അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 22:1-30
പഠനക്കുറിപ്പുകൾ
എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
ഗമാലിയേൽ: മോശയുടെ നിയമം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തെക്കുറിച്ച് പ്രവൃത്തികളുടെ പുസ്തകത്തിൽ ഈ വാക്യത്തിനു പുറമേ 5-ാം അധ്യായത്തിലും പറയുന്നുണ്ട്.—പ്രവൃ 5:34-ന്റെ പഠനക്കുറിപ്പു കാണുക.
മൂപ്പന്മാരുടെ സഭ: അഥവാ “മൂപ്പന്മാരുടെ സമിതി (സംഘം).” ഇവിടെ കാണുന്ന പ്രെസ്ബൂറ്റെറിയോൻ എന്ന ഗ്രീക്കുപദത്തിന് പ്രെസ്ബൂറ്റെറൊസ് (അക്ഷ. “പ്രായമേറിയ പുരുഷൻ.”) എന്ന പദവുമായി ബന്ധമുണ്ട്. ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന പദം പ്രധാനമായും കുറിക്കുന്നത്, ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. തെളിവനുസരിച്ച് ഇവിടെ “മൂപ്പന്മാരുടെ സംഘം” എന്നു പറഞ്ഞിരിക്കുന്നതു ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെക്കുറിച്ചാണ്. യരുശലേമിൽ സ്ഥിതിചെയ്തിരുന്ന ആ കോടതി മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ചേർന്നതായിരുന്നു. ബൈബിളിൽ പലപ്പോഴും ഈ മൂന്നു കൂട്ടരെയുംകുറിച്ച് ഒന്നിച്ചാണു പറഞ്ഞിട്ടുള്ളത്.—മത്ത 16:21; 27:41; മർ 8:31; 11:27; 14:43, 53; 15:1; ലൂക്ക 9:22; 20:1; ലൂക്ക 22:66-ന്റെ പഠനക്കുറിപ്പു കാണുക.
നസറെത്തുകാരൻ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
ശബ്ദം കേട്ടില്ല: അഥവാ “വാക്കുകൾ മനസ്സിലായില്ല.” ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് പൗലോസിനുണ്ടായ അനുഭവത്തെക്കുറിച്ച് പ്രവൃ 9:3-9-ൽ ലൂക്കോസ് വിവരിക്കുന്നുണ്ട്. പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ ‘ശബ്ദം കേട്ടു’ എന്നാണ് അവിടെ പറയുന്നതെങ്കിലും ഈ വാക്യത്തിൽ പറയുന്നത് അവർ “ശബ്ദം കേട്ടില്ല” എന്നാണ്. ഇങ്ങനെയൊരു വ്യത്യാസത്തിന്റെ കാരണത്തെക്കുറിച്ച് പ്രവൃ 9:7-ന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. അവിടെ പറഞ്ഞിരിക്കുന്നതുപോലെ, പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ എന്തോ ഒരു “ശബ്ദം കേട്ടെങ്കിലും” അവർക്ക് അതിലെ വാക്കുകൾ മനസ്സിലായിക്കാണില്ല. അതായത്, പൗലോസ് കേട്ടതുപോലെയല്ല അവർ ആ ശബ്ദം കേട്ടത്. പ്രവൃ 22:7-ൽ “കേട്ടു” എന്നതിന്റെ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്ന സന്ദർഭം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. അവിടെ, താൻ “ഒരു ശബ്ദം . . . കേട്ടു” എന്നു പൗലോസ് പറഞ്ഞത് അദ്ദേഹത്തിന് ആ വാക്കുകൾ കേൾക്കാൻ മാത്രമല്ല മനസ്സിലാക്കാനും കഴിഞ്ഞു എന്ന അർഥത്തിലാണ്. എന്നാൽ പൗലോസിനോടൊപ്പം യാത്ര ചെയ്തിരുന്നവർക്ക് അദ്ദേഹത്തോടു പറഞ്ഞത് എന്താണെന്നു മനസ്സിലായിക്കാണില്ല. ഒരുപക്ഷേ വാക്കുകൾ വ്യക്തമാകാതിരുന്നതായിരിക്കാം അതിന്റെ കാരണം. സാധ്യതയനുസരിച്ച് ഈ അർഥത്തിലാണ് അവർ “ശബ്ദം കേട്ടില്ല” എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്.—‘കേൾക്കുക’ എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ‘ഗ്രഹിക്കുക,’ ‘മനസ്സിലാക്കുക’ എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന മർ 4:33; 1കൊ 14:2 എന്നിവ താരതമ്യം ചെയ്യുക.
നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ: അക്ഷ. “മുകളിലേക്കു നോക്കുക!” ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “ഒരാളെക്കൊണ്ട് മുകളിലേക്കു നോക്കിക്കുക” എന്നാണെങ്കിലും (മത്ത 14:19; ലൂക്ക 19:5) ഈ പദത്തിന്, ഒരാൾക്ക് ആദ്യമായി കാഴ്ച കിട്ടുന്നതിനെയും (യോഹ 9:11, 15, 18) ഒരാൾക്കു കാഴ്ച തിരിച്ചുകിട്ടുന്നതിനെയും (മർ 10:52; ലൂക്ക 18:42; പ്രവൃ 9:12) കുറിക്കാനാകും.
യേശുവിന്റെ പേര് വിളിച്ച് നിന്റെ പാപങ്ങൾ കഴുകിക്കളയുക: ഒരാൾ സ്നാനമേൽക്കുന്ന ജലത്തിന് അയാളുടെ പാപങ്ങൾ കഴുകിക്കളയാനാകില്ല. യേശുവിന്റെ പേര് വിളിക്കുമ്പോഴാണ് അയാളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നത്. യേശുവിൽ വിശ്വാസമർപ്പിക്കുന്നതും ക്രിസ്തീയപ്രവർത്തനങ്ങളിലൂടെ ആ വിശ്വാസം തെളിയിക്കുന്നതും ആണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്.—പ്രവൃ 10:43; യാക്ക 2:14, 18; റോമ 10:13-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ സ്വപ്നാവസ്ഥയിലായി: ഇവിടെ “സ്വപ്നാവസ്ഥ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എക്സ്റ്റാസിസ് എന്ന ഗ്രീക്കുപദത്തെക്കുറിച്ച് കൂടുതൽ അറിയാൻ പ്രവൃ 10:10-ന്റെ പഠനക്കുറിപ്പു കാണുക. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകളിൽ (അനു. സി4-ൽ J13, 14, 17, 22 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ കാണുന്നത് “യഹോവയുടെ കൈ എന്റെ മേൽ ഉണ്ടായിരുന്നു” എന്നാണ്. മറ്റൊരു പരിഭാഷയിൽ (J18 എന്നു സൂചിപ്പിച്ചിരിക്കുന്നു.) “യഹോവയുടെ ആത്മാവ് എന്നെ പൊതിഞ്ഞു” എന്നും കാണുന്നു.
അങ്ങയുടെ സാക്ഷി: ഇവിടെ “സാക്ഷി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മാർട്ടുസ് എന്ന ഗ്രീക്കുപദം ഒരു പ്രവൃത്തിയോ സംഭവമോ നേരിൽ കണ്ട വ്യക്തിയെയാണു കുറിക്കുന്നത്. യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുമായി ബന്ധപ്പെട്ട ചില ചരിത്രവസ്തുതകൾക്കു ദൃക്സാക്ഷികളായ ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ, അക്കാര്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചതാണെന്നു സ്ഥിരീകരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് സാക്ഷി പറഞ്ഞു. (പ്രവൃ 1:21, 22; 10:40, 41) പിൽക്കാലത്ത് യേശുവിൽ വിശ്വസിച്ചവരാകട്ടെ യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചുകൊണ്ടാണു യേശുവിനെക്കുറിച്ച് സാക്ഷി പറഞ്ഞത്. (പ്രവൃ 22:15) യേശുവിനോടു സംസാരിച്ചപ്പോൾ പൗലോസ് സ്തെഫാനൊസിനെ “അങ്ങയുടെ സാക്ഷി” എന്നു വിളിച്ചത് ഈ അർഥത്തിലാണ്. കാരണം, സൻഹെദ്രിനു മുമ്പാകെ സ്തെഫാനൊസ് യേശുവിനെക്കുറിച്ച് ശക്തമായ ഒരു സാക്ഷ്യം നൽകിയിരുന്നു. യേശു സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതായി (സങ്ക 110:1-ൽ ഇതു മുൻകൂട്ടിപ്പറഞ്ഞിരുന്നു.) ഒരു ദിവ്യദർശനത്തിൽ കണ്ടെന്ന് ആദ്യമായി സാക്ഷ്യപ്പെടുത്തിയതും സ്തെഫാനൊസാണ്. (പ്രവൃ 7:55, 56) തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിച്ചുകൊണ്ട് സാക്ഷി പറയുന്ന ക്രിസ്ത്യാനികൾക്കു മിക്കപ്പോഴും എതിർപ്പും അറസ്റ്റും അടിയും ചിലപ്പോഴൊക്കെ മരണംപോലും നേരിടേണ്ടിവന്നിട്ടുണ്ട്. അതിന് ഉദാഹരണമാണു സ്തെഫാനൊസിനെയും യാക്കോബിനെയും പോലുള്ള പലരും. പിന്നീട് മാർട്ടുസ് എന്ന ഗ്രീക്കുപദം, “സ്വന്തം ജീവൻ ത്യജിച്ചുകൊണ്ടുപോലും സാക്ഷി പറയുന്ന ഒരാളെ, രക്തസാക്ഷിയെ” കുറിക്കാൻ ഉപയോഗിച്ചുതുടങ്ങി. മരിക്കേണ്ടിവന്നാൽപ്പോലും വിശ്വാസം തള്ളിപ്പറയാത്ത ഒരാളാണ് അത്. ഈ അർഥത്തിൽ, സ്തെഫാനൊസിനെ ആദ്യത്തെ ക്രിസ്തീയ രക്തസാക്ഷി എന്നു വിളിക്കാം. കാരണം, ക്രിസ്തുവിനെക്കുറിച്ച് സാക്ഷി പറഞ്ഞതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്.—പ്രവൃ 1:8-ന്റെ പഠനക്കുറിപ്പു കാണുക.
സൈന്യാധിപൻ: ഖിലിയാർഖോസ് (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്, ആയിരം പടയാളികളുടെ) അധിപൻ” എന്നാണ്. അത് ഒരു റോമൻ സൈന്യാധിപനെ കുറിക്കുന്ന പദപ്രയോഗമായിരുന്നു. (യോഹ 18:12-ന്റെ പഠനക്കുറിപ്പു കാണുക.) ഏതാണ്ട് എ.ഡി. 56-ൽ ക്ലൗദ്യൊസ് ലുസിയാസ് ആയിരുന്നു യരുശലേമിലെ കാവൽസേനാകേന്ദ്രത്തിന്റെ അധിപൻ. (പ്രവൃ 23:22, 26) പ്രവൃത്തികൾ 21 മുതൽ 24 വരെയുള്ള അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ അദ്ദേഹമാണു തെരുവിലെ ജനക്കൂട്ടത്തിൽനിന്നും സൻഹെദ്രിനിലുണ്ടായ ലഹളയിൽനിന്നും പൗലോസിനെ സംരക്ഷിച്ചത്. ഇനി, പൗലോസിനെ കൈസര്യയിലേക്കു രഹസ്യമായി കൊണ്ടുപോയപ്പോൾ വസ്തുതകൾ വിശദീകരിച്ചുകൊണ്ട് ഗവർണറായ ഫേലിക്സിനു കത്ത് അയച്ചതും അദ്ദേഹമായിരുന്നു.
സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവിയായിരുന്നു ശതാധിപൻ.
ഒരു റോമാക്കാരൻ: അതായത്, ഒരു റോമൻ പൗരൻ. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് മൂന്നു സന്ദർഭങ്ങളിലെങ്കിലും ഉപയോഗപ്പെടുത്തിയതായി രേഖയുണ്ട്. അതിൽ രണ്ടാമത്തേതാണ് ഈ സംഭവം. സാധാരണയായി റോമൻ അധികാരികൾ ജൂതന്മാരുടെ കാര്യാദികളിൽ കാര്യമായി ഇടപെടാറില്ലായിരുന്നു. എന്നാൽ റോമാക്കാർ ഇവിടെ പൗലോസിന്റെ കാര്യത്തിൽ ഇടപെട്ടത് അദ്ദേഹം ദേവാലയത്തിൽ വന്നപ്പോൾ ഒരു ലഹളയുണ്ടായതുകൊണ്ട് മാത്രമല്ല, അദ്ദേഹം ഒരു റോമൻ പൗരനായിരുന്നതുകൊണ്ടുംകൂടിയാണ്. റോമാസാമ്രാജ്യത്തിൽ എവിടെപ്പോയാലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, കുറ്റം തെളിയിക്കപ്പെടാതെ ഒരു റോമാക്കാരനെ പിടിച്ചുകെട്ടുന്നതും അടിക്കുന്നതും നിയമവിരുദ്ധമായിരുന്നു. അടിമകളോടു മാത്രമാണു പൊതുവേ ആ രീതിയിൽ പെരുമാറിയിരുന്നത്.—മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 16:37; 25:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
തുക കൊടുത്തിട്ടാണ് . . . പൗരത്വം നേടിയത്: അഥവാ “തുക കൊടുത്തിട്ടാണ് . . . പൗരന്റെ അവകാശങ്ങൾ നേടിയെടുത്തത്.” ചില സാഹചര്യങ്ങളിൽ വലിയൊരു തുക കൊടുത്തും റോമൻ പൗരത്വം നേടാമായിരുന്നെന്ന് ഈ വിവരണം കാണിക്കുന്നു. എന്നാൽ താൻ ജനിച്ചതുതന്നെ റോമൻ പൗരനായിട്ടാണെന്നു പൗലോസ്, ക്ലൗദ്യൊസ് ലുസിയാസിനോടു പറയുന്നതായി കാണാം. അതു സൂചിപ്പിക്കുന്നതു പൗലോസിന്റെ ഒരു പൂർവികൻ ഈ പൗരത്വം നേടിയെടുത്തിരുന്നിരിക്കാം എന്നാണ്. റോമൻ പൗരത്വം ലഭിക്കാൻ മറ്റു വഴികളുമുണ്ടായിരുന്നു. ചിലപ്പോൾ റോമൻ ചക്രവർത്തിതന്നെ ഒരു സമ്മാനമായി അതു നൽകിയിരുന്നു. വ്യക്തികൾക്കോ ഒരു നഗരത്തിലെയോ ജില്ലയിലെയോ സ്വതന്ത്രരായ മുഴുവൻ ആളുകൾക്കുപോലുമോ ഇത്തരത്തിൽ ചക്രവർത്തിയിൽനിന്ന് പൗരത്വം ലഭിച്ചിട്ടുണ്ട്. ഇനി, ഒരു റോമൻ പൗരനിൽനിന്ന് സ്വതന്ത്രനാക്കപ്പെടുകയോ അയാളിൽനിന്ന് സ്വാതന്ത്ര്യം പണം കൊടുത്ത് വാങ്ങുകയോ ചെയ്ത അടിമകൾക്കും റോമൻ പൗരത്വം ലഭിക്കുമായിരുന്നു. കുറെ കാലം റോമൻ സൈന്യത്തിൽ സേവിച്ച അന്യനാട്ടുകാരായ പടയാളികൾക്കും വിരമിക്കുമ്പോൾ റോമൻ പൗരത്വം നൽകിയിരുന്നു. പാരമ്പര്യമായും ഒരാൾക്ക് ഈ പൗരത്വം ലഭിക്കുമായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ, റോമൻ പൗരത്വമുള്ള അധികം ആളുകൾ യഹൂദ്യയിൽ ഉണ്ടായിരുന്നിരിക്കാൻ സാധ്യതയില്ല. എല്ലാ റോമൻ സംസ്ഥാനങ്ങളിലുമുള്ളവർക്ക് ഈ പൗരത്വം നൽകാൻ തീരുമാനിച്ചത് എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ്.
ദൃശ്യാവിഷ്കാരം
എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ദമസ്കൊസ് നഗരം ഏതാണ്ട് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെയായിരുന്നു. ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു അത്. അടുത്തുള്ള ബെരാദാ നദിയിൽനിന്ന് (2രാജ 5:12-ലെ അബാന നദിയാണ് ഇത്.) വെള്ളം ലഭിച്ചിരുന്നതുകൊണ്ട് നഗരത്തിനു ചുറ്റുമുള്ള ഭാഗം സമീപപ്രദേശങ്ങളോടുള്ള താരതമ്യത്തിൽ ഒരു മരുപ്പച്ചപോലെയായിരുന്നു. ധാരാളം സിനഗോഗുകളുള്ള ഒരു സ്ഥലമായിരുന്നു ദമസ്കൊസ്. ശൗൽ ആ നഗരത്തിലേക്കു വന്നതു ‘മാർഗക്കാർ’ എന്നും അറിയപ്പെട്ടിരുന്ന ക്രിസ്തുശിഷ്യരിൽ ആരെയെങ്കിലും കണ്ടാൽ അറസ്റ്റ് ചെയ്യാനായിരുന്നു. (പ്രവൃ 9:2; 19:9, 23; 22:4; 24:22) എന്നാൽ അദ്ദേഹം ദമസ്കൊസിലേക്കു പോകുമ്പോൾ മഹത്ത്വീകരിക്കപ്പെട്ട യേശു അദ്ദേഹത്തിനു പ്രത്യക്ഷനായി. തുടർന്ന് കുറച്ച് നാൾ അദ്ദേഹം ദമസ്കൊസിലെ നേർവീഥി എന്ന തെരുവിലുള്ള യൂദാസിന്റെ വീട്ടിൽ താമസിച്ചു. (പ്രവൃ 9:11) അങ്ങനെയിരിക്കെ യേശു ഒരു ദർശനത്തിൽ തന്റെ ശിഷ്യനായ അനന്യാസിനോട്, ആ വീട്ടിൽ ചെന്ന് ശൗലിന്റെ കാഴ്ച തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ശൗൽ സ്നാനമേൽക്കുകയും ചെയ്തു. അങ്ങനെ, ജൂതക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യാൻ ചെന്ന ശൗൽ അവരിൽ ഒരാളായിത്തീർന്നു. മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം ആ പ്രവർത്തനത്തിനു തുടക്കം കുറിച്ചതു ദമസ്കൊസിലെ സിനഗോഗുകളിലാണ്. അറേബ്യയിലേക്കു പോയിട്ട് ദമസ്കൊസിൽ തിരികെ എത്തിയ ശൗൽ എ.ഡി. 36-ഓടെ യരുശലേമിലേക്കു മടങ്ങിയിരിക്കാം.—പ്രവൃ 9:1-6, 19-22; ഗല 1:16, 17.
എ. ദമസ്കൊസ്
1. യരുശലേമിലേക്കുള്ള വഴി
2. നേർവീഥി എന്ന തെരുവ്
3. ചന്തസ്ഥലം
4. ജൂപ്പിറ്ററിന്റെ ക്ഷേത്രം
5. പ്രദർശനശാല
6. സംഗീതപരിപാടികൾക്കുള്ള വേദി (?)
ബി. യരുശലേം
മഹാസൻഹെദ്രിൻ എന്ന് അറിയപ്പെട്ടിരുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയിൽ 71 അംഗങ്ങളുണ്ടായിരുന്നു. യരുശലേമിലായിരുന്നു അത്. (പദാവലിയിൽ “സൻഹെദ്രിൻ” കാണുക.) അതിലെ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ, മൂന്നു നിരയായിട്ടാണു ക്രമീകരിച്ചിരുന്നത് എന്നു മിഷ്ന പറയുന്നു. കോടതിവിധികൾ രേഖപ്പെടുത്താൻ രണ്ടു ശാസ്ത്രിമാരും കാണും. ഒന്നാം നൂറ്റാണ്ടിലെ സൻഹെദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടിടത്തിന്റെ (യരുശലേമിൽനിന്ന് കണ്ടെടുത്തത്) വാസ്തുശൈലി അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിലെ ചില ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.—അനുബന്ധം ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.
1. മഹാപുരോഹിതൻ
2. സൻഹെദ്രിനിലെ അംഗങ്ങൾ
3. പ്രതി
4. ഗുമസ്തന്മാർ