ഭാഗം 3
പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?
“തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിക്കുവിൻ; എന്തെന്നാൽ സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.”—1 പത്രോസ് 4:8
നിങ്ങൾ ഒരുമിച്ചു ജീവിതയാത്ര തുടങ്ങുമ്പോൾ പലവിധപ്രശ്നങ്ങൾ തലപൊക്കാനിടയുണ്ട്. നിങ്ങൾ രണ്ടുപേരുടെയും ചിന്തകളും വികാരങ്ങളും ജീവിതസമീപനവും വ്യത്യസ്തമായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഇനി, പ്രശ്നങ്ങൾ പുറമേനിന്നും വരാം. ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിതസംഭവങ്ങളും പ്രശ്നങ്ങളായി അവതരിക്കാം.
പക്ഷേ, അവ അവഗണിച്ച് മുന്നോട്ടുപോകാനായിരിക്കാം നമ്മുടെ ചായ്വ്. എന്നാൽ അവ പരിഹരിച്ച് മുന്നോട്ടുപോകാനാണ് ബൈബിൾ നമ്മെ ഉപദേശിക്കുന്നത്. (മത്തായി 5:23, 24) അതുകൊണ്ട് ബൈബിൾതത്ത്വങ്ങൾ അനുസരിക്കുക. അതുവഴി നിങ്ങളുടെ പ്രശ്നങ്ങൾ ഏറ്റവും നന്നായി പരിഹരിക്കാനാകും!
1 പ്രശ്നം തുറന്നുസംസാരിക്കുക
ബൈബിൾ പറയുന്നത്: ‘സംസാരിപ്പാൻ ഒരു കാലമുണ്ട്.’ (സഭാപ്രസംഗി 3:1, 7) പ്രശ്നത്തെക്കുറിച്ച് സമയമെടുത്തു സംസാരിക്കണം. ആ വിഷയം സംബന്ധിച്ച് നിങ്ങളുടെ ഉള്ളിലെ ചിന്തകളും തോന്നലുകളും എന്താണെന്ന് സത്യസന്ധമായി ഇണയെ അറിയിക്കുക. എല്ലായ്പോഴും നിങ്ങളുടെ ഇണയോടു “സത്യം സംസാരിക്കണം.” (എഫെസ്യർ 4:25) ഉള്ളിൽ വികാരങ്ങൾ തിളച്ചുമറിയുമ്പോൾപോലും ഒരു ഏറ്റുമുട്ടലിനുള്ള സാധ്യത ഒഴിവാക്കുക. ശാന്തമായി പ്രതികരിക്കുക! സൗമ്യമായ സംഭാഷണത്തിലൊതുങ്ങേണ്ട ഒരു വിഷയം ഒരു വാക്പയറ്റായി പരിണമിക്കാതിരിക്കാൻ അതു സഹായിക്കും.—സദൃശവാക്യങ്ങൾ 15:4; 26:20.
വിയോജിക്കുന്നെങ്കിൽത്തന്നെയും ശാന്തത കൈവിടാതിരിക്കുക! ഇണയോട് സ്നേഹവും ആദരവും കാണിക്കാൻ ഒരിക്കലും മറക്കരുത്. (കൊലോസ്യർ 4:6) പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കുക. ആശയവിനിമയം നിറുത്തിക്കളയരുത്.—എഫെസ്യർ 4:26.
ഇങ്ങനെ ചെയ്തുനോക്കൂ:
-
പ്രശ്നം തുറന്നുസംസാരിക്കാൻ യോജിച്ച ഒരു സമയം നിശ്ചയിക്കുക
-
കേട്ടിരിക്കാനുള്ള ഊഴമാണ് നിങ്ങളുടേതെങ്കിൽ കേട്ടിരിക്കുക, ഇടയ്ക്കുകയറി പറയാതിരിക്കുക. സംസാരിക്കാനുള്ള നിങ്ങളുടെ ഊഴമെത്തുമ്പോൾ മാത്രം സംസാരിക്കുക
2 കേൾക്കുക, മനസ്സിലാക്കുക
ബൈബിൾ പറയുന്നത്: “സഹോദരസ്നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ. പരസ്പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ.” (റോമർ 12:10) എങ്ങനെ കേൾക്കുന്നു എന്നത് വളരെ പ്രധാനമാണ്. “സഹാനുഭൂതിയും . . . താഴ്മയും” കാണിച്ചുകൊണ്ട് ഇണയുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ ശ്രമിക്കുക. (1 പത്രോസ് 3:8; യാക്കോബ് 1:19) ഇണ സംസാരിക്കുമ്പോൾ, കേൾക്കുന്നതായി വെറുതെ ഭാവിക്കരുത്! ഒന്നുകിൽ, ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മാറ്റിവെച്ചിട്ട് അപ്പോൾത്തന്നെ നിങ്ങളുടെ മുഴുശ്രദ്ധയും ഇണയ്ക്കു നൽകുക. അല്ലെങ്കിൽ, ആ വിഷയം പിന്നീട് സംസാരിച്ചാൽ മതിയോ എന്ന് ആരായുക. നിങ്ങളുടെ ജീവിതപങ്കാളിയെ എതിരാളിയായല്ല കൂട്ടാളിയായി കാണുക! അപ്പോൾ “മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാക”യില്ല.—സഭാപ്രസംഗി 7:9.
ഇങ്ങനെ ചെയ്തുനോക്കൂ:
-
കേൾക്കുന്ന കാര്യങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നതാണെങ്കിലും തുറന്ന മനസ്സോടെ ശ്രദ്ധിച്ച് കേൾക്കുക
-
വാക്കുകൾക്കപ്പുറം, ഇണ ‘പറയാതെ പറയുന്നത്’ എന്താണെന്നു മനസ്സിലാക്കിയെടുക്കുക. ഇണയുടെ ശരീരഭാഷയും സ്വരത്തിലെ ധ്വനിയും ശ്രദ്ധിക്കുക
3 തുടർനടപടികൾ സ്വീകരിക്കുക
ബൈബിൾ പറയുന്നത്: “കഠിനാധ്വാനത്തിനെല്ലാം ഫലമുണ്ട്, വ്യർത്ഥഭാഷണമോ ദാരിദ്ര്യത്തിലേക്കേ നയിക്കൂ.” (സദൃശവാക്യങ്ങൾ 14:23, ന്യൂ ഇൻഡ്യ ഭാഷാന്തരം) നിങ്ങളിരുവരും സംസാരിച്ച് ഒരു നല്ല പരിഹാരമാർഗം കണ്ടെത്തുന്നതോടെ കാര്യം തീരുന്നില്ല. തുടർനടപടികൾ ആവശ്യമാണ്. ഇതിന് ശുഷ്കാന്തിയും നല്ല ശ്രമവും വേണം. ഒരിക്കലും അതൊരു നഷ്ടമാകില്ല! (സദൃശവാക്യങ്ങൾ 10:4) ഒരു ‘ടീം’ ആയി, യോജിച്ച് പ്രവർത്തിച്ചാൽ നിങ്ങളുടെ കഠിനാധ്വാനത്തിന് ‘നല്ല പ്രതിഫലം കിട്ടും.’—സഭാപ്രസംഗി 4:9.
ഇങ്ങനെ ചെയ്തുനോക്കൂ:
-
പ്രശ്നം പരിഹരിക്കുന്നതിന് ഓരോരുത്തർക്കും ചെയ്യാനാകുന്നത് എന്താണെന്നു തീരുമാനിക്കുക
-
ഇടയ്ക്കിടെ നിങ്ങളുടെ പുരോഗതി വിലയിരുത്തുക