സ്നേഹം—ഒരു അമൂല്യഗുണം
പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമായുണ്ടാകുന്ന ഒൻപതു ഗുണങ്ങളെക്കുറിച്ച് ദൈവപ്രചോദിതമായി പൗലോസ് എഴുതി. (ഗലാ. 5:22, 23) ആകർഷകമായ ഈ ഗുണങ്ങളെയെല്ലാംകൂടെ ചേർത്ത് പൗലോസ് “ദൈവാത്മാവിന്റെ ഫലം” എന്നു വിളിച്ചു. a ഇതു ‘പുതിയ വ്യക്തിത്വത്തിന്റെ’ ഭാഗവുമാണ്. (കൊലോ. 3:10) വേണ്ട പരിചരണം കൊടുക്കുമ്പോൾ ഒരു മരം ഫലം തരുന്നതുപോലെ, ഒരാളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവ് തടസ്സമില്ലാതെ ഒഴുകുമ്പോൾ ആ വ്യക്തി ദൈവാത്മാവിന്റെ ഫലം പ്രകടമാക്കും.—സങ്കീ. 1:1-3.
ദൈവാത്മാവിന്റെ ഫലത്തിന്റെ ഭാഗമായി പൗലോസ് പട്ടികപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ ഗുണം സ്നേഹമാണ്. അതിന് എത്രത്തോളം മൂല്യമുണ്ട്? “സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല” എന്നാണു പൗലോസ് പറഞ്ഞത്. (1 കൊരി. 13:2) ആകട്ടെ, എന്താണു സ്നേഹം? നമുക്ക് അത് എങ്ങനെ വളർത്തിയെടുക്കാം? നമുക്കു സ്നേഹമുണ്ടെന്ന് അനുദിനജീവിതത്തിൽ എങ്ങനെ കാണിക്കാം?
എന്താണു സ്നേഹം?
സ്നേഹത്തെ വാക്കുകളിൽ നിർവചിക്കുക അത്ര എളുപ്പമല്ല. എങ്കിലും സ്നേഹമുള്ള ഒരാൾ എങ്ങനെ ചിന്തിക്കുമെന്നും പെരുമാറുമെന്നും ബൈബിൾ വിശദീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, സ്നേഹം “ക്ഷമയും ദയയും ഉള്ളതാണ്” എന്നു നമ്മൾ വായിക്കുന്നു. അതു “സത്യത്തിൽ സന്തോഷിക്കുന്നു” എന്നും “അത് എല്ലാം സഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു” എന്നും ബൈബിൾ പറയുന്നു. മറ്റുള്ളവരോടു തോന്നുന്ന ആഴമായ പ്രിയവും ആത്മാർഥമായ താത്പര്യവും അതിൽ ഉൾപ്പെടുന്നു. സ്നേഹമുള്ള ഒരാൾ വിശ്വസ്തനായ ഒരു സുഹൃത്തുമായിരിക്കും. അതേസമയം അസൂയ, അഹങ്കാരം, മാന്യതയില്ലാത്ത പെരുമാറ്റം, സ്വാർഥത, ക്ഷമിക്കാതെ നീരസം വെച്ചുകൊണ്ടിരിക്കുന്ന സ്വഭാവം എന്നിവയെല്ലാം സ്നേഹമില്ലായ്മയുടെ തെളിവാണ്. എന്നാൽ ഹൃദയശൂന്യവും വിലകെട്ടതും ആയ അത്തരം ദുർഗുണങ്ങൾപോലെയല്ല സ്നേഹം. നമ്മൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന സ്നേഹം “സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല.”—1 കൊരി. 13:4-8.
യഹോവയും യേശുവും—സ്നേഹത്തിന്റെ അതുല്യമാതൃകകൾ
“ദൈവം സ്നേഹമാണ്.” യഹോവയിൽ സ്നേഹം നിറഞ്ഞുനിൽക്കുന്നെന്നു പറയാം. (1 യോഹ. 4:8) യഹോവയുടെ ഓരോ സൃഷ്ടിയിലും ഓരോ പ്രവൃത്തിയിലും ആ സ്നേഹത്തിന്റെ സ്പർശമുണ്ട്. നമുക്കുവേണ്ടി കഷ്ടം സഹിച്ച് മരിക്കാൻ യേശുവിനെ അയച്ചതാണു മനുഷ്യകുടുംബത്തോട് യഹോവ കാണിച്ച ഏറ്റവും വലിയ സ്നേഹം. അപ്പോസ്തലനായ യോഹന്നാൻ എഴുതി: “തന്റെ ഏകജാതനിലൂടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോകത്തേക്ക് അയച്ചു. ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്നേഹം വെളിപ്പെട്ടിരിക്കുന്നു. നമ്മൾ ദൈവത്തെ സ്നേഹിച്ചിട്ടല്ല, പകരം നമ്മളോടുള്ള സ്നേഹം കാരണമാണു ദൈവം തന്റെ മകനെ നമ്മുടെ പാപങ്ങൾക്ക് ഒരു അനുരഞ്ജനബലിയായി അയച്ചത്. ഇതാണ് യഥാർഥസ്നേഹം.” (1 യോഹ. 4:9, 10) ദൈവം ഈ വിധത്തിൽ സ്നേഹം കാണിച്ചതുകൊണ്ടാണു നമുക്കു പാപങ്ങളുടെ ക്ഷമ കിട്ടുന്നത്, ഒരു പ്രത്യാശ ലഭിച്ചത്, ജീവനിലേക്കുള്ള വഴി തുറന്നത്.
ദൈവത്തിന്റെ ഇഷ്ടം മനസ്സോടെ നിറവേറ്റിക്കൊണ്ട് യേശുവും മനുഷ്യരോടുള്ള സ്നേഹം തെളിയിച്ചു. പൗലോസ് എഴുതി: “‘ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു’ എന്നു ക്രിസ്തു പറയുന്നു. . . . ആ ‘ഇഷ്ടത്താൽ’ യേശുക്രിസ്തു ഒരിക്കലായിട്ട് തന്റെ ശരീരം അർപ്പിക്കുകയും അങ്ങനെ നമ്മളെ വിശുദ്ധീകരിക്കുകയും ചെയ്തു.” (എബ്രാ. 10:9, 10) ഇതിലേറെ സ്നേഹം കാണിക്കാൻ ഒരു മനുഷ്യനും സാധിക്കില്ല. യേശു പറഞ്ഞു: “സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.” (യോഹ. 15:13) യഹോവയും യേശുവും കാണിച്ച സ്നേഹം അനുകരിക്കാൻ അപൂർണമനുഷ്യരായ നമുക്കു സാധിക്കുമോ? സാധിക്കും! എങ്ങനെയെന്ന് ഇപ്പോൾ നോക്കാം.
“സ്നേഹത്തിൽ ജീവിക്കുക”
പൗലോസ് ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “പ്രിയമക്കളായി ദൈവത്തെ അനുകരിക്കുക. നമ്മളെ സ്നേഹിച്ച് . . . തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ക്രിസ്തുവിനെപ്പോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുക.” (എഫെ. 5:1, 2) ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ ഗുണം പ്രകടമാക്കുമ്പോൾ നമ്മൾ ‘സ്നേഹത്തിൽ ജീവിക്കുകയാണ്’ എന്നു പറയാം. വാക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ സ്നേഹം, പ്രവൃത്തികളിലൂടെയും നമ്മൾ അതു തെളിയിക്കുന്നു. യോഹന്നാൻ എഴുതി: “കുഞ്ഞുങ്ങളേ, വാക്കുകൊണ്ടും നാക്കുകൊണ്ടും അല്ല, പ്രവൃത്തിയിലും സത്യത്തിലും ആണ് നമ്മൾ പരസ്പരം സ്നേഹിക്കേണ്ടത്.” (1 യോഹ. 3:18) ഉദാഹരണത്തിന്, ദൈവത്തോടും അയൽക്കാരോടും ഉള്ള ‘സ്നേഹത്തിൽ ജീവിക്കുന്നെങ്കിൽ,’ അയൽക്കാരോടു ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ അറിയിക്കാൻ നമുക്കു സ്വാഭാവികമായും തോന്നും. (മത്താ. 24:14; ലൂക്കോ. 10:27) മറ്റുള്ളവരോടു ക്ഷമയും ദയയും കാണിക്കുമ്പോഴും നമ്മൾ ‘സ്നേഹത്തിൽ ജീവിക്കുകയാണ്.’ “യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക” എന്നാണു ബൈബിൾ നമ്മളോടു പറയുന്നത്.—കൊലോ. 3:13.
എന്നാൽ നമ്മൾ മറ്റുള്ളവർക്ക് ഉപദേശമോ തിരുത്തലോ കൊടുക്കുന്നത് അവരോടു സ്നേഹമില്ലാത്തതുകൊണ്ടല്ല എന്നും ഓർക്കണം. ഉദാഹരണത്തിന് കുഞ്ഞിന്റെ കരച്ചിൽ നിറുത്താൻ അച്ഛനോ അമ്മയോ ആ കുഞ്ഞ് ആവശ്യപ്പെടുന്ന ഏതു കാര്യവും നടത്തിക്കൊടുത്തേക്കാം. പക്ഷേ തന്റെ കുട്ടിയെ ശരിക്കും സ്നേഹിക്കുന്ന ഒരു പിതാവ് ആവശ്യം വരുമ്പോൾ കണിശമായിത്തന്നെ പെരുമാറും. ദൈവം അങ്ങനെയാണ്. ദൈവം സ്നേഹമാണെങ്കിലും “താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു.” (എബ്രാ. 12:6) നമ്മൾ ‘സ്നേഹത്തിൽ ജീവിക്കുന്നെങ്കിൽ’ ആവശ്യമായ സമയത്ത് ഉചിതമായ ശിക്ഷണം കൊടുക്കും. (സുഭാ. 3:11, 12) പക്ഷേ നമ്മളും പാപികളാണെന്ന കാര്യം മറക്കരുത്. അതുകൊണ്ടുതന്നെ സ്നേഹമില്ലാതെ പ്രവർത്തിക്കാനുള്ള ഒരു ചായ്വ് നമുക്കുണ്ട്. സ്നേഹം കാണിക്കുന്ന കാര്യത്തിൽ പല മേഖലകളിലും നമ്മളെല്ലാം മെച്ചപ്പെടാനുണ്ട് എന്നു വ്യക്തം. നമുക്ക് അത് എങ്ങനെ ചെയ്യാം? മൂന്നു വിധങ്ങൾ നോക്കാം.
സ്നേഹം വളർത്തിയെടുക്കാൻ
ഒന്നാമതായി, ദൈവാത്മാവിനുവേണ്ടി യാചിക്കുക. അതു നമ്മളിൽ സ്നേഹം ജനിപ്പിക്കും. യഹോവ ‘തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കും’ എന്നു യേശു പറഞ്ഞു. (ലൂക്കോ. 11:13) നമ്മൾ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും ‘എപ്പോഴും ദൈവാത്മാവിനെ അനുസരിച്ച് നടക്കുകയും’ ചെയ്താൽ നമുക്കു കൂടുതൽ സ്നേഹത്തോടെ മറ്റുള്ളവരോട് ഇടപെടാനാകും. (ഗലാ. 5:16) ചില ഉദാഹരണങ്ങൾ നോക്കാം. നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ, മറ്റുള്ളവർക്കു തിരുവെഴുത്തുപദേശങ്ങൾ കൊടുക്കുമ്പോൾ അതു സ്നേഹത്തോടെ ചെയ്യാൻ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി യാചിക്കാനാകും. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ കുട്ടികൾക്കു കോപത്തോടെ ശിക്ഷണം കൊടുക്കുന്നതിനു പകരം സ്നേഹത്തോടെ ശിക്ഷണം കൊടുക്കാനുള്ള സഹായത്തിനായി പരിശുദ്ധാത്മാവിനുവേണ്ടി അപേക്ഷിക്കാം.
രണ്ടാമതായി, പ്രകോപനമുണ്ടായപ്പോൾപ്പോലും യേശു എങ്ങനെയാണു സ്നേഹത്തോടെ പെരുമാറിയതെന്നു ചിന്തിക്കുക. (1 പത്രോ. 2:21, 23) മറ്റുള്ളവർ നമ്മളെ മുഷിപ്പിക്കുകയോ നമ്മൾ അനീതിക്ക് ഇരയാകുകയോ ചെയ്യുമ്പോൾ ക്രിസ്തുവിന്റെ മാതൃകയെക്കുറിച്ച് ചിന്തിക്കുന്നതു വളരെയധികം പ്രയോജനം ചെയ്യും. അത്തരം സാഹചര്യങ്ങളിൽ, ‘യേശുവായിരുന്നെങ്കിൽ ഇപ്പോൾ എന്തു ചെയ്തേനേ’ എന്നു ചിന്തിക്കുന്നതു നല്ലതാണ്. എടുത്തുചാടി ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് ഒരുവട്ടംകൂടി ചിന്തിക്കാൻ ഇതു സഹായിക്കുമെന്നു ലി എന്ന സഹോദരിയുടെ അനുഭവം തെളിയിക്കുന്നു. സഹോദരി പറയുന്നു: “ഒരിക്കൽ എന്റെ ഒരു സഹപ്രവർത്തക എന്നെക്കുറിച്ചും എന്റെ ജോലിയെക്കുറിച്ചും മോശമായ ചില അഭിപ്രായങ്ങൾ ഇ-മെയിൽ വഴി എന്റെ സഹപ്രവർത്തകർക്ക് അയച്ചുകൊടുത്തു. എനിക്കാകെ വിഷമമായി. പക്ഷേ, ‘ഇതു കൈകാര്യം ചെയ്യുന്ന കാര്യത്തിൽ എനിക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം’ എന്നു ഞാൻ അപ്പോൾ ചിന്തിച്ചു. യേശുവായിരുന്നെങ്കിൽ എന്തു ചെയ്തേനേ എന്നു ചിന്തിച്ചിട്ട് ഈ പ്രശ്നം വിട്ടുകളയാൻ ഞാൻ തീരുമാനിച്ചു. ഞാൻ അതൊരു വലിയ വിഷയമാക്കിയില്ല. പിന്നീടാണ്, ആ സ്ത്രീ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം കാരണം കടുത്ത മാനസികബുദ്ധിമുട്ടിലായിരുന്നെന്നു ഞാൻ അറിഞ്ഞത്. അവർ ഒന്നും മനസ്സിൽവെച്ചുകൊണ്ടായിരിക്കില്ല അതു ചെയ്തത് എന്നു ഞാൻ ഊഹിച്ചു. പ്രകോപനമുണ്ടായപ്പോൾപ്പോലും യേശു കാണിച്ച സ്നേഹത്തെക്കുറിച്ച് ചിന്തിച്ചത് എന്റെ സഹപ്രവർത്തകയോടു സ്നേഹം കാണിക്കാൻ എന്നെ സഹായിച്ചു.” അതെ, യേശുവിനെ അനുകരിക്കുകയാണെങ്കിൽ നമ്മൾ എപ്പോഴും സ്നേഹത്തോടെ പെരുമാറും.
മൂന്നാമതായി, ആത്മത്യാഗപരമായ സ്നേഹം നട്ടുവളർത്തുക. സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന അടയാളമാണ് അത്. (യോഹ. 13:34, 35) ഇതിനായി, യേശുവിനുണ്ടായിരുന്ന “അതേ മനോഭാവം” വളർത്തിയെടുക്കാൻ തിരുവെഴുത്തുകൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. സ്വർഗത്തിൽനിന്ന് പോന്നപ്പോൾ യേശു നമുക്കുവേണ്ടി ‘തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു.’ ‘മരണത്തോളംപോലും’ പോകാൻ യേശു തയ്യാറായി. (ഫിലി. 2:5-8) യേശുവിന്റെ ആത്മത്യാഗസ്നേഹം അനുകരിക്കുമ്പോൾ നമ്മുടെ ചിന്തകളും വികാരങ്ങളും കൂടുതൽക്കൂടുതൽ ക്രിസ്തുവിന്റേതുപോലെയാകും. നമ്മുടെ താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാൻ നമുക്ക് അപ്പോൾ തോന്നും. സ്നേഹം വളർത്തിയെടുക്കുന്നതുകൊണ്ടുള്ള മറ്റു ചില പ്രയോജനങ്ങൾ ഏതെല്ലാമാണ്?
സ്നേഹത്തിന്റെ പ്രയോജനങ്ങൾ
മറ്റുള്ളവരോടു സ്നേഹം കാണിക്കുന്നതിന്റെ പ്രയോജനങ്ങൾ ധാരാളമാണ്. അതിൽ രണ്ടെണ്ണം നോക്കാം:
-
ഒരു അന്താരാഷ്ട്ര സഹോദരകുടുംബം: നമുക്കു പരസ്പരം സ്നേഹമുള്ളതുകൊണ്ട് ലോകത്തെവിടെയുമുള്ള ഏതു സഭയിൽ പോയാലും അവിടെ നമ്മളെ ഊഷ്മളമായി സ്വാഗതം ചെയ്യാൻ നമ്മുടെ സഹോദരീസഹോദരന്മാരുണ്ടാകും എന്നു നമുക്ക് അറിയാം. ‘ലോകം മുഴുവനുമുള്ള സഹോദരസമൂഹത്തിന്റെ’ സ്നേഹം നുകരാനാകുന്നത് എത്ര വലിയൊരു അനുഗ്രഹമാണ്! (1 പത്രോ. 5:9) ദൈവജനത്തിന് ഇടയിലല്ലാതെ മറ്റ് എവിടെയെങ്കിലും ഇത്തരം സ്നേഹം കാണാനാകുമോ?
-
സമാധാനം: ‘സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോയാൽ’ നമ്മളെ “ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം” നമ്മൾ അനുഭവിച്ചറിയും. (എഫെ. 4:2, 3) നമ്മുടെ സഭായോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും നമ്മൾ ഈ സമാധാനം നേരിട്ട് അനുഭവിച്ചറിയുന്നു. ഭിന്നിച്ചുനിൽക്കുന്ന ഇന്നത്തെ ലോകത്തിൽ ഇത്തരം സമാധാനം വേറെങ്ങും കാണാനാകില്ലെന്നു നിങ്ങളും സമ്മതിക്കില്ലേ? (സങ്കീ. 119:165; യശ. 54:13) മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുമ്പോൾ നമ്മൾ അവരെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കുകയാണ്. അതു നമ്മുടെ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കും.—സങ്കീ. 133:1-3; മത്താ. 5:9.
“സ്നേഹം ബലപ്പെടുത്തുന്നു”
“സ്നേഹം ബലപ്പെടുത്തുന്നു” എന്നു പൗലോസ് എഴുതി. (1 കൊരി. 8:1) സ്നേഹം എങ്ങനെയാണു ബലപ്പെടുത്തുന്നത്? ചിലർ “സ്നേഹത്തിന്റെ സങ്കീർത്തനം” എന്നു വിളിക്കുന്ന, 1 കൊരിന്ത്യർ 13-ാം അധ്യായത്തിൽ ഇതു വിശദീകരിക്കുന്നുണ്ട്. സ്നേഹം സ്വന്തം നേട്ടത്തെക്കുറിച്ചല്ല മറ്റുള്ളവരുടെ നേട്ടത്തെക്കുറിച്ചാണു ചിന്തിക്കുന്നത് എന്ന് അവിടെ പറയുന്നു. (1 കൊരി. 10:24; 13:5) കൂടാതെ, സ്നേഹം പരിഗണനയും ക്ഷമയും ദയയും ഉള്ളതുമാണ്. അതിനു മറ്റുള്ളവരെക്കുറിച്ച് ചിന്തയുമുണ്ട്. അത്തരം സ്നേഹത്തിന്റെ ഫലമോ? കെട്ടുറപ്പുള്ള കുടുംബങ്ങളും ഐക്യമുള്ള സഭകളും!—കൊലോ. 3:14.
നമുക്കെല്ലാവർക്കും ദൈവത്തോടുള്ള സ്നേഹമാണ് ഏറ്റവും മൂല്യമുള്ളത്. നമ്മളെ ഏറ്റവും അധികം ബലപ്പെടുത്തുന്ന സ്നേഹമാണ് അത്. എന്തുകൊണ്ട്? കാരണം ആ സ്നേഹം നമ്മളെ ഒന്നിപ്പിക്കുന്നു. “തോളോടുതോൾ ചേർന്ന്” സന്തോഷത്തോടെ യഹോവയെ സേവിക്കാൻ എല്ലാ പശ്ചാത്തലങ്ങളിലും വംശങ്ങളിലും ഭാഷകളിലും ഉള്ള ആളുകളെ അതു സഹായിക്കുന്നു. (സെഫ. 3:9) ദൈവാത്മാവിന്റെ ഫലത്തിന്റെ ഭാഗമായ ഈ അമൂല്യഗുണം ഓരോ ദിവസവും ജീവിതത്തിൽ പകർത്താൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം.
a ഒൻപതു ഭാഗങ്ങളുള്ള ഒരു ലേഖനപരമ്പരയിലെ ആദ്യത്തെ ലേഖനമാണിത്. ഓരോ ലേഖനത്തിലും ദൈവാത്മാവിന്റെ ഫലത്തിന്റെ ഭാഗമായ ഓരോ ഗുണം വീതം ചർച്ച ചെയ്യും.