പഠനലേഖനം 6
നമ്മുടെ പിതാവായ യഹോവ നമ്മളെ ആഴമായി സ്നേഹിക്കുന്നു
“നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ.’”—മത്താ. 6:9.
ഗീതം 135 യഹോവയുടെ സ്നേഹത്തോടെയുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനിയായിരിക്ക’
പൂർവാവലോകനം a
1. പേർഷ്യയിലെ രാജാവിനെ കാണണമെങ്കിൽ ആദ്യം എന്തു ചെയ്യണമായിരുന്നു?
നമുക്ക് ഒരു 2,500 വർഷം പിന്നിലേക്കു പോകാം. നിങ്ങൾ ഇപ്പോൾ പേർഷ്യയിലാണെന്നു സങ്കൽപ്പിക്കുക. നിങ്ങൾക്ക് അവിടത്തെ രാജാവിനെ കണ്ട് ഒരു കാര്യം ബോധിപ്പിക്കണം. അതിനുവേണ്ടി നിങ്ങൾ രാജനഗരമായ ശൂശനിലേക്കു പോകുന്നു. അനുവാദം വാങ്ങാതെ നേരെ ചെന്ന് രാജാവിനെ കാണാൻ നിങ്ങൾ ശ്രമിക്കുമോ? അതു നിങ്ങൾ ചിന്തിക്കുകപോലുമില്ല. കാരണം അങ്ങനെ ചെയ്താൽ മരണമായിരിക്കും നിങ്ങൾക്കു കിട്ടാൻപോകുന്ന ശിക്ഷ.—എസ്ഥേ. 4:11.
2. നമ്മൾ യഹോവയോട് എങ്ങനെ സംസാരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്?
2 യഹോവ ആ പേർഷ്യൻ രാജാവിനെപ്പോലെ അല്ലാത്തതിൽ നമുക്കു സന്തോഷിക്കാം. ശരിക്കും പറഞ്ഞാൽ, ഭൂമിയിലെ ഏതൊരു ഭരണാധികാരിയെക്കാളും വളരെവളരെ ഉന്നതനാണ് യഹോവ. എങ്കിലും ഏതു സമയത്തും തന്നോടു സംസാരിക്കാനുള്ള സ്വാതന്ത്ര്യം യഹോവ നമുക്കു തന്നിട്ടുണ്ട്. നമ്മൾ ഒരു മടിയുംകൂടാതെ തന്റെ അടുത്ത് വരാൻ യഹോവ ആഗ്രഹിക്കുന്നു. അതിന്റെ ഒരു തെളിവ് നോക്കാം. യഹോവയ്ക്കു മഹാസ്രഷ്ടാവ്, സർവശക്തൻ, പരമാധികാരിയാം കർത്താവ് എന്നതുപോലുള്ള ഭയഗംഭീരമായ സ്ഥാനപ്പേരുകളുണ്ടെങ്കിലും “പിതാവേ” എന്നു വിളിച്ചുകൊണ്ട് നമ്മൾ തന്നോടു സംസാരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (മത്താ. 6:9) അതെ, തന്നെ ഒരു പിതാവായി കാണാൻ, തന്നോട് അങ്ങനെ ഒരു അടുപ്പം തോന്നാൻ യഹോവ ആഗ്രഹിക്കുന്നു. അതു നമ്മളെ സന്തോഷിപ്പിക്കുന്നില്ലേ!
3. യഹോവയെ “പിതാവേ” എന്നു വിളിക്കാൻ കഴിയുന്നത് എന്തുകൊണ്ട്, ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം ചർച്ച ചെയ്യും?
3 യഹോവയെ “പിതാവേ” എന്നു വിളിക്കുന്നതിൽ ഒരു തെറ്റുമില്ല. കാരണം യഹോവയാണു നമ്മുടെ ജീവന്റെ ഉറവ്. (സങ്കീ. 36:9) യഹോവ നമ്മുടെ പിതാവായതുകൊണ്ടുതന്നെ നമ്മൾ യഹോവയെ അനുസരിക്കണം. യഹോവ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിച്ചാൽ, അതിന്റെ അനുഗ്രഹങ്ങൾ വലുതായിരിക്കും. (എബ്രാ. 12:9) സ്വർഗത്തിലെയോ ഭൂമിയിലെയോ നിത്യജീവനാണു നമ്മളെ കാത്തിരിക്കുന്ന ഒരു അനുഗ്രഹം. ഇനി, യഹോവയെ അനുസരിച്ചാൽ ഇപ്പോൾത്തന്നെ പ്രയോജനങ്ങളുണ്ട്. ഈ ലേഖനത്തിൽ, യഹോവ സ്നേഹമുള്ള ഒരു പിതാവിനെപ്പോലെ പ്രവർത്തിക്കുന്ന ചില വിധങ്ങൾ നമ്മൾ കാണും. അതുപോലെ, ഭാവിയിൽ യഹോവ നമ്മളെ ഉപേക്ഷിക്കില്ലെന്ന് ഉറപ്പുണ്ടായിരിക്കാവുന്നതിന്റെ കാരണങ്ങളും ചർച്ച ചെയ്യും. എന്നാൽ അതിനു മുമ്പ്, നമ്മുടെ സ്വർഗീയപിതാവ് നമ്മളെ ആഴമായി സ്നേഹിക്കുകയും നമ്മളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നെന്ന് ഉറപ്പു തരുന്ന ചില കാര്യങ്ങൾ നോക്കാം.
സ്നേഹമുള്ള, നമ്മളെക്കുറിച്ച് ചിന്തയുള്ള ഒരു പിതാവാണ് യഹോവ
4. യഹോവയെ ഒരു പിതാവായി കാണാൻ ചിലർക്കു പ്രയാസമുള്ളത് എന്തുകൊണ്ട്?
4 ദൈവത്തെ നിങ്ങളുടെ പിതാവായി കാണാൻ നിങ്ങൾക്കു പ്രയാസമുണ്ടോ? യഹോവ എത്രയോ വലിയവനാണെന്നും ആ ദൈവത്തിന്റെ മുമ്പിൽ തങ്ങൾ തീർത്തും നിസ്സാരരാണെന്നും ആണു ചിലർക്കു തോന്നുന്നത്. അതുകൊണ്ട് സർവശക്തനായ ദൈവം ഓരോ വ്യക്തിയെയും ശ്രദ്ധിക്കുന്നെന്നു വിശ്വസിക്കാൻ അവർക്കു ബുദ്ധിമുട്ടാണ്. എന്നാൽ നമ്മൾ അങ്ങനെ ചിന്തിക്കാൻ സ്നേഹമുള്ള നമ്മുടെ പിതാവ് ആഗ്രഹിക്കുന്നില്ല എന്നതാണു സത്യം. പൗലോസ് ആതൻസ് നഗരത്തിലെ ആളുകളോടു സംസാരിച്ചപ്പോൾ, ദൈവം നമുക്കു ജീവൻ തന്നെന്നും നമ്മൾ തന്റെ സ്നേഹിതരാകാൻ ദൈവം ആഗ്രഹിക്കുന്നെന്നും പറഞ്ഞു. അതിനു ശേഷം, “ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്നും പൗലോസ് അപ്പോസ്തലൻ വിശദീകരിച്ചു. (പ്രവൃ. 17:24-29) സ്നേഹമുള്ള അപ്പനോടോ അമ്മയോടോ ഒരു കുട്ടി യാതൊരു മടിയുംകൂടാതെ സംസാരിക്കും. നമ്മൾ ഓരോരുത്തരും അതുപോലെതന്നെ ഒരു മടിയുംകൂടാതെ തന്നോടു സംസാരിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്.
5. ഒരു സഹോദരിയുടെ അനുഭവത്തിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
5 യഹോവയെ പിതാവായി കാണാൻ ചിലർക്കു ബുദ്ധിമുട്ടുള്ളതിനു വേറൊരു കാരണമുണ്ട്. അവരുടെ അച്ഛൻ അവരോട് സ്നേഹമോ വാത്സല്യമോ കാണിച്ചിട്ടില്ല എന്നതാണ് അത്. ഒരു സഹോദരിയുടെ വാക്കുകൾ അതിനു തെളിവാണ്. സഹോദരി പറയുന്നു: “എന്റെ അച്ഛൻ എന്നെ വാക്കുകൊണ്ട് എപ്പോഴും മുറിപ്പെടുത്തുമായിരുന്നു. അതുകൊണ്ട് ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ സ്വർഗീയപിതാവിനോട് അടുപ്പം തോന്നുന്നത് എനിക്കു ബുദ്ധിമുട്ടായിരുന്നു. എന്നാൽ യഹോവയെ മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ അതിനു മാറ്റം വന്നു.” നിങ്ങൾക്ക് അങ്ങനെയൊരു പ്രശ്നമുണ്ടോ? വിഷമിക്കേണ്ടാ. യഹോവയെ അറിയുമ്പോൾ, കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല പിതാവാണ് യഹോവയെന്നു നിങ്ങൾക്കും മനസ്സിലാകും.
6. മത്തായി 11:27 പറയുന്നതനുസരിച്ച് തന്നെ സ്നേഹമുള്ള ഒരു പിതാവായി കാണാൻ യഹോവ നമ്മളെ സഹായിച്ചിരിക്കുന്ന ഒരു വിധം ഏതാണ്?
6 തന്നെ സ്നേഹമുള്ള ഒരു പിതാവായി കാണാൻ യഹോവ നമ്മളെ സഹായിക്കുന്നു. അതിന് യഹോവ ചെയ്ത ഒരു കാര്യം യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ബൈബിളിൽ രേഖപ്പെടുത്തിയതാണ്. (മത്തായി 11:27 വായിക്കുക.) യേശു പിതാവിന്റെ വ്യക്തിത്വം അതേപടി തന്റെ ജീവിതത്തിൽ പകർത്തി. “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്നു യേശുവിനു പറയാൻ കഴിഞ്ഞത് അതുകൊണ്ടാണ്. (യോഹ. 14:9) ഇനി, യേശു യഹോവയെ അനേകം തവണ ഒരു പിതാവായി വർണിച്ചിട്ടുമുണ്ട്. നാലു സുവിശേഷങ്ങളിൽ മാത്രം, യഹോവയെ കുറിക്കാൻ യേശു “പിതാവ്” എന്ന വാക്കു 165-ഓളം പ്രാവശ്യമാണ് ഉപയോഗിച്ചിരിക്കുന്നത്. യേശു എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്? യഹോവ സ്നേഹമുള്ള ഒരു പിതാവാണെന്ന് ആളുകൾക്ക് ഉറപ്പു കൊടുക്കുക എന്നതായിരുന്നു ഒരു ഉദ്ദേശ്യം.—യോഹ. 17:25, 26.
7. തന്റെ മകനോട് ഇടപെട്ട വിധത്തിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
7 തന്റെ മകനായ യേശുവിനോട് ഇടപെട്ട വിധത്തിൽനിന്ന് യഹോവയെക്കുറിച്ച് നമുക്കു പലതും പഠിക്കാൻ കഴിയും. യഹോവ എപ്പോഴും യേശുവിന്റെ പ്രാർഥനകൾ കേട്ടു. കേൾക്കുക മാത്രമല്ല, ഉത്തരവും കൊടുത്തു. (യോഹ. 11:41, 42) ഓരോ പരിശോധന നേരിട്ടപ്പോഴും പിതാവിന്റെ സ്നേഹവും പിന്തുണയും യേശു അനുഭവിച്ചറിഞ്ഞു.—ലൂക്കോ. 22:42, 43.
8. യഹോവ യേശുവിന് ആവശ്യമായതെല്ലാം കൊടുത്തത് എങ്ങനെയാണ്?
8 തനിക്കു ജീവൻ തന്നതും നിലനിറുത്തുന്നതും യഹോവയാണെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് യേശു ഇങ്ങനെ പറഞ്ഞത്: ‘ഞാൻ പിതാവ് കാരണം ജീവിച്ചിരിക്കുന്നു.’ (യോഹ. 6:57) തന്നെ പൂർണമായി ആശ്രയിച്ച യേശുവിന്റെ ഭൗതികമായ ആവശ്യങ്ങൾക്കുവേണ്ടി പിതാവായ യഹോവ കരുതി. ഏറ്റവും പ്രധാനമായി, ആത്മീയമായി വേണ്ടതും യഹോവ യേശുവിനു നൽകി.—മത്താ. 4:4.
9. യേശുവിന്റെ കാര്യത്തിൽ, താൻ സ്നേഹമുള്ള ഒരു പിതാവാണെന്ന് യഹോവ തെളിയിച്ചത് എങ്ങനെ?
9 യേശുവിന് യഹോവയുടെ പിന്തുണയുണ്ടായിരുന്നു. ഇക്കാര്യം യേശുവിന് അറിയാമെന്ന് യഹോവ ഉറപ്പു വരുത്തി. (മത്താ. 26:53; യോഹ. 8:16) യഹോവ യേശുവിനെ എല്ലാ ദുരിതങ്ങളിൽനിന്നും രക്ഷിച്ചില്ല. പക്ഷേ പരിശോധനകൾ സഹിച്ചുനിൽക്കാൻ യേശുവിനെ സഹായിച്ചു. തനിക്കു നേരിട്ടേക്കാവുന്ന ഏതൊരു അനർഥവും താത്കാലികം മാത്രമാണെന്നു യേശുവിന് ഉറപ്പുണ്ടായിരുന്നു. (എബ്രാ. 12:2) ചുരുക്കിപ്പറഞ്ഞാൽ, താൻ യേശുവിനെ സ്നേഹിക്കുന്നെന്ന് യഹോവ തെളിയിച്ചത് എങ്ങനെയെല്ലാമാണ്? യഹോവ യേശുവിന്റെ പ്രാർഥനകൾ ശ്രദ്ധിച്ചു, യേശുവിനുവേണ്ടി കരുതി, യേശുവിനെ പരിശീലിപ്പിക്കുകയും പിടിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്തു. (യോഹ. 5:20; 8:28) ഈ വിധങ്ങളിൽ യഹോവ നമുക്കുവേണ്ടി എങ്ങനെയാണു കരുതുന്നതെന്നു നമുക്കു നോക്കാം.
സ്നേഹമുള്ള പിതാവ് നമുക്കുവേണ്ടി എങ്ങനെയാണു കരുതുന്നത്?
10. സങ്കീർത്തനം 66:19, 20 അനുസരിച്ച്, നമ്മളെ സ്നേഹിക്കുന്നെന്ന് യഹോവ എങ്ങനെയാണു കാണിക്കുന്നത്?
10 യഹോവ നമ്മുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നു. (സങ്കീർത്തനം 66:19, 20 വായിക്കുക.) കൂടെക്കൂടെ പ്രാർഥിക്കാൻ യഹോവ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു, പ്രാർഥനകൾക്കു നമ്മൾ ഒരു പരിധി വെക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. (1 തെസ്സ. 5:17) എവിടെവെച്ചും, എപ്പോൾ വേണമെങ്കിലും നമുക്കു ദൈവത്തോട് ആദരവോടെ സംസാരിക്കാം. നമ്മുടെ പ്രാർഥന കേൾക്കാൻ യഹോവ എപ്പോഴും ഒരുക്കമാണ്, അതിനു സമയമില്ലെന്ന് ഒരിക്കലും പറയില്ല. യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നവനാണെന്ന് ഓർക്കുമ്പോൾ നമുക്ക് യഹോവയോട് അടുപ്പം തോന്നുന്നില്ലേ? സങ്കീർത്തനക്കാരൻ പറഞ്ഞു: “ദൈവം എന്റെ സ്വരം കേൾക്കുന്നതിനാൽ, . . . ഞാൻ യഹോവയെ സ്നേഹിക്കുന്നു.”—സങ്കീ. 116:1.
11. യഹോവ എങ്ങനെയാണു പ്രാർഥനകൾക്ക് ഉത്തരം തരുന്നത്?
11 നമ്മുടെ പിതാവ് പ്രാർഥന കേൾക്കുക മാത്രമല്ല അതിന് ഉത്തരവും തരുന്നു. യോഹന്നാൻ അപ്പോസ്തലൻ നമുക്ക് ഈ ഉറപ്പു നൽകുന്നു: “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക് ഉറപ്പാണ്.” (1 യോഹ. 5:14, 15) നമ്മുടെ പ്രാർഥനകൾക്ക് എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന ഉത്തരംതന്നെ കിട്ടണമെന്നില്ല. നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്ക് അറിയാം, അതുകൊണ്ട് ഉത്തരം ചിലപ്പോൾ ‘ഇല്ല’ എന്നോ അല്ലെങ്കിൽ ‘കാത്തിരിക്കൂ’ എന്നോ ആയിരിക്കും.—2 കൊരി. 12:7-9.
12-13. ഏതെല്ലാം വിധങ്ങളിൽ നമ്മുടെ സ്വർഗീയപിതാവ് നമുക്ക് ആവശ്യമായതു തരുന്നു?
12 വേണ്ടതെല്ലാം യഹോവ നമുക്കു തരുന്നു. താൻ എല്ലാ അപ്പന്മാരോടും ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യം യഹോവയും ചെയ്യുന്നു. (1 തിമൊ. 5:8) തന്റെ മക്കളുടെ ജീവിതാവശ്യങ്ങൾക്കുവേണ്ടി ദൈവം കരുതുന്നു. ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും പാർപ്പിടത്തിന്റെയും കാര്യം ഓർത്ത് നമ്മൾ ഉത്കണ്ഠപ്പെടാൻ ദൈവം ആഗ്രഹിക്കുന്നില്ല. (മത്താ. 6:32, 33; 7:11) സ്നേഹമുള്ള ഒരു പിതാവായതുകൊണ്ട്, ഭാവിയിലെ നമ്മുടെ എല്ലാ ആവശ്യങ്ങളും തൃപ്തിപ്പെടുത്താൻവേണ്ട ക്രമീകരണങ്ങളും യഹോവ ചെയ്തിട്ടുണ്ട്.
13 യഹോവ നമ്മുടെ ആത്മീയാവശ്യങ്ങൾക്കു വേണ്ടതു തരുന്നു എന്നതാണ് ഏറ്റവും പ്രധാനകാര്യം. ദൈവം തന്റെ വചനത്തിലൂടെ, ദൈവത്തെക്കുറിച്ചുള്ള സത്യവും ദൈവത്തിന്റെ ഉദ്ദേശ്യവും ജീവിതത്തിന്റെ അർഥവും ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും പറഞ്ഞുതന്നിട്ടുണ്ട്. മാതാപിതാക്കളെയോ മറ്റൊരാളെയോ ഉപയോഗിച്ച് തന്നെക്കുറിച്ചുള്ള സത്യം പഠിക്കാൻ നമ്മളെ ദൈവം സഹായിച്ചു. ദൈവം ഓരോ വ്യക്തിയെയും ശ്രദ്ധിക്കുന്നു എന്നല്ലേ അതു കാണിക്കുന്നത്? സഭയിലെ സ്നേഹമുള്ള മൂപ്പന്മാരിലൂടെയും പക്വതയുള്ള മറ്റു സഹോദരങ്ങളിലൂടെയും യഹോവ ഇപ്പോഴും നമ്മളെ സഹായിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, ദൈവം നമ്മളെ സഭായോഗങ്ങളിലൂടെ പഠിപ്പിക്കുന്നു. അവിടെ നമ്മുടെ ആത്മീയകുടുംബത്തിന്റെ കൂടെയിരുന്ന് നമ്മൾ പഠിക്കുന്നു. ഒരു പിതാവിനെപ്പോലെ യഹോവ നമ്മളോട് എല്ലാവരോടും സ്നേഹം കാണിക്കുന്ന ചില വിധങ്ങൾ മാത്രമാണ് ഇവ.—സങ്കീ. 32:8.
14. യഹോവ എന്തുകൊണ്ടാണു നമ്മളെ പരിശീലിപ്പിക്കുന്നത്, യഹോവ എങ്ങനെയാണ് അതു ചെയ്യുന്നത്?
14 യഹോവ നമ്മളെ പരിശീലിപ്പിക്കുന്നു. നമ്മൾ യേശുവിനെപ്പോലെയല്ല, നമ്മൾ അപൂർണരാണ്. അതുകൊണ്ട് പരിശീലനത്തിന്റെ ഭാഗമായി, ചിലപ്പോഴൊക്കെ സ്നേഹമുള്ള നമ്മുടെ പിതാവ് ശിക്ഷണം തരും. ദൈവവചനം നമ്മളെ ഓർമിപ്പിക്കുന്നു: “യഹോവ താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു.” (എബ്രാ. 12:6, 7) യഹോവ പല രീതിയിൽ നമുക്കു ശിക്ഷണം തരും. ഉദാഹരണത്തിന്, ദൈവവചനത്തിൽ വായിക്കുന്ന ഒരു കാര്യമോ മീറ്റിങ്ങുകളിൽ കേൾക്കുന്ന ഒരു ആശയമോ, നമ്മൾ മാറ്റം വരുത്തേണ്ട ഒരു വശം നമുക്കു കാണിച്ചുതന്നേക്കാം. ചിലപ്പോൾ നമുക്ക് ആവശ്യമുള്ള സഹായം കിട്ടുന്നതു മൂപ്പന്മാരിലൂടെയായിരിക്കും. ഏതു രീതിയിലാണു ശിക്ഷണം കിട്ടുന്നതെങ്കിലും, അതു തരാൻ യഹോവയ്ക്കു തോന്നുന്നതു നമ്മളോടു സ്നേഹമുള്ളതുകൊണ്ടാണ്.—യിരെ. 30:11.
15. പരിശോധനകളുണ്ടാകുമ്പോൾ യഹോവ ഏതെല്ലാം വിധങ്ങളിൽ നമ്മളെ സഹായിക്കുന്നു?
15 പരിശോധനകളുണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുന്നു. സ്നേഹമുള്ള ഒരു അപ്പൻ മക്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവരെ സഹായിക്കും. അതുപോലെ, പരിശോധനകളുണ്ടാകുമ്പോൾ നമ്മുടെ സ്വർഗീയപിതാവ് നമ്മളെയും താങ്ങും. നമുക്ക് ആത്മീയമായി ഒരു കുഴപ്പവും വരാതെ നോക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു. (ലൂക്കോ. 11:13) നമ്മുടെ മനസ്സു തളരുമ്പോഴും യഹോവ നമ്മളെ സഹായിക്കുന്നു. അതിനുവേണ്ടിയാണു ദൈവം നമുക്കു മഹത്തായ ഒരു പ്രത്യാശ തന്നിരിക്കുന്നത്. ബുദ്ധിമുട്ടുകൾ സഹിച്ചുനിൽക്കാൻ ആ പ്രത്യാശ നമ്മളെ സഹായിക്കും. ഒന്ന് ഓർത്തുനോക്കൂ: നമുക്ക് എന്തെല്ലാം അനർഥങ്ങൾ സംഭവിച്ചാലും, നമുക്കുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളും സ്നേഹമുള്ള നമ്മുടെ പിതാവ് പരിഹരിക്കും. നമ്മൾ ഇപ്പോൾ നേരിടുന്ന പരിശോധനകൾ എന്തായാലും, അതെല്ലാം താത്കാലികം മാത്രമാണ്, എന്നാൽ യഹോവ തരുന്ന അനുഗ്രഹങ്ങൾ എന്നേക്കുമുള്ളതാണ്.—2 കൊരി. 4:16-18.
നമ്മുടെ പിതാവ് നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ല
16. ആദാം സ്വർഗീയപിതാവിനോട് അനുസരണക്കേടു കാണിച്ചപ്പോൾ എന്തു സംഭവിച്ചു?
16 ദൈവത്തിന്റെ ഭൂമിയിലെ കുടുംബത്തിൽ ആദ്യം പ്രശ്നങ്ങളുണ്ടായപ്പോൾ ദൈവം അതു കൈകാര്യം ചെയ്ത വിധം നോക്കിയാൽ ദൈവത്തിനു നമ്മളോടുള്ള സ്നേഹം മനസ്സിലാക്കാം. ആദാം സ്വർഗീയപിതാവിനോട് അനുസരണക്കേടു കാണിച്ചപ്പോൾ, യഹോവയുടെ കുടുംബത്തിൽനിന്ന് ആദാം പുറത്തായി, ആദാമിന്റെ സന്തതികളും ആ കുടുംബത്തിന്റെ ഭാഗമല്ലാതായി. (റോമ. 5:12; 7:14) എന്നാൽ യഹോവ സഹായിക്കാൻ മുന്നോട്ടുവന്നു.
17. ആദാം അനുസരണക്കേടു കാണിച്ചപ്പോൾ, പെട്ടെന്നുതന്നെ യഹോവ എന്തു ചെയ്തു?
17 യഹോവ ആദാമിനെ ശിക്ഷിച്ചു. പക്ഷേ ആദാമിന്റെ പിൻഗാമികളെ ദൈവം കൈവിട്ടില്ല. അനുസരണമുള്ള മനുഷ്യർക്കു തന്റെ കുടുംബത്തിലേക്കു തിരിച്ചുവരാൻ കഴിയുമെന്ന് യഹോവ ഉടനെതന്നെ മുൻകൂട്ടിപ്പറഞ്ഞു. (ഉൽപ. 3:15; റോമ. 8:20, 21) തന്റെ പ്രിയമകനായ യേശുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിലാണ് യഹോവ ഇതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തത്. തന്റെ മകനെ നമുക്കുവേണ്ടി തന്നുകൊണ്ട്, നമ്മളെ എത്ര ആഴമായി സ്നേഹിക്കുന്നെന്ന് യഹോവ കാണിച്ചു.—യോഹ. 3:16.
18. നമ്മൾ യഹോവയിൽനിന്ന് അകന്നുപോയാലും, നമ്മളെ മക്കളായി വേണമെന്ന് യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന് എങ്ങനെ അറിയാം?
18 നമ്മൾ അപൂർണരാണെങ്കിലും, നമ്മൾ തന്റെ കുടുംബത്തിന്റെ ഭാഗമാകണമെന്നാണ് യഹോവയുടെ ആഗ്രഹം. നമ്മളെ ഒരു ഭാരമായി യഹോവ ഒരിക്കലും കാണുന്നില്ല. ചിലപ്പോൾ നമ്മൾ ദൈവത്തെ നിരാശപ്പെടുത്തിയേക്കാം, അല്ലെങ്കിൽ കുറച്ച് കാലത്തേക്കു ദൈവത്തിന് ഇഷ്ടമില്ലാത്ത വഴിയിലൂടെ പോയെന്നുവരാം. എന്നാൽ, ദൈവം ഒരിക്കലും ‘ഇനി ഇവൻ തിരിച്ചുവരാൻപോകുന്നില്ല’ എന്നു നമ്മളെക്കുറിച്ച് കരുതില്ല. കാണാതെപോയ മകന്റെ കഥ പറഞ്ഞപ്പോൾ യഹോവയ്ക്കു നമ്മളോടുള്ള സ്നേഹത്തിന്റെ ആഴമാണു യേശു കാണിച്ചുതന്നത്. (ലൂക്കോ. 15:11-32) ആ കഥയിലെ അപ്പൻ, മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിട്ടില്ല. മകൻ തിരിച്ചുവന്നപ്പോൾ, അപ്പൻ ഇരുകൈയും നീട്ടി അവനെ സ്വീകരിച്ചു. യഹോവ ആ അപ്പനെപ്പോലെയാണ്. നമ്മൾ യഹോവയിൽനിന്ന് അകന്നുപോയവരാണെങ്കിലും പശ്ചാത്താപമുണ്ടെങ്കിൽ നമ്മളെ തിരികെ സ്വീകരിക്കാൻ യഹോവ ഒരുക്കമാണ്, അതിനു പൂർണമനസ്സുമാണ്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ടാ.
19. ആദാം വരുത്തിവെച്ച കുഴപ്പങ്ങൾ യഹോവ എങ്ങനെ പരിഹരിക്കും?
19 ആദാം വരുത്തിവെച്ച എല്ലാ കുഴപ്പങ്ങളും യഹോവ പരിഹരിക്കും. ആദാം ധിക്കാരം കാണിച്ചതിനു ശേഷം മനുഷ്യരിൽനിന്ന് 1,44,000 പേരെ ദത്തെടുക്കാൻ ദൈവം തീരുമാനിച്ചു. അവർ യേശുവിന്റെകൂടെ സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കും. പുതിയ ലോകത്തിൽ, യേശുവും 1,44,000 ഭരണാധികാരികളും ചേർന്ന് അനുസരണമുള്ള മനുഷ്യരെ പൂർണരാകാൻ സഹായിക്കും. അതു കഴിഞ്ഞ് ഒരു പരിശോധനയുംകൂടെ ഉണ്ടാകും. അതിൽ വിജയിക്കുന്നവർക്കു ദൈവം നിത്യജീവൻ കൊടുക്കും. അതിനു ശേഷം ഭൂമിയിൽ ദൈവത്തിന്റെ പൂർണതയുള്ള മക്കളേ ഉണ്ടായിരിക്കൂ. അതു കാണുമ്പോൾ നമ്മുടെ പിതാവിനു എത്രയധികം സംതൃപ്തി തോന്നും! എത്ര മഹത്തായ സമയമായിരിക്കും അത്!
20. നമ്മളെ ആഴമായി സ്നേഹിക്കുന്നെന്ന് യഹോവ ഏതെല്ലാം വിധങ്ങളിൽ കാണിച്ചുതരുന്നു, അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
20 നമ്മളെ താൻ എത്രയധികം സ്നേഹിക്കുന്നെന്ന് യഹോവ കാണിച്ചുതരുന്നു. ഏറ്റവും നല്ല പിതാവാണ് യഹോവ. ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നു, ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ തരുന്നു, നമ്മുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നു. നമ്മളെ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. അത്ഭുതപ്പെടുത്തുന്ന അനുഗ്രഹങ്ങൾ യഹോവ ഭാവിയിലേക്കു നമുക്കുവേണ്ടി കരുതിവെച്ചിട്ടുമുണ്ട്. യഹോവ നമ്മളെ സ്നേഹിക്കുകയും നമ്മളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു എന്ന് അറിയുന്നതു നമ്മളെ സന്തോഷിപ്പിക്കുന്നില്ലേ! ദൈവത്തിന്റെ മക്കളായ നമുക്ക് എങ്ങനെ ദൈവത്തിന്റെ സ്നേഹത്തോടു നന്ദി കാണിക്കാമെന്ന് അടുത്ത ലേഖനത്തിൽ പഠിക്കും.
ഗീതം 108 ദൈവത്തിന്റെ അചഞ്ചലസ്നേഹം
a യഹോവയെക്കുറിച്ച് ചിന്തിക്കുമ്പോൾ മിക്കപ്പോഴും നമ്മുടെ മനസ്സിലേക്കു വരുന്നത് എന്താണ്? സ്രഷ്ടാവ്, പരമാധികാരിയായ ഭരണകർത്താവ് ഇതൊക്കെയായിരിക്കും ആദ്യം നമ്മൾ ചിന്തിക്കുന്നത്. എന്നാൽ നമ്മളോടു സ്നേഹമുള്ള, നമ്മളെക്കുറിച്ച് ചിന്തയുള്ള ഒരു പിതാവായി യഹോവയെ നമുക്കു കാണാൻ കഴിയും. അതിനുള്ള ചില കാരണങ്ങൾ ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഉറപ്പു തരുന്ന ചില കാര്യങ്ങളും നമ്മൾ ചിന്തിക്കും.
b ചിത്രക്കുറിപ്പുകൾ: ഒരു അപ്പനും കുട്ടിയും ഒത്തുള്ള നാലു രംഗങ്ങൾ: മകൻ പറയുന്നത് അപ്പൻ ശ്രദ്ധിച്ച് കേൾക്കുന്നു, മകൾക്കു വേണ്ടത് അപ്പൻ കൊടുക്കുന്നു, ഒരു അപ്പൻ മകനെ പരിശീലിപ്പിക്കുന്നു, വേറൊരു അപ്പൻ മകനെ ആശ്വസിപ്പിക്കുന്നു. പുറകിൽ യഹോവയുടെ കൈയുടെ ചിത്രം വരച്ചിരിക്കുന്നതു കാണാം. യഹോവ ഈ വിധങ്ങളിലെല്ലാം നമുക്കുവേണ്ടി കരുതുന്നു എന്ന് അതു നമ്മളെ ഓർമിപ്പിക്കുന്നു.