അധ്യായം 13
“ദേവാലയത്തെക്കുറിച്ച് വിവരിക്കൂ!”
മുഖ്യവിഷയം: യഹസ്കേൽ കണ്ട അത്ഭുതകരമായ ദേവാലയദർശനത്തിന്റെ അർഥം
1-3. (എ) വിശാലമായ ദേവാലയസമുച്ചയത്തിന്റെ ദിവ്യദർശനം യഹസ്കേലിന് ആശ്വാസം പകർന്നിരിക്കാവുന്നത് എങ്ങനെ? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.) (ബി) ഈ അധ്യായത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
യഹസ്കേലിന് ഇപ്പോൾ 50 വയസ്സായി! പ്രവാസജീവിതം തുടങ്ങിയിട്ടു കാൽനൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. യരുശലേമിലെ ദേവാലയം തകർന്നടിഞ്ഞിട്ടു കാലമേറെയായി. എന്നെങ്കിലും ആ ദേവാലയത്തിൽ ഒരു പുരോഹിതനായി സേവിക്കാൻ യഹസ്കേൽ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ആ സ്വപ്നവും ഇനി നടക്കുമെന്നു തോന്നുന്നില്ല. പ്രവാസജീവിതം അവസാനിക്കാൻ ഇനിയും ഏതാണ്ട് 56 വർഷം ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ യഹോവയുടെ ജനം മാതൃദേശത്ത് തിരികെ എത്തുന്നതു കാണാൻ ഒരുപക്ഷേ താനുണ്ടാകില്ലെന്ന് യഹസ്കേലിന് അറിയാം. അപ്പോൾപ്പിന്നെ, പുതുക്കിപ്പണിത ദേവാലയം ഒരു നോക്കു കാണുന്ന കാര്യം പറയുകയേ വേണ്ടാ! (യിരെ. 25:11) ഇതെല്ലാം ചിന്തിച്ചപ്പോൾ യഹസ്കേലിനു സങ്കടം തോന്നിക്കാണുമോ?
2 ഈയൊരു സാഹചര്യത്തിലാണ് യഹസ്കേൽ എന്ന വിശ്വസ്തപുരുഷനു വളരെയധികം ആശ്വാസവും പ്രത്യാശയും പകർന്ന വിശദമായൊരു ദർശനം ലഭിക്കുന്നത്. ശരിക്കും യഹോവ എത്ര ദയയുള്ളവനാണ്! ദർശനത്തിൽ പ്രവാചകനെ അദ്ദേഹത്തിന്റെ മാതൃദേശത്തേക്കു തിരികെ കൊണ്ടുപോയി വലിയൊരു പർവതത്തിന്റെ മുകളിൽ നിറുത്തുന്നു. വളരെ ഉയരമുള്ള ആ സ്ഥലത്തുവെച്ച്, ‘കണ്ടാൽ ചെമ്പുകൊണ്ടുള്ളതെന്നു’ തോന്നുന്ന ഒരാളെ യഹസ്കേൽ കണ്ടു. വിശാലമായ ഒരു ദേവാലയസമുച്ചയത്തിലേക്കാണ് ആ ദൂതൻ യഹസ്കേലിനെ കൂട്ടിക്കൊണ്ടുപോകുന്നത്. എന്നിട്ട് അവിടമാകെ വിശദമായി കാണിക്കുന്നു. (യഹസ്കേൽ 40:1-4 വായിക്കുക.) അത് ഒരു ദർശനമാണെന്ന് യഹസ്കേലിനു തോന്നിയതേ ഇല്ല, എല്ലാം അത്ര യഥാർഥമായിരുന്നു! അമ്പരപ്പിക്കുന്ന ആ കാഴ്ചകൾ കണ്ട് യഹസ്കേലിന്റെ വിശ്വാസം ശക്തമായിക്കാണും. എന്നാൽ ചിലതൊക്കെ കണ്ടപ്പോൾ അദ്ദേഹത്തിന് അൽപ്പം ചിന്താക്കുഴപ്പവും തോന്നിയിരിക്കാം. കാരണം ഈ ദേവാലയത്തിലെ പല കാര്യങ്ങളും അദ്ദേഹത്തിനു പരിചിതമായി തോന്നുന്നുണ്ടെങ്കിലും അദ്ദേഹം കണ്ടിട്ടുള്ള യരുശലേമിലെ ദേവാലയവും ഇതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്.
3 യഹസ്കേൽ പുസ്തകത്തിന്റെ അവസാനത്തെ ഒൻപത് അധ്യായങ്ങളിൽ ഉദ്വേഗജനകമായ ഈ ദർശനത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണുള്ളത്. ഈ ദർശനം വിശകലനം ചെയ്ത് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ സ്വീകരിക്കേണ്ട സമീപനം എന്താണെന്നു നമുക്ക് ആദ്യംതന്നെ നോക്കാം. തുടർന്ന്, നൂറ്റാണ്ടുകൾക്കു ശേഷം പൗലോസ് അപ്പോസ്തലൻ വിശദമായി ചർച്ച ചെയ്ത ആത്മീയാലയം തന്നെയാണോ യഹസ്കേൽ കണ്ടത് എന്നു നമ്മൾ പരിശോധിക്കും. അവസാനമായി, യഹസ്കേലും അദ്ദേഹത്തോടൊപ്പം പ്രവാസികളായി കഴിഞ്ഞിരുന്നവരും ആ ദർശനത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടി എന്നും നമ്മൾ കാണും.
സമീപനത്തിൽ ഒരു മാറ്റം
4. ദേവാലയദർശനത്തിന്റെ കാര്യത്തിൽ മുമ്പ് നമ്മുടെ സമീപനം എന്തായിരുന്നു, ഇപ്പോൾ എന്തു മാറ്റം ആവശ്യമായി വന്നു?
4 എബായർക്ക് എഴുതിയ കത്തിൽ അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതനായി വിവരിച്ച യഹോവയുടെ മഹത്തായ ആത്മീയാലയംതന്നെയാണ് യഹസ്കേൽ കണ്ടതെന്നു മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. a അതിന്റെ വെളിച്ചത്തിൽ, യഹസ്കേൽ ദർശനത്തിൽ കണ്ട ദേവാലയത്തിലെ പല സവിശേഷതകളും വരാനിരിക്കുന്നവയുടെ പ്രതീകമായി കണ്ട് നമ്മൾ അവയ്ക്കു മാതൃക-പ്രതിമാതൃക വിശദീകരണങ്ങൾ നൽകാറുണ്ടായിരുന്നു. പൗലോസ് വിശുദ്ധകൂടാരത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെ ആധാരമാക്കിയാണ് ആ വിശദീകരണങ്ങൾ നൽകിയിരുന്നത്. എന്നാൽ ഇതെക്കുറിച്ച് പ്രാർഥനാപൂർവം പഠിക്കുകയും ധ്യാനിക്കുകയും ചെയ്തപ്പോൾ യഹസ്കേലിന്റെ ദേവാലയദർശനത്തിനു കുറെക്കൂടെ ലളിതമായ ഒരു വിശദീകരണമാണു നൽകേണ്ടതെന്നു ബോധ്യമായി.
5, 6. (എ) വിശുദ്ധകൂടാരത്തിന്റെ ചില വിശദാംശങ്ങളെക്കുറിച്ച് പൗലോസ് എന്താണു പറഞ്ഞത്, വിശുദ്ധകൂടാരത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അപ്പോസ്തലനായ പൗലോസ് താഴ്മ കാണിച്ചത് എങ്ങനെ? (ബി) യഹസ്കേലിന്റെ ദേവാലയദർശനത്തെക്കുറിച്ച് പഠിക്കുമ്പോൾ പൗലോസിന്റെ വാക്കുകൾ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
5 യഹസ്കേൽ ദർശനത്തിൽ കണ്ട ദേവാലയത്തിലെ എല്ലാ കാര്യങ്ങൾക്കും പ്രാവചനികമോ ആലങ്കാരികമോ ആയ അർഥം കണ്ടെത്താൻ നമ്മൾ ശ്രമിക്കേണ്ടതില്ല. എന്തുകൊണ്ട്? അതിനൊരു നല്ല ഉദാഹരണം ഇതാണ്: വിശുദ്ധകൂടാരത്തെയും ആത്മീയാലയത്തെയും കുറിച്ച് ചർച്ച ചെയ്തപ്പോൾ പൗലോസ് വിശുദ്ധകൂടാരത്തിലെ സുഗന്ധക്കൂട്ട് അർപ്പിക്കുന്ന സ്വർണപാത്രം, പെട്ടകത്തിന്റെ മൂടി, മന്ന വെച്ചിരുന്ന സ്വർണഭരണി എന്നിവയെക്കുറിച്ചെല്ലാം പരാമർശിച്ചെങ്കിലും അവയ്ക്ക് ഓരോന്നിനും എന്തെങ്കിലും പ്രാവചനികമായ അർഥമുണ്ടെന്നു പറഞ്ഞോ? അങ്ങനെ ചെയ്യാൻ പരിശുദ്ധാത്മാവ് പൗലോസിനെ പ്രേരിപ്പിച്ചില്ലെന്നു വേണം കരുതാൻ. അതെക്കുറിച്ച് പൗലോസ് പറഞ്ഞത്, “ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല” എന്നാണ്. (എബ്രാ. 9:4, 5) പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്പെടാനും യഹോവയ്ക്കായി താഴ്മയോടെ കാത്തിരിക്കാനും പൗലോസ് തയ്യാറായി.—എബ്രാ. 9:8.
6 യഹസ്കേലിന്റെ ദേവാലയദർശനത്തിന്റെ കാര്യത്തിലും മേൽപ്പറഞ്ഞ സംഗതി ബാധകമാണ്. ഈ ദർശനത്തിലും ധാരാളം വിശദാംശങ്ങൾ അടങ്ങിയിട്ടുണ്ട്. പക്ഷേ അവയെക്കുറിച്ചെല്ലാം കൂടുതലായ വിശദീകരണങ്ങൾ ലഭിക്കണമെന്നുണ്ടെങ്കിൽ താഴ്മയോടെ യഹോവയ്ക്കായി കാത്തിരിക്കുന്നതല്ലേ നല്ലത്? (മീഖ 7:7 വായിക്കുക.) എന്നാൽ അതിന്റെ അർഥം, ഈ ദർശനത്തെക്കുറിച്ച് യഹോവയുടെ ആത്മാവ് ഒരു വിശദീകരണവും തന്നിട്ടില്ലെന്നാണോ? ഒരിക്കലുമല്ല!
മഹത്തായ ആത്മീയാലയമാണോ യഹസ്കേൽ കണ്ടത്?
7, 8. (എ) നമ്മുടെ ഏതു ഗ്രാഹ്യത്തിനാണു മാറ്റം വന്നത്? (ബി) യഹസ്കേൽ ദർശനത്തിൽ കണ്ട ദേവാലയവും പൗലോസ് വർണിച്ച ആത്മീയാലയവും തമ്മിലുള്ള വ്യത്യാസം എന്താണ്?
7 മുമ്പ് സൂചിപ്പിച്ചതുപോലെ, എബ്രായർക്ക് എഴുതിയ കത്തിൽ അപ്പോസ്തലനായ പൗലോസ് വിവരിച്ച, യഹോവയുടെ മഹത്തായ ആത്മീയാലയംതന്നെയാണ് യഹസ്കേൽ കണ്ടതെന്നു വർഷങ്ങളോളം നമ്മുടെ പ്രസിദ്ധീകരണങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ ഇതെക്കുറിച്ച് കൂടുതലായി പഠിച്ചപ്പോൾ നമുക്കു മനസ്സിലായ കാര്യം, യഹസ്കേൽ കണ്ടതു മഹത്തായ ആത്മീയാലയം ആയിരിക്കാൻ സാധ്യതയില്ല എന്നാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
8 ഒന്നാമതായി, പൗലോസ് ദൈവപ്രചോദിതനായി നൽകിയ വിശദീകരണം യഹസ്കേൽ കണ്ട ദേവാലയത്തിനു യോജിക്കുന്നില്ല. ഇതു ചിന്തിക്കുക: മോശയുടെ നാളിലെ വിശുദ്ധകൂടാരം അതിനെക്കാൾ മഹത്തായ ഒന്നിന്റെ നിഴലും മാതൃകയും മാത്രമായിരുന്നെന്ന് അപ്പോസ്തലനായ പൗലോസ് വ്യക്തമാക്കി. അടിസ്ഥാനപരമായി ഒരേ മാതൃകയിൽ പണിതീർത്ത ശലോമോന്റെയും സെരുബ്ബാബേലിന്റെയും ദേവാലയങ്ങൾപോലെതന്നെ വിശുദ്ധകൂടാരത്തിലും “അതിവിശുദ്ധം” എന്നൊരു ഭാഗമുണ്ടായിരുന്നു. ആ ഭാഗത്തെ, ‘മനുഷ്യൻ നിർമിച്ചത്’ എന്ന് വിശേഷിപ്പിച്ച പൗലോസ് അത് “യഥാർഥത്തിലുള്ളതിന്റെ രൂപമാതൃക” മാത്രമാണെന്നും യഥാർഥത്തിലുള്ളതു മറ്റൊന്നാണെന്നും വിശദീകരിച്ചു. അപ്പോൾപ്പിന്നെ യഥാർഥത്തിലുള്ളത് എന്തായിരുന്നു? അതു ‘സ്വർഗംതന്നെയാണെന്നു’ പൗലോസ് പറഞ്ഞു. (എബ്രാ. 9:3, 24) എന്നാൽ യഹസ്കേൽ കണ്ടത് എന്താണ്, അതു സ്വർഗമായിരുന്നോ? അല്ല. സ്വർഗത്തിലെ കാര്യങ്ങളാണു യഹസ്കേൽ കണ്ടത് എന്നതിന്റെ ഒരു സൂചനയും ആ ദർശനത്തിലില്ല.—ദാനിയേൽ 7:9, 10, 13, 14 താരതമ്യം ചെയ്യുക.
9, 10. യഹസ്കേലിന്റെ ദർശനത്തിലെ ദേവാലയവും പൗലോസ് വർണിച്ച ആത്മീയാലയവും തമ്മിൽ ബലികളുടെ കാര്യത്തിൽ എന്തു വ്യത്യാസമാണുള്ളത്?
9 എന്നാൽ യഹസ്കേലിന്റെ ദർശനവും ആത്മീയാലയത്തെക്കുറിച്ചുള്ള പൗലോസിന്റെ വർണനയും തമ്മിലുള്ള വ്യത്യാസം ഏറെ വ്യക്തമായി എടുത്തുകാട്ടുന്ന ഘടകം ബലികളാണ്. ബലികൾ അർപ്പിക്കുന്നതിനെക്കുറിച്ച് ജനത്തിനും അവരുടെ തലവന്മാർക്കും പുരോഹിതന്മാർക്കും വിശദമായ നിർദേശങ്ങൾ കൊടുക്കുന്നത് യഹസ്കേൽ കേട്ടു. അവർ സ്വന്തം പാപങ്ങൾക്കുവേണ്ടി ബലികൾ അർപ്പിക്കണമായിരുന്നു. സഹഭോജനബലികളും അവർ അർപ്പിക്കേണ്ടിയിരുന്നു. സാധ്യതയനുസരിച്ച് ദേവാലയത്തിലെ ഊണുമുറികളിൽവെച്ചാണ് അവർ അതിന്റെ ഓഹരി കഴിച്ചിരുന്നത്. (യഹ. 43:18, 19; 44:11, 15, 27; 45:15-20, 22-25) എന്നാൽ മഹത്തായ ആത്മീയാലയത്തിന്റെ കാര്യമോ? അവിടെ ഇങ്ങനെ വീണ്ടുംവീണ്ടും ബലികൾ അർപ്പിക്കാറുണ്ടോ?
യഹസ്കേൽ ദർശനത്തിൽ കണ്ടതു മഹത്തായ ആത്മീയാലയം അല്ല
10 അതിന്റെ ഉത്തരം വ്യക്തവും ലളിതവും ആണ്. പൗലോസ് പറഞ്ഞു: “എന്നാൽ നമുക്കു ലഭിച്ച നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നപ്പോൾ കൈകൊണ്ട് പണിതതല്ലാത്ത, അതായത് ഈ സൃഷ്ടിയിൽപ്പെടാത്ത, മഹനീയവും ഏറെ പൂർണവും ആയ കൂടാരത്തിലേക്കു പ്രവേശിച്ചു. ക്രിസ്തു വിശുദ്ധസ്ഥലത്തേക്കു പ്രവേശിച്ചതു കോലാടുകളുടെയോ കാളക്കുട്ടികളുടെയോ രക്തവുമായല്ല, സ്വന്തം രക്തവുമായാണ്. ക്രിസ്തു എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം അവിടെ പ്രവേശിച്ച് നമുക്കു നിത്യമായ മോചനത്തിനു വഴിയൊരുക്കി.” (എബ്രാ. 9:11, 12) അതുകൊണ്ട് മഹത്തായ ആത്മീയാലയത്തിൽ എന്നേക്കുമായി ഒരൊറ്റ ബലി മാത്രമാണ് അർപ്പിക്കുക! മോചനവിലയായി അർപ്പിക്കുന്ന ബലിയാണ് അത്. അത് അർപ്പിക്കുന്നതാകട്ടെ, വലിയ മഹാപുരോഹിതനായ യേശുക്രിസ്തുവും. ഇതിൽനിന്ന് ഒരു കാര്യം വ്യക്തം: അനേകമനേകം കോലാടുകളെയും കാളകളെയും ബലി അർപ്പിക്കുന്ന യഹസ്കേലിന്റെ ദേവാലയം എന്തായാലും മഹത്തായ ആത്മീയാലയം അല്ല.
11. യഹസ്കേലിന്റെ നാളിൽ, മഹത്തായ ആത്മീയാലയത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ സമയം വന്നിട്ടില്ലായിരുന്നു എന്നു പറയുന്നത് എന്തുകൊണ്ട്?
11 ഇനി, യഹസ്കേൽ കണ്ടതു മഹത്തായ ആത്മീയാലയമല്ല എന്നു പറയുന്നതിന്റെ രണ്ടാമത്തെ കാരണം ഇതാണ്: അത്തരം സത്യങ്ങൾ വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ സമയം അപ്പോഴും വന്നിട്ടില്ലായിരുന്നു. യഹസ്കേലിന്റെ ദർശനം പ്രധാനമായും ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ജൂതന്മാരെ ഉദ്ദേശിച്ചുള്ളതായിരുന്നു എന്ന് ഓർക്കുക. അവർ മോശയുടെ നിയമത്തിൻകീഴിൽ കഴിഞ്ഞിരുന്ന സമയമായിരുന്നു അത്. പ്രവാസജീവിതം അവസാനിച്ച് യരുശലേമിൽ മടങ്ങിച്ചെന്നതിനു ശേഷവും അവർ ആ നിയമം അനുസരിക്കാൻ ബാധ്യസ്ഥരായിരുന്നു. ശുദ്ധാരാധനയെക്കുറിച്ച് ആ നിയമത്തിൽ പറയുന്നതനുസരിച്ച് അവർ ദേവാലയവും യാഗപീഠവും പുനർനിർമിച്ച് വീണ്ടും അവിടെ ബലികൾ അർപ്പിക്കണമായിരുന്നു. പിന്നീട് ആറു നൂറ്റാണ്ടോളം അവിടെ അത്തരം ബലിയർപ്പണങ്ങൾ നടന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എന്നാൽ യഹസ്കേലിന്റെ ദർശനത്തിലൂടെ ജൂതന്മാർക്കു വെളിപ്പെടുത്തിക്കൊടുത്തതു വാസ്തവത്തിൽ ആത്മീയാലയം ആയിരുന്നെങ്കിലോ? ആ ദേവാലയത്തിൽ അതാ, മഹാപുരോഹിതൻ സ്വന്തം ജീവൻ ബലിയായി അർപ്പിക്കുന്നു! അതെത്തുടർന്ന് മറ്റെല്ലാ ബലികളും നിന്നുപോകുന്നു! അങ്ങനെയൊരു ദർശനം ആ ജനതയെ എങ്ങനെ ബാധിക്കുമായിരുന്നെന്ന് ഓർത്തുനോക്കൂ. അത് അവർക്ക് ഉൾക്കൊള്ളാനാകുമായിരുന്നോ? മോശയിലൂടെ കൊടുത്ത നിയമം അനുസരിക്കാനുള്ള അവരുടെ തീരുമാനത്തിന് ഇളക്കം തട്ടില്ലായിരുന്നോ? അതെ, യഹോവ എപ്പോഴും സത്യങ്ങൾ വെളിപ്പെടുത്തുന്നത് അതിന്റെ ഉചിതമായ സമയത്ത് മാത്രമാണ്, തന്റെ ജനം അതിനായി സജ്ജരായശേഷം മാത്രം!
12-14. യഹസ്കേലിന്റെ ദേവാലയദർശനവും ആത്മീയാലയത്തെക്കുറിച്ചുള്ള പൗലോസിന്റെ വിശദീകരണവും തമ്മിലുള്ള ബന്ധം എന്താണ്? (“വെവ്വേറെ ആലയങ്ങൾ, വെവ്വേറെ പാഠങ്ങൾ” എന്ന ചതുരം കാണുക.)
12 എന്നാൽ യഹസ്കേലിന്റെ ദേവാലയദർശനവും ആത്മീയാലയത്തെക്കുറിച്ചുള്ള പൗലോസിന്റെ വിശദീകരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പൗലോസ് ചർച്ച ചെയ്ത കാര്യങ്ങൾക്ക് ആധാരം യഹസ്കേലിന്റെ ദേവാലയദർശനമല്ല, മറിച്ച് മോശയുടെ കാലത്തെ വിശുദ്ധകൂടാരമായിരുന്നു എന്ന കാര്യം ഓർക്കുക. അതേസമയം പൗലോസ് പരാമർശിച്ച പല സവിശേഷതകളും ശലോമോന്റെയും സെരുബ്ബാബേലിന്റെയും ദേവാലയങ്ങളിലും യഹസ്കേലിന്റെ ദേവാലയദർശനത്തിലും ഉണ്ടായിരുന്നവയാണുതാനും. എങ്കിലും പൊതുവിൽ നോക്കുമ്പോൾ യഹസ്കേലും പൗലോസും വ്യത്യസ്തമായ രണ്ടു വിഷയങ്ങളെക്കുറിച്ചാണു പറഞ്ഞത്. b അവർ രണ്ടു പേരും പറഞ്ഞത് ഒരേ കാര്യമല്ലെങ്കിലും ആ വിവരണങ്ങൾക്കു പരസ്പരബന്ധമുണ്ട്. അത് എങ്ങനെ?
13 ആ രണ്ടു ബൈബിൾഭാഗങ്ങൾ തമ്മിലുള്ള ബന്ധം ഇങ്ങനെ വിശദീകരിക്കാം: പൗലോസിൽനിന്ന് നമ്മൾ പഠിക്കുന്നത് ആരാധനയ്ക്കായുള്ള യഹോവയുടെ ക്രമീകരണത്തെക്കുറിച്ചാണെങ്കിൽ യഹസ്കേലിൽനിന്ന് പഠിക്കുന്നത് ആരാധനയ്ക്കായുള്ള യഹോവയുടെ നിലവാരങ്ങളെക്കുറിച്ചാണ്. ശുദ്ധാരാധനയ്ക്കായുള്ള യഹോവയുടെ ക്രമീകരണത്തെക്കുറിച്ച് നമ്മളെ പഠിപ്പിക്കാൻ പൗലോസ് ആത്മീയാലയത്തിന്റെ സവിശേഷതകളായ മഹാപുരോഹിതൻ, ബലികൾ, യാഗപീഠം, അതിവിശുദ്ധം എന്നിവയുടെ അർഥം വിശദീകരിക്കുന്നു. എന്നാൽ ശുദ്ധാരാധനയ്ക്കായുള്ള യഹോവയുടെ ഉന്നതമായ നിലവാരങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള ധാരാളം വിശദാംശങ്ങളാണ് യഹസ്കേലിന്റെ ദേവാലയദർശനത്തിൽ നൽകിയിരിക്കുന്നത്.
14 ഗ്രാഹ്യത്തിൽ വന്ന ഈ മാറ്റം നമ്മളെ എങ്ങനെയാണു ബാധിക്കുന്നത്? യഹസ്കേലിന്റെ ദർശനത്തിന്റെ പ്രസക്തിക്ക് ഇന്ന് എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ? ഇല്ല. അതു നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ, യഹസ്കേലിന്റെ കാലത്തും പിൽക്കാലത്തും ജീവിച്ചിരുന്ന വിശ്വസ്തരായ ജൂതന്മാർക്ക് ആ ദർശനം എങ്ങനെ പ്രയോജനം ചെയ്തെന്നു നോക്കാം.
യഹസ്കേലിന്റെ ആലയദർശനവും ജൂതപ്രവാസികളും
15. (എ) യഹസ്കേലിന്റെ ദർശനത്തിലെ പ്രാവചനികസന്ദേശത്തിന്റെ രത്നച്ചുരുക്കം എന്തായിരുന്നു? (ബി) യഹസ്കേൽ 8-ാം അധ്യായവും യഹസ്കേൽ 40–48 അധ്യായങ്ങളും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്?
15 ജൂതപ്രവാസികൾക്ക് യഹസ്കേലിന്റെ ആലയദർശനം പ്രയോജനം ചെയ്തത് എങ്ങനെയാണ്? അതിനു ബൈബിൾ നൽകുന്ന ഉത്തരം മനസ്സിലാക്കാൻ നമുക്ക് ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ പരിചിന്തിക്കാം. ഒന്നാമതായി, ആ ദർശനത്തിലെ പ്രാവചനികസന്ദേശത്തിന്റെ രത്നച്ചുരുക്കം എന്തായിരുന്നു? ലളിതമായി പറഞ്ഞാൽ, ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടും! ഇക്കാര്യം യഹസ്കേലിനു വ്യക്തമായി അറിയാമായിരുന്നു. യരുശലേമിലെ ദേവാലയത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ചുള്ള യഹോവയുടെ വിശദമായ വർണന (ഇന്ന് യഹസ്കേൽ 8-ാം അധ്യായത്തിലാണ് അതു കാണുന്നത്.) യഹസ്കേൽ അതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. എന്നാൽ അതിനു നേർവിപരീതമായ ഒരു അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ രേഖപ്പെടുത്താനും യഹസ്കേലിന് അവസരം കിട്ടി. യഹസ്കേൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങളിൽ കാണുന്ന ആ വാക്കുകൾ രേഖപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന് എത്രമാത്രം സന്തോഷം തോന്നിക്കാണും. നമ്മൾ അവിടെ കാണുന്നത്, ശുദ്ധാരാധന അധഃപതിച്ചുപോയതായല്ല, മറിച്ച് ശുദ്ധാരാധന അതിന്റെ അർഹമായ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടതായാണ്. അതെ, മോശയുടെ നിയമമനുസരിച്ച് യഹോവയെ ആരാധിക്കുന്നതിന്റെ അതിശ്രേഷ്ഠമായ ഒരു മാതൃകയായിരുന്നു അത്.
16. ഒരു നൂറ്റാണ്ടു മുമ്പ് യശയ്യ മുൻകൂട്ടിപ്പറഞ്ഞ കാര്യത്തിന് യഹസ്കേലിന്റെ ദേവാലയദർശനം ഉറപ്പേകിയത് എങ്ങനെ?
16 യഹോവയ്ക്ക് അർപ്പിക്കുന്ന ആരാധന അതിന്റെ അർഹമായ സ്ഥാനത്ത് പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ അത് ഉന്നതമായ ഒരു നിലയിലേക്ക് ഉയരണമായിരുന്നു. യഹസ്കേലിന് 100-ലേറെ വർഷം മുമ്പ് ജീവിച്ചിരുന്ന യശയ്യ പ്രവാചകൻ ദൈവപ്രചോദിതനായി ഇങ്ങനെ എഴുതി: “അവസാനനാളുകളിൽ യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവും കുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.” (യശ. 2:2) യഹോവയുടെ ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നും അത് ഏറ്റവും ഉയരമുള്ള പർവതത്തിന്റെ മുകളിൽ സ്ഥാപിച്ചാലെന്നപോലെ ഉന്നതമായ ഒരു നിലയിലേക്ക് ഉയരുമെന്നും യശയ്യ മുൻകൂട്ടിപ്പറഞ്ഞു. ആകട്ടെ, യഹോവയുടെ ആലയം എവിടെ സ്ഥിതി ചെയ്യുന്നതായാണ് യഹസ്കേൽ ദിവ്യദർശനത്തിൽ കാണുന്നത്? “വളരെ ഉയരമുള്ള ഒരു മലയിൽ!” (യഹ. 40:2) അതെ, ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്ന യശയ്യയുടെ വാക്കുകൾക്ക് യഹസ്കേലിന്റെ ദർശനം അങ്ങനെ ഉറപ്പേകി.
17. യഹസ്കേൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങളുടെ ചുരുക്കം എന്താണ്?
17 യഹസ്കേൽ സാക്ഷ്യംവഹിച്ച കാര്യങ്ങളെക്കുറിച്ച് വിവരിക്കുന്ന യഹസ്കേൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങൾ നമുക്ക് ഇപ്പോൾ ഹ്രസ്വമായി അവലോകനം ചെയ്യാം. ഒരു ദൂതൻ, കവാടങ്ങളും മതിലും ആലയമുറ്റങ്ങളും ദേവാലയത്തിലെ വിശുദ്ധമന്ദിരവും അളക്കുന്നത് യഹസ്കേൽ കണ്ടു. (യഹ. 40–42) തുടർന്ന് അതിഗംഭീരമായ ഒരു സംഭവം നടക്കുന്നു: തേജോമയനായ യഹോവ ആലയത്തിലേക്കു വരുകയാണ്! വഴിതെറ്റിപ്പോയ തന്റെ ജനത്തോടും പുരോഹിതന്മാരോടും തലവന്മാരോടും യഹോവ ശക്തമായ ഭാഷയിൽ സംസാരിക്കുന്നു. (യഹ. 43:1-12; 44:10-31; 45:9-12) ജീവന്റെയും അനുഗ്രഹങ്ങളുടെയും ഉറവായ ഒരു നദി വിശുദ്ധമന്ദിരത്തിൽനിന്ന് പുറപ്പെട്ട്, ചാവുകടലിൽ ചെന്ന് ചേരുന്നതായും യഹസ്കേൽ കണ്ടു. (യഹ. 47:1-12) ദേശം കൃത്യമായി അളന്നുതിരിച്ചിരിക്കുന്നതായും ദേശത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുതന്നെ ശുദ്ധാരാധനയ്ക്കായി ഒരു സ്ഥാനം നീക്കിവെച്ചിരിക്കുന്നതായും അദ്ദേഹം കാണുന്നു. (യഹ. 45:1-8; 47:13–48:35) ഇതിന്റെയെല്ലാം ആകമാനസന്ദേശം എന്തായിരുന്നു? ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നും അത് ഉന്നതമായ ഒരു നിലയിലേക്ക് ഉയരുമെന്നും തന്റെ ജനത്തിന് ഉറപ്പു കൊടുക്കുകയായിരുന്നു യഹോവ. യഹോവയുടെ ആരാധനാലയം ദിവ്യസാന്നിധ്യത്താൽ അനുഗൃഹീതമാകും. ആ ആലയത്തിൽനിന്ന് യഹോവ ചൊരിയുന്ന അനുഗ്രഹങ്ങൾ ആ ദേശത്തിന്റെ ന്യൂനതകളെല്ലാം നീക്കി അതിനു ജീവൻ പകരുകയും അവിടെ എല്ലാം ചിട്ടയായും ക്രമമായും നടക്കാൻ ഇടയാക്കുകയും ചെയ്യും.
18. ദേവാലയദർശനം അക്ഷരാർഥത്തിൽ എടുക്കേണ്ടതായിരുന്നോ? വിശദീകരിക്കുക.
18 രണ്ടാമതായി, ആ ദിവ്യദർശനം അക്ഷരാർഥത്തിൽ എടുക്കേണ്ടതായിരുന്നോ? അല്ല. ആ ദർശനം അക്ഷരാർഥത്തിൽ എടുക്കേണ്ടതല്ലെന്ന് യഹസ്കേലിനും യഹസ്കേലിൽനിന്ന് ആ ദർശനം വിവരിച്ചുകേട്ട മറ്റു പ്രവാസികൾക്കും പെട്ടെന്നുതന്നെ വ്യക്തമായിക്കാണും. എന്തുകൊണ്ട്? യഹസ്കേൽ കണ്ട ദേവാലയം “വളരെ ഉയരമുള്ള ഒരു മലയിൽ” ആയിരുന്നെന്ന് ഓർക്കുക. അക്കാര്യം യശയ്യയുടെ പ്രവചനവുമായി ചേർന്നുപോകുന്നെങ്കിലും ശലോമോന്റെ ദേവാലയം സ്ഥിതിചെയ്തിരുന്ന പ്രദേശത്തിന് ആ വിശേഷണം ചേരില്ലായിരുന്നു. യരുശലേമിലെ മോരിയ മലയിലാണ് അതു പണിതിരുന്നത്. ഭാവിയിൽ അതു പുനർനിർമിക്കുന്നതും അവിടെത്തന്നെ ആയിരിക്കുമായിരുന്നു. പക്ഷേ അതു “വളരെ ഉയരമുള്ള ഒരു മല” ആയിരുന്നോ? അല്ല. വാസ്തവത്തിൽ ആ പ്രദേശത്തുള്ള മറ്റു പല മലകൾക്കും മോരിയയുടെ അത്രയുമോ അതിനെക്കാൾപോലുമോ ഉയരമുണ്ടായിരുന്നു. ഇനി, യഹസ്കേൽ കണ്ട ദേവാലയസമുച്ചയം വളരെ വലുതായിരുന്നു എന്നതും ശ്രദ്ധേയമാണ്. വലിയൊരു മതിലിനാൽ ചുറ്റപ്പെട്ട അതിവിശാലമായ ആ ആലയവളപ്പ് മോരിയ മലയുടെ മുകളിൽ ഒരിക്കലും ഒതുങ്ങില്ലായിരുന്നു. ശലോമോന്റെ കാലത്തെ യരുശലേം നഗരത്തിനുപോലും അതിനെ ഉൾക്കൊള്ളാനാകുമായിരുന്നില്ല! കൂടാതെ, ദേവാലയത്തിലെ വിശുദ്ധമന്ദിരത്തിൽനിന്ന് ഒരു നദി ചാവുകടലിലേക്ക് ഒഴുകുമെന്നും അങ്ങനെ അവിടത്തെ ജലം ശുദ്ധമായി അവിടെ ജീവജാലങ്ങൾ വളരുമെന്നും ഉള്ള വാക്കുകൾ അക്ഷരാർഥത്തിൽ നിറവേറുമെന്ന് ആ പ്രവാസികൾ എന്തായാലും ചിന്തിച്ചുകാണില്ല. മാത്രമല്ല, ആ ദർശനത്തിൽ ഗോത്രങ്ങളുടെ അതിർത്തികൾ സമാന്തരമായി പോകുന്ന നേർരേഖകളായാണു കാണിച്ചത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ കുന്നും മലയും നിറഞ്ഞ വാഗ്ദത്തദേശത്ത് അത്തരം അതിർത്തികൾ നിശ്ചയിക്കുക സാധ്യമല്ലായിരുന്നു. ചുരുക്കത്തിൽ, യഹസ്കേലിന്റെ ആ ദിവ്യദർശനം അക്ഷരാർഥത്തിൽ എടുക്കേണ്ടതല്ലായിരുന്നു എന്നു വ്യക്തം.
19-21. യഹസ്കേലിന്റെ ദർശനത്തെക്കുറിച്ച് കേൾക്കുമ്പോൾ ജനത്തിന് എന്തു തോന്നാൻ യഹോവ ആഗ്രഹിച്ചു, അവർക്ക് അങ്ങനെ തോന്നുമായിരുന്നത് എന്തുകൊണ്ടാണ്?
19 മൂന്നാമതായി, ആ ദിവ്യദർശനത്തെക്കുറിച്ച് കേൾക്കുമ്പോൾ യഹസ്കേലിന്റെ ജനത്തിന് എന്തു തോന്നണമായിരുന്നു? ശുദ്ധാരാധനയ്ക്കായുള്ള യഹോവയുടെ ഉന്നതമായ നിലവാരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അവർക്കു സ്വന്തം അവസ്ഥ ഓർത്ത് നാണക്കേടു തോന്നണമായിരുന്നു. “ഇസ്രായേൽഗൃഹത്തോട് ദേവാലയത്തെക്കുറിച്ച് വിവരിക്കൂ” എന്ന് യഹോവ യഹസ്കേലിനോടു പറഞ്ഞു. ദേവാലയത്തെക്കുറിച്ചുള്ള യഹസ്കേലിന്റെ ആ വിവരണം, ഇസ്രായേല്യർ അതിന്റെ ‘രൂപരേഖ പഠിക്കാൻ’മാത്രം വിശദമായിരിക്കണമായിരുന്നു. ഇസ്രായേൽ ജനം ദേവാലയത്തെക്കുറിച്ച് അത്രമാത്രം ചിന്തിക്കേണ്ടത് എന്തുകൊണ്ടായിരുന്നു? എന്തായാലും അതു ദേവാലയം പുനർനിർമിക്കാൻവേണ്ടി ആയിരുന്നില്ല എന്നു നമ്മൾ കണ്ടുകഴിഞ്ഞു. ‘തങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകൾ ഓർത്ത് അവർ ലജ്ജിക്കണം’ എന്നതായിരുന്നു യഹോവയുടെ ഉദ്ദേശ്യം.—യഹസ്കേൽ 43:10-12 വായിക്കുക.
20 ഈ ദർശനം ആത്മാർഥഹൃദയരായ ആളുകളുടെ മനസ്സാക്ഷിയെ സ്പർശിച്ച്, അവരിൽ ലജ്ജ ജനിപ്പിക്കുമായിരുന്നത് എന്തുകൊണ്ടാണ്? യഹസ്കേലിനോടു പറഞ്ഞതു ശ്രദ്ധിക്കുക: “മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ നിയമങ്ങളെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും ഞാൻ നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കൂ! സശ്രദ്ധം നിരീക്ഷിക്കൂ! നന്നായി ശ്രദ്ധിക്കൂ!” (യഹ. 44:5) നിയമങ്ങളെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും യഹസ്കേൽ വീണ്ടുംവീണ്ടും കേട്ടു. (യഹ. 43:11, 12; 44:24; 46:14) യഹോവയുടെ നിലവാരങ്ങളെക്കുറിച്ചും യഹസ്കേലിനെ കൂടെക്കൂടെ ഓർമിപ്പിച്ചിരുന്നു. ഒരു മുഴത്തിന്റെ നീളം എത്രയായിരിക്കണം, കൃത്യതയുള്ള തൂക്കങ്ങളുടെ മാനദണ്ഡം എന്തായിരിക്കണം എന്നീ കാര്യങ്ങൾപോലും അദ്ദേഹത്തെ ഓർമിപ്പിച്ചതായി കാണാം. (യഹ. 40:5; 45:10-12; സുഭാഷിതങ്ങൾ 16:11 താരതമ്യം ചെയ്യുക.) “അളക്കുക,” “അളവ്” എന്നെല്ലാം അർഥം വരുന്ന മൂലഭാഷാപദങ്ങൾ ഈ ഒറ്റ ദർശനത്തിൽ മാത്രം 50-ലധികം തവണയാണ് യഹസ്കേൽ രേഖപ്പെടുത്തിയിരിക്കുന്നത്!
21 അളവുകൾ, തൂക്കങ്ങൾ, നിയമങ്ങൾ, ചട്ടങ്ങൾ, വ്യവസ്ഥകൾ—ഇതിലൂടെ യഹോവ തന്റെ ജനത്തോടു വാസ്തവത്തിൽ എന്താണു പറയാൻ ശ്രമിച്ചത്? ശക്തമായ ഭാഷയിൽ യഹോവ ഈ സുപ്രധാനസത്യം അവരെ ഓർമിപ്പിക്കുകയായിരുന്നിരിക്കാം: ശുദ്ധാരാധനയ്ക്കുള്ള നിലവാരങ്ങൾ വെക്കാൻ അർഹൻ യഹോവ മാത്രമാണ്. ആ നിലവാരങ്ങൾ വിട്ടെറിഞ്ഞ് പോയവർക്ക് ഇപ്പോൾ നാണക്കേടു തോന്നണമായിരുന്നു! എന്നാൽ ആ ദർശനം ജൂതന്മാരെ അത്തരം പാഠങ്ങൾ പഠിപ്പിച്ചത് എങ്ങനെയാണ്? അതിന്റെ ചില ഉദാഹരണങ്ങൾ നമ്മൾ അടുത്ത അധ്യായത്തിൽ പഠിക്കും. ഈ ശ്രദ്ധേയമായ ദർശനത്തിനു നമ്മുടെ നാളിലുള്ള പ്രസക്തി എന്താണെന്ന് അപ്പോൾ നമുക്കു വ്യക്തമാകും.
a യേശുക്രിസ്തു മോചനവിലയായി അർപ്പിച്ച ബലിയുടെ അടിസ്ഥാനത്തിൽ യഹോവ ശുദ്ധാരാധനയ്ക്കായി ഏർപ്പെടുത്തിയ ക്രമീകരണമാണ് ആത്മീയാലയം. അത് എ.ഡി. 29-ൽ നിലവിൽ വന്നെന്നാണു നമ്മൾ മനസ്സിലാക്കുന്നത്.
b ഉദാഹരണത്തിന്, പൗലോസ് മഹാപുരോഹിതനിലും അദ്ദേഹം വർഷംതോറും പാപപരിഹാരദിവസം ചെയ്യുന്ന കാര്യങ്ങളിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. (എബ്രാ. 2:17; 3:1; 4:14-16; 5:1-10; 7:1-17, 26-28; 8:1-6; 9:6-28) എന്നാൽ യഹസ്കേലിന്റെ ദർശനത്തിൽ മഹാപുരോഹിതനെക്കുറിച്ചോ പാപപരിഹാരദിവസത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല.