പഠനലേഖനം 33
‘നിന്നെ ശ്രദ്ധിക്കുന്നവരെ’ നീ രക്ഷിക്കും
“നിനക്കും നിന്റെ പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ കൊടുക്കുക. ഇതെല്ലാം ചെയ്യുന്നതിൽ മടുത്തുപോകരുത്. എങ്കിൽ, നിന്നെത്തന്നെയും നിന്നെ ശ്രദ്ധിക്കുന്നവരെയും നീ രക്ഷിക്കും.”—1 തിമൊ. 4:16.
ഗീതം 67 “വചനം പ്രസംഗിക്കുക”
പൂർവാവലോകനം *
1. നമ്മുടെ കുടുംബാംഗങ്ങൾ എന്തു ചെയ്തുകാണാനാണു നമ്മൾ ആഗ്രഹിക്കുന്നത്?
“എന്റെ കുടുംബാംഗങ്ങളെല്ലാം എന്റെകൂടെ പറുദീസയിൽ ഉണ്ടായിരിക്കണം. ഇതായിരുന്നു സത്യം മനസ്സിലാക്കിയ ആ നിമിഷംമുതൽ എന്റെ ഉള്ളിലെ ആഗ്രഹം” എന്നു പൗളീൻ സഹോദരി പറയുന്നു. * “പ്രത്യേകിച്ചും ഭർത്താവായ വെയ്നും മകനും എന്നോടൊപ്പം യഹോവയെ സേവിക്കുന്നതു കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചു.” യഹോവയെ ഇതുവരെ അറിയുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ലാത്ത കുടുംബാംഗങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ, തന്റെ കുടുംബത്തെക്കുറിച്ച് പൗളീനു തോന്നിയതുതന്നെയായിരിക്കും നിങ്ങൾക്കും തോന്നുന്നത്.
2. ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
2 സന്തോഷവാർത്ത സ്വീകരിക്കാൻ നമുക്കു നമ്മുടെ കുടുംബാംഗങ്ങളെ നിർബന്ധിക്കാൻ കഴിയില്ല എന്നതു ശരിയാണ്. എന്നാൽ ബൈബിൾസന്ദേശത്തെക്കുറിച്ച് ചിന്തിക്കാനും അതിനോടു നന്നായി പ്രതികരിക്കാനും നമുക്ക് അവരെ സഹായിക്കാൻ കഴിയും. (2 തിമൊ. 3:14, 15) നമ്മൾ കുടുംബാംഗങ്ങളോടു സാക്ഷീകരിക്കേണ്ടത് എന്തുകൊണ്ടാണ്? അവരുടെ വികാരങ്ങൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്? നമ്മളെപ്പോലെ യഹോവയെ സ്നേഹിക്കുന്നവരാകാൻ നമുക്ക് എങ്ങനെ അവരെ സഹായിക്കാനാകും? ഇക്കാര്യത്തിൽ സഭയിലെ സഹോദരങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഈ ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും.
കുടുംബാംഗങ്ങളോടു സാക്ഷീകരിക്കേണ്ടത് എന്തുകൊണ്ട്?
3. 2 പത്രോസ് 3:9 അനുസരിച്ച്, കുടുംബാംഗങ്ങളോടു സാക്ഷീകരിക്കേണ്ടത് എന്തുകൊണ്ട്?
3 പെട്ടെന്നുതന്നെ യഹോവ ഈ വ്യവസ്ഥിതിയെ നശിപ്പിക്കും. ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവർ’ മാത്രമേ അതിജീവിക്കുകയുള്ളൂ. (പ്രവൃ. 13:48) നമ്മുടെ പ്രദേശത്തുള്ള അപരിചിതരോടു സാക്ഷീകരിക്കാൻ എത്ര സമയവും ഊർജവും ആണു നമ്മൾ ചെലവഴിക്കുന്നത്! ആ സ്ഥിതിക്ക്, നമ്മുടെ കുടുംബാംഗങ്ങൾ യഹോവയെ സേവിക്കാൻ നമ്മൾ എത്രയധികം ആഗ്രഹിക്കുന്നുണ്ടാകും. ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടണം’ എന്നാണു സ്നേഹമുള്ള നമ്മുടെ പിതാവായ യഹോവയുടെ ആഗ്രഹം.—2 പത്രോസ് 3:9 വായിക്കുക.
4. കുടുംബാംഗങ്ങളോടു സാക്ഷീകരിക്കുമ്പോൾ നമുക്ക് എന്തു തെറ്റു പറ്റിയേക്കാം?
4 ഓർക്കുക: രക്ഷയുടെ സന്ദേശം അറിയിക്കുന്നതിനു ശരിയായ വിധവുമുണ്ട്, അതുപോലെ തെറ്റായ വിധവുമുണ്ട്. പരിചയമില്ലാത്ത ഒരാളോടു സാക്ഷീകരിക്കുമ്പോൾ നമ്മൾ നയപൂർവം ഇടപെട്ടേക്കാം, എന്നാൽ കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോൾ വെട്ടിത്തുറന്ന് കാര്യങ്ങൾ പറഞ്ഞേക്കാം.
5. കുടുംബാംഗങ്ങളോടു സാക്ഷീകരിക്കുമ്പോൾ നമ്മൾ ഏതു കാര്യം ഓർക്കണം?
5 ആദ്യമായി ഒരു കുടുംബാംഗത്തോടു സാക്ഷീകരിച്ച വിധത്തെക്കുറിച്ച് ഓർക്കുമ്പോൾ പലർക്കും വിഷമം തോന്നാറുണ്ട്. അങ്ങനെയല്ലായിരുന്നു സംസാരിക്കേണ്ടതെന്ന് അവർ ചിന്തിക്കുന്നു. അപ്പോസ്തലനായ പൗലോസ് പിൻവരുന്ന ബുദ്ധിയുപദേശം ക്രിസ്ത്യാനികൾക്കു നൽകി: “എപ്പോഴും നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ. അങ്ങനെയാകുമ്പോൾ, ഓരോരുത്തർക്കും എങ്ങനെ മറുപടി കൊടുക്കണമെന്നു നിങ്ങൾ അറിഞ്ഞിരിക്കും.” (കൊലോ. 4:5, 6) കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോൾ ഇക്കാര്യം മനസ്സിൽപ്പിടിക്കുന്നതു പ്രധാനമാണ്. അല്ലെങ്കിൽ, അവർ ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്നതിനു പകരം നമ്മളിൽനിന്ന് അകന്നുപോയേക്കാം.
കുടുംബാംഗങ്ങളെ എങ്ങനെ സഹായിക്കാം?
6-7. അവിശ്വാസിയായ ഇണയെ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു അനുഭവം പറയുക.
6 അവരെ മനസ്സിലാക്കുക. മുമ്പ് പറഞ്ഞ പൗളീൻ തുടരുന്നു: “ആദ്യമൊക്കെ, ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും പഠിച്ച കാര്യങ്ങൾ എങ്ങനെയും ഭർത്താവിനെ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ വെമ്പൽകൊണ്ടു. മറ്റു കാര്യങ്ങളൊന്നും സംസാരിച്ചില്ല.” എന്നാൽ പൗളീന്റെ ഭർത്താവായ വെയ്നിനു ബൈബിളിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഭാര്യ എന്താണു പറയുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. ‘പൗളീന് അവളുടെ മതത്തെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ’ എന്ന് അദ്ദേഹം വിചാരിച്ചു. പൗളീൻ ഏതോ
അപകടംപിടിച്ച മതത്തിൽ ചെന്നുപെട്ടെന്നും അവളെ ആരൊക്കെയോ ചേർന്ന് പറ്റിച്ചിരിക്കുകയാണെന്നും ആണ് അദ്ദേഹത്തിനു തോന്നിയത്.7 കുറച്ച് കാലത്തേക്ക് പൗളീൻ വൈകുന്നേരങ്ങളിലും വാരാന്തങ്ങളിലും കൂടുതൽ സമയവും സഹോദരങ്ങളോടൊപ്പമാണു ചെലവഴിച്ചത്. ഒന്നുകിൽ യോഗങ്ങൾക്കു പോകും, അല്ലെങ്കിൽ വയൽസേവനത്തിലായിരിക്കും അതുമല്ലെങ്കിൽ സാമൂഹിക കൂടിവരവുകളിലായിരിക്കും. “വെയ്ൻ വീട്ടിലേക്കു വരുമ്പോൾ പലപ്പോഴും വീട്ടിൽ ആരുമുണ്ടാകില്ല. അദ്ദേഹത്തിനു വല്ലാത്ത ഏകാന്തത തോന്നി” എന്നു പൗളീൻ വിഷമത്തോടെ ഓർക്കുന്നു. ഭാര്യയും മകനും കൂടെയുണ്ടായിരിക്കണമെന്നു വെയ്ൻ തീർച്ചയായും ആഗ്രഹിച്ചിട്ടുണ്ടാകും. അവർ ആരുടെകൂടെയാണു സമയം ചെലവഴിക്കുന്നതെന്നു വെയ്നിന് അറിയില്ലായിരുന്നു. മാത്രവുമല്ല, ഭാര്യക്കു തന്നെക്കാൾ താത്പര്യം പുതിയ കൂട്ടുകാരോടാണെന്നു വെയ്നിനു തോന്നി. പൗളീനെ വിവാഹമോചനം ചെയ്യുമെന്നു വെയ്ൻ ഭീഷണിപ്പെടുത്തി. നിങ്ങൾക്ക് എന്തു തോന്നുന്നു? പൗളീന് എങ്ങനെയാണു വെയ്നിനെ മനസ്സിലാക്കി സാഹചര്യം മെച്ചമായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നത്?
8. 1 പത്രോസ് 3:1, 2 പറയുന്നതനുസരിച്ച്, നമ്മുടെ കുടുംബാംഗങ്ങൾ ഏറ്റവും അധികം ശ്രദ്ധിക്കുന്നത് എന്തായിരിക്കും?
8 നല്ല മാതൃക വെക്കുക. മിക്കപ്പോഴും നമ്മുടെ വാക്കുകളെക്കാളും കുടുംബാംഗങ്ങൾ ശ്രദ്ധിക്കുന്നതു നമ്മുടെ പ്രവൃത്തികളാണ്. (1 പത്രോസ് 3:1, 2 വായിക്കുക.) പൗളീനും ഇക്കാര്യം മനസ്സിലാക്കി. സഹോദരി പറയുന്നു: “വെയ്നിനു ഞങ്ങളോടു സ്നേഹമുണ്ടെന്നും വിവാഹമോചനം ചെയ്യാൻ ശരിക്കും ആഗ്രഹമില്ലെന്നും എനിക്ക് അറിയാമായിരുന്നു. പക്ഷേ അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തിയപ്പോൾ, ഞാൻ കാര്യങ്ങളെക്കുറിച്ച് ഒന്നുകൂടി ചിന്തിച്ചു. വിവാഹബന്ധത്തെക്കുറിച്ച് യഹോവ പറയുന്ന കാര്യങ്ങൾ ഞാൻ ബാധകമാക്കണമെന്ന് എനിക്കു മനസ്സിലായി. കൂടുതൽ സംസാരിക്കുന്നതിനു പകരം, എന്റെ പെരുമാറ്റത്തിലൂടെ ഞാൻ ഒരു നല്ല മാതൃക വെക്കണമായിരുന്നു.” ബൈബിളിനെക്കുറിച്ച് സംസാരിക്കാൻ വെയ്നിനെ നിർബന്ധിക്കുന്നതു പൗളീൻ നിറുത്തി. എന്നിട്ട് മറ്റു വിശേഷങ്ങളൊക്കെ വെയ്നിനോടു സംസാരിക്കാൻ തുടങ്ങി. പൗളീൻ ശാന്തമായി ഇടപെടുന്നതും മകൻ നന്നായി പെരുമാറുന്നതും വെയ്നിനു കാണാൻ കഴിഞ്ഞു. (സുഭാ. 31:18, 27, 28) ബൈബിൾസന്ദേശം തന്റെ കുടുംബത്തിലുണ്ടാക്കുന്ന നല്ല ഫലം കണ്ടപ്പോൾ വെയ്ൻ ദൈവവചനത്തിലെ സന്ദേശത്തെക്കുറിച്ച് ചിന്തിക്കാനും അതു ശ്രദ്ധിക്കാനും തുടങ്ങി.—1 കൊരി. 7:12-14, 16.
9. കുടുംബാംഗങ്ങളെ സഹായിക്കാനുള്ള ശ്രമം നിറുത്തിക്കളയരുതാത്തത് എന്തുകൊണ്ട്?
9 സഹായിക്കാനുള്ള ശ്രമം നിറുത്തിക്കളയരുത്. ഇക്കാര്യത്തിൽ യഹോവ നമുക്കു മാതൃക വെച്ചിട്ടുണ്ട്. സന്തോഷവാർത്തയോടു പ്രതികരിക്കാനും ജീവൻ നേടാനും ഉള്ള അവസരം യഹോവ ആളുകൾക്കു “വീണ്ടുംവീണ്ടും” കൊടുക്കുന്നു. (യിരെ. 44:4) മറ്റുള്ളവരെ സഹായിക്കുന്നതിൽ മടുത്തുപോകരുതെന്നു പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിനോടു പറഞ്ഞു. അങ്ങനെ തിമൊഥെയൊസ് തന്നെത്തന്നെയും തന്നെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കും. (1 തിമൊ. 4:16) നമ്മൾ നമ്മുടെ കുടുംബാംഗങ്ങളെ സ്നേഹിക്കുന്നു. ദൈവവചനത്തിലെ സത്യങ്ങൾ അവർ അറിയണമെന്ന് ആഗ്രഹിക്കുന്നു. പൗളീന്റെ വാക്കുകളും പ്രവൃത്തികളും പിന്നീടു കുടുംബത്തിൽ നല്ല ഫലമുണ്ടാക്കി. ഭർത്താവിനോടൊപ്പം യഹോവയെ സേവിക്കുന്നതിന്റെ സന്തോഷം അനുഭവിക്കാൻ ഇപ്പോൾ പൗളീനു കഴിയുന്നു. രണ്ടു പേരും ഇപ്പോൾ മുൻനിരസേവകരാണ്. വെയ്ൻ ഒരു മൂപ്പനായി സേവിക്കുന്നു.
10. ക്ഷമ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
10 ക്ഷമയുള്ളവരായിരിക്കുക. ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ നമ്മൾ ജീവിക്കുമ്പോൾ, നമ്മുടെ പുതിയ വിശ്വാസങ്ങളും ജീവിതരീതിയും മനസ്സിലാക്കാൻ കുടുംബാംഗങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. നമ്മൾ മതപരമായ ആഘോഷങ്ങളിൽ അവരുടെകൂടെ കൂടാത്തതും രാഷ്ട്രീയകാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതും ആയിരിക്കും മിക്കപ്പോഴും അവർ ആദ്യം ശ്രദ്ധിക്കുക. ചില കുടുംബാംഗങ്ങൾക്ക് ആദ്യം നമ്മളോടു ദേഷ്യം തോന്നിയേക്കാം. (മത്താ. 10:35, 36) പക്ഷേ ഇതു കാണുമ്പോൾ, അവർ ഒരിക്കലും മാറ്റം വരുത്താൻപോകുന്നില്ല എന്നു നമ്മൾ ചിന്തിക്കരുത്. നമ്മുടെ വിശ്വാസങ്ങൾ മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതു നിറുത്തിയാൽ, ശരിക്കും അവർക്കു നിത്യജീവനു യോഗ്യതയില്ലെന്നു നമ്മൾ വിധിക്കുകയല്ലേ? ഓർക്കുക: വിധിക്കാനുള്ള ഉത്തരവാദിത്വം യഹോവ നമ്മളെയല്ല, യേശുവിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. (യോഹ. 5:22) നമ്മൾ ക്ഷമയുള്ളവരാണെങ്കിൽ, കുറച്ച് നാൾ കഴിയുമ്പോൾ നമ്മുടെ സന്ദേശം ശ്രദ്ധിക്കാൻ കുടുംബാംഗങ്ങൾ മനസ്സു കാണിച്ചേക്കാം.—“പഠിപ്പിക്കാൻ നമ്മുടെ വെബ്സൈറ്റ് ഉപയോഗിക്കുക” എന്ന ചതുരം കാണുക.
11-13. ആലീസ് മാതാപിതാക്കളോട് ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
11 നയമുള്ളവരായിരിക്കുക, എന്നാൽ വിട്ടുവീഴ്ച ചെയ്യരുത്. (സുഭാ. 15:2) ആലീസിന്റെ അനുഭവം നോക്കാം. ആലീസിന്റെ മാതാപിതാക്കൾ രാഷ്ട്രീയത്തിൽ സജീവമായി ഉൾപ്പെട്ടിരുന്നവരും നിരീശ്വരവാദികളും ആയിരുന്നു. വീട്ടിൽനിന്ന് മാറി മറ്റൊരു രാജ്യത്ത് താമസിക്കുമ്പോഴാണ് ആലീസ് സത്യം പഠിക്കുന്നത്. താൻ പഠിക്കുന്ന നല്ല കാര്യങ്ങൾ എത്രയും പെട്ടെന്നു മാതാപിതാക്കളോടു പറയണമെന്ന് ആലീസ് മനസ്സിലാക്കി. ആലീസ് പറയുന്നു: “നിങ്ങളുടെ വിശ്വാസങ്ങളിലും പ്രവർത്തനങ്ങളിലും വന്ന മാറ്റം കുടുംബാംഗങ്ങളെ അറിയിക്കാൻ താമസിക്കുംതോറും അത് അവരിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും.” മാതാപിതാക്കൾക്ക് ആലീസ് കത്തുകൾ എഴുതി. അതിൽ അവർക്കു താത്പര്യം തോന്നുന്ന, സ്നേഹംപോലെയുള്ള വിഷയങ്ങളെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി. അതെക്കുറിച്ച് അവരുടെ അഭിപ്രായം ചോദിക്കുകയും ചെയ്തു. (1 കൊരി. 13:1-13) തന്നെ വളർത്തി വലുതാക്കിയതിന് അവരോടു നന്ദി പറഞ്ഞുകൊണ്ട് ആലീസ് അവർക്കു സമ്മാനങ്ങളും അയയ്ക്കുമായിരുന്നു. വീട്ടിൽ പോകുന്ന സമയത്ത് വീട്ടുജോലികൾ ചെയ്യുന്നതിന് അമ്മയെ സഹായിക്കാൻ ആലീസ് കഴിയുന്നതെല്ലാം ചെയ്തു. തന്റെ പുതിയ വിശ്വാസങ്ങളെക്കുറിച്ച് ആലീസ് പറഞ്ഞപ്പോൾ ആദ്യമൊന്നും അവർക്ക് അത്ര സന്തോഷം തോന്നിയില്ല.
12 വീട്ടിൽ ചെന്നപ്പോഴും ആലീസ് എല്ലാ ദിവസവും ബൈബിൾ വായിക്കുമായിരുന്നു. “ബൈബിൾ എനിക്ക് എത്ര പ്രധാനമാണെന്ന് മനസ്സിലാക്കാൻ ഇതു മമ്മിയെ സഹായിച്ചു” എന്ന് ആലീസ് പറയുന്നു. ആലീസിന്റെ അച്ഛൻ മകളുടെ പുതിയ വിശ്വാസത്തെക്കുറിച്ച് അറിയാനും ബൈബിളിൽ കുറ്റം കണ്ടുപിടിക്കാനും വേണ്ടി ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. ആലീസ് പറയുന്നു: “ഞാൻ ഡാഡിക്ക് ഒരു ബൈബിൾ കൊടുത്തു, അതിൽ ഹൃദയസ്പർശിയായ ചില വാക്കുകളും എഴുതിയിരുന്നു.” എന്തായിരുന്നു ഫലം? കുറ്റം കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, വായിച്ച കാര്യങ്ങൾ ആലീസിന്റെ അച്ഛനെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തു.
13 പരിശോധനകൾ സഹിക്കേണ്ടിവന്നാൽപ്പോലും നമ്മൾ വിട്ടുവീഴ്ച ചെയ്യരുത്. അതേസമയം നയം കാണിക്കുകയും വേണം. (1 കൊരി. 4:12ബി) ഉദാഹരണത്തിന്, ആലീസിന് അമ്മയുടെ എതിർപ്പു സഹിക്കേണ്ടിവന്നു. ആലീസ് പറയുന്നു: “ഞാൻ സ്നാനപ്പെട്ടപ്പോൾ മമ്മി എന്നെ ‘കൊള്ളരുതാത്തവൾ’ എന്നു വിളിച്ചു.” ആലീസ് എങ്ങനെയാണു പ്രതികരിച്ചത്? “എന്റെ വിശ്വാസങ്ങളെക്കുറിച്ച് ഇനി അവരോടു പറയേണ്ടാ എന്നു ഞാൻ ചിന്തിച്ചില്ല. പകരം വളരെ ബഹുമാനത്തോടെ ഞാൻ മമ്മിയോടു കാര്യങ്ങൾ വിശദീകരിച്ചു. യഹോവയുടെ സാക്ഷികളിൽ ഒരാളാകാൻ ഞാൻ തീരുമാനിച്ചെന്നും എന്റെ തീരുമാനത്തിനു മാറ്റമില്ലെന്നും ഞാൻ പറഞ്ഞു. അതോടൊപ്പം മമ്മിയെ ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു കൊടുത്തു. ഞങ്ങൾ രണ്ടു പേരും കരഞ്ഞുപോയി. മമ്മിക്കു ഞാൻ നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു. ബൈബിൾ പഠിക്കുന്നതുകൊണ്ട് എന്റെ സ്വഭാവത്തിൽ നല്ല മാറ്റങ്ങളുണ്ടായെന്ന് മമ്മി സമ്മതിച്ചു.”
14. യഹോവയെ സേവിക്കാനുള്ള നമ്മുടെ തീരുമാനത്തിനു മാറ്റം വരുത്താൻ കുടുംബാംഗങ്ങൾ നിർബന്ധിച്ചാൽ വഴങ്ങരുതാത്തത് എന്തുകൊണ്ട്?
14 യഹോവയെ സേവിക്കുന്നതു നമുക്ക് എത്ര പ്രധാനപ്പെട്ട കാര്യമാണെന്നു കുടുംബാംഗങ്ങൾ ശരിക്കും മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തേക്കാം. ഉദാഹരണത്തിന്, മാതാപിതാക്കൾ ആഗ്രഹിച്ച തരം വിദ്യാഭ്യാസവും ജോലിയും വേണ്ടെന്നുവെച്ച് ആലീസ് മുൻനിരസേവനം തുടങ്ങാൻ തീരുമാനിച്ചു. ആലീസിന്റെ അമ്മയ്ക്കു വല്ലാത്ത വിഷമം തോന്നി, കരച്ചിലടക്കാനായില്ല. പക്ഷേ ആലീസ് ഉറച്ചുനിന്നു. ആലീസ് പറയുന്നു: “ഏതെങ്കിലും ഒരു കാര്യത്തിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്താൽ, പല കാര്യങ്ങളിലും വീട്ടുവീഴ്ച ചെയ്യാൻ കുടുംബാംഗങ്ങൾ നിങ്ങളെ നിർബന്ധിക്കും. എന്നാൽ നിങ്ങൾ ദയ കാണിക്കുകയും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നെങ്കിൽ അവരിൽ ചിലർ നിങ്ങളെ ശ്രദ്ധിച്ചേക്കാം.” ആലീസിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്. ആലീസിന്റെ അച്ഛനും അമ്മയും ഇപ്പോൾ മുൻനിരസേവകരാണ്. അച്ഛൻ ഒരു മൂപ്പനായി സേവിക്കുന്നു.
സഭയിലുള്ള എല്ലാവർക്കും എങ്ങനെ സഹായിക്കാം?
15. മത്തായി 5:14-16-ഉം 1 പത്രോസ് 2:12-ഉം പറയുന്നതനുസരിച്ച്, മറ്റുള്ളവരുടെ “നല്ല പ്രവൃത്തികൾ” നമ്മുടെ കുടുംബാംഗങ്ങളെ എങ്ങനെ സഹായിച്ചേക്കാം?
15 സഭയിലെ സഹോദരങ്ങളുടെ ‘നല്ല പ്രവൃത്തികളിലൂടെ’ യഹോവ ആളുകളെ തന്നിലേക്ക് ആകർഷിക്കുന്നു. (മത്തായി 5:14-16; 1 പത്രോസ് 2:12 വായിക്കുക.) നിങ്ങളുടെ ഭാര്യയോ ഭർത്താവോ യഹോവയുടെ സാക്ഷിയല്ലെങ്കിൽ സഭയിലെ സഹോദരങ്ങളെ അവർ പരിചയപ്പെട്ടിട്ടുണ്ടോ? മുമ്പ് പറഞ്ഞ പൗളീൻ, സഹോദരന്മാരെയും സഹോദരിമാരെയും വീട്ടിലേക്കു ക്ഷണിച്ചു. ഭർത്താവിന് അവരെ പരിചയപ്പെടാൻ അങ്ങനെ അവസരം കിട്ടി. സാക്ഷികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാൻ ഒരു സഹോദരൻ തന്നെ എങ്ങനെയാണു സഹായിച്ചതെന്നു വെയ്ൻ ഓർക്കുന്നു: “എന്റെകൂടെ ഇരുന്ന് ടിവിയിൽ കളി കാണാൻവേണ്ടി ആ സഹോദരൻ ഒരു ദിവസം അവധിയെടുത്ത് വന്നു. അപ്പോൾ ഞാൻ ചിന്തിച്ചു, ‘ഇവർക്ക് ഇങ്ങനെയുള്ള കാര്യങ്ങളും ഇഷ്ടമാണല്ലേ!’”
16. മീറ്റിങ്ങുകൾക്കു വരാൻ നമ്മുടെ കുടുംബാംഗങ്ങളെ ക്ഷണിക്കേണ്ടത് എന്തുകൊണ്ട്?
16 നമ്മുടെ കുടുംബാംഗങ്ങളെ സഹായിക്കാനുള്ള നല്ലൊരു മാർഗം അവരെ സഭായോഗങ്ങൾക്കു ക്ഷണിക്കുന്നതാണ്. (1 കൊരി. 14:24, 25) വെയ്ൻ ആദ്യമായിട്ടു പോയത് ഒരു സ്മാരകത്തിനായിരുന്നു. കാരണം അത് ജോലിക്കു ശേഷമായിരുന്നു, മാത്രവുമല്ല അതിന് അധികം സമയവും വേണ്ടല്ലോ. വെയ്ൻ പറയുന്നു: “പ്രസംഗം കാര്യമായിട്ടൊന്നും എനിക്കു മനസ്സിലായില്ല. എന്നാൽ അവിടെ കണ്ട ആളുകളെ ഞാൻ ഒരിക്കലും മറക്കില്ല. അവർ എന്റെ അടുത്ത് വന്ന് കൈ തന്നിട്ട് ആത്മാർഥതയോടെ സംസാരിച്ചു. അവർ നല്ല ആളുകളാണെന്ന് എനിക്കു മനസ്സിലായി. “മീറ്റിങ്ങുകളിലായിരിക്കുമ്പോഴും വയൽശുശ്രൂഷയ്ക്കു പോകുമ്പോഴും മകനെ നോക്കാൻ പൗളീനെ സഹായിക്കുന്ന ഒരു ദമ്പതികളുണ്ടായിരുന്നു. പൗളീന്റെ പുതിയ വിശ്വാസത്തെക്കുറിച്ച് മനസ്സിലാക്കണമെന്നു വെയ്നിനു തോന്നിയപ്പോൾ തന്നെ ബൈബിൾ പഠിക്കാൻ സഹായിക്കാമോ എന്നു വെയ്ൻ ആ സഹോദരനോടു ചോദിച്ചു.
17. നമ്മൾ എന്തു ചിന്തിച്ച് വിഷമിക്കേണ്ട ആവശ്യമില്ല, നമ്മുടെ കുടുംബാംഗങ്ങളെ സഹായിക്കാനുള്ള ശ്രമം നിറുത്തരുതാത്തത് എന്തുകൊണ്ട്?
17 നമ്മുടെ കുടുംബാംഗങ്ങൾ എല്ലാവരും യഹോവയെ സേവിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ ചിലപ്പോൾ നമ്മൾ എത്രതന്നെ സഹായിച്ചാലും അവർ സത്യം സ്വീകരിച്ചെന്നു വരില്ല. അങ്ങനെ സംഭവിച്ചാൽ അതു നമ്മുടെ കുഴപ്പംകൊണ്ടാണെന്നു ചിന്തിക്കേണ്ട ആവശ്യമില്ല. എന്തായാലും നമുക്ക് ആരെയും നമ്മുടെ വിശ്വാസം അടിച്ചേൽപ്പിക്കാൻ കഴിയില്ലല്ലോ. എന്നാൽ യഹോവയെ സേവിക്കുന്നതിലുള്ള നമ്മുടെ സന്തോഷം കാണുന്നതു ബൈബിൾസന്ദേശം ശ്രദ്ധിക്കാൻ പിന്നീട് അവരെ പ്രേരിപ്പിച്ചേക്കാം. അവർക്കുവേണ്ടി പ്രാർഥിക്കുക. നയത്തോടെ അവരോടു സംസാരിക്കുക. സഹായിക്കാനുള്ള ശ്രമം നിറുത്തരുത്. (പ്രവൃ. 20:20) യഹോവ നിങ്ങളുടെ ശ്രമങ്ങൾ അനുഗ്രഹിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക. കുടുംബാംഗങ്ങൾ നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കുന്നെങ്കിൽ അവർക്കു രക്ഷ കിട്ടും!
ഗീതം 57 എല്ലാ തരം ആളുകളോടും പ്രസംഗിക്കുന്നു
^ ഖ. 5 നമ്മുടെ കുടുംബാംഗങ്ങളും ബന്ധുക്കളും യഹോവയെ അറിയാൻ നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ യഹോവയെ സേവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവരാണ്. നമ്മുടെ സന്ദേശം കേൾക്കാൻ അവർ തയ്യാറാകണമെങ്കിൽ നമ്മൾ എന്തെല്ലാം ചെയ്യണമെന്ന് ഈ ലേഖനം ചർച്ച ചെയ്യും.
^ ഖ. 1 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല. ഈ ലേഖനം യഹോവയെ സേവിക്കാത്ത കുടുംബാംഗങ്ങളെക്കുറിച്ചാണെങ്കിലും, ഇതിലെ തത്ത്വങ്ങൾ ബന്ധുക്കൾക്കും ബാധകമാണ്.
^ ഖ. 53 ചിത്രക്കുറിപ്പ്: ചെറുപ്പക്കാരനായ ഒരു സഹോദരൻ അവിശ്വാസിയായ പിതാവിനെ കാർ നന്നാക്കാൻ സഹായിക്കുന്നു. അവസരം കിട്ടിയപ്പോൾ jw.org-ലെ ഒരു വീഡിയോ കാണിക്കുന്നു.
^ ഖ. 55 ചിത്രക്കുറിപ്പുകൾ: അവിശ്വാസിയായ ഭർത്താവ് തിരക്കുപിടിച്ച ദിവസത്തെ വിശേഷങ്ങൾ പറയുമ്പോൾ സഹോദരി ശ്രദ്ധിച്ച് കേൾക്കുന്നു. പിന്നീട് സഹോദരി കുടുംബത്തോടൊപ്പം വിനോദത്തിൽ ഏർപ്പെടുന്നു.
^ ഖ. 57 ചിത്രക്കുറിപ്പുകൾ: സഹോദരി സഭയിലെ സഹോദരങ്ങളെ വീട്ടിലേക്കു ക്ഷണിച്ചിരിക്കുകയാണ്. സഹോദരിയുടെ ഭർത്താവിനെ അടുത്ത് അറിയാൻ അവർ ശ്രമിക്കുന്നു. പിന്നീട്, ഭർത്താവ് ഭാര്യയോടൊപ്പം സ്മാരകം കൂടുന്നു.