വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുന്നമേ കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യുന്നത്‌ പ്രധാനമാണ്‌

ഉറ്റവർക്കു മാരകരോഗം പിടിപെടുമ്പോൾ

ഉറ്റവർക്കു മാരകരോഗം പിടിപെടുമ്പോൾ

ഒരു വൈദ്യപരിശോധനയിൽ അമ്പത്തിനാലു വയസ്സുള്ള വെസ്‌ലിക്ക് ബ്രെയിൻ ട്യൂമറാണെന്നറിഞ്ഞപ്പോൾ ഭാര്യ ഡോറെൻ ഞെട്ടിപോയി. * ഏതാനും മാസങ്ങൾ കൂടിയേ അദ്ദേഹം ജീവിച്ചിരിക്കുകയുള്ളൂ എന്ന് ഡോക്‌ടർമാർ പറഞ്ഞു. “കേട്ടതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആഴ്‌ചകളോളം ഞാൻ ആകെ മരവിച്ച ഒരു അവസ്ഥയിലായിപ്പോയി. വേറെ ആർക്കോ സംഭവിച്ച കാര്യങ്ങളാണ്‌ ഇതൊക്കെ എന്നാണ്‌ എനിക്കു തോന്നിയത്‌. എനിക്ക് അത്‌ ഉൾക്കൊള്ളാനായില്ല,” ഡോറെൻ പറയുന്നു.

മാരകമായ രോഗം ആർക്കും എപ്പോൾ വേണമെങ്കിലും പിടിപെടാം. ഇതുപോലുള്ള സാഹചര്യത്തിൽ ആരും ഇങ്ങനെയേ പ്രതികരിക്കൂ. എന്നാൽ പലരും മനസ്സോടെതന്നെ അവരെ പരിചരിക്കുന്നു. അവരെ തീർച്ചയായും അഭിനന്ദിക്കേണ്ടതാണ്‌. എങ്കിലും, മറ്റുള്ളവരെ പരിചരിക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. മാരകമായ രോഗം പിടിപെട്ട പ്രിയപ്പെട്ടവരെ കുടുംബാംഗങ്ങൾക്ക് ആശ്വസിപ്പിക്കാനും പരിചരിക്കാനും എങ്ങനെ കഴിയും? രോഗിയെ പരിചരിക്കുന്ന സമയത്ത്‌ ഉണ്ടായേക്കാവുന്ന വികാരങ്ങളുമായി എങ്ങനെ ഒത്തുപോകാം? രോഗി മരിക്കാറാകുമ്പോൾ എന്തു പ്രതീക്ഷിക്കാം? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിനു മുമ്പായി, മാരകരോഗമുള്ള ആളെ പരിചരിക്കുന്നത്‌ ഇന്നു വളരെ ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന് നോക്കാം.

ധർമ്മസങ്കടം

മരണം സംഭവിക്കുന്ന രീതിതന്നെ ആധുനികശാസ്‌ത്രം മാറ്റിമറിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ടു മുമ്പ്, വികസിത രാജ്യങ്ങളിൽപോലും മനുഷ്യരുടെ ശരാശരി ആയുർദൈർഘ്യം വളരെ കുറവായിരുന്നു. പകർച്ചവ്യാധികളാലും അപകടങ്ങളാലും ആളുകൾ പെട്ടെന്ന് മരിക്കാൻ ഇടയായി. ആശുപത്രി സൗകര്യങ്ങൾ വളരെ കുറവായിരുന്നതിനാൽ രോഗികളെ കുടുംബാംഗങ്ങൾതന്നെ പരിചരിക്കും, ഒടുവിൽ അവർ വീട്ടിൽവെച്ച് മരിക്കും. മിക്കവരുടെയും കാര്യത്തിൽ സംഭവിച്ചത്‌ ഇതാണ്‌.

രോഗങ്ങളോടു പടപൊരുതി പലർക്കും ജീവൻ നീട്ടികൊടുക്കാൻ ഇന്ന് വൈദ്യശാസ്‌ത്രത്തിലെ പല കണ്ടുപിടുത്തങ്ങൾകൊണ്ടും ഡോക്‌ടർമാർക്ക് കഴിഞ്ഞിരിക്കുന്നു. മുമ്പൊക്കെ പെട്ടെന്ന് ജീവൻ അപഹരിച്ചിരുന്ന രോഗങ്ങൾ ഇപ്പോൾ കുറച്ച് കാലമെടുത്താണ്‌ ഒരാളെ കീഴ്‌പെടുത്തുക. ഇങ്ങനെ ജീവൻ നീട്ടിക്കിട്ടിയാലും രോഗം ഭേദമാകണമെന്നില്ല. പലപ്പോഴും രോഗികൾ തീരെ അവശരായിപ്പോകുന്നു, സ്വന്തം കാര്യങ്ങൾ ചെയ്യാൻപോലും അവർക്കു കഴിയാതാകുന്നു. അങ്ങനെയുള്ള വ്യക്തികളെ പരിചരിക്കുന്നത്‌ വളരെ ക്ഷീണിപ്പിക്കുന്ന, വിഷമം പിടിച്ച ഒരു കാര്യമാണ്‌.

മുമ്പൊക്കെ രോഗികളായവർ വീട്ടിൽവെച്ചാണു മരിച്ചിരുന്നത്‌, ഇപ്പോൾ കാലം മാറി. പലരും മരിക്കുന്നത്‌ ആശുപത്രിയിൽവെച്ചാണ്‌. അതുകൊണ്ട് ഒരാളുടെ ജീവിതത്തിലെ അവസാനനിമിഷങ്ങൾ എങ്ങനെയുള്ളതാണെന്ന് മിക്കവർക്കും അറിയില്ല. വളരെ ചുരുക്കം പേരെ ആളുകൾ മരിക്കുന്നതു നേരിട്ട് കണ്ടിട്ടുള്ളൂ. ഇതൊന്നും അറിയാത്തതുകൊണ്ടുള്ള ഭയം ചിലപ്പോൾ രോഗിയെ പരിചരിക്കുന്നതിൽനിന്ന് മാറിനിൽക്കാൻ ഇടയാക്കിയേക്കാം. എന്താണു പോംവഴി?

മുന്നമേ ആസൂത്രണം ചെയ്യുക

സ്‌നേഹിക്കുന്ന ഉറ്റവർക്കു മാരകമായ രോഗമാണെന്ന് അറിയുമ്പോൾ ഡോറെനെപ്പോലെ പലരും തകർന്നു പോകുന്നു. ശക്തമായ ആശങ്കയുടെയും ഭയത്തിന്‍റെയും വിഷമത്തിന്‍റെയും നടുവിലും ജീവിതം മുന്നോട്ടു നയിക്കാൻ നിങ്ങൾക്ക് എന്ത് സഹായമാണുള്ളത്‌? ദൈവത്തിന്‍റെ ഒരു വിശ്വസ്‌തദാസൻ ഇങ്ങനെ പ്രാർഥിച്ചു: “ഞങ്ങളുടെ ദിവസങ്ങൾ എണ്ണാൻ പഠിപ്പിക്കേണമേ; അങ്ങനെ, ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം നേടട്ടെ.” (സങ്കീർത്തനം 90:12) അതെ, ജ്ഞാനത്തോടെ ‘ദിവസങ്ങൾ എണ്ണാനുള്ള’ സഹായത്തിനായി ദൈവമായ യഹോവയോട്‌ യാചിക്കുക. അപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പമുള്ള ശേഷിച്ച ദിവസങ്ങൾ ഏറ്റവും മികച്ച വിധത്തിൽ ഉപയോഗിക്കാൻ നിങ്ങൾക്കു കഴിയും.

നല്ല ആസൂത്രണങ്ങൾ ഈ സാഹചര്യത്തിൽ വേണം. രോഗിയായിരിക്കുന്ന പ്രിയ കുടുംബാംഗം ഇപ്പോൾ കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റുന്ന അവസ്ഥയിലും അതിനു ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ ചില കാര്യങ്ങൾ അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നത്‌ നല്ലതായിരിക്കും. ഉദാഹരണത്തിന്‌, തീരുമാനങ്ങൾ എടുക്കാൻ പറ്റാത്ത ഒരു സാഹചര്യം രോഗിയായ കുടുംബാംഗത്തിന്‌ വരുകയാണെങ്കിൽ ആ സ്ഥാനത്ത്‌ നിന്ന് ആര്‌ തീരുമാനങ്ങൾ എടുക്കും? ചില ചികിത്സാരീതികൾ വേണമോ? ജീവൻ മാത്രം ഒരു യന്ത്രത്തിന്‍റെ സഹായത്തോടെ നിലനിറുത്തി കൊണ്ടുപോകേണ്ട ഒരു അവസ്ഥ വന്നാൽ എന്തു ചെയ്യണം? ആശുപത്രിയിൽതന്നെ തുടരണോ? ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ച് മുന്നമേ തുറന്നു ചർച്ച ചെയ്യുന്നതു വളരെ നല്ലതാണ്‌. അങ്ങനെയാകുമ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥയിലായിരിക്കുന്ന രോഗിക്കുവേണ്ടി കുടുംബാംഗങ്ങൾക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നാൽ അനാവശ്യമായ കുറ്റബോധവും ധാരണ പിശകുകളും ഒഴിവാക്കാം. കുടുംബാംഗങ്ങൾ, കാര്യങ്ങൾ മുന്നമേ തുറന്നു ചർച്ച ചെയ്യുമ്പോൾ രോഗിക്കു നല്ല പരിചരണം ലഭിക്കുന്നു. “കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു” എന്നാണ്‌ ബൈബിൾ പറയുന്നത്‌.—സുഭാഷിതങ്ങൾ 15:22.

എങ്ങനെ സഹായിക്കണം?

പരിചരിക്കുന്നവരുടെ പ്രധാന ഉത്തരവാദിത്വം രോഗിക്ക് ആശ്വാസം കൊടുക്കുക എന്നതാണ്‌. മരണം കാത്തുകിടക്കുന്ന പ്രിയപ്പെട്ട വ്യക്തി തനിച്ചല്ലെന്നും എല്ലാവരും തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും ഉള്ള ഉറപ്പ് ലഭിക്കണം. ഇത്‌ എങ്ങനെ ചെയ്യാം? മനസ്സിനെ ഉന്മേഷപ്പെടുത്തുന്നതും ബലപ്പെടുത്തുന്നതും ആയ പാട്ടുകൾ പാടിക്കൊണ്ടും, ലേഖനങ്ങൾ വായിച്ചു കേൾപ്പിച്ചുകൊണ്ടും അതു ചെയ്യാം. കുടുംബാംഗങ്ങൾ രോഗിയുടെ കൈചേർത്തുപിടിച്ച് വളരെ ശാന്തമായി രോഗിയോട്‌ സംസാരിക്കുമ്പോൾ അത്‌ അവരെ ഒരുപാട്‌ ആശ്വസിപ്പിക്കും.

സന്ദർശകർ ആരാണെന്ന് പറയുന്നത്‌ പലപ്പോഴും രോഗിക്ക് ഒരു സഹായമായിരിക്കും. ഒരു റിപ്പോർട്ട് പറയുന്നു: “പഞ്ചേന്ദ്രിയങ്ങളിൽ കേൾവിശക്തിയാണ്‌ ഏറ്റവും ഒടുവിൽ ഇല്ലാതാകുന്നത്‌. ഒരുപക്ഷേ ആൾ ഉറങ്ങുകയാണെന്നു നമുക്കു തോന്നിയേക്കാം, എന്നാൽ അദ്ദേഹം ചുറ്റും നടക്കുന്ന കാര്യങ്ങൾ അപ്പോഴും ശ്രദ്ധിക്കുന്നുണ്ടാകും. അതുകൊണ്ട് രോഗി കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ഒന്നും ഉറങ്ങുമ്പോഴും പറയാതിരിക്കുക.”

കഴിയുമെങ്കിൽ ഒരുമിച്ചിരുന്ന് പ്രാർഥിക്കുക. അപ്പോസ്‌തലനായ പൗലോസിനും കൂട്ടുകാർക്കും ജീവൻപോലും പോകുമോ എന്നു ഭയക്കേണ്ട ഒരു സാഹചര്യവും മറ്റു പ്രയാസങ്ങളും ഉണ്ടായതിനെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. എന്തു സഹായം കിട്ടാനാണ്‌ അവർ ആഗ്രഹിച്ചത്‌? തന്‍റെ സുഹൃത്തുക്കളോട്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്കുവേണ്ടി ദൈവത്തോട്‌ ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് നിങ്ങൾക്കും ഞങ്ങളെ സഹായിക്കാനാകും.” (2 കൊരിന്ത്യർ 1:8-11) രോഗാവസ്ഥയും അതോടൊപ്പമുള്ള മറ്റു പ്രയാസങ്ങളും അനുഭവിക്കുന്നവർക്കുവേണ്ടി ഉള്ളുരുകി നമ്മൾ പ്രാർഥിച്ചാൽ അത്‌ വലിയൊരു സഹായംതന്നെയാണ്‌.

യാഥാർഥ്യം തിരിച്ചറിയുക

പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ച് ഓർക്കുന്നതുപോലും നമ്മളെ അസ്വസ്ഥപ്പെടുത്തുന്നു. മരണം മനുഷ്യൻ ആഗ്രഹിക്കാത്ത ഒരു കാര്യമാണ്‌. അതിനെ ജീവിതത്തിന്‍റെ ഭാഗമാക്കിക്കൊണ്ടല്ല സ്രഷ്ടാവ്‌ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്‌. അതുകൊണ്ടാണ്‌ മരണത്തെ അംഗീകരിക്കാൻ നമുക്കു പലപ്പോഴും ബുദ്ധിമുട്ടു തോന്നുന്നത്‌. (റോമർ 5:12) മരണത്തെ ഒരു “ശത്രു” എന്നാണ്‌ ദൈവവചനം വിളിക്കുന്നത്‌. (1 കൊരിന്ത്യർ 15:26) അതുകൊണ്ട് പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ല എന്നു പറയുന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ.

എന്നിരുന്നാലും, എന്തൊക്കെ കാര്യങ്ങൾ സംഭവിച്ചേക്കാം എന്നു മനസ്സിലാക്കിയിരിക്കുന്നത്‌ കുടുംബാംഗങ്ങളുടെ ഉത്‌കണ്‌ഠകൾ കുറയ്‌ക്കാൻ സഹായിക്കും. മാത്രമല്ല, കാര്യങ്ങൾ എല്ലാം സുഗമമായ വിധത്തിൽ കൊണ്ടുപോകാനും അവർക്കാകും. “ ജീവിതത്തിന്‍റെ അവസാന ആഴ്‌ചകൾ” എന്ന ചതുരത്തിൽ ഉണ്ടാകാനിടയുള്ള ചില സംഭവങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു. അതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എല്ലാ രോഗികളിലും സംഭവിക്കണമെന്നില്ല. ഇനി, അതേ ക്രമത്തിൽ ആയിരിക്കണമെന്നും ഇല്ല. എന്നാൽ ചിലത്‌ മിക്ക രോഗികളിലും സംഭവിക്കുന്ന കാര്യങ്ങൾതന്നെയാണ്‌.

പ്രിയപ്പെട്ടയാളുടെ മരണശേഷം, നിങ്ങളെ ഈ സാഹചര്യത്തിൽ സഹായിക്കാമെന്ന് നേരത്തെ ഏറ്റിരുന്ന അടുത്ത സുഹൃത്തിനെ ബന്ധപ്പെടുന്നത്‌ വളരെ നന്നായിരിക്കും. പരിചരിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും, തങ്ങളുടെ മരിച്ചുപോയ കുടുംബാംഗത്തിന്‍റെ വേദനാകരമായ ജീവിതം കഴിഞ്ഞെന്നും ഇപ്പോൾ യാതൊരു വിധത്തിലും ഉള്ള ദുരിതങ്ങൾ അവർ അനുഭവിക്കുന്നില്ലെന്നും ഉള്ള ഉറപ്പ് ലഭിക്കേണ്ടതുണ്ട്. മനുഷ്യരുടെ സ്രഷ്ടാവ്‌ സ്‌നേഹപുരസ്സരം ഇങ്ങനെ ഉറപ്പു നൽകുന്നു: “മരിച്ചവർ ഒന്നും അറിയുന്നില്ല.”—സഭാപ്രസംഗകൻ 9:5.

യഥാർഥ പരിചാരകൻ

ആരുടെയും സഹായം വേണ്ടെന്നു പറയാതിരിക്കാം

ദൈവത്തിൽ ആശ്രയിക്കുന്നതു വളരെ പ്രധാനമാണ്‌. കുടുംബാംഗത്തിന്‌ മാരകമായ രോഗമുള്ള സാഹചര്യത്തിൽ മാത്രമല്ല മരണത്തെ തുടർന്നുള്ള ദുഃഖകരമായ അവസ്ഥയിലും. മറ്റുള്ളവരുടെ വാക്കുകളാലും പ്രവൃത്തികളാലും ദൈവം നമ്മളെ പിന്തുണയ്‌ക്കും. ഡോറെൻ പറയുന്നു: “ആരുടെയും സഹായം വേണ്ടെന്ന് പറയരുത്‌ എന്നു ഞങ്ങൾ പഠിച്ചു. ഞങ്ങൾ വിചാരിച്ചിരുന്നതിനെക്കാൾ അധികം സഹായങ്ങൾ ഞങ്ങൾക്കു കിട്ടി. എന്നോടും ഭർത്താവിനോടും ശരിക്കും യഹോവ ഇങ്ങനെ പറയുകയായിരുന്നു: ‘നിങ്ങളെ സഹായിക്കാൻ ഞാനുണ്ട്.’ ഞാൻ അതൊരിക്കലും മറക്കില്ല.”

അതെ, ദൈവമായ യഹോവയാണ്‌ യഥാർഥ പരിചാരകൻ. നമ്മുടെ സ്രഷ്ടാവ്‌ ആയതുകൊണ്ട് നമ്മൾ അനുഭവിക്കുന്ന വേദനയും പ്രയാസവും ദൈവത്തിനു മനസ്സിലാകും. പിടിച്ചുനിൽക്കാൻവേണ്ട സഹായവും പ്രോത്സാഹനവും നമുക്കു തരാൻ ദൈവത്തിന്‌ അതിയായ ആഗ്രഹവും ഉണ്ട്. അതിനുള്ള കഴിവും ഉണ്ട്. അതുമാത്രമല്ല, മരണത്തെ എന്നേക്കും തുടച്ചുനീക്കുമെന്നും തന്‍റെ ഓർമയിലുള്ള കോടിക്കണക്കിനാളുകളെ വീണ്ടും ഭൂമിയിലേക്കു കൊണ്ടുവരുമെന്നും ദൈവം വാക്കു തന്നിരിക്കുന്നു. (യോഹന്നാൻ 5:28, 29; വെളിപാട്‌ 21:3, 4) അന്ന് “മരണമേ, നിന്‍റെ വിജയം എവിടെ? മരണമേ, നിന്‍റെ വിഷമുള്ള് എവിടെ?” എന്ന അപ്പോസ്‌തലനായ പൗലോസിന്‍റെ വാക്കുകളുടെ സത്യത തിരിച്ചറിയും.—1 കൊരിന്ത്യർ 15:55.

^ ഖ. 2 ഈ ലേഖനത്തിലേത്‌ യഥാർഥപേരുകളല്ല.