പഠനലേഖനം 34
‘സത്യത്തിൽ നടക്കുന്നതു’ തുടരുക
“എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹ. 4.
ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ
ചുരുക്കം a
1. എങ്ങനെയാണു “സത്യം” കിട്ടിയത് എന്നതിനെക്കുറിച്ച് സംസാരിക്കുന്നതു നമുക്ക് ഏതു വിധത്തിൽ പ്രയോജനം ചെയ്യും?
“എങ്ങനെയാണു സത്യം കിട്ടിയത്” എന്ന ചോദ്യത്തിനു നമ്മൾ പല തവണ ഉത്തരം പറഞ്ഞിട്ടുണ്ടാകും. പുതിയ ഒരു സഹോദരനെയോ സഹോദരിയെയോ പരിചയപ്പെടുമ്പോൾ ആദ്യം ചോദിക്കാറുള്ള ചോദ്യങ്ങളിൽ ഒന്നാണ് അത്. സഹോദരങ്ങൾ യഹോവയെ അറിയാനും യഹോവയെ സ്നേഹിക്കാനും ഇടയായത് എങ്ങനെയാണെന്നു കേൾക്കുന്നതും നമ്മുടെ അനുഭവം പറയുന്നതും നമുക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. (റോമ. 1:11) അത്തരം ചർച്ചകൾ സത്യം നമുക്ക് എത്ര വിലപ്പെട്ടതാണെന്നു നമ്മളെ ഓർമിപ്പിക്കും. കൂടാതെ തുടർന്നും ‘സത്യത്തിൽ നടക്കാനുള്ള’ നമ്മുടെ തീരുമാനം കൂടുതൽ ശക്തമാക്കുകയും ചെയ്യും. അതായത് യഹോവയുടെ അനുഗ്രഹവും അംഗീകാരവും കിട്ടുന്ന വിധത്തിൽ ജീവിക്കാൻ അതു നമ്മളെ പ്രേരിപ്പിക്കും.—3 യോഹ. 4.
2. നമ്മൾ ഈ ലേഖനത്തിൽ എന്തു പഠിക്കും?
2 സത്യത്തെ നമ്മൾ വളരെയധികം സ്നേഹിക്കുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ ചർച്ച ചെയ്യും. ഒപ്പം വിലപ്പെട്ട ആ സമ്മാനത്തോടുള്ള സ്നേഹം നമുക്ക് എങ്ങനെ തുടർന്നും കാണിക്കാമെന്നും പഠിക്കും. അങ്ങനെ ചെയ്യുമ്പോൾ സത്യത്തിലേക്കു നമ്മളെ ആകർഷിച്ചതിന്റെ പേരിൽ നമുക്ക് യഹോവയോടു കൂടുതൽ നന്ദി തോന്നും. (യോഹ. 6:44) കൂടാതെ ആ സത്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാനുള്ള നമ്മുടെ ആഗ്രഹം കുറെക്കൂടെ ശക്തമാകുകയും ചെയ്യും.
നമ്മൾ ‘സത്യത്തെ’ സ്നേഹിക്കുന്നതിന്റെ കാരണങ്ങൾ
3. നമ്മൾ സത്യത്തെ സ്നേഹിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്?
3 നമ്മൾ സത്യത്തെ സ്നേഹിക്കുന്നതിനു പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായി, സത്യത്തിന്റെ ഉറവിടമായ യഹോവയെ നമ്മൾ സ്നേഹിക്കുന്നു. ദൈവവചനമായ ബൈബിൾ പഠിച്ചപ്പോൾ ആകാശത്തെയും ഭൂമിയെയും ഒക്കെ സൃഷ്ടിച്ച സർവശക്തനായ ദൈവമാണ് യഹോവ എന്നു നമുക്കു മനസ്സിലായി. അതോടൊപ്പം നമ്മളെ വാത്സല്യത്തോടെ പരിപാലിക്കുന്ന സ്നേഹമുള്ള ഒരു അപ്പനാണ് യഹോവ എന്നും നമ്മൾ തിരിച്ചറിഞ്ഞു. (1 പത്രോ. 5:7) “യഹോവ, കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞവൻ” ആണെന്നു നമുക്ക് അറിയാം. (പുറ. 34:6) യഹോവ ന്യായത്തെ സ്നേഹിക്കുന്നു. (യശ. 61:8) നമ്മുടെ കഷ്ടപ്പാടുകൾ യഹോവയെ വേദനിപ്പിക്കുന്നുണ്ടെന്നു മാത്രമല്ല നമ്മുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ യഹോവ ഒരുങ്ങിയിരിക്കുകയുമാണ്. ശരിക്കുംപറഞ്ഞാൽ ആ ദിവസത്തിനായി യഹോവ കാത്തിരിക്കുകയാണ്. (യിരെ. 29:11) എത്ര വലിയ സന്തോഷത്തിന്റെ സമയമായിരിക്കും അത്! നമ്മൾ യഹോവയെ ഇത്രയധികം സ്നേഹിക്കുന്നതിന്റെ ഒരു കാരണം കൂടിയാണ് അത്.
4-5. പ്രത്യാശ ഒരു നങ്കൂരമാണെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞത് എന്തുകൊണ്ട്?
4 നമ്മൾ സത്യത്തെ സ്നേഹിക്കുന്നതിന്റെ മറ്റൊരു കാരണം സത്യം അറിഞ്ഞതിലൂടെ നമുക്കു പല പ്രയോജനങ്ങളും കിട്ടുന്നുണ്ട് എന്നതാണ്. ഉദാഹരണത്തിന് ബൈബിൾസത്യത്തിൽ ഭാവിയെക്കുറിച്ചുള്ള ഒരു നല്ല പ്രത്യാശ അടങ്ങിയിട്ടുണ്ട്. ആ പ്രത്യാശയുടെ മൂല്യം മനസ്സിലാക്കാൻ പൗലോസ് ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി: “സുനിശ്ചിതവും ഉറപ്പുള്ളതും ആയ ഈ പ്രത്യാശ നമുക്ക് ഒരു നങ്കൂരമാണ്.” (എബ്രാ. 6:19) കൊടുങ്കാറ്റ് ഉണ്ടാകുന്ന സമയത്ത് ഒരു കപ്പൽ നിയന്ത്രണംവിട്ട് ഒഴുകിപ്പോകാതിരിക്കാൻ നങ്കൂരം സഹായിക്കുന്നതുപോലെ ബൈബിൾ നൽകുന്ന പ്രത്യാശ ജീവിതത്തിൽ കൊടുങ്കാറ്റുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും.
5 അഭിഷിക്തക്രിസ്ത്യാനികൾക്കുള്ള സ്വർഗീയപ്രത്യാശയെക്കുറിച്ചാണു പൗലോസ് അവിടെ പറഞ്ഞത്. എങ്കിലും പറുദീസാഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശയുള്ളവരുടെ കാര്യത്തിലും ആ വാക്കുകൾ സത്യമാണ്. (യോഹ. 3:16) എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുള്ളതുകൊണ്ട് നമുക്കെല്ലാം സന്തോഷത്തോടെ ഭാവിയിലേക്കു നോക്കാനാകുന്നു.
6-7. ഭാവിയെക്കുറിച്ചുള്ള ബൈബിൾസത്യം മനസ്സിലാക്കിയത് ഇവോൺ സഹോദരിക്ക് എങ്ങനെയാണു പ്രയോജനം ചെയ്തത്?
6 ഇവോൺ സഹോദരിയുടെ അനുഭവം നോക്കാം. ഇവോൺ യഹോവയുടെ സാക്ഷികളിൽ ഒരാളായിട്ടല്ല വളർന്നുവന്നത്. കുട്ടിക്കാലത്ത് സഹോദരിക്കു മരണത്തെ വലിയ പേടിയായിരുന്നു. ഒരിക്കൽ ഇവോൺ മരണത്തെക്കുറിച്ച് ഒരു വാചകം വായിച്ചു. “നാളെ എന്നൊന്നില്ലാത്ത ഒരു ദിവസം” എന്നതായിരുന്നു അത്. സഹോദരി പറയുന്നു: “ഭാവിയെക്കുറിച്ച് ഒരു പ്രത്യാശപോലും തരാത്ത ആ വാക്കുകളെക്കുറിച്ച് ചിന്തിച്ചത് എന്റെ ഉറക്കം കെടുത്തി. ‘ജീവിതത്തിന് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടായിരുന്നേ പറ്റൂ, എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്’ എന്നതിനെക്കുറിച്ചൊക്കെ ഞാൻ ചിന്തിക്കാൻതുടങ്ങി. കാരണം ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല.”
7 പിന്നീട് കൗമാരപ്രായത്തിൽ എത്തിയപ്പോൾ ഇവോൺ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. സഹോദരി പറയുന്നു: “ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനാകുമെന്ന പ്രത്യാശയിൽ ഞാനും വിശ്വസിക്കാൻതുടങ്ങി.” അതു സഹോദരിക്ക് എങ്ങനെയാണു ഗുണം ചെയ്തത്? “ഭാവിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഉള്ള ഭീതി ഇന്ന് എന്റെ ഉറക്കം കെടുത്താറില്ല.” ഈ പ്രത്യാശ സഹോദരിക്ക് എത്ര വിലപ്പെട്ടതാണ് എന്നാണ് ആ വാക്കുകൾ കാണിക്കുന്നത്. താൻ മനസ്സിലാക്കിയ ഈ കാര്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതു സഹോദരിക്ക് ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്.—1 തിമൊ. 4:16.
8-9. (എ) യേശുവിന്റെ ഉപമയിലെ മനുഷ്യൻ ഒരു നിധി കണ്ടപ്പോൾ എന്തു ചെയ്തു? (ബി) ബൈബിൾസത്യം നിങ്ങൾക്ക് എത്ര വിലപ്പെട്ടതാണ്?
8 ബൈബിൾസത്യത്തിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയും ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തെക്കുറിച്ചുള്ള ആ സത്യത്തെ യേശു മറഞ്ഞിരിക്കുന്ന ഒരു നിധിയോടാണു താരതമ്യപ്പെടുത്തിയത്. മത്തായി 13:44-ൽ യേശു ഇങ്ങനെ പറഞ്ഞതായി നമ്മൾ വായിക്കുന്നു: “സ്വർഗരാജ്യം വയലിൽ മറഞ്ഞിരിക്കുന്ന ഒരു നിധിപോലെയാണ്. ഒരു മനുഷ്യൻ അതു കണ്ടപ്പോൾ അവിടെത്തന്നെ ഒളിപ്പിച്ചുവെച്ചിട്ട് സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങി.” ആ മനുഷ്യൻ ഒരു നിധിക്കുവേണ്ടി അന്വേഷിച്ച് നടക്കുകയൊന്നുമായിരുന്നില്ല. എങ്കിലും അതു കണ്ടപ്പോൾ അദ്ദേഹം ആ നിധി സ്വന്തമാക്കാൻ പലതും വേണ്ടെന്നുവെക്കാൻ തയ്യാറായി. ആ വ്യക്തി തനിക്കുള്ളതെല്ലാം വിറ്റു. എന്തുകൊണ്ട്? കാരണം ആ നിധിയുടെ മൂല്യം അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്ന എന്തിനെക്കാളും വിലയുള്ളതായിരുന്നു ആ നിധി.
9 ബൈബിൾസത്യത്തെക്കുറിച്ച് നിങ്ങൾക്കും അങ്ങനെതന്നെയാണോ തോന്നുന്നത്? അങ്ങനെയാണ് എന്നതിനു സംശയമില്ല. ഇന്ന് യഹോവയെ സേവിക്കാനാകുന്നതു നമുക്കു വളരെ സന്തോഷം തരുന്നു. കൂടാതെ ദൈവരാജ്യത്തിൽ എന്നേക്കും ജീവിക്കാനാകുമെന്ന പ്രത്യാശയും നമുക്കുണ്ട്. ദൈവമായ യഹോവയുമായി വളരെ അടുത്ത ഒരു സ്നേഹബന്ധമുള്ളതും നമ്മളെ ഒരുപാടു സന്തോഷിപ്പിക്കുന്നു. ഇനി, ‘ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാനാകുന്നതിന്റെ’ സംതൃപ്തിയും നമുക്കുണ്ട്. (കൊലോ. 1:10) ഇതിനൊക്കെവേണ്ടി എന്തെല്ലാം ഉപേക്ഷിക്കേണ്ടിവന്നാലും അതൊന്നും ഒരു നഷ്ടമല്ല. കാരണം ഈ സന്തോഷത്തിനും സംതൃപ്തിക്കും പകരംവെക്കാനാകുന്ന ഒന്നും തരാൻ ഈ ലോകത്തിനാകില്ലെന്നു നമുക്ക് അറിയാം.
10-11. ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ മൈക്കിളിനെ പ്രേരിപ്പിച്ചത് എന്താണ്?
10 യഹോവയുടെ അംഗീകാരം നേടാനായി നമ്മളിൽ പലരും വലിയ ത്യാഗങ്ങൾ ചെയ്തിരിക്കുന്നു. ചിലർ പേരും പ്രശസ്തിയും കിട്ടുന്ന ജോലിയുള്ളവരായിരുന്നു. മറ്റു ചിലർ വലിയ പണക്കാരാകാൻ ശ്രമിക്കുന്നവരായിരുന്നു. പക്ഷേ സത്യം അറിഞ്ഞപ്പോൾ അവരെല്ലാം അത് ഉപേക്ഷിക്കാൻ തയ്യാറായി. ഇനി, വേറെ ചിലർ യഹോവയെക്കുറിച്ച് പഠിച്ചപ്പോൾ തങ്ങളുടെ ജീവിതരീതിതന്നെ മാറ്റി. മൈക്കിൾ അതാണു ചെയ്തത്. യഹോവയുടെ സാക്ഷികളിൽ ഒരാളായിട്ടല്ല അദ്ദേഹം വളർന്നുവന്നത്. ചെറുപ്പത്തിൽ അദ്ദേഹം കരാട്ടെ പരിശീലിച്ചിരുന്നു. അദ്ദേഹം പറയുന്നു: “എപ്പോഴും നല്ല ഉറച്ച ശരീരമുണ്ടായിരിക്കാൻ ഞാൻ ഒരുപാട് അധ്വാനിച്ചു. അതിൽ എനിക്കു വലിയ അഭിമാനവുമുണ്ടായിരുന്നു. എന്നെ ആർക്കും തോൽപ്പിക്കാനാകില്ല എന്നുപോലും ചിലപ്പോഴൊക്കെ എനിക്കു തോന്നി.” പക്ഷേ ബൈബിൾ പഠിച്ചപ്പോൾ മൈക്കിളിന്റെ ചിന്തയ്ക്കു മാറ്റം വന്നു. അക്രമത്തെ യഹോവ എങ്ങനെയാണു കാണുന്നതെന്നു മൈക്കിൾ മനസ്സിലാക്കി. (സങ്കീ. 11:5) അദ്ദേഹം പറയുന്നു: “എന്നെ ബൈബിൾ പഠിപ്പിച്ച ദമ്പതികൾ എന്നോട് ഒരിക്കലും കരാട്ടെ നിറുത്താൻ ആവശ്യപ്പെട്ടില്ല. ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്ന് കാണിച്ചുതരുക മാത്രമാണു ചെയ്തത്.”
11 യഹോവയെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ മൈക്കിളിന് യഹോവയോടുള്ള സ്നേഹം കൂടി. ദൈവം തന്റെ ആരാധകരോട് എത്ര അനുകമ്പയുള്ളവനാണെന്നു മനസ്സിലാക്കിയത് അദ്ദേഹത്തെ ശരിക്കും ആകർഷിച്ചു. ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു മൈക്കിൾ പതിയെ തിരിച്ചറിഞ്ഞു. അദ്ദേഹം പറയുന്നു: “കരാട്ടെ നിറുത്തുന്നത് ഒട്ടും എളുപ്പമല്ലെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും ഞാൻ അങ്ങനെ ചെയ്താൽ അത് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും എന്നും ദൈവത്തെ സേവിക്കുന്നതിനുവേണ്ടി എന്തൊക്കെ ത്യാഗങ്ങൾ ചെയ്താലും അതൊന്നും ഒരു നഷ്ടമല്ലെന്നും ഞാൻ മനസ്സിലാക്കി.” താൻ കണ്ടെത്തിയ സത്യം എത്ര വിലയുള്ളതാണെന്നു മൈക്കിൾ തിരിച്ചറിഞ്ഞു. അതു ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.—യാക്കോ. 1:25.
12-13. ബൈബിൾസത്യം മെയ്ലിയെ എങ്ങനെയാണു സഹായിച്ചത്?
12 സത്യത്തിന്റെ മൂല്യം എടുത്തുകാണിക്കുന്ന മറ്റൊരു താരതമ്യം നോക്കാം. ബൈബിളിൽ സത്യത്തെ ഇരുട്ടത്ത് കത്തിച്ചുവെച്ചിരിക്കുന്ന ഒരു വിളക്കിനോടു താരതമ്യപ്പെടുത്തിയിരിക്കുന്നു. (സങ്കീ. 119:105; എഫെ. 5:8) അസർബൈജാനിൽനിന്നുള്ള മെയ്ലി, ദൈവവചനത്തിൽനിന്ന് തനിക്കു കിട്ടിയ വെളിച്ചത്തെ വളരെയധികം വിലമതിച്ചു. സഹോദരിയുടെ അപ്പൻ ഒരു മുസ്ലീമും അമ്മ ജൂതമത വിശ്വാസിയും ആയിരുന്നു. അത്തരമൊരു കുടുംബത്തിലാണു മെയ്ലി വളർന്നുവന്നത്. സഹോദരി പറയുന്നു: “ദൈവമുണ്ടോ എന്ന കാര്യത്തിൽ എനിക്കു സംശയമില്ലായിരുന്നെങ്കിലും എന്നെ കുഴപ്പിച്ച പല വിഷയങ്ങളുണ്ടായിരുന്നു. ‘ദൈവം എന്തിനാണു മനുഷ്യനെ സൃഷ്ടിച്ചത്? ഒരുവൻ തന്റെ ജീവിതകാലം മുഴുവൻ കഷ്ടം അനുഭവിച്ചശേഷം പിന്നീട് എന്നേക്കും അഗ്നിനരകത്തിൽ ദണ്ഡനം അനുഭവിക്കുന്നതുകൊണ്ട് എന്തു നേട്ടമാണുള്ളത്?’ എല്ലാ കാര്യങ്ങളും ദൈവേഷ്ടപ്രകാരമാണു നടക്കുന്നതെന്ന് ആളുകൾ പറയുന്നു. അങ്ങനെയെങ്കിൽ ‘മനുഷ്യർ ദൈവത്തിന്റെ കൈകളിലെ കളിപ്പാവകളാണോ, അവർ കഷ്ടപ്പെടുന്നതു കണ്ട് സന്തോഷിച്ച് രസിക്കുകയാണോ ദൈവം’ എന്നൊക്കെ ഞാൻ ചിന്തിച്ചു.”
13 മെയ്ലി തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം തുടർന്നു. പിന്നീട് ബൈബിൾ പഠിച്ച് യഹോവയുടെ സാക്ഷിയായി. മെയ്ലി പറയുന്നു: “ബൈബിളിന്റെ ബോധ്യം വരുത്തുന്ന വാദമുഖങ്ങൾ ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുതന്നെ മാറ്റിമറിച്ചു. ആശ്രയയോഗ്യമായ അതിലെ വിശദീകരണങ്ങൾ മാനസികസന്തോഷം വർധിപ്പിക്കുന്നു.” മെയ്ലിയെപ്പോലെ നമ്മളും ‘ഇരുളിൽനിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്കു (നമ്മളെ) വിളിച്ച ദൈവമായ’ യഹോവയെ സ്തുതിക്കുന്നു.—1 പത്രോ. 2:9.
14. നമുക്ക് എങ്ങനെ സത്യത്തോടുള്ള സ്നേഹം കൂട്ടാം? (“ വേറെ എന്തിനോടും താരതമ്യം ചെയ്തിരിക്കുന്നു?” എന്ന ചതുരവും കാണുക.)
14 സത്യത്തിന്റെ മൂല്യം കാണിച്ചുതരാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ചില ദൃഷ്ടാന്തങ്ങളാണു നമ്മൾ ഇതുവരെ നോക്കിയത്. ഇതു കൂടാതെ മറ്റു താരതമ്യങ്ങളും നിങ്ങൾക്കു കണ്ടെത്താനായേക്കും. നിങ്ങൾ സ്വന്തമായി ബൈബിൾ പഠിക്കുന്ന സമയത്ത് നമ്മൾ സത്യത്തെ സ്നേഹിക്കേണ്ടതിന്റെ മറ്റു കാരണങ്ങൾ കണ്ടെത്താൻ ഒന്നു ശ്രമിച്ചുകൂടേ? അതു സത്യത്തോടുള്ള നിങ്ങളുടെ സ്നേഹം കൂട്ടും. അങ്ങനെ നിങ്ങൾ സത്യത്തെ കൂടുതൽ സ്നേഹിക്കുമ്പോൾ ആ സ്നേഹം കാണിക്കാനുള്ള വഴികളും നിങ്ങൾ കണ്ടെത്തും.
സത്യത്തെ സ്നേഹിക്കുന്നെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
15. സത്യത്തെ സ്നേഹിക്കുന്നെന്നു തെളിയിക്കാനാകുന്ന ഒരു വിധം ഏതാണ്?
15 ബൈബിളും ബൈബിൾപ്രസിദ്ധീകരണങ്ങളും പഠിച്ചുകൊണ്ട് നമുക്കു സത്യത്തെ സ്നേഹിക്കുന്നെന്നു തെളിയിക്കാം. നമ്മൾ സത്യത്തിൽ വന്നിട്ട് എത്ര കാലമായാലും ശരി, എപ്പോഴും പുതുതായി ഒരുപാടു കാര്യങ്ങൾ നമുക്കു പഠിക്കാനുണ്ട്. വീക്ഷാഗോപുരത്തിന്റെ ആദ്യലക്കംതന്നെ ഇങ്ങനെ പറഞ്ഞിരുന്നു: “ജീവിതമരുഭൂവിലെ ഒരു ശാലീനചെറുപുഷ്പംപോലെ സത്യം വ്യാജമെന്ന നിബിഡമായ കളകളാൽ ചുറ്റപ്പെട്ടിരിക്കുകയും മിക്കവാറും ഞെരുക്കപ്പെടുകയും ആണ്. അതു കണ്ടെത്തണമെന്നുണ്ടെങ്കിൽ നിങ്ങൾ എല്ലായ്പോഴും ജാഗരൂകരായിരിക്കണം. . . . നിങ്ങൾക്ക് അതു സ്വന്തമാക്കണം എന്നുണ്ടെങ്കിൽ അതിനെ കുനിഞ്ഞ് എടുക്കേണ്ടിവരും. സത്യത്തിന്റെ ഒരു പുഷ്പംകൊണ്ട് തൃപ്തിയടയരുത്. . . . പറിച്ചുകൊണ്ടിരിക്കുക. കൂടുതലായി അന്വേഷിച്ചുകൊണ്ടിരിക്കുക.” പഠിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ തീർച്ചയായും അതിന്റെ പ്രയോജനം കിട്ടും.
16. ഏതു രീതിയിൽ ബൈബിൾ പഠിക്കുന്നതാണു നിങ്ങൾക്കു പ്രയോജനം ചെയ്തിട്ടുള്ളത്? (സുഭാഷിതങ്ങൾ 2:4-6)
16 വായിക്കാനും പഠിക്കാനും എല്ലാവർക്കും അത്ര ഇഷ്ടമൊന്നും കാണില്ല. പക്ഷേ ബൈബിൾസത്യങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ “അന്വേഷിച്ചുകൊണ്ടിരിക്കുകയും” “തേടിക്കൊണ്ടിരിക്കുകയും” ചെയ്യാനാണ് യഹോവ നമ്മളോട് ആവശ്യപ്പെടുന്നത്. (സുഭാഷിതങ്ങൾ 2:4-6 വായിക്കുക.) അങ്ങനെ ചെയ്താൽ അതു നമുക്കു ഗുണം ചെയ്യും. താൻ ബൈബിൾ വായിക്കുന്ന രീതിയെക്കുറിച്ച് കോറി സഹോദരൻ പറഞ്ഞത്, “ഓരോ വാക്യവും നന്നായി പഠിച്ചതിനു ശേഷം മാത്രമേ അടുത്തതിലേക്കു പോകൂ” എന്നാണ്. “എല്ലാ അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും ഞാൻ എടുത്തുനോക്കും. ആ വാക്യത്തെക്കുറിച്ച് കൂടുതലായി ഗവേഷണം നടത്തുകയും ചെയ്യും. ഈ രീതി പിൻപറ്റുന്നതു വളരെ പ്രയോജനം ചെയ്തിട്ടുണ്ട്” എന്നും സഹോദരൻ പറയുന്നു. നമ്മൾ ബൈബിൾ പഠിക്കുന്നത് ഈ രീതിയിലോ ചിലപ്പോൾ മറ്റേതെങ്കിലും രീതിയിലോ ആയിരിക്കും. എന്തുതന്നെയായാലും സമയമെടുത്ത്, ശ്രമം ചെയ്ത് പഠിക്കുമ്പോൾ ബൈബിൾസത്യത്തെ വിലമതിക്കുന്നെന്നു നമ്മൾ തെളിയിക്കുകയാണ്.—സങ്കീ. 1:1-3.
17. ബൈബിൾസത്യം പഠിക്കുന്നതോടൊപ്പം എന്തുകൂടെ ചെയ്യണം? (യാക്കോബ് 1:25)
17 നമ്മൾ കണ്ടതുപോലെ, ബൈബിൾസത്യങ്ങൾ പഠിക്കുന്നതു വളരെ പ്രധാനമാണ്. എന്നാൽ അതു മാത്രം പോരാ. അവയിൽനിന്ന് പൂർണപ്രയോജനം കിട്ടണമെങ്കിൽ പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും വേണം. അപ്പോൾ മാത്രമാണു നമുക്ക് യഥാർഥ സന്തോഷം കിട്ടുന്നത്. (യാക്കോബ് 1:25 വായിക്കുക.) എന്നാൽ സത്യത്തിനു ചേർച്ചയിലാണു ജീവിക്കുന്നതെന്നു നമുക്ക് എങ്ങനെ ഉറപ്പാക്കാം? നമ്മൾ ഏതൊക്കെ കാര്യങ്ങൾ നന്നായി ചെയ്യുന്നു, ഇനി എവിടെയൊക്കെ മെച്ചപ്പെടണം എന്നു മനസ്സിലാക്കാനായി നമ്മളെത്തന്നെ പരിശോധിക്കണമെന്ന് ഒരു സഹോദരൻ പറഞ്ഞു. അപ്പോസ്തലനായ പൗലോസ് അതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.”—ഫിലി. 3:16.
18. ‘സത്യത്തിൽ നടക്കാൻ’ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
18 ‘സത്യത്തിൽ നടക്കുന്നതിലൂടെ’ ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! അതു നമ്മുടെ ജീവിതം മെച്ചപ്പെടുത്തും. മാത്രമല്ല യഹോവയെയും സഹോദരങ്ങളെയും സന്തോഷിപ്പിക്കുകയും ചെയ്യും. (സുഭാ. 27:11; 3 യോഹ. 4) സത്യത്തെ സ്നേഹിക്കാനും ‘സത്യത്തിൽ നടക്കാനും’ ഇതിലും വലിയ കാരണം നമുക്കു വേണോ?
ഗീതം 144 സമ്മാനത്തിൽ കണ്ണു നട്ടിരിക്കുക!
a സത്യം എന്നു പറയുമ്പോൾ നമ്മൾ മിക്കപ്പോഴും ഉദ്ദേശിക്കുന്നതു നമ്മുടെ വിശ്വാസങ്ങളും നമ്മുടെ ജീവിതരീതിയും ഒക്കെയാണ്. നമ്മൾ പുതുതായി സത്യം പഠിച്ചതാണെങ്കിലും ജനിച്ചനാൾമുതൽ യഹോവയെക്കുറിച്ച് കേട്ടുവളർന്നതാണെങ്കിലും, സത്യത്തെ സ്നേഹിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ചിന്തിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. കാരണം അങ്ങനെ ചെയ്യുമ്പോൾ യഹോവയ്ക്ക് ഇഷ്ടമുള്ള രീതിയിൽ തുടർന്നും ജീവിക്കാനുള്ള നമ്മുടെ തീരുമാനം കൂടുതൽ ശക്തമാകും.