മത്തായി എഴുതിയത് 18:1-35
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ല്: അഥവാ “ഒരു വലിയ തിരികല്ല്.” അക്ഷ. “ഒരു കഴുതയുടെ തിരികല്ല്.” സാധ്യതയനുസരിച്ച് 1.2-1.5 മീ. (4-5 അടി) വ്യാസമുള്ള അത്തരം ഒരു തിരികല്ലിനു നല്ല ഭാരമുണ്ടായിരുന്നതുകൊണ്ട് അതു തിരിക്കാൻ ഒരു കഴുത വേണമായിരുന്നു.
വീഴിക്കുന്ന തടസ്സങ്ങൾ . . . മാർഗതടസ്സങ്ങൾ: ഇത്തരത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന സ്കാൻഡലോൺ എന്ന ഗ്രീക്കുപദം ആദ്യകാലത്ത് ഒരു കെണിയെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അത് ഒരു കെണിയിൽ ഇരയെ കോർത്തുവെക്കുന്ന കമ്പിനെയാണ് അർഥമാക്കിയതെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഒരാളുടെ കാൽ ഇടറാനോ അയാൾ ഇടറിവീഴാനോ ഇടയാക്കുന്ന ഏതൊരു തടസ്സത്തെ കുറിക്കാനും പിൽക്കാലത്ത് അത് ഉപയോഗിച്ചുതുടങ്ങി. ആലങ്കാരികാർഥത്തിൽ ഈ പദത്തിന് ഒരു വ്യക്തിയെ തെറ്റായ വഴിയിലേക്കു വശീകരിക്കുന്ന, അല്ലെങ്കിൽ അയാൾ ധാർമികമായി ഇടറാനോ വീഴാനോ, പാപത്തിൽ വീണുപോകാനോ ഇടയാക്കുന്ന ഏതൊരു പ്രവൃത്തിയെയും സാഹചര്യത്തെയും കുറിക്കാനാകും. മത്ത 18:8, 9-ൽ ഇതിനോടു ബന്ധമുള്ള സ്കാൻഡലിസോ എന്ന ക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്. അവിടെ ‘പാപം ചെയ്യാൻ ഇടയാക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ആ പദത്തെ “ഒരു കെണിയായിത്തീരുക; ഇടറിവീഴാൻ ഇടയാക്കുക” എന്നും പരിഭാഷപ്പെടുത്താം.
ഗീഹെന്ന: മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
എന്റെ പിതാവിന്റെ മുഖം കാണുന്നവർ: അഥവാ “എന്റെ പിതാവിന്റെ അടുത്ത് ചെല്ലാൻ അനുവാദമുള്ളവർ.” ആത്മവ്യക്തികൾക്കു ദൈവസന്നിധിയിൽ ചെല്ലാൻ അനുവാദമുള്ളതുകൊണ്ട് അവർക്കു മാത്രമേ ദൈവത്തിന്റെ മുഖം കാണാനാകൂ.—പുറ 33:20.
ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ഈ വാക്കുകൾ കാണാം: “കാണാതെപോയതിനെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്.” എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. പക്ഷേ സമാനമായ ഒരു പ്രസ്താവന ലൂക്ക 19:10-ൽ കാണാം. അതാകട്ടെ, ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ തിരുവെഴുത്തുകളുടെ ഭാഗമാണുതാനും. ലൂക്കോസിന്റെ വിവരണത്തിലെ ആ വാക്കുകൾ ആദ്യകാലപകർപ്പെഴുത്തുകാരിൽ ആരെങ്കിലും മത്ത 18:11-ലേക്കു കടമെടുത്തതാകാം എന്നാണു ചിലരുടെ അഭിപ്രായം.—അനു. എ3 കാണുക.
എന്റെ: ചില പുരാതന കൈയെഴുത്തുപ്രതികളിൽ “നിങ്ങളുടെ” എന്നാണു കാണുന്നത്.
സഭ: മോശയിലൂടെ നൽകിയ നിയമത്തിൻകീഴിൽ, ഇസ്രായേല്യരുടെ സഭയെ പ്രതിനിധീകരിച്ച് നീതിന്യായ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതു ന്യായാധിപന്മാരും അധികാരികളും ആയിരുന്നു. (ആവ 16:18) യേശുവിന്റെ കാലത്ത് ജൂതന്മാരിലെ മൂപ്പന്മാർ ന്യായാധിപന്മാരായി സേവിച്ച പ്രാദേശികകോടതികളിലാണു കുറ്റക്കാർ കണക്കു ബോധിപ്പിച്ചിരുന്നത്. (മത്ത 5:22) പിൽക്കാലത്ത് ഓരോ ക്രിസ്തീയസഭയിലും ന്യായാധിപന്മാരായി സേവിക്കാൻ പരിശുദ്ധാത്മാവ് ആശ്രയയോഗ്യരായ പുരുഷന്മാരെ നിയമിക്കുമായിരുന്നു. (പ്രവൃ 20:28; 1കൊ 5:1-5, 12, 13) “സഭ” എന്ന പദത്തിന്റെ അർഥത്തെക്കുറിച്ച് അറിയാൻ മത്ത 16:18-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
ജനതകളിൽപ്പെട്ടവനെപ്പോലെയും നികുതിപിരിവുകാരനെപ്പോലെയും: ജൂതന്മാർ സാധാരണഗതിയിൽ ഇത്തരക്കാരുമായുള്ള അനാവശ്യമായ ഇടപാടുകൾ ഒഴിവാക്കിയിരുന്നു.—പ്രവൃ 10:28 താരതമ്യം ചെയ്യുക.
നിങ്ങൾ . . . എന്തു കെട്ടിയാലും . . . അഴിച്ചാലും: സാധ്യതയനുസരിച്ച്, ‘കെട്ടുക’ എന്ന പദത്തിന്റെ ഇവിടുത്തെ അർഥം “കുറ്റക്കാരനായി കാണുക; കുറ്റക്കാരനെന്നു കണ്ടെത്തുക” എന്നെല്ലാമാണ്. ‘അഴിക്കുക’ എന്നതിന്റെ അർഥം “കുറ്റവിമുക്തനാക്കുക; നിരപരാധിയെന്നു കണ്ടെത്തുക” എന്നും. “നിങ്ങൾ” എന്ന സർവനാമം ബഹുവചനരൂപത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതു സൂചിപ്പിക്കുന്നത് അത്തരം തീരുമാനങ്ങളെടുക്കുന്നതിൽ പത്രോസ് മാത്രമല്ല മറ്റുള്ളവരും ഉൾപ്പെടും എന്നാണ്.—മത്ത 16:19-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
അതിനു മുമ്പേ . . . കെട്ടിയിട്ടുണ്ടാകും . . . അതിനു മുമ്പേ . . . അഴിച്ചിട്ടുണ്ടാകും: അസാധാരണമായ രീതിയിൽ ഗ്രീക്കുക്രിയകൾ കൂട്ടിച്ചേർക്കുന്ന ഒരു വ്യാകരണഘടനയാണു മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്. അതു സൂചിപ്പിക്കുന്നത്, സ്വർഗത്തിൽ ഒരു തീരുമാനം എടുത്തശേഷമായിരിക്കും ശിഷ്യന്മാർ അതേ തീരുമാനം (“നിങ്ങൾ . . . എന്തു കെട്ടിയാലും;” “നിങ്ങൾ . . . എന്ത് അഴിച്ചാലും”) എടുക്കുക എന്നാണ്. ഏതു കാര്യത്തിലും ആദ്യം തീരുമാനമെടുക്കുന്നതു ശിഷ്യന്മാരല്ല സ്വർഗത്തിലാണെന്നും, ശിഷ്യന്മാർ എടുക്കുന്ന ഏതൊരു തീരുമാനവും നേരത്തേതന്നെ ദൈവം (“സ്വർഗം”) വെച്ചിട്ടുള്ള തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും നമുക്കു മനസ്സിലാക്കാം. ഭൂമിയിൽ എടുത്ത ഒരു തീരുമാനത്തെ സ്വർഗം പിന്തുണയ്ക്കുന്നതിനെക്കുറിച്ചോ സ്ഥിരീകരിക്കുന്നതിനെക്കുറിച്ചോ അല്ല ഇവിടെ പറയുന്നത്. മറിച്ച് ശിഷ്യന്മാർക്കു സ്വർഗത്തിൽനിന്ന് മാർഗനിർദേശം ലഭിക്കുമെന്നാണ് അതിന് അർഥം. ഭൂമിയിൽ എടുക്കുന്ന തീരുമാനങ്ങൾ അതിനോടകം സ്വർഗത്തിൽ എടുത്ത തീരുമാനവുമായി യോജിക്കണമെങ്കിൽ അത്തരത്തിലുള്ള സ്വർഗീയവഴിനടത്തിപ്പു കൂടിയേ തീരൂ എന്ന വസ്തുതയാണു യേശുവിന്റെ വാക്കുകൾ എടുത്തുകാട്ടുന്നത്.—മത്ത 16:19-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
77 തവണ: അക്ഷ. “ഏഴ് എഴുപതു തവണ.“ ഈ ഗ്രീക്കു പദപ്രയോഗത്തിന്, “7-ഉം 70-ഉം” (77 തവണ) എന്നോ “7-നെ 70 കൊണ്ട് ഗുണിച്ചത്” (490 തവണ) എന്നോ അർഥം വരാം. ഇതേ പദപ്രയോഗം സെപ്റ്റുവജിന്റിൽ ഉൽ 4:24-ലും കാണാം. ആ വാക്യത്തിന്റെ എബ്രായപാഠത്തിൽ കാണുന്നത് “77 ഇരട്ടി” എന്നായതുകൊണ്ട് ഇവിടുത്തെ “77 തവണ” എന്ന പരിഭാഷ ശരിയാണെന്നു കരുതാം. ഈ പദപ്രയോഗത്തിന്റെ അർഥം ഇതിൽ ഏതുമായിക്കൊള്ളട്ടെ, ഏഴ് എന്ന സംഖ്യയുടെ ആവർത്തനം ധ്വനിപ്പിക്കുന്നത് “അനന്തമായി,” “പരിധിയില്ലാതെ” എന്ന ആശയമാണ്. പത്രോസ് 7 തവണ എന്നു പറഞ്ഞത് 77 ആക്കിയതിലൂടെ യേശു ഉദ്ദേശിച്ചത്, ക്ഷമിക്കുന്ന കാര്യത്തിൽ തന്റെ അനുഗാമികൾ സ്വന്തമായി പരിധികൾ നിശ്ചയിക്കരുത് എന്നായിരുന്നു. അതേസമയം ബാബിലോണിയൻ തൽമൂദ് (യോമ 86ബി) ഇങ്ങനെ പറയുന്നു: “ഒരാൾ ഒന്നോ രണ്ടോ മൂന്നോ തവണ ഒരു തെറ്റു ചെയ്താൽ അയാളോടു ക്ഷമിക്കും. എന്നാൽ നാലാം തവണ ക്ഷമിക്കില്ല.”
10,000 താലന്ത്: വെറും ഒരു താലന്ത് എന്നു പറയുന്നത്, ഒരു സാധാരണ കൂലിപ്പണിക്കാരന്റെ ഏകദേശം 20 വർഷത്തെ കൂലിക്കു തുല്യമായിരുന്നിരിക്കാം. അതുകൊണ്ടുതന്നെ ആയിരക്കണക്കിനു മനുഷ്യായുസ്സ് പണിയെടുത്താൽ മാത്രമേ ഒരു കൂലിപ്പണിക്കാരന് അത്രയും വലിയ ഒരു കടം വീട്ടാനാകുമായിരുന്നുള്ളൂ. ആ കടം വീട്ടുന്നതു തികച്ചും അസാധ്യമാണെന്നു കാണിക്കാൻ യേശു ഇവിടെ അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നെന്നു വ്യക്തം. 10,000 താലന്ത് വെള്ളി എന്നത് 6,00,00,000 ദിനാറെക്കു തുല്യമായിരുന്നു.—മത്ത 18:28-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “താലന്ത്” എന്നതും അനു. ബി14-ഉം കാണുക.
താണുവണങ്ങി: അഥവാ “കുമ്പിട്ട് നമസ്കരിച്ചു; ആദരവ് കാണിച്ചു.” ഒരു ദൈവത്തെയോ ദേവനെയോ ആരാധിക്കുക എന്ന് അർഥം വരുന്നിടത്ത് പ്രൊസ്കിനിയോ എന്ന ഗ്രീക്കുക്രിയ “ആരാധിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒരു അടിമ തന്റെ മേൽ അധികാരമുള്ള വ്യക്തിയോട് ആദരവും കീഴ്പെടലും കാണിക്കുന്നതിനെയാണ് ഇവിടെ ഈ പദം അർഥമാക്കുന്നത്.—മത്ത 2:2; 8:2 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
കടം എഴുതിത്തള്ളി: അഥവാ “അയാളുടെ കടം (വായ്പ) ക്ഷമിച്ചു.” ആലങ്കാരികാർഥത്തിൽ കടങ്ങൾക്കു പാപങ്ങളെ കുറിക്കാനാകും.—മത്ത 6:12-ന്റെ പഠനക്കുറിപ്പു കാണുക.
100 ദിനാറെ: 10,000 താലന്തിനോടുള്ള (6,00,00,000 ദിനാറെ) താരതമ്യത്തിൽ 100 ദിനാറെ വലിയ തുകയല്ലെങ്കിലും അത് അത്ര നിസ്സാരമായ സംഖ്യയല്ലായിരുന്നു. കാരണം ഒരു കൂലിപ്പണിക്കാരന്റെ 100 ദിവസത്തെ കൂലിക്കു തുല്യമായിരുന്നു അത്.—അനു. ബി14 കാണുക.
നിന്റെ കടമൊക്കെ ഞാൻ എഴുതിത്തള്ളിയില്ലേ?: അഥവാ “നിന്റെ കടമൊക്കെ ഞാൻ ക്ഷമിച്ചില്ലേ?”—മത്ത 6:12-ന്റെ പഠനക്കുറിപ്പു കാണുക.
ജയിലധികാരികൾ: ബസാനിസ്റ്റസ് എന്ന ഗ്രീക്കുപദമാണു “ജയിലധികാരികൾ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനാർഥം “ദണ്ഡിപ്പിക്കുന്നവർ” എന്നാണ്. ജയിലധികാരികൾ പലപ്പോഴും തടവുകാരെ ക്രൂരമായ പീഡനമുറകൾക്കു വിധേയരാക്കിയിരുന്നു എന്നതായിരിക്കാം ഇതിനു കാരണം. എന്നാൽ തടവുകാരെ ക്രൂരമായി ഉപദ്രവിച്ചാലും ഇല്ലെങ്കിലും, പൊതുവേ എല്ലാ ജയിലധികാരികളെയും കുറിക്കാൻ ഈ പദം പിന്നീട് ഉപയോഗിച്ചുതുടങ്ങി. തടവുതന്നെ ഒരു പീഡനമായി കണക്കാക്കിയിരുന്നതുകൊണ്ടാകാം ഇത്.— മത്ത 8:29-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
ഇവിടെ കാണിച്ചിരിക്കുന്ന തരം വലിയ തിരികല്ലു കഴുതയെപ്പോലുള്ള വളർത്തുമൃഗങ്ങളാണു തിരിച്ചിരുന്നത്. ധാന്യം പൊടിക്കാനും ഒലിവ് ആട്ടാനും അവ ഉപയോഗിച്ചിരുന്നു. ഇതിൽ മുകളിലത്തെ കല്ലിന് 1.5 മീറ്ററോളം (5 അടി) വ്യാസം വരും. അതിലും വ്യാസം കൂടിയ മറ്റൊരു കല്ലിൽവെച്ചാണ് അതു തിരിക്കുക.
ധാന്യം പൊടിക്കാനും ഒലിവുകായ്കൾ ആട്ടി എണ്ണ എടുക്കാനും തിരികല്ല് ഉപയോഗിച്ചിരുന്നു. കൈകൊണ്ട് തിരിക്കാവുന്ന ചെറിയ തിരികല്ലും മൃഗങ്ങളെക്കൊണ്ട് മാത്രം തിരിക്കാൻ കഴിയുന്ന വലിയ തിരികല്ലും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള വലിയൊരു തിരികല്ലിലായിരിക്കാം ഫെലിസ്ത്യർ ശിംശോനെക്കൊണ്ട് ധാന്യം പൊടിപ്പിച്ചത്. (ന്യായ 16:21) മൃഗങ്ങളെ ഉപയോഗിച്ച് തിരിക്കുന്ന തിരികല്ലുകൾ ഇസ്രായേലിൽ മാത്രമല്ല റോമൻ സാമ്രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സർവസാധാരണമായിരുന്നു.
ഗ്രീക്കിൽ ഗീഹെന്ന എന്നു വിളിക്കുന്ന ഹിന്നോം താഴ്വര പുരാതനയരുശേലമിനു തെക്കും തെക്കുപടിഞ്ഞാറും ആയി സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഒരു താഴ്വരയാണ്. യേശുവിന്റെ കാലത്ത്, അവിടം ചപ്പുചവറുകൾ കത്തിക്കുന്ന ഒരു സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ ആ പദം സമ്പൂർണനാശത്തെ കുറിക്കാൻ എന്തുകൊണ്ടും യോജിക്കും.
ഒരു ഇടയന്റെ ജീവിതം പൊതുവേ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. ചൂടും തണുപ്പും സഹിക്കണം, രാത്രികളിൽ ഉറക്കമിളച്ചിരിക്കണം. (ഉൽ 31:40; ലൂക്ക 2:8) സിംഹം, ചെന്നായ്, കരടി എന്നീ ഇരപിടിയന്മാരിൽനിന്നും കള്ളന്മാരിൽനിന്നും ആട്ടിൻപറ്റത്തെ സംരക്ഷിക്കുക (ഉൽ 31:39; 1ശമു 17:34-36; യശ 31:4; ആമോ 3:12; യോഹ 10:10-12), ആടുകൾ ചിതറിപ്പോകാതെ നോക്കുക (1രാജ 22:17), കാണാതെപോയ ആടുകളെ തേടി കണ്ടെത്തുക (ലൂക്ക 15:4) എന്നിവയെല്ലാം ഇടയന്റെ ഉത്തരവാദിത്വമായിരുന്നു. ആരോഗ്യമില്ലാത്ത ആട്ടിൻകുട്ടികളെയും ക്ഷീണിച്ച് തളർന്നവയെയും അദ്ദേഹം തന്റെ കൈയിലോ (യശ 40:11) തോളത്തോ എടുക്കും. രോഗമുള്ളതിനെയും പരിക്കുപറ്റിയതിനെയും ശുശ്രൂഷിച്ചിരുന്നതും ഇടയനാണ്. (യഹ 34:3, 4; സെഖ 11:16) ബൈബിൾ പലപ്പോഴും ഇടയന്മാരെയും അവർ ചെയ്തിരുന്ന ജോലിയെയും കുറിച്ച് ആലങ്കാരികമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് തന്റെ ആടുകളെ, അതായത് തന്റെ ജനത്തെ സ്നേഹത്തോടെ പരിപാലിക്കുന്ന ഒരു ഇടയനായി യഹോവയെ ബൈബിൾ വരച്ചുകാട്ടുന്നു. (സങ്ക 23:1-6; 80:1; യിര 31:10; യഹ 34:11-16; 1പത്ര 2:25) ‘വലിയ ഇടയൻ’ (എബ്ര 13:20) എന്നും ‘മുഖ്യയിടയൻ’ എന്നും ബൈബിൾ വിളിച്ചിരിക്കുന്ന യേശുവിന്റെ മാർഗനിർദേശത്തിൻകീഴിൽ ക്രിസ്തീയസഭയിലെ മേൽവിചാരകന്മാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നു. മനസ്സോടെയും അതീവതാത്പര്യത്തോടെയും നിസ്സ്വാർഥമായാണ് അവർ അതു ചെയ്യുന്നത്.—1പത്ര 5:2-4