യോഹന്നാൻ എഴുതിയത് 20:1-31
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
കല്ലറ: അഥവാ “സ്മാരകക്കല്ലറ.”—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
തിരുവെഴുത്ത്: ഇവിടെ തിരുവെഴുത്ത് എന്നു പറഞ്ഞിരിക്കുന്നതു സങ്ക 16:10-നെയോ യശ 53:10-നെയോ ഉദ്ദേശിച്ചായിരിക്കാം. യേശുവിന്റെ ശിഷ്യന്മാർക്കുപോലും മിശിഹയെക്കുറിച്ചുള്ള ചില പ്രവചനങ്ങൾ അപ്പോഴും മനസ്സിലായിരുന്നില്ല. പ്രത്യേകിച്ച്, മിശിഹയെ തള്ളിപ്പറയുന്നതിനെക്കുറിച്ചും മിശിഹയുടെ യാതന, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ചും ഉള്ള പ്രവചനങ്ങൾ അതിന് ഉദാഹരണങ്ങളാണ്.—യശ 53:3, 5, 12; മത്ത 16:21-23; 17:22, 23; ലൂക്ക 24:21; യോഹ 12:34.
എബ്രായ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
റബ്ബോനി!: “എന്റെ ഗുരു” (അഥവാ “എന്റെ റബ്ബി”) എന്ന് അർഥമുള്ള ഒരു സെമിറ്റിക്ക് പദം. തുടക്കത്തിൽ “റബ്ബോനി” എന്ന പദം, അതിന്റെ മറ്റൊരു രൂപമായ “റബ്ബി” എന്നതിനെക്കാൾ ആദരവും അടുപ്പവും ധ്വനിപ്പിക്കുന്ന ഒരു പദമായിരുന്നിരിക്കാം എന്നു ചിലർ കരുതുന്നു. എന്നാൽ ഇവിടെയും യോഹ 1:38-ലും യോഹന്നാൻ ആ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നതു ഗുരു എന്നു മാത്രമാണ്. യോഹന്നാൻ സുവിശേഷം എഴുതിയ സമയമായപ്പോഴേക്കും “റബ്ബോനി” എന്ന പദത്തിലെ, “എന്റെ” എന്ന് അർഥം വരുന്ന പ്രത്യയത്തിന്റെ (ഉത്തമപുരുഷ പ്രത്യയം) പ്രാധാന്യം നഷ്ടമായിരിക്കാനാണു സാധ്യത.
എന്നെ ഇങ്ങനെ പിടിച്ചുനിറുത്തരുത്: ഇവിടെ കാണുന്ന ഹപ്ടോമായ് എന്ന ഗ്രീക്കുക്രിയയ്ക്ക് “തൊടുക” എന്നോ “പിടിച്ചുനിറുത്തുക; വിടാതെ മുറുകെപ്പിടിക്കുക” എന്നോ അർഥം വരാം. ചില ഭാഷാന്തരങ്ങൾ യേശുവിന്റെ ഈ വാക്കുകളെ “എന്നെ തൊടരുത്” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മഗ്ദലക്കാരി മറിയ തന്നെ തൊടുന്നതിനെയല്ല യേശു ഇവിടെ തടഞ്ഞത്. കാരണം പുനരുത്ഥാനപ്പെട്ട യേശുവിനെ കണ്ട മറ്റു സ്ത്രീകൾ ‘കാലിൽ കെട്ടിപ്പിടിച്ചപ്പോൾ’ യേശു തടഞ്ഞില്ല. (മത്ത 28:9) യേശു സ്വർഗാരോഹണം ചെയ്യാൻ പോകുകയാണെന്നു മറിയ ഭയന്നുകാണും. തന്റെ കർത്താവിനെ പിരിയാനുള്ള വിഷമംകൊണ്ടായിരിക്കാം മറിയ യേശുവിനെ പോകാൻ അനുവദിക്കാതെ പിടിച്ചുനിറുത്തിയത്. തന്നെ പിടിച്ചുനിറുത്തുന്നതിനു പകരം, ശിഷ്യന്മാരോടു തന്റെ പുനരുത്ഥാനത്തെക്കുറിച്ച് അറിയിക്കാൻ യേശു പറഞ്ഞതു താൻ ഉടനെ സ്വർഗത്തിലേക്കു പോകില്ലെന്നു മറിയയ്ക്ക് ഉറപ്പുകൊടുക്കാനായിരിക്കാം.
എന്റെ ദൈവവും നിങ്ങളുടെ ദൈവവും: എ.ഡി. 33 നീസാൻ 16-ാം തീയതി യേശുവും മഗ്ദലക്കാരി മറിയയും തമ്മിൽ നടന്ന ഈ സംഭാഷണം സൂചിപ്പിക്കുന്നത്, പുനരുത്ഥാനപ്പെട്ട യേശു തന്റെ പിതാവിനെ ദൈവമായിട്ടാണു കണ്ടത് എന്നാണ്. യേശുവിന്റെ പിതാവ് മഗ്ദലക്കാരി മറിയയുടെ ദൈവമായിരുന്നതുപോലെതന്നെ യേശുവിന്റെയും ദൈവമായിരുന്നു എന്ന് ആ വാക്കുകൾ സൂചിപ്പിക്കുന്നു. രണ്ടു ദിവസം മുമ്പ് ദണ്ഡനസ്തംഭത്തിൽവെച്ച്, സങ്ക 22:1-ലെ പ്രവചനത്തിന്റെ നിവൃത്തിയായി യേശു പിതാവിനെ “എന്റെ ദൈവമേ, എന്റെ ദൈവമേ” എന്നു വിളിച്ചപ്പോൾ പിതാവ് തന്റെ ദൈവമാണെന്ന കാര്യം യേശു സമ്മതിച്ചുപറയുകയായിരുന്നു. (മത്ത 27:46; മർ 15:34; ലൂക്ക 23:46) യേശു പിതാവിനെ ‘എന്റെ ദൈവം’ എന്നു വിളിക്കുന്നതായി വെളിപാട് പുസ്തകത്തിലും കാണാം. (വെളി 3:2, 12) പുനരുത്ഥാനപ്പെട്ട്, മഹത്ത്വീകരിക്കപ്പെട്ട യേശു സ്വർഗീയപിതാവിനെ തന്റെ ദൈവമായി ആരാധിക്കുന്നുണ്ടെന്നാണ് ഈ തിരുവെഴുത്തുഭാഗങ്ങൾ തെളിയിക്കുന്നത്. തന്റെ ശിഷ്യന്മാർ പിതാവിനെ ദൈവമായി കണ്ട് ആരാധിക്കുന്നതുപോലെതന്നെയാണു യേശുവും ദൈവത്തെ കാണുന്നത്.
ജൂതന്മാർ: സാധ്യതയനുസരിച്ച്, അധികാരസ്ഥാനത്തുള്ള ജൂതന്മാരോ ജൂതമതനേതാക്കന്മാരോ ആണ് ഇത്.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
ഇരട്ട: യോഹ 11:16-ന്റെ പഠനക്കുറിപ്പു കാണുക.
എന്റെ കർത്താവേ! എന്റെ ദൈവമേ!: ആശ്ചര്യം നിറഞ്ഞ ഈ വാക്കുകൾ യേശുവിനോടാണു പറഞ്ഞതെങ്കിലും അത് യഥാർഥത്തിൽ യേശുവിന്റെ പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വാക്കുകളായിരുന്നെന്നു ചില പണ്ഡിതന്മാർ കരുതുന്നു. എന്നാൽ അതു യേശുവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വാക്കുകളാണെന്നു മൂലഗ്രീക്കുപാഠം സൂചിപ്പിക്കുന്നതായി മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഇതിൽ രണ്ടാമത്തെ അഭിപ്രായമാണു ശരിയെന്നിരിക്കട്ടെ. എങ്കിൽപ്പോലും “എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്ന പദപ്രയോഗത്തിന്റെ അർഥം കൃത്യമായി മനസ്സിലാക്കാൻ ഇതിനെ മറ്റു തിരുവെഴുത്തുകളുമായി താരതമ്യം ചെയ്യുന്നതു നല്ലതാണ്. “ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു” എന്നു യേശുതന്നെ മുമ്പ് പറഞ്ഞിരുന്നതുകൊണ്ട്, യേശു സർവശക്തനായ ദൈവമാണെന്നു തോമസ് ഒരിക്കലും ചിന്തിച്ചുകാണില്ല. (യോഹ 20:17-ന്റെ പഠനക്കുറിപ്പു കാണുക.) യേശു ‘പിതാവിനെ’ ‘ഏകസത്യദൈവമേ’ എന്നു വിളിച്ച് പ്രാർഥിച്ചതും തോമസ് കേട്ടിരുന്നു. (യോഹ 17:1-3) അതുകൊണ്ട് തോമസ് യേശുവിനെ “എന്റെ ദൈവമേ” എന്നു വിളിച്ചതിന്റെ കാരണങ്ങൾ ഇതായിരിക്കാം: അദ്ദേഹം യേശുവിനെ സർവശക്തനായ ദൈവമായി കണ്ടില്ലെങ്കിലും ‘ഒരു ദൈവം’ ആയി കണ്ടിരിക്കാം. (യോഹ 1:1-ന്റെ പഠനക്കുറിപ്പു കാണുക.) ഇനി, എബ്രായതിരുവെഴുത്തുകളിലെ ദൈവദാസന്മാർ യഹോവയുടെ സന്ദേശവാഹകരായ ദൂതന്മാരെ അഭിസംബോധന ചെയ്തതുപോലെ തോമസ് യേശുവിനെ അഭിസംബോധന ചെയ്തതുമാകാം. കാരണം എബ്രായതിരുവെഴുത്തുകളിൽ ചിലർ യഹോവയുടെ സന്ദേശവാഹകരായ ദൂതന്മാരോട്, യഹോവയോടെന്നപോലെ സംസാരിച്ചതിനെക്കുറിച്ചും അവരെപ്പറ്റി യഹോവ എന്നു പറഞ്ഞതിനെക്കുറിച്ചും തോമസിന് അറിയാമായിരുന്നിരിക്കാം. ഇനി, ചില ബൈബിളെഴുത്തുകാർ ദൈവദൂതന്മാരെ തിരുവെഴുത്തുകളിൽ യഹോവ എന്നു വിളിച്ചതായി പറയുന്ന ചില ഭാഗങ്ങളും തോമസിനു പരിചയമുണ്ടായിരുന്നിരിക്കണം. (ഉൽ 16:7-11, 13; 18:1-5, 22-33; 32:24-30; ന്യായ 6:11-15; 13:20-22 എന്നിവ താരതമ്യം ചെയ്യുക.) തോമസ് യേശുവിനെ “എന്റെ ദൈവമേ” എന്നു വിളിച്ചതും അതേ അർഥത്തിലായിരിക്കാം. സാധ്യതയനുസരിച്ച്, യേശുവിനെ അങ്ങനെ വിളിച്ചപ്പോൾ യേശു സത്യദൈവത്തിന്റെ പ്രതിനിധിയും വക്താവും ആണെന്ന് അംഗീകരിക്കുകയായിരുന്നു അദ്ദേഹം.
ഈ വാക്യത്തിലെ ‘കർത്താവ്,’ ‘ദൈവം’ എന്നീ വാക്കുകളോടൊപ്പം മൂലഗ്രീക്കുപാഠത്തിൽ നിശ്ചായക ഉപപദം (definite article) കാണുന്നതുകൊണ്ട് ആ വാക്കുകൾ സർവശക്തനായ ദൈവത്തെയാണു കുറിക്കുന്നതെന്നു ചിലർ വാദിക്കുന്നു. എന്നാൽ ആരെയെങ്കിലും അഭിസംബോധന ചെയ്യുന്നിടത്തും ഗ്രീക്കു വ്യാകരണത്തിൽ നിശ്ചായക ഉപപദം ഉപയോഗിക്കാറുണ്ട്. ഈ വാക്യത്തിലും അത് ആ രീതിയിലായിരിക്കാം ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ അഭിസംബോധനയെ കുറിക്കാൻ നാമപദത്തോടൊപ്പം (അതായത്, വാചകത്തിലെ കർത്താവായ നാമം.) നിശ്ചായക ഉപപദം ഉപയോഗിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണു ലൂക്ക 12:32 (ഇവിടെ “ചെറിയ ആട്ടിൻകൂട്ടമേ” എന്ന് അഭിസംബോധന ചെയ്യുന്നിടത്ത്, ഗ്രീക്കിൽ “ചെറിയ ആട്ടിൻകൂട്ടം” എന്ന പദത്തോടൊപ്പം നിശ്ചായക ഉപപദം കാണാം.); കൊലോ 3:18–4:1 (ഗ്രീക്കിൽ ഇവിടെയും “ഭാര്യമാർ,” “ഭർത്താക്കന്മാർ,” “മക്കൾ,” “പിതാക്കന്മാർ,” “അടിമകൾ,” “യജമാനന്മാർ” എന്നീ പദങ്ങളോടൊപ്പം നിശ്ചായക ഉപപദം കാണുന്നു.) എന്നീ തിരുവെഴുത്തുകൾ. ഇനി 1പത്ര 3:7-ന്റെ മൂലപാഠത്തിലും ഇതുപോലെ “ഭർത്താക്കന്മാർ” എന്ന പദത്തോടൊപ്പം നിശ്ചായക ഉപപദം കാണാം. ചുരുക്കത്തിൽ, ഈ വാക്യത്തിൽ നിശ്ചായക ഉപപദമുണ്ട് എന്നതുകൊണ്ട് മാത്രം തോമസിന്റെ വാക്കുകൾ സർവശക്തനായ ദൈവത്തെയാണു കുറിക്കുന്നതെന്നു പറയാനാകില്ല.