പഠനലേഖനം 23
‘സൂക്ഷിക്കുക! ആരും നിങ്ങളെ അടിമകളാക്കരുത്!’
‘സൂക്ഷിക്കുക! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും ആരും നിങ്ങളെ വശീകരിച്ച് അടിമകളാക്കരുത്. അവയ്ക്ക് ആധാരം മനുഷ്യപാരമ്പര്യങ്ങളാണ്.’—കൊലോ. 2:8.
ഗീതം 96 ദൈവത്തിന്റെ സ്വന്തം പുസ്തകം—ഒരു നിധി
പൂർവാവലോകനം a
1. കൊലോസ്യർ 2:4, 8 പറയുന്നതുപോലെ, സാത്താൻ എങ്ങനെയാണു നമ്മുടെ ചിന്തകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്?
നമ്മൾ യഹോവയ്ക്കെതിരെ തിരിയണമെന്നാണു സാത്താന്റെ ആഗ്രഹം. ഈ ലക്ഷ്യം നേടുന്നതിന്, നമ്മൾ ചിന്തിക്കുന്ന രീതിയെ സ്വാധീനിക്കാൻ അവൻ ശ്രമിക്കുന്നു. ഫലത്തിൽ, നമ്മുടെ മനസ്സ് അവന്റെ നിയന്ത്രണത്തിലാകാനും അവന്റെ ഇഷ്ടത്തിന് അനുസരിച്ച് നമ്മൾ ചിന്തിക്കാനും ആണ് അവൻ ആഗ്രഹിക്കുന്നത്. ആകർഷകമായ കാര്യങ്ങൾ ഉപയോഗിച്ച് വഞ്ചിച്ചുകൊണ്ട് നമ്മളെ തന്റെ പക്ഷത്താക്കാൻ അവൻ ശ്രമിക്കുന്നു.—കൊലോസ്യർ 2:4, 8 വായിക്കുക.
2-3. (എ) കൊലോസ്യർ 2:8-ലെ മുന്നറിയിപ്പിനു നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 സാത്താൻ നമ്മളെ വഴിതെറ്റിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്? കൊലോസ്യർ 2:8-ലെ മുന്നറിയിപ്പു പൗലോസ് എഴുതിയത് അവിശ്വാസികൾക്കല്ല എന്ന് ഓർക്കുക. പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച ക്രിസ്ത്യാനികൾക്കാണ് അദ്ദേഹം അത് എഴുതിയത്. (കൊലോ. 1:2, 5) ഇതു കാണിക്കുന്നത് ആ ക്രിസ്ത്യാനികളെ സാത്താൻ വഴിതെറ്റിക്കാനുള്ള സാധ്യതയുണ്ടായിരുന്നു എന്നാണ്. അതിലും വലിയ അപകടമാണു നമ്മൾ ഇന്നു നേരിടുന്നത്. (1 കൊരി. 10:12) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? സാത്താന്റെ പ്രവർത്തനം ഇന്നു ഭൂമിയുടെ പരിസരങ്ങളിൽ മാത്രമായി ഒതുക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തിന്റെ വിശ്വസ്തദാസന്മാരെ എങ്ങനെയും വഴിതെറ്റിക്കാൻ അവൻ തീവ്രശ്രമം ചെയ്യുകയാണ്. (വെളി. 12:9, 12, 17) ഇനി, ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും ‘അടിക്കടി അധഃപതിക്കുന്ന’ ഒരു കാലത്താണു നമ്മൾ ജീവിക്കുന്നതും.—2 തിമൊ. 3:1, 13.
3 ഈ ലേഖനത്തിൽ, നമ്മുടെ ചിന്തയെ നിയന്ത്രിക്കാൻ സാത്താൻ വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നു നമ്മൾ ചർച്ച ചെയ്യും. നമ്മൾ അവന്റെ മൂന്നു ‘കുടിലതന്ത്രങ്ങളെക്കുറിച്ച്’ പഠിക്കും. (എഫെ. 6:11) ഇപ്പോൾത്തന്നെ നമ്മുടെ ചിന്താരീതിയിൽ സാത്താന്റെ ചിന്തകൾ അൽപ്പമെങ്കിലും കടന്നുവന്നിട്ടുണ്ടെങ്കിൽ അത് എങ്ങനെ നീക്കിക്കളയാമെന്ന് അടുത്ത ലേഖനത്തിൽ പഠിക്കും. എന്നാൽ ആദ്യം, ഇസ്രായേല്യർ വാഗ്ദത്തദേശത്ത് പ്രവേശിച്ചുകഴിഞ്ഞ് സാത്താൻ അവരെ വഴിതെറ്റിച്ചതിൽനിന്ന് എന്തു പഠിക്കാമെന്നു നോക്കാം.
വിഗ്രഹാരാധനയിൽ ഏർപ്പെടാനുള്ള പ്രലോഭനം
4-6. ആവർത്തനം 11:10-15 അനുസരിച്ച്, വാഗ്ദത്തദേശത്ത് താമസമുറപ്പിച്ചപ്പോൾ ഇസ്രായേല്യർക്കു കൃഷിരീതിയിൽ എന്തു മാറ്റം വരുത്തേണ്ടിവന്നു?
4 വിഗ്രഹാരാധനയിൽ ഏർപ്പെടാൻ ഇസ്രായേല്യരെ സാത്താൻ തന്ത്രപൂർവം പ്രലോഭിപ്പിച്ചു. അവൻ എങ്ങനെയാണ് അതു ചെയ്തത്? ഭക്ഷണം എന്ന അവരുടെ അടിസ്ഥാനാവശ്യത്തെ സാത്താൻ മുതലെടുത്തു. വാഗ്ദത്തദേശത്ത് പ്രവേശിച്ച ഇസ്രായേല്യർക്ക് ധാന്യം വിളയിക്കാൻ പുതിയ രീതി പഠിക്കേണ്ടിവന്നു. ഈജിപ്തിലായിരുന്നപ്പോൾ നൈൽ നദിയിൽനിന്നുള്ള വെള്ളംകൊണ്ടാണ് അവർ തങ്ങളുടെ കൃഷിയിടങ്ങൾ നനച്ചിരുന്നത്. എന്നാൽ വാഗ്ദത്തദേശത്തെ കൃഷി ഏതെങ്കിലും നദിയിലെ വെള്ളം ഉപയോഗിച്ചല്ലായിരുന്നു, പകരം മഴയെയും മഞ്ഞിനെയും ആശ്രയിച്ചായിരുന്നു. (ആവർത്തനം 11:10-15 വായിക്കുക; യശ. 18:4, 5) അതുകൊണ്ട് ഇസ്രായേല്യർ പുതിയ കൃഷിരീതി പഠിക്കേണ്ടിയിരുന്നു. ഇത് അത്ര എളുപ്പമായിരുന്നില്ല, കാരണം കൃഷി ചെയ്ത് പരിചയമുണ്ടായിരുന്ന മിക്കവരും വിജനഭൂമിയിൽവെച്ച് മരിച്ചുപോയിരുന്നു.
5 തന്റെ ജനത്തിന്റെ സാഹചര്യങ്ങൾക്കു വന്ന മാറ്റത്തെക്കുറിച്ച് പറഞ്ഞതിനു തൊട്ടുപിന്നാലെ യഹോവ അവർക്ക് ഒരു മുന്നറിയിപ്പു കൊടുത്തു: “എന്നാൽ സൂക്ഷിച്ചുകൊള്ളുക: നിങ്ങളുടെ ഹൃദയം വഴിതെറ്റി അന്യദൈവങ്ങളെ ആരാധിക്കാനും അവയുടെ മുമ്പാകെ കുമ്പിടാനും വശീകരിക്കപ്പെടരുത്.” (ആവ. 11:16, 17) ഒറ്റ നോട്ടത്തിൽ, ഈ വാക്കുകൾക്കു കൃഷിയുമായി ഒരു ബന്ധവുമില്ലെന്നു തോന്നിയേക്കാം. പുതിയ കൃഷിരീതികൾ പഠിക്കുന്നതിനെപ്പറ്റി വിശദീകരിച്ചപ്പോൾ വ്യാജദൈവങ്ങളെ ആരാധിക്കുന്നതിന് എതിരെ യഹോവ എന്തുകൊണ്ടാണ് സംസാരിച്ചത്?
6 ചുറ്റും താമസിച്ചിരുന്ന ജനതകളിൽനിന്ന് പ്രാദേശികമായ കൃഷിരീതികളെക്കുറിച്ച് പഠിക്കാൻ ഇസ്രായേല്യർക്ക് ജിജ്ഞാസ തോന്നുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. കൃഷികാര്യങ്ങളിൽ ഇസ്രായേല്യരെക്കാൾ വളരെയധികം പരിചയസമ്പന്നരായിരുന്നു അവരുടെ അയൽക്കാർ. ഇസ്രായേല്യർക്ക് അവരിൽനിന്ന് കൃഷിയോടു ബന്ധപ്പെട്ട് പല പുതിയ വിവരങ്ങളും കിട്ടുമായിരുന്നു. എന്നാൽ അതിൽ ഒരു അപകടമുണ്ടായിരുന്നു. കനാൻ ദേശത്തെ കൃഷിക്കാരുടെ ചിന്താരീതിയെ ബാൽ ആരാധന സ്വാധീനിച്ചിരുന്നു. ആകാശം ബാൽ ദേവന്റേതാണെന്നും മഴ തരുന്നത് ആ ദേവനാണെന്നും ആയിരുന്നു അവരുടെ വിശ്വാസം. ഇത്തരം തെറ്റായ വിശ്വാസങ്ങൾ തന്റെ ജനത്തെ വഴിതെറ്റിക്കാൻ യഹോവ ആഗ്രഹിച്ചില്ല. എന്നാൽ എന്താണു സംഭവിച്ചത്? ഇസ്രായേല്യർ പിന്നെയുംപിന്നെയും ബാലാരാധനയിലേക്കു തിരിഞ്ഞു. (സംഖ്യ 25:3, 5; ന്യായാ. 2:13; 1 രാജാ. 18:18) ഇസ്രായേല്യരെ തന്റെ നിയന്ത്രണത്തിലാക്കാൻ സാത്താന് എങ്ങനെയാണു കഴിഞ്ഞതെന്നു നോക്കാം.
സാത്താൻ ഉപയോഗിച്ച മൂന്നു തന്ത്രങ്ങൾ
7. വാഗ്ദത്തദേശത്ത് പ്രവേശിച്ച ഇസ്രായേല്യർക്കു വിശ്വാസത്തിന്റെ എന്തു പരിശോധനയാണു നേരിടേണ്ടിവന്നത്?
7 ദേശത്ത് മഴ പെയ്തുകാണാനുള്ള സ്വാഭാവികമായ ആഗ്രഹത്തെ മുതലെടുക്കുക എന്നതാണു സാത്താൻ ഉപയോഗിച്ച ആദ്യതന്ത്രം. വർഷത്തിൽ, ഏപ്രിൽ അവസാനം മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വാഗ്ദത്തദേശത്ത് കാര്യമായ മഴ ലഭിച്ചിരുന്നില്ല. സാധാരണഗതിയിൽ, ഒക്ടോബറോടെ ആരംഭിക്കുന്ന മഴയെ ആശ്രയിച്ചായിരുന്നു ഇസ്രായേല്യരുടെ ജീവിതവും സമൃദ്ധിയും എല്ലാം. അതിന്, വ്യാജാരാധകരായ അയൽക്കാരുടെ ചില ആചാരങ്ങൾ സ്വീകരിക്കണമെന്ന് ഇസ്രായേല്യർ കരുതി. ചില ചടങ്ങുകൾ ഒക്കെ നടത്തിയാലേ ദൈവങ്ങൾ പ്രസാദിക്കുകയും തങ്ങൾക്കു മഴ തരുകയും ചെയ്യൂ എന്നാണ് ആ അയൽക്കാർ വിശ്വസിച്ചിരുന്നത്. വരൾച്ചയുടെ കാലം നീണ്ടുപോകാതിരിക്കാൻ ഇതേ മാർഗമുള്ളൂ എന്ന് യഹോവയിൽ വിശ്വാസമില്ലാതിരുന്ന ഇസ്രായേല്യർ കരുതി. അതുകൊണ്ട് അവർ വ്യാജദേവനായ ബാലിനെ പ്രസാദിപ്പിക്കാൻ ജനതകളുടെ ചടങ്ങുകളിൽ ഏർപ്പെട്ടു.
8. ഇസ്രായേല്യരെ വഴിതെറ്റിക്കാൻ സാത്താൻ ഉപയോഗിച്ച രണ്ടാമത്തെ തന്ത്രം എന്താണ്? വിശദീകരിക്കുക.
8 രണ്ടാമതായി, അധാർമികമായ മോഹങ്ങൾ ഉണർത്തിക്കൊണ്ട് സാത്താൻ ഇസ്രായേല്യരെ വഴിതെറ്റിച്ചു. ജനതകളുടെ ആരാധനയിൽ അങ്ങേയറ്റം ഹീനമായ അധാർമികപ്രവൃത്തികൾ ഉൾപ്പെട്ടിരുന്നു. സ്ത്രീകളും പുരുഷന്മാരും ക്ഷേത്രവേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നു. സ്വവർഗരതിപോലുള്ള ലൈംഗിക അധാർമികതയുടെ മറ്റു രൂപങ്ങളും വെച്ചുപൊറുപ്പിച്ചിരുന്നു. മാത്രമല്ല, അതൊക്കെ അവർക്കു സാധാരണകാര്യങ്ങളായിരുന്നു. (ആവ. 23:17, 18; 1 രാജാ. 14:24) ഇത്തരം ആചാരങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ തങ്ങളുടെ ദേവന്മാർ പ്രസാദിക്കുമെന്നും അവർ ദേശം ഫലപുഷ്ടിയുള്ളതാക്കുമെന്നും ആ ജനതകൾ വിശ്വസിച്ചു. പല ഇസ്രായേല്യർക്കും അധാർമികമായ അത്തരം ആചാരങ്ങളോട് ആകർഷണം തോന്നി. അങ്ങനെ അവർ വ്യാജദൈവങ്ങളെ സേവിക്കാൻ തുടങ്ങി. വാസ്തവത്തിൽ, അവർ സാത്താന്റെ അടിമകളായിത്തീരുകയാണു ചെയ്തത്.
9. ഹോശേയ 2:16, 17-ൽ കാണുന്നതുപോലെ ഇസ്രായേല്യർ യഹോവയെ മറക്കാൻ സാത്താൻ എങ്ങനെയാണ് ഇടയാക്കിയത്?
9 സാത്താൻ ഉപയോഗിച്ച മൂന്നാമത്തെ തന്ത്രം എന്തായിരുന്നു? ഇസ്രായേല്യർ യഹോവയെ മറക്കാൻ ഇടയാക്കി. “ബാൽ കാരണം” ഇസ്രായേല്യർ തന്റെ പേരു മറന്നുപോകാൻ വ്യാജപ്രവാചകന്മാർ ഇടയാക്കിയെന്നു യിരെമ്യ പ്രവാചകന്റെ കാലത്ത് യഹോവ പ്രഖ്യാപിച്ചിരുന്നു. (യിരെ. 23:27) തെളിവനുസരിച്ച്, ദൈവജനം യഹോവയുടെ പേര് ഉപയോഗിക്കുന്നതുതന്നെ നിറുത്തിയിരിക്കാം. ആ സ്ഥാനത്ത് “യജമാനൻ” എന്നോ “ഉടയവൻ” എന്നോ അർഥം വരുന്ന ബാൽ എന്ന പേര് ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. ഇതു കാരണം ഇസ്രായേല്യർക്ക് യഹോവയും ബാലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയാതായി. ബാലാരാധനയുടെ ചടങ്ങുകൾ യഹോവയുടെ ആരാധനയുമായി കൂട്ടിച്ചേർക്കുന്നതിനും അത് ഇടയാക്കി.—ഹോശേയ 2:16, 17-ഉം അടിക്കുറിപ്പും വായിക്കുക.
സാത്താന്റെ തന്ത്രങ്ങൾ ഇക്കാലത്ത്
10. ഇക്കാലത്ത് സാത്താൻ ഏതെല്ലാം തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്?
10 സാത്താൻ ഇക്കാലത്തും അതേ തന്ത്രങ്ങൾതന്നെയാണ് ഉപയോഗിക്കുന്നത്. സ്വാഭാവികമായ ആഗ്രഹങ്ങളെ മുതലെടുത്തുകൊണ്ടും അധാർമികമായ മോഹങ്ങൾ ഉണർത്തിക്കൊണ്ടും യഹോവയെ മറക്കാൻ ഇടയാക്കിക്കൊണ്ടും സാത്താൻ ആളുകളെ അടിമകളാക്കിയിരിക്കുന്നു. നമുക്ക് ആ അവസാനതന്ത്രം ആദ്യം നോക്കാം.
11. ആളുകൾ യഹോവയെ മറക്കാൻ സാത്താൻ ഇടയാക്കിയിരിക്കുന്നത് എങ്ങനെ?
11 യഹോവയെ മറക്കാൻ സാത്താൻ ഇടയാക്കുന്നു. അപ്പോസ്തലന്മാരുടെ മരണത്തിനു ശേഷം ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട ചിലർ വ്യാജപഠിപ്പിക്കലുകൾ പ്രചരിപ്പിക്കാൻ തുടങ്ങി. (പ്രവൃ. 20:29, 30; 2 തെസ്സ. 2:3) ഈ വിശ്വാസത്യാഗികൾ ഏകസത്യദൈവം ആരാണെന്നു തിരിച്ചറിയുന്നതുതന്നെ ബുദ്ധിമുട്ടാക്കി. ഉദാഹരണത്തിന്, അവരുടെ ബൈബിളിൽനിന്ന് ദൈവത്തിന്റെ പേര് നീക്കി, പകരം “കർത്താവ്” എന്നതുപോലുള്ള സ്ഥാനപ്പേരുകൾ ഉപയോഗിച്ചു. അങ്ങനെ, ബൈബിൾ വായിക്കുന്ന ഒരാൾക്ക് യഹോവയും, തിരുവെഴുത്തുകളിലെ മറ്റു ‘കർത്താക്കന്മാരും’ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക ബുദ്ധിമുട്ടായി. (1 കൊരി. 8:5) കൂടാതെ, അവർ യഹോവയ്ക്കും യേശുവിനും “കർത്താവ്” എന്ന ഒരേ വാക്കുതന്നെ ഉപയോഗിച്ചു. അങ്ങനെ അവർ യഹോവയും യഹോവയുടെ മകനും രണ്ടു വ്യക്തികളാണെന്നു മനസ്സിലാക്കുന്നതു തടഞ്ഞു. (യോഹ. 17:3) ദൈവത്തിന്റെ വചനത്തിൽ പറഞ്ഞിട്ടുപോലുമില്ലാത്ത ത്രിത്വം എന്ന പഠിപ്പിക്കലിന് ഈ ആശയക്കുഴപ്പം വഴിയൊരുക്കി. ഇതിന്റെ ഫലമായി, ദൈവം ഒരു നിഗൂഢതയാണെന്നും ദൈവത്തെക്കുറിച്ച് മനസ്സിലാക്കാനാകില്ലെന്നും പലരും വിശ്വസിക്കുന്നു. എന്തൊരു നുണ! —പ്രവൃ. 17:27.
12. (എ) സാത്താൻ വ്യാജമതങ്ങളെ ഉപയോഗിച്ച് എന്തു ചെയ്യുന്നു? (ബി) റോമർ 1:28-31 പറയുന്നതുപോലെ അതിന്റെ ഫലമെന്താണ്?
12 സാത്താൻ അധാർമികമോഹങ്ങൾ ഉണർത്തുന്നു. പുരാതന ഇസ്രായേലിന്റെ കാലത്ത് അധാർമികത വ്യാപിപ്പിക്കാൻ സാത്താൻ വ്യാജമതങ്ങളെ ഉപയോഗിച്ചു. അവൻ ഇന്നും അതുതന്നെയാണു ചെയ്യുന്നത്. വ്യാജമതങ്ങൾ അധാർമികത വെച്ചുപൊറുപ്പിക്കുക മാത്രമല്ല, അതിലൊന്നും ഒരു തെറ്റുമില്ല എന്ന ധാരണ കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവത്തെ സേവിക്കുന്നു എന്ന് അവകാശപ്പെടുന്ന അനേകമാളുകൾ ദൈവത്തിന്റെ വ്യക്തമായ ധാർമികനിലവാരങ്ങൾ കാറ്റിൽപ്പറത്തിയിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമെന്താണെന്ന് അപ്പോസ്തലനായ പൗലോസ് റോമർക്കുള്ള കത്തിൽ വിവരിക്കുന്നുണ്ട്. (റോമർ 1:28-31 വായിക്കുക.) “അവിഹിതമായ കാര്യങ്ങൾ” എന്നതു സ്വവർഗരതി ഉൾപ്പെടെ എല്ലാ തരം ലൈംഗിക അധാർമികതയെയും കുറിക്കുന്നു. (റോമ. 1:24-27, 32; വെളി. 2:20) നമ്മൾ ബൈബിളിന്റെ വ്യക്തമായ പഠിപ്പിക്കലുകളോടു പറ്റിനിൽക്കേണ്ടത് എത്ര പ്രധാനമാണ്!
13. സാത്താൻ ഉപയോഗിക്കുന്ന മറ്റൊരു തന്ത്രം ഏതാണ്?
13 സാത്താൻ സ്വാഭാവികമായ ആഗ്രഹങ്ങളെ മുതലെടുക്കുന്നു. നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടി കരുതാനുള്ള സ്വാഭാവികമായ ആഗ്രഹം നമുക്കുണ്ട്. അതിനുവേണ്ടി എഴുത്തും വായനയും പോലുള്ള അടിസ്ഥാനപരമായ ചില കഴിവുകൾ നേടിയെടുക്കണം. (1 തിമൊ. 5:8) മിക്കപ്പോഴും, ഇങ്ങനെയുള്ള കഴിവുകൾ നേടുന്നതിനു നമ്മൾ സ്കൂളിൽ പോയി നന്നായി പഠിക്കണം. എന്നാൽ ഇതിൽ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. പല രാജ്യങ്ങളിലെയും വിദ്യാഭ്യാസസമ്പ്രദായം മാനുഷിക തത്ത്വജ്ഞാനവും പഠിപ്പിക്കുന്നുണ്ട്. ദൈവമുണ്ടോ എന്നു സംശയിക്കുന്ന, ബൈബിളിനെ പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരു യുവതലമുറയെയാണ് അതു വാർത്തെടുക്കുന്നത്. ‘വിവരമുള്ള എല്ലാവരും പരിണാമത്തിലേ വിശ്വസിക്കൂ’ എന്നാണു വിദ്യാർഥികളെ പഠിപ്പിക്കുന്നത്. (റോമ. 1:21-23) ഇത്തരം പഠിപ്പിക്കലുകൾ ‘ദൈവത്തിന്റെ ജ്ഞാനത്തിന്’ നേർവിപരീതമാണ്.—1 കൊരി. 1:19-21; 3:18-20.
14. മാനുഷിക തത്ത്വജ്ഞാനം ആളുകളിൽ എന്താണു വളർത്തുന്നത്?
14 മനുഷ്യരുടെ തത്ത്വജ്ഞാനം യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കും എതിരാണ്, അവയെ അവഗണിക്കുകയും ചെയ്യുന്നു. അതു ദൈവാത്മാവിന്റെ ഫലത്തിനു പകരം “ജഡത്തിന്റെ പ്രവൃത്തികൾ” ആണു വളർത്തുന്നത്. (ഗലാ. 5:19-23) അത് അഹങ്കാരം ജനിപ്പിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ആളുകൾ ‘സ്വസ്നേഹികൾ’ ആയിത്തീരുന്നു. (2 തിമൊ. 3:2-4) ദൈവം തന്റെ ദാസന്മാരിൽനിന്ന് പ്രതീക്ഷിക്കുന്ന താഴ്മ എന്ന ഗുണത്തിന് എതിരാണ് ഇവയെല്ലാം. (2 ശമു. 22:28) സർവകലാശാല വിദ്യാഭ്യാസം നേടിയ ക്രിസ്ത്യാനികളിൽ ചിലർ, തങ്ങളുടെ ചിന്തകളെ മനയാൻ ദൈവത്തെ അനുവദിക്കുന്നതിനു പകരം മാനുഷിക ചിന്തകളെ അനുവദിച്ചിരിക്കുന്നു. ഇതിന്റെ അപകടത്തെക്കുറിച്ച് മനസ്സിലാക്കാൻ പിൻവരുന്ന അനുഭവം നമ്മളെ സഹായിക്കും.
15-16. ഒരു സഹോദരിയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
15 മുഴുസമയസേവനത്തിൽ 15 വർഷം പിന്നിട്ട ഒരു സഹോദരി ഇങ്ങനെ പറയുന്നു: “സ്നാനമേറ്റ ഒരു സാക്ഷിയെന്ന നിലയിൽ സർവകലാശാല വിദ്യാഭ്യാസത്തിന്റെ അപകടങ്ങളെക്കുറിച്ച് ഞാൻ വായിക്കുകയും കേൾക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഞാൻ അതിനു ശ്രദ്ധ കൊടുത്തില്ല. ആ ഉപദേശം എനിക്കു ബാധകമല്ലെന്നാണു ഞാൻ കരുതിയത്.” അതിന്റെ ഫലമായി എന്തെല്ലാം പ്രശ്നങ്ങളാണു സഹോദരിക്കുണ്ടായത്? സഹോദരി തുറന്നുപറയുന്നു: “പഠനത്തിനുവേണ്ടി ധാരാളം സമയവും ശ്രമവും ആവശ്യമായിവന്നു. അതു കാരണം, മുമ്പത്തെപ്പോലെ സമയമെടുത്ത് പ്രാർഥിക്കാൻ കഴിയാതായി. എല്ലാം കഴിഞ്ഞ് ആകെ മടുത്തുപോകും, ശുശ്രൂഷയിൽ ബൈബിൾചർച്ചകൾ ആസ്വദിക്കാനോ മീറ്റിങ്ങുകൾക്കു നന്നായി തയ്യാറാകാനോ എനിക്കു കഴിഞ്ഞിരുന്നില്ല. ഇങ്ങനെ പോയാൽ യഹോവയുമായുള്ള എന്റെ ബന്ധം തകരുമെന്ന് എനിക്കു മനസ്സിലായി. ഉന്നതവിദ്യാഭ്യാസം നിറുത്താൻതന്നെ ഞാൻ തീരുമാനിച്ചു, ഞാൻ നിറുത്തുകയും ചെയ്തു.”
16 ഉന്നതവിദ്യാഭ്യാസം എങ്ങനെയാണു സഹോദരിയുടെ ചിന്തകളെ സ്വാധീനിച്ചത്? സഹോദരി പറയുന്നു: “മറ്റുള്ളവരുടെ, വിശേഷിച്ച് സഹോദരങ്ങളുടെ, കുറവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കാനും അവരിൽനിന്ന് സ്വയം ഒറ്റപ്പെടുത്താനും ആണു ഞാൻ തിരഞ്ഞെടുത്ത വിദ്യാഭ്യാസം എന്നെ പഠിപ്പിച്ചത്. ഓർക്കുമ്പോൾത്തന്നെ എനിക്കു നാണക്കേടു തോന്നുന്നു. ഇത്തരം തെറ്റായ ചിന്തകൾ മാറ്റിയെടുക്കാൻ എനിക്കു കുറെ സമയം വേണ്ടിവന്നു. നമ്മുടെ സ്വർഗീയപിതാവ് തന്റെ സംഘടനയിലൂടെ തരുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നത് എത്ര അപകടകരമാണെന്ന് എന്റെ അനുഭവത്തിലൂടെ ഞാൻ പഠിച്ചു. എന്നെക്കാൾ കൂടുതൽ എന്നെ അറിയാവുന്നത് യഹോവയ്ക്കാണ്. യഹോവ പറഞ്ഞതു ഞാൻ കേൾക്കേണ്ടതായിരുന്നു.”
17. (എ) എന്താണു നിങ്ങളുടെ ഉറച്ച തീരുമാനം? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
17 സാത്താന്റെ ലോകത്തിന്റെ ‘വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങൾ’ നമ്മളെ അടിമകളാക്കാൻ അനുവദിക്കില്ലെന്നു നമുക്ക് ഉറച്ച തീരുമാനമെടുക്കാം. സാത്താന്റെ തന്ത്രങ്ങൾക്ക് എതിരെ എപ്പോഴും ജാഗ്രതയോടെയിരിക്കുക. (1 കൊരി. 3:18; 2 കൊരി. 2:11) യഹോവയെ നിങ്ങൾ മറന്നുകളയാൻ സാത്താൻ ഇടയാക്കരുത്. യഹോവയുടെ ഉന്നതമായ ധാർമികനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുക. സാത്താന്റെ വഞ്ചനയിൽ കുടുങ്ങി യഹോവയുടെ ഉപദേശം അവഗണിക്കരുത്. എന്നാൽ ലോകത്തിന്റെ ചിന്താരീതി ഇപ്പോൾത്തന്നെ നിങ്ങളെ ബാധിച്ചിട്ടുള്ളതായി കാണുന്നെങ്കിലോ? ‘കോട്ടകൾപ്പോലെ’ ശക്തമായ ചിന്തകളെയും ശീലങ്ങളെയും ഇടിച്ചുകളയാൻ ദൈവവചനം നമ്മളെ എങ്ങനെ സഹായിക്കുമെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യും.—2 കൊരി. 10:4, 5.
ഗീതം 49 യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കാം
a ആളുകളെ വിഡ്ഢികളാക്കുന്നതിൽ വിദഗ്ധനാണു സാത്താൻ. ശരിക്കും സാത്താന്റെ അടിമകളാണു പലരും. എന്നിട്ടും തങ്ങൾ സ്വതന്ത്രരാണെന്നു വിശ്വസിക്കാൻ ഇടയാക്കിക്കൊണ്ട് സാത്താൻ അവരെ കബളിപ്പിച്ചിരിക്കുന്നു. അതിനുവേണ്ടി സാത്താൻ ഉപയോഗിക്കുന്ന ഏതാനും തന്ത്രങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.
b ചിത്രക്കുറിപ്പ്: ബാലിനെ ആരാധിക്കാനും അധാർമികപ്രവൃത്തികളിൽ ഏർപ്പെടാനും തങ്ങളുമായി സഹവസിക്കുന്ന ഇസ്രായേല്യരെ കനാന്യർ പ്രലോഭിപ്പിക്കുന്നു.
c ചിത്രക്കുറിപ്പ്: സ്വവർഗരതിക്കാർക്ക് അംഗത്വം അനുവദിക്കുന്നെന്നു കാണിക്കുന്ന ഒരു പള്ളിയുടെ പരസ്യം.
d ചിത്രക്കുറിപ്പ്: സർവകലാശാലയിൽ പ്രവേശനം ലഭിച്ച ഒരു യുവസഹോദരി; മനുഷ്യരുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും കഴിയും എന്ന പ്രൊഫസ്സറുടെ ആശയത്തിൽ സഹോദരിയും കൂട്ടുകാരും ആകൃഷ്ടരാകുന്നു. പിന്നീട്, വിമർശനബുദ്ധിയോടെ, ഒരു താത്പര്യവുമില്ലാതെ ആ സഹോദരി രാജ്യഹാളിൽ ഇരിക്കുന്നു.