വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ ദുരി​താ​ശ്വാ​സ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ?

യഹോ​വ​യു​ടെ സാക്ഷികൾ ദുരി​താ​ശ്വാ​സ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ?

 ഉണ്ട്‌. ദുരിതങ്ങൾ ആഞ്ഞടിക്കുമ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ സഹായ​ത്തിന്‌ എത്താറുണ്ട്‌. “സമയം അനുകൂ​ല​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം നമുക്ക്‌ സകലർക്കും നന്മ ചെയ്യാം; വിശേഷാൽ സഹവിശ്വാസികളായവർക്ക്‌” എന്ന ഗലാത്യർ 6:10-നോടുള്ള ചേർച്ചയിൽ സാക്ഷികൾക്കും അല്ലാത്തവർക്കും ഞങ്ങൾ വേണ്ട സ​ഹാ​യം ചെയ്‌തു​കൊ​ടു​ക്കു​ന്നു. മാത്രമല്ല, അത്തരം സാഹചര്യങ്ങളിൽ ദുരന്ത​ത്തിന്‌ ഇരയായ ആളുകൾക്ക്‌ വൈകാ​രി​ക​വും ആത്മീയ​വും ആയ പിന്തുണ നൽകാനും ഞങ്ങൾ ശ്രമി​ക്കാ​റുണ്ട്‌.—2 കൊരിന്ത്യർ 1:3, 4.

സംഘടന

 ഒരു ദുരന്തം ഉണ്ടായാൽ, ആ പ്രദേ​ശ​ത്തു​ള്ള സഭയിലെ മൂപ്പന്മാർ സഭാം​ഗ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട്‌, അവർ സുരക്ഷി​ത​രാ​ണോ, എന്തെങ്കി​ലും സഹായം ആവശ്യ​മു​ണ്ടോ എന്ന്‌ അന്വേ​ഷി​ക്കു​ന്നു. പിന്നീട്‌, അവർ ചെയ്‌ത അടിയ​ന്തി​ര​സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ചും വിലയി​രു​ത്തി​യ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശി​ക ബ്രാ​ഞ്ചോ​ഫീ​സി​നെ അറിയി​ക്കു​ന്നു.

 ആവശ്യ​മാ​യ സഹായം പ്രാ​ദേ​ശി​ക സഭകളു​ടെ പ്രാപ്‌തിക്ക്‌ അതീതമാണെങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം അതിനു​വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു. ഇത്‌, ക്ഷാമം ബാധിച്ചപ്പോൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാനികൾ പരസ്‌പ​രം കരുതിയ വിധ​ത്തോട്‌ സമാന​മാണ്‌. (1 കൊരിന്ത്യർ 16:1-4) ഉടനെ, പ്രാ​ദേ​ശി​ക ബ്രാ​ഞ്ചോ​ഫീസ്‌ ദുരി​താ​ശ്വാ​സ കമ്മിറ്റികൾ രൂപീ​ക​രി​ക്കു​ക​യും അവരുടെ നിയന്ത്രണത്തിൽ വേണ്ട സ​ഹാ​യം ചെയ്‌തു​കൊ​ടു​ക്കു​ക​യും ചെയ്യുന്നു. മറ്റു പ്രദേശങ്ങളിൽ നിന്നുള്ള സാക്ഷി​ക​ളും ദുരിതം ബാധിച്ച സഹോ​ദ​ര​ങ്ങ​ളെ സഹായിക്കാൻ തങ്ങളുടെ സമയവും ഊർജവും നിസ്വാർഥമായി ചെലവ​ഴി​ക്കു​ന്നു.—സദൃശവാക്യങ്ങൾ 17:17.

ധനസഹായം

 ദുരന്ത​ബാ​ധി​ത പ്രദേ​ശ​ത്തെ ആളുകളെ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സി​ലേ​ക്കു ലഭിക്കുന്ന സംഭാവനകൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. (പ്രവൃത്തികൾ 11:27-30; 2 കൊരിന്ത്യർ 8:13-15) അവരെ സഹായി​ക്കാൻ എത്തുന്നവർ ശമ്പളം കൈപ്പ​റ്റാ​തെ സേവി​ക്കു​ന്ന​വ​രാ​യ​തി​നാൽ ഓഫീ​സി​നും മറ്റ്‌ നടത്തി​പ്പി​നും വേണ്ടി പണം ചിലവാ​ക്കേ​ണ്ടി​വ​രു​ന്നില്ല. അതു​കൊണ്ട്‌, നീക്കി​വെ​ച്ചി​രി​ക്കു​ന്ന തുകയും സഹായ​വും ദുരന്ത​ബാ​ധി​തർക്കു​തന്നെ ലഭിക്കാൻ ഇടയാ​കു​ന്നു. അങ്ങനെ, ലഭിക്കുന്ന സംഭാവനകൾ കരുത​ലോ​ടെ ഉപയോ​ഗി​ക്കു​ന്നു എന്ന്‌ ഞങ്ങൾ ഉറപ്പു​വ​രു​ത്തു​ന്നു.—2 കൊരിന്ത്യർ 8:20.