ദൈവത്തിന്റെ ഇസ്രായേലിനെ മുദ്രയിടുന്നു
അധ്യായം 19
ദൈവത്തിന്റെ ഇസ്രായേലിനെ മുദ്രയിടുന്നു
ദർശനം 4—വെളിപ്പാടു 7:1-17
വിഷയം: 1,44,000 മുദ്രയിടപ്പെടുന്നു, യഹോവയുടെ സിംഹാസനത്തിന്റെ മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും ഒരു മഹാപുരുഷാരം നിൽക്കുന്നതായി കാണുന്നു
നിവൃത്തിയുടെ കാലം: 1914-ലെ ക്രിസ്തുയേശുവിന്റെ സിംഹാസനാരോഹണം മുതൽ അവന്റെ സഹസ്രാബ്ദ വാഴ്ച വരെ
1. ദൈവകോപത്തിന്റെ മഹാദിവസത്തിൽ “ആർക്കു നില്പാൻ കഴിയും?”
“ആർക്കു നില്പാൻ കഴിയും” (വെളിപ്പാടു 6:17) അതെ, വാസ്തവത്തിൽ ആർക്കു കഴിയും? ദൈവകോപത്തിന്റെ മഹാദിവസം സാത്താന്റെ വ്യവസ്ഥിതിയെ നശിപ്പിക്കുമ്പോൾ ഭരണാധികാരികളും ലോകത്തിലെ ആളുകളും ആ ചോദ്യം ചോദിച്ചേക്കാം. ആസന്നമായ വിപത്ത്, മനുഷ്യജീവനെ മുഴുവനും കരിച്ചുകളയുമെന്ന് അവർക്കു തോന്നും. എന്നാൽ അങ്ങനെ സംഭവിക്കുമോ? സന്തോഷത്തോടെ ദൈവത്തിന്റെ പ്രവാചകൻ നമുക്ക് ഉറപ്പു നൽകുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേൽ 2:32) അപ്പോസ്തലൻമാരായ പത്രോസും പൗലോസും ആ വസ്തുത സ്ഥിരീകരിക്കുന്നു. (പ്രവൃത്തികൾ 2:19-21; റോമർ 10:13) അതെ, യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ അതിജീവകരായിരിക്കും. ഇവർ ആരാണ്? അടുത്ത ദർശനം ചുരുളഴിയുമ്പോൾ നമുക്കു കാണാം.
2. യഹോവയുടെ ന്യായവിധി ദിവസത്തിൽ അതിജീവകർ ഉണ്ടായിരിക്കുമെന്നതു ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
2 ഏതൊരാളും യഹോവയുടെ ആ ന്യായവിധി ദിവസത്തിലൂടെ രക്ഷപെട്ടുവരണം എന്നതു സത്യത്തിൽ ശ്രദ്ധേയമാണ്, എന്തെന്നാൽ ദൈവത്തിന്റെ പ്രവാചകൻമാരിൽ മറെറാരാൾ ഈ വാക്കുകളിൽ അതു വർണിക്കുന്നു: “യഹോവയുടെ ക്രോധം എന്ന ചുഴലിക്കാററു, കടുപ്പമായി അടിക്കുന്ന ചുഴലിക്കാററു തന്നേ, പുറപ്പെടുന്നു; അതു ദുഷ്ടൻമാരുടെ തലമേൽ ചുഴന്നടിക്കും. യഹോവയുടെ ഉഗ്രകോപം അവന്റെ മനസ്സിലെ നിർണ്ണയങ്ങളെ നടത്തി നിവർത്തിക്കുവോളം മടങ്ങുകയില്ല”. (യിരെമ്യാവു 30:23, 24) ആ ചുഴലിക്കാററിനെ സഹിച്ചുനിൽക്കുന്നതിനു നാം നടപടികൾ സ്വീകരിക്കുന്നത് അടിയന്തിരമാണ്!—സദൃശവാക്യങ്ങൾ 2:22; യെശയ്യാവു 55:6, 7; സെഫന്യാവു 2:2, 3.
നാലു കാററുകൾ
3. (എ) ദൂതൻമാർ ചെയ്യുന്ന ഏതു പ്രത്യേക സേവനം യോഹന്നാൻ കാണുന്നു? (ബി) ‘നാലു കാററുകളാൽ’ എന്തു പ്രതീകവൽക്കരിക്കപ്പെടുന്നു?
3 യഹോവ ഈ ഉഗ്രകോപം അഴിച്ചുവിടുന്നതിനു മുമ്പ്, സ്വർഗീയ ദൂതൻമാർ ഒരു പ്രത്യേക സേവനം നിർവഹിക്കുന്നു. യോഹന്നാൻ ഇപ്പോൾ അതു ദർശനത്തിൽ കാണുന്നു: “അതിന്റെശേഷം ഭൂമിമേലും കടലിൻമേലും യാതൊരു വൃക്ഷത്തിൻമേലും കാററു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതൻമാർ ഭൂമിയിലെ നാലു കാററും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നിൽക്കുന്നതു ഞാൻ കണ്ടു.” (വെളിപ്പാടു 7:1) ഇത് ഇന്നു നമുക്ക് എന്തർഥമാക്കുന്നു? ഈ “നാലു കാററു”കൾ ഒരു ദുഷ്ട ഭൗമികസമുദായത്തിൻമേലും, അധർമികളായ മനുഷ്യരാകുന്ന ഇളകിമറിയുന്ന “കടലിൻമേലും”, ഭൂമിയിലെ ആളുകളിൽനിന്നു താങ്ങും ആഹാരവും സ്വീകരിക്കുന്ന ഉയർന്ന വൃക്ഷതുല്യഭരണാധികാരികളുടെമേലും അഴിച്ചുവിടാറായിരിക്കുന്ന വിനാശകരമായ ന്യായവിധിയുടെ ഒരു സ്പഷ്ടമായ പ്രതീകമാണ്.—യെശയ്യാവു 57:20; സങ്കീർത്തനം 37:35, 36.
4. (എ) നാലു ദൂതൻമാർ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ബി) നാലു കാററുകൾ അഴിച്ചുവിടപ്പെടുമ്പോൾ സാത്താന്റെ ഭൗമിക സ്ഥാപനത്തിൻമേൽ അതിന്റെ ഫലം എന്തായിരിക്കും?
4 നിസ്സംശയമായും, ഈ നാലു ദൂതൻമാർ നിയമിത സമയംവരെ ന്യായവിധി നിർവഹണം പിടിച്ചുനിർത്താൻ യഹോവ ഉപയോഗിക്കുന്ന നാലു ദൂതസമൂഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒരേ സമയം വടക്കുനിന്നും തെക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ആഞ്ഞടിക്കാൻ ദൂതൻമാർ ആ ദിവ്യകോപത്തിന്റെ കാററുകളെ അഴിച്ചുവിടുമ്പോൾ നാശം വമ്പിച്ചതായിരിക്കും. അതു പുരാതന ഏലാമ്യരെ ചിതറിക്കുന്നതിന് അവരെ തകർക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ട് യഹോവ നാലു കാററുകൾ ഉപയോഗിച്ചതിനു സമാനമായിരിക്കും, എന്നാൽ ഒരു ബൃഹത്തായ അളവിൽത്തന്നെ. (യിരെമ്യാവു 49:36-38) അത് യഹോവ അമ്മോൻ ജനതയെ നശിപ്പിക്കുന്നതിന് ഉപയോഗിച്ച ‘കൊടുങ്കാററി’നെക്കാൾ വളരെയധികം വിനാശകാരിയായ ഒരു ഭയങ്കര കൊടുങ്കാററായിരിക്കും. (ആമോസ് 1:13-15) വരാൻപോകുന്ന സകല നിത്യതയിലേക്കുമായി യഹോവ തന്റെ പരമാധികാരം സംസ്ഥാപിക്കുമ്പോൾ യഹോവയുടെ ആ കോപദിവസത്തിൽ ഭൂമിയിലെ സാത്താന്റെ സ്ഥാപനത്തിന്റെ ഒരു ഭാഗത്തിനും നിൽപ്പാൻ കഴിയില്ല.—സങ്കീർത്തനം 83:15, 18; യെശയ്യാവു 29:5, 6.
5. ദൈവത്തിന്റെ ന്യായവിധികൾ ഭൂവ്യാപകമായിരിക്കുമെന്നു ഗ്രഹിക്കാൻ യിരെമ്യാവിന്റെ പ്രവചനം നമ്മെ എങ്ങനെ സഹായിക്കുന്നു?
5 ദൈവത്തിന്റെ ന്യായവിധികൾ മുഴു ഭൂമിയെയും നശിപ്പിക്കുമെന്നു നമുക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയുമോ? അവന്റെ പ്രവാചകനായ യിരെമ്യാവിനെ വീണ്ടും ശ്രദ്ധിക്കുക: “അനർത്ഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അററങ്ങളിൽനിന്നു വലിയ കൊടുങ്കാററു ഇളകിവരും. അന്നാളിൽ യഹോവയുടെ നിഹതൻമാർ ഭൂമിയുടെ ഒരററം മുതൽ മറെറ അററം വരെ വീണുകിടക്കും”. (യിരെമ്യാവു 25:32, 33) ഈ കൊടുങ്കാററിന്റെ കാലത്താണ് അന്ധകാരം ഈ ലോകത്തെ മൂടുന്നത്. അതിലെ ഭരണ ഘടകങ്ങൾ വിസ്മൃതിയിലാണ്ടുപോകത്തക്കവണ്ണം ഉലയും. (വെളിപ്പാടു 6:12-14) എന്നാൽ എല്ലാവർക്കും ഭാവി ഇരുണ്ടതായിരിക്കുകയില്ല. ആർക്കുവേണ്ടിയാണ്, അപ്പോൾ നാലു കാററുകൾ പിടിച്ചു നിർത്തപ്പെടുന്നത്?
ദൈവത്തിന്റെ അടിമകളുടെ മുദ്രയിടൽ
6. നാലു കാററുകളെ പിടിച്ചുനിർത്താൻ ദൂതൻമാരോടു പറയുന്നതാർ, ഇത് എന്തിനു സമയമനുവദിക്കുന്നു?
6 ചിലർ അതിജീവനത്തിനായി അടയാളമിടപ്പെടുന്നതെങ്ങനെയെന്ന് യോഹന്നാൻ തുടർന്നു വർണിക്കുന്നു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “മറെറാരു ദൂതൻ ജീവനുളള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടു വരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതൻമാരോടു: നമ്മുടെ ദൈവത്തിന്റെ ദാസൻമാരുടെ [അടിമകളുടെ, NW] നെററിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടു വരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.”—വെളിപ്പാടു 7:2, 3.
7. യഥാർഥത്തിൽ അഞ്ചാമത്തെ ദൂതൻ ആരാണ്, അയാൾ ആരാണെന്നു സ്ഥാപിക്കാൻ എന്തു തെളിവു നമ്മെ സഹായിക്കുന്നു?
7 ഈ അഞ്ചാമത്തെ ദൂതന്റെ പേരു പറഞ്ഞിട്ടില്ലെങ്കിലും അതു മഹത്ത്വീകരിക്കപ്പെട്ട കർത്താവായ യേശുക്രിസ്തുവായിരിക്കണമെന്ന് സകല തെളിവും സൂചിപ്പിക്കുന്നു. യേശു പ്രധാനദൂതൻ ആയിരിക്കുന്നതിനോടുളള ചേർച്ചയിൽ അവൻ മററു ദൂതൻമാരുടെ മേൽ അധികാരമുളളവനായി ഇവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. (1 തെസ്സലൊനീക്യർ 4:16; യൂദാ 9) ന്യായവിധി നടത്താൻ വരുന്ന യഹോവയും യേശുക്രിസ്തുവുമാകുന്ന, “കിഴക്കുനിന്നു വരുന്ന രാജാക്കൻമാ”രേപ്പോലെ അവൻ കിഴക്കുനിന്നു കയറിവരുന്നു, ബാബിലോനെ കീഴ്പെടുത്തിയപ്പോൾ രാജാക്കൻമാരായ കോരേശും [സൈറസ്, NW] ദാര്യാവേശും ചെയ്തതുപോലെതന്നെ. (വെളിപ്പാടു 16:12; യെശയ്യാവു 45:1; യിരെമ്യാവു 51:11; ദാനീയേൽ 5:31) അഭിഷിക്ത ക്രിസ്ത്യാനികളെ മുദ്രയിടാൻ ചുമതലപ്പെടുത്തപ്പെട്ടവൻ ആയതുകൊണ്ടും ഈ ദൂതൻ യേശുവിനെ സാദൃശ്യപ്പെടുത്തുന്നു. (എഫെസ്യർ 1:13, 14) അതിനു പുറമേ കാററുകളെ അഴിച്ചുവിടുമ്പോൾ ജനതകളുടെമേൽ ന്യായവിധി നടപ്പാക്കാൻ സ്വർഗീയ സൈന്യങ്ങളെ നയിക്കുന്നത് യേശുവാണ്. (വെളിപ്പാടു 19:11-16) അതുകൊണ്ട്, യുക്ത്യാനുസൃതം, ദൈവത്തിന്റെ ദാസൻമാരെ മുദ്രയിടുന്നതുവരെ സാത്താന്റെ ഭൗമിക സ്ഥാപനത്തിന്റെ നാശം താമസിപ്പിക്കാൻ ആജ്ഞാപിച്ചവൻ യേശുവായിരിക്കും.
8. മുദ്രയിടൽ എന്താണ്, അത് എപ്പോൾ തുടങ്ങി?
8 ഈ മുദ്രയിടൽ എന്താണ്, ദൈവത്തിന്റെ ഈ അടിമകൾ ആരാണ്? ആദ്യ യഹൂദക്രിസ്ത്യാനികൾ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടപ്പോൾ പൊ.യു. 33-ലെ പെന്തക്കോസ്തിൽ മുദ്രയിടൽ തുടങ്ങി. പിന്നീട്, ദൈവം ‘ജാതികളെ’ വിളിക്കാനും അഭിഷേകം ചെയ്യാനും തുടങ്ങി. (റോമർ 3:29; പ്രവൃത്തികൾ 2:1-4, 14, 32, 33; 15:14) തങ്ങൾ “ക്രിസ്തുവിനുളളവർ” എന്ന ഒരു ഉറപ്പു ലഭിച്ചിട്ടുളള അഭിഷിക്ത ക്രിസ്ത്യാനികളെ സംബന്ധിച്ച് പൗലോസ് എഴുതുകയും ദൈവം “നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു” എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു. (2 കൊരിന്ത്യർ 1:21, 22; താരതമ്യം ചെയ്യുക: വെളിപ്പാടു 14:1.) അങ്ങനെ ഈ അടിമകൾ ദൈവത്തിന്റെ ആത്മീയ പുത്രൻമാരായി ദത്തെടുക്കപ്പെടുമ്പോൾ അവർക്കു തങ്ങളുടെ സ്വർഗീയ അവകാശത്തിന്റെ ഒരു അച്ചാരം—ഒരു മുദ്ര അഥവാ ഒരു ഉറപ്പ് ലഭിക്കുന്നു. (2 കൊരിന്ത്യർ 5:1, 5; എഫെസ്യർ 1:10, 11) അപ്പോൾ അവർക്ക് ഇങ്ങനെ പറയാൻ കഴിയും: “നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.”—റോമർ 8:15-17.
9. (എ) ദൈവത്തിന്റെ അവശേഷിക്കുന്ന ആത്മജനനം പ്രാപിച്ച പുത്രൻമാരുടെ ഭാഗത്ത് എന്തു സഹിഷ്ണുത ആവശ്യമാണ്? (ബി) അഭിഷിക്തരുടെ പരിശോധന എന്നുവരെ തുടരും?
9 ‘നാം അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ’—അത് എന്തർഥമാക്കുന്നു? ജീവകിരീടം ലഭിക്കുന്നതിന് അഭിഷിക്ത ക്രിസ്ത്യാനികൾ മരണംവരെ പോലും വിശ്വസ്തരായി സഹിച്ചു നിൽക്കണം. (വെളിപ്പാടു 2:10) അത് ‘ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെടു’ന്നതിന്റെ സംഗതിയല്ല. (മത്തായി 10:22; ലൂക്കൊസ് 13:24) പകരം, “നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ” എന്ന് അവർ പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. അപ്പോസ്തലനായ പൗലോസിനെപ്പോലെ ഒടുവിൽ അവർക്കു പറയാൻ കഴിയണം: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.” (2 പത്രൊസ് 1:10, 11; 2 തിമൊഥെയൊസ് 4:7, 8) യേശുവും കൂടെയുളള ദൂതൻമാരും ഇവരുടെയെല്ലാം “നെററിയിൽ” ഉറപ്പായി മുദ്ര പതിപ്പിച്ച്, പരിശോധിക്കപ്പെട്ടവരും വിശ്വസ്തരുമായ “നമ്മുടെ ദൈവത്തിന്റെ അടിമ”കൾ എന്ന നിലയിൽ നിർണായകമായും മാററം വരാതവണ്ണവും അവരെ തിരിച്ചറിയിക്കുന്നതുവരെ, ഇവിടെ ഭൂമിയിൽ ശേഷിക്കുന്ന ദൈവത്തിന്റെ ആത്മജനനം പ്രാപിച്ച പുത്രൻമാരുടെ പരിശോധനയും വേർതിരിക്കലും നടന്നുകൊണ്ടിരിക്കണം. അപ്പോൾ ആ മുദ്ര ഒരു സ്ഥിരമായ അടയാളമായിത്തീരുന്നു. വ്യക്തമായും, ഉപദ്രവത്തിന്റെ നാലു കാററുകളെ അഴിച്ചുവിടുമ്പോൾ, ആത്മീയ ഇസ്രായേലിലെ എല്ലാവരേയും, ഏതാനും പേർ അപ്പോഴും ജഡത്തിൽ ജീവിച്ചിരിക്കുന്നെങ്കിൽ തന്നെയും, അന്തിമമായി മുദ്രയിട്ടുകഴിഞ്ഞിരിക്കും. (മത്തായി 24:13; വെളിപ്പാടു 19:7) മുഴു അംഗത്വവും പൂർത്തിയായിരിക്കും!—റോമർ 11:25, 26.
എത്രപേർ മുദ്രയിടപ്പെടുന്നു?
10. (എ) മുദ്രയേററവരുടെ എണ്ണം പരിമിതമാണെന്ന് ഏതു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു? (ബി) മുദ്രയേററവരുടെ മൊത്തം എണ്ണം എത്ര, അവരെ എങ്ങനെ പട്ടികപ്പെടുത്തിയിരിക്കുന്നു?
10 ഈ മുദ്രയിടലിന് അർഹരായവരോട് യേശു പറഞ്ഞു: “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നൽകുവാൻ പ്രസാദിച്ചിരിക്കുന്നു.” (ലൂക്കൊസ് 12:32) വെളിപ്പാടു 6:11-ഉം റോമർ 11:25-ഉം പോലുളള തിരുവെഴുത്തുകൾ, ഈ ചെറിയ ആട്ടിൻകൂട്ടത്തിന്റെ എണ്ണം തീർച്ചയായും പരിമിതമാണെന്ന്, മുൻനിർണിതമാണെന്നു സൂചിപ്പിക്കുന്നു. യോഹന്നാന്റെ അടുത്ത വാക്കുകൾ ഇതു സ്ഥിരീകരിക്കുന്നു: ‘മുദ്രയേററവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽ മക്കളുടെ സകല ഗോത്രത്തിലുംനിന്നു മുദ്രയേററവർ നൂററിനാല്പത്തിനാലായിരം പേർ. യെഹൂദാഗോത്രത്തിൽ മുദ്രയേററവർ പന്തീരായിരം; രൂബേൻഗോത്രത്തിൽ പന്തീരായിരം; ഗാദ്ഗോത്രത്തിൽ പന്തീരായിരം; ആശേർഗോത്രത്തിൽ പന്തീരായിരം; നഫ്ത്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം; ശിമെയോൻഗോത്രത്തിൽ പന്തീരായിരം; ലേവിഗോത്രത്തിൽ പന്തീരായിരം; യിസ്സാഖാർഗോത്രത്തിൽ പന്തീരായിരം; സെബൂലോൻഗോത്രത്തിൽ പന്തീരായിരം; യോസേഫ്ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻഗോത്രത്തിൽ മുദ്രയേററവർ പന്തീരായിരം പേർ.’—വെളിപ്പാടു 7:4-8.
11. (എ) പന്ത്രണ്ടുഗോത്രങ്ങളെ സംബന്ധിച്ച പരാമർശം അക്ഷരാർഥ ജഡിക ഇസ്രായേലിനു ബാധകമാകാത്തത് എന്തുകൊണ്ട്? (ബി) വെളിപാട് 12 ഗോത്രങ്ങളെ പട്ടികപ്പെടുത്തുന്നത് എന്തുകൊണ്ട്? (സി) ദൈവത്തിന്റെ ഇസ്രായേലിൽ ഒരു രാജകീയ ഗോത്രത്തിന്റെയോ ഒരു പുരോഹിതഗോത്രത്തിന്റെയോ കുത്തകയില്ലാത്തതെന്തുകൊണ്ട്?
11 ഇത് അക്ഷരാർഥ ജഡിക ഇസ്രായേലിനെക്കുറിച്ചുളള ഒരു പരാമർശനമായിരിക്കുകയില്ലേ? ഇല്ല, എന്തെന്നാൽ വെളിപ്പാടു 7:4-8 സാധാരണ ഗോത്ര പട്ടികയിൽനിന്നു വ്യതിചലിക്കുന്നു. (സംഖ്യാപുസ്തകം 1:17, 47) സ്പഷ്ടമായും, ഇവിടത്തെ പട്ടിക ജഡിക യഹൂദൻമാരെ അവരുടെ ഗോത്രമനുസരിച്ചു തിരിച്ചറിയിക്കുക എന്ന ഉദ്ദേശ്യത്തിലല്ല, പിന്നെയോ ആത്മീയ ഇസ്രായേലിനു സമാനമായ ഒരു സ്ഥാപനഘടന കാണിക്കാനാണ്. ഇതു സമതുലിതമാണ്. ഈ പുതിയ ജനതയുടെ കൃത്യം 1,44,000 അംഗങ്ങൾ ഉണ്ടായിരിക്കണം—12 ഗോത്രങ്ങളിൽ ഓരോന്നിൽനിന്നും 12,000 വീതം. ഈ ദൈവത്തിന്റെ ഇസ്രായേലിൽ ഏതെങ്കിലും ഗോത്രം മാത്രം മുഴുവനായും രാജകീയമോ പൗരോഹിത്യപരമോ അല്ല. മുഴു ജനതയും രാജാക്കൻമാരായി ഭരിക്കേണ്ടവരാണ്, മുഴു ജനതയും പുരോഹിതൻമാരായി സേവിക്കേണ്ടവരാണ്.—ഗലാത്യർ 6:16; വെളിപ്പാടു 20:4, 6.
12. ഇരുപത്തിനാലു മൂപ്പൻമാർ കുഞ്ഞാടിന്റെ മുമ്പാകെ വെളിപ്പാടു 5:9, 10-ലെ വാക്കുകൾ പാടുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
12 ആത്മീയ ഇസ്രായേലിലേക്കു തിരഞ്ഞെടുക്കുന്നതിനു സ്വാഭാവിക യഹൂദൻമാർക്കും യഹൂദ മതാനുസാരികൾക്കും ഒന്നാമത് അവസരം നൽകപ്പെട്ടെങ്കിലും ആ ജനതയിലെ ഒരു ന്യൂനപക്ഷം മാത്രമേ പ്രതികരിച്ചുളളൂ. യഹോവ അതുകൊണ്ട് വിജാതീയർക്കു ക്ഷണം നീട്ടിക്കൊടുത്തു. (യോഹന്നാൻ 1:10-13; പ്രവൃത്തികൾ 2:4, 7-11; റോമർ 11:7) മുമ്പ് ‘യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവർ’ ആയിരുന്ന എഫേസ്യരുടെ കാര്യത്തിലെന്നപോലെ ഇപ്പോൾ യഹൂദരല്ലാത്തവർക്കു ദൈവാത്മാവിനാൽ മുദ്രയേൽക്കാനും അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയുടെ ഭാഗമായിത്തീരാനും കഴിഞ്ഞു. (എഫെസ്യർ 2:11-13; 3:5, 6; പ്രവൃത്തികൾ 15:14) അതുകൊണ്ട് 24 മൂപ്പൻമാർ കുഞ്ഞാടിന്റെ മുമ്പാകെ ഇപ്രകാരം പാടുന്നത് ഉചിതമാണ്: “നിന്റെ രക്തംകൊണ്ടു നീ സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുളളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതൻമാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു.”—വെളിപ്പാടു 5:9, 10.
13. യേശുവിന്റെ അർധസഹോദരനായ യാക്കോബിനു തന്റെ ലേഖനത്തിൽ, ചിതറിപ്പാർക്കുന്ന 12 ഗോത്രങ്ങളെ സംബോധന ചെയ്യാൻ കഴിഞ്ഞത് എന്തുകൊണ്ട്?
13 ക്രിസ്തീയ സഭ “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും” ആകുന്നു. (1 പത്രൊസ് 2:9) ദൈവത്തിന്റെ ജനതയെന്ന നിലയിൽനിന്നു സ്വാഭാവിക ഇസ്രായേലിനെ നീക്കി അത് ഒരു പുതിയ ഇസ്രായേൽ, “യഥാർഥത്തിൽ ‘ഇസ്രായേൽ’” ആയിത്തീരുന്നു. (റോമർ 9:6-8, NW; മത്തായി 21:43) a ഇക്കാരണത്താൽ, യേശുവിന്റെ അർധസഹോദരനായ യാക്കോബ് തന്റെ ഇടയലേഖനം “ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കു” എന്നു സംബോധന ചെയ്യുന്നത് ഉചിതമായിരുന്നു, അതായതു തക്കസമയത്ത് 1,44,000 ആയിത്തീരാനുളള അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയ്ക്കുതന്നെ.—യാക്കോബ് 1:1.
ഇന്ന് ദൈവത്തിന്റെ ഇസ്രായേൽ
14. യഹോവയുടെ സാക്ഷികൾ 1,44,000 എന്നത് ആത്മീയ ഇസ്രായേലായിത്തീരുന്നവരുടെ ഒരു അക്ഷരാർഥ സംഖ്യയാണെന്നുളള ആശയം മുറുകെപ്പിടിച്ചിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
14 രസാവഹമായി, വാച്ച് ടവർ സൊസൈററിയുടെ ആദ്യത്തെ പ്രസിഡൻറായ ചാൾസ് ററി. റസ്സൽ 1,44,000 ഒരു ആത്മീയ ഇസ്രായേൽ ആയിത്തീരുന്ന വ്യക്തികളുടെ ഒരു അക്ഷരാർഥ സംഖ്യയാണെന്നു തിരിച്ചറിഞ്ഞു. 1904-ൽ പ്രസിദ്ധീകരിച്ച തന്റെ വേദാധ്യയന പത്രികയുടെ 6-ാം വാല്യമായ പുതിയ സൃഷ്ടിയിൽ (ഇംഗ്ലീഷ്) അദ്ദേഹം എഴുതി: “തിരഞ്ഞെടുക്കപ്പെട്ടവരുടെ [തിരഞ്ഞെടുക്കപ്പെട്ട അഭിഷിക്തരുടെ] സുനിശ്ചിതമായ കൃത്യ എണ്ണമാണു വെളിപ്പാടിൽ പല പ്രാവശ്യം പറഞ്ഞിരിക്കുന്നതെന്നു വിശ്വസിക്കാൻ നമുക്കു മതിയായ ന്യായമുണ്ട് (7:4; 14:1); അതായത് ‘മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുക്കപ്പെട്ട’ 1,44,000 തന്നെ.” വാച്ച് ടവർ സൊസൈററിയുടെ രണ്ടാമത്തെ പ്രസിഡൻറായ ജെ. എഫ്. റതർഫോർഡ് 1930-ൽ പ്രസിദ്ധീകരിച്ച പ്രകാശം (ഇംഗ്ലീഷ്) ഒന്നാം പുസ്തകത്തിൽ അതുപോലെതന്നെ പറഞ്ഞിരുന്നു: “ക്രിസ്തുവിന്റെ ശരീരാംഗങ്ങളായ 1,44,000 സമൂഹപരമായി അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരും അഭിഷിക്തരും ആയി, അഥവാ മുദ്രയിടപ്പെട്ടവർ ആയി പ്രകടമാക്കപ്പെട്ടിരിക്കുന്നു.” അക്ഷരാർഥത്തിൽ 1,44,000 അഭിഷിക്ത ക്രിസ്ത്യാനികൾ ആത്മീയ ഇസ്രായേലായിത്തീരുന്നു എന്ന ആശയം യഹോവയുടെ സാക്ഷികൾ സ്ഥിരമായി വെച്ചുപുലർത്തിയിട്ടുണ്ട്.
15. വിജാതീയരുടെ കാലങ്ങൾ അവസാനിക്കുമ്പോൾ സ്വാഭാവിക യഹൂദൻമാർ എന്ത് ആസ്വദിക്കുമെന്ന് ആത്മാർഥരായ ബൈബിൾ വിദ്യാർഥികൾ കർത്താവിന്റെ ദിവസത്തിനു തൊട്ടുമുമ്പ് വിചാരിച്ചിരുന്നു?
15 എന്നുവരികിലും സ്വാഭാവിക ഇസ്രായേൽ ഇന്നു കുറെ പ്രത്യേക ആനുകൂല്യം അർഹിക്കുന്നില്ലേ? കർത്താവിന്റെ ദിവസത്തിനു തൊട്ടുമുമ്പ് ആത്മാർഥരായ ബൈബിൾ വിദ്യാർഥികൾ ദൈവവചനത്തിലെ പല അടിസ്ഥാന സത്യങ്ങളും കണ്ടുപിടിച്ചുകൊണ്ടിരുന്ന കാലത്ത്, വിജാതീയരുടെ കാലങ്ങൾ അവസാനിക്കുമ്പോൾ യഹൂദൻമാർ ദൈവമുമ്പാകെ മഹത്തായ ഒരു നില വീണ്ടും ആസ്വദിക്കുമെന്നു വിചാരിക്കപ്പെട്ടിരുന്നു. അങ്ങനെ, 1889-ൽ പ്രസിദ്ധീകരിച്ച സി. ററി. റസ്സലിന്റെ കാലം സമീപിച്ചിരിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകം (വേദാധ്യയന പത്രിക വാല്യം 2) യിരെമ്യാവു 31:29-34 സ്വാഭാവിക യഹൂദൻമാർക്കു ബാധകമാക്കുകയും ഇപ്രകാരം അഭിപ്രായപ്പെടുകയും ചെയ്തു: “വിജാതീയരുടെ ആധിപത്യത്തിൻ കീഴിൽ ഇസ്രായേല്യരുടെ ശിക്ഷ ക്രി.മു. [607] മുതൽ തുടർന്നുകൊണ്ടിരിക്കുന്നു, ഇന്നും തുടരുന്നുവെന്ന വസ്തുതക്കു ലോകം സാക്ഷിയാണ്, 2,520 വർഷങ്ങളായ ‘ഏഴുകാലങ്ങ’ളുടെ പരിധിയായ ക്രി.വ. 1914-നു മുമ്പ് അവരുടെ ദേശീയ പുനഃസംഘടന നടക്കുമെന്നു വിശ്വസിക്കാൻ യാതൊരു ന്യായവുമില്ല.” യഹൂദൻമാർക്ക് അപ്പോൾ ഒരു ദേശീയ പുനഃസ്ഥാപനം ഉണ്ടാകുമെന്നു തോന്നി, 1917-ൽ ബാൾഫർ പ്രഖ്യാപനത്തിൽ ബ്രിട്ടൻ പലസ്തീനെ യഹൂദൻമാരുടെ ദേശീയ സ്വരാജ്യമാക്കുന്നതിനെ പിന്താങ്ങാമെന്ന് ഉറപ്പുകൊടുത്തപ്പോൾ ഈ പ്രതീക്ഷ പ്രത്യക്ഷത്തിൽ ശോഭനമായി.
16. ക്രിസ്തീയ ദൂതുമായി സ്വാഭാവിക യഹൂദൻമാരുടെ അടുത്തേക്കു ചെല്ലാൻ യഹോവയുടെ സാക്ഷികൾ ഏതു ശ്രമങ്ങൾ ചെയ്തു, എന്തു ഫലത്തോടെ?
16 ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് പലസ്തീൻ ബ്രിട്ടന്റെ അധീനതയിലുളള പ്രദേശമായിത്തീർന്നു. അനേകം യഹൂദൻമാർ ആ ദേശത്തേക്കു തിരിച്ചുപോകുന്നതിനു വഴി തുറക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ ഇസ്രായേൽ രാജ്യം 1948-ൽ ഉളവാക്കപ്പെട്ടു. യഹൂദൻമാർ ദിവ്യ അനുഗ്രഹങ്ങൾക്ക് അർഹരാണെന്ന് ഇതു സൂചിപ്പിച്ചില്ലേ? അനേകവർഷക്കാലം ഇത് ഇങ്ങനെയാണെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിച്ചിരുന്നു. അങ്ങനെ, 1925-ൽ അവർ യഹൂദൻമാർക്ക് ആശ്വാസം (ഇംഗ്ലീഷ്) എന്ന 128 പേജുളള ഒരു പുസ്തകം പ്രകാശനം ചെയ്തു. യഹൂദൻമാരെ ആകർഷിക്കുന്നതിനായി സംവിധാനം ചെയ്തതും ഇയ്യോബിന്റെ പുസ്തകം കൈകാര്യം ചെയ്യുന്നതുമായ ജീവൻ (ഇംഗ്ലീഷ്) എന്ന 360 പേജുളള ആകർഷകമായ ഒരു വാല്യം അവർ 1929-ൽ പ്രകാശനം ചെയ്തു. ഈ മിശിഹൈക സന്ദേശവുമായി യഹൂദൻമാരെ സമീപിക്കുന്നതിനു ന്യൂയോർക്ക് നഗരത്തിൽ വിശേഷിച്ചും വലിയ ശ്രമം നടത്തപ്പെട്ടു. സന്തോഷകരമെന്നു പറയട്ടെ, ഏതാനും വ്യക്തികൾ പ്രതികരിച്ചു, എന്നാൽ യഹൂദൻമാർ അധികവും ഒന്നാം നൂററാണ്ടിലെ അവരുടെ പൂർവപിതാക്കൻമാരെപ്പോലെ മിശിഹായുടെ സാന്നിധ്യത്തിന്റെ തെളിവു തിരസ്കരിച്ചു.
17, 18. ഭൂമിയിലുളള ദൈവത്തിന്റെ അടിമകൾ പുതിയ ഉടമ്പടി സംബന്ധിച്ചും ബൈബിളിന്റെ പുനഃസ്ഥാപന പ്രവചനങ്ങൾ സംബന്ധിച്ചും എന്തു ഗ്രഹിക്കാൻ ഇടയായി?
17 യഹൂദജനം, ഒരു ജനമെന്നനിലയിലും ഒരു ജനതയെന്ന നിലയിലും വെളിപ്പാടു 7:4-8-ലോ കർത്താവിന്റെ ദിവസത്തോടു ബന്ധപ്പെട്ട മററു ബൈബിൾ പ്രവചനങ്ങളിലോ വർണിച്ചിരിക്കുന്ന ഇസ്രായേലല്ലായിരുന്നുവെന്നുളളതു സ്പഷ്ടമായിരുന്നു. പാരമ്പര്യം പിൻപററി യഹൂദൻമാർ ദൈവനാമം ഉപയോഗിക്കുന്നതു തുടർന്നും ഒഴിവാക്കി. (മത്തായി 15:1-3, 7-9) യിരെമ്യാവു 31:31-34 ചർച്ച ചെയ്യുകയിൽ വാച്ച് ടവർ സൊസൈററി 1934-ൽ പ്രസിദ്ധീകരിച്ച യഹോവ (ഇംഗ്ലീഷ്) എന്ന പുസ്തകം തീർത്തു പറഞ്ഞു: “പുതിയ ഉടമ്പടിക്കു സ്വാഭാവിക ഇസ്രായേൽ വംശജരുമായോ മൊത്തത്തിൽ മനുഷ്യവർഗവുമായോ യാതൊരു ബന്ധവുമില്ല, പിന്നെയോ . . . അത് ആത്മീയ ഇസ്രായേലിനു പരിമിതപ്പെട്ടിരിക്കുന്നു.” ബൈബിളിന്റെ പുനഃസ്ഥാപന പ്രവചനങ്ങൾ സ്വാഭാവിക യഹൂദൻമാരോടോ, ഐക്യരാഷ്ട്രസഭയുടെ ഒരംഗവും യേശു യോഹന്നാൻ 14:19, 30-ലും 18:36-ലും പ്രസ്താവിച്ച ലോകത്തിന്റെ ഒരു ഭാഗവും ആയ ഇസ്രായേൽ രാഷ്ട്രത്തോടോ ബന്ധപ്പെട്ടിരിക്കുന്നില്ല.
18 ഭൂമിയിലുളള ദൈവത്തിന്റെ അടിമകൾ 1931-ൽ വലിയ സന്തോഷത്തോടെ യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചിരുന്നു. അവർക്കു സങ്കീർത്തനം 97:11-ലെ വാക്കുകളോടു ഹൃദയംഗമമായി യോജിക്കാൻ കഴിഞ്ഞു: “നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുളളവർക്കു സന്തോഷവും ഉദിക്കും.” ആത്മീയ ഇസ്രായേൽ മാത്രമാണു പുതിയ ഉടമ്പടിയിലേക്ക് ആനയിക്കപ്പെട്ടിരിക്കുന്നതെന്ന് അവർക്കു വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞു. (എബ്രായർ 9:15; 12:22, 24) പ്രതികരണമില്ലാത്ത സ്വാഭാവിക ഇസ്രായേലിനോ പൊതുവിൽ മനുഷ്യവർഗത്തിനോ അതിൽ ഒരു പങ്കുമില്ലായിരുന്നു. ഈ ഗ്രാഹ്യം ദിവ്യവെളിച്ചത്തിന്റെ ഒരു ശോഭനമായ പ്രകാശനത്തിനു വഴി തെളിച്ചു, ദിവ്യാധിപത്യ ചരിത്രത്തിന്റെ ഏടുകളിൽ മുന്തിയതുതന്നെ. ഇത് യഹോവ തന്നോടടുക്കുന്ന എല്ലാ മനുഷ്യർക്കും തന്റെ കരുണയും സ്നേഹദയയും സത്യവും എത്ര സമൃദ്ധമായി നീട്ടിക്കൊടുക്കുന്നുവെന്നു വെളിപ്പെടുത്തും. (പുറപ്പാടു 34:6; യാക്കോബ് 4:8) അതെ, ദൂതൻമാർ നാലു കാററുകൾ പിടിച്ചുനിർത്തിയതിൽനിന്നു ദൈവത്തിന്റെ ഇസ്രായേലിനു പുറമേ മററുളളവരും പ്രയോജനം അനുഭവിക്കും. ഇവർ ആരായിരിക്കും? നിങ്ങൾക്ക് അവരിലൊരാളായിരിക്കാൻ കഴിയുമോ? നമുക്കിപ്പോൾ കാണാം.
[അടിക്കുറിപ്പുകൾ]
a ഉചിതമായിത്തന്നെ, ഇസ്രായേൽ എന്ന പേര് “ദൈവം മല്ലിടുന്നു; ദൈവത്തോടു മല്ലിടുന്നവൻ (അശ്രാന്തപരിശ്രമി)” എന്നർഥമാക്കുന്നു.—ഉൽപ്പത്തി 32:28, ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
[അധ്യയന ചോദ്യങ്ങൾ]
[114-ാം പേജിലെ ചിത്രം]
[116, 117 പേജുകളിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ യഥാർഥ ഇസ്രായേലിന്റെ പൊതുതിരഞ്ഞെടുപ്പു പൊ.യു. 33-ലെ പെന്തക്കോസ്തുദിനം മുതൽ 1935 വരെ തുടർന്നു, അന്ന് യഹോവയുടെ സാക്ഷികളുടെ വാഷിങ്ടൻ ഡി.സി.യിലെ ഒരു ചരിത്രപ്രധാന കൺവെൻഷനിൽവെച്ച് ഭൗമിക ജീവന്റെ പ്രതീക്ഷകളോടെ ഒരു മഹാപുരുഷാരത്തിന്റെ കൂട്ടിച്ചേർപ്പിലേക്ക് ഊന്നൽ മാററപ്പെട്ടു (വെളിപ്പാടു 7:9)