പഠനലേഖനം 44
അന്ത്യം വരുന്നതിനു മുമ്പ് നല്ല സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കുക
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു.”—സുഭാ. 17:17.
ഗീതം 101 ഐക്യത്തിൽ പ്രവർത്തിക്കാം
പൂർവാവലോകനം *
1-2. 1 പത്രോസ് 4:7, 8 അനുസരിച്ച്, പ്രയാസസാഹചര്യങ്ങൾ നേരിടാൻ നമ്മളെ എന്തു സഹായിക്കും?
അവസാനകാലത്തിന്റെ അന്ത്യത്തോട് അടുക്കുംതോറും, നമുക്കു തീവ്രമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും. (2 തിമൊ. 3:1) ഉദാഹരണത്തിന്, പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ ഉടനെ, വ്യാപകമായി അക്രമം പൊട്ടിപ്പുറപ്പെട്ടു. പോരാട്ടം രൂക്ഷമായിരുന്നതിനാൽ സഹോദരങ്ങൾക്ക് ആറു മാസത്തിലധികം കാലം ഒതുങ്ങിക്കഴിയേണ്ടിവന്നു. ഈ പ്രയാസസാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ സഹോദരങ്ങളെ സഹായിച്ചത് എന്താണ്? ചിലർ കുറെക്കൂടി സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കുന്ന സഹോദരങ്ങളുടെ വീടുകളിൽ അഭയം തേടി. ഒരു സഹോദരൻ പറയുന്നു: “സുഹൃത്തുക്കളുടെ കൂടെയായിരുന്നത് എന്നെ സന്തോഷിപ്പിച്ചു. ഞങ്ങൾക്കു പരസ്പരം പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞു.”
2 “മഹാകഷ്ടത” ആഞ്ഞടിക്കുമ്പോൾ നമ്മളെ സ്നേഹിക്കുന്ന നല്ല സുഹൃത്തുക്കളുള്ളതിന്റെ വില നമ്മൾ മനസ്സിലാക്കും. (വെളി. 7:14) അതുകൊണ്ട്, ശക്തമായ സുഹൃദ്ബന്ധങ്ങൾ ഇപ്പോൾത്തന്നെ വളർത്തിയെടുക്കേണ്ടതു വളരെ പ്രധാനമാണ്. (1 പത്രോസ് 4:7, 8 വായിക്കുക.) നമുക്കു യിരെമ്യയുടെ മാതൃകയിൽനിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും. യരുശലേമിന്റെ നാശത്തിനു തൊട്ടുമുമ്പുള്ള സമയത്ത് സുഹൃത്തുക്കളുടെ സഹായം അനുഭവിച്ചയാളാണു യിരെമ്യ. * നമുക്ക് എങ്ങനെ യിരെമ്യയെ അനുകരിക്കാം?
യിരെമ്യയുടെ മാതൃകയിൽനിന്ന് പഠിക്കുക
3. (എ) സ്വയം ഒറ്റപ്പെടുത്താൻ യിരെമ്യക്കു തോന്നാമായിരുന്നതിന്റെ കാരണങ്ങൾ എന്തായിരുന്നു? (ബി) സെക്രട്ടറിയായ ബാരൂക്കിനോടു യിരെമ്യ എന്തു തുറന്നുപറഞ്ഞു, എന്തായിരുന്നു അതിന്റെ ഫലം?
3 കുറഞ്ഞതു 40 വർഷമെങ്കിലും യിരെമ്യ ജീവിച്ചത് അവിശ്വസ്തരായ ആളുകളുടെ ഇടയിലാണ്. അദ്ദേഹത്തിന്റെ സ്വന്തം നഗരമായ അനാഥോത്തിൽനിന്നുള്ള ബന്ധുക്കളും അയൽക്കാരും അവരിൽപ്പെടും. (യിരെ. 11:21; 12:6) എന്നിരുന്നാലും, യിരെമ്യ സ്വയം ഒറ്റപ്പെടുത്തിയില്ല. വാസ്തവത്തിൽ യിരെമ്യ തന്റെ വിഷമങ്ങൾ വിശ്വസ്തനായ സെക്രട്ടറി ബാരൂക്കിനോടു തുറന്നുപറഞ്ഞു. അത് എഴുതിവെച്ചിരിക്കുന്നതുകൊണ്ട് യിരെമ്യയുടെ വികാരങ്ങൾ നമുക്കും മനസ്സിലാക്കാൻ കഴിയുന്നു. (യിരെ. 8:21; 9:1; 20:14-18; 45:1) യിരെമ്യയുടെ സംഭവബഹുലമായ കഥ ബാരൂക്ക് എഴുതിയ സമയത്ത്, അവർക്കിടയിലുള്ള സ്നേഹവും ബഹുമാനവും വർധിച്ചുവന്നു.—യിരെ. 20:1, 2; 26:7-11.
4. യഹോവ യിരെമ്യയോട് എന്തു ചെയ്യാനാണു ആവശ്യപ്പെട്ടത്, ഈ നിയമനം യിരെമ്യയും ബാരൂക്കും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തിയത് എങ്ങനെ?
4 യരുശലേമിനു സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് യിരെമ്യ ഇസ്രായേല്യർക്കു വർഷങ്ങളോളം ധൈര്യത്തോടെ മുന്നറിയിപ്പു കൊടുത്തു. (യിരെ. 25:3) ആളുകളെ പശ്ചാത്താപത്തിലേക്കു നയിക്കാനുള്ള മറ്റൊരു ശ്രമം എന്ന നിലയിൽ, തന്റെ മുന്നറിയിപ്പുകൾ ഒരു ചുരുളിൽ എഴുതാൻ യഹോവ യിരെമ്യയോടു പറഞ്ഞു. (യിരെ. 36:1-4) ദൈവം നൽകിയ ഈ നിയമനം ഒറ്റക്കെട്ടായിനിന്ന് യിരെമ്യയും ബാരൂക്കും പൂർത്തിയാക്കി. ഒരുപക്ഷേ മാസങ്ങൾ നീണ്ടുനിന്ന ഈ നിയമനം നിർവഹിക്കുന്നതിനിടെ, വിശ്വാസം ബലപ്പെടുത്തുന്ന ധാരാളം സംഭാഷണങ്ങൾ അവർ നടത്തിയിട്ടുണ്ട് എന്നതിനു സംശയമില്ല.
5. ബാരൂക്ക് യിരെമ്യയുടെ നല്ല സുഹൃത്തായിരുന്നു എന്നു നമുക്ക് എങ്ങനെ അറിയാം?
5 ചുരുളിൽ എഴുതിയിരുന്ന കാര്യങ്ങൾ വെളിപ്പെടുത്തേണ്ട സമയമായപ്പോൾ, ആ സന്ദേശം അറിയിക്കാനുള്ള നിയമനം യിരെമ്യ തന്റെ സുഹൃത്തായ ബാരൂക്കിനെ വിശ്വസിച്ച് ഏൽപ്പിച്ചു. (യിരെ. 36:5, 6) അപകടം നിറഞ്ഞ ഈ നിയമനം ബാരൂക്ക് ധൈര്യത്തോടെ നിറവേറ്റി. ബാരൂക്ക് ആലയമുറ്റത്ത് പോയി തന്റെ നിയമനം നിറവേറ്റിയപ്പോൾ യിരെമ്യക്ക് എത്ര അഭിമാനം തോന്നിക്കാണും! (യിരെ. 36:8-10) ബാരൂക്ക് ചെയ്ത കാര്യം യഹൂദ്യയിലെ പ്രഭുക്കന്മാർ അറിഞ്ഞു. ചുരുൾ ഉറക്കെ വായിച്ചുകേൾപ്പിക്കാൻ ബാരൂക്കിനോട് അവർ ആവശ്യപ്പെട്ടു. (യിരെ. 36:14, 15) യിരെമ്യ പറഞ്ഞ കാര്യങ്ങൾ യഹോയാക്കീം രാജാവിനെ അറിയിക്കാൻ ആ പ്രഭുക്കന്മാർ തീരുമാനിച്ചു. അപകടം മുന്നിൽക്കണ്ട് അവർ ബാരൂക്കിനോടു പറഞ്ഞു: “പോകൂ. താങ്കളും യിരെമ്യയും എവിടെയെങ്കിലും പോയി ഒളിക്കൂ. നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്.” (യിരെ. 36:16-19) അതു ശരിക്കും നല്ല ഉപദേശമായിരുന്നു!
6. എതിർപ്പുണ്ടായപ്പോൾ യിരെമ്യയും ബാരൂക്കും എന്തു ചെയ്തു?
6 യിരെമ്യ എഴുതിയ വാക്കുകൾ കേട്ട യഹോയാക്കീം രാജാവ് കോപംകൊണ്ട് ജ്വലിച്ചു. ചുരുൾ കത്തിച്ചുകളയുകയും യിരെമ്യയെയും ബാരൂക്കിനെയും അറസ്റ്റു ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ യിരെമ്യ ഭയപ്പെട്ടില്ല. യിരെമ്യ മറ്റൊരു ചുരുൾ എടുത്ത് ബാരൂക്കിനു കൊടുത്തു. എന്നിട്ട് യഹോവയുടെ സന്ദേശം വീണ്ടും പറഞ്ഞുകൊടുത്തു. “യഹോയാക്കീം രാജാവ് കത്തിച്ചുകളഞ്ഞ ചുരുളിലുണ്ടായിരുന്ന എല്ലാ കാര്യങ്ങളും . . . ബാരൂക്ക് അതിൽ എഴുതി.”—7. യിരെമ്യയും ബാരൂക്കും ഒരുമിച്ച് എതിർപ്പു നേരിട്ടതിന്റെ പ്രയോജനം എന്തായിരുന്നു?
7 ആളുകൾ ഒരുമിച്ചുനിന്ന് ഒരു പ്രശ്നം നേരിടുമ്പോൾ മിക്കപ്പോഴും അവർ തമ്മിലുള്ള ബന്ധം ശക്തമാകും. യിരെമ്യയുടെയും ബാരൂക്കിന്റെയും കാര്യത്തിൽ അതുതന്നെയല്ലേ സംഭവിച്ചിരിക്കുക? യഹോയാക്കീം രാജാവ് കത്തിച്ചുകളഞ്ഞ ചുരുളിനു പകരം മറ്റൊന്നു തയ്യാറാക്കാൻ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ പരസ്പരം കൂടുതൽ അടുത്ത് അറിയാനും സൗഹൃദം ശക്തമാക്കാനും അവർക്കു സാധിച്ചു. ഈ വിശ്വസ്തരായ പുരുഷന്മാർ വെച്ച മാതൃകയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?
ഹൃദയം തുറന്ന് സംസാരിക്കുക
8. ഉറ്റസുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കാൻ തടസ്സമായേക്കാവുന്നത് എന്താണ്, നമ്മൾ മടുത്ത് പിന്മാറരുതാത്തത് എന്തുകൊണ്ട്?
8 മുമ്പ് ആരെങ്കിലും നമ്മളെ മുറിപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ മറ്റുള്ളവരോടു ഹൃദയം തുറന്ന് സംസാരിക്കാൻ നമുക്കു മടി തോന്നിയേക്കാം. (സുഭാ. 18:19, 24) അല്ലെങ്കിൽ അടുത്ത സ്നേഹബന്ധങ്ങൾ വളർത്തിയെടുക്കാൻ ആവശ്യമായ സമയവും കഴിവും ഇല്ലെന്നു നമുക്കു തോന്നുന്നുണ്ടാകും. എന്താണെങ്കിലും മടുത്ത് പിന്മാറരുത്. പരിശോധനകൾ വരുമ്പോൾ സഹോദരങ്ങൾ കൂടെ നിൽക്കണമെന്നല്ലേ നമ്മൾ ആഗ്രഹിക്കുന്നത്? എങ്കിൽ ഇപ്പോൾത്തന്നെ അവരെ വിശ്വസിക്കാനും അവരോട് ഉള്ളു തുറക്കാനും നമുക്കു കഴിയണം. ഉറ്റസുഹൃത്തുക്കളെ നേടാനുള്ള പ്രധാനപ്പെട്ട പടിയാണ് ഇത്.—1 പത്രോ. 1:22.
9. (എ) സുഹൃത്തുക്കളെ തനിക്കു വിശ്വാസമാണെന്നു യേശു കാണിച്ചത് എങ്ങനെ? (ബി) മറ്റുള്ളവരോട് തുറന്ന് സംസാരിക്കുന്നത് അവരുമായുള്ള ബന്ധം ആഴമുള്ളതാക്കാൻ സഹായിക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം പറയുക.
9 സുഹൃത്തുക്കളോടു തുറന്ന് സംസാരിച്ചുകൊണ്ട് തനിക്ക് അവരെ വിശ്വാസമാണെന്നു യേശു കാണിച്ചു. (യോഹ. 15:15) അതുപോലെ, കൂട്ടുകാരോടു നമ്മുടെ സന്തോഷങ്ങളും വിഷമങ്ങളും നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങളും ഒക്കെ പറഞ്ഞുകൊണ്ട് നമുക്കു യേശുവിനെ അനുകരിക്കാം. നിങ്ങളോട് ഒരാൾ സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് കേൾക്കുക. പല കാര്യങ്ങളെക്കുറിച്ചും നിങ്ങൾ രണ്ടു പേരും ചിന്തിക്കുന്നത് ഒരുപോലെയാണെന്നും രണ്ടു പേർക്കും സമാനമായ പല ലക്ഷ്യങ്ങളുണ്ടെന്നും അപ്പോൾ മനസ്സിലാകും. സിൻഡി എന്ന സഹോദരിയുടെ അനുഭവം നോക്കാം. 29-കാരിയായ ഈ സഹോദരി, 67 വയസ്സുള്ള മേരി ലൂയിസ് എന്ന മുൻനിരസേവികയുമായി സൗഹൃദത്തിലായി. എല്ലാ വ്യാഴാഴ്ചയും അവർ ഒരുമിച്ച് വയൽസേവനത്തിനു പോകും. പലപല വിഷയങ്ങളെക്കുറിച്ച് അവർ ഉള്ളു തുറന്ന് സംസാരിക്കും. സിൻഡി പറയുന്നു: “ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ച് കൂട്ടുകാരുമായി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അവരെ കുറെക്കൂടി മെച്ചമായി അറിയാനും മനസ്സിലാക്കാനും ഇതു സഹായിക്കുന്നു.” തുറന്ന ആശയവിനിമയം ഒരുക്കുന്ന ഊഷ്മളമായ അന്തരീക്ഷത്തിൽ സൗഹൃദങ്ങൾ തഴച്ചുവളരും. സിൻഡിയെപ്പോലെ മറ്റുള്ളവരോട് ഉള്ളു തുറന്ന് സംസാരിക്കാൻ മുൻകൈയെടുക്കുമ്പോൾ അവരുമായുള്ള നിങ്ങളുടെ സൗഹൃദം വളരും.—സുഭാ. 27:9.
ഒന്നിച്ച് പ്രവർത്തിക്കുക
10. സുഭാഷിതങ്ങൾ 27:17 അനുസരിച്ച്, നമ്മൾ സഹവിശ്വാസിയുടെകൂടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നത് എന്തു ഫലമുണ്ടാക്കും?
10 യിരെമ്യയുടെയും ബാരൂക്കിന്റെയും കാര്യത്തിലെന്നപോലെ, സഹവിശ്വാസികളുടെകൂടെ പ്രവർത്തിക്കുമ്പോൾ അവരുടെ നല്ല ഗുണങ്ങൾ കാണാൻ നമുക്കു കഴിയും. അപ്പോൾ നമുക്ക് അവരിൽനിന്ന് പഠിക്കാനും അവരോട് കുറെക്കൂടി അടുക്കാനും സാധിക്കും. (സുഭാഷിതങ്ങൾ 27:17 വായിക്കുക.) ഉദാഹരണത്തിന്, പ്രസംഗപ്രവർത്തനത്തിലായിരിക്കെ, കൂടെയുള്ള സുഹൃത്ത് വിശ്വാസത്തെക്കുറിച്ച് ധൈര്യത്തോടെ സംസാരിക്കുന്നു, അല്ലെങ്കിൽ യഹോവയെക്കുറിച്ചും യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ബോധ്യത്തോടെ സംസാരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും? ആ സുഹൃത്തിനോടു നിങ്ങൾക്കു കുറെക്കൂടി സ്നേഹം തോന്നില്ലേ?
11-12. ശുശ്രൂഷയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതു സൗഹൃദങ്ങൾ ശക്തമാക്കാൻ സഹായിക്കും എന്നതിന് ഒരു ഉദാഹരണം പറയുക.
11 ശുശ്രൂഷയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് ആളുകൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുമെന്നു കാണിക്കുന്ന രണ്ട് ഉദാഹരണങ്ങൾ നോക്കാം. 23 വയസ്സുള്ള അഡെലിൻ, അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശത്ത് സാക്ഷീകരിക്കാൻ കൂടെ വരാമോ എന്നു കാൻഡിസ് എന്ന കൂട്ടുകാരിയോടു ചോദിച്ചു. അഡെലിൻ പറയുന്നു: “ശുശ്രൂഷയിലെ ഉത്സാഹവും സന്തോഷവും വർധിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്നു ഞങ്ങൾക്കു തോന്നി. ശുശ്രൂഷയിൽ ഞങ്ങൾക്ക് ഒരു ഉണർവും ഉന്മേഷവും ഒക്കെ വേണമായിരുന്നു.” ഒന്നിച്ച് പ്രവർത്തിച്ചതുകൊണ്ട് എന്തു ഫലമുണ്ടായി? അഡെലിൻ പറയുന്നു: “ഓരോ ദിവസവും അവസാനിക്കുമ്പോൾ ആ ദിവസത്തെക്കുറിച്ച് തോന്നിയ കാര്യങ്ങൾ, അന്നു ഞങ്ങൾക്കു നടത്താൻ കഴിഞ്ഞ ചില നല്ല സംഭാഷണങ്ങൾ, ശുശ്രൂഷയിൽ യഹോവയുടെ വഴിനടത്തിപ്പ്, അങ്ങനെ പലപല വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിക്കും. ഇത്തരം സംഭാഷണങ്ങൾ ഞങ്ങൾക്കു വലിയ ഇഷ്ടമായിരുന്നു. പരസ്പരം കൂടുതൽ അടുത്ത് അറിയാൻ ഞങ്ങൾക്ക് അങ്ങനെ കഴിഞ്ഞു.”
12 ഫ്രാൻസിൽനിന്നുള്ള ലൈല, മരിയാന എന്നീ ഏകാകികളായ സഹോദരിമാർ മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാംഗ്വിയിൽ അഞ്ച് ആഴ്ചത്തേക്കു പ്രസംഗപ്രവർത്തനത്തിനു പോയി. തിരക്കേറിയ ഒരു സ്ഥലമായിരുന്നു അത്. ആ ദിവസങ്ങളെക്കുറിച്ച് ലൈല ഓർക്കുന്നു: “മരിയാനയ്ക്കും എനിക്കും ആദ്യമൊക്കെ ഒത്തുപോകാൻ അൽപ്പം ബുദ്ധിമുട്ടു തോന്നി. പക്ഷേ പരസ്പരം തുറന്ന് സംസാരിച്ചതും ആത്മാർഥമായ സ്നേഹം കാണിച്ചതും ഞങ്ങൾക്കിടയിലെ
സൗഹൃദം ശക്തമാക്കി. പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനുള്ള മരിയാനയുടെ കഴിവും അന്നാട്ടിലെ ആളുകളോടുള്ള അവളുടെ സ്നേഹവും ശുശ്രൂഷയിലെ തീക്ഷ്ണതയും കണ്ടപ്പോൾ മരിയാനയോടുള്ള എന്റെ മതിപ്പു കൂടി.” ഇങ്ങനെയുള്ള പ്രയോജനങ്ങളൊക്കെ നേടാൻ നിങ്ങൾ ഒരു വിദേശരാജ്യത്ത് പോയി പ്രവർത്തിക്കണമെന്നില്ല. നിങ്ങളുടെതന്നെ പ്രദേശത്ത് ഒരു സഹോദരന്റെയോ സഹോദരിയുടെയോ കൂടെ പ്രവർത്തിക്കുമ്പോൾ, ആ വ്യക്തിയെ അടുത്ത് അറിയാനും അങ്ങനെ നിങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാനും കഴിയും.നല്ല ഗുണങ്ങൾ ശ്രദ്ധിക്കുക, കുറവുകൾ ക്ഷമിക്കുക
13. സഹോദരങ്ങളോടൊപ്പം അടുത്ത് പ്രവർത്തിക്കുമ്പോൾ നമ്മൾ ഏതു പ്രശ്നം നേരിട്ടേക്കാം?
13 സഹോദരങ്ങളോടൊപ്പം അടുത്ത് പ്രവർത്തിക്കുമ്പോൾ പലപ്പോഴും അവരുടെ കഴിവുകൾ മാത്രമല്ല, അവരുടെ കുറവുകളും നമ്മൾ കാണും. അവരുമായുള്ള അടുപ്പം കുറയാൻ ഇതു കാരണമായേക്കാം. ഈ പ്രശ്നം നമുക്ക് എങ്ങനെ കൈകാര്യം ചെയ്യാം? ഇക്കാര്യത്തിലും യിരെമ്യയുടെ മാതൃക നോക്കാം. മറ്റുള്ളവരുടെ നന്മ കാണാനും കുറവുകൾ കണ്ടില്ലെന്നുവെക്കാനും യിരെമ്യയെ എന്താണു സഹായിച്ചത്?
14. യഹോവയെക്കുറിച്ച് യിരെമ്യ എന്തു മനസ്സിലാക്കി, അതു യിരെമ്യയെ എങ്ങനെ സഹായിച്ചു?
14 യിരെമ്യ എന്ന ബൈബിൾപുസ്തകവും, സാധ്യതയനുസരിച്ച് ഒന്നു രാജാക്കന്മാർ, രണ്ടു രാജാക്കന്മാർ എന്നീ പുസ്തകങ്ങളും എഴുതിയതു യിരെമ്യയാണ്. ഇവ എഴുതിയപ്പോൾ, അപൂർണരായ മനുഷ്യരോടുള്ള ദൈവത്തിന്റെ കരുണ കുറച്ചുകൂടെ മനസ്സിലാക്കാൻ യിരെമ്യക്കു കഴിഞ്ഞിരിക്കണം. ഉദാഹരണത്തിന്, ആഹാബ് രാജാവ് തന്റെ തെറ്റായ പ്രവൃത്തികൾ ഓർത്ത് പശ്ചാത്തപിച്ചപ്പോൾ, ആഹാബിന്റെ ജീവിതകാലത്ത് സ്വന്തം കുടുംബം നശിക്കുന്നതു കാണേണ്ടിവരില്ലെന്നു ദൈവം പറഞ്ഞു. (1 രാജാ. 21:27-29) ആഹാബ് ചെയ്തതിനെക്കാളും യഹോവയെ കോപിപ്പിക്കുന്ന ഗുരുതരമായ കാര്യങ്ങൾ മനശ്ശെ ചെയ്തു. പശ്ചാത്തപിച്ചപ്പോൾ യഹോവ മനശ്ശെയോടും ക്ഷമിച്ചു. (2 രാജാ. 21:16, 17; 2 ദിന. 33:10-13) ഉറ്റ സുഹൃത്തുക്കളുമായി ഇടപെട്ടപ്പോൾ ദൈവത്തിന്റെ കരുണയും ക്ഷമയും അനുകരിക്കാൻ ഈ വിവരണങ്ങൾ യിരെമ്യയെ ഉറപ്പായും സഹായിച്ചിട്ടുണ്ടാകണം.—സങ്കീ. 103:8, 9.
15. നിയമനത്തിൽനിന്ന് ബാരൂക്കിന്റെ ശ്രദ്ധ മാറിയപ്പോൾ യിരെമ്യ എങ്ങനെയാണ് യഹോവയുടെ ക്ഷമ അനുകരിച്ചത്?
15 ഉദാഹരണത്തിന്, ഒരിക്കൽ ബാരൂക്കിനു തന്റെ നിയമനത്തിൽനിന്ന് ശ്രദ്ധ മാറിപ്പോയി. ആ സമയത്ത് യിരെമ്യ എങ്ങനെയാണു ബാരൂക്കിനോട് ഇടപെട്ടത്? തന്റെ സുഹൃത്തിനെ ഉപേക്ഷിക്കുന്നതിനു പകരം, ദയയോടെയുള്ള ദൈവത്തിന്റെ വ്യക്തമായ സന്ദേശം അറിയിച്ചുകൊണ്ട് യിരെമ്യ ബാരൂക്കിനെ സഹായിച്ചു. (യിരെ. 45:1-5) ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
16. സുഭാഷിതങ്ങൾ 17:9 പറയുന്നതനുസരിച്ച്, നമ്മുടെ സൗഹൃദങ്ങൾ നിലനിറുത്താൻ എന്തു ചെയ്യണം?
16 സഹോദരങ്ങളിൽനിന്ന് നമുക്കു പൂർണത പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട്, സുഹൃദ്ബന്ധങ്ങൾ സ്ഥാപിച്ചുകഴിഞ്ഞാൽ, അതു നിലനിറുത്താൻ നമ്മൾ നല്ല ശ്രമം ചെയ്യണം. നമ്മുടെ സുഹൃത്തുക്കൾ എന്തെങ്കിലും തെറ്റു ചെയ്താൽ, ചിലപ്പോൾ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ദയയോടെ, അതേസമയം വ്യക്തമായ ബുദ്ധിയുപദേശം കൊടുക്കേണ്ടിവരും. (സങ്കീ. 141:5) അവർ നമ്മളെ വേദനിപ്പിക്കുന്നെങ്കിലോ? നമ്മൾ അവരോടു ക്ഷമിക്കണം. ഒരു തെറ്റു ക്ഷമിച്ചുകഴിഞ്ഞാൽ, പിന്നെ അതെക്കുറിച്ച് പറഞ്ഞുനടക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. (സുഭാഷിതങ്ങൾ 17:9 വായിക്കുക.) നിർണായകമായ ഈ സമയത്ത്, സഹോദരങ്ങളുടെ കുറവുകളിൽ ശ്രദ്ധിക്കുന്നതിനു പകരം അവരുടെ നന്മ കാണാൻ ശ്രമിക്കേണ്ടത് എത്ര പ്രധാനമാണ്! അങ്ങനെ ചെയ്യുന്നത് അവരുമായുള്ള അടുപ്പം ശക്തമാക്കും, മഹാകഷ്ടതയുടെ സമയത്ത് നമുക്ക് അങ്ങനെയുള്ള അടുത്ത കൂട്ടുകാരെ വേണ്ടിവരും.
അചഞ്ചലസ്നേഹം കാണിക്കുക
17. കഷ്ടതകളുടെ സമയത്ത് താൻ ഒരു യഥാർഥസ്നേഹിതനാണെന്നു യിരെമ്യ തെളിയിച്ചത് എങ്ങനെ?
17 കഷ്ടതകളുടെ സമയത്ത് താൻ ഒരു യഥാർഥസ്നേഹിതനാണെന്നു യിരെമ്യ പ്രവാചകൻ തെളിയിച്ചു. ഒരു ഉദാഹരണം നോക്കാം. ഒരിക്കൽ, കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായ ഏബെദ്-മേലെക്ക് ചെളി നിറഞ്ഞ ഒരു കിണറ്റിൽനിന്ന് യിരെമ്യയെ രക്ഷിച്ചു. ഇല്ലെങ്കിൽ ഉറപ്പായും യിരെമ്യ അവിടെ കിടന്ന് മരിച്ചേനേ. എന്നാൽ ഈ സംഭവത്തിനു ശേഷം പ്രഭുക്കന്മാർ തന്നെ അപായപ്പെടുത്തുമോ എന്ന് ഏബെദ്-മേലെക്ക് ഭയപ്പെട്ടു. യിരെമ്യ ഇത് അറിഞ്ഞപ്പോൾ, എങ്ങനെയെങ്കിലും ഏബെദ്-മേലെക്ക് ഈ പ്രശ്നം പരിഹരിച്ചുകൊള്ളും എന്നു വിചാരിച്ച് വെറുതേയിരുന്നില്ല. തടവിലായിരുന്നെങ്കിലും ചെയ്യാൻ കഴിയുന്നതു യിരെമ്യ ചെയ്തു. യഹോവയിൽനിന്നുള്ള യിരെ. 38:7-13; 39:15-18.
ആശ്വാസം പകരുന്ന സന്ദേശം തന്റെ സുഹൃത്തായ ഏബെദ്-മേലെക്കിനെ അറിയിച്ചു.—18. സുഭാഷിതങ്ങൾ 17:17-നു ചേർച്ചയിൽ നമ്മുടെ ഒരു സുഹൃത്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മൾ എന്തു ചെയ്യണം?
18 ഇന്ന്, നമ്മുടെ സഹോദരങ്ങൾ പലപല പ്രശ്നങ്ങൾ നേരിടുന്നു. ഉദാഹരണത്തിന്, ചിലർ പ്രകൃതിവിപത്തുകളുടെ കെടുതികൾ അനുഭവിക്കുന്നു. മറ്റു ചിലർ യുദ്ധങ്ങൾപോലെ മനുഷ്യരുണ്ടാക്കുന്ന ദുരിതങ്ങളുടെ നടുവിലാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ, നമ്മളിൽ ചിലർക്ക്, അവരെ നമ്മുടെ വീട്ടിൽ താമസിപ്പിക്കാൻ കഴിയും. ചിലർക്ക് അവരെ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞേക്കും. എന്നാൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്: സഹോദരങ്ങളെ സഹായിക്കേണമേ എന്ന് യഹോവയോടു പ്രാർഥിക്കാം. ഒരു സഹോദരനോ സഹോദരിയോ നിരുത്സാഹപ്പെട്ടിരിക്കുമ്പോൾ, എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ നമുക്ക് അറിയില്ലായിരിക്കും. പക്ഷേ ശരിക്കും നമുക്കെല്ലാം സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്, ആ സുഹൃത്തിന്റെകൂടെ കുറച്ച് സമയം ചെലവഴിക്കാം. ആ സുഹൃത്ത് സംസാരിക്കുമ്പോൾ സഹാനുഭൂതിയോടെ കേട്ടിരിക്കാം. നമുക്ക് ഇഷ്ടപ്പെട്ട തിരുവെഴുത്തു വായിച്ചുകേൾപ്പിക്കാം. (യശ. 50:4) എങ്ങനെയായാലും, കൂട്ടുകാർക്കു നമ്മളെ ആവശ്യമുള്ളപ്പോൾ അവരുടെകൂടെയായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.—സുഭാഷിതങ്ങൾ 17:17 വായിക്കുക.
19. ഇപ്പോൾ ശക്തമായ സൗഹൃദങ്ങൾ സ്ഥാപിക്കുന്നത്, ഭാവിയിൽ നമ്മളെ എങ്ങനെ സഹായിക്കും?
19 സഹോദരങ്ങളുമായി നല്ല സൗഹൃദങ്ങൾ സ്ഥാപിക്കാനും അതു നിലനിറുത്താനും ഇപ്പോൾത്തന്നെ നമ്മൾ ഉറച്ച തീരുമാനമെടുക്കണം. എന്തുകൊണ്ട്? കാരണം നുണകളും തെറ്റായ വിവരങ്ങളും പരത്തി നമ്മുടെ ഇടയിൽ ഭിന്നതയുണ്ടാക്കാൻ ശത്രുക്കൾ ശ്രമിക്കും. നമ്മൾ പരസ്പരം വാളെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ അവരുടെ ശ്രമങ്ങളെല്ലാം വിഫലമാകും. നമുക്കിടയിലെ സ്നേഹത്തിന്റെ ചരടു പൊട്ടിക്കാൻ അവർക്കു കഴിയില്ല. അവർ എന്തൊക്കെ ചെയ്താലും, നമ്മൾ സ്ഥാപിച്ച സുഹൃദ്ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താൻ അവർക്കാകില്ല. നമ്മുടെ സുഹൃത്തുക്കൾ ഈ വ്യവസ്ഥിതിയുടെ അവസാനത്തിൽ മാത്രമല്ല, നിത്യതയിലെന്നും നമ്മുടെകൂടെയുണ്ടായിരിക്കും!
ഗീതം 24 യഹോവയുടെ പർവതത്തിലേക്കു വരൂ!
^ ഖ. 5 അന്ത്യം അടുത്ത് വരുന്ന ഈ സമയത്ത് നമ്മൾ എല്ലാവരും നമ്മുടെ സഹോദരങ്ങളുമായുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തണം. അതെക്കുറിച്ച് യിരെമ്യയുടെ മാതൃകയിൽനിന്ന് എന്തെല്ലാം പഠിക്കാമെന്ന് ഈ ലേഖനത്തിൽ നമ്മൾ കാണും. കൂടാതെ, ഇന്ന് ഉറ്റ സൗഹൃദങ്ങൾ വളർത്തിയെടുക്കുന്നത്, പ്രശ്നങ്ങളുണ്ടാകുന്ന സമയത്ത് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നമ്മൾ പഠിക്കും.
^ ഖ. 2 യിരെമ്യ പുസ്തകത്തിലെ സംഭവങ്ങൾ കാലാനുക്രമത്തിലല്ല എഴുതിയിരിക്കുന്നത്.
^ ഖ. 57 ചിത്രക്കുറിപ്പുകൾ: ഭാവിയിൽ ‘മഹാകഷ്ടതയുടെ’ സമയത്ത് നടക്കാൻ സാധ്യതയുള്ള ഒരു കാര്യം സൂചിപ്പിക്കുന്ന ചിത്രം. ഒരു സഹോദരന്റെ വീട്ടിൽ ചില സഹോദരങ്ങൾ സുരക്ഷിതരായി കഴിയുന്നു. അവർ സുഹൃത്തുക്കളായതുകൊണ്ട് ഈ പ്രയാസസമയത്ത് അവർക്കു പരസ്പരം ആശ്വസിപ്പിക്കാൻ കഴിയും. മഹാകഷ്ടത തുടങ്ങുന്നതിനു മുമ്പുതന്നെ അവരെല്ലാവരും അടുത്ത സുഹൃദ്ബന്ധം വളർത്തിയെടുത്തിരുന്നു.