പ്രശ്നപരിഹാരത്തിനുള്ള ഒരു വഴി
സന്മാർഗവും സദാചാരവും പഠിപ്പിക്കുക
സ്കൂളിൽനിന്ന് ടൂർ പോയപ്പോൾ കൗമാരപ്രായത്തിലുള്ള ചില ആൺകുട്ടികൾ മറ്റൊരു ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. അവർ കാനഡയിലുള്ള പേരുകേട്ട ഒരു പ്രൈവെറ്റ് സ്കൂളിലെ വിദ്യാർഥികളായിരുന്നു. ഈ സംഭവത്തിനു ശേഷം, ഒരു ദിനപ്പത്രത്തിലെ ലേഖകനായ ലിയോണാർഡ് സ്റ്റേൺ ഇങ്ങനെ എഴുതി: “സമൂഹത്തിലെ നിലയും വിവരവും വിദ്യാഭ്യാസവും ഒന്നും തെറ്റായ തീരുമാനമെടുക്കുന്നതിൽനിന്ന് ചെറുപ്പക്കാരെ പിന്തിരിപ്പിക്കുന്നില്ല.”
സ്റ്റേൺ ഇങ്ങനെയും പറഞ്ഞു: “മക്കളെ സദാചാരബോധമുള്ളവരാക്കുക എന്നതാണു മാതാപിതാക്കളുടെ പ്രധാനലക്ഷ്യമെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ വാസ്തവത്തിൽ പല മാതാപിതാക്കളും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്, കുട്ടികളുടെ പഠനത്തിനും അവർക്കു നല്ല ശമ്പളമുള്ള ജോലി കിട്ടുന്നതിനും ഒക്കെയാണ്.”
പഠനം പ്രധാനംതന്നെയാണ്. എന്നാൽ തെറ്റായ ആഗ്രഹങ്ങൾക്കും ചായ്വുകൾക്കും എതിരെ പോരാടാൻ ഇന്നത്തെ മികച്ച വിദ്യാഭ്യാസംപോലും ആളുകളെ സഹായിക്കുന്നില്ല. അപ്പോൾപ്പിന്നെ ഈ മേഖലകളിൽ മെച്ചപ്പെടാൻ സഹായിക്കുന്ന സന്മാർഗപാഠങ്ങൾ എവിടെനിന്ന് പഠിച്ചെടുക്കാനാകും?
സന്മാർഗവും സദാചാരമൂല്യങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം
ബൈബിൾ ഒരു കണ്ണാടിപോലെയാണ്. അതിലേക്കു നോക്കിയാൽ നമ്മുടെ കുറവുകളും പരിമിതികളും വ്യക്തമായി കാണാം. (യാക്കോബ് 1:23-25) എന്നാൽ അതു മാത്രമല്ല, യഥാർഥ സമാധാനവും ഐക്യവും ഉണ്ടായിരിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്താനും ബൈബിൾ സഹായിക്കുന്നു. ഈ ഗുണങ്ങളിൽ ചിലതാണു നന്മ, ദയ, ക്ഷമ, ആത്മനിയന്ത്രണം, സ്നേഹം എന്നിവ. “ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ” സ്നേഹത്തിനു കഴിയുമെന്നു പറയുന്നു. (കൊലോസ്യർ 3:14) സ്നേഹത്തിന് ഇത്ര വിശേഷതയുള്ളത് എന്തുകൊണ്ടാണ്? ഈ ഗുണത്തെക്കുറിച്ച് ബൈബിൾ പറയുന്നതു ശ്രദ്ധിക്കൂ:
-
“സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല; വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല; മാന്യതയില്ലാതെ പെരുമാറുന്നില്ല; സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല; പ്രകോപിതമാകുന്നില്ല; ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല. അത് അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. അത് എല്ലാം സഹിക്കുന്നു; . . . സ്നേഹം ഒരിക്കലും നിലച്ചുപോകില്ല.”—1 കൊരിന്ത്യർ 13:4-8.
-
“സ്നേഹം അയൽക്കാരനു ദോഷം ചെയ്യുന്നില്ല.”—റോമർ 13:10.
-
“ഏറ്റവും പ്രധാനമായി, നിങ്ങൾ പരസ്പരം അഗാധമായി സ്നേഹിക്കണം; കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്നേഹം അതെല്ലാം മറയ്ക്കുന്നു.”—1 പത്രോസ് 4:8.
നിങ്ങളെ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്? സുരക്ഷിതത്വം? ആശ്വാസം? തീർച്ചയായും. കാരണം അവർ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളെ ഉപദ്രവിക്കില്ലെന്നു നിങ്ങൾക്ക് അറിയാം.
മറ്റുള്ളവരുടെ പ്രയോജനത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്യാനും ജീവിതരീതി മാറ്റാൻപോലും സ്നേഹം ആളുകളെ പ്രേരിപ്പിക്കും. നമുക്ക് ഒരാളുടെ ഉദാഹരണം നോക്കാം.
അദ്ദേഹത്തെ നമുക്ക് ജോർജ് എന്നു വിളിക്കാം. അദ്ദേഹത്തിന് ഒരു കൊച്ചുമോനുണ്ടായി. അവനോടൊപ്പമായിരിക്കാൻ ജോർജ് ഒരുപാട് ആഗ്രഹിച്ചു. പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു. അദ്ദേഹം വലിയ പുകവലിക്കാരനായിരുന്നു. പുകവലിച്ചുകൊണ്ട് കുട്ടിയുടെ അടുത്ത് നിൽക്കുന്നതു മരുമകന് ഇഷ്ടമല്ലായിരുന്നു. ജോർജ് എന്തു ചെയ്തു? 50 വർഷമായി പുകവലിച്ചുകൊണ്ടിരുന്ന അദ്ദേഹം കൊച്ചുമോനുവേണ്ടി പുകവലി ഉപേക്ഷിച്ചു. സ്നേഹത്തിന്റെ ഒരു ശക്തി നോക്കണേ!നന്മയും ദയയും സ്നേഹവും പോലുള്ള നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ ബൈബിൾ സഹായിക്കുന്നു
നമ്മൾ പഠിച്ചെടുക്കേണ്ട ഗുണമാണു സ്നേഹം. എങ്ങനെ സ്നേഹിക്കണമെന്നു മക്കളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾക്കു വലിയൊരു പങ്കുണ്ട്. കുട്ടികളെ അവർ പോറ്റിപ്പുലർത്തുന്നു, സംരക്ഷിക്കുന്നു, അവർക്ക് അസുഖമോ വിഷമമോ വരുമ്പോൾ അവരെ സഹായിക്കാൻ ഓടിയെത്തുന്നു. നല്ല മാതാപിതാക്കൾ കുട്ടികളോടു സംസാരിക്കാൻ സമയം കണ്ടെത്തുകയും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അവർക്കു തിരുത്തലുകൾ കൊടുക്കുകയും ചെയ്യുന്നു. ഇതിൽ ശരിയും തെറ്റും സംബന്ധിച്ച നല്ല തത്ത്വങ്ങൾ അവരെ പഠിപ്പിക്കുന്നതും ഉൾപ്പെടുന്നു. നല്ല മാതാപിതാക്കൾ മക്കൾക്ക് അനുകരിക്കാൻ പറ്റിയ മികച്ച മാതൃക വെക്കുകയും ചെയ്യും.
എന്നാൽ, ചില മാതാപിതാക്കൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു എന്നതാണു സങ്കടകരമായ കാര്യം. അതിന് അർഥം അവരുടെ മക്കളുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുമില്ലെന്നാണോ? ഒരിക്കലുമല്ല. ഭിന്നിച്ച കുടുംബത്തിൽ വളർന്നുവന്നവർപോലും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ വരുത്തിക്കൊണ്ട് കരുതലുള്ളവരും വിശ്വാസയോഗ്യരും ആയ വ്യക്തികളായി മാറിയിരിക്കുന്നു. ഒരു കാലത്തും നന്നാവില്ലെന്നു മറ്റുള്ളവർ വിധിയെഴുതിയ ചിലർക്കുപോലും മാറ്റം വന്നതിനെക്കുറിച്ച് ഇനി വരുന്ന ലേഖനത്തിൽ കാണാം.