നിങ്ങൾക്കും ജ്ഞാനം നേടാം!
“തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്.” (2 തിമൊഥെയൊസ് 3:16) ഈ വാക്യത്തിൽ “ദൈവപ്രചോദിതമായി” എന്നു പറഞ്ഞിരിക്കുന്നത് സർവശക്തനായ ദൈവം തന്റെ ചിന്തകൾ ബൈബിൾ എഴുത്തുകാരുടെ മനസ്സിലേക്കു പകർന്നുകൊടുത്തതിനെയാണ്.
തന്റെ ജ്ഞാനത്തിൽനിന്ന് പ്രയോജനം നേടാൻ ദൈവം നിങ്ങളെയും ക്ഷണിക്കുന്നു
‘നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്നത് യഹോവ എന്ന ഞാനാണ്. നീ എന്റെ കല്പനകൾ അനുസരിച്ചാൽ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആയിത്തീരും.’—യശയ്യ 48:17, 18.
ഈ വാക്കുകൾ ദൈവം നിങ്ങളോട് ഓരോരുത്തരോടും നേരിട്ട് പറയുന്നതായി ഒന്നു സങ്കൽപ്പിച്ചുനോക്കൂ. നിങ്ങൾ എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. അതിന് ദൈവത്തിനു നിങ്ങളെ സഹായിക്കാനാകും.
ദൈവത്തിന്റെ ജ്ഞാനം നിങ്ങൾക്കും ലഭ്യമാണ്
“സന്തോഷവാർത്ത സകല ജനതകളോടും പ്രസംഗിക്കേണ്ടതാണ്.”—മർക്കോസ് 13:10.
ഈ ‘സന്തോഷവാർത്തയിൽ’ ഇന്നുള്ള കഷ്ടപ്പാടുകൾക്കെല്ലാം ഒരു അവസാനം വരുമെന്നും ഈ ഭൂമി മുഴുവൻ ഒരു പറുദീസയായിത്തീരുമെന്നും നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ വീണ്ടും ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുമെന്നും ഉള്ള ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഉൾപ്പെടുന്നു. ബൈബിളിൽനിന്നുള്ള ഈ സന്ദേശം യഹോവയുടെ സാക്ഷികൾ ലോകമെങ്ങും അറിയിക്കുന്നു.