൾ അതു നന്നായി ഉപയോഗിക്കണം.
9. നമ്മുടെ കഴിവുകൾ നമ്മൾ എങ്ങനെ ഉപയോഗിക്കണം?
9 നമുക്കുള്ള കഴിവുകളൊക്കെ ദൈവം തന്നിരിക്കുന്ന സമ്മാനമാണെന്നു നമുക്ക് എപ്പോഴും ഓർക്കാം. ആ കഴിവുകൾ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ നമ്മൾ വലിയ മിടുക്കരാണെന്നു കാണിക്കാനല്ല. (ഫിലി. 2:3) ഈ വിധത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻവേണ്ടി നമ്മുടെ കഴിവുകളും ശക്തിയും എല്ലാം ഉപയോഗിക്കുന്നെങ്കിൽ അത് യഹോവയെ മഹത്ത്വപ്പെടുത്തും. സന്തോഷിക്കാനുള്ള എത്ര നല്ല കാരണമാണ് അത്.
10. നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതു ശരിയല്ലാത്തത് എന്തുകൊണ്ട്?
10 ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ കഴിവുകളെ മറ്റുള്ളവരുടെ കുറവുകളുമായി താരതമ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. അതും ഒരു കെണിയാണ്. ഉദാഹരണത്തിന്, ഒരു സഹോദരൻ നല്ല പൊതുപ്രസംഗങ്ങൾ നടത്തിയേക്കാം. അതാണ് ആ സഹോദരന്റെ കഴിവ്. എന്നാൽ നല്ല പ്രസംഗങ്ങളൊന്നും നടത്താൻ കഴിവില്ലാത്ത ഒരു സഹോദരനെ അദ്ദേഹം വിലകുറച്ച് കണ്ടേക്കാം. പക്ഷേ ആ സഹോദരൻ മറ്റുള്ളവരെ സത്കരിക്കുന്നതിലും മക്കളെ പരിശീലിപ്പിക്കുന്നതിലും ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം ചെയ്യുന്നതിലും വളരെ നന്നായി പ്രവർത്തിക്കുന്നുണ്ടാകാം. അങ്ങനെയുള്ള ഒരാളെ വിലകുറച്ച് കാണുന്നതു തെറ്റായിരിക്കില്ലേ? അതിനു പകരം ഓരോരുത്തരും അവരുടെ കഴിവുകളും പ്രാപ്തികളും യഹോവയെ സേവിക്കാനും സഹോദരങ്ങളെ സഹായിക്കാനും ഉപയോഗിക്കുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം.
മറ്റുള്ളവരിൽനിന്ന് പഠിക്കുക
11. യേശുവിന്റെ മാതൃക അനുകരിക്കാൻ നമ്മൾ ശ്രമിക്കേണ്ടത് എന്തുകൊണ്ടാണ്?
11 നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുതെന്നുള്ളതു ശരിയാണെങ്കിലും മറ്റു സഹോദരങ്ങളിൽനിന്ന് നമുക്കു പലതും പഠിക്കാനാകും. ഉദാഹരണത്തിന്, യേശുവിന്റെ മാതൃകയിൽനിന്നും നമുക്കു പഠിക്കാനാകുന്നില്ലേ? നമ്മൾ യേശുവിനെപ്പോലെ പൂർണരല്ലെങ്കിലും യേശുവിന്റെ നല്ലനല്ല ഗുണങ്ങളിൽനിന്നും യേശു ചെയ്ത കാര്യങ്ങളിൽനിന്നും നമുക്ക് പലതും പഠിക്കാനാകും. (1 പത്രോ. 2:21) അതുകൊണ്ട് യേശുവിന്റെ മാതൃക അനുകരിക്കാൻ നമുക്കു കഴിവിന്റെ പരമാവധി ശ്രമിക്കാം. അങ്ങനെയാകുമ്പോൾ യഹോവയുടെ നല്ല ദാസരായിത്തീരുന്നതിനും പ്രസംഗപ്രവർത്തനത്തിലെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും നമുക്കു കഴിയും.
12-13. ദാവീദ് രാജാവിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
12 അപൂർണരായിരുന്നിട്ടും നമുക്ക് അനുകരിക്കാവുന്ന നല്ല മാതൃകവെച്ച വിശ്വസ്തരായ പല സ്ത്രീപുരുഷന്മാരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. (എബ്രാ. 6:12) അത്തരത്തിലുള്ള ഒരാളാണു ദാവീദ് രാജാവ്. അദ്ദേഹത്തെക്കുറിച്ച് യഹോവ പറഞ്ഞത്, ‘എന്റെ മനസ്സിന് ഇണങ്ങിയ ഒരാൾ’ എന്നാണ്. (പ്രവൃ. 13:22) എന്നാൽ ദാവീദ് പൂർണമനുഷ്യനായിരുന്നില്ല. വാസ്തവത്തിൽ ദാവീദ് ഗുരുതരമായ ചില തെറ്റുകൾപോലും ചെയ്തു. എങ്കിലും അദ്ദേഹം നമുക്കു നല്ലൊരു മാതൃകയാണ്. കാരണം തെറ്റു തിരുത്തിക്കൊടുത്തപ്പോൾ അദ്ദേഹം ന്യായീകരിക്കാൻ ശ്രമിച്ചില്ല. പകരം തനിക്കു കിട്ടിയ ശക്തമായ തിരുത്തൽ സ്വീകരിക്കുകയും താൻ ചെയ്തതിനെക്കുറിച്ച് ആത്മാർഥമായി പശ്ചാത്തപിക്കുകയും ചെയ്തു. അതുകൊണ്ട് യഹോവ അദ്ദേഹത്തോടു ക്ഷമിച്ചു.—സങ്കീ. 51:3, 4, 10-12.
13 ദാവീദിന്റെ മാതൃകയിൽനിന്ന് നമുക്കു പലതും പഠിക്കാനാകും. നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ഒരു തിരുത്തൽ കിട്ടുമ്പോൾ ഞാൻ അതിനോട് എങ്ങനെയാണു പ്രതികരിക്കുന്നത്? പെട്ടെന്നുതന്നെ തെറ്റു സമ്മതിക്കുന്നുണ്ടോ അതോ ന്യായീകരിക്കാൻ ശ്രമിക്കുകയാണോ? അതല്ലെങ്കിൽ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനാണോ ഞാൻ നോക്കുന്നത്? എന്റെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടോ?’ ബൈബിളിൽ പറഞ്ഞിരിക്കുന്ന മറ്റു ദൈവദാസന്മാരെക്കുറിച്ച് വായിക്കുമ്പോഴും നിങ്ങൾക്ക് ഇതുപോലെയുള്ള ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കാം. അവർക്കും ജീവിതത്തിൽ നിങ്ങൾ ഇപ്പോൾ നേരിടുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നോ? അവർ അപ്പോൾ ഏതെല്ലാം നല്ല ഗുണങ്ങളാണു കാണിച്ചത്? ‘എനിക്ക് എങ്ങനെ ഈ ദൈവദാസനെപ്പോലെയായിരിക്കാം’ എന്ന് ഓരോ തവണയും നിങ്ങളോടുതന്നെ ചോദിക്കുക.
14. നമ്മുടെ സഹോദരങ്ങളുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 ചെറുപ്പക്കാരും പ്രായമായവരും ആയ നമ്മുടെ സഹവിശ്വാസികളുടെ മാതൃകയിൽനിന്നും നമുക്കു പലതും പഠിക്കാനാകും. ഉദാഹരണത്തിന്, പരിശോധനകളൊക്കെ ഉണ്ടായിട്ടും വിശ്വസ്തമായി സഹിച്ചുനിൽക്കുന്ന നിങ്ങളുടെ സഭയിലെ ഒരു സഹോദരനെയോ സഹോദരിയെയോ നിങ്ങൾക്ക് അറിയാമോ? ഒരുപക്ഷേ അവർ നേരിടുന്ന പ്രശ്നം കൂട്ടുകാരിൽനിന്നുള്ള സമ്മർദമായിരിക്കാം, അല്ലെങ്കിൽ കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പായിരിക്കാം, അതുമല്ലെങ്കിൽ മോശമായ ആരോഗ്യമായിരിക്കാം. നിങ്ങൾ ജീവിതത്തിൽ വളർത്തിയെടുക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന നല്ല ഗുണങ്ങൾ അവരുടെ ജീവിതത്തിൽ നിങ്ങൾക്കു കാണാനാകുന്നുണ്ടോ? പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും എങ്ങനെ സഹിച്ചുനിൽക്കാമെന്നു മനസ്സിലാക്കാൻ അവരുടെ ആ മാതൃക നിങ്ങളെ സഹായിച്ചേക്കും. വിശ്വാസത്തിന്റെ ഇത്ര നല്ല മാതൃകകൾ നമ്മുടെ ഇടയിൽ ഉണ്ടായിരിക്കുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം! ശരിക്കും സന്തോഷിക്കാനുള്ള കാരണമാണ് ഇത്.—എബ്രാ. 13:7; യാക്കോ. 1:2, 3.
സന്തോഷത്തോടെ യഹോവയെ സേവിക്കുക
15. യഹോവയുടെ സേവനത്തിൽ സന്തോഷം നിലനിറുത്താൻ സഹായിക്കുന്ന എന്ത് ഉപദേശമാണു പൗലോസ് അപ്പോസ്തലൻ നൽകിയത്?
15 നമ്മൾ ഓരോരുത്തരും ദൈവസേവനത്തിൽ നമ്മുടെ കഴിവിന്റെ പരമാവധിയാണു ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ സഭയിൽ ഐക്യവും സമാധാനവും നിലനിറുത്താനാകും. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെക്കുറിച്ച് ചിന്തിക്കുക. അവർക്കു പലപല കഴിവുകളും നിയമനങ്ങളും ഒക്കെയുണ്ടായിരുന്നു. (1 കൊരി. 12:4, 7-11) എന്നാൽ അതിന്റെ പേരിൽ അവർ പരസ്പരം മത്സരിക്കുകയോ വഴക്കുണ്ടാക്കുകയോ ഒന്നും ചെയ്യരുതായിരുന്നു. പകരം അവർ ഓരോരുത്തരും ‘ക്രിസ്തുവിന്റെ ശരീരം ബലപ്പെടുത്താൻ’ ആവശ്യമായതു ചെയ്യാനാണു പൗലോസ് അവരോടു പറഞ്ഞത്. എഫെസ്യർക്ക് എഴുതിയ കത്തിൽ പൗലോസ് പറഞ്ഞു: “അവയവങ്ങൾ ഓരോന്നും ശരിയായ വിധത്തിൽ പ്രവർത്തിക്കുമ്പോൾ ശരീരം വളർന്ന് സ്നേഹത്തിൽ ശക്തിയാർജിക്കുന്നു.” (എഫെ. 4:1-3, 11, 12, 16) അവർ അങ്ങനെ ചെയ്തപ്പോൾ സഭയിൽ സമാധാനവും ഐക്യവും ഉണ്ടായി. ഇന്നത്തെ സഭകളിലും നമുക്ക് അതുതന്നെ കാണാനാകുന്നുണ്ട്.
16. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിച്ചത്? (എബ്രായർ 6:10)
16 അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. പകരം യേശുവിൽനിന്ന് പഠിക്കുകയും യേശുവിന്റെ ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്യാം. കൂടാതെ, ബൈബിളിൽ പറഞ്ഞിരിക്കുന്ന വിശ്വസ്തരായ ദൈവദാസരുടെ മാതൃകയിൽനിന്നും അതുപോലെ നമ്മുടെ സഹോദരീസഹോദരന്മാരിൽനിന്നും നമുക്കു പഠിക്കാനാകും. നിങ്ങൾ തുടർന്നും യഹോവയ്ക്ക് നിങ്ങളുടെ ഏറ്റവും നല്ലതു കൊടുക്കുന്നെങ്കിൽ ‘നിങ്ങളുടെ ആ സേവനം യഹോവ ഒരിക്കലും മറന്നുകളയില്ല.’ (എബ്രായർ 6:10 വായിക്കുക.) അതുകൊണ്ട് പൂർണമനസ്സോടെ, സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ യഹോവയ്ക്കു സന്തോഷമാകുമെന്ന് ഓർക്കുക.
ഗീതം 65 മുന്നേറുവിൻ!
a ദൈവസേവനത്തിലെ മറ്റുള്ളവരുടെ മാതൃകയിൽനിന്ന് നമുക്കെല്ലാം പലതും പഠിക്കാനാകും. എന്നാൽ നമ്മൾ ഒരിക്കലും നമ്മളെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. യഹോവയുടെ സേവനത്തിലെ നമ്മുടെ സന്തോഷം നിലനിറുത്താൻ സഹായിക്കുന്നതാണ് ഈ ലേഖനം. കൂടാതെ, നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന അഹങ്കാരമോ നിരുത്സാഹമോ ഒഴിവാക്കാനും ഈ ലേഖനം സഹായിക്കും.
b ചിത്രത്തിന്റെ വിവരണം: ഒരു സഹോദരൻ ചെറുപ്പമായിരുന്നപ്പോൾ ബഥേലിൽ സേവിച്ചു. പിന്നീടു കല്യാണം കഴിച്ച് അദ്ദേഹവും ഭാര്യയും കൂടി മുൻനിരസേവനം ചെയ്തു. കുട്ടികൾ ഉണ്ടായപ്പോൾ അദ്ദേഹം അവരെ പ്രസംഗപ്രവർത്തനത്തിൽ പരിശീലിപ്പിച്ചു. പ്രായമായപ്പോൾ അദ്ദേഹം കത്തുസാക്ഷീകരണം നടത്തുന്നു. അങ്ങനെ ഇപ്പോഴും അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നു.