അധ്യായം 8
“ഞാൻ . . . ഒരു ഇടയനെ എഴുന്നേൽപ്പിക്കും”
മുഖ്യവിഷയം: മിശിഹയെക്കുറിച്ചുള്ള നാലു പ്രവചനങ്ങൾ, ക്രിസ്തുവിലുള്ള അവയുടെ നിവൃത്തി
1-3. യഹസ്കേലിന്റെ ഹൃദയം കലുഷിതമായത് എന്തുകൊണ്ട്, ദൈവപ്രചോദിതനായി അദ്ദേഹം എന്തു രേഖപ്പെടുത്തി?
യഹസ്കേലിനെ ബന്ദിയായി കൊണ്ടുപോയിട്ട് ഇത് ആറാം വർഷം. a അദ്ദേഹത്തിന്റെ മനസ്സ് ആകെ കലുഷിതമാണ്. നൂറുകണക്കിനു കിലോമീറ്ററുകൾ അകലെയുള്ള തന്റെ മാതൃദേശത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ചിന്ത മുഴുവൻ. യഹൂദയിലെ ഭരണസംവിധാനം ആകെ തകർന്നിരിക്കുന്നു. ഇക്കാലയളവിനുള്ളിൽ അനേകം ഭരണാധികാരികൾ അധികാരത്തിലേറുന്നതും സ്ഥാനഭ്രഷ്ടരാകുന്നതും അദ്ദേഹം കണ്ടു.
2 വിശ്വസ്തനായ യോശിയ രാജാവിന്റെ വാഴ്ചയുടെ മധ്യകാലത്താണ് യഹസ്കേൽ ജനിച്ചത്. യഹൂദയിലെങ്ങുമുള്ള കൊത്തിയുണ്ടാക്കിയ രൂപങ്ങൾ നശിപ്പിച്ച് ശുദ്ധാരാധന പുനഃസ്ഥാപിക്കാൻ യോശിയ മുന്നിട്ടിറങ്ങിയതിനെക്കുറിച്ച് കേട്ടപ്പോൾ യഹസ്കേലിന് എത്ര ആവേശം തോന്നിക്കാണും! (2 ദിന. 34:1-8) പക്ഷേ സ്ഥായിയായ ഒരു മാറ്റം ഉണ്ടാക്കാൻ ആ ശ്രമങ്ങൾക്കായില്ല. കാരണം പിന്നീടു ഭരിച്ച മിക്ക രാജാക്കന്മാരും വിഗ്രഹാരാധകരായിരുന്നു. അത്തരം ഭരണാധികാരികളുടെ വാഴ്ചക്കാലത്ത് ജനത ഒന്നടങ്കം ആത്മീയവും ധാർമികവും ആയ ജീർണതയുടെ ചെളിക്കുണ്ടിലേക്കു മുങ്ങിത്താണതിൽ ഒട്ടും അതിശയിക്കാനില്ല. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ചോ? ഒരിക്കലുമില്ല!
3 ഭാവിഭരണാധികാരിയും ഇടയനും ആയ മിശിഹയെക്കുറിച്ചുള്ള ചില പ്രവചനങ്ങൾ രേഖപ്പെടുത്താൻ യഹോവ തന്റെ വിശ്വസ്തപ്രവാചകനെ പ്രചോദിപ്പിച്ചു. ശുദ്ധാരാധന എന്നേക്കുമായി പുനഃസ്ഥാപിക്കുകയും യഹോവയുടെ ആടുകളെ ആർദ്രതയോടെ പരിപാലിക്കുകയും ചെയ്യുമായിരുന്ന മിശിഹയെക്കുറിച്ചുള്ള അത്തരം നാലു പ്രവചനങ്ങളാണു നമ്മൾ ഇപ്പോൾ പഠിക്കാൻപോകുന്നത്. അവയുടെ നിവൃത്തിക്കു നമ്മുടെ നിത്യഭാവിയുമായി ബന്ധമുള്ളതുകൊണ്ട് നമുക്ക് ഇപ്പോൾ അവ ശ്രദ്ധാപൂർവം പരിശോധിക്കാം.
“ഒരു ഇളംചില്ല” ‘വലിയൊരു ദേവദാരുവാകുന്നു’
4. യഹസ്കേൽ അറിയിച്ച പ്രവചനം എന്തിനെക്കുറിച്ചുള്ളതായിരുന്നു, അത് എങ്ങനെ അറിയിക്കാനാണ് യഹോവ യഹസ്കേലിനോടു പറഞ്ഞത്?
4 ഏതാണ്ട് ബി.സി. 612-ൽ യഹസ്കേലിന് “യഹോവയുടെ സന്ദേശം കിട്ടി.” മിശിഹയുടെ ഭരണപ്രദേശത്തിന്റെ വിസ്തൃതിയും ആ ഭരണത്തിൽ വിശ്വാസമർപ്പിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു പ്രവചനമായിരുന്നു അത്. അതിന് ആമുഖമെന്നോണം, ഒരു പ്രാവചനികകടങ്കഥ മറ്റു പ്രവാസികളെ അറിയിക്കാൻ യഹോവ യഹസ്കേലിനോടു പറയുന്നു. യഹൂദയിലെ ഭരണാധികാരികളുടെ അവിശ്വസ്തത നന്നായി ചിത്രീകരിച്ച ആ കടങ്കഥ നീതിമാനായ മിശിഹൈകരാജാവിന്റെ ആവശ്യം എടുത്തുകാട്ടി.—യഹ. 17:1, 2.
5. യഹസ്കേൽ വിവരിച്ച കടങ്കഥയുടെ ചുരുക്കം എന്താണ്?
5 യഹസ്കേൽ 17:3-10 വായിക്കുക. ആ കടങ്കഥയുടെ ചുരുക്കം ഇതാണ്: “ഒരു വലിയ കഴുകൻ” ഒരു ദേവദാരുവിന്റെ “തുഞ്ചത്തെ ഇളംചില്ല” കൊത്തിയെടുത്ത് “വ്യാപാരികളുടെ ഒരു നഗരത്തിൽ” കൊണ്ടുചെന്ന് നടുന്നു. പിന്നെ അത് “ആ ദേശത്തുനിന്ന് കുറച്ച് വിത്തുകൾ” എടുത്ത് ‘നല്ല നീരോട്ടവും’ വളക്കൂറും ഉള്ള ഒരു നിലത്ത് പാകുന്നു. ആ വിത്ത് ഒരു ‘മുന്തിരിവള്ളിയായി പടർന്ന്’ പന്തലിക്കുന്നു. തുടർന്ന്, “മറ്റൊരു വലിയ കഴുകൻ” വരുന്നു. തന്നെ ആ കഴുകൻ നല്ല നീരോട്ടമുള്ള മറ്റൊരിടത്തേക്കു മാറ്റിനടുമെന്ന പ്രതീക്ഷയിൽ മുന്തിരിവള്ളി അതിന്റെ വേരുകൾ കഴുകന്റെ നേരെ “ആർത്തിയോടെ” നീട്ടുന്നു. മുന്തിരിവള്ളി ചെയ്തതിനെ യഹോവ കുറ്റം വിധിക്കുന്നു. അതിനെ വേരോടെ പിഴുതെടുക്കുമെന്നും അതു “നിശ്ശേഷം കരിഞ്ഞുപോകു”മെന്നും യഹോവ പറയുന്നു.
6. കടങ്കഥയുടെ അർഥം വിശദീകരിക്കുക.
6 ആ കടങ്കഥയുടെ അർഥം എന്തായിരുന്നു? (യഹസ്കേൽ 17:11-15 വായിക്കുക.) ബി.സി. 617-ൽ ബാബിലോൺരാജാവായ നെബൂഖദ്നേസർ (ആദ്യത്തെ “വലിയ കഴുകൻ”) യരുശലേം ഉപരോധിച്ചു. അദ്ദേഹം യഹൂദയിലെ യഹോയാഖീൻ രാജാവിനെ (‘തുഞ്ചത്തെ ഇളംചില്ലയെ’) സിംഹാസനത്തിൽനിന്ന് “കൊത്തിയെടുത്ത്” ബാബിലോണിലേക്കു (‘വ്യാപാരികളുടെ നഗരത്തിലേക്കു’) കൊണ്ടുപോയി. പകരം സിദെക്കിയയെ [‘ദേശത്തെ (രാജവംശത്തിൽപ്പെട്ട) വിത്തുകളിൽ ഒന്നിനെ’] യരുശലേമിലെ സിംഹാസനത്തിൽ വാഴിച്ചു. എന്നിട്ട് യഹൂദയിലെ ആ പുതിയ രാജാവിനെക്കൊണ്ട്, വിശ്വസ്തനായ ഒരു സാമന്തരാജാവായിരുന്നുകൊള്ളാം എന്നു ദൈവനാമത്തിൽ സത്യവും ചെയ്യിച്ചു. (2 ദിന. 36:13) പക്ഷേ സിദെക്കിയ വാക്കു പാലിച്ചില്ല. ബാബിലോണിനെ ധിക്കരിച്ച സിദെക്കിയ സൈനികസഹായം തേടി ഈജിപ്തിലെ ഫറവോനിലേക്കു (രണ്ടാമത്തെ ‘വലിയ കഴുകനിലേക്കു’) തിരിഞ്ഞു. പക്ഷേ അതു ഫലം കണ്ടില്ല. വാക്കുവ്യത്യാസം കാണിച്ച സിദെക്കിയയുടെ അവിശ്വസ്തതയെ യഹോവ കുറ്റം വിധിച്ചു. (യഹ. 17:16-21) അങ്ങനെ സിദെക്കിയയ്ക്കു സിംഹാസനം നഷ്ടമായി; ഒടുവിൽ ബാബിലോണിലെ തടവറയിൽവെച്ച് അദ്ദേഹം മരിച്ചു.—യിരെ. 52:6-11.
7. നമ്മൾ കണ്ട പ്രാവചനികകടങ്കഥയിൽനിന്ന് എന്തെല്ലാം പാഠങ്ങളാണു പഠിക്കാനുള്ളത്?
7 ഈ പ്രാവചനികകടങ്കഥയിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങളാണു പഠിക്കാനുള്ളത്? ശുദ്ധാരാധകരായ നമ്മൾ വാക്കു പാലിക്കുന്നവരായിരിക്കണം എന്നതാണ് ആദ്യത്തേത്. “നിങ്ങൾ ‘ഉവ്വ്’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം” എന്നു യേശു പറഞ്ഞു. (മത്താ. 5:37) കോടതിയിൽ മൊഴി കൊടുക്കുന്നതുപോലുള്ള സാഹചര്യങ്ങളിൽ, സത്യം മാത്രമേ പറയൂ എന്നു ദൈവമുമ്പാകെ ആണയിടേണ്ടിവന്നാൽ അതിനെ വളരെ ഗൗരവത്തോടെതന്നെ നമ്മൾ കാണും. രണ്ടാമതായി, നമ്മൾ ആശ്രയം വെക്കുന്നത് ആരിലാണ് എന്ന കാര്യത്തിലും ശ്രദ്ധ വേണം. ബൈബിൾ ഈ മുന്നറിയിപ്പു തരുന്നു: “പ്രഭുക്കന്മാരെ ആശ്രയിക്കരുത്; രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്.”—സങ്കീ. 146:3.
8-10. വരാനിരിക്കുന്ന മിശിഹൈകരാജാവിനെക്കുറിച്ച് യഹോവ എന്താണു പ്രവചിച്ചത്, ആ പ്രവചനം എങ്ങനെ നിറവേറി? (“മിശിഹയെക്കുറിച്ചുള്ള പ്രവചനം—വലിയൊരു ദേവദാരു” എന്ന ചതുരവും കാണുക.)
8 എന്നാൽ നമുക്ക് എല്ലാംകൊണ്ടും വിശ്വസിക്കാവുന്ന, നമുക്കു പൂർണമായി ആശ്രയം വെക്കാവുന്ന ഒരു ഭരണാധികാരിയുണ്ട്. മാറ്റിനട്ട ഇളംചില്ലയെക്കുറിച്ചുള്ള പ്രാവചനികകടങ്കഥ വിവരിച്ചശേഷം അതേ ആലങ്കാരികചിത്രം ഉപയോഗിച്ച്, വരാനിരിക്കുന്ന മിശിഹൈകരാജാവിനെക്കുറിച്ച് യഹോവ വിശദീകരിച്ചു.
9 പ്രവചനം പറയുന്നത്. (യഹസ്കേൽ 17:22-24 വായിക്കുക.) ആ വലിയ കഴുകന്മാർക്കു പകരം യഹോവതന്നെ കാര്യങ്ങൾ ചെയ്യുന്നതായാണു നമ്മൾ തുടർന്ന് കാണുന്നത്. യഹോവ “ഉന്നതമായ ദേവദാരുവിന്റെ തുഞ്ചത്തുനിന്ന് ഒരു ഇളംചില്ല എടുത്ത് . . . ഉയരമുള്ള, ഉന്നതമായ ഒരു മലയിൽ” നടുന്നു. ആ ഇളംചില്ല ‘വലിയൊരു ദേവദാരുവായി’ വളർന്ന് പന്തലിച്ച് ‘എല്ലാ തരം പക്ഷികൾക്കും’ കൂടു കൂട്ടാൻ ഇടമേകുമായിരുന്നു. അതു തഴച്ചുവളരാൻ ഇടയാക്കിയത് യഹോവതന്നെയാണെന്നു “ഭൂമിയിലെ എല്ലാ മരങ്ങളും” അപ്പോൾ മനസ്സിലാക്കും.
10 പ്രവചനത്തിന്റെ നിവൃത്തി. യഹോവ തന്റെ മകനായ യേശുക്രിസ്തുവിനെ ദാവീദിന്റെ രാജപരമ്പരയിൽനിന്ന് (‘ഉന്നതമായ ദേവദാരുവിൽനിന്ന്’) എടുത്ത് സ്വർഗീയ സീയോൻ മലയിൽ (“ഉയരമുള്ള, ഉന്നതമായ ഒരു മലയിൽ”) നട്ടു. (സങ്കീ. 2:6; യിരെ. 23:5; വെളി. 14:1) അങ്ങനെ ‘മനുഷ്യരിൽ ഏറ്റവും താണവനായി’ ശത്രുക്കൾ കണ്ട തന്റെ മകനു “പിതാവായ ദാവീദിന്റെ സിംഹാസനം” നൽകിക്കൊണ്ട് യഹോവ അവനെ ഉയർത്തി. (ദാനി. 4:17; ലൂക്കോ. 1:32, 33) മിശിഹൈകരാജാവായ യേശുക്രിസ്തു വലിയൊരു ദേവദാരുവിനെപ്പോലെ മുഴുഭൂമിക്കും മീതെ പന്തലിച്ചുനിൽക്കും, എല്ലാ പ്രജകൾക്കും ആ രാജാവിൽനിന്ന് അനുഗ്രഹം ലഭിക്കും. അതെ, ഈ രാജാവ് എന്തുകൊണ്ടും ആശ്രയയോഗ്യനാണ്. യേശുവിന്റെ രാജ്യഭരണമേകുന്ന തണലിൽ, അനുസരണമുള്ള മനുഷ്യവർഗം ഭൂമിയിലെങ്ങും ‘സുരക്ഷിതരായി വസിക്കും; അവർ ആപത്തിനെ പേടിക്കാതെ കഴിയും.’—സുഭാ. 1:33.
11. ‘വലിയൊരു ദേവദാരുവായി’ വളരുന്ന ‘ഇളംചില്ലയെക്കുറിച്ചുള്ള’ പ്രവചനം സുപ്രധാനമായ ഏതു പാഠം പഠിപ്പിക്കുന്നു?
11 പ്രവചനത്തിൽനിന്നുള്ള പാഠം. ‘വലിയൊരു ദേവദാരുവായി’ വളരുന്ന ‘ഇളംചില്ലയെക്കുറിച്ചുള്ള’ ആവേശോജ്ജ്വലമായ പ്രവചനം ഉത്തരമേകുന്ന സുപ്രധാനമായ ഒരു ചോദ്യമുണ്ട്: നമ്മൾ ആരിലാണ് ആശ്രയമർപ്പിക്കേണ്ടത്? മനുഷ്യഗവൺമെന്റുകളിലും അവരുടെ സൈനികശക്തിയിലും ആശ്രയിക്കുന്നതു വിഡ്ഢിത്തമാണ്. യഥാർഥസുരക്ഷിതത്വത്തിനായി മിശിഹൈകരാജാവായ യേശുക്രിസ്തുവിലാണു നമ്മൾ വിശ്വാസവും ആശ്രയവും അർപ്പിക്കേണ്ടത്. അതാണ് എന്തുകൊണ്ടും ജ്ഞാനം. പ്രാപ്തിയുള്ള ആ കരങ്ങളിലെ സ്വർഗീയഗവൺമെന്റാണ് മനുഷ്യവർഗത്തിന്റെ ഒരേ ഒരു പ്രത്യാശ.—വെളി. 11:15.
“നിയമപരമായി അവകാശമുള്ളവൻ”
12. ദാവീദുമായുള്ള ഉടമ്പടി താൻ ഉപേക്ഷിച്ചിട്ടില്ലെന്ന് യഹോവ വ്യക്തമാക്കിയത് എങ്ങനെ?
12 രണ്ടു കഴുകന്മാരെക്കുറിച്ചുള്ള പ്രാവചനികകടങ്കഥ ദൈവം വിശദീകരിച്ചതു കേട്ടപ്പോൾ യഹസ്കേലിന് ഒരു കാര്യം മനസ്സിലായി: ദാവീദിന്റെ രാജപരമ്പരയിൽപ്പെട്ട അവിശ്വസ്തരാജാവായ സിദെക്കിയയെ സ്ഥാനഭ്രഷ്ടനാക്കി ബാബിലോണിലേക്കു ബന്ദിയായി കൊണ്ടുപോകും. അപ്പോൾ യഹസ്കേൽ ഒരുപക്ഷേ ഇങ്ങനെ ചിന്തിച്ചുകാണും: ‘ദാവീദിന്റെ വംശപരമ്പരയിൽപ്പെട്ട ഒരു രാജാവ് എന്നേക്കും ഭരിക്കും എന്നു ദൈവം ദാവീദിനോട് ഉടമ്പടി ചെയ്തതാണല്ലോ, അതിന് എന്തു സംഭവിക്കും?’ (2 ശമു. 7:12, 16) യഹസ്കേലിന്റെ മനസ്സിൽ അങ്ങനെയൊരു ചോദ്യം വന്നെങ്കിൽ പെട്ടെന്നുതന്നെ അതിനുള്ള ഉത്തരവും ലഭിച്ചു. പ്രവാസജീവിതത്തിന്റെ ഏഴാം വർഷം ഏകദേശം ബി.സി. 611-ൽ, സിദെക്കിയ യഹൂദയിൽ ഭരണത്തിലിരിക്കുമ്പോൾത്തന്നെ യഹസ്കേലിന് “യഹോവയുടെ സന്ദേശം കിട്ടി.” (യഹ. 20:2) ദാവീദുമായുള്ള ഉടമ്പടി ദൈവം ഉപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന മറ്റൊരു മിശിഹൈകപ്രവചനമായിരുന്നു അത്. വരാനിരിക്കുന്ന മിശിഹൈകരാജാവിനു ദാവീദിന്റെ അനന്തരാവകാശിയായി ഭരിക്കാൻ നിയമപരമായി അവകാശമുണ്ടെന്ന് അതു സൂചിപ്പിച്ചു.
13, 14. യഹസ്കേൽ 21:25-27-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിന്റെ ചുരുക്കം എന്താണ്, ആ പ്രവചനം നിറവേറിയത് എങ്ങനെ?
13 പ്രവചനം പറയുന്നത്. (യഹസ്കേൽ 21:25-27 വായിക്കുക.) ‘ദുഷ്ടനായ ഇസ്രായേൽതലവനോട്’ യഹോവ യഹസ്കേലിലൂടെ ശക്തമായ ഭാഷയിൽത്തന്നെ സംസാരിക്കുന്നു. ആ ദുഷ്ടഭരണാധികാരിക്കു ശിക്ഷ ലഭിക്കേണ്ട സമയം അടുത്തിരുന്നു. അയാളുടെ ‘തലപ്പാവും’ ‘കിരീടവും,’ അഥവാ രാജമുടിയും (രാജകീയാധികാരത്തിന്റെ ചിഹ്നങ്ങൾ) എടുത്തുമാറ്റുമെന്ന് യഹോവ അദ്ദേഹത്തോടു പറയുന്നു. ‘താഴ്ന്ന’ രാഷ്ട്രീയശക്തികളെ ഉയർത്തുമെന്നും ‘ഉയർന്നവയെ’ താഴ്ത്തുമെന്നും ദൈവം മുൻകൂട്ടിപ്പറഞ്ഞു. എന്നാൽ ഉയർത്തപ്പെട്ട ആ രാഷ്ട്രീയശക്തികൾ, “നിയമപരമായി അവകാശമുള്ളവൻ വരുന്നതുവരെ” മാത്രമേ ഭരിക്കുമായിരുന്നുള്ളൂ. ‘അവകാശമുള്ളവൻ വരുമ്പോൾ’ യഹോവ രാജ്യം അദ്ദേഹത്തെ ഏൽപ്പിക്കുമായിരുന്നു.
14 പ്രവചനത്തിന്റെ നിവൃത്തി. ബി.സി. 607-ൽ ബാബിലോൺകാർ യഹൂദയുടെ തലസ്ഥാനമായ യരുശലേം നശിപ്പിച്ച്, സ്ഥാനഭ്രഷ്ടനായ സിദെക്കിയ രാജാവിനെ ബന്ദിയായി പിടിച്ചുകൊണ്ടുപോയപ്പോൾ യഹൂദ ‘ഉയർന്ന’ നിലയിൽനിന്ന് താഴ്ത്തപ്പെട്ടു. യരുശലേമിൽ ഭരണം നടത്താൻ ദാവീദിന്റെ രാജപരമ്പരയിൽപ്പെട്ട ഒരു രാജാവ് ഇല്ലാതായപ്പോൾ ജനതകളിൽപ്പെട്ട രാഷ്ട്രീയശക്തികൾ ‘താഴ്ന്ന’ നിലയിൽനിന്ന് ഉയർത്തപ്പെടുകയും അങ്ങനെ മുഴുഭൂമിയുടെയും അധികാരം അവരുടെ കൈകളിലാകുകയും ചെയ്തു. പക്ഷേ അത് എന്നും അങ്ങനെ തുടരില്ലായിരുന്നു, അതിന് ഒരു സമയപരിധി നിശ്ചയിച്ചിരുന്നു. 1914-ൽ യഹോവ യേശുക്രിസ്തുവിനെ രാജാവായി വാഴിച്ചപ്പോൾ “ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം” അവസാനിച്ചു. (ലൂക്കോ. 21:24) ദാവീദ് രാജാവിന്റെ പിൻതലമുറക്കാരനായിരുന്നതുകൊണ്ട് യേശുവിനു മിശിഹൈകരാജ്യത്തിന്റെ ഭരണാധികാരിയായിരിക്കാൻ ‘നിയമപരമായ അവകാശം’ ഉണ്ടായിരുന്നു. b (ഉൽപ. 49:10) അങ്ങനെ എന്നെന്നും നിലനിൽക്കുന്ന ഭരണം നടത്താൻ എന്നേക്കുമുള്ള ഒരു അനന്തരാവകാശിയെ നൽകുമെന്നു ദാവീദിനു കൊടുത്ത വാക്ക് യഹോവ യേശുവിലൂടെ പാലിച്ചു.—ലൂക്കോ. 1:32, 33.
15. രാജാവായ യേശുക്രിസ്തുവിൽ നമുക്കു പൂർണമായി ആശ്രയിക്കാനാകുന്നത് എന്തുകൊണ്ട്?
15 പ്രവചനത്തിൽനിന്നുള്ള പാഠം. യേശുക്രിസ്തു എന്ന രാജാവിൽ നമുക്കു പൂർണമായി ആശ്രയമർപ്പിക്കാനാകും. എന്തുകൊണ്ട്? മനുഷ്യർ തെരഞ്ഞെടുക്കുകയോ ഭരണം അട്ടിമറിച്ച് അധികാരത്തിലേറുകയോ ചെയ്യുന്ന ലോകനേതാക്കളെപ്പോലെയല്ല യേശു. കാരണം യഹോവയാണു യേശുവിനെ തിരഞ്ഞെടുത്തത്. ഇനി, തനിക്കു നിയമപരമായ അവകാശമുണ്ടായിരുന്ന ആ രാജ്യം യേശുവിനു ‘നൽകിയതാണ്’ അല്ലാതെ യേശു അതു തട്ടിയെടുത്തതല്ല. (ദാനി. 7:13, 14) അതെ, യഹോവ നേരിട്ട് നിയമിച്ച ആ രാജാവ് എന്തുകൊണ്ടും ആശ്രയയോഗ്യൻതന്നെ!
‘എന്റെ ദാസനായ ദാവീദ്’ “അവയുടെ ഇടയനാകും”
16. തന്റെ ആടുകളെ യഹോവ എങ്ങനെ കാണുന്നു, യഹസ്കേലിന്റെ കാലത്തെ ‘ഇസ്രായേലിന്റെ ഇടയന്മാർ’ ആടുകളോട് എങ്ങനെയാണു പെരുമാറിയത്?
16 ഏറ്റവും വലിയ ഇടയനായ യഹോവയ്ക്കു തന്റെ ആടുകളുടെ, അതായത് ഭൂമിയിലെ തന്റെ ആരാധകരുടെ, ക്ഷേമത്തിൽ അതിയായ താത്പര്യമുണ്ട്. (സങ്കീ. 100:3) തന്റെ ആടുകളെ പരിപാലിക്കാൻ താൻ ചുമതലപ്പെടുത്തിയിരിക്കുന്ന മനുഷ്യരായ കീഴിടയന്മാർ, അഥവാ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ളവർ, അവരോട് എങ്ങനെയാണു പെരുമാറുന്നതെന്ന് യഹോവ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ യഹസ്കേലിന്റെ കാലത്തെ ‘ഇസ്രായേലിന്റെ ഇടയന്മാരെ’ക്കുറിച്ച് യഹോവയ്ക്ക് എന്തു തോന്നിക്കാണുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ! ഒരു ലജ്ജയുമില്ലാതെ അവർ ആടുകളെ “ക്രൂരതയോടെ അടിച്ചമർത്തി ഭരിച്ചു.” ഫലമോ? ഇതു സഹിക്കവയ്യാതെ അവരിൽ പലരും ശുദ്ധാരാധന ഉപേക്ഷിച്ചു.—യഹ. 34:1-6.
17. യഹോവ തന്റെ ആടുകളെ രക്ഷിച്ചത് എങ്ങനെ?
17 യഹോവ എന്തു ചെയ്യുമായിരുന്നു? ഇസ്രായേലിലെ ആ ദുഷ്ടഭരണാധികാരികൾ തന്നോടു “കണക്കു പറയേണ്ടിവരും” എന്ന് യഹോവ പറഞ്ഞു. എന്നാൽ “ഞാൻ എന്റെ ആടുകളെ . . . രക്ഷിക്കും” എന്നൊരു വാഗ്ദാനവും യഹോവ നൽകി. (യഹ. 34:10) യഹോവ ഒരിക്കലും വാക്കു മാറ്റില്ല. (യോശു. 21:45) ബി.സി. 607-ൽ ബാബിലോൺസേനയെ ഉപയോഗിച്ച് സ്വാർഥരായ ആ ഇടയന്മാരുടെ ദുർഭരണം അവസാനിപ്പിച്ചുകൊണ്ട് യഹോവ തന്റെ ആടുകൾക്കു രക്ഷയേകി. 70 വർഷത്തിനു ശേഷം യഹോവ ബാബിലോണിൽനിന്നും തന്റെ ആടുകളെ രക്ഷിച്ചു; ചെമ്മരിയാടുതുല്യരായ തന്റെ ആരാധകർക്കു സത്യാരാധന പുനഃസ്ഥാപിക്കാൻ കഴിയേണ്ടതിന് യഹോവ അവരെ മാതൃദേശത്തേക്കു മടക്കിക്കൊണ്ടുവന്നു. പക്ഷേ, പിന്നീടും വിവിധ രാഷ്ട്രീയശക്തികളുടെ അധീനതയിൽ കഴിയേണ്ടിവന്നതുകൊണ്ട് യഹോവയുടെ ആടുകൾ അപകടഭീഷണിയിലായിരുന്നു. “ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം” തീരാൻ ഇനിയും അനേകം നൂറ്റാണ്ടുകളെടുക്കുമായിരുന്നു.—ലൂക്കോ. 21:24.
18, 19. ബി.സി. 606-ൽ യഹസ്കേൽ അറിയിച്ച പ്രവചനം ഏത്? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
18 വർഷം ബി.സി. 606. യരുശലേം നശിപ്പിക്കപ്പെട്ടിട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞിരുന്നു. ബാബിലോണിലേക്കു ബന്ദികളായി പോകേണ്ടിവന്ന ഇസ്രായേല്യർക്ക് അവിടെനിന്ന് വിടുവിക്കപ്പെടാൻ ഇനിയും പതിറ്റാണ്ടുകൾ കാത്തിരിക്കണമായിരുന്നു. എന്നാൽ ഏറ്റവും വലിയ ഇടയനായ യഹോവ, തന്റെ ആടുകളുടെ നിത്യമായ ക്ഷേമത്തിൽ തനിക്ക് എത്രത്തോളം താത്പര്യമുണ്ടെന്നു തെളിയിക്കുന്ന ഒരു പ്രവചനം രേഖപ്പെടുത്താൻ ആ സമയത്ത് യഹസ്കേലിനെ പ്രചോദിപ്പിച്ചു. മിശിഹൈകരാജാവ് ഒരു ഇടയനെപ്പോലെ യഹോവയുടെ ആടുകളെ പരിപാലിക്കുന്നതിനെക്കുറിച്ചുള്ളതാണ് ആ പ്രവചനം.
19 പ്രവചനം പറയുന്നത്. (യഹസ്കേൽ 34:22-24 വായിക്കുക.) ‘എന്റെ ദാസനായ ദാവീദ്’ എന്നു വിളിക്കുന്ന “ഒരു ഇടയനെ (ദൈവം) എഴുന്നേൽപ്പിക്കും” എന്നു നമ്മൾ വായിക്കുന്നു. ഇവിടെ കാണുന്ന ‘ഒരു ഇടയൻ’ എന്ന പദപ്രയോഗവും ‘ദാസൻ’ എന്ന ഏകവചനരൂപവും സൂചിപ്പിക്കുന്നത് ആ ഭരണാധികാരി ദാവീദിന്റെ ഒരേ ഒരു അനന്തരാവകാശിയായിരിക്കും എന്നാണ്. അദ്ദേഹം എന്നേക്കുമുള്ള ഭരണാധികാരിയായതുകൊണ്ട് ദാവീദിന്റെ വംശത്തിൽ ഒരു രാജപരമ്പര മേലാൽ ആവശ്യമില്ല. ആ ഇടയ-ഭരണാധികാരി ദൈവത്തിന്റെ ആടുകളെ തീറ്റിപ്പോറ്റുകയും അവരുടെ ‘തലവനാകുകയും’ ചെയ്യും. യഹോവ തന്റെ ആടുകളുമായി “ഒരു സമാധാനയുടമ്പടി ഉണ്ടാക്കും.” അവരുടെ മേൽ ‘അനുഗ്രഹങ്ങൾ മഴപോലെ പെയ്തിറങ്ങുന്ന’ ആ കാലത്ത് അവർ സുരക്ഷിതത്വവും ഐശ്വര്യസമൃദ്ധിയും ഫലപുഷ്ടിയും ആസ്വദിച്ച് സന്തോഷത്തോടെ ജീവിക്കും. മനുഷ്യരുടെ ഇടയിൽ മാത്രമല്ല മനുഷ്യരുടെയും മൃഗങ്ങളുടെയും ഇടയിൽപ്പോലും സമാധാനം കളിയാടുന്ന ഒരു കാലമായിരിക്കും അത്!—യഹ. 34:25-28.
20, 21. (എ) ‘എന്റെ ദാസനായ ദാവീദിനെക്കുറിച്ചുള്ള’ പ്രവചനം എങ്ങനെ നിറവേറി? (ബി) “സമാധാനയുടമ്പടി”യെക്കുറിച്ചുള്ള യഹസ്കേലിന്റെ വാക്കുകൾ ഭാവിയിൽ എങ്ങനെ നിറവേറും?
20 പ്രവചനത്തിന്റെ നിവൃത്തി. ആ ഭരണാധികാരിയെ “എന്റെ ദാസനായ ദാവീദ്” എന്നു വിളിച്ചപ്പോൾ ദൈവം പ്രാവചനികമായി യേശുവിലേക്കാണു വിരൽചൂണ്ടിയത്. ദാവീദിന്റെ പിൻതലമുറക്കാരനായിരുന്നതുകൊണ്ട് യേശുവിനു ഭരിക്കാൻ നിയമപരമായി അവകാശമുണ്ടായിരുന്നു. (സങ്കീ. 89:35, 36) ഭൂമിയിലായിരുന്നപ്പോൾ ‘ആടുകൾക്കുവേണ്ടി ജീവൻ കൊടുത്തുകൊണ്ട്’ താൻ ‘നല്ല ഇടയനാണെന്നു’ യേശു തെളിയിച്ചു. (യോഹ. 10:14, 15) എന്നാൽ ആ ഇടയൻ ഇപ്പോൾ സ്വർഗത്തിലാണ്. (എബ്രാ. 13:20) 1914-ൽ ദൈവം യേശുവിനെ രാജാവായി അവരോധിക്കുകയും ഭൂമിയിലെ തന്റെ ആടുകളെ മേയ്ക്കാനും തീറ്റിപ്പോറ്റാനും ഉള്ള ഉത്തരവാദിത്വം ഏൽപ്പിക്കുകയും ചെയ്തു. സിംഹാസനസ്ഥനായി അധികം വൈകാതെ 1919-ൽ, ആ രാജാവ് “വീട്ടുജോലിക്കാർക്കു . . . ഭക്ഷണം കൊടുക്കാൻ” “വിശ്വസ്തനും വിവേകിയും ആയ അടിമ”യെ നിയമിച്ചു. സ്വർഗീയപ്രത്യാശയോ ഭൗമികപ്രത്യാശയോ ഉള്ള, ദൈവത്തിന്റെ വിശ്വസ്താരാധകരെല്ലാം ആ ‘വീട്ടുജോലിക്കാരിൽ’പ്പെടും. (മത്താ. 24:45-47) വിശ്വസ്തനായ ആ അടിമ ക്രിസ്തുവിന്റെ മാർഗനിർദേശത്തിൻകീഴിൽ നൽകുന്ന ആത്മീയഭക്ഷണം ദൈവത്തിന്റെ ആടുകളെ ഇന്നോളം സമൃദ്ധമായി പോഷിപ്പിച്ചിട്ടുണ്ട്. ഇന്നും വളർന്നുവികസിച്ചുകൊണ്ടിരിക്കുന്ന ആത്മീയപറുദീസയിൽ സമാധാനവും സുരക്ഷിതത്വവും ഉന്നമിപ്പിക്കാൻ ആ ഭക്ഷണം അവരെ സഹായിച്ചിരിക്കുന്നു.
21 “സമാധാനയുടമ്പടി”യെക്കുറിച്ചും ‘അനുഗ്രഹം മഴപോലെ പെയ്തിറങ്ങുന്നതിനെക്കുറിച്ചും’ ഉള്ള യഹസ്കേലിന്റെ വാക്കുകൾ ഭാവിയിൽ എങ്ങനെ നിറവേറും? വരാനിരിക്കുന്ന പുതിയ ലോകത്തിൽ യഹോവയുടെ ശുദ്ധാരാധകരായി ഭൂമിയിലുള്ള എല്ലാവരും “സമാധാനയുടമ്പടി”യുടെ അനുഗ്രഹങ്ങൾ മുഴുവനായി ആസ്വദിക്കും. ഭൂമി അക്ഷരാർഥത്തിൽ ഒരു പറുദീസയായിത്തീരുമ്പോൾ യുദ്ധം, കുറ്റകൃത്യം, ക്ഷാമം, രോഗം, വന്യമൃഗങ്ങൾ എന്നിവയൊന്നും വിശ്വസ്തരായ മനുഷ്യർക്കു മേലാൽ ഭീഷണി ഉയർത്തില്ല. (യശ. 11:6-9; 35:5, 6; 65:21-23) ദൈവത്തിന്റെ ആടുകളെല്ലാം ‘സുരക്ഷിതരായി കഴിയുന്ന’ പറുദീസാഭൂമിയിലെ നിത്യമായ ജീവിതത്തെക്കുറിച്ച് ഓർക്കുന്നത് നിങ്ങളെ കോരിത്തരിപ്പിക്കുന്നില്ലേ? അന്ന് “ആരും അവരെ പേടിപ്പിക്കില്ല.”—യഹ. 34:28.
22. ആടുകളോടുള്ള യേശുവിന്റെ മനോഭാവം എന്താണ്, കീഴിടയന്മാരായി സേവിക്കുന്നവർക്കു യേശുവിന്റെ ഈ മനോഭാവം എങ്ങനെ അനുകരിക്കാം?
22 പ്രവചനത്തിൽനിന്നുള്ള പാഠം. പിതാവിനെപ്പോലെതന്നെ യേശുവിനും ആടുകളുടെ ക്ഷേമത്തിൽ അതിയായ താത്പര്യമുണ്ട്. തന്റെ പിതാവിന്റെ ആടുകൾ ആത്മീയമായി നന്നായി പോഷിപ്പിക്കപ്പെടുന്നെന്നും അവർ ആത്മീയപറുദീസയിൽ സമാധാനവും സുരക്ഷിതത്വവും ആസ്വദിക്കുന്നെന്നും ആ ഇടയ-രാജാവ് ഉറപ്പുവരുത്തുന്നു. അങ്ങനെയൊരു ഭരണാധികാരിയുടെ പരിപാലനയിൽ കഴിയുന്നത് എന്തൊരാശ്വാസമാണ്! ആടുകളുടെ കാര്യത്തിൽ യേശുവിനുള്ള അതേ താത്പര്യം കീഴിടയന്മാരായി സേവിക്കുന്നവർക്കും ഉണ്ടായിരിക്കണം. മൂപ്പന്മാർ ആടുകളെ മേയ്ക്കുന്നത് “മനസ്സോടെയും” “അതീവതാത്പര്യത്തോടെയും” ആയിരിക്കണം. ആടുകൾക്ക് അനുകരിക്കാൻ പറ്റുന്ന മാതൃകകളുമായിരിക്കണം അവർ. (1 പത്രോ. 5:2, 3) യഹോവയുടെ ഒരു ആടിനെ ദ്രോഹിക്കുന്ന എന്തെങ്കിലും ചെയ്യാൻ ഒരു മൂപ്പൻ ഒരിക്കലും മുതിരില്ല. യഹസ്കേലിന്റെ നാളിലെ ദുഷ്ടരായ ഇടയന്മാർ “എന്നോടു കണക്കു പറയേണ്ടിവരും” എന്നു പറഞ്ഞ യഹോവയുടെ വാക്കുകൾ എപ്പോഴും ഓർക്കുക. (യഹ. 34:10) ഏറ്റവും വലിയ ഇടയനായ യഹോവ, തന്റെ ആടുകളോടുള്ള പെരുമാറ്റം എപ്പോഴും നിരീക്ഷിക്കുന്നുണ്ട്. യേശുവും അങ്ങനെതന്നെയാണ്.
“എന്റെ ദാസനായ ദാവീദ് എന്നെന്നും അവരുടെ തലവനായിരിക്കും”
23. ഇസ്രായേൽ ജനതയെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനം എന്തായിരുന്നു, അത് എങ്ങനെ നിറവേറി?
23 തന്റെ ആരാധകർ ഒരുമയോടെ സേവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. പുനഃസ്ഥാപനത്തെക്കുറിച്ചുള്ള ഒരു പ്രവചനത്തിൽ തന്റെ ജനത്തെ ഒന്നിച്ചുകൂട്ടി വീണ്ടും “ഒറ്റ ജനതയാക്കും” എന്നു ദൈവം വാഗ്ദാനം ചെയ്തു. രണ്ടു-ഗോത്ര യഹൂദയിലും പത്തു-ഗോത്ര ഇസ്രായേലിലും പെട്ട ചിലരെ അത്തരത്തിൽ ഒന്നിച്ചുകൂട്ടുന്നതിനെ, രണ്ടു “വടി” ദൈവത്തിന്റെ കൈയിൽ “ഒറ്റ വടിയായി” മാറുന്നതിനോടാണു താരതമ്യം ചെയ്തത്. (യഹ. 37:15-23) ബി.സി. 537-ൽ ദൈവം ഇസ്രായേലിനെ ഒറ്റ ജനതയായി വാഗ്ദത്തദേശത്തേക്കു തിരികെ കൊണ്ടുവന്നപ്പോൾ ആ പ്രവചനം നിറവേറി. c എന്നാൽ അതു ഭാവിയിൽ വരാനിരുന്ന ഏറെ മഹത്തായതും നിലനിൽക്കുന്നതും ആയ ഐക്യത്തിന്റെ ഒരു സൂചന മാത്രമായിരുന്നു. ഇസ്രായേല്യരെ വീണ്ടും ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് വാഗ്ദാനം ചെയ്തശേഷം, ഒരു ഭാവിഭരണാധികാരി ഭൂമിയിലെങ്ങുമുള്ള സത്യാരാധകരെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു പ്രവചനം യഹോവ യഹസ്കേലിനെ അറിയിച്ചു. അവരുടെ ഐക്യത്തിന് ഒരിക്കലും കോട്ടംതട്ടില്ലായിരുന്നു.
24. യഹോവ മിശിഹൈകരാജാവിനെ വിശേഷിപ്പിച്ചത് എങ്ങനെ, ആ രാജാവിന്റെ ഭരണം എങ്ങനെയുള്ളതായിരിക്കും?
24 പ്രവചനം പറയുന്നത്. (യഹസ്കേൽ 37:24-28 വായിക്കുക.) താൻ വാഗ്ദാനം ചെയ്ത മിശിഹൈകരാജാവിനെ യഹോവ വീണ്ടും ‘എന്റെ ദാസനായ ദാവീദ്’ എന്നും ‘ഒറ്റ ഇടയൻ’ എന്നും ‘തലവൻ’ എന്നും വിളിക്കുന്നതായി നമ്മൾ വായിക്കുന്നു. എന്നാൽ ഇത്തവണ യഹോവ അദ്ദേഹത്തെ “രാജാവ്” എന്നും വിളിക്കുന്നുണ്ട്. (യഹ. 37:22) ആ രാജാവിന്റെ ഭരണം എങ്ങനെയുള്ളതായിരിക്കും? അത് ഇളകിപ്പോകാത്ത ഒരു ഭരണമായിരിക്കും. “എന്നേക്കുമുള്ള,” “എന്നെന്നും” എന്നീ പദപ്രയോഗങ്ങൾ സൂചിപ്പിക്കുന്നത് അത് ഒരിക്കലും നിലയ്ക്കാത്ത അനുഗ്രഹങ്ങൾ ചൊരിയും എന്നാണ്. d ഐക്യം ആ ഭരണത്തിന്റെ മുഖമുദ്രയായിരിക്കും. കൂറുള്ള പ്രജകൾ ആ ‘ഒറ്റ രാജാവിനു’ കീഴിൽ ഒരേ “ന്യായത്തീർപ്പുകൾ” പിൻപറ്റുകയും ഒരുമയോടെ ‘ദേശത്ത് കഴിയുകയും’ ചെയ്യും. ആ ഭരണം പ്രജകളെ ദൈവമായ യഹോവയോടു കൂടുതൽ അടുപ്പിക്കും. അവരുമായി യഹോവ “സമാധാനത്തിന്റെ ഒരു ഉടമ്പടി ഉണ്ടാക്കും.” യഹോവ അവരുടെ ദൈവവും അവർ യഹോവയുടെ ജനവും ആയിരിക്കും. ദൈവത്തിന്റെ ‘വിശുദ്ധമന്ദിരം എന്നെന്നും അവരുടെ മധ്യേ ഇരിക്കും.’
25. മിശിഹൈകരാജാവിനെക്കുറിച്ചുള്ള പ്രവചനം നിറവേറിയത് എങ്ങനെ?
25 പ്രവചനത്തിന്റെ നിവൃത്തി. 1919-ൽ, വിശ്വസ്തരായ അഭിഷിക്തരെ മിശിഹൈകരാജാവായ യേശുക്രിസ്തു എന്ന “ഒറ്റ ഇടയന്റെ” കീഴിൽ ഒന്നിച്ചുകൂട്ടി. പിന്നീട് “എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള” “ഒരു മഹാപുരുഷാരം” അഭിഷിക്തരായ ആ സഹവിശ്വാസികളോടു ചേർന്നു. (വെളി. 7:9) അങ്ങനെ ഇരുകൂട്ടരും ‘ഒരു ഇടയന്റെ’ കീഴിൽ ‘ഒറ്റ ആട്ടിൻകൂട്ടമായി.’ (യോഹ. 10:16) അവരുടെ പ്രത്യാശ സ്വർഗീയമായാലും ഭൗമികമായാലും അവരെല്ലാം യഹോവയുടെ ന്യായത്തീർപ്പുകൾ അഥവാ നിയമങ്ങൾ അനുസരിക്കുന്നവരാണ്. ഫലമോ? ഒരു ലോകവ്യാപക സഹോദരകുടുംബമായി അവർ ഒരുമയോടെ ആത്മീയപറുദീസയിൽ കഴിയുന്നു. യഹോവ സമാധാനം നൽകി അവരെ അനുഗ്രഹിച്ചിരിക്കുന്നു. കൂടാതെ, ശുദ്ധാരാധനയെ പ്രതീകപ്പെടുത്തുന്ന ദൈവത്തിന്റെ വിശുദ്ധമന്ദിരം ആലങ്കാരികാർഥത്തിൽ അവരുടെ ഇടയിലുണ്ട്. ഇന്നും എന്നെന്നും യഹോവയാണ് അവരുടെ ദൈവം, അവർ യഹോവയുടെ ആരാധകരും. അതിൽ അവർ അഭിമാനംകൊള്ളുന്നു!
26. ആത്മീയപറുദീസയിലെ ഐക്യം ഊട്ടിയുറപ്പിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
26 പ്രവചനത്തിൽനിന്നുള്ള പാഠം. ഒരു ലോകവ്യാപക സഹോദരകുടുംബമായി ഐക്യത്തോടെ യഹോവയ്ക്കു ശുദ്ധാരാധന അർപ്പിക്കാനാകുന്നത് എത്ര വലിയ അനുഗ്രഹമാണ്! എന്നാൽ അതോടൊപ്പം നമുക്ക് ഒരു ഉത്തരവാദിത്വവുമുണ്ട്—ആ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ഉത്തരവാദിത്വം! അതുകൊണ്ടുതന്നെ നമ്മൾ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളിലും നമ്മുടെ പ്രവർത്തനങ്ങളിലും ഇന്നുള്ള സ്വരുമ നഷ്ടപ്പെടാതിരിക്കാൻ നമുക്ക് ഓരോരുത്തർക്കും ചിലതു ചെയ്യാനുണ്ട്. (1 കൊരി. 1:10) അതിനായി നമ്മളെല്ലാവരും ഉത്സാഹത്തോടെ ഒരേ ആത്മീയാഹാരം കഴിക്കുന്നു, പെരുമാറ്റത്തെക്കുറിച്ചുള്ള ഒരേ തിരുവെഴുത്തുനിലവാരങ്ങൾ പാലിക്കുന്നു, തോളോടുതോൾ ചേർന്ന് പ്രസംഗ-ശിഷ്യരാക്കൽ വേല എന്ന അതിപ്രധാനമായ പ്രവർത്തനം നടത്തുന്നു. എന്നാൽ നമ്മുടെ ഐക്യം നിലനിറുത്താൻ ഏറ്റവും ആവശ്യം സ്നേഹമാണ്. സഹാനുഭൂതി, അനുകമ്പ, ക്ഷമിക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം ആ അമൂല്യഗുണത്തിന്റെ വിവിധവശങ്ങളാണ്. അവയൊക്കെ വളർത്താനും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും ആത്മാർഥമായി ശ്രമിക്കുമ്പോൾ നമ്മൾ ആ ഐക്യം ഊട്ടിയുറപ്പിക്കുന്നു. ബൈബിൾ പറയുന്നതുപോലെ ‘സ്നേഹത്തിന്’ ‘ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുണ്ട്.’—കൊലോ. 3:12-14; 1 കൊരി. 13:4-7.
27. (എ) യഹസ്കേൽപുസ്തകത്തിലെ മിശിഹൈകപ്രവചനങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? (ബി) ഈ പുസ്തകത്തിന്റെ തുടർന്നുള്ള അധ്യായങ്ങളിൽ നമ്മൾ എന്തു പഠിക്കും?
27 യഹസ്കേൽ പുസ്തകത്തിൽ ഈ മിശിഹൈകപ്രവചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! അവ വായിക്കുന്നതും അവയെക്കുറിച്ച് ധ്യാനിക്കുന്നതും നമ്മുടെ പ്രിയങ്കരനായ രാജാവിനെക്കുറിച്ച് എത്രയെത്ര കാര്യങ്ങളാണു നമ്മളെ പഠിപ്പിക്കുന്നത്! അതെ, യേശുക്രിസ്തു എന്തുകൊണ്ടും ആശ്രയയോഗ്യനാണ്, ഭരിക്കാൻ നിയമപരമായി അവകാശമുള്ളവനാണ്, നമ്മളെ ആർദ്രതയോടെ മേയ്ക്കുന്ന ഇടയനാണ്, തകർക്കാനാകാത്ത ഐക്യബന്ധത്തിൽ നമ്മളെ എന്നെന്നും ഒറ്റക്കെട്ടായി നിറുത്തുന്നവനാണ്. ആ മിശിഹൈകരാജാവിന്റെ പ്രജയായിരിക്കുന്നതു ശരിക്കും ഒരു അനുഗ്രഹംതന്നെ! മിശിഹയെക്കുറിച്ചുള്ള ഈ പ്രവചനങ്ങൾക്കെല്ലാം യഹസ്കേൽപുസ്തകത്തിന്റെ കേന്ദ്രവിഷയമായ പുനഃസ്ഥാപനവുമായി ബന്ധമുണ്ടെന്ന് ഓർക്കുക. തന്റെ ജനത്തെ ഒരുമിച്ചുകൂട്ടാനും അവരുടെയിടയിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കാനും യഹോവ യേശുവിനെയാണ് ഉപയോഗിക്കുന്നത്. (യഹ. 20:41) ആവേശജനകമായ ആ പുനഃസ്ഥാപനത്തെക്കുറിച്ച് യഹസ്കേൽ പുസ്തകം എന്തെല്ലാം വെളിപ്പെടുത്തുന്നെന്ന് ഈ പുസ്തകത്തിന്റെ തുടർന്നുള്ള അധ്യായങ്ങളിൽ നമ്മൾ കാണും.
a ജൂതന്മാരുടെ ആദ്യസംഘത്തെ ബന്ദികളായി കൊണ്ടുപോയ ബി.സി. 617-ലാണ് അദ്ദേഹത്തിന്റെ പ്രവാസജീവിതം തുടങ്ങിയത്. ഇതിൽനിന്ന് ആറാം വർഷം തുടങ്ങിയതു ബി.സി. 612-ലാണെന്നു മനസ്സിലാക്കാം.
b യേശു ദാവീദിന്റെ പിൻതലമുറക്കാരനാണെന്നു സൂചിപ്പിക്കുന്ന വംശാവലി, ദൈവപ്രചോദിതമായ സുവിശേഷവിവരണങ്ങളിൽ വളരെ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.—മത്താ. 1:1-16; ലൂക്കോ. 3:23-31.
c രണ്ടു വടിയെക്കുറിച്ചുള്ള യഹസ്കേലിന്റെ പ്രവചനവും അതിന്റെ നിവൃത്തിയും ഈ പുസ്തകത്തിന്റെ 12-ാം അധ്യായത്തിൽ വിശദമായി ചർച്ച ചെയ്യും.
d “എന്നേക്കുമുള്ള,” “എന്നെന്നും” എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തെക്കുറിച്ച് ഒരു ആധികാരികഗ്രന്ഥം ഇങ്ങനെ പറയുന്നു: “ഈ പദം കാലദൈർഘ്യത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്. സ്ഥിരതയുള്ള, ഈടുനിൽക്കുന്ന, തടസ്സപ്പെടുത്താനാകാത്ത, മാറ്റം വരുത്താനാകാത്ത തുടങ്ങിയ അർഥങ്ങളും അതിനുണ്ട്.”