തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഗ്രന്ഥം
തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഗ്രന്ഥം
“ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതോടൊപ്പം സൂര്യനെ ഭ്രമണം ചെയ്യുന്നുവെന്ന ഇരട്ട ഭ്രമണ സിദ്ധാന്തം വ്യാജമാണെന്നു മാത്രമല്ല, വിശുദ്ധ തിരുവെഴുത്തുകൾക്കു കടകവിരുദ്ധവുമാണ്.” നിഷിദ്ധ ഗ്രന്ഥങ്ങളേവയെന്നു നിർണയിക്കുന്ന റോമൻ കത്തോലിക്കാ സഭാസമിതി 1616-ലെ ഒരു കൽപ്പനയിൽ പ്രസ്താവിച്ചതാണത്.1 യഥാർഥത്തിൽ ബൈബിൾ ശാസ്ത്രീയ വസ്തുതകളോടു വിയോജിക്കുന്നുണ്ടോ? അതോ അതു തെറ്റിദ്ധരിക്കപ്പെടുന്നതാണോ?
ഗലീലിയോ ഗലീലി പുതുതായി രൂപകൽപ്പന ചെയ്ത തന്റെ ദൂരദർശിനി 1609/10-ലെ ശിശിരത്തിൽ ആകാശത്തിലേക്കു തിരിച്ചു. വ്യാഴം എന്ന ഗ്രഹത്തെ ചുറ്റുന്ന നാലു ചന്ദ്രന്മാരെ അദ്ദേഹം കണ്ടെത്തി. അദ്ദേഹം കണ്ടെത്തിയ കാര്യം, എല്ലാ ജ്യോതിർഗോളങ്ങളും ഭൂമിയെ ഭ്രമണം ചെയ്യേണ്ടതാണെന്ന അന്നുവരെ നിലവിലിരുന്ന വിശ്വാസത്തെ തകർത്തു. അതിനും മുമ്പ്, അതായത് 1543-ൽ, എല്ലാ ഗ്രഹങ്ങളും സൂര്യനെ ഭ്രമണം ചെയ്യുന്നതായി നിക്കോളാസ് കോപ്പർനിക്കസ് സിദ്ധാന്തീകരിച്ചിരുന്നു. അതു ശാസ്ത്രീയ സത്യമാണെന്നു ഗലീലിയോ സ്ഥിരീകരിക്കുകയാണു ചെയ്തത്.
എന്നാൽ, കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുടെ വീക്ഷണത്തിൽ അതു മതവിശ്വാസത്തിനു വിരുദ്ധമായിരുന്നു. ദീർഘകാലം സഭയ്ക്കുണ്ടായിരുന്ന വീക്ഷണം പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനം ഭൂമിയാണെന്നായിരുന്നു.2 ഈ വീക്ഷണത്തിന്റെ അടിസ്ഥാനം, ഭൂമിയെ “അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ” ഉറപ്പിച്ചിരിക്കുന്നുവെന്നു ചിത്രീകരിക്കുന്ന തിരുവെഴുത്തുകളുടെ അക്ഷരീയ വ്യാഖ്യാനമായിരുന്നു. (സങ്കീർത്തനം 104:5) റോമിലേക്കു വരുത്തപ്പെട്ട ഗലീലിയോ മതവിചാരണക്കോടതിയുടെ മുമ്പാകെ ഹാജരായി. കടുത്ത വിസ്താരത്തിനു വിധേയനായ അദ്ദേഹം തന്റെ കണ്ടെത്തലുകൾ തള്ളിപ്പറയാൻ നിർബന്ധിതനായി. അദ്ദേഹം ശിഷ്ടായുസ്സ് വീട്ടുതടങ്കലിൽ കഴിച്ചുകൂട്ടി.
കത്തോലിക്കാ സഭ ഒടുവിൽ, ഏതാണ്ട് 350 വർഷത്തിനുശേഷം, അതായത് 1992-ൽ, ഗലീലിയോ പറഞ്ഞതായിരുന്നു ശരിയെന്ന് അംഗീകരിച്ചു.3 ഗലീലിയോ പറഞ്ഞതു ശരിയായിരുന്നെങ്കിൽ ബൈബിൾ പറഞ്ഞതു തെറ്റായിരുന്നുവെന്നാണോ?
ബൈബിൾ ഭാഗങ്ങളുടെ യഥാർഥ അർഥം കണ്ടെത്തൽ
ബൈബിൾ സത്യമാണെന്നു ഗലീലിയോ വിശ്വസിച്ചിരുന്നു. ശാസ്ത്രീയ കണ്ടെത്തലുകൾ ചില ബൈബിൾ വാക്യങ്ങൾക്ക് അക്കാലത്തു നിലവിലിരുന്ന വ്യാഖ്യാനത്തിനു വിരുദ്ധമായി വന്നപ്പോൾ, ആ ഭാഗങ്ങളുടെ യഥാർഥ അർഥം ദൈവശാസ്ത്രജ്ഞന്മാർക്കു മനസ്സിലാകാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായവാദം. എന്തൊക്കെയാണെങ്കിലും, “രണ്ടു സത്യങ്ങൾ ഒരിക്കലും പരസ്പരവിരുദ്ധമായിരിക്കില്ല” എന്ന് അദ്ദേഹമെഴുതി.4 ശാസ്ത്രത്തിന്റെ സൂക്ഷ്മമായ പദപ്രയോഗങ്ങൾ ബൈബിളിന്റെ സാധാരണ പദങ്ങൾക്കു വിരുദ്ധമല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പക്ഷേ ദൈവശാസ്ത്രജ്ഞന്മാർ അതംഗീകരിക്കാൻ ഒരുക്കമല്ലായിരുന്നു. ഭൂമിയെ സംബന്ധിച്ച എല്ലാ ബൈബിൾ പ്രസ്താവനകളും അക്ഷരീയമായിത്തന്നെ എടുക്കണമെന്ന് അവർ ശഠിച്ചു. തത്ഫലമായി, അവർ ഗലീലിയോയുടെ കണ്ടെത്തലുകൾ നിരസിച്ചുവെന്നു മാത്രമല്ല, അത്തരം തിരുവെഴുത്തു പദപ്രയോഗങ്ങളുടെ യഥാർഥ അർഥം മനസ്സിലാക്കിയുമില്ല.
വാസ്തവത്തിൽ, ‘ഭൂമിയുടെ നാലു കോണുകൾ’ എന്നു ബൈബിൾ പരാമർശിക്കുമ്പോൾ അത് അക്ഷരാർഥത്തിൽ ഒരു സമചതുരമാണെന്ന ധാരണ ബൈബിളെഴുത്തുകാർക്ക് ഇല്ലായിരുന്നുവെന്നു മനസ്സിലാക്കാൻ സാമാന്യബോധം മാത്രം മതി. (വെളിപ്പാടു 7:1) ബൈബിൾ എഴുതപ്പെട്ടത് സാധാരണക്കാരന്റെ ഭാഷയിലാണ്, അതു മിക്കപ്പോഴും വ്യക്തമായ അലങ്കാരപ്രയോഗങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിക്ക് ‘നാലു കോണുകളും’ ഒരു സ്ഥായിയായ ‘അടിസ്ഥാനവും’ ‘മൂലക്കല്ലു’മൊക്കെയുണ്ടെന്നു പറയുമ്പോൾ ബൈബിൾ ഭൂമിയെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ വർണന തരുകയല്ല ചെയ്യുന്നത്; വ്യക്തമായും നാം അനുദിന സംഭാഷണത്തിൽ ചെയ്യാറുള്ളതുപോലെ അത് അലങ്കാരരൂപത്തിൽ സംസാരിക്കുന്നുവെന്നേയുള്ളൂ. a—യെശയ്യാവു 51:13; ഇയ്യോബ് 38:6.
ഗലീലിയോ ഗലീലി (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ ജീവചരിത്രരചയിതാവായ എൽ. ഗേയ്മോണാട്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബൈബിൾ ചിന്താധാരയുടെ അടിസ്ഥാനത്തിൽ ശാസ്ത്രത്തെ ഒതുക്കിനിർത്താനാഗ്രഹിച്ച സങ്കുചിതമനസ്കരായ ദൈവശാസ്ത്രജ്ഞന്മാർ ബൈബിളിനെ അപമാനിക്കുകയല്ലാതെ മറ്റൊന്നുമല്ല ചെയ്യുന്നത്.”5 അവർ ബൈബിളിനെ അപമാനിക്കുകതന്നെ ചെയ്തു. വാസ്തവത്തിൽ, ശാസ്ത്രത്തിന്മേൽ ന്യായരഹിതമായ വിലക്കുകൾ വെച്ചത് ബൈബിളല്ല, ബൈബിളിനു ദൈവശാസ്ത്രജ്ഞന്മാർ നൽകിയ വ്യാഖ്യാനമാണ്.
സമാനമായി, 24 മണിക്കൂറുള്ള ആറ് ദിവസങ്ങൾകൊണ്ടാണു ഭൂമി സൃഷ്ടിക്കപ്പെട്ടതെന്ന് ഇന്നു മതമൗലികവാദികൾ ശഠിക്കുമ്പോൾ അവർ ബൈബിളിനെ വളച്ചൊടിക്കുകയാണു ചെയ്യുന്നത്. (ഉല്പത്തി 1:3-31) അത്തരമൊരു വീക്ഷണം ശാസ്ത്രത്തോടോ ബൈബിളിനോടോ യോജിപ്പുള്ളതല്ല. അനുദിന സംഭാഷണത്തിലെന്നപോലെ ബൈബിളിലും വ്യത്യസ്ത ദൈർഘ്യമുള്ള സമയഘടകങ്ങളെ സൂചിപ്പിക്കുന്ന ഭിന്നാർഥമുള്ള ഒരു പ്രയോഗമാണ് “ദിവസം” എന്ന പദം. ഉല്പത്തി 2:4-ൽ ആറ് സൃഷ്ടിദിവസങ്ങളെയും ചേർത്ത് ഒരു സമസ്ത “ദിവസ”മായി പരാമർശിച്ചിരിക്കുന്നു. ബൈബിളിൽ “ദിവസം” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദം കേവലം “ദീർഘമായ സമയം” എന്ന് അർഥമാക്കാവുന്നതാണ്.6 അതുകൊണ്ട്, സൃഷ്ടിദിവസങ്ങളോരോന്നും 24 മണിക്കൂർ അടങ്ങുന്നതാണെന്നു നിർബന്ധം പിടിക്കുന്നതിനു ബൈബിൾപരമായ യാതൊരു കാരണവുമില്ല. മറിച്ചു പഠിപ്പിക്കുന്നതിനാൽ മൗലികവാദികൾ ബൈബിളിനെക്കുറിച്ചു തെറ്റായ ധാരണ നൽകുകയാണ്.—2 പത്രൊസ് 3:8 കൂടെ കാണുക.
ചരിത്രത്തിലുടനീളം ദൈവശാസ്ത്രജ്ഞന്മാർ ബൈബിളിനെ വളച്ചൊടിച്ചിട്ടുണ്ട്. ബൈബിൾ പറയുന്നതിനെക്കുറിച്ചു ക്രൈസ്തവലോകത്തിലെ മതങ്ങൾ തെറ്റായ ധാരണ നൽകിയിരിക്കുന്ന മറ്റു ചില വിധങ്ങൾ പരിചിന്തിക്കുക.
മതം തെറ്റിദ്ധരിപ്പിക്കുന്നു
ബൈബിളനുസരിക്കുന്നുവെന്നു പറയുന്നവരുടെ പ്രവർത്തനങ്ങൾ, അവർ ആദരിക്കുന്നുവെന്നു മിക്കപ്പോഴും അവകാശപ്പെടുന്ന ആ ഗ്രന്ഥത്തിന്റെ സത്പേരിനു കളങ്കം ചാർത്തുകയാണു ചെയ്യുന്നത്. ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്നവർ ദൈവത്തിന്റെ പേരിൽ പരസ്പരം രക്തം ചിന്തിയിരിക്കുന്നു. എന്നാൽ “തമ്മിൽ തമ്മിൽ” സ്നേഹിക്കാനാണു ക്രിസ്തുവിന്റെ അനുഗാമികൾക്കു ബൈബിൾ നൽകുന്ന ഉദ്ബോധനം.—യോഹന്നാൻ 13:34, 35; മത്തായി 26:52.
ഇടവകക്കാർ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ചില പുരോഹിതന്മാർ പാട്ടിലാക്കി അവരിൽനിന്നു പിടുങ്ങുന്നു—‘സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ’ എന്ന തിരുവെഴുത്ത് ഉദ്ബോധനത്തിൽനിന്നും എത്രയോ വിഭിന്നമാണത്.—മത്തായി 10:8; 1 പത്രൊസ് 5:2, 3.
കേവലം ബൈബിൾ ഉദ്ധരിക്കുകയോ അതനുസരിച്ച് ജീവിക്കുന്നുവെന്ന് അവകാശപ്പെടുകയോ ചെയ്യുന്നവരുടെ വാക്കുകളും പ്രവൃത്തികളുമനുസരിച്ചു ബൈബിളിനെ വിധിക്കാനാവില്ല എന്നതു വ്യക്തം. അതുകൊണ്ട്, ബൈബിൾ എന്താണെന്നും അതു ശ്രദ്ധേയമായ ഒരു ഗ്രന്ഥമായിരിക്കുന്നത് എന്തുകൊണ്ടെന്നും തുറന്ന മനസ്സുള്ള ഒരു വ്യക്തി കണ്ടെത്താനാഗ്രഹിച്ചേക്കാം.
[അടിക്കുറിപ്പുകൾ]
a ഉദാഹരണത്തിന്, അങ്ങേയറ്റം അക്ഷരീയമായി ചിന്തിക്കുന്ന ഇന്നത്തെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ പോലും സൂര്യനും നക്ഷത്രങ്ങളും നക്ഷത്രരാശികളും “ഉദിക്കുകയും” “അസ്തമിക്കുകയും” ചെയ്യുന്നതായി പറയാറുണ്ട്—എന്നാൽ, വാസ്തവത്തിൽ അവ ഭൂമിയുടെ ഭ്രമണം നിമിത്തം ചലിക്കുന്നതായി തോന്നുന്നതേയുള്ളൂ.
[4-ാം പേജിലെ ചിത്രം]
ഗലീലിയോയുടെ രണ്ടു ദൂരദർശിനികൾ
[5-ാം പേജിലെ ചിത്രം]
ഗലീലിയോ മതവിചാരണക്കാരെ അഭിമുഖീകരിക്കുന്നു