ബൈബിളിന്‍റെ വീക്ഷണം
ഗർഭച്ഛിദ്രം
ഓരോ വർഷവും അഞ്ചു കോടിയിലധികം കുട്ടികളെയാണു മനഃപൂർവമായ ഗർഭച്ഛിദ്രത്തിലൂടെ കൊന്നൊടുക്കുന്നത്. ഇത് പല രാജ്യങ്ങളിലെയും ജനസംഖ്യയെക്കാൾ കൂടുതലാണ്.
സദാചാര ലംഘനമോ?
ആളുകൾ പറയുന്നത്:
പല കാരണങ്ങൾകൊണ്ടാണ് സ്‌ത്രീകൾ ഗർഭച്ഛിദ്രം നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ട്, വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾ, കൂടുതൽ വിദ്യാഭ്യാസമോ നല്ലൊരു ജോലിയോ നേടിക്കൊണ്ട് സ്വാതന്ത്ര്യം നേടാനുള്ള ആഗ്രഹം, ഒറ്റയ്‌ക്ക് കുട്ടിയെ വളർത്തുന്നതിലെ പ്രയാസം ഇതൊക്കെയായിരിക്കാം കാരണം. മറ്റു ചിലരാകട്ടെ ഗർഭച്ഛിദ്രത്തെ സദാചാരവിരുദ്ധമായി, അതായത് ഗർഭിണിയായ ഒരു സ്‌ത്രീ കാണിക്കേണ്ട വിശ്വസ്തതയുടെ ലംഘനമായി കണക്കാക്കുന്നു.
ബൈബിൾ പറയുന്നത്:
ദൈവത്തിന്‍റെ ദൃഷ്ടിയിൽ ജീവൻ പവിത്രമാണ്, പ്രത്യേകിച്ച് മനുഷ്യജീവൻ. (ഉൽപത്തി 9:6; സങ്കീർത്തനം 36:9) ഒരു കുഞ്ഞ് സുരക്ഷിതമായി വളർന്നുവരുന്നതിനു ദൈവം രൂപകല്‌പന ചെയ്‌ത ഗർഭാശയത്തിലുള്ള കുട്ടിയുടെ കാര്യത്തിലും ഇതേ തത്ത്വം ബാധകമാണ്. “അമ്മയുടെ ഗർഭപാത്രത്തിൽ അങ്ങ് എന്നെ മറച്ചുവെച്ചു” എന്ന് ഒരു ബൈബിൾ എഴുത്തുകാരൻ പറഞ്ഞു. “ഞാൻ വെറുമൊരു ഭ്രൂണമായിരുന്നപ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു; അതിന്‍റെ ഭാഗങ്ങളെല്ലാം—അവയിൽ ഒന്നുപോലും ഉണ്ടാകുന്നതിനു മുമ്പേ അവ രൂപംകൊള്ളുന്ന ദിവസങ്ങൾപോലും—അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.—സങ്കീർത്തനം 139:13, 16.
അജാതശിശുവിന്‍റെ ജീവനെക്കുറിച്ചുള്ള ദൈവത്തിന്‍റെ വീക്ഷണം ‘ന്യായപ്രമാണത്തിലും’ ദൈവം നമുക്കു തന്നിരിക്കുന്ന മനഃസാക്ഷിയിലും പ്രതിഫലിച്ചുകാണാം. ഇസ്രായേലിൽ ആരെങ്കിലും ഗർഭിണിയായ സ്‌ത്രീയെ ആക്രമിച്ച് അവളുടെ വയറ്റിലുള്ള കുഞ്ഞ് മരിച്ചാൽ ന്യായപ്രമാണപ്രകാരം അയാളെ മരണശിക്ഷയ്‌ക്ക് വിധിക്കണമായിരുന്നു. അങ്ങനെ സ്വന്തം ജീവൻ കൊടുത്തുകൊണ്ട് കൊലയാളി താൻ എടുത്ത ജീവനു, പകരം കൊടുക്കണമായിരുന്നു. (പുറപ്പാട് 21:22, 23) എന്നാൽ സംഭവത്തിലേക്കു നയിച്ച സാഹചര്യങ്ങളെയും അതിനു പ്രേരിപ്പിച്ച ഘടകങ്ങളെയും കണക്കിലെടുത്തുകൊണ്ടേ ന്യായാധിപന്മാർ വിധി പ്രസ്‌താവിക്കൂ.—സംഖ്യ 35:22-24, 31.
കൂടാതെ, മനുഷ്യർക്കു ദൈവം മനഃസാക്ഷിയും നൽകിയിരിക്കുന്നു. അജാതശിശുവിന്‍റെ ജീവനെ മാനിച്ചുകൊണ്ട് ഒരു സ്‌ത്രീ തന്‍റെ മനഃസാക്ഷി പറയുന്നത് കേൾക്കുന്നെങ്കിൽ അവളുടെ മനഃസാക്ഷി അവളെ പ്രശംസിക്കും. a എന്നാൽ മനഃസാക്ഷിയെ അവഗണിച്ച് പ്രവർത്തിക്കുന്നെങ്കിൽ അത് അവളെ വിഷമിപ്പിക്കുകയോ കുറ്റംവിധിക്കുകയോ ചെയ്‌തേക്കാം. (റോമർ 2:14, 15) വാസ്തവത്തിൽ ഗർഭച്ഛിദ്രം നടത്തിയ സ്‌ത്രീകൾക്ക് ഉത്‌കണ്‌ഠയോ വിഷാദമോ വരാനുള്ള സാധ്യത കൂടുതലാണ് എന്നു പഠനങ്ങൾ തെളിയിക്കുന്നു.
കുട്ടിയെ വളർത്തുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ ചില ദമ്പതികൾക്കു പേടിയാണ്. അങ്ങനെയുള്ളവർക്ക് പ്രതീക്ഷിക്കാതെ ഒരു കുഞ്ഞുണ്ടാകുമ്പോൾ എന്തു ചെയ്യും? ദൈവത്തിന്‍റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവർക്ക് ദൈവം നൽകുന്ന ബലപ്പെടുത്തുന്ന വാക്കുകൾ ഇതാണ്: “വിശ്വസ്‌തനോട് അങ്ങ് വിശ്വസ്‌തത കാണിക്കുന്നു; കുറ്റമറ്റവനോടു (അല്ലെങ്കിൽ കുറ്റമറ്റവളോട്) കുറ്റമറ്റ വിധം പെരുമാറുന്നു.” (സങ്കീർത്തനം 18:25) കൂടാതെ, “യഹോവ നീതിയെ സ്‌നേഹിക്കുന്നു; ദൈവം തന്‍റെ വിശ്വസ്‌തരെ ഉപേക്ഷിക്കില്ല” എന്നും നമ്മൾ വായിക്കുന്നു.—സങ്കീർത്തനം 37:28.
“അവരോടൊപ്പം അവരുടെ മനസ്സാക്ഷിയും സാക്ഷി പറയുന്നു. അവരുടെ ചിന്തകൾ ഒന്നുകിൽ അവരെ കുറ്റപ്പെടുത്തുന്നു അല്ലെങ്കിൽ അവരെ ന്യായീകരിക്കുന്നു.”—റോമർ 2:15.
നിങ്ങൾ ഗർഭച്ഛിദ്രം നടത്തിയിട്ടുണ്ടെങ്കിൽ. . .
ആളുകൾ പറയുന്നത്:
ഒറ്റയ്‌ക്കു മക്കളെ വളർത്തുന്ന അമ്മയായ രൂത്ത് പറയുന്നു: “മൂന്നു കുട്ടികളുള്ള എനിക്ക് നാലാമത് ഒരു കുട്ടിയെക്കൂടി പരിപാലിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട്, ഞാൻ ഗർഭച്ഛിദ്രം ചെയ്‌തു. അതു കഴിഞ്ഞപ്പോൾ ഞാൻ എന്തോ ഭീകരമായത് ചെയ്‌തതുപോലെ എനിക്കു തോന്നി.” b രൂത്തിന്‍റെ ഈ തെറ്റ് ദൈവം ക്ഷമിക്കുമോ?
ബൈബിൾ പറയുന്നത്:
യേശുക്രിസ്‌തുവിന്‍റെ വാക്കുകൾ ദൈവത്തിന്‍റെ മനസ്സ് വെളിപ്പെടുത്തുന്നവയാണ്. യേശു പറഞ്ഞു: “നീതിമാന്മാരെയല്ല, പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനാണു ഞാൻ വന്നത്.” (ലൂക്കോസ് 5:32) നമ്മൾ ചെയ്‌ത തെറ്റു സംബന്ധിച്ച് ആത്മാർഥമായി അനുതപിക്കുകയും ക്ഷമയ്‌ക്കായി ദൈവത്തോട് യാചിക്കുകയും ചെയ്യുന്നെങ്കിൽ ഗുരുതരമായ പാപങ്ങളാണെങ്കിൽക്കൂടി ദൈവം മനസ്സോടെ ക്ഷമിക്കും. (യശയ്യ 1:18) സങ്കീർത്തനം 51:17 ഇങ്ങനെ ഉറപ്പു നൽകുന്നു: “ദൈവമേ, തകർന്ന് നുറുങ്ങിയ ഹൃദയത്തെ അങ്ങ് ഉപേക്ഷിക്കില്ലല്ലോ.”
അതെ, യഥാർഥ മനസ്താപത്തോടെ ഒരു വ്യക്തി ദൈവത്തോടു പ്രാർഥിക്കുമ്പോൾ ഒരു ശുദ്ധ മനഃസാക്ഷിയും പ്രശാന്തമായ മനസ്സും ദൈവം നൽകുന്നു. ഫിലിപ്പിയർ 4:6, 7 ഇപ്രകാരം പറയുന്നു: “പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ക്രിസ്‌തുയേശു മുഖാന്തരം കാക്കും.” c ബൈബിൾപഠനവും ദൈവത്തോടുള്ള ഹൃദയംഗമമായ പ്രാർഥനയും ആന്തരികസമാധാനം നേടിയെടുക്കാൻ രൂത്തിനെ സഹായിച്ചു. അങ്ങനെ ദൈവം “യഥാർഥക്ഷമ കാണിക്കുന്നവനാണ്” എന്ന് രൂത്ത് പഠിച്ചു.—സങ്കീർത്തനം 130:4.
“ദൈവം നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറിയിട്ടില്ല; തെറ്റുകൾക്കനുസരിച്ച് നമ്മോടു പകരം ചെയ്‌തിട്ടുമില്ല.”—സങ്കീർത്തനം 103:10.
a അമ്മയുടെയോ കുഞ്ഞിന്‍റെയോ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാമെന്ന വാദം ഗർഭച്ഛിദ്രത്തിന് ഒരു ന്യായീകരണമല്ല. ഒരു കുഞ്ഞിന്‍റെ ജനനസമയത്ത് അമ്മയുടെ ജീവനാണോ കുഞ്ഞിന്‍റെ ജീവനാണോ വേണ്ടത് എന്നു തീരുമാനിക്കേണ്ട ഒരു സാഹചര്യത്തിൽ ദമ്പതിമാർ ഒരു തീരുമാനമെടുത്തേ മതിയാകൂ. പല വികസിതദേശങ്ങളിലും വൈദ്യശാസ്ത്രരംഗത്തുള്ളവർ നന്നേ വിരളമായിട്ടാണ് ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നത്.
b ഇത് യഥാർഥപേരല്ല.
c ഒരു വ്യക്തിക്ക് ആന്തരികസമാധാനം നൽകാൻ പുനരുത്ഥാനപ്രത്യാശയ്ക്കും കഴിയും. 2009 ഏപ്രിൽ 15 വീക്ഷാഗോപുരത്തിന്റെ വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ കാണുക. “ഗർഭത്തിൽവെച്ചു മരിച്ചുപോകുന്ന കുഞ്ഞുങ്ങൾക്ക് പുനരുത്ഥാന പ്രത്യാശയുണ്ടോ?” എന്ന വിഷയത്തെക്കുറിച്ചുള്ള ബൈബിൾതത്ത്വങ്ങൾ ആ ലേഖനത്തിൽ ചർച്ച ചെയ്യുന്നു.