യഹോവ തന്റെ മിശിഹൈക ദാസനെ ഉയർത്തുന്നു
അധ്യായം പതിന്നാല്
യഹോവ തന്റെ മിശിഹൈക ദാസനെ ഉയർത്തുന്നു
1, 2. (എ) പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് പല യഹൂദരും അഭിമുഖീകരിച്ച സാഹചര്യത്തെ ദൃഷ്ടാന്തീകരിക്കുക. (ബി) വിശ്വസ്ത യഹൂദർക്ക് മിശിഹായെ തിരിച്ചറിയാൻ കഴിയേണ്ടതിന് യഹോവ എന്തു കരുതലാണു ചെയ്തത്?
നിങ്ങൾ ഒരു വിശിഷ്ട വ്യക്തിയെ കാണാനിരിക്കുന്നുവെന്നിരിക്കട്ടെ. പരസ്പരം കണ്ടുമുട്ടാനുള്ള സമയവും സ്ഥലവും നിശ്ചയിക്കപ്പെട്ടു. എന്നാൽ, ഒരു പ്രശ്നം: അദ്ദേഹം കാഴ്ചയ്ക്ക് എങ്ങനെയുണ്ടെന്ന് നിങ്ങൾക്കറിയില്ല. അദ്ദേഹമാകട്ടെ വിവേകപൂർവം, പരസ്യ ശ്രദ്ധ ആകർഷിക്കാതെയാണ് സഞ്ചരിക്കുന്നതും. നിങ്ങൾ എങ്ങനെ അദ്ദേഹത്തെ തിരിച്ചറിയും? അദ്ദേഹത്തെ കുറിച്ചുള്ള വിശദമായ വർണന നിങ്ങളുടെ പക്കലുണ്ടെങ്കിൽ അതു സഹായകമാകും.
2 പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത്, അനേകം യഹൂദർ സമാനമായ സ്ഥിതിവിശേഷത്തെ അഭിമുഖീകരിച്ചു. അവർ മിശിഹായെ, മാനവ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. (ദാനീയേൽ 9:24-27; ലൂക്കൊസ് 3:15) എന്നാൽ, വിശ്വസ്തരായ യഹൂദർ അവനെ എങ്ങനെ തിരിച്ചറിയും? വിവേകമുള്ളവർക്ക് മിശിഹായെ വ്യക്തമായി തിരിച്ചറിയാൻ എബ്രായ പ്രവാചകന്മാരെ ഉപയോഗിച്ച് യഹോവ, മിശിഹായോടു ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ചുള്ള വിശദമായ വിവരണം രേഖപ്പെടുത്തുകയുണ്ടായി.
3. യെശയ്യാവു 52:13–53:12-ൽ മിശിഹായെ കുറിച്ച് എന്തു വിവരണം നൽകിയിരിക്കുന്നു?
3 മിശിഹായെ കുറിച്ചുള്ള എബ്രായ പ്രവചനങ്ങളിൽ യെശയ്യാവു 52:13–53:12-ലേതിനെക്കാൾ വ്യക്തമായ ചിത്രം നൽകുന്ന മറ്റൊരു പ്രവചനവുമില്ലെന്നു പറയാനാകും. 700-ലധികം വർഷം മുമ്പ് യെശയ്യാവ് മിശിഹായുടെ ശാരീരിക ആകാരത്തെ കുറിച്ചല്ല, മറിച്ച് അവന്റെ യാതനകൾ, മരണം, ശവസംസ്കാരം, മഹത്ത്വീകരണം എന്നിങ്ങനെയുള്ള കൂടുതൽ പ്രാധാന്യമർഹിക്കുന്ന വിശദാംശങ്ങളെ കുറിച്ചാണ് വർണിച്ചത്. ഈ പ്രവചനവും അതിന്റെ നിവൃത്തിയും പരിചിന്തിക്കുന്നത് നമ്മുടെ ഹൃദയത്തിന് ഊഷ്മളത പകരുകയും വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്യും.
“എന്റെ ദാസൻ”—ആരാണ് അവൻ?
4. “ദാസൻ” ആരാണെന്നതു സംബന്ധിച്ച് യഹൂദ പണ്ഡിതന്മാർ എന്ത് അഭിപ്രായങ്ങളാണ് പറഞ്ഞിരിക്കുന്നത്, എന്നാൽ അവ യെശയ്യാ പ്രവചനത്തിനു നിരക്കാത്തത് എന്തുകൊണ്ട്?
4 ബാബിലോണിലെ പ്രവാസത്തിൽനിന്ന് യഹൂദരെ വിടുവിക്കുമെന്ന് യെശയ്യാവ് പറഞ്ഞുകഴിഞ്ഞതേ ഉള്ളൂ. കൂടുതൽ വലിയ സംഭവങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് അവൻ യഹോവയുടെ വാക്കുകൾ രേഖപ്പെടുത്തുന്നു: “എന്റെ ദാസൻ കൃതാർത്ഥനാകും [“ഉൾക്കാഴ്ചയോടെ പ്രവർത്തിക്കും,” NW]; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും.” (യെശയ്യാവു 52:13) ആരാണ് ആ “ദാസൻ”? നൂറ്റാണ്ടുകളിലുടനീളം പണ്ഡിതന്മാർ പല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബാബിലോണിൽ പ്രവാസത്തിലായിരുന്ന മുഴു ഇസ്രായേല്യരെയും അവൻ പ്രതിനിധാനം ചെയ്തതായി ചിലർ അവകാശപ്പെടുന്നു. എന്നാൽ അത്തരമൊരു വിശദീകരണം ആ പ്രവചനത്തിനു നിരക്കുന്നതല്ല. ദൈവദാസൻ സ്വമേധയായാണ് കഷ്ടം സഹിക്കുന്നത്. അവൻ നിർദോഷിയായിരിക്കെ മറ്റുള്ളവരുടെ പാപങ്ങൾക്കു വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. പാപപൂർണമായ ഗതി നിമിത്തം പ്രവാസത്തിലേക്കു പോയ യഹൂദ ജനതയ്ക്ക് ആ വർണന ചേരുന്നില്ല. (2 രാജാക്കന്മാർ 21:11-15; യിരെമ്യാവു 25:8-11) ദാസൻ, ഇസ്രായേലിലെ ദൈവഭക്തരായവരുടെ കൂട്ടത്തെ പ്രതിനിധീകരിക്കുന്നുവെന്നും ഇവർ മറ്റ് യഹൂദരുടെ പാപം നിമിത്തം ദുരിതം അനുഭവിക്കേണ്ടി വന്നവരാണെന്നും മറ്റു ചില പണ്ഡിതന്മാർ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഇസ്രായേലിൽ യാതനാസമയത്ത് ഒരു വിഭാഗത്തിനായി മറ്റൊരു പ്രത്യേക വിഭാഗം കഷ്ടം അനുഭവിച്ചിട്ടില്ല.
5. (എ) ചില യഹൂദ പണ്ഡിതന്മാർ യെശയ്യാ പ്രവചനത്തെ എങ്ങനെ ബാധകമാക്കിയിരിക്കുന്നു? (അടിക്കുറിപ്പു കാണുക.) (ബി) പ്രവൃത്തികളുടെ പുസ്തകം ദാസൻ ആരാണെന്നു വ്യക്തമായി തിരിച്ചറിയിക്കുന്നത് എങ്ങനെ?
5 ക്രിസ്ത്യാനിത്വത്തിനു തുടക്കം കുറിക്കുന്നതിനു മുമ്പും പൊതുയുഗത്തിന്റെ ആദിമ നൂറ്റാണ്ടുകളിലും ചുരുക്കം ചില യഹൂദ പണ്ഡിതന്മാർ ഈ പ്രവചനം മിശിഹായ്ക്കു ബാധകമാക്കി. അവർ അതു ബാധകമാക്കിയ വിധം ശരിയായിരുന്നെന്ന് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽനിന്നു കാണാനാകും. യെശയ്യാ പ്രവചനത്തിലെ “ദാസൻ” ആരാണെന്നു തനിക്ക് അറിഞ്ഞുകൂടെന്ന് എത്യോപ്യക്കാരനായ ഷണ്ഡൻ പറഞ്ഞപ്പോൾ ഫിലിപ്പൊസ് “അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി” എന്ന് പ്രവൃത്തികളുടെ പുസ്തകം രേഖപ്പെടുത്തുന്നു. (പ്രവൃത്തികൾ 8:26-40; യെശയ്യാവു 53:7, 8) സമാനമായി, യെശയ്യാ പ്രവചനത്തിലെ മിശിഹൈക ദാസൻ യേശുക്രിസ്തു ആണെന്ന് മറ്റു ബൈബിൾ പുസ്തകങ്ങളും തിരിച്ചറിയിക്കുന്നു. a ഈ പ്രവചനം ചർച്ച ചെയ്യവേ, യഹോവ “ദാസൻ” എന്നു വിളിക്കുന്നവനും നസറായനായ യേശുവും തമ്മിൽ അനിഷേധ്യമായ സാമ്യം ഉള്ളതായി നാം കണ്ടെത്തും.
6. മിശിഹാ ദൈവേഷ്ടം ചെയ്യുന്നതിൽ വിജയിക്കുമെന്ന് പ്രവചനം സൂചിപ്പിക്കുന്നത് എങ്ങനെ?
6 ദൈവേഷ്ടം ചെയ്യുന്നതിൽ മിശിഹാ കൈവരിക്കുന്ന ആത്യന്തിക വിജയത്തെ കുറിച്ചുള്ള വർണനയോടെയാണ് പ്രവചനം തുടങ്ങുന്നത്. ഒരു ദാസൻ തന്റെ യജമാനനു കീഴ്പെട്ടിരിക്കുന്നതു പോലെ, അവൻ ദൈവേഷ്ടത്തിനു കീഴ്പെടുമെന്ന് “ദാസൻ” എന്ന പദം സൂചിപ്പിക്കുന്നു. അപ്രകാരം ചെയ്യവേ, അവൻ “ഉൾക്കാഴ്ചയോടെ പ്രവർത്തിക്കും.” ഉൾക്കാഴ്ച, ഒരു സാഹചര്യത്തെ വിവേചിച്ചറിയാനുള്ള പ്രാപ്തിയാണ്. ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുന്നത് വിവേകപൂർവം പ്രവർത്തിക്കുന്നതിനെ അർഥമാക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ ക്രിയാപദത്തെ കുറിച്ച് ഒരു പരാമർശ ഗ്രന്ഥം ഇങ്ങനെ പറയുന്നു: “അത് വിവേകത്തോടും ജ്ഞാനത്തോടുംകൂടെ ഇടപെടുന്നതിനെ അർഥമാക്കുന്നു. ജ്ഞാനപൂർവം പ്രവർത്തിക്കുന്നവർ വിജയം വരിക്കും.” പ്രവചനത്തിൽ “അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും” എന്നു പറയുന്നതിൽനിന്ന് മിശിഹാ വിജയം വരിക്കുമെന്നത് ഉറപ്പാണ്.
7. യേശുക്രിസ്തു “ഉൾക്കാഴ്ചയോടെ പ്രവർത്തി”ച്ചത് എങ്ങനെ, അവൻ “ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കു”ന്നത് എങ്ങനെ?
7 യേശു തനിക്കു ബാധകമായ ബൈബിൾ പ്രവചനങ്ങൾ സംബന്ധിച്ച് ഗ്രാഹ്യം പ്രകടിപ്പിക്കുകയും അതിനാൽ വഴിനയിക്കപ്പെടുകയും ചെയ്തുകൊണ്ട് തീർച്ചയായും “ഉൾക്കാഴ്ചയോടെ പ്രവർത്തി”ച്ചു. (യോഹന്നാൻ 17:4; 19:30) എന്തായിരുന്നു ഫലം? യേശുവിന്റെ പുനരുത്ഥാനത്തെയും സ്വർഗാരോഹണത്തെയും തുടർന്ന് ‘ദൈവം അവനെ ഏററവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.’ (ഫിലിപ്പിയർ 2:9; പ്രവൃത്തികൾ 2:34-36) പിന്നീട്, 1914-ൽ മഹത്ത്വീകരിക്കപ്പെട്ട യേശു വീണ്ടും ഉന്നതനാക്കപ്പെട്ടു. യഹോവ അവനെ മിശിഹൈക രാജ്യത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കി. (വെളിപ്പാടു 12:1-5) അതേ, അവൻ “ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായി.”
‘അവനെ കണ്ടു സ്തംഭിച്ചുപോകുന്നു’
8, 9. (എ) ഉന്നതനാക്കപ്പെട്ട യേശു ന്യായവിധി നിർവഹിക്കാൻ എത്തുമ്പോൾ ഭൂമിയിലെ നേതാക്കന്മാർ എങ്ങനെ പ്രതികരിക്കും, എന്തുകൊണ്ട്?
8 ജനതകളും അവരുടെ ഭരണാധിപന്മാരും ഉന്നതനാക്കപ്പെട്ട മിശിഹായോട് എങ്ങനെ പ്രതികരിക്കും? 14-ാം വാക്യത്തിന്റെ ആദ്യഭാഗം പിന്നീടു ചർച്ച ചെയ്യാം. പ്രവചനത്തിന്റെ തുടർന്നുള്ള ഭാഗം ഇങ്ങനെ വായിക്കുന്നു: “പലരും നിന്നെ [അവനെ] കണ്ടു സ്തംഭിച്ചുപോയതുപോലെ, അവൻ പല ജാതികളെയും കുതിച്ചുചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.” (യെശയ്യാവു 52:14ബി, 15) ഈ വാക്കുകളിലൂടെ യെശയ്യാവ് മിശിഹായുടെ പ്രാരംഭ പ്രത്യക്ഷപ്പെടലിനെയല്ല, മറിച്ച് ഭൂമിയിലെ ഭരണാധിപന്മാരുമായുള്ള അവന്റെ അന്തിമ ഏറ്റുമുട്ടലിനെയാണ് വർണിക്കുന്നത്.
9 ഉന്നതനാക്കപ്പെട്ട യേശു ഈ ഭക്തികെട്ട വ്യവസ്ഥിതിയുടെമേൽ ന്യായവിധി നിർവഹിക്കാൻ വരുമ്പോൾ ഭൂമിയിലെ നേതാക്കന്മാർ ‘അവനെ കണ്ട് സ്തംഭിച്ചുപോകും.’ മനുഷ്യ ഭരണാധിപന്മാർ മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ അക്ഷരീയ കണ്ണുകളോടെ കാണുകയില്ലെന്നത് ശരിതന്നെ. എങ്കിലും, യഹോവയുടെ സ്വർഗീയ പോരാളി എന്ന നിലയിലുള്ള അവന്റെ ശക്തിയുടെ ദൃശ്യ തെളിവുകൾ അവർ കാണും. (മത്തായി 24:30) മതനേതാക്കന്മാർ ഇതുവരെ പറഞ്ഞുകേട്ടിട്ടില്ലാത്ത ഒരു കാര്യം, അതായത് ദൈവത്തിന്റെ ന്യായവിധി നിർവാഹകൻ യേശുവാണ് എന്ന വസ്തുത പരിചിന്തിക്കാൻ അവർ നിർബന്ധിതരാകും! അവർ തെല്ലും പ്രതീക്ഷിക്കാത്ത വിധത്തിലായിരിക്കും ഉന്നതനാക്കപ്പെട്ട ദാസൻ പ്രവർത്തിക്കുന്നത്.
10, 11. ഒന്നാം നൂറ്റാണ്ടിൽ യേശു വിരൂപനാക്കപ്പെട്ടത് എങ്ങനെ, ഇന്ന് ഏതു വിധത്തിലാണ് ആളുകൾ അങ്ങനെ ചെയ്യുന്നത്?
10 ഇനി നമുക്ക് 14-ാം വാക്യത്തിന്റെ ആദ്യഭാഗം പരിചിന്തിക്കാം. അത് ഇങ്ങനെ പറയുന്നു: ‘അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കുന്നു.’ (യെശയ്യാവു 52:14എ) യേശു ഏതെങ്കിലും വിധത്തിൽ ശാരീരികമായി വിരൂപനായിരുന്നോ? അല്ല. യേശു കാഴ്ചയ്ക്ക് എങ്ങനെയിരുന്നു എന്നതു സംബന്ധിച്ച വിശദാംശങ്ങൾ ബൈബിൾ നൽകുന്നില്ലെങ്കിലും, ദൈവത്തിന്റെ പരിപൂർണ പുത്രന് ആകർഷകമായ ആകാരവും പ്രകൃതവുമാണ് ഉണ്ടായിരുന്നത് എന്നതിൽ യാതൊരു സംശയവുമില്ല. തെളിവനുസരിച്ച്, യേശു അനുഭവിച്ച നിന്ദയെ പരാമർശിച്ചുകൊണ്ടാണ് യെശയ്യാവ് അങ്ങനെ പറയുന്നത്. തന്റെ നാളിലെ മതനേതാക്കന്മാർ കപടഭക്തരും നുണയന്മാരും കൊലപാതകികളും ആണെന്ന് അവൻ പരസ്യമായി പ്രഖ്യാപിച്ചു; അതു നിമിത്തം അവർ അവനെ അധിക്ഷേപിച്ചു. (1 പത്രൊസ് 2:22, 23) നിയമലംഘകൻ, ദൂഷകൻ, വഞ്ചകൻ, റോമിനെതിരെ രാജ്യദ്രോഹം ചെയ്യുന്നവൻ എന്നെല്ലാം അവർ അവനെ മുദ്രകുത്തി. അങ്ങനെ, ആ വ്യാജാരോപകർ യേശുവിനെ കുറിച്ചു തികച്ചും വികലമായ ഒരു ചിത്രമാണു വരച്ചുകാട്ടിയത്.
11 യേശുവിനെ വികലമായി ചിത്രീകരിക്കുന്ന രീതി ഇന്നും തുടരുന്നു. മിക്കവരും യേശുവിനെ പുൽക്കൂട്ടിൽ കിടക്കുന്ന ഒരു ശിശുവായി അല്ലെങ്കിൽ മുൾക്കിരീടം അണിഞ്ഞ് വേദന കടിച്ചിറക്കി കുരിശിൽ കിടക്കുന്ന ഒരുവനായി ചിത്രീകരിക്കുന്നു. ക്രൈസ്തവലോകത്തിലെ വൈദികർ അത്തരം വീക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ജനതകൾ കണക്കു ബോധിപ്പിക്കേണ്ട ശക്തനായ സ്വർഗീയ രാജാവായി അവനെ അവതരിപ്പിക്കാൻ അവർ പരാജയപ്പെട്ടിരിക്കുന്നു. സമീപഭാവിയിൽ മനുഷ്യ ഭരണാധിപന്മാർ ഉന്നതനാക്കപ്പെട്ട യേശുവിനെ അഭിമുഖീകരിക്കുമ്പോൾ ‘സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും നല്കപ്പെട്ടിരിക്കുന്ന’ ഒരു മിശിഹായോടായിരിക്കും അവർ ഇടപെടാൻ പോകുന്നത്.—മത്തായി 28:18.
ഈ സുവാർത്തയിൽ ആർ വിശ്വാസം അർപ്പിക്കും?
12. യെശയ്യാവു 53:1 ശ്രദ്ധേയമായ ഏത് ചോദ്യങ്ങൾ ഉന്നയിക്കുന്നു?
12 മിശിഹായുടെ വിസ്മയാവഹമായ പരിവർത്തനത്തെ കുറിച്ച്—‘വിരൂപനാക്കപ്പെടുന്ന’തിൽനിന്ന് “അത്യന്തം ഉന്നതനാ”ക്കപ്പെടുന്നത്—വർണിച്ചശേഷം യെശയ്യാവ് ഇങ്ങനെ ചോദിക്കുന്നു: “ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” (യെശയ്യാവു 53:1) യെശയ്യാവിന്റെ ഈ വാക്കുകൾ ശ്രദ്ധേയമായ ചോദ്യങ്ങൾ ഉന്നയിക്കുന്നു: ഈ പ്രവചനം നിവൃത്തിയേറുമോ? ശക്തി പ്രകടിപ്പിക്കാനുള്ള യഹോവയുടെ പ്രാപ്തിയെ പ്രതിനിധാനം ചെയ്യുന്ന “യഹോവയുടെ ഭുജം” വെളിപ്പെടുകയും അങ്ങനെ ഈ വാക്കുകൾ സത്യമായി ഭവിക്കുകയും ചെയ്യുമോ?
13. യെശയ്യാ പ്രവചനം യേശുവിൽ നിവൃത്തിയേറിയതായി പൗലൊസ് വ്യക്തമാക്കിയത് എങ്ങനെ, പ്രതികരണം എന്തായിരുന്നു?
13 ഉത്തരം നിസ്സംശയമായും ഉവ്വ് എന്നാണ്! യെശയ്യാവ് കേട്ടതും രേഖപ്പെടുത്തിയതുമായ ആ പ്രവചനം യേശുവിൽ നിവൃത്തിയേറിയെന്ന് വ്യക്തമാക്കാൻ റോമർക്കുള്ള ലേഖനത്തിൽ പൗലൊസ് യെശയ്യാവിന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. ഭൂമിയിലെ യാതനകൾക്കു ശേഷം യേശു മഹത്ത്വീകരിക്കപ്പെട്ടു എന്നുള്ളത് സുവാർത്തയായിരുന്നു. “എങ്കിലും,” അവിശ്വാസികളായ യഹൂദരെ പരാമർശിച്ചുകൊണ്ടു പൗലൊസ് പറയുന്നു, ‘എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ. ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.’ (റോമർ 10:16, 17) ദുഃഖകരമെന്നു പറയട്ടെ, പൗലൊസിന്റെ നാളിൽ ദൈവദാസനെ കുറിച്ചുള്ള സുവാർത്തയിൽ വളരെ കുറച്ചു പേരേ വിശ്വാസം അർപ്പിച്ചുള്ളൂ. എന്തുകൊണ്ട്?
14, 15. ഏതു പശ്ചാത്തലത്തിലാണ് യേശു ഭൗമിക രംഗത്ത് പ്രത്യക്ഷപ്പെടുന്നത്?
14 പ്രവചനം അടുത്തതായി 1-ാം വാക്യത്തിൽ അത്തരം ചോദ്യങ്ങൾ രേഖപ്പെടുത്താൻ കാരണമെന്താണെന്നു വിശദീകരിക്കുന്നു: “അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളെക്കുന്നതുപോലെയും [ഒരു നിരീക്ഷകന്റെ] മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.” (യെശയ്യാവു 53:2) ഇവിടെ നാം മിശിഹാ ഭൗമിക രംഗത്തു പ്രത്യക്ഷപ്പെടുമ്പോഴത്തെ പാശ്ചാത്തലം കാണുന്നു. എളിയ തുടക്കമായിരിക്കും അവന്റേത്. അവനെ നിരീക്ഷിക്കുന്നവർക്ക് അവൻ ഒന്നുമല്ലാത്തതായി കാണപ്പെടും. കൂടാതെ, അവൻ ഒരു തായ്ത്തടിയിൽനിന്ന് അല്ലെങ്കിൽ ശാഖയിൽനിന്നു മുളച്ചുവരുന്ന വെറുമൊരു ദുർബലമായ തൈ പോലെ, വരണ്ടുണങ്ങിക്കിടക്കുന്ന നിലത്ത് വെള്ളത്തിനായി കാത്തിരിക്കുന്ന ഒരു വേരു പോലെ ആയിരിക്കും. അവൻ രാജകീയമായിട്ടല്ല പ്രത്യക്ഷപ്പെടുന്നത്. രാജവസ്ത്രമോ വെട്ടിത്തിളങ്ങുന്ന കിരീടമോ അവൻ അണിയുന്നില്ല. പകരം, അവന്റെ തുടക്കം എളിയതും പ്രകടനപരതയില്ലാത്തതും ആയിരിക്കും.
15 ഒരു മനുഷ്യൻ എന്ന നിലയിലുള്ള യേശുവിന്റെ എളിയ തുടക്കത്തെ അത് എത്ര നന്നായി ചിത്രീകരിക്കുന്നു! ബേത്ത്ലേഹെം എന്ന കൊച്ചു പട്ടണത്തിലെ ഒരു കാലിത്തൊഴുത്തിൽ യഹൂദ സ്ത്രീയായ മറിയ അവനെ പ്രസവിച്ചു. b (ലൂക്കൊസ് 2:7; യോഹന്നാൻ 7:42) മറിയയും ഭർത്താവ് യോസേഫും പാവപ്പെട്ടവരായിരുന്നു. യേശു ജനിച്ച് ഏകദേശം 40 ദിവസമായപ്പോൾ അവർ, ദരിദ്രരുടെ കാര്യത്തിൽ അനുവദിച്ചിരുന്ന ‘രണ്ടു കുറു പ്രാവിനെ’ അല്ലെങ്കിൽ ‘രണ്ടു പ്രാവിൻകുഞ്ഞിനെ’ പാപയാഗത്തിനായി കൊണ്ടുവന്നു. (ലൂക്കൊസ് 2:24; ലേവ്യപുസ്തകം 12:6-8) ക്രമേണ മറിയയും യോസേഫും നസറെത്തിൽ താമസമുറപ്പിച്ചു. അവിടെ ഒരു വലിയ കുടുംബത്തിൽ, സാധ്യതയനുസരിച്ച് ലളിതമായ സാഹചര്യങ്ങളിൽ യേശു വളർന്നുവന്നു.—മത്തായി 13:55, 56.
16. യേശുവിന് ‘രൂപഗുണ’മോ “കോമളത്വ”മോ ഇല്ലായിരുന്നു എന്നത് എങ്ങനെ സത്യമായി?
16 ഒരു മനുഷ്യനെന്ന നിലയിൽ യേശു വേരൂന്നിയത് നല്ല മണ്ണിലല്ലാത്തതായി കാണപ്പെട്ടു. (യോഹന്നാൻ 1:46; 7:41, 52) അവൻ പൂർണ മനുഷ്യനും ദാവീദുരാജാവിന്റെ വംശത്തിൽ പിറന്നവനും ആയിരുന്നെങ്കിലും അവന്റെ എളിയ സാഹചര്യം അവന് ‘രൂപഗുണ’മോ “കോമളത്വ”മോ പ്രദാനം ചെയ്തില്ല. മിശിഹാ മതിപ്പുളവാക്കുന്ന പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടാൻ പ്രതീക്ഷിച്ചിരുന്നവർക്കെങ്കിലും അങ്ങനെ തോന്നിയിരിക്കാം. യഹൂദ മതനേതാക്കന്മാരുടെ പ്രേരണയ്ക്കു വിധേയരായി പലരും അവനെ അവഗണിക്കാനും തുച്ഛീകരിക്കാനും ഇടയായി. ഒടുവിൽ ദൈവത്തിന്റെ പൂർണതയുള്ള പുത്രനിൽ ആഗ്രഹിക്കത്തക്ക സൗന്ദര്യമൊന്നും അവർക്കു കാണാൻ കഴിഞ്ഞില്ല.—മത്തായി 27:11-26.
‘മനുഷ്യരാൽ നിന്ദിക്കപ്പെട്ടവനും ത്യജിക്കപ്പെട്ടവനും’
17. (എ) യെശയ്യാവ് എന്തിനെ കുറിച്ചു വർണിക്കാൻ തുടങ്ങുന്നു, സംഭവങ്ങൾ നടന്നുകഴിഞ്ഞതു പോലെ അവൻ എഴുതുന്നത് എന്തുകൊണ്ട്? (ബി) യേശുവിനെ “നിന്ദി”ക്കുകയും “ത്യജി”ക്കുകയും ചെയ്തത് ആർ, അവർ അതു ചെയ്തത് എങ്ങനെ?
17 അടുത്തതായി യെശയ്യാവ്, മിശിഹായെ ആളുകൾ എങ്ങനെ വീക്ഷിക്കുമെന്നും അവനോട് എങ്ങനെ ഇടപെടുമെന്നും വർണിക്കാൻ തുടങ്ങുന്നു: “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.” (യെശയ്യാവു 53:3) തന്റെ വാക്കുകൾ സത്യമായി ഭവിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവ അതിനോടകം നിറവേറി എന്നവണ്ണം ഭൂതകാലത്തിലാണ് യെശയ്യാവ് എഴുതുന്നത്. യേശുക്രിസ്തു വാസ്തവമായും ‘നിന്ദിക്കപ്പെടുകയും ത്യജിക്കപ്പെടുകയും’ ചെയ്തോ? തീർച്ചയായും! സ്വയനീതിക്കാരായ മതനേതാക്കന്മാരും അവരുടെ അനുഗാമികളും അവനെ ഏറ്റവും നിന്ദ്യനായി വീക്ഷിച്ചു. അവൻ ചുങ്കക്കാരുടെയും വേശ്യമാരുടെയും സ്നേഹിതനാണെന്ന് അവർ പറഞ്ഞു. (ലൂക്കൊസ് 7:34, 37-39) അവർ അവന്റെ മുഖത്തു തുപ്പി. അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു, ആക്ഷേപിച്ചു, പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു. (മത്തായി 26:67) സത്യത്തിന്റെ ഈ ശത്രുക്കളുടെ സ്വാധീനത്തിൽ അകപ്പെട്ട് യേശുവിന്റെ “സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.”—യോഹന്നാൻ 1:10, 11.
18. യേശുവിന് ഒരിക്കലും രോഗം പിടിപെടാതിരുന്ന സ്ഥിതിക്ക്, അവൻ ‘വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നത്’ എങ്ങനെ?
18 പൂർണ മനുഷ്യൻ എന്ന നിലയിൽ യേശുവിനു രോഗം ബാധിച്ചില്ല. എന്നിട്ടും, അവൻ “വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു.” ആ വ്യസനവും രോഗവും അവനുണ്ടായതല്ല. യേശു സ്വർഗത്തിൽനിന്ന് രോഗഗ്രസ്തമായ ഒരു ലോകത്തിലേക്കാണു വന്നത്. യാതനയും വേദനയും നിറഞ്ഞ ലോകത്തിൽ ജീവിച്ച അവൻ ശാരീരികമോ ആത്മീയമോ ആയി രോഗഗ്രസ്തരായിരുന്നവരെ തള്ളിക്കളഞ്ഞില്ല. കരുതലുള്ള ഒരു ചികിത്സകനെ പോലെ അവൻ തന്റെ ചുറ്റുമുള്ളവരുടെ യാതന മനസ്സിലാക്കി. കൂടാതെ, ഒരു സാധാരണ ചികിത്സകനു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ പോലും അവനു കഴിഞ്ഞു.—ലൂക്കൊസ് 5:27-32.
19. ആരാണ് മുഖം ‘മറച്ചുകളഞ്ഞത്,’ യേശുവിന്റെ ശത്രുക്കൾ “അവനെ ആദരി”ക്കുന്നില്ലെന്ന് പ്രകടമാക്കിയത് എങ്ങനെ?
19 എന്നിരുന്നാലും, യേശുവിന്റെ ശത്രുക്കൾ അവനെയാണ് രോഗിയായി കണ്ടത്, അവനിൽ താത്പര്യമെടുക്കാൻ അവർ വിസമ്മതിച്ചു. ‘അവനെ കാണുന്നവർ മുഖം മറച്ചുകളയുന്നു’ എന്ന് യെശയ്യാവു 53:3 പറയുന്നു. യേശുവിന്റെ എതിരാളികൾ അവനെ മത്സരിയായിട്ടാണ് വീക്ഷിച്ചത്. ഫലത്തിൽ, കാഴ്ചയ്ക്ക് അറപ്പുളവാക്കുന്ന ഒരുവൻ എന്നവണ്ണം അവനിൽനിന്നു തങ്ങളുടെ കണ്ണുകൾ തിരിച്ചുകളഞ്ഞു. ഒരു അടിമയുടെ വിലയേ അവർ അവനു കൽപ്പിച്ചുള്ളൂ. (പുറപ്പാടു 21:32; മത്തായി 26:14-16) കൊലപ്പുള്ളിയായ ബറബ്ബാസിനുള്ള മൂല്യം പോലും അവർ അവനു കൽപ്പിച്ചില്ല. (ലൂക്കൊസ് 23:17-25) യേശുവിനെ കുറിച്ചുള്ള തങ്ങളുടെ തരംതാണ അഭിപ്രായം പ്രകടമാക്കാൻ അതിലും കൂടുതലായി അവർക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു?
20. യെശയ്യാവിന്റെ വാക്കുകൾ യഹോവയുടെ ജനത്തിന് എന്ത് ആശ്വാസമേകുന്നു?
20 യെശയ്യാവിന്റെ വാക്കുകളിൽനിന്ന് യഹോവയുടെ ജനത്തിന് ഇന്ന് വളരെ ആശ്വാസം കണ്ടെത്താൻ കഴിയും. ചിലപ്പോഴൊക്കെ എതിരാളികൾ യഹോവയുടെ വിശ്വസ്ത ആരാധകരെ അവർ ഒന്നുമല്ലെന്നവണ്ണം നിന്ദിച്ചേക്കാം. എങ്കിലും യേശുവിന്റെ കാര്യത്തിൽ സത്യമായിരുന്നതു പോലെ, യഹോവയുടെ ദൃഷ്ടിയിൽ നാം എത്ര വിലയുള്ളവരാണ് എന്നതാണു പ്രധാനപ്പെട്ട സംഗതി. മനുഷ്യർ ‘യേശുവിനെ ആദരിച്ചില്ല’ എങ്കിലും ദൈവദൃഷ്ടിയിൽ അവനുണ്ടായിരുന്ന വലിയ മൂല്യത്തിന് അതു തീർച്ചയായും മാറ്റം വരുത്തിയില്ല!
“നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേററു”
21, 22. (എ) മറ്റുള്ളവർക്കായി മിശിഹാ എന്തു വഹിക്കുകയും ചുമക്കുകയും ചെയ്തു? (ബി) പലരും മിശിഹായെ വീക്ഷിച്ചത് എങ്ങനെ, അവന്റെ യാതന പരകോടിയിൽ എത്തിയത് എങ്ങനെ?
21 മിശിഹാ കഷ്ടം സഹിച്ചു മരിക്കേണ്ടിവന്നത് എന്തുകൊണ്ട്? യെശയ്യാവ് വിവരിക്കുന്നു: “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേററും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെ മേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെററിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേൽ ചുമത്തി.”—യെശയ്യാവു 53:4-6.
22 മിശിഹാ മറ്റുള്ളവരുടെ രോഗങ്ങൾ വഹിക്കുകയും വേദനകളെ ചുമക്കുകയും ചെയ്തു. അവൻ അവരുടെ ചുമടുകൾ ചുമന്നു, പ്രതീകാത്മകമായി പറഞ്ഞാൽ, അവൻ അവയെ തന്റെ ചുമലിൽ വഹിച്ചു. രോഗവും വേദനയും മനുഷ്യവർഗത്തിന്റെ പാപപൂർണമായ അവസ്ഥയുടെ ഫലങ്ങളാണെങ്കിലും മിശിഹാ മറ്റുള്ളവരുടെ പാപങ്ങളെ ചുമന്നു. അവൻ യാതന അനുഭവിച്ചതിന്റെ കാരണം പലർക്കും മനസ്സിലായില്ല. അറപ്പുളവാക്കുന്ന രോഗം വരാൻ ഇടയാക്കിക്കൊണ്ട് ദൈവം അവനെ ശിക്ഷിക്കുകയാണെന്ന് അവർ വിശ്വസിച്ചു. c മുറിവും തകർച്ചയും അടിയും അനുഭവിച്ചുകൊണ്ട് മിശിഹാ യാതനയുടെ പരകോടിയിലെത്തി—ക്രൂരവും വേദനാകരവുമായ മരണത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ശക്തമായ പദങ്ങളാണവ. എങ്കിലും അവന്റെ മരണത്തിന് പ്രായശ്ചിത്ത മൂല്യമുണ്ട്; അത് അകൃത്യത്തിലും പാപത്തിലും അലയുന്നവരെ ദൈവവുമായുള്ള ഒരു സമാധാന ബന്ധത്തിലേക്കു വരാൻ സഹായിച്ചുകൊണ്ട് അവർക്കു സൗഖ്യം പ്രാപിക്കുന്നതിനുള്ള അടിസ്ഥാനം നൽകുന്നു.
23. ഏത് അർഥത്തിലാണ് യേശു മറ്റുള്ളവരുടെ യാതനകൾ ചുമന്നത്?
23 യേശു മറ്റുള്ളവരുടെ യാതനകൾ സഹിച്ചത് എങ്ങനെ? യെശയ്യാവു 53:4 ഉദ്ധരിച്ചുകൊണ്ട് മത്തായിയുടെ സുവിശേഷം ഇങ്ങനെ പറയുന്നു: “പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.” (മത്തായി 8:16, 17) തന്റെ അടുക്കൽ പലവിധ രോഗങ്ങളുമായി വന്നവരെ സുഖപ്പെടുത്തുകവഴി യേശു ഫലത്തിൽ അവരുടെയെല്ലാം യാതനകൾ സ്വയം ഏറ്റെടുത്തു. അത്തരം രോഗശാന്തിക്ക് അവൻ തന്റെ ശക്തി ഉപയോഗപ്പെടുത്തി. (ലൂക്കൊസ് 8:43-48) സകല രോഗങ്ങളെയും—ശാരീരികവും ആത്മീയവുമായവ—സുഖപ്പെടുത്താനുള്ള അവന്റെ പ്രാപ്തി, ജനത്തെ പാപത്തിൽനിന്നു വെടിപ്പാക്കാൻ അവനെ അധികാരപ്പെടുത്തിരിക്കുന്നു എന്നതിനു തെളിവു നൽകി.—മത്തായി 9:2-8.
24. (എ) ദൈവം യേശുവിനെ “ശിക്ഷി”ക്കുകയായിരുന്നു എന്ന് പലർക്കും തോന്നിയത് എന്തുകൊണ്ട്? (ബി) യേശു കഷ്ടം സഹിച്ചു മരിച്ചത് എന്തിനു വേണ്ടി?
24 എങ്കിലും, ദൈവം യേശുവിനെ ‘ശിക്ഷിക്കുക’യാണെന്നാണ് അനേകർക്കും തോന്നിയത്. എന്തൊക്കെയാണെങ്കിലും, ആദരണീയരായ മതനേതാക്കന്മാർ നിമിത്തം അവനു യാതന അനുഭവിക്കേണ്ടിവന്നു എന്നതു നേരാണ്. എങ്കിലും, സ്വന്തം പാപങ്ങൾക്കായല്ല അവനു കഷ്ടം സഹിക്കേണ്ടി വന്നത് എന്ന കാര്യം ഓർമിക്കുക. പത്രൊസ് ഇങ്ങനെ പറയുന്നു: “ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.” (1 പത്രൊസ് 2:21, 22, 24) നാമെല്ലാവരും ഒരിക്കൽ, “തെററി ഉഴലുന്ന ആടുകളെപ്പോലെ” പാപത്തിൽ വഴിതെറ്റിപ്പോയിരുന്നു. (1 പത്രൊസ് 2:25) എന്നുവരികിലും, യേശുവിലൂടെ പാപപൂർണമായ അവസ്ഥയിൽനിന്ന് യഹോവ നമുക്കു വിടുതലേകി. നമ്മുടെ അകൃത്യം യേശുവിന്റെ ‘മേൽ ചുമത്താൻ’ അവൻ ഇടവരുത്തി. പാപരഹിതനായ യേശു സ്വമനസ്സാലെ നമ്മുടെ പാപങ്ങൾക്കായി ശിക്ഷ സഹിച്ചു. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും വധസ്തംഭത്തിൽ ലജ്ജാകരമായ മരണത്തിന് വിധേയനായിക്കൊണ്ട് നമുക്കു ദൈവവുമായി ഒരു സമാധാന ബന്ധത്തിലേക്കു വരുന്നതിനുള്ള വഴി അവൻ തുറന്നുതന്നു.
‘അവൻ പീഡിപ്പിക്കപ്പെടാൻ സ്വയം അനുവദിച്ചു’
25. മിശിഹാ കഷ്ടം സഹിക്കാനും മരിക്കാനും സന്നദ്ധനായിരുന്നുവെന്ന് നമുക്കെങ്ങനെ അറിയാം?
25 മിശിഹാ കഷ്ടം സഹിക്കാനും മരിക്കാനും സന്നദ്ധനായിരുന്നോ? യെശയ്യാവ് ഇങ്ങനെ പറയുന്നു: “തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു [“പീഡിപ്പിക്കപ്പെടാൻ സ്വയം അനുവദിക്കുകയായിരുന്നു,” NW]; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.” (യെശയ്യാവു 53:7) തന്റെ ജീവിതത്തിന്റെ അവസാന രാത്രിയിൽ സഹായത്തിനായി യേശുവിനു “പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ” വിളിക്കാമായിരുന്നു. പക്ഷേ, അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുളള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും”? (മത്തായി 26:53, 54) “ദൈവത്തിന്റെ കുഞ്ഞാടു” ചെറുത്തുനിന്നില്ല. (യോഹന്നാൻ 1:29) മഹാപുരോഹിതന്മാരും മൂപ്പന്മാരും പീലാത്തൊസിന്റെ മുമ്പിൽവെച്ച് അവന്റെമേൽ വ്യാജാരോപണം ചുമത്തിയപ്പോൾ അവൻ “ഒന്നും ഉത്തരം പറഞ്ഞില്ല.” (മത്തായി 27:11-14) തന്നെ സംബന്ധിച്ച ദൈവേഷ്ടത്തിന് തടസ്സം സൃഷ്ടിച്ചേക്കാവുന്ന എന്തെങ്കിലും പറയാൻ അവൻ ആഗ്രഹിച്ചില്ല. തന്റെ മരണം അനുസരണമുള്ള മനുഷ്യവർഗത്തെ പാപത്തിൽനിന്നും രോഗത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കുമെന്ന് നന്നായി അറിയാമായിരുന്ന യേശു ഒരു ബലിയാടിനെ പോലെ മരിക്കാൻ മനസ്സൊരുക്കമുള്ളവൻ ആയിരുന്നു.
26. യേശുവിന്റെ എതിരാളികൾ ‘നിയന്ത്രണം’ കാട്ടിയത് ഏതു വിധത്തിൽ?
26 യെശയ്യാവ് ഇപ്പോൾ മിശിഹായുടെ യാതനയും നിന്ദയും സംബന്ധിച്ചു കൂടുതലായ വിശദാംശങ്ങൾ നൽകുന്നു. പ്രവാചകൻ ഇങ്ങനെ എഴുതുന്നു: “അവൻ പീഡനത്താലും [“നിയന്ത്രണത്താലും,” NW] ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?” (യെശയ്യാവു 53:8) യേശുവിനെ ഒടുവിൽ മതശത്രുക്കൾ പിടിച്ചുകൊണ്ടു പോയപ്പോൾ അവനോടുള്ള ഇടപെടലിൽ അവർ ‘നിയന്ത്രണം’ കാട്ടി. അതിന്റെ അർഥം അവർ തങ്ങളുടെ വിദ്വേഷം നിയന്ത്രിച്ചു എന്നല്ല, മറിച്ച് നീതി നിയന്ത്രിച്ചു അഥവാ തടഞ്ഞുവെച്ചു എന്നാണ്. ഗ്രീക്ക് സെപ്റ്റുവജിന്റിൽ യെശയ്യാവു 53:8-ൽ “നിയന്ത്രണ”ത്താൽ എന്നതിനു പകരം “നിന്ദ”യാൽ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധാരണ കുറ്റവാളികൾക്ക് അർഹതപ്പെട്ട ന്യായമായ പെരുമാറ്റം പോലും നിഷേധിച്ചുകൊണ്ട് യേശുവിന്റെ എതിരാളികൾ അവനെ നിന്ദിച്ചു. യേശുവിന്റെ വിചാരണ ന്യായത്തിന്റെ പേരിൽ നടത്തിയ ഒരു പ്രഹസനം ആയിരുന്നു. അതെങ്ങനെ?
27. യഹൂദ മതനേതാക്കന്മാർ യേശുവിനെ വിചാരണ ചെയ്യവേ എന്തെല്ലാം നിയമങ്ങൾ ലംഘിച്ചു, അവർ ദൈവത്തിന്റെ ന്യായപ്രമാണം ലംഘിച്ചത് ഏതു വിധങ്ങളിൽ?
27 യേശുവിനെ വധിക്കാനുള്ള ദൃഢതീരുമാനത്തിൽ യഹൂദ മതനേതാക്കന്മാർ തങ്ങളുടെതന്നെ നിയമം ലംഘിച്ചു. പാരമ്പര്യം അനുസരിച്ച് സൻഹെദ്രിം, വധശിക്ഷ അർഹിക്കുന്ന ഒരു കേസിന്റെ വിചാരണ നടത്തുന്നത് മഹാപുരോഹിതന്റെ വസതിയിൽ വെച്ചല്ല, മറിച്ച് ആലയ പരിസരത്തുള്ള, ചെത്തിയെടുത്ത കല്ലുകൾകൊണ്ടു പണിത ഹാളിൽവെച്ചാണ്. അത്തരം വിചാരണകൾ സൂര്യാസ്തമയ ശേഷമല്ല, മറിച്ച് പകൽസമയത്തു വേണമായിരുന്നു നടത്താൻ. വധശിക്ഷ അർഹിക്കുന്ന കേസിന്റെ വിധി വിചാരണ കഴിഞ്ഞ് പിറ്റേന്ന് വേണമായിരുന്നു കുറ്റവാളിയെ അറിയിക്കാൻ. അതുകൊണ്ട് ശബ്ബത്തിന്റെയോ ഏതെങ്കിലും ഉത്സവത്തിന്റെയോ നാളിൽ വൈകുന്നേരം വിചാരണ നടത്താൻ പാടില്ലായിരുന്നു. ഈ നിയമങ്ങളെല്ലാം യേശുവിന്റെ വിചാരണയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടു. (മത്തായി 26:57-68) അതിനെക്കാളൊക്കെ ഹീനമെന്നു പറയട്ടെ, ഈ കേസ് കൈകാര്യം ചെയ്യവേ മതനേതാക്കന്മാർ യാതൊരു സങ്കോചവുമില്ലാതെ ദൈവത്തിന്റെ ന്യായപ്രമാണം ലംഘിച്ചു. ഉദാഹരണത്തിന്, യേശുവിനെ കുരുക്കാൻ അവർ കൈക്കൂലി നൽകി. (ആവർത്തനപുസ്തകം 16:19; ലൂക്കൊസ് 22:2-6) വ്യാജ സാക്ഷികൾക്ക് അവർ ചെവികൊടുത്തു. (പുറപ്പാടു 20:16; മർക്കൊസ് 14:55, 56) മാത്രമല്ല, ഒരു കൊലപ്പുള്ളിയെ വിടുവിക്കാൻ കൂട്ടുനിൽക്കുകവഴി അവർ തങ്ങളുടെമേലും ദേശത്തിന്റെമേലും രക്തപാതകക്കുറ്റം വരുത്തിവെച്ചു. (സംഖ്യാപുസ്തകം 35:31-34; ആവർത്തനപുസ്തകം 19:11-13; ലൂക്കൊസ് 23:16-25) തന്മൂലം, ശരിയായ, നിഷ്പക്ഷ വിചാരണയുടെ അടിസ്ഥാനത്തിലുള്ള “ശിക്ഷാവിധി” നടന്നില്ല.
28. യേശുവിന്റെ ശത്രുക്കൾ എന്തു പരിചിന്തിക്കാൻ പരാജയപ്പെട്ടു?
28 തങ്ങൾ വിചാരണ ചെയ്യുന്ന വ്യക്തി വാസ്തവത്തിൽ ആരാണെന്ന് അറിയാൻ യേശുവിന്റെ ശത്രുക്കൾ ശ്രമിച്ചോ? സമാനമായ ചോദ്യം യെശയ്യാവ് ഉന്നയിക്കുന്നു: “അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?” “തലമുറ” എന്ന പദം ഇവിടെ ഒരുവന്റെ വംശത്തെ അല്ലെങ്കിൽ പശ്ചാത്തലത്തെ ആയിരിക്കാം പരാമർശിക്കുന്നത്. യേശു സൻഹെദ്രിമിന്റെ മുമ്പാകെ വിചാരണ ചെയ്യപ്പെടുമ്പോൾ അതിലെ അംഗങ്ങൾ അവന്റെ പശ്ചാത്തലം—അവൻ വാഗ്ദത്ത മിശിഹായുടെ വ്യവസ്ഥകൾ നിവർത്തിച്ചു എന്നത്—പരിചിന്തിച്ചില്ല. പകരം, അവർ അവനെ ദൈവദൂഷകനെന്നു മുദ്ര കുത്തി മരണത്തിനു വിധിച്ചു. (മർക്കൊസ് 14:64) പിന്നീട്, റോമൻ ഗവർണറായിരുന്ന പൊന്തിയൊസ് പീലാത്തൊസ് സമ്മർദത്തിനു വഴങ്ങി യേശുവിനെ തൂക്കിലേറ്റാൻ വിധിച്ചു. (ലൂക്കൊസ് 23:13-25) അങ്ങനെ, വെറും 33 1/2 വയസ്സിൽ അതായത് ജീവിതമധ്യേ യേശു “ഛേദിക്കപ്പെട്ടു.”
29. യേശുവിന്റെ ശവക്കുഴി “ദുഷ്ടന്മാരോടുകൂടെ”യും “സമ്പന്നന്മാരോടുകൂടെ”യും ആയിരുന്നത് എങ്ങനെ?
29 അടുത്തതായി യെശയ്യാവ്, മിശിഹായുടെ മരണത്തെയും ശവസംസ്കാരത്തെയും കുറിച്ച് എഴുതുന്നു: “അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടെ ആയിരുന്നു.” (യെശയ്യാവു 53:9) മരണത്തിലും ശവസംസ്കാരത്തിലും യേശു ദുഷ്ടന്മാരോടും സമ്പന്നരോടുംകൂടെ ആയിരുന്നത് എങ്ങനെ? നീസാൻ 14-ാം തീയതി അവൻ യെരൂശലേമിന്റെ മതിലുകൾക്കു പുറത്തുള്ള വധസ്തംഭത്തിൽ കിടന്നു മരിച്ചു. രണ്ടു ദുഷ്പ്രവൃത്തിക്കാരോടു കൂടെ അവനെ തൂക്കിലേറ്റിയതുകൊണ്ട് ഒരർഥത്തിൽ അവന്റെ ശവക്കുഴി ദുഷ്ടന്മാരോടുകൂടെ ആയിരുന്നു. (ലൂക്കൊസ് 23:33) എന്നാൽ, യേശു മരിച്ചശേഷം, അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ ധൈര്യം സംഭരിച്ച് പീലാത്തൊസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം അടക്കം ചെയ്യുന്നതിന് അനുമതി ചോദിച്ചു. നിക്കോദേമൊസും യോസേഫും ചേർന്ന് യേശുവിന്റെ ശരീരം സംസ്കാരത്തിനായി ഒരുക്കുകയും യോസേഫ് പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു പുതിയ കല്ലറയിൽ അവനെ അടക്കുകയും ചെയ്തു. (മത്തായി 27:57-60; യോഹന്നാൻ 19:38-42) അതുകൊണ്ട് യേശുവിന്റെ ശവക്കുഴി സമ്പന്നന്മാരോടുകൂടെയും ആയിരുന്നു.
“തകർത്തുകളവാൻ യഹോവെക്കു ഇഷ്ടം തോന്നി”
30. യേശു തകർക്കപ്പെടുന്നതിൽ ഏത് അർഥത്തിലാണ് യഹോവയ്ക്ക് ഇഷ്ടം തോന്നിയത്?
30 അടുത്തതായി യെശയ്യാവ് അമ്പരപ്പിക്കുന്ന ഒരു സംഗതി പറയുന്നു: “എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടം തോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും. അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.” (യെശയ്യാവു 53:10, 11) തന്റെ വിശ്വസ്ത ദാസൻ തകർക്കപ്പെടുന്നതിൽ യഹോവയ്ക്ക് എങ്ങനെ ഇഷ്ടം തോന്നിയിരിക്കാം? വ്യക്തമായി പറഞ്ഞാൽ, യഹോവ നേരിട്ട് തന്റെ ദാസനു കഷ്ടം വരുത്തിയില്ല. യേശുവിനോടു ചെയ്ത അന്യായത്തിനു പൂർണ ഉത്തരവാദികൾ അവന്റെ ശത്രുക്കളാണ്. എങ്കിലും, അവ്വണ്ണം ക്രൂരമായി പെരുമാറാൻ യഹോവ അവരെ അനുവദിച്ചു. (യോഹന്നാൻ 19:11) എന്തു കാരണത്താൽ? തന്റെ നിർദോഷിയായ പുത്രൻ കഷ്ടം സഹിക്കുന്നത് സഹാനുഭൂതിയും ആർദ്ര ദയയുമുള്ള ദൈവത്തെ വേദനിപ്പിച്ചു എന്നതിൽ സംശയമില്ല. (യെശയ്യാവു 63:9; ലൂക്കൊസ് 1:77-79) യഹോവയ്ക്ക് ഒരു വിധത്തിലും യേശുവിനോട് അപ്രീതി തോന്നിയിരുന്നില്ല. എന്നിട്ടും, കഷ്ടം സഹിക്കാനുള്ള തന്റെ പുത്രന്റെ മനസ്സൊരുക്കത്തിൽ—അതുമൂലം കൈവരുന്ന അനുഗ്രഹങ്ങളുടെ പേരിൽ—യഹോവ സന്തുഷ്ടനായിരുന്നു.
31. (എ) ഏതു വിധത്തിലാണ് യഹോവ യേശുവിന്റെ പ്രാണനെ “ഒരു അകൃത്യയാഗമായി” കരുതിയത്? (ബി) ഒരു മനുഷ്യനെന്ന നിലയിൽ കഷ്ടപ്പാടുകൾ അനുഭവിച്ച ശേഷം യേശുവിന് പ്രത്യേകിച്ചും സംതൃപ്തി കൈവരുത്തിയത് എന്തായിരിക്കും?
31 ഒരു അനുഗ്രഹം, യേശുവിന്റെ പ്രാണൻ യഹോവ “ഒരു അകൃത്യയാഗമായി” കരുതി എന്നതാണ്. തന്മൂലം, യേശു വീണ്ടും സ്വർഗത്തിലേക്ക് ആരോഹണം ചെയ്തപ്പോൾ അവൻ അകൃത്യയാഗമായി അർപ്പിച്ച തന്റെ മനുഷ്യജീവന്റെ മൂല്യവുമായി യഹോവയുടെ സന്നിധിയിൽ പ്രവേശിച്ചു. മുഴു മനുഷ്യവർഗത്തിനും വേണ്ടി അതു സ്വീകരിക്കാൻ യഹോവ സന്തോഷമുള്ളവനായിരുന്നു. (എബ്രായർ 9:24; 10:5-14) അകൃത്യയാഗത്തിലൂടെ യേശു “സന്തതിയെ” സമ്പാദിച്ചു. ‘നിത്യപിതാവ്’ എന്നനിലയിൽ അവൻ തന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നവർക്ക് ജീവൻ—നിത്യജീവൻ—നൽകാൻ പ്രാപ്തനാണ്. (യെശയ്യാവു 9:6) ഒരു മനുഷ്യനെന്ന നിലയിൽ നിരവധി കഷ്ടപ്പാടുകൾ അനുഭവിച്ച യേശുവിന് മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാൻ കഴിയുമെന്ന പ്രത്യാശ എത്ര സംതൃപ്തിദായകമായിരിക്കണം! തീർച്ചയായും, തന്റെ ദൃഢവിശ്വസ്തത തന്റെ സ്വർഗീയ പിതാവിന്റെ പ്രതിയോഗിയായ പിശാചായ സാത്താന്റെ നിന്ദകൾക്ക് ഉത്തരം പ്രദാനം ചെയ്തിരിക്കുന്നു എന്നത് യേശുവിന് അതിനെക്കാളേറെ സംതൃപ്തി കൈവരുത്തിയിരിക്കണം.—സദൃശവാക്യങ്ങൾ 27:11.
32. എന്ത് “പരിജ്ഞാന”ത്തിലൂടെയാണ് യേശു “പലരെയും നീതീകരിക്കു”ന്നത്, ആർക്കെല്ലാമാണ് ആ അനുഗ്രഹം ലഭിച്ചിരിക്കുന്നത്?
32 യേശുവിന്റെ മരണംകൊണ്ട് ഉണ്ടായ മറ്റൊരു അനുഗ്രഹം ഇപ്പോൾപ്പോലും അത് ‘പലരെയും നീതീകരിക്കുന്നു’ എന്നതാണ്. ‘പരിജ്ഞാനത്താൽ’ ആയിരിക്കും അവൻ അങ്ങനെ ചെയ്യുന്നതെന്ന് യെശയ്യാവ് പറയുന്നു. തെളിവനുസരിച്ച്, അവൻ മനുഷ്യനായിത്തീരുകയും ദൈവത്തോടുള്ള അനുസരണത്തെപ്രതി അന്യായമായി കഷ്ടമനുഭവിക്കേണ്ടി വരികയും ചെയ്തതുവഴി സമ്പാദിച്ച പരിജ്ഞാനമാണത്. (എബ്രായർ 4:15) നീതിനിഷ്ഠമായ നിലപാടു സ്വീകരിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ പര്യാപ്തമായ യാഗം പ്രദാനം ചെയ്യാൻ മരണപര്യന്തം കഷ്ടം സഹിച്ച യേശുവിനു സാധിച്ചു. ആർക്കാണ് ഈ നീതിനിഷ്ഠമായ നിലപാട് ലഭിച്ചിരിക്കുന്നത്? ആദ്യമായി യേശുവിന്റെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക്. യേശുവിന്റെ യാഗത്തിൽ വിശ്വാസം അർപ്പിച്ചതിന്റെ ഫലമായി അവരെ പുത്രന്മാരായി ദത്തെടുക്കുകയും യേശുവിനോടൊപ്പം സഹഭരണാധിപന്മാരായി ആക്കിവെക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ യഹോവ അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു. (റോമർ 5:19; 8:16, 17) അവരെ കൂടാതെ “വേറെ ആടുക”ളുടെ ഒരു “മഹാപുരുഷാരം” യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടമാക്കുകയും ദൈവത്തിന്റെ സ്നേഹിതർ ആയിരിക്കാനും അർമഗെദോനെ അതിജീവിക്കാനുമുള്ള പ്രത്യാശയോടെ നീതിനിഷ്ഠമായ നിലപാട് ആസ്വദിക്കുകയും ചെയ്യുന്നു.—വെളിപ്പാടു 7:9; 16:14, 16, NW; യോഹന്നാൻ 10:16; യാക്കോബ് 2:23, 25.
33, 34. (എ) നമ്മുടെ ഹൃദയത്തിന് ഊഷ്മളത പകരുന്ന എന്തു കാര്യമാണ് നാം യഹോവയെ കുറിച്ചു മനസ്സിലാക്കുന്നത്? (ബി) മിശിഹൈക ദാസന് “ഓഹരി” ലഭിക്കുന്നത് ആരോടെല്ലാം ഒപ്പമാണ്?
33 ഒടുവിൽ യെശയ്യാവ്, മിശിഹാ വിജയശ്രീലാളിതൻ ആകുന്നതിനെ കുറിച്ചു വർണിക്കുന്നു: “അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇട നിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.”—യെശയ്യാവു 53:12.
34 യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗം ഉപസംഹരിക്കുന്നത് യഹോവയെ കുറിച്ച് ഹൃദയോഷ്മളമായ ഒരു കാര്യം പഠിപ്പിച്ചുകൊണ്ടാണ്: തന്നോടു വിശ്വസ്തത കാണിക്കുന്നവരെ അവൻ വിലയേറിയവരായി കണക്കാക്കുന്നു. മിശിഹൈക ദാസന് “ഓഹരി കൊടുക്കും” എന്ന വാഗ്ദാനം അതു സൂചിപ്പിക്കുന്നു. യുദ്ധത്തിന്റെ കൊള്ള പങ്കിടുന്ന സമ്പ്രദായത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഈ വാക്കുകൾ. നോഹ, അബ്രാഹാം, ഇയ്യോബ് എന്നിവർ ഉൾപ്പെടെയുള്ള പുരാതനകാലത്തെ “അനേകരുടെ” വിശ്വസ്തതയെ യഹോവ വിലമതിക്കുന്നു. വരാനിരിക്കുന്ന പുതിയ ലോകത്തിൽ അവൻ അവർക്ക് “ഓഹരി” കൊടുക്കും. (എബ്രായർ 11:13-16) സമാനമായി, തന്റെ മിശിഹൈക ദാസനും അവൻ ഒരു ഓഹരി നൽകും. യഹോവ ഒരിക്കലും അവന്റെ ദൃഢവിശ്വസ്തതയ്ക്കു പ്രതിഫലം നൽകാതിരിക്കുകയില്ല. യഹോവ ഒരിക്കലും ‘നമ്മുടെ പ്രവൃത്തിയും അവന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളയുകയില്ല’ എന്നു നമുക്കും ഉറപ്പുണ്ടായിരിക്കാനാകും.—എബ്രായർ 6:10.
35. യേശു കൊള്ള പങ്കിടുന്ന ‘ബലവാന്മാർ’ ആരാണ്, കൊള്ളയിൽ എന്തെല്ലാം ഉൾപ്പെടുന്നു?
35 ശത്രുക്കളുടെമേൽ വിജയം വരിക്കുകവഴിയും ദൈവദാസനു യുദ്ധത്തിൽനിന്നു കൊള്ള ലഭിക്കും. “ബലവാന്മാരോടുകൂടെ” അവൻ കൊള്ള പങ്കിടും. ഈ പ്രവചന നിവൃത്തിയിൽ ‘ബലവാന്മാർ’ ആരാണ്? അവർ യേശുവിനെ പോലെ ലോകത്തെ ജയിച്ചിരിക്കുന്ന അവന്റെ ആദ്യത്തെ ശിഷ്യന്മാരാണ്—“ദൈവത്തിന്റെ യിസ്രായേ”ലിലെ പൗരന്മാരായ 1,44,000 പേർ. (ഗലാത്യർ 6:16; യോഹന്നാൻ 16:33; വെളിപ്പാടു 3:21; 14:1) അങ്ങനെയെങ്കിൽ ആ കൊള്ള എന്താണ്? തെളിവനുസരിച്ച്, അതിൽ യേശു സാത്താന്റെ നിയന്ത്രണത്തിൽനിന്ന് വിടുവിച്ച് ക്രിസ്തീയ സഭയ്ക്കു നൽകുന്ന “മനുഷ്യരാം ദാനങ്ങൾ” ഉൾപ്പെടുന്നു. (എഫെസ്യർ 4:8-12, NW) മറ്റൊരു കൊള്ളയുടെ ഓഹരിയും 1,44,000 വരുന്ന ‘ബലവാന്മാർ’ക്കു ലഭിക്കുന്നുണ്ട്. ലോകത്തിന്മേൽ വിജയം വരിച്ചതിലൂടെ ദൈവത്തെ നിന്ദിക്കുന്നതിനു സാത്താന് അവർ ഇടം കൊടുക്കുന്നില്ല. യഹോവയോടുള്ള അവരുടെ അചഞ്ചലമായ ഭക്തി അവനെ വാഴ്ത്തുന്നു, അത് അവന്റെ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു.
36. ദൈവത്തിന്റെ ദാസനെ കുറിച്ചുള്ള പ്രവചനം താൻ നിവർത്തിക്കുകയാണ് എന്ന് യേശുവിന് അറിയാമായിരുന്നോ? വിശദീകരിക്കുക.
36 താൻ ദൈവത്തിന്റെ ദാസനെ കുറിച്ചുള്ള പ്രവചനം നിവൃത്തിക്കുകയാണ് എന്ന് യേശുവിന് അറിയാമായിരുന്നു. തന്റെ മരണത്തിന്റെ രാത്രിയിൽ അവൻ യെശയ്യാവു 53:12 ഉദ്ധരിച്ച് അതു തനിക്കുതന്നെ ബാധമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തി വരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തിവരുന്നു.” (ലൂക്കൊസ് 22:36, 37) ദുഃഖകരമെന്നു പറയട്ടെ, യേശു ഒരു അധർമിയെ പോലെ എണ്ണപ്പെട്ടു. നിയമലംഘകനായി അവനെ രണ്ടു കള്ളന്മാരുടെ നടുവിൽ തൂക്കിലേറ്റി. (മർക്കൊസ് 15:27) എന്നിട്ടും, അവൻ നിന്ദ സഹിച്ചു, നമുക്കു വേണ്ടിയാണെന്നു നന്നായി അറിഞ്ഞുകൊണ്ടുതന്നെ. ഫലത്തിൽ അവൻ, അതിക്രമക്കാരുടെ ഇടയിൽ എണ്ണപ്പെടുകയും മരണശിക്ഷ അനുഭവിക്കുകയും ചെയ്തു.
37. (എ) യേശുവിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ ഏതു വസ്തുത തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു? (ബി) യഹോവയാം ദൈവത്തോടും അവന്റെ ഉന്നതനാക്കപ്പെട്ട ദാസനായ യേശുക്രിസ്തുവിനോടും നാം നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
37 യേശുവിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ അനിഷേധ്യമായ ഒരു വസ്തുത തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു: യെശയ്യാ പ്രവചനത്തിലെ ദൈവത്തിന്റെ ദാസൻ യേശുക്രിസ്തുവാണ്. നമ്മെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കുന്നതിന് കഷ്ടം സഹിക്കാനും മരിക്കാനും സന്നദ്ധനായ ദാസന്റെ പ്രാവചനിക ധർമം നിവർത്തിക്കാൻ തന്റെ പുത്രനെ അനുവദിച്ചതിന് നാം യഹോവയോട് എത്ര നന്ദിയുള്ളവരായിരിക്കണം! അതു മുഖാന്തരം യഹോവ നമ്മോട് എത്ര വലിയ സ്നേഹമാണു കാണിച്ചിരിക്കുന്നത്! റോമർ 5:8 ഇങ്ങനെ പറയുന്നു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹം പ്രദർശിപ്പിക്കുന്നു.” യേശുക്രിസ്തുവിനോട്, തന്റെ പ്രാണനെ നൽകാൻ സന്നദ്ധനായ ഉന്നതനാക്കപ്പെട്ട ദാസനോട് നാം എത്ര നന്ദിയുള്ളവരായിരിക്കണം!
[അടിക്കുറിപ്പുകൾ]
a ജെ. എഫ്. സ്റ്റെനിങ് പരിഭാഷപ്പെടുത്തിയ, ജോനഥൻ ബെൻ ഉസ്സീയേലിന്റെ (പൊ.യു. ഒന്നാം നൂറ്റാണ്ട്) റ്റാർഗത്തിൽ യെശയ്യാവു 52:13 ഇങ്ങനെ വായിക്കുന്നു: “നോക്കൂ, എന്റെ ദാസൻ, അഭിഷിക്തൻ (അഥവാ, മിശിഹാ) അഭിവൃദ്ധി പ്രാപിക്കും.” സമാനമായി, ബാബിലോണിയൻ തൽമൂദ് (ഏകദേശം പൊ.യു. മൂന്നാം നൂറ്റാണ്ട്) ഇങ്ങനെ പറയുന്നു: “മിശിഹാ—അവന്റെ പേരെന്താണ്? . . . ‘അവൻ നമ്മുടെ രോഗങ്ങളെ തീർച്ചയായും വഹിച്ചിരിക്കുന്നു’ എന്നു പറഞ്ഞിരിക്കുന്നതിനാൽ, റബ്ബിയുടെ ഗൃഹത്തിൽ [പെട്ടവർ, അവനെ രോഗിയായവൻ എന്നു വിളിക്കുന്നു].”—സൻഹെദ്രിം 98ബി; യെശയ്യാവു 53:4.
b മീഖാ പ്രവാചകൻ ബേത്ത്ലേഹെമിനെ “യെഹൂദാസഹസ്രങ്ങളിൽ ചെറുതായി” വർണിക്കുന്നു. (മീഖാ 5:2) എന്നിട്ടും, ആ ചെറിയ ബേത്ത്ലേഹെമിനു മാത്രമാണ് മിശിഹാ പിറന്ന പട്ടണം എന്ന അനുപമ പദവി ലഭിച്ചത്.
c ഇവിടെ ഉപയോഗിച്ചിരിക്കുന്ന “ശിക്ഷിച്ചു” എന്നതിനുള്ള എബ്രായ പദം കുഷ്ഠരോഗം ബാധിക്കുന്നതിനോടുള്ള ബന്ധത്തിലും ഉപയോഗിച്ചിരിക്കുന്നു. (2 രാജാക്കന്മാർ 15:5, NW) യെശയ്യാവു 53:4-ന്റെ അടിസ്ഥാനത്തിൽ മിശിഹാ കുഷ്ഠരോഗി ആയിരിക്കുമെന്നു ചില യഹൂദർ നിഗമനം ചെയ്തതായി ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ബാബിലോന്യ തൽമൂദ് “കുഷ്ഠരോഗ പണ്ഡിതൻ” എന്നു പരാമർശിച്ചുകൊണ്ട് ഈ വാക്യം മിശിഹായ്ക്കു ബാധകമാക്കി. “ഒരു കുഷ്ഠരോഗി എന്നവണ്ണം നാം അവനെ കണക്കാക്കി” എന്ന് ലത്തീൻ വൾഗേറ്റിനെ അടിസ്ഥാനപ്പെടുത്തി കത്തോലിക്കാ ഡുവേ ഭാഷാന്തരം ഈ വാക്യത്തെ പരിഭാഷപ്പെടുത്തുന്നു.
[അധ്യയന ചോദ്യങ്ങൾ]
[212-ാം പേജിലെ ചാർട്ട്]
യഹോവയുടെ ദാസൻ
യേശു ആ ധർമം നിവർത്തിച്ച വിധം
പ്രവചനം
സംഭവം
നിവൃത്തി
ഉയരുകയും ഉന്നതനാക്കപ്പെടുകയും ചെയ്യും
പ്രവൃ. 2:34-36; ഫിലി. 2:8-11; 1 പത്രൊ. 3:22
തെറ്റായി ചിത്രീകരിക്കപ്പെടുന്നു അപമാനിക്കപ്പെടുന്നു
മത്താ. 11:19; 27:39-44, 63, 64; യോഹ. 8:48; 10:20
പല ജാതികളെയും സ്തംഭിപ്പിച്ചു
മത്താ. 24:30; 2 തെസ്സ. 1:6-10; വെളി. 1:7
ആളുകൾ വിശ്വസിച്ചില്ല
യോഹ. 12:37, 38; റോമ. 10:11, 16, 17
മനുഷ്യനായുള്ള തുടക്കം എളിയതും പ്രകടനപരതയില്ലാത്തതും
നിന്ദിക്കപ്പെട്ടു ത്യജിക്കപ്പെട്ടു
മത്താ. 26:67; ലൂക്കൊ. 23: 18-25; യോഹ. 1:10, 11
നമ്മുടെ രോഗങ്ങൾ വഹിച്ചു
മത്താ. 8:16, 17; ലൂക്കൊ. 8:43-48
മുറിവേറ്റു
മറ്റുള്ളവരുടെ അകൃത്യം നിമിത്തം കഷ്ടം അനുഭവിച്ചു
കുറ്റംചുമത്തിയവരുടെ മുമ്പാകെ പരാതിപ്പെടാതെ മിണ്ടാതെയിരുന്നു
മത്താ. 27:11-14; മർക്കൊ. 14:60, 61; പ്രവൃ. 8:32, 35
അനീതിപൂർവം വിസ്തരിച്ച് കുറ്റം വിധിച്ചു
മത്താ. 26:57-68; 27:1, 2, 11-26; യോഹ. 18:12-14, 19-24, 28-40
സമ്പന്നന്മാരോടുകൂടെ അടക്കപ്പെട്ടു
മത്താ. 27:57-60; യോഹ. 19:38-42
പ്രാണൻ ഒരു അകൃത്യയാഗമായി അർപ്പിക്കപ്പെട്ടു
പലർക്കും നീതിനിഷ്ഠമായ നിലപാട് സ്വീകരിക്കുന്നതിനു വഴി തുറന്നു
റോമ. 5:18, 19; 1 പത്രൊ. 2:24; വെളി. 7:14
അതിക്രമക്കാരോടു കൂടെ എണ്ണപ്പെട്ടു
മത്താ. 26:55, 56; 27:38; ലൂക്കൊ. 22:36, 37
[203-ാം പേജിലെ ചിത്രം]
“അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടു”
[206-ാം പേജിലെ ചിത്രം]
“അവൻ വായെ തുറക്കാതിരുന്നു”
[കടപ്പാട്]
ആന്റോണിയോ ചിസെറിയുടെ “എക്ക ഹോമോ”യിൽ നിന്നുള്ള ഒരു വിശദാംശം
[211-ാം പേജിലെ ചിത്രം]
‘അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളഞ്ഞു’