മത്തായി എഴുതിയത് 24:1-51
പഠനക്കുറിപ്പുകൾ
ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ: എ.ഡി. 70-ൽ റോമാക്കാർ യരുശലേമിനെ നശിപ്പിച്ചപ്പോൾ യേശുവിന്റെ ഈ പ്രവചനത്തിന് ശ്രദ്ധേയമായ ഒരു നിവൃത്തിയുണ്ടായി. അന്നു നഗരമതിലിന്റെ ചില ഭാഗങ്ങൾ ഒഴികെ ബാക്കി മുഴുവൻ അവർ ഇടിച്ചുനിരത്തി.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
ഒലിവുമല: യരുശലേമിനു കിഴക്കാണ് ഇതിന്റെ സ്ഥാനം. ഇതിനും നഗരത്തിനും ഇടയ്ക്ക് കിദ്രോൻ താഴ്വരയുണ്ടായിരുന്നു. ഇവിടെനിന്ന് യേശുവിനും ശിഷ്യന്മാരായ ‘പത്രോസ്, യാക്കോബ്, യോഹന്നാൻ, അന്ത്രയോസ് ’ (മർ 13:3, 4) എന്നിവർക്കും യരുശലേം നഗരവും അതിലെ ദേവാലയവും കാണാമായിരുന്നു.
സാന്നിധ്യം: പറൂസിയ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം (പല ബൈബിളുകളിലും “വരവ്” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.) “അരികത്ത് ഉണ്ടായിരിക്കുക” എന്നാണ്. അതു കുറിക്കുന്നത് ഒരു കാലഘട്ടത്തേക്കു നീണ്ടുനിൽക്കുന്ന സാന്നിധ്യത്തെയാണ്, അല്ലാതെ വെറുമൊരു വരവിനെയോ ആഗമനത്തെയോ അല്ല. “ജലപ്രളയത്തിനു മുമ്പുള്ള” ‘നോഹയുടെ നാളുകളോട് ’ “മനുഷ്യപുത്രന്റെ സാന്നിധ്യ”ത്തെ താരതമ്യം ചെയ്തിരിക്കുന്ന മത്ത 24:37-39 വാക്യങ്ങൾ പറൂസിയയുടെ ഇതേ അർഥമാണ് എടുത്തുകാട്ടുന്നത്. ഫിലി 2:12-ൽ തന്റെ ‘സാന്നിധ്യത്തെക്കുറിച്ച് ’ പറയുന്നിടത്ത് പൗലോസും ഇതേ ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. അവിടെ തന്റെ ‘അസാന്നിധ്യത്തോടാണ് ’ പൗലോസ് അതിനെ താരതമ്യം ചെയ്തിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.
വ്യവസ്ഥിതി: അഥവാ “യുഗം.” ഗ്രീക്കുപദമായ ഏയോൻ ഇവിടെ അർഥമാക്കുന്നത് ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ആണ്.—പദാവലിയിൽ “വ്യവസ്ഥിതി(കൾ)” കാണുക.
അവസാനിക്കാൻപോകുന്നു: അഥവാ “അവസാനകാലം.” സുന്റേലയ എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. അതിന്റെ അർഥം “ഒന്നിച്ചുള്ള അവസാനം; സംയുക്താന്ത്യം; ഒരുമിച്ച് അവസാനിക്കുക” എന്നെല്ലാമാണ്. (മത്ത 13:39, 40, 49; 28:20; എബ്ര 9:26) ഇത് ഒരു കാലഘട്ടത്തെയാണ് അർഥമാക്കുന്നത്. ആ സമയത്ത് സംയുക്തമായി നടക്കുന്ന ചില സംഭവങ്ങൾ മത്ത 24:6, 14 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സമ്പൂർണമായ “അവസാന”ത്തിലേക്കു നയിക്കും. അവിടെ ‘അവസാനം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്, ടെലോസ് എന്ന മറ്റൊരു ഗ്രീക്കുപദമാണ്.—മത്ത 24:6, 14 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
ക്രിസ്തു: ഗ്രീക്കിൽ ഹോ ക്രിസ്തോസ്. “മിശിഹ” (മാഷിയാക് എന്ന എബ്രായപദത്തിൽനിന്നുള്ളത്.) എന്നതിനു തത്തുല്യമായ ഒരു സ്ഥാനപ്പേരാണു “ക്രിസ്തു.” രണ്ടിന്റെയും അർഥം “അഭിഷിക്തൻ” എന്നാണ്. റോമാക്കാരുടെ അടിച്ചമർത്തലിൽനിന്ന് വിടുതൽ നൽകാമെന്ന വാഗ്ദാനവുമായി ചിലർ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ രംഗത്ത് എത്തിയതായി ജൂതചരിത്രകാരനായ ജോസീഫസ് സൂചിപ്പിക്കുന്നുണ്ട്. പ്രവാചകരോ വിമോചകരോ ആണെന്ന് അവകാശപ്പെട്ട ഇവരെ, ഇവരുടെ അനുഗാമികൾ രാഷ്ട്രീയമിശിഹമാരായിട്ടാകാം കണ്ടത്.
അവസാനം: അഥവാ “സമ്പൂർണമായ അവസാനം.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദവും (ടെലോസ്) മത്ത 24:3-ൽ “അവസാനിക്കാൻപോകുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദവും (സുന്റേലയ) രണ്ടാണ്.—മത്ത 24:3-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
ജനത: ഏത്നൊസ് എന്ന ഗ്രീക്കുപദത്തിനു വിശാലമായ അർഥമാണുള്ളത്. ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ അതിർത്തിക്കുള്ളിലോ ഒരു പ്രത്യേക ഭൂപ്രദേശത്തോ താമസിക്കുന്നവരെ ഇതിനു കുറിക്കാനാകും. ഏതെങ്കിലും ഒരു വംശത്തിൽപ്പെട്ടവരെയും ഇതിന് അർഥമാക്കാനാകും.—മത്ത 24:14-ന്റെ പഠനക്കുറിപ്പു കാണുക.
എഴുന്നേൽക്കും: അഥവാ “ഇളകും; ക്ഷോഭിക്കും.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിനു “ശത്രുതയോടെ ചെല്ലുക” എന്ന അർഥമാണുള്ളത്. അതിനെ “ആയുധമെടുത്ത് ഇറങ്ങുക” എന്നും “യുദ്ധം ചെയ്യുക” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്.
പ്രസവവേദന: പ്രസവസമയത്ത് അനുഭവപ്പെടുന്ന തീവ്രവേദനയെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം കുറിക്കുന്നത്. ഇവിടെ പക്ഷേ, അതു ദുരിതത്തെയും വേദനയെയും കഷ്ടപ്പാടിനെയും കുറിക്കാൻ പൊതുവായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ മത്ത 24:21-ൽ പറഞ്ഞിരിക്കുന്ന മഹാകഷ്ടതയ്ക്കു മുമ്പുള്ള സമയത്ത്, മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കുഴപ്പങ്ങളും കഷ്ടതകളും പ്രസവവേദനപോലെതന്നെ കൂടിക്കൂടിവരും എന്നൊരു സൂചനയും അതിലുണ്ടായിരിക്കാം. അതിന് അർഥം ആ സമയത്ത് അവയുടെ എണ്ണവും തീവ്രതയും ദൈർഘ്യവും വർധിക്കാമെന്നാണ്.
നിയമലംഘനം: “നിയമലംഘനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന് ആളുകൾ നിയമം തെറ്റിക്കുന്നതിനെയും അതിനെ പുച്ഛിച്ചുതള്ളുന്നതിനെയും അർഥമാക്കാനാകും. നിയമങ്ങളേ ഇല്ല എന്ന മട്ടിലായിരിക്കും അവരുടെ പെരുമാറ്റം. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു ദൈവനിയമങ്ങളോടുള്ള അവഗണനയെ കുറിക്കാനാണ്.—മത്ത 7:23; 2കൊ 6:14; 2തെസ്സ 2:3-7; 1യോഹ 3:4.
മിക്കവരുടെയും: ചില ബൈബിളുകൾ പൊതുവായ ഒരർഥത്തിൽ “പലരും” എന്നാണ് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അത്തരമൊരു ചെറിയ കൂട്ടത്തെയല്ല, മറിച്ച് മത്ത 24:11, 12 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ‘കള്ളപ്രവാചകന്മാരും’ ‘നിയമലംഘനവും’ കാരണം വഴിതെറ്റിപ്പോകുന്ന ഒരു “ഭൂരിപക്ഷത്തെ” ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.
അവസാനം: മത്ത 24:6, 14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സഹിച്ചുനിൽക്കുന്നവൻ: അഥവാ “സഹിച്ചുനിന്നവൻ.” ‘സഹിച്ചുനിൽക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയുടെ (ഹുപ്പൊമെനോ) അക്ഷരാർഥം “കീഴിൽ തുടരുക (കഴിയുക)” എന്നാണ്. ആ പദം മിക്കപ്പോഴും, “ഓടിപ്പോകാതെ ഒരിടത്തുതന്നെ തുടരുക; ഉറച്ചുനിൽക്കുക; മടുത്ത് പിന്മാറാതിരിക്കുക; കുലുങ്ങിപ്പോകാതിരിക്കുക” എന്നീ അർഥങ്ങളിലാണ് ഉപയോഗിച്ചിട്ടുള്ളത്. (മത്ത 10:22; റോമ 12:12; എബ്ര 10:32; യാക്ക 5:11) എതിർപ്പുകളും പരിശോധനകളും ഉള്ളപ്പോഴും ക്രിസ്തുശിഷ്യരായി ജീവിക്കുന്നതിനെയാണ് ഇവിടെ ആ പദംകൊണ്ട് ഉദ്ദേശിക്കുന്നത്.—മത്ത 24:9-12.
ദൈവരാജ്യം: ഗ്രീക്കുതിരുവെഴുത്തുകളിൽ ഉടനീളം “സന്തോഷവാർത്തയും” ദൈവരാജ്യവും തമ്മിൽ അടുത്ത ബന്ധമുള്ളതായി കാണാം. (ഈ വാക്യത്തിലെ ഈ സന്തോഷവാർത്ത എന്നതിന്റെ പഠനക്കുറിപ്പു കാണുക.) യേശുവിന്റെ പ്രസംഗ-പഠിപ്പിക്കൽ വേലയുടെ കേന്ദ്രവിഷയമായിരുന്നു ദൈവരാജ്യം.—മത്ത 3:2; 4:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക; ലൂക്ക 4:43
ഈ സന്തോഷവാർത്ത: ഗ്രീക്കുപദം യുഅംഗേലിഓൻ. “നല്ലത്” എന്ന് അർഥമുള്ള യു എന്ന പദവും “വാർത്തയുമായി വരുന്നവൻ; പ്രസിദ്ധമാക്കുന്നവൻ (പ്രഖ്യാപിക്കുന്നവൻ)” എന്ന് അർഥമുള്ള ആൻഗലൊസ് എന്ന പദവും ചേർന്നതാണ് ഇത്. (പദാവലിയിൽ “സന്തോഷവാർത്ത” കാണുക.) ചില ബൈബിളുകളിൽ അതിനെ “സുവിശേഷം” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനോടു ബന്ധമുള്ള “സുവിശേഷകൻ” (യുഅംഗലിസ്റ്റേസ്) എന്ന പദത്തിന്റെ അർഥം “സന്തോഷവാർത്ത അറിയിക്കുന്നവൻ” എന്നാണ്.—പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്; 2തിമ 4:5, അടിക്കുറിപ്പ്.
എല്ലാ ജനതകളും . . . ഭൂലോകത്തെങ്ങും: ഈ രണ്ടു പദപ്രയോഗങ്ങളും പ്രസംഗപ്രവർത്തനം എത്ര വിപുലമായി ചെയ്യേണ്ടതുണ്ടെന്നാണു സൂചിപ്പിക്കുന്നത്. ഇവിടെ “ജനത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു (ഏത്നൊസ്) പരസ്പരം കുറെയൊക്കെ ബന്ധമുള്ള, ഒരേ ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളെ കുറിക്കാനാകും. ഒരേ രാഷ്ട്രത്തിൽനിന്നുള്ളവരോ ഒരേ വംശക്കാരോ ആയ ഇവർ മിക്കപ്പോഴും തങ്ങളുടേതായ ഒരു ഭൂപ്രദേശത്ത് ഒരുമിച്ച് താമസിക്കുന്നവരായിരിക്കും. ഇനി, ഇവിടെ “ഭൂലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഒയിക്കൂമെനേ എന്ന ഗ്രീക്കുപദമാണ്. ഭൂമിയെ മനുഷ്യകുലത്തിന്റെ വാസസ്ഥലമായി ചിത്രീകരിക്കുന്ന വിശാലമായ അർഥമുള്ള ഒരു പദമാണ് ഇത്. (ലൂക്ക 4:5; പ്രവൃ 17:31; റോമ 10:18; വെളി 12:9; 16:14) ഒന്നാം നൂറ്റാണ്ടിൽ, ജൂതന്മാർ ചിതറിപ്പാർത്തിരുന്ന വിസ്തൃതമായ റോമാസാമ്രാജ്യത്തെ കുറിക്കാനും ഈ പദം ഉപയോഗിച്ചിരുന്നു.—ലൂക്ക 2:1; പ്രവൃ 24:5.
പ്രസംഗിക്കപ്പെടും: അഥവാ “പരസ്യമായി ഘോഷിക്കപ്പെടും.”—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
അവസാനം: അഥവാ “സമ്പൂർണമായ അവസാനം; അന്തിമമായ പരിസമാപ്തി.”—മത്ത 24:3, 6 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
വിശുദ്ധസ്ഥലം: ഈ പ്രവചനത്തിന്റെ ആദ്യനിവൃത്തിയിൽ ഇത് യരുശലേമിനെയും അതിലുള്ള ദേവാലയത്തെയും കുറിക്കുന്നു.—മത്ത 4:5-ന്റെ പഠനക്കുറിപ്പു കാണുക.
യഹൂദ്യ: അതായത് യഹൂദ്യ എന്ന റോമൻ സംസ്ഥാനം.
മലകളിലേക്ക്: നാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ യൂസേബിയസ് പറയുന്നത്, യഹൂദ്യയിലും യരുശലേമിലും ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ യോർദാൻ നദി കടന്ന് പെല്ലയിലേക്ക് ഓടിപ്പോയെന്നാണ്. ദക്കപ്പൊലിയിലെ ഒരു മലമ്പ്രദേശത്തുള്ള നഗരമായിരുന്നു പെല്ല.
പുരമുകളിൽ നിൽക്കുന്നവൻ: ഇസ്രായേല്യരുടെ വീടുകൾക്കു പരന്ന മേൽക്കൂരയാണ് ഉണ്ടായിരുന്നത്. സാധനങ്ങൾ സംഭരിക്കുക (യോശ 2:6), വിശ്രമിക്കുക (2ശമു 11:2), ഉറങ്ങുക (1ശമു 9:26), ആരാധനയുടെ ഭാഗമായ ഉത്സവങ്ങൾ കൊണ്ടാടുക (നെഹ 8:16-18) എന്നിങ്ങനെ പല ആവശ്യങ്ങൾക്കായി അത് ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് മേൽക്കൂരയ്ക്കു കൈമതിൽ ആവശ്യമായിരുന്നത്. (ആവ 22:8) സാധാരണയായി വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്ന ഒരാൾക്കു വീടിന് ഉള്ളിലൂടെയല്ലാതെ, പുറത്തെ ഗോവണിയിലൂടെയോ ഏണി ഉപയോഗിച്ചോ താഴേക്ക് ഇറങ്ങാമായിരുന്നു. ഓടിപ്പോകാനുള്ള യേശുവിന്റെ മുന്നറിയിപ്പിന്റെ അടിയന്തിരത എത്രത്തോളമായിരുന്നെന്ന് ഇതിൽനിന്ന് ഊഹിച്ചെടുക്കാം.
മഞ്ഞുകാലം: ഈ സമയത്ത് കനത്ത മഴയും വെള്ളപ്പൊക്കവും കൊടുംതണുപ്പും സാധാരണമായിരുന്നതുകൊണ്ട് യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഭക്ഷണം, താമസസൗകര്യം എന്നിവ കണ്ടെത്തുന്നതും എളുപ്പമായിരുന്നില്ല.—എസ്ര 10:9, 13.
ശബത്തുദിവസത്തിൽ: ശബത്തുനിയമവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ കാരണം, യഹൂദ്യപോലുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഒരാൾക്ക് അന്നേ ദിവസം ദൂരേക്കു യാത്ര ചെയ്യുന്നതും സാധനസാമഗ്രികൾ ചുമന്നുകൊണ്ട് പോകുന്നതും ബുദ്ധിമുട്ടാകുമായിരുന്നു. മാത്രമല്ല ശബത്തുദിവസം നഗരകവാടങ്ങൾ അടച്ചിടുന്നതും പതിവായിരുന്നു.—പ്രവൃ 1:12-ഉം അനു. ബി12-ഉം കാണുക.
കള്ളക്രിസ്തുക്കൾ: അഥവാ “കള്ളമിശിഹമാർ.” ഗ്രീക്കുപദമായ പ്സൂഡോക്രിസ്റ്റോസ് ഇവിടെയും മർ 13:22-ലെ സമാന്തരവിവരണത്തിലും മാത്രമേ കാണുന്നുള്ളൂ. താൻ ക്രിസ്തു അഥവാ മിശിഹ (അക്ഷ. “അഭിഷിക്തൻ.”) ആണെന്നു തെറ്റായി അവകാശവാദം ഉന്നയിക്കുന്നവരെയാണ് ഇത് അർഥമാക്കുന്നത്.—മത്ത 24:5-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
സാന്നിധ്യം: മത്ത 24:3-ന്റെ പഠനക്കുറിപ്പു കാണുക.
നെഞ്ചത്തടിച്ച് വിലപിക്കും: അഥവാ “ദുഃഖം പ്രകടിപ്പിക്കും.” ഒരാൾ ആവർത്തിച്ച് നെഞ്ചത്തടിക്കുന്നത് അങ്ങേയറ്റത്തെ സങ്കടമോ കുറ്റബോധമോ മനപ്രയാസമോ കാണിക്കാനായിരുന്നു.—യശ 32:12; നഹൂ 2:7; ലൂക്ക 23:48.
ആകാശമേഘങ്ങൾ: മേഘങ്ങൾ സാധാരണഗതിയിൽ കാഴ്ചയെ മറയ്ക്കുകയാണു ചെയ്യുന്നത്, അല്ലാതെ കാണാൻ സഹായിക്കുകയല്ല. എന്നാൽ നിരീക്ഷകർക്കു തങ്ങളുടെ മനക്കണ്ണുകളാൽ അഥവാ ഗ്രഹണശക്തിയാൽ കാര്യങ്ങൾ ‘കാണാനാകും.’—പ്രവൃ 1:9.
കാണും: “കാണും” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “ഒരു വസ്തുവിനെ കാണുക; നോക്കുക; നിരീക്ഷിക്കുക” എന്നൊക്കെയാണ്. എന്നാൽ മനക്കണ്ണുകൊണ്ടുള്ള കാഴ്ചയെ സൂചിപ്പിക്കാൻ, “വിവേചിച്ചെടുക്കുക; മനസ്സിലാക്കുക” എന്നെല്ലാമുള്ള അർഥത്തിൽ ആലങ്കാരികമായും അത് ഉപയോഗിക്കാറുണ്ട്.—എഫ 1:18.
നാലു ദിക്ക്: അക്ഷ. “നാലു കാറ്റ്.” മൂലപാഠത്തിലെ “നാലു കാറ്റ്” എന്ന പ്രയോഗം ഒരു വടക്കുനോക്കിയന്ത്രത്തിലെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ നാലു ദിശകളെ സൂചിപ്പിക്കുന്നു. അതിന്റെ അർഥം “എല്ലാ ദിശയും; എല്ലായിടത്തും” എന്നാണ്.—യിര 49:36; യഹ 37:9; ദാനി 8:8.
ദൃഷ്ടാന്തത്തിൽനിന്ന്: അഥവാ “ദൃഷ്ടാന്തകഥയിൽനിന്ന്; പാഠത്തിൽനിന്ന്.”—മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.
ആകാശവും ഭൂമിയും നീങ്ങിപ്പോകും: ആകാശവും ഭൂമിയും എന്നും നിലനിൽക്കുമെന്നാണു മറ്റു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത്. (ഉൽ 9:16; സങ്ക 104:5; സഭ 1:4) അതിൽനിന്ന്, യേശുവിന്റെ ഈ വാക്കുകൾ അതിശയോക്തിയായിരുന്നെന്ന് അനുമാനിക്കാം. ആകാശവും ഭൂമിയും നീങ്ങിപ്പോകുക എന്ന അസംഭവ്യമായ കാര്യം ഒരുപക്ഷേ സംഭവിച്ചാൽപ്പോലും യേശുവിന്റെ വാക്കുകൾ നിറവേറും എന്നായിരിക്കാം അതിന്റെ അർഥം. (മത്ത 5:18 താരതമ്യം ചെയ്യുക.) ഇനി ഇത്, വെളി 21:1-ൽ “പഴയ ആകാശവും പഴയ ഭൂമിയും” എന്നു വിളിച്ചിരിക്കുന്ന ആലങ്കാരികാർഥത്തിലുള്ള ആകാശവും ഭൂമിയും ആയിരിക്കാനും സാധ്യതയുണ്ട്.
എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല: ഇവിടെ ക്രിയയോടൊപ്പം നിഷേധാർഥത്തിലുള്ള രണ്ടു വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഒരു കാര്യം ഒരിക്കലും സംഭവിക്കില്ലെന്ന വസ്തുത ഊന്നിപ്പറയുന്നതിനുള്ള ഒരു രീതിയാണ് അത്. യേശുവിന്റെ വാക്കുകൾക്ക് ഒരിക്കലും മാറ്റം വരില്ലെന്നാണ് അതു സൂചിപ്പിക്കുന്നത്.
സാന്നിധ്യം: മത്ത 24:3-ന്റെ പഠനക്കുറിപ്പു കാണുക.
ജലപ്രളയം: അഥവാ “വെള്ളപ്പൊക്കം.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന കറ്റാക്ളുസ്മൊസ് എന്ന ഗ്രീക്കുപദം നശീകരണശക്തിയുള്ള വലിയൊരു വെള്ളപ്പൊക്കത്തെ കുറിക്കുന്നു. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു നോഹയുടെ നാളിലെ ജലപ്രളയത്തെ സൂചിപ്പിക്കാനാണ്.—മത്ത 24:39; ലൂക്ക 17:27; 2പത്ര 2:5.
പെട്ടകം: ഇതിന്റെ ഗ്രീക്കുപദത്തെ “പേടകം; പെട്ടി” എന്നൊക്കെ പരിഭാഷപ്പെടുത്താം. പെട്ടകത്തിനു വലിയൊരു പെട്ടിയോടു രൂപസാദൃശ്യമുണ്ടായിരുന്നതുകൊണ്ടാകാം ഈ പദം ഉപയോഗിച്ചത്.
എപ്പോഴും ഉണർന്നിരിക്കുക: ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “ഉണർന്നിരിക്കുക” എന്നാണെങ്കിലും പല സന്ദർഭങ്ങളിലും ഇതിന്റെ അർഥം “ജാഗ്രതയോടിരിക്കുക; ശ്രദ്ധയോടിരിക്കുക” എന്നൊക്കെയാണ്. മത്ത 24:43; 25:13; 26:38, 40, 41 എന്നീ വാക്യങ്ങളിൽ മത്തായി ഈ പദം ഉപയോഗിച്ചിട്ടുണ്ട്. മത്ത 24:44-ൽ അദ്ദേഹം ഈ പദത്തെ ‘ഒരുങ്ങിയിരിക്കേണ്ടതിന്റെ’ ആവശ്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു.—മത്ത 26:38-ന്റെ പഠനക്കുറിപ്പു കാണുക.
വീട്ടുജോലിക്കാർ: യജമാനന്റെ വീട്ടിൽ ജോലി ചെയ്യുന്ന എല്ലാവരും ഇതിൽപ്പെടും.
വിവേകി: ഗ്രാഹ്യത്തോടൊപ്പം ഉൾക്കാഴ്ചയും ദീർഘവീക്ഷണവും വകതിരിവും വിവേചനയും പ്രായോഗികജ്ഞാനവും ചേരുന്ന ഒരു ഗുണത്തെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം അർഥമാക്കുന്നത്. മത്ത 7:24; 25:2, 4, 8, 9 എന്നീ വാക്യങ്ങളിൽ ഇതേ ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഉൽ 41:33, 39-ൽ യോസേഫിനെക്കുറിച്ച് പറയുന്നിടത്ത് സെപ്റ്റുവജിന്റും ഇതേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
അയാളെ കഠിനമായി ശിക്ഷിച്ച്: അക്ഷ. “അയാളെ രണ്ടായി മുറിച്ച്.” ഭയാനകമായ ഒരു ചിത്രമാണ് ഇതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നതെങ്കിലും സാധ്യതയനുസരിച്ച് ഈ പദപ്രയോഗം അക്ഷരാർഥത്തിൽ എടുക്കേണ്ട ഒന്നല്ല. കടുത്ത ശിക്ഷയെയാണ് ഇത് അർഥമാക്കുന്നത്.
കപടഭക്തർ: മത്ത 6:2-ന്റെ പഠനക്കുറിപ്പു കാണുക.
നിരാശയോടെ പല്ലിറുമ്മും: മത്ത 8:12-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം

ഈ ചിത്രത്തിൽ കാണുന്ന കല്ലുകൾ ഒന്നാം നൂറ്റാണ്ടിലെ ദേവാലയസമുച്ചയത്തിന്റെ ഭാഗമായിരുന്നെന്നു കരുതപ്പെടുന്നു. പടിഞ്ഞാറേ മതിലിന്റെ തെക്കൻ ഭാഗത്താണ് അവ കിടക്കുന്നത്. റോമാക്കാർ യരുശലേമും അവിടത്തെ ദേവാലയവും നശിപ്പിച്ചതിന്റെ ദുഃഖസ്മരണയായി അവ നിലകൊള്ളുന്നു.

യരുശലേംനഗരത്തിനു കിഴക്ക്, കിദ്രോൻ താഴ്വരയ്ക്ക് അപ്പുറത്തായി സ്ഥിതിചെയ്യുന്ന ചുണ്ണാമ്പുകൽ മലനിരയാണ് ഒലിവുമല (1); അതിലെ മലകൾ പൊതുവേ ഉരുണ്ടതാണ്. അതിൽ ഒരു മല, ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിനു (2) നേരെ എതിർവശത്താണ്. പൊതുവേ അതിനെയാണു ബൈബിളിൽ ഒലിവുമല എന്നു വിളിച്ചിരിക്കുന്നത്. ഏതാണ്ട് 812 മീ. (2,644 അടി) ആണ് അതിന്റെ ഉയരം. ഒലിവുമലയിലുള്ള ഏതോ ഒരു സ്ഥലത്തുവെച്ചാണു യേശു തന്റെ സാന്നിധ്യത്തിന്റെ അടയാളം ശിഷ്യന്മാർക്കു വിശദീകരിച്ചുകൊടുത്തത്.

“പുറങ്കുപ്പായം,” “മേലങ്കി” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹിമാറ്റിയോൺ എന്ന ഗ്രീക്കുപദത്തോട് ഏറെക്കുറെ സമാനമായ അർഥമുള്ള എബ്രായപദമാണു സിമ്ല. ചിലപ്പോഴൊക്കെ ഇത് അയഞ്ഞ ഒരു അങ്കിയെയാണു കുറിക്കുന്നത്. എന്നാൽ മിക്കപ്പോഴും ഈ പദത്തിനു ദീർഘചതുരാകൃതിയിലുള്ള ഒരു തുണി എന്നേ അർഥമുള്ളൂ. ഇത് അണിയാനും ഊരിമാറ്റാനും വളരെ എളുപ്പമായിരുന്നു.

വസന്തകാലത്ത് ഒരു അത്തിമരക്കൊമ്പിൽ തളിരിലകളും ആദ്യവിളവും ഒരുമിച്ച് ഉണ്ടായിവരുന്നതിന്റെ ചിത്രം. ഇസ്രായേൽ ദേശത്ത് ഫെബ്രുവരിയിലാണ് അത്തിമരത്തിൽ കായ്കൾ ഉണ്ടായിത്തുടങ്ങുന്നത്. വേനലിന്റെ വരവ് അറിയിച്ചുകൊണ്ട് അതിൽ ഇലകൾ ഉണ്ടാകുന്നതാകട്ടെ ഏപ്രിൽ അവസാനത്തോടെയോ മെയ് മാസത്തിലോ ആണ്. (മത്ത 24:32) വർഷത്തിൽ രണ്ടു തവണ അത്തി മരത്തിൽ കായ്കൾ ഉണ്ടാകുമായിരുന്നു: ആദ്യത്തേവ ജൂണിലോ ജൂലൈ മാസത്തിന്റെ തുടക്കത്തിലോ മൂത്ത് പാകമാകും. (യശ 28:4; യിര 24:2; ഹോശ 9:10) രണ്ടാമത്തേവ, ആ വർഷം പുതുതായി ഉണ്ടായിവന്ന കൊമ്പുകളിലാണു കായ്ച്ചിരുന്നത്. പൊതുവേ അവ മൂത്ത് പാകമാകുന്നത് ആഗസ്റ്റിലോ അതിനു ശേഷമോ ആയിരുന്നു. വർഷത്തിലെ ഈ സമയത്താണ് അത്തി മരത്തിൽനിന്ന് കൂടുതൽ കായ്കൾ ലഭിച്ചിരുന്നത്.

ബൈബിൾക്കാലങ്ങളിൽ പലതരം തിരികല്ലുകളുണ്ടായിരുന്നു. ചിത്രത്തിൽ കാണുന്നതുപോലുള്ള തിരികല്ലു പൊതുവേ രണ്ടു സ്ത്രീകൾ ചേർന്നാണു തിരിച്ചിരുന്നത്. (ലൂക്ക 17:35) അവർ രണ്ടു പേരും പരസ്പരം അഭിമുഖമായി ഇരിക്കും. എന്നിട്ട് ഓരോ കൈ മുകളിലത്തെ കല്ലിന്റെ പിടിയിൽ പിടിച്ച് അതു തിരിക്കും. അതിലൊരാൾ മറ്റേ കൈകൊണ്ട് മുകളിലത്തെ കല്ലിന്റെ ദ്വാരത്തിലേക്കു ധാന്യമണികൾ അൽപ്പാൽപ്പമായി ഇടുമായിരുന്നു. മറ്റേ സ്ത്രീയാകട്ടെ, തിരികല്ലിന്റെ വക്കിൽനിന്ന് പുറത്തേക്കു വീഴുന്ന ധാന്യപ്പൊടി കീഴെയുള്ള പാത്രത്തിൽനിന്നോ തുണിയിൽനിന്നോ ശേഖരിക്കും. സ്ത്രീകൾ ഓരോ ദിവസവും അതിരാവിലെ എഴുന്നേറ്റ് അന്നത്തെ അപ്പത്തിനു വേണ്ട ധാന്യം പൊടിച്ചെടുക്കുന്നതായിരുന്നു രീതി.