ലൂക്കോസ് എഴുതിയത് 21:1-38
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
സംഭാവനപ്പെട്ടികൾ: മർ 12:41-ന്റെ പഠനക്കുറിപ്പു കാണുക.
ദരിദ്ര: അഥവാ “പാവപ്പെട്ട.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന പെനിഖ്രൊസ് എന്ന ഗ്രീക്കുപദത്തിന്, ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങൾപോലും നിറവേറ്റാനാകാത്ത ഒരാളെയോ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്ന ഒരാളെയോ കുറിക്കാനാകും. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം ഇവിടെ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.
തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ: അക്ഷ. “രണ്ടു ലെപ്റ്റ.” ചെറിയ, കനം കുറഞ്ഞ എന്തിനെയെങ്കിലും കുറിക്കുന്ന ലെപ്ടോൺ എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപമാണു ലെപ്റ്റ. ഒരു ദിനാറെയുടെ 1/128 ആയിരുന്നു ഒരു ലെപ്ടോൺ. ഇതു തെളിവനുസരിച്ച് ഇസ്രായേലിൽ ഉപയോഗത്തിലിരുന്ന, ചെമ്പോ വെങ്കലമോ കൊണ്ടുള്ള നാണയങ്ങളിൽ ഏറ്റവും ചെറുതായിരുന്നു.—പദാവലിയിൽ “ലെപ്ടോൺ” എന്നതും അനു. ബി14-ഉം കാണുക.
ഉപജീവനത്തിനുള്ള വക മുഴുവനും: ലൂക്ക 21:2-ന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നതനുസരിച്ച്, ആ വിധവ സംഭാവനപ്പെട്ടിയിൽ ഇട്ട ‘രണ്ട് ലെപ്റ്റയുടെ’ മൂല്യം ഒരു ദിവസത്തെ കൂലിയുടെ 1/64 ആയിരുന്നു. അക്കാലത്ത് ഇസ്രായേലിൽ ഉപയോഗത്തിലിരുന്ന ഏറ്റവും ചെറിയ നാണയമായിരുന്നു ലെപ്ടോൺ. ഒരു അസ്സാറിയൊൻ നാണയം (എട്ടു ലെപ്റ്റയ്ക്കു തുല്യം) കൊടുത്താൽ ഒരാൾക്കു രണ്ടു കുരുവികളെ വാങ്ങാമായിരുന്നെന്നു മത്ത 10:29 സൂചിപ്പിക്കുന്നു. അക്കാലത്ത് ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്ന പക്ഷികളിൽ ഏറ്റവും വില കുറഞ്ഞ ഒരിനമായിരുന്നു കുരുവികൾ. വാസ്തവത്തിൽ ആ വിധവയുടെ കൈയിൽ ഒരു കുരുവിയെ വാങ്ങാൻ ആവശ്യമായ പണത്തിന്റെ പകുതിയേ ഉണ്ടായിരുന്നുള്ളൂ. ഒരു നേരത്തെ ഭക്ഷണത്തിനുപോലും അതു തികയില്ലായിരുന്നു.
അന്ത്യം: അഥവാ “സമ്പൂർണമായ അവസാനം; അന്തിമമായ പരിസമാപ്തി.”—മത്ത 24:6-ന്റെ പഠനക്കുറിപ്പു കാണുക.
ജനത: മത്ത 24:7-ന്റെ പഠനക്കുറിപ്പു കാണുക.
എഴുന്നേൽക്കും: മത്ത 24:7-ന്റെ പഠനക്കുറിപ്പു കാണുക.
പകർച്ചവ്യാധികൾ: അഥവാ “സാംക്രമികരോഗങ്ങൾ.” അന്ത്യകാലത്തെക്കുറിച്ചുള്ള യേശുവിന്റെ വലിയ പ്രവചനം മൂന്നു സുവിശേഷയെഴുത്തുകാർ രേഖപ്പെടുത്തിയെങ്കിലും അന്ത്യകാലത്തിന്റെ സംയുക്ത ‘അടയാളത്തിന്റെ’ ഈ സവിശേഷതയെക്കുറിച്ച് ലൂക്കോസ് മാത്രമേ പറഞ്ഞിട്ടുള്ളൂ. (ലൂക്ക 21:7; മത്ത 24:3, 7; മർ 13:4, 8) അന്ത്യകാലത്തെക്കുറിച്ചുള്ള ആ മൂന്നു വിവരണങ്ങളും പരസ്പരപൂരകങ്ങളാണ്. ബൈബിളിൽ ‘പകർച്ചവ്യാധികൾ’ എന്നതിന്റെ ഗ്രീക്കുപദം ഈ വാക്യത്തിനു പുറമേ പ്രവൃ 24:5-ൽ മാത്രമാണു കാണുന്നത്. അത് അവിടെ ആലങ്കാരികാർഥത്തിൽ “ഒഴിയാബാധ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഒരാൾ പ്രശ്നക്കാരനാണ് അഥവാ പൊതുജനത്തിനു ഭീഷണിയാണ് എന്നാണ് അതിന്റെ അർഥം.
പേടിപ്പിക്കുന്ന കാഴ്ചകൾ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “പേടിക്കുക” എന്ന് അർഥമുള്ള ഫോബിയോ എന്ന ഗ്രീക്കുക്രിയയിൽനിന്ന് ഉത്ഭവിച്ചതാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ അതു കാണുന്നുള്ളൂ. ഭയപ്പെടുത്തുന്ന സംഭവങ്ങളെയായിരിക്കാം അതു കുറിക്കുന്നത്.
വാക്കുകൾ: അഥവാ “സമർഥമായി സംസാരിക്കാനുള്ള കഴിവ്.” അക്ഷ. “വായ്.” സംസാരിക്കുന്ന വാക്കുകൾ, സംസാരിക്കാനുള്ള കഴിവ് എന്നൊക്കെയുള്ള അർഥത്തിലാണു സ്റ്റോമ എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
സഹിച്ചുനിൽക്കുക: ഗ്രീക്കിൽ, ഹുപ്പൊമൊനീ. “സഹിച്ചുനിൽക്കുക” എന്നു പരിഭാഷപ്പെടുത്താറുള്ള ഹുപ്പൊമെനോ എന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “കീഴിൽ തുടരുക (കഴിയുക)” എന്നാണ്. ആ പദം മിക്കപ്പോഴും, “ഓടിപ്പോകാതെ ഒരിടത്തുതന്നെ തുടരുക; ഉറച്ചുനിൽക്കുക; മടുത്ത് പിന്മാറാതിരിക്കുക; കുലുങ്ങിപ്പോകാതിരിക്കുക” എന്നീ അർഥങ്ങളിലാണ് ഉപയോഗിച്ചിട്ടുള്ളത്. (മത്ത 10:22; റോമ 12:12; എബ്ര 10:32; യാക്ക 5:11) ഈ വാക്യത്തിന്റെ മൂലപാഠത്തിൽ കാണുന്നത് “സഹനശക്തി” എന്ന് അർഥംവരുന്ന ഹുപ്പൊമൊനീ എന്ന ഗ്രീക്കുനാമമാണ്. പ്രതിബന്ധങ്ങളോ ഉപദ്രവമോ പരിശോധനകളോ പ്രലോഭനങ്ങളോ ഉണ്ടായാലും പ്രത്യാശ നഷ്ടപ്പെടാതെ ധൈര്യത്തോടെയും ചങ്കൂറ്റത്തോടെയും ക്ഷമയോടെയും സഹിച്ചുനിൽക്കുന്നതിനെയാണ് അതു കുറിക്കുന്നത്.
നിങ്ങളുടെ ജീവൻ രക്ഷിക്കും: അഥവാ “നിങ്ങളുടെ ജീവൻ (ദേഹിയെ) നേടും.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്. (പദാവലിയിൽ “ദേഹി” കാണുക.) അതു മിക്കപ്പോഴും കുറിക്കുന്നത്, ഒരാളുടെ ഇപ്പോഴത്തെയോ ഭാവിയിലെയോ ജീവനെയാണ്. ഇവിടെ അതിനെ “നിങ്ങളുടെ ഭാവിയിലെ ജീവൻ” എന്നോ “നിങ്ങളുടെ യഥാർഥജീവൻ” എന്നോ പരിഭാഷപ്പെടുത്താം.
അവളുടെ: അതായത്, യരുശലേം നഗരത്തിന്റെ. ഈ വാക്യത്തിന്റെ ഗ്രീക്കുപാഠത്തിൽ യരുശലേം എന്ന പേര് സ്ത്രീലിംഗരൂപത്തിലാണു കാണുന്നത്. എന്നാൽ മറ്റു ചില ഭാഗങ്ങളിൽ അതു നപുംസകലിംഗത്തിലും കാണുന്നുണ്ട്.
യഹൂദ്യ: അതായത് യഹൂദ്യ എന്ന റോമൻ സംസ്ഥാനം.
മലകളിലേക്ക്: നാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ യൂസേബിയസ് പറയുന്നത്, യഹൂദ്യയിലും യരുശലേമിലും ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ യോർദാൻ നദി കടന്ന് പെല്ലയിലേക്ക് ഓടിപ്പോയെന്നാണ്. ദക്കപ്പൊലിയിലെ ഒരു മലമ്പ്രദേശത്തുള്ള നഗരമായിരുന്നു പെല്ല.—അനു. ബി10 കാണുക.
അവളിൽ: അതായത്, യരുശലേം നഗരത്തിൽ.—ലൂക്ക 21:20-ന്റെ പഠനക്കുറിപ്പു കാണുക.
നീതി നടപ്പാക്കാനുള്ള നാളുകൾ: അഥവാ “പ്രതികാരത്തിന്റെ നാളുകൾ.” ദൈവത്തിന്റെ പ്രതികാരവും ന്യായവിധിയും നടപ്പാക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മുമ്പൊരിക്കൽ നസറെത്തിലെ സിനഗോഗിൽവെച്ച് യേശു യശയ്യ പ്രവചനത്തിലെ ഒരു ഭാഗം ഉദ്ധരിച്ചിട്ട് (യശ 61:1, 2) അതു തന്നിൽ നിറവേറുന്നതായി പറഞ്ഞിരുന്നു. പക്ഷേ ‘ദൈവം പ്രതികാരം ചെയ്യുന്ന ദിവസത്തെക്കുറിച്ചുള്ള’ ഭാഗം അപ്പോൾ യേശു ഉദ്ധരിച്ചതായി വിവരണം പറയുന്നില്ല. (ലൂക്ക 4:16-21) എന്നാൽ ഈ സന്ദർഭത്തിൽ, യരുശലേമിനു ചുറ്റും സൈന്യം പാളയമടിക്കുന്നതിനെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് യേശു “പ്രതികാരത്തിന്റെ നാളുകൾ” പ്രഖ്യാപിക്കുകതന്നെ ചെയ്തു. എബ്രായതിരുവെഴുത്തുകളിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ ദൈവം പ്രതികാരം ചെയ്യുന്ന കാര്യവും പറഞ്ഞിട്ടുണ്ടായിരുന്നു. ഈ വാക്യത്തിൽ ‘നീതി നടപ്പാക്കുക,’ “പ്രതികാരം” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഗ്രീക്കുപദം സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ ആവ 32:35; യിര 46:10 (26:10, LXX); ഹോശ 9:7 എന്നീ വാക്യങ്ങളിലും കാണുന്നുണ്ട്. മേൽപ്പറഞ്ഞ വാക്യങ്ങളുടെ മൂലപാഠത്തിൽ ആ പദത്തിന്റെ സ്ഥാനത്ത് കാണുന്ന എബ്രായപദങ്ങളെ മലയാളത്തിൽ “പ്രതികാരം,” ‘കണക്കുതീർപ്പ്’ എന്നൊക്കെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം: അഥവാ “ജൂതന്മാരല്ലാത്തവർക്കുള്ള കാലം.” ഇവിടെ “കാലം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന കയ്റോസ് എന്ന ഗ്രീക്കുപദത്തിന് ഒരു പ്രത്യേക സമയബിന്ദുവിനെയോ കൃത്യമായ സമയദൈർഘ്യമുള്ള ഒരു കാലയളവിനെയോ കൊയ്ത്ത്, വിളവെടുപ്പ് എന്നിവപോലെ പ്രത്യേകസവിശേഷതകളുള്ള ഒരു ‘കാലത്തെയോ’ (അഥവാ ‘സമയത്തെയോ’) കുറിക്കാനാകും. (മത്ത 13:30; 21:34; മർ 11:13) യേശുവിന്റെ ശുശ്രൂഷ തുടങ്ങാനായി ‘നിശ്ചയിച്ചിരുന്ന കാലത്തെക്കുറിച്ചും’ (മർ 1:15) യേശുവിന്റെ മരണത്തിനായി നിശ്ചയിച്ചിരുന്ന ‘സമയത്തെക്കുറിച്ചും’ (മത്ത 26:18) പറയുന്ന ഭാഗങ്ങളിലും ഇതേ ഗ്രീക്കുപദം കാണാം. ഇനി, ദൈവത്തിന്റെ ക്രമീകരണത്തോടോ സമയപ്പട്ടികയോടോ ബന്ധമുള്ള, ഭാവിയിലെ സമയങ്ങളെയും കാലങ്ങളെയും കുറിക്കാനും കയ്റോസ് ഉപയോഗിച്ചിട്ടുണ്ട്. പ്രധാനമായും ക്രിസ്തുവിന്റെ സാന്നിധ്യം, രാജ്യം എന്നിവയുമായി ബന്ധപ്പെട്ടാണ് അത് അത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്. (പ്രവൃ 1:7; 3:19; 1തെസ്സ 5:1) കയ്റോസ് എന്ന പദം ഉപയോഗിച്ചിരിക്കുന്ന ഇത്തരം ബൈബിൾഭാഗങ്ങൾ പരിശോധിച്ചാൽ, “ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം,” സമയദൈർഘ്യം നിശ്ചയിക്കാനാകാത്ത ഒരു കാലയളവല്ല, മറിച്ച് ആരംഭവും അവസാനവും ഉള്ള ഒരു നിശ്ചിതകാലഘട്ടമാണെന്നു മനസ്സിലാക്കാനാകും. ഏത്നൊസ് എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപത്തെയാണ് ഇവിടെ “ജനതകൾ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ബൈബിളെഴുത്തുകാർ ആ പദം പൊതുവേ ഉപയോഗിച്ചിരിക്കുന്നത്, ജൂതവംശത്തിൽപ്പെടാത്ത മറ്റെല്ലാ ജനതകളെയും കുറിക്കാനാണ്.
ഭൂലോകം: ഇവിടെ “ഭൂലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഒയിക്കൂമെനേ എന്ന ഗ്രീക്കുപദമാണ്. ഭൂമിയെ മനുഷ്യകുലത്തിന്റെ വാസസ്ഥലമായി ചിത്രീകരിക്കുന്ന ഒരു പദമാണ് ഇത്.—ലൂക്ക 4:5; പ്രവൃ 17:31; റോമ 10:18; വെളി 12:9; 16:14.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു മേഘത്തിൽ: മത്ത 24:30-ന്റെ പഠനക്കുറിപ്പു കാണുക.
ആകാശവും ഭൂമിയും നീങ്ങിപ്പോകും: മത്ത 24:35-ന്റെ പഠനക്കുറിപ്പു കാണുക.
എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല: മത്ത 24:35-ന്റെ പഠനക്കുറിപ്പു കാണുക.
നിൽക്കാൻ: ഒരു വ്യക്തിക്കോ ഒരു കൂട്ടം ആളുകൾക്കോ, അധികാരസ്ഥാനത്തുള്ള ഒരാളുടെ പ്രീതിയോ അംഗീകാരമോ ഉണ്ടെന്നു സൂചിപ്പിക്കാനാണ് ഈ പദപ്രയോഗം ബൈബിളിൽ ചിലപ്പോഴൊക്കെ ഉപയോഗിച്ചിരിക്കുന്നത്. (സങ്ക 1:5; 5:5; സുഭ 22:29; ലൂക്ക 1:19) ഉദാഹരണത്തിന്, മഹാപുരുഷാരം ‘സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതായി’ വെളി 7:9, 15-ൽ പറഞ്ഞിരിക്കുന്നതിന്റെ അർഥം, അവർക്കു ദൈവത്തിന്റെയും യേശുവിന്റെയും പ്രീതിയും അംഗീകാരവും ഉണ്ടെന്നാണ്.
ഒലിവുമലയിൽ പോയി താമസിക്കും: തന്റെ ഭൗമികജീവിതത്തിന്റെ അവസാനത്തെ നാലു ദിവസവും പകൽസമയത്ത് യേശു യരുശലേം നഗരത്തിൽത്തന്നെയായിരുന്നു. രാത്രിയിൽ യേശുവും ശിഷ്യന്മാരും അവിടെനിന്ന് ഒലിവുമലയുടെ കിഴക്കേ ചെരിവിലുള്ള ബഥാന്യ ഗ്രാമത്തിലേക്കു പോകും. അവിടെ അവർ താമസിച്ചിരുന്നതു മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട്ടിലായിരുന്നു എന്നതിനു സംശയമില്ല.—മത്ത 21:17; മർ 11:11.
ദൃശ്യാവിഷ്കാരം
റബ്ബിമാരുടെ രേഖകൾ പറയുന്നതനുസരിച്ച്, ഹെരോദ് നിർമിച്ച ദേവാലയത്തിൽ ‘ഷോഫർ പെട്ടികൾ’ എന്ന് അറിയപ്പെട്ടിരുന്ന 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്നു. ഷോഫാർ എന്ന എബ്രായപദത്തിന്റെ അർഥം “ആൺചെമ്മരിയാടിന്റെ കൊമ്പ്” എന്നായതുകൊണ്ട് ആ സംഭാവനപ്പെട്ടികളുടെ രൂപത്തിന് ഒരു കൊമ്പിനോട് അഥവാ കാഹളത്തോടു കുറച്ചെങ്കിലും രൂപസാദൃശ്യം ഉണ്ടായിരുന്നിരിക്കാം. ദാനം ചെയ്യുന്നവർ (ആലങ്കാരികാർഥത്തിൽ) കാഹളം ഊതുന്നതിനെ യേശു കുറ്റം വിധിച്ചപ്പോൾ ആളുകളുടെ മനസ്സിലേക്കു വന്നത്, കാഹളത്തിന്റെ രൂപത്തിലുള്ള ഈ സംഭാവനപ്പെട്ടികളിൽ നാണയം ഇടുമ്പോൾ ഉണ്ടാകുന്ന ശബ്ദമായിരിക്കാം. (മത്ത 6:2) വിധവയുടെ രണ്ടു ചെറുതുട്ടുകൾ സംഭാവനപ്പെട്ടിയിലേക്കു വീണപ്പോൾ അധികം ശബ്ദമൊന്നും ഉണ്ടായിക്കാണില്ല. എങ്കിൽപ്പോലും ആ വിധവയെയും അവരുടെ സംഭാവനയെയും യഹോവ വളരെ വിലയേറിയതായി കണ്ടെന്നു യേശു സൂചിപ്പിച്ചു.
ഈ ചിത്രത്തിൽ കാണുന്ന കല്ലുകൾ ഒന്നാം നൂറ്റാണ്ടിലെ ദേവാലയസമുച്ചയത്തിന്റെ ഭാഗമായിരുന്നെന്നു കരുതപ്പെടുന്നു. പടിഞ്ഞാറേ മതിലിന്റെ തെക്കൻ ഭാഗത്താണ് അവ കിടക്കുന്നത്. റോമാക്കാർ യരുശലേമും അവിടത്തെ ദേവാലയവും നശിപ്പിച്ചതിന്റെ ദുഃഖസ്മരണയായി അവ നിലകൊള്ളുന്നു.
യരുശലേമിനും അവിടത്തെ ആലയത്തിനും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചിച്ചപ്പോൾ, യഹൂദ്യനിവാസികളെ ‘എല്ലാ ജനതകളിലേക്കും ബന്ദികളായി കൊണ്ടുപോകുമെന്ന്’ യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ലൂക്ക 21:21, 24) യേശുവിന്റെ വാക്കുകൾ അങ്ങനെതന്നെ നിറവേറി എന്നതിന്റെ ശ്രദ്ധേയമായ തെളിവാണ് ഇവിടെ കാണിച്ചിരിക്കുന്ന നാണയം. യഹൂദ്യ പിടിച്ചടക്കിയതിന്റെ ഓർമയ്ക്കായുള്ള ഇത്തരം നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത് എ.ഡി. 71-ലാണ്. നാണയത്തിന്റെ ഒരു വശത്ത് വെസ്പേഷ്യൻ ചക്രവർത്തിയുടെ മകനായ ടൈറ്റസിന്റെ രൂപം കാണാം. യഹൂദ്യയുടെ നേരെ വെസ്പേഷ്യൻ തുടങ്ങിവെച്ച ആക്രമണം പൂർത്തിയാക്കിയതു ടൈറ്റസാണ്. നാണയത്തിന്റെ മറുവശത്ത് ഒരു പനമരമുണ്ട്. അതിന്റെ ഇരുവശങ്ങളിലായി, കൈ പുറകിൽ ബന്ധിച്ച യഹൂദ്യക്കാരനായ ഒരു ബന്ദിയെയും കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജൂതസ്ത്രീയെയും കാണാം. നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന “ഇവാഡിയ കാപ്റ്റ” എന്നതിന്റെ അർഥം “ബന്ദിയായ യഹൂദ്യ” എന്നാണ്.
യരുശലേമിലെയും യഹൂദ്യയിലെയും ആളുകൾ ‘വാളിന്റെ വായ്ത്തലയാൽ വീഴും’ എന്നു യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ലൂക്ക 21:24) ഫോട്ടോയിൽ കാണിച്ചിരിക്കുന്ന 2,000 വർഷം പഴക്കമുള്ള ഈ വാൾ യരുശലേമിലുണ്ടായിരുന്ന റോമൻ കാലാൾപ്പടയിലെ ഒരാളുടേതായിരിക്കാൻ സാധ്യതയുണ്ട്. ജൂതന്മാർ എ.ഡി. 66-ൽ റോമാക്കാർക്കെതിരെ വിപ്ലവം അഴിച്ചുവിട്ടതിനെത്തുടർന്ന് റോമൻ കാലാൾപ്പടയുടെ ഒരു വിഭാഗം അവിടെ തമ്പടിച്ചിരുന്നു. ഏകദേശം 60 സെ.മീ. നീളം വരുന്ന ഈ വാളിന് ഇപ്പോഴും തുകലുറയുണ്ട്, അല്പമൊക്കെ ദ്രവിച്ചിട്ടുണ്ടെന്നു മാത്രം. അടുത്ത കാലത്ത് പുരാവസ്തുഗവേഷകർ യരുശലേമിലെ ഒരു അഴുക്കുചാലിൽ ഉത്ഖനനം നടത്തിയപ്പോൾ കിട്ടിയതാണ് ഈ വാൾ (2011-ലാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.). ദാവീദിന്റെ നഗരത്തിനും യരുശലേമിന്റെ പടിഞ്ഞാറേ മതിലിന് അടുത്ത് പുരാവസ്തുശേഷിപ്പുകളുള്ള മേഖലയ്ക്കും ഇടയിലുള്ള ഒരു സ്ഥലമാണ് ഇത്. എ.ഡി. 70-ലെ യരുശലേമിന്റെ നാശത്തിനു മുമ്പുള്ള പ്രക്ഷുബ്ധമായ സമയത്ത് യരുശലേംകാരുടെ ഒരു ഒളിസങ്കേതമായിരുന്നിരിക്കാം ഈ അഴുക്കുചാൽ.