പഠനലേഖനം 45
തമ്മിൽത്തമ്മിൽ അചഞ്ചലസ്നേഹം കാണിക്കുക
“അചഞ്ചലസ്നേഹത്തോടും കരുണയോടും കൂടെ ഇടപെടുക.”—സെഖ. 7:9.
ഗീതം 107 സ്നേഹത്തിന്റെ ദിവ്യമാതൃക
പൂർവാവലോകനം a
1-2. തമ്മിൽത്തമ്മിൽ അചഞ്ചലസ്നേഹം കാണിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്?
തമ്മിൽത്തമ്മിൽ അചഞ്ചലസ്നേഹം കാണിക്കാൻ നമുക്കു പല കാരണങ്ങളുണ്ട്. അവയിൽ ചിലത് ഏതൊക്കെയാണെന്ന് സുഭാഷിതങ്ങൾ എന്ന ബൈബിൾപുസ്തകത്തിൽ കാണാം. “അചഞ്ചലസ്നേഹവും വിശ്വസ്തതയും കൈവിടരുത്. . . . അപ്പോൾ ദൈവത്തിനും മനുഷ്യർക്കും നിന്നോടു പ്രീതി തോന്നും; നിനക്ക് ഉൾക്കാഴ്ചയുണ്ടെന്ന് അവർ മനസ്സിലാക്കും.” “അചഞ്ചലസ്നേഹമുള്ളവൻ തനിക്കുതന്നെ ഗുണം ചെയ്യുന്നു.” “നീതിയും അചഞ്ചലസ്നേഹവും കാണിക്കുന്നവന് ജീവനും നീതിയും മഹത്ത്വവും ലഭിക്കും.”—സുഭാ. 3:3, 4; 11:17, അടിക്കുറിപ്പ്; 21:21.
2 നമ്മൾ അചഞ്ചലസ്നേഹം കാണിക്കേണ്ടതിന്റെ മൂന്നു കാരണങ്ങൾ ആ വാക്യങ്ങളിൽ കാണാം. ഒന്നാമതായി, അചഞ്ചലസ്നേഹം കാണിക്കുമ്പോൾ നമ്മൾ ദൈവത്തിനു പ്രിയപ്പെട്ടവരാകും. രണ്ടാമതായി, അതു നമുക്കുതന്നെ ഗുണം ചെയ്യും. ഉദാഹരണത്തിന് മറ്റുള്ളവരുമായി നിലനിൽക്കുന്ന സ്നേഹബന്ധം വളർത്തിയെടുക്കാൻ അതു നമ്മളെ സഹായിക്കും. മൂന്നാമതായി, അചഞ്ചലസ്നേഹം കാണിക്കുന്നവർക്കു നിത്യജീവൻ ഉൾപ്പെടെ ഭാവിയിൽ പല അനുഗ്രഹങ്ങളും ലഭിക്കും. തമ്മിൽത്തമ്മിൽ “അചഞ്ചലസ്നേഹത്തോടും കരുണയോടും കൂടെ ഇടപെടുക” എന്ന യഹോവയുടെ വാക്കുകൾ അനുസരിക്കാൻ നമുക്കു ധാരാളം കാരണങ്ങളുണ്ട്.—സെഖ. 7:9.
3. ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
3 ഈ ലേഖനത്തിൽ നാലു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും. നമ്മൾ ആരോടാണ് അചഞ്ചലസ്നേഹം കാണിക്കേണ്ടത്? അചഞ്ചലസ്നേഹം കാണിക്കുന്നതിനെക്കുറിച്ച് രൂത്ത് എന്ന ബൈബിൾപുസ്തകത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? നമുക്ക് ഇന്ന് എങ്ങനെ അചഞ്ചലസ്നേഹം കാണിക്കാം? അചഞ്ചലസ്നേഹം കാണിക്കുന്നതുകൊണ്ട് നമുക്ക് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
ആരോടാണ് അചഞ്ചലസ്നേഹം കാണിക്കേണ്ടത്?
4. ഏതു കാര്യത്തിൽ നമുക്കു യഹോവയെ അനുകരിക്കാം? (മർക്കോസ് 10:29, 30)
4 തന്നെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരോടാണ് യഹോവ അചഞ്ചലസ്നേഹം, അതായത് നിലനിൽക്കുന്ന ഉറ്റ സ്നേഹം, കാണിക്കുന്നതെന്നു കഴിഞ്ഞ ലേഖനത്തിൽ നമ്മൾ കണ്ടു. (ദാനി. 9:4) ദൈവത്തിന്റെ പ്രിയ മക്കളായി ആ മാതൃക ‘അനുകരിക്കാൻ’ നമ്മൾ ആഗ്രഹിക്കുന്നു. (എഫെ. 5:1) അതുകൊണ്ട് സഹോദരീസഹോദരന്മാരോട് ഏതു സാഹചര്യത്തിലും പറ്റിച്ചേർന്നുനിന്നുകൊണ്ട് ഉറ്റ സ്നേഹം കാണിക്കുന്നതിലൂടെ നമുക്കു ദൈവത്തെ അനുകരിക്കാം.—മർക്കോസ് 10:29, 30 വായിക്കുക.
5-6. (എ) അചഞ്ചലസ്നേഹവും വിശ്വസ്തതയും ഒന്നാണോ? (ബി) എങ്ങനെയുള്ള ഒരാളെ ആളുകൾ പൊതുവേ വിശ്വസ്തനായി കണക്കാക്കിയേക്കാമെന്ന് ഒരു ഉദാഹരണം ഉപയോഗിച്ച് വിശദീകരിക്കുക?
5 അചഞ്ചലസ്നേഹം എന്താണെന്നു നമ്മൾ എത്ര നന്നായി മനസ്സിലാക്കുന്നോ അത്ര നന്നായി അതു മറ്റുള്ളവരോടു കാണിക്കാനും നമുക്കാകും. അചഞ്ചലസ്നേഹം അഥവാ വിശ്വസ്തസ്നേഹം എന്നു പറഞ്ഞാൽ വിശ്വസ്തത എന്നാണ് അർഥമെന്നു ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ അവ തമ്മിൽ വ്യത്യാസമുണ്ട്. അതു മനസ്സിലാക്കാൻ നമുക്ക് ഒരു ഉദാഹരണം നോക്കാം.
6 വർഷങ്ങളായി ഒരേ കമ്പനിയിൽത്തന്നെ ജോലി ചെയ്യുന്ന ഒരാളെക്കുറിച്ച് അയാൾ വിശ്വസ്തനായ, ആശ്രയയോഗ്യനായ ഒരു ജോലിക്കാരനാണെന്നു പറയാനാകും. എന്നാൽ ഇത്രയും കാലം അയാൾ അവിടെ ആത്മാർഥമായി ജോലി ചെയ്തതു മുതലാളിമാരോടുള്ള സ്നേഹംകൊണ്ടാണെന്നൊന്നും പറയാനാകില്ല. ഒരുപക്ഷേ അയാൾ ഇതുവരെ അവിടത്തെ മുതലാളിമാരെ കണ്ടിട്ടുപോലുമുണ്ടാകില്ല. ആ കമ്പനിയുടെ എല്ലാ നയങ്ങളോടും അയാൾക്കു യോജിപ്പ് ഉണ്ടാകണമെന്നുമില്ല. അയാൾക്കു ജീവിക്കാൻ പണം വേണം. അതുകൊണ്ട് അവിടെ ജോലി ചെയ്യുന്നു. അതിലും നല്ല ഒരു ജോലി കിട്ടാത്തിടത്തോളം വിരമിക്കുന്നതുവരെ വിശ്വസ്തനായി അയാൾ അവിടെ തുടരുകയും ചെയ്യും.
7-8. (എ) വിശ്വസ്തതയും അചഞ്ചലസ്നേഹവും തമ്മിലുള്ള വ്യത്യാസം എന്താണ്? (ബി) രൂത്ത് എന്ന ബൈബിൾപുസ്തകത്തിൽനിന്ന് നമ്മൾ പഠിക്കാൻപോകുന്ന ചില പാഠങ്ങൾ എന്തൊക്കെയാണ്?
7 ആരോടെങ്കിലും അല്ലെങ്കിൽ എന്തിനോടെങ്കിലും വിശ്വസ്തത കാണിക്കുക എന്നതു നല്ലൊരു കാര്യമാണ്. എന്നാൽ അചഞ്ചലസ്നേഹം കാണിക്കുന്നതിൽ ഒരാളുടെ ഹൃദയവുംകൂടെ ഉൾപ്പെടുന്നുണ്ട്. അതു നന്നായി മനസ്സിലാക്കാൻ ചില ബൈബിൾവിവരണങ്ങൾ നമ്മളെ സഹായിക്കും. ഉദാഹരണത്തിന് ദാവീദ് രാജാവിന്റെ കാര്യം നോക്കാം. യോനാഥാന്റെ അപ്പൻ തന്നെ കൊല്ലാൻ നോക്കിയപ്പോഴും യോനാഥാനോട് അചഞ്ചലസ്നേഹം കാണിക്കാൻ ഹൃദയം ദാവീദിനെ പ്രേരിപ്പിച്ചു. ഇനി, യോനാഥാൻ മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മകനായ മെഫിബോശെത്തിനു നന്മ ചെയ്തുകൊണ്ടും ദാവീദ് യോനാഥാനോട് അചഞ്ചലസ്നേഹം കാണിച്ചു. എന്തുകൊണ്ടാണ് ദാവീദ് അങ്ങനെ ചെയ്തത്? ഉള്ളിന്റെയുള്ളിൽ യോനാഥാനോടു തോന്നിയ അടുപ്പമാണ് ദാവീദിനെ അതിനു പ്രേരിപ്പിച്ചത്.—1 ശമു. 20:9, 14, 15; 2 ശമു. 4:4; 8:15; 9:1, 6, 7.
8 അടുത്തതായി നമുക്കു രൂത്ത് എന്ന ബൈബിൾപുസ്തകത്തിലെ ചില ഭാഗങ്ങൾ നോക്കാം. ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ആളുകളിൽനിന്ന് അചഞ്ചലസ്നേഹത്തെക്കുറിച്ച് നമുക്ക് എന്തെല്ലാം മനസ്സിലാക്കാം? ആ പാഠങ്ങൾ നമുക്കു സഭയിൽ എങ്ങനെ പ്രാവർത്തികമാക്കാം? b
രൂത്ത് എന്ന പുസ്തകത്തിൽനിന്ന് എന്തു പഠിക്കാം?
9. യഹോവ തനിക്ക് എതിരായിരിക്കുന്നെന്നു നൊവൊമി പറയാൻ കാരണം എന്താണ്?
9 രൂത്ത് എന്ന പുസ്തകത്തിൽ പ്രധാനമായും നമ്മൾ മൂന്നു പേരെക്കുറിച്ചാണു പഠിക്കുന്നത്. നൊവൊമി, മരുമകളായ രൂത്ത്, നൊവൊമിയുടെ ഭർത്താവിന്റെ ബന്ധുവായ ബോവസ്. ഇസ്രായേലിൽ ക്ഷാമമുണ്ടായപ്പോൾ നൊവൊമിയും ഭർത്താവും രണ്ട് ആൺമക്കളും മോവാബിലേക്കു താമസം മാറി. അവിടെവെച്ച് നൊവൊമിയുടെ ഭർത്താവ് മരിച്ചു. കുറച്ച് നാൾ കഴിഞ്ഞ് നൊവൊമിയുടെ മക്കൾ രണ്ടു പേരും വിവാഹിതരായി. പിന്നെ അവരും മരിച്ചു. (രൂത്ത് 1:3-5; 2:1) ഭർത്താവിന്റെയും മക്കളുടെയും മരണം നൊവൊമിയെ ആകെ തളർത്തിക്കളഞ്ഞു. സങ്കടം സഹിക്കവയ്യാതെ നൊവൊമി ദൈവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവയുടെ കൈ എനിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണല്ലോ!” “സർവശക്തൻ എന്റെ ജീവിതം കയ്പേറിയതാക്കിയിരിക്കുന്നു.” ‘യഹോവതന്നെ എനിക്ക് എതിരായിരിക്കുന്നു, സർവശക്തൻ എനിക്ക് ആപത്തു വരുത്തിയിരിക്കുന്നു’ എന്നും നൊവൊമി പറഞ്ഞു.—രൂത്ത് 1:13, 20, 21.
10. നൊവൊമിയുടെ വാക്കുകൾ കേട്ടിട്ടും യഹോവ എന്തു ചെയ്തു?
10 നൊവൊമി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും യഹോവ എന്തു ചെയ്തു? യഹോവ നൊവൊമിയെ ഉപേക്ഷിച്ചില്ല. പകരം, സഹാനുഭൂതി കാണിച്ചു. “അടിച്ചമർത്തലിന് ഇരയായാൽ ബുദ്ധിമാനും ഭ്രാന്തനായേക്കാം” എന്ന് യഹോവയ്ക്ക് അറിയാം. (സഭാ. 7:7) യഹോവ തന്നെ ഉപേക്ഷിച്ചിട്ടില്ല, തന്റെകൂടെത്തന്നെയുണ്ട് എന്നു തിരിച്ചറിയാൻ നൊവൊമിക്കു സഹായം വേണമായിരുന്നു. ദൈവം എങ്ങനെയാണ് അതു ചെയ്തത്? (1 ശമു. 2:8) നൊവൊമിയെ സഹായിക്കാനും നൊവൊമിയോട് അചഞ്ചലസ്നേഹം കാണിക്കാനും യഹോവ രൂത്തിനെ പ്രേരിപ്പിച്ചു. യഹോവ ഇപ്പോഴും നൊവൊമിയെ സ്നേഹിക്കുന്നുണ്ടെന്നും അതുകൊണ്ട് വിഷമിക്കേണ്ടെന്നും മനസ്സിലാക്കാൻ രൂത്ത് സ്നേഹത്തോടെയും ദയയോടെയും നൊവൊമിയെ സഹായിച്ചു. രൂത്തിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
11. സഭയിൽ ബുദ്ധിമുട്ടിലായിരിക്കുന്നവരെ സഹായിക്കാൻ സഹോദരങ്ങൾ മുന്നോട്ടു വരുന്നത് എന്തുകൊണ്ട്?
11 സങ്കടത്തിലും പ്രയാസങ്ങളിലും ഒക്കെ ആയിരിക്കുന്നവരെ സഹായിക്കാൻ അചഞ്ചലസ്നേഹം നമ്മളെ പ്രേരിപ്പിക്കുന്നു. രൂത്ത് നൊവൊമിയുടെകൂടെത്തന്നെ നിന്ന് സഹായിച്ചതുപോലെ ഇന്നു ബുദ്ധിമുട്ടിലും നിരാശയിലും ആയിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാൻ ദയയുള്ള സഹോദരങ്ങൾ മനസ്സോടെ മുന്നോട്ടുവരുന്നു. അതിന് അവരെ പ്രേരിപ്പിക്കുന്നതു സഹോദരങ്ങളോടുള്ള സ്നേഹമാണ്. അതുകൊണ്ട് സഹോദരങ്ങൾക്കുവേണ്ടി തങ്ങളാലാകുന്നതെല്ലാം ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. (സുഭാ. 12:25,അടിക്കുറിപ്പ്; 24:10) ഇത് അപ്പോസ്തലനായ പൗലോസ് പറഞ്ഞ വാക്കുകൾക്കു ചേർച്ചയിലാണ്: “വിഷാദിച്ചിരിക്കുന്നവരോട് അവർക്ക് ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുക. ബലഹീനർക്കു വേണ്ട പിന്തുണ കൊടുക്കുക. എല്ലാവരോടും ക്ഷമ കാണിക്കുക.”—1 തെസ്സ. 5:14.
12. നിരുത്സാഹിതരായിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗം ഏതാണ്?
12 മിക്കപ്പോഴും, നിരുത്സാഹിതരായിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗം അവർ പറയുന്നതു കേൾക്കുന്നതും അവരെ സ്നേഹിക്കുന്നെന്ന് അവരോടു പറയുന്നതും ആണ്. യഹോവ വിലയേറിയവരായി കാണുന്ന ഈ ദാസന്മാർക്കുവേണ്ടി നിങ്ങൾ ചെയ്യുന്നതൊന്നും യഹോവ ഒരിക്കലും മറക്കില്ല. (സങ്കീ. 41:1) സുഭാഷിതങ്ങൾ 19:17 പറയുന്നു: “എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു. അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.”
13. (എ) രൂത്തും ഒർപ്പയും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു? (ബി) രൂത്തിന്റെ തീരുമാനം നൊവൊമിയോടുള്ള അചഞ്ചലസ്നേഹം ആയിരുന്നത് എങ്ങനെ? (പുറംതാളിലെ ചിത്രം കാണുക.)
13 ഭർത്താവിന്റെയും മക്കളുടെയും മരണശേഷം നൊവൊമിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നമ്മൾ പഠിക്കുന്നെങ്കിൽ അചഞ്ചലസ്നേഹത്തെക്കുറിച്ച് കുറെക്കൂടി വിവരങ്ങൾ മനസ്സിലാക്കാം. “യഹോവ തന്റെ ജനത്തിന് ആഹാരം കൊടുത്ത് അവരിലേക്കു ശ്രദ്ധ തിരിച്ചിരിക്കുന്നെന്ന്” കേട്ടപ്പോൾ നൊവൊമി സ്വന്തം ജനത്തിന്റെ അടുത്തേക്കു പോകാൻ തീരുമാനിച്ചു. (രൂത്ത് 1:6) മരുമക്കൾ രണ്ടു പേരും നൊവൊമിയോടൊപ്പം യാത്ര തുടങ്ങി. പോകുന്ന വഴിക്കു മോവാബിലേക്കു തിരിച്ചുപൊയ്ക്കൊള്ളാൻ മൂന്നു തവണ നൊവൊമി അവരോടു പറഞ്ഞു. അപ്പോൾ “ഒർപ്പ അമ്മായിയമ്മയെ ചുംബിച്ച് യാത്ര പറഞ്ഞ് മടങ്ങി. പക്ഷേ രൂത്ത് നൊവൊമിയെ വിട്ട് പോകാൻ കൂട്ടാക്കാതെ നിന്നു.” (രൂത്ത് 1:7-14) മോവാബിലേക്കു തിരിച്ചുപോയതിലൂടെ ഒർപ്പ നൊവൊമി പറഞ്ഞത് അനുസരിക്കുകയായിരുന്നു. അതായിരുന്നു നൊവൊമി പ്രതീക്ഷിച്ചതും. രൂത്തിനും വേണമെങ്കിൽ പോകാമായിരുന്നു. പക്ഷേ വിധവയായ അമ്മായിയമ്മയോട് ഉണ്ടായിരുന്ന അചഞ്ചലസ്നേഹം കാരണം രൂത്ത് നൊവൊമിയുടെ കൂടെത്തന്നെ നിൽക്കാൻ തീരുമാനിച്ചു. (രൂത്ത് 1:16, 17) അങ്ങനെ രൂത്ത് നൊവൊമി പ്രതീക്ഷിച്ചതിലും അധികം ചെയ്തു. രൂത്തിന്റെ ആ തീരുമാനം വെറുമൊരു കടപ്പാടിന്റെ പേരിലുള്ളതായിരുന്നില്ല. അങ്ങനെ ചെയ്യാൻ രൂത്ത് ശരിക്കും ആഗ്രഹിച്ചു. അതിലൂടെ രൂത്ത് നൊവൊമിയോട് അചഞ്ചലസ്നേഹം കാണിക്കുകയായിരുന്നു. നമുക്കുള്ള പാഠം എന്താണ്?
14. (എ) ഇന്നു പല സഹോദരങ്ങളും അചഞ്ചലസ്നേഹം കാണിച്ചിരിക്കുന്നത് എങ്ങനെ? (ബി) എബ്രായർ 13:16 അനുസരിച്ച് നമുക്ക് എങ്ങനെ യഹോവയെ പ്രസാദിപ്പിക്കാം?
14 പ്രതീക്ഷയ്ക്ക് അപ്പുറം ചെയ്യാൻ അചഞ്ചലസ്നേഹം നമ്മളെ പ്രേരിപ്പിക്കുന്നു. പണ്ടത്തേതുപോലെതന്നെ ഇന്നും ധാരാളം സഹോദരങ്ങൾ തങ്ങളുടെ സഹാരാധകരോട് അചഞ്ചലസ്നേഹം കാണിക്കുന്നു. നേരിട്ട് അറിയാത്തവരോടുപോലും അവർ അങ്ങനെ ചെയ്യുന്നു. ഉദാഹരണത്തിന് ഒരു പ്രകൃതിദുരന്തമോ മറ്റോ ഉണ്ടാകുമ്പോൾ എങ്ങനെ അവിടത്തെ സഹോദരങ്ങളെ സഹായിക്കാമെന്നാണ് അവർ ഉടനെ ചിന്തിക്കുന്നത്. ഇനി, സഭയിൽ ആരെങ്കിലും സാമ്പത്തികമായി ഞെരുക്കത്തിലാകുമ്പോൾ സഹോദരങ്ങൾ ഒരു മടിയും കൂടാതെ സഹായത്തിനെത്തും. ഒന്നാം നൂറ്റാണ്ടിൽ മാസിഡോണിയയിലെ സഹോദരങ്ങൾ ചെയ്തതുപോലെ അവരും ചെയ്യുന്നു. ഞെരുക്കത്തിലായിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാൻവേണ്ടി ‘കഴിവിനപ്പുറം’ കൊടുക്കാൻ അവർ തയ്യാറായി. (2 കൊരി. 8:3) സ്നേഹത്തോടെ അവർ ചെയ്ത ത്യാഗങ്ങൾ യഹോവയെ എത്രയധികം സന്തോഷിപ്പിച്ചുകാണും?—എബ്രായർ 13:16 വായിക്കുക.
നമുക്ക് ഇന്ന് എങ്ങനെ അചഞ്ചലസ്നേഹം കാണിക്കാം?
15-16. തിരിച്ചുപോകാൻ നൊവൊമി പറഞ്ഞിട്ടും രൂത്ത് എന്തു ചെയ്തു?
15 രൂത്ത് നൊവൊമിയെ സഹായിച്ച വിധത്തിൽനിന്നും നമുക്കു പലതും പഠിക്കാനാകും. അവയിൽ ചിലതു നമുക്ക് ഇപ്പോൾ നോക്കാം.
16 ശ്രമം ഉപേക്ഷിക്കരുത്. അമ്മായിയമ്മയോടൊപ്പം യഹൂദയിലേക്കു താനും വരുന്നെന്നു രൂത്ത് ആദ്യം പറഞ്ഞപ്പോൾ നൊവൊമി സമ്മതിച്ചില്ല. എങ്കിലും രൂത്ത് പിന്മാറിയില്ല. ഒടുവിൽ എന്തു സംഭവിച്ചു? “തന്റെകൂടെ പോരാൻ രൂത്ത് നിർബന്ധംപിടിക്കുന്നതു കണ്ടപ്പോൾ നൊവൊമി മരുമകളുടെ മനസ്സു മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചു.”—രൂത്ത് 1:15-18.
17. പെട്ടെന്നു ശ്രമം ഉപേക്ഷിക്കാതിരിക്കാൻ എന്തു നമ്മളെ സഹായിക്കും?
17 നമുക്ക് എന്തു ചെയ്യാം? നിരാശയിലായിരിക്കുന്ന ഒരാളെ സഹായിക്കാനുള്ള ശ്രമം പെട്ടെന്നൊന്നും ഉപേക്ഷിക്കരുത്. പക്ഷേ അതിനു നല്ല ക്ഷമ വേണം. ശരിക്കും സഹായം ആവശ്യമുള്ള ഒരു സഹോദരി ചിലപ്പോൾ ആദ്യം അതു നിരസിച്ചേക്കാം. c എങ്കിലും അവരോടുള്ള അചഞ്ചലസ്നേഹം ശ്രമം തുടരാൻ നമ്മളെ പ്രേരിപ്പിക്കും. (ഗലാ. 6:2) എന്നെങ്കിലും ഒരു ദിവസം ആ സഹോദരി നമ്മുടെ സഹായം സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ നമ്മൾ പ്രവർത്തിക്കും.
18. ഏതു കാര്യം രൂത്തിനെ വിഷമിപ്പിച്ചിരിക്കാം?
18 വിഷമിക്കരുത്. നൊവൊമിയും രൂത്തും ബേത്ത്ലെഹെമിൽ എത്തി. അവർ അവിടെ നൊവൊമിയുടെ പണ്ടത്തെ അയൽക്കാരെ കണ്ടു. നൊവൊമി പറഞ്ഞു: “നിറഞ്ഞവളായാണു ഞാൻ പോയത്. പക്ഷേ, യഹോവ എന്നെ വെറുങ്കൈയോടെ മടക്കിവരുത്തിയിരിക്കുന്നു.” (രൂത്ത് 1:21) നൊവൊമി പറഞ്ഞതു കേട്ടപ്പോൾ രൂത്തിന് എത്ര വിഷമം തോന്നിക്കാണും? നൊവൊമിക്കുവേണ്ടി രൂത്ത് എന്തെല്ലാം ചെയ്തതാണ്? നൊവൊമി കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞു, നൊവൊമിയെ ആശ്വസിപ്പിച്ചു, എല്ലാം ഉപേക്ഷിച്ച് നൊവൊമിയോടൊപ്പം ബേത്ത്ലെഹെമിലേക്കു പോരുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടാണ് നൊവൊമി പറയുന്നത്: “യഹോവ എന്നെ വെറുങ്കൈയോടെ മടക്കിവരുത്തിയിരിക്കുന്നു” എന്ന്. ഇതു പറയുമ്പോൾ രൂത്ത് അടുത്ത് നിൽക്കുന്നുണ്ടെന്ന് ഓർക്കണം. നൊവൊമി അങ്ങനെ പറഞ്ഞപ്പോൾ രൂത്ത് ചെയ്തതിനൊന്നും ഒരു വിലയുമില്ലാത്തതുപോലെ ആയില്ലേ? ആ വാക്കുകൾ രൂത്തിനെ എത്രമാത്രം വേദനിപ്പിച്ചിരിക്കണം? പക്ഷേ എന്നിട്ടും രൂത്ത് നൊവൊമിയെ ഉപേക്ഷിച്ച് പോയില്ല.
19. നിരാശയിലായിരിക്കുന്ന ഒരാളെ സഹായിക്കുമ്പോൾ ഏതു കാര്യം നമ്മൾ മനസ്സിൽപ്പിടിക്കണം?
19 നമുക്ക് എന്തു ചെയ്യാം? നിരാശയിലായിരിക്കുന്ന ഒരു സഹോദരിയെ സഹായിക്കാൻ നമ്മൾ പലതും ചെയ്തിട്ടും നമ്മളെ വിഷമിപ്പിക്കുന്ന രീതിയിലായിരിക്കാം ചിലപ്പോൾ സഹോദരി തിരിച്ചു സംസാരിക്കുന്നത്. അതൊന്നും കേട്ട് വിഷമിക്കാതിരിക്കാൻ നമുക്കു ശ്രമിക്കാം. സഹായം ആവശ്യമുള്ള ആ സഹോദരിയെ ഉപേക്ഷിക്കാതെ നമുക്ക് അവരുടെകൂടെത്തന്നെ നിൽക്കാം. മാത്രമല്ല, എങ്ങനെയെങ്കിലും ആ സഹോദരിയെ ആശ്വസിപ്പിക്കാൻ നമ്മളെ സഹായിക്കണേ എന്ന് യഹോവയോട് അപേക്ഷിക്കുകയും ചെയ്യാം.—സുഭാ. 17:17.
20. മടുത്തുപോകാതെ അചഞ്ചലസ്നേഹം കാണിക്കുന്നതിൽ തുടരാൻ രൂത്തിനെ സഹായിച്ചത് എന്താണ്?
20 വേണ്ട പ്രോത്സാഹനം നൽകുക. നൊവൊമിയോട് അചഞ്ചലസ്നേഹം കാണിച്ച രൂത്തിനുതന്നെ ഇപ്പോൾ പ്രോത്സാഹനം ആവശ്യമായി വന്നിരിക്കുന്നു. രൂത്തിനെ പ്രോത്സാഹിപ്പിക്കാൻ യഹോവ ബോവസിനെ പ്രേരിപ്പിച്ചു. ബോവസ് രൂത്തിനോടു പറഞ്ഞു: “ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് യഹോവ നിന്നെ അനുഗ്രഹിക്കട്ടെ; ഇസ്രായേലിന്റെ ദൈവമായ യഹോവ നിനക്കു പൂർണപ്രതിഫലം തരട്ടെ. ആ ദൈവത്തിന്റെ ചിറകിൻകീഴിലാണല്ലോ നീ അഭയം തേടിയിരിക്കുന്നത്.” സ്നേഹത്തോടെയുള്ള ആ വാക്കുകൾ രൂത്തിനെ ശരിക്കും പ്രോത്സാഹിപ്പിച്ചു. രൂത്ത് ബോവസിനോടു പറഞ്ഞു: “അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും എന്നോടു സംസാരിച്ച് എന്നെ ധൈര്യപ്പെടുത്തുകയും ചെയ്തല്ലോ.” (രൂത്ത് 2:12, 13) തക്ക സമയത്ത് ബോവസ് പറഞ്ഞ ആ വാക്കുകൾ മടുത്തുപോകാതെ അചഞ്ചലസ്നേഹം കാണിക്കുന്നതിൽ തുടരാൻ രൂത്തിനെ സഹായിച്ചു.
21. യശയ്യ 32:1, 2 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ സ്നേഹമുള്ള മൂപ്പന്മാർ എന്തു ചെയ്യും?
21 നമുക്ക് എന്തു ചെയ്യാം? മറ്റുള്ളവരോട് അചഞ്ചലസ്നേഹം കാണിക്കുന്നവർക്കുതന്നെ ചിലപ്പോൾ പ്രോത്സാഹനം ആവശ്യമായി വരും. രൂത്ത് നൊവൊമിക്കുവേണ്ടി ചെയ്ത കാര്യങ്ങൾ അറിഞ്ഞ ബോവസ് രൂത്തിനെ പ്രോത്സാഹിപ്പിച്ചതുപോലെ ഇന്നത്തെ മൂപ്പന്മാരും സഹോദരങ്ങൾ മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും അതു വിലമതിക്കുകയും ചെയ്യുന്നു. മൂപ്പന്മാർ സ്നേഹത്തോടെ പറയുന്ന അത്തരം വാക്കുകൾ തുടർന്നും അചഞ്ചലസ്നേഹം കാണിക്കാൻ അവർക്ക് ഒരു പ്രോത്സാഹനമായിരിക്കും.—യശയ്യ 32:1, 2 വായിക്കുക.
അചഞ്ചലസ്നേഹം കാണിക്കുന്നവർക്കു കിട്ടുന്ന അനുഗ്രഹങ്ങൾ
22-23. നൊവൊമിയുടെ ചിന്തയിൽ എന്തു മാറ്റമാണുണ്ടായത്, എന്തുകൊണ്ട്? (സങ്കീർത്തനം 136:23, 26)
22 ബോവസ് പിന്നീട് രൂത്തിനും നൊവൊമിക്കും വേണ്ടി ധാന്യവും മറ്റും ധാരാളമായി നൽകി. (രൂത്ത് 2:14-18) ബോവസിന്റെ ഉദാരമനസ്സു കണ്ടപ്പോൾ നൊവൊമി ഇങ്ങനെ പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും അചഞ്ചലസ്നേഹം കാണിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടില്ലാത്ത യഹോവ ബോവസിനെ അനുഗ്രഹിക്കട്ടെ.” (രൂത്ത് 2:20എ) നൊവൊമിയുടെ ചിന്തയിൽ എത്ര വലിയ മാറ്റമാണു വന്നത്? ‘യഹോവ തനിക്ക് എതിരായിരിക്കുന്നു’ എന്നു മുമ്പ് കണ്ണീരോടെ പറഞ്ഞ നൊവൊമി ഇപ്പോൾ സന്തോഷത്തോടെ ‘യഹോവ അചഞ്ചലസ്നേഹം കാണിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടില്ല’ എന്നു പറയുന്നു. നൊവൊമിക്ക് ഇങ്ങനെയൊരു മാറ്റം വരാൻ കാരണമെന്തായിരിക്കാം?
23 യഹോവ തന്നെ ഉപേക്ഷിച്ചിട്ടില്ലെന്ന് അവസാനം നൊവൊമി തിരിച്ചറിയാൻതുടങ്ങി. യഹൂദയിലേക്കുള്ള മടക്കയാത്രയിൽ നൊവൊമിക്ക് ആവശ്യമായ സഹായം നൽകുന്നതിന് യഹോവ രൂത്തിനെ ഉപയോഗിച്ചു. (രൂത്ത് 1:16) ഇനി, അവരുടെ “വീണ്ടെടുപ്പുകാരിൽ” ഒരാളായ ബോവസ് സ്നേഹത്തോടെ അവർക്കുവേണ്ട ധാന്യങ്ങൾ ഒക്കെ നൽകിയപ്പോഴും യഹോവ തന്നെ കൈവിട്ടിട്ടില്ലെന്നു നൊവൊമിക്കു മനസ്സിലായി. d (രൂത്ത് 2:19, 20ബി) അപ്പോൾ നൊവൊമി ചിന്തിച്ചുകാണും: ‘യഹോവ എന്നെ ഉപേക്ഷിച്ചിട്ടില്ലല്ലോ. യഹോവ എപ്പോഴും എന്റെകൂടെത്തന്നെ ഉണ്ടായിരുന്നു.’ (സങ്കീർത്തനം 136:23, 26 വായിക്കുക.) രൂത്തും ബോവസും തന്നെ ഉപേക്ഷിക്കാത്തതിൽ നൊവൊമിക്ക് എത്ര നന്ദി തോന്നിയിരിക്കണം! നൊവൊമിക്കു വീണ്ടും നിറഞ്ഞ മനസ്സോടെ യഹോവയെ സേവിക്കാൻ കഴിഞ്ഞപ്പോൾ അവർക്കു മൂന്നു പേർക്കും ഒരുപാടു സന്തോഷം തോന്നിയെന്നതിനു സംശയമില്ല.
24. നമ്മുടെ സഹാരാധകരോടു തുടർന്നും അചഞ്ചലസ്നേഹം കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
24 അചഞ്ചലസ്നേഹത്തെക്കുറിച്ച് രൂത്ത് എന്ന പുസ്തകത്തിൽനിന്ന് നമ്മൾ എന്താണു പഠിച്ചത്? ബുദ്ധിമുട്ടിലായിരിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിൽ മടുത്തുപോകാതെ തുടരാൻ അചഞ്ചലസ്നേഹം നമ്മളെ പ്രേരിപ്പിക്കുന്നു. അവരെ സഹായിക്കുന്നതിനുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻപോലും നമ്മൾ തയ്യാറാകുന്നത് അതുകൊണ്ടാണ്. മറ്റുള്ളവരോട് അചഞ്ചലസ്നേഹം കാണിക്കുന്നവരെ മൂപ്പന്മാർ ഇടയ്ക്കിടെ സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കണം. ബുദ്ധിമുട്ടിലും നിരാശയിലും ഒക്കെ ആയിരുന്ന സഹോദരങ്ങൾ വീണ്ടും ഉത്സാഹത്തോടെ യഹോവയെ സേവിക്കുന്നതു കാണുന്നതു നമുക്ക് എത്ര സന്തോഷം തരുന്നു. (പ്രവൃ. 20:35) എന്നാൽ നമ്മൾ തുടർന്നും അചഞ്ചലസ്നേഹം കാണിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്? ‘അചഞ്ചലസ്നേഹം നിറഞ്ഞ’ യഹോവയെ അനുകരിക്കാനും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നമ്മൾ ആഗ്രഹിക്കുന്നു.—പുറ. 34:6; സങ്കീ. 33:22.
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
a നമ്മൾ സഹോദരങ്ങളോട് അചഞ്ചലസ്നേഹം കാണിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അചഞ്ചലസ്നേഹം എന്താണെന്നു നന്നായി മനസ്സിലാക്കാൻ മുൻകാലത്ത് ആ ഗുണം കാണിച്ച ചില ദൈവദാസരുടെ മാതൃക നമ്മളെ സഹായിക്കും. രൂത്ത്, നൊവൊമി, ബോവസ് എന്നിവരുടെ മാതൃകയിൽനിന്ന് എന്തു പഠിക്കാമെന്ന് ഈ ലേഖനത്തിൽ നമ്മൾ കാണും.
b ഈ ലേഖനത്തിലെ പാഠങ്ങൾ നന്നായി മനസ്സിലാക്കാൻ രൂത്ത് 1-ഉം 2-ഉം അധ്യായങ്ങൾ സ്വന്തമായി വായിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
c നമ്മൾ നൊവൊമിയെക്കുറിച്ച് പഠിച്ചതുകൊണ്ട് സഹായം ആവശ്യമുള്ള സഹോദരിമാരുടെ കാര്യമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്തിരിക്കുന്നത്. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സഹോദരന്മാരുടെ കാര്യത്തിലും ശരിയാണ്.
d ഒരു വീണ്ടെടുപ്പുകാരനെന്ന നിലയിലുള്ള ബോവസിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ അവരുടെ വിശ്വാസം അനുകരിക്കുക എന്ന പുസ്തകത്തിലെ ‘ഒരു ഉത്തമ സ്ത്രീ’ എന്ന 5-ാം അധ്യായം കാണുക.