സത്യസന്ധത—അത് വാസ്തവത്തിൽ ഏററം നല്ല നയമാണോ?
അധ്യായം 27
സത്യസന്ധത—അത് വാസ്തവത്തിൽ ഏററം നല്ല നയമാണോ?
നുണ പറയാൻ നിങ്ങൾ എന്നെങ്കിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടുണ്ടോ? എല്ലാം കട്ടിലിനടിയിലേക്ക് തളളിയിട്ടിട്ട് ഡോണാൾഡ് തന്റെ മുറി വൃത്തിയാക്കിയെന്ന് അമ്മയോട് പറഞ്ഞു. റിച്ചാർഡും തന്റെ മാതാപിതാക്കളെ കബളിപ്പിക്കാൻ അതുപോലെ തന്നെ നിഷ്ഫലമായ ഒരു ശ്രമം നടത്തി. താൻ പരീക്ഷയിൽ തോററത് പഠിക്കാഞ്ഞിട്ടല്ലെന്നും ‘ടീച്ചറിന് തന്നോട് വിരോധമായതുകൊണ്ടാണെന്നും’ അവൻ അവരോട് പറഞ്ഞു.
മാതാപിതാക്കളും മററ് മുതിർന്നവരും സാധാരണയായി അത്തരം സുതാര്യമായ വേലത്തരങ്ങൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും അത് പ്രയോജനകരമെന്നു തോന്നുമ്പോൾ ഭോഷ്ക്ക് പറയാനോ, സത്യം വളച്ചൊടിക്കാനോ, നേരിട്ട് വഞ്ചന പ്രയോഗിക്കാനോ ശ്രമിക്കുകയെങ്കിലും ചെയ്യുന്നതിൽ നിന്ന് അനേകം യുവജനങ്ങളെ തടയുന്നില്ല. മാതാപിതാക്കൾ എല്ലായ്പ്പോഴും പ്രതിസന്ധികളിൽ ശാന്തമായി പ്രതികരിക്കാറില്ല എന്നതാണ് ഒരു സംഗതി. നിങ്ങൾ വീട്ടിലെത്തേണ്ടിയിരുന്നതിനേക്കാൾ രണ്ടു മണിക്കൂർ വൈകി വീട്ടിൽ വരുമ്പോൾ നിങ്ങളുടെ അശ്രദ്ധ കൊണ്ട് സമയം കടന്നുപോയതറിഞ്ഞില്ല എന്ന ഭ്രമിപ്പിക്കുന്ന സത്യം പറയുന്നതിനേക്കാൾ റോഡിൽ വലിയ ഒരു അപകടമുണ്ടായി എന്ന് പറയുന്നതാണ് കൂടുതൽ എളുപ്പം എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.
സ്കൂളും സത്യസന്ധരായിരിക്കുന്നതിന്റെ മറെറാരു വെല്ലുവിളി നിങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചേക്കാം. ഗൃഹപാഠം വളരെ ഭാരിച്ചതാണ് എന്ന് വിദ്യാർത്ഥികൾക്ക് മിക്കപ്പോഴും തോന്നുന്നു. മിക്കപ്പോഴും കഴുത്തറപ്പൻ മത്സരവുമുണ്ട്. എന്തിന്, ഐക്യനാടുകളിൽ പകുതിയിലേറെ കുട്ടികൾ വഞ്ചന കാണിക്കുന്നു അല്ലെങ്കിൽ കാണിച്ചിട്ടുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒരു നുണ ആകർഷകമായി തോന്നിയേക്കാമെങ്കിലും, വഞ്ചന, രക്ഷപെടാനുളള എളുപ്പമാർഗ്ഗമായിരുന്നേക്കാമെങ്കിലും, സത്യസന്ധരായിരിക്കുന്നത് യഥാർത്ഥത്തിൽ മൂല്യവത്താണോ?
ഭോഷ്ക്ക് പറച്ചിൽ—ലാഭകരമല്ലാതിരിക്കുന്നതിന്റെ കാരണം
ശിക്ഷ ഒഴിവാക്കാൻ വേണ്ടി ഭോഷ്ക് പറയുന്നത് അപ്പോൾ ഒരു നേട്ടമായി തോന്നിയേക്കാം. എന്നാൽ ബൈബിൾ ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “ഭോഷ്കുകൾ പറഞ്ഞു വിടുന്നവൻ രക്ഷപെടുകയില്ല.” (സദൃശവാക്യങ്ങൾ 19:5) ഭോഷ്ക് കണ്ടുപിടിക്കപ്പെടാനും ശിക്ഷ ലഭിക്കാനുമുളള സാദ്ധ്യത ഏതായാലും വളരെയാണ്. അപ്പോൾ ആദ്യത്തെ തെററു നിമിത്തം മാത്രമല്ല നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് ഭോഷ്ക് പറഞ്ഞതു നിമിത്തവും അവർ കുപിതരാകും!
സ്കൂളിൽ വഞ്ചന കാണിക്കുന്നതിനെ സംബന്ധിച്ചെന്ത്? സ്കൂളിലെ നിയമപരമായ പരിപാടികളുടെ ഒരു ഡയറക്ടർ പറയുന്നു: “പഠന സംബന്ധമായ കാര്യങ്ങളിൽ വഞ്ചനകാണിക്കുന്ന ഏതൊരു വിദ്യാർത്ഥിയും ഭാവി വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുളള തന്റെ അവസരങ്ങളെ ഗൗരവമാം വണ്ണം അപകടത്തിലാക്കും.”
ചിലർ രക്ഷപെട്ടുപോകുന്നതായി തോന്നിയേക്കാമെന്നത് സത്യംതന്നെ. വഞ്ചനയിലൂടെ നിങ്ങൾക്ക് പരീക്ഷ പാസ്സാകാൻ കഴിഞ്ഞേക്കാം. എന്നാൽ അതിന്റെ ദീർഘകാലഫലങ്ങൾ എന്തൊക്കെയാണ്? നീന്തൽ പരിശീലനത്തിൽ വഞ്ചന കാണിക്കുന്നത്
വിഡ്ഢിത്തമായിരിക്കും എന്ന് നിങ്ങൾ സമ്മതിക്കും എന്നതിന് യാതൊരു സംശയവുമില്ല. എല്ലാവരും വെളളത്തിലിറങ്ങി നീന്തി രസിക്കുമ്പോൾ കരയിലിരിക്കാൻ ആരാണ് ആഗ്രഹിക്കുക! എങ്ങനെയെങ്കിലും നിങ്ങൾ ഒരു കുളത്തിൽ വീഴുന്നുവെങ്കിലോ, വഞ്ചന കാണിക്കുന്ന നിങ്ങളുടെ ശീലം നിങ്ങൾ മുങ്ങി മരിക്കാൻ ഇടയാക്കിയേക്കാം!കണക്കിലോ വായനയുടെ സംഗതിയിലോ വഞ്ചന കാണിക്കുന്നതു സംബന്ധിച്ചെന്ത്? അതിന്റെ ഫലങ്ങൾ ആദ്യമൊക്കെ അത്രതന്നെ നാടകീയമല്ലാതിരുന്നേക്കാം എന്നതു സത്യംതന്നെ. എന്നിരുന്നാലും നിങ്ങൾ വിദ്യാഭ്യാസ സംബന്ധമായ ചില അടിസ്ഥാന പ്രാപ്തികൾ വികസിപ്പിച്ചെടുത്തിട്ടില്ലെങ്കിൽ തൊഴിൽ രംഗത്ത് നിങ്ങൾ “മുങ്ങുന്നതായി” നിങ്ങൾ കണ്ടെത്തും! വഞ്ചനയിലൂടെ നേടിയെടുത്ത ഒരു ഡിപ്ലോമയ്ക്ക് നിങ്ങളുടെ ജീവനെ രക്ഷിക്കാൻ കഴിയുകയില്ല. ബൈബിൾ ഇപ്രകാരം പറയുന്നു: “കളള നാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ഉച്ഛ്വാസ വായുവാകുന്നു.” (സദൃശവാക്യങ്ങൾ 21:6) ഭോഷ്ക് കൈവരുത്തുന്ന ഏതു നേട്ടവും നീരാവിപോലെ ക്ഷണികമാണ്. വഞ്ചനകാട്ടികൊണ്ട് സ്കൂൾ ക്ലാസ്സുകളിൽ പാസ്സാകുന്നതിനേക്കാൾ കുത്തിയിരുന്ന് പഠിക്കുന്നത് എത്രയോ നന്നായിരിക്കും! “ഉത്സാഹിയുടെ പദ്ധതികൾ നേട്ടം കൈവരുത്തുന്നു” എന്ന് സദൃശവാക്യങ്ങൾ 21:5 പറയുന്നു.
ഭോഷ്ക് പറച്ചിലും നിങ്ങളുടെ മനസ്സാക്ഷിയും
മിച്ചെൽ എന്നു പേരായ കൊച്ചുപെൺകുട്ടി അവൾക്കിഷ്ടപ്പെട്ട ഒരു കളിപ്പാട്ടം പൊട്ടിച്ചു എന്നു അവളുടെ സഹോദരനെതിരെ കളവായി കുററമാരോപിച്ചു. എന്നാൽ പിന്നീട് തന്റെ നുണ അവൾതന്നെ മാതാപിതാക്കളോട് ഏററു പറയാൻ നിർബ്ബന്ധിതയായി. “അപ്പോഴെല്ലാം തന്നെ എനിക്ക് വല്ലാത്ത വിഷമം റോമർ 2:14, 15) മിച്ചെലിന്റെ മനസ്സാക്ഷി കുററബോധത്താൽ അവളെ ശല്യം ചെയ്തുകൊണ്ടിരുന്നു.
തോന്നി,” മിച്ചെൽ വിശദീകരിക്കുന്നു. “എന്റെ മാതാപിതാക്കൾ എന്നെ വിശ്വസിച്ചിരുന്നു. ഞാൻ അവരെ നിരാശപ്പെടുത്തി.” മമനുഷ്യന്റെ ഉളളിൽ തന്നെ ദൈവം എങ്ങനെയാണ് മനസ്സാക്ഷിയുടെ പ്രാപ്തി നിക്ഷേപിച്ചിരിക്കുന്നത് എന്ന് ഇത് നന്നായി ചിത്രീകരിക്കുന്നു. (തീർച്ചയായും ഒരു വ്യക്തിക്ക് തന്റെ മനസ്സാക്ഷിയെ അവഗണിക്കാൻ കഴിയും. എന്നാൽ അയാൾ ഭോഷ്ക് പറച്ചിൽ തുടരുംതോറും അയാൾ—‘മനസ്സാക്ഷിയിൽ ചൂടുവച്ചവനായി,’—ആ തെററിനോടുളള വേദകത്വം നഷ്ടപ്പെട്ടവനായിത്തീരുന്നു. (1 തിമൊഥെയോസ് 4:2) മരവിച്ച ഒരു മനസ്സാക്ഷി ഉണ്ടായിരിക്കാൻ യഥാർത്ഥത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ഭോഷ്ക് സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം
“വ്യാജം പറയുന്ന നാവ് യഹോവ വെറുത്തിരുന്ന, ഇപ്പോഴും വെറുക്കുന്ന” കാര്യങ്ങളിലൊന്നാണ്. (സദൃശവാക്യങ്ങൾ 6:16, 17) ഏതായാലും, “ഭോഷ്ക്കിന്റെ പിതാവ്” പിശാചായ സാത്താൻ തന്നെയാണ്. (യോഹന്നാൻ 8:44) ഭോഷ്കും ആളുകൾ “നിരുപദ്രവകരമായ ഭോഷ്ക് എന്നു വിളിക്കുന്നതും തമ്മിൽ ബൈബിൾ യാതൊരു വ്യത്യാസവും കൽപ്പിക്കുന്നില്ല. “യാതൊരു ഭോഷ്ക്കും സത്യത്തിൽനിന്ന് ഉത്ഭവിക്കുന്നതല്ല.”—1 യോഹന്നാൻ 2:21.
ദൈവത്തിന്റെ സ്നേഹിതനായിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും നയം സത്യസന്ധതയായിരിക്കണം. 15-ാം സങ്കീർത്തനം ഇപ്രകാരം ചോദിക്കുന്നു: “ഓ യഹോവേ ആർ നിന്റെ കൂടാരത്തിൽ അതിഥിയായിരിക്കും? ആർ നിന്റെ വിശുദ്ധപർവ്വതത്തിൽ വസിക്കും?” (വാക്യം 1) അടുത്ത നാലുവാക്യങ്ങളിലായി നൽകിയിരിക്കുന്ന ഉത്തരം നമുക്ക് പരിഗണിക്കാം:
“നിഷ്ക്കളങ്കനായി നടക്കുകയും നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.” (വാക്യം 2) അതു കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന ഒരാളെപ്പററിയാണെന്ന് തോന്നുന്നുവോ? അത് മാതാപിതാക്കളോട് നുണപറയുകയോ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് ഭാവിക്കുകയോ ചെയ്യുന്ന ഒരാളാണോ? ഒരിക്കലുമല്ല. അതുകൊണ്ട് നിങ്ങൾ ദൈവത്തിന്റെ ഒരു സുഹൃത്തായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പ്രവൃത്തികളിൽ മാത്രമല്ല നിങ്ങളുടെ ഹൃദയത്തിൽപോലും നിങ്ങൾ സത്യസന്ധരായിരിക്കണം.
“തന്റെ നാവുകൊണ്ട് അപവാദം പറഞ്ഞിട്ടില്ലാത്തവൻ. കൂട്ടുകാരന് ദോഷം ചെയ്യാതെയും സ്നേഹിതന് നിന്ദ വരുത്താതെയും ഇരുന്നിട്ടുളളവൻ.” (വാക്യം 3) നിങ്ങൾ എന്നെങ്കിലും മറെറാരാളെ നിർദ്ദയമായി മുറിപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയുന്ന യുവാക്കളുടെ ഒരു സംഘത്തോടൊപ്പമായിരുന്നിട്ടുണ്ടോ? അത്തരം സംസാരത്തിൽ പങ്കെടുക്കാതെ മാറിനിൽക്കാനുളള മനക്കരുത്ത് വികസിപ്പിച്ചെടുക്കുക!
സങ്കീർത്തനം 26:4 താരതമ്യം ചെയ്യുക.
“വഷളനെ നിന്ദ്യനായി കാണുകയും യഹോവയെ ഭയപ്പെടുന്നവരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ. തനിക്കുതന്നെ ദോഷകരമായത് സത്യം ചെയ്താലും മാററം വരുത്താത്തവൻ.” (വാക്യം 4) നുണ പറയുകയും വഞ്ചിക്കുകയും അധാർമ്മിക വീരകൃത്യങ്ങളെപ്പററി വീമ്പിളക്കുകയും ചെയ്യുന്ന ഏതൊരു യൗവനക്കാരനെയും ഒരു സുഹൃത്താക്കാതെ തളളിക്കളയുക; നിങ്ങളും അങ്ങനെ പ്രവർത്തിക്കാൻ അത്തരക്കാർ പ്രതീക്ഷിക്കും. ബോബി എന്നു പേരായ ഒരു ചെറുപ്പക്കാരൻ നിരീക്ഷിച്ചു: “നിങ്ങൾ നുണപറയുന്നതു കേൾക്കുന്ന ഒരു സുഹൃത്ത് നിങ്ങളെ കുഴപ്പത്തിൽ ചാടിക്കും. അയാൾ നിങ്ങൾക്ക് ആശ്രയിക്കാൻ കൊളളാവുന്ന ഒരു സുഹൃത്തല്ല.” സത്യസന്ധതയുടെ നിലവാരങ്ങൾ ആദരിക്കുന്ന സുഹൃത്തുക്കളെ കണ്ടുപിടിക്കുക.—തങ്ങളുടെ വാക്കുപാലിക്കുന്നവരെ യഹോവ വിലമതിക്കുന്നു അല്ലെങ്കിൽ “ആദരിക്കുന്നു” എന്ന് നിങ്ങൾ ശ്രദ്ധിച്ചോ? ഒരുപക്ഷേ ഈ ശനിയാഴ്ച വീട്ടിൽ ഏതെങ്കിലും ഒരു ജോലി ചെയ്യാമെന്ന് നിങ്ങൾ ഏററിട്ടുണ്ടായിരിക്കാം, എന്നാൽ അന്നു ഉച്ചകഴിഞ്ഞ് ഒരു പന്തുകളിയ്ക്ക് പോകാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു. നിങ്ങളുടെ വാക്ക് നിസ്സാരമായി കണക്കാക്കി മാതാപിതാക്കൾ ജോലി ചെയ്തു കൊളളട്ടെ എന്ന് വച്ച് നിങ്ങൾ സുഹൃത്തുക്കളോടൊപ്പം പോകുമോ അതോ നിങ്ങൾ നിങ്ങളുടെ വാക്കുപാലിക്കുമോ?
“അയാൾ തന്റെ പണം പലിശയ്ക്ക് കൊടുത്തിട്ടില്ല, കുററമില്ലാത്തവനെതിരെ കൈക്കൂലി വാങ്ങിയിട്ടുമില്ല. അങ്ങനെ ചെയ്യുന്നവൻ ഒരു നാളും ഇളകിപ്പോകയില്ല.” (വാക്യം 5) വഞ്ചനയുടെയും സത്യസന്ധതയില്ലായ്മയുടെയും പ്രമുഖ കാരണം അത്യാഗ്രഹമാണ് എന്നത് വാസ്തവമല്ലേ? പരീക്ഷയിൽ വഞ്ചന കാണിക്കുന്ന കുട്ടികൾ തങ്ങൾക്ക് അർഹമല്ലാത്ത ഗ്രെയിഡുകൾ കിട്ടാൻ അത്യാഗ്രഹമുളളവരാണ്. കൈക്കൂലി വാങ്ങുന്നവർ നീതിയെക്കാൾ അധികം പണത്തെ സ്നേഹിക്കുന്നു.
കാര്യം സാധിക്കാൻവേണ്ടി നിയമങ്ങളെ വളച്ചൊടിക്കുന്ന രാഷ്ട്രീയ, വ്യാപാര നേതാക്കൻമാരിലേക്ക് ചിലർ വിരൽ ചൂണ്ടുന്നുവെന്നത് സത്യംതന്നെ. എന്നാൽ അത്തരക്കാരുടെ വിജയം എത്ര ഉറപ്പുളളതാണ്? സങ്കീർത്തനം 37:2 അതിനുളള ഉത്തരം തരുന്നു: “അവർ പുല്ലുപോലെ വാടി ഇളം പച്ച പുല്ലുപോലെ ഉണങ്ങിപ്പോകും.” മററുളളവരാൽ പിടിക്കപ്പെട്ട് അപമാനിതരാകുന്നില്ലെങ്കിൽ കൂടി അവസാനം അവർ യഹോവയുടെ ന്യായവിധിയെ അഭിമുഖീകരിക്കും. എന്നാൽ ദൈവത്തിന്റെ സ്നേഹിതൻമാർ “ഒരിക്കലും ഇളകിപ്പോകയില്ല.” അവർക്ക് നിത്യമായ ഒരു ഭാവി ഉറപ്പാക്കപ്പെട്ടിരിക്കുന്നു.
“സത്യസന്ധമായ ഒരു മനസ്സാക്ഷി” വികസിപ്പിക്കൽ
അപ്പോൾ ഏതുതരത്തിലുളള ഭോഷ്ക്കും ഒഴിവാക്കാൻ ശക്തമായ കാരണമില്ലേ? തന്നെയും തന്റെ സഹപ്രവർത്തകരെയും സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾക്ക് ഒരു സത്യസന്ധമായ മനസ്സാക്ഷിയുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” (എബ്രായർ 13:18) നിങ്ങളുടെ മനസ്സാക്ഷിയും അതുപോലെ അസത്യം സംബന്ധിച്ച് വേദകത്വമുളളതാണോ? അല്ലെങ്കിൽ ബൈബിളും വീക്ഷാഗോപുരവും ഉണരുക!യും പോലുളള ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പഠിച്ചുകൊണ്ട് അതിനെ പരിശീലിപ്പിക്കുക.
യുവാവായ ബോബി നല്ല ഫലങ്ങളോടെ അങ്ങനെ ചെയ്തിരിക്കുന്നു. പ്രശ്നങ്ങളെ നുണകളുടെ ഒരു വലകൊണ്ട് മൂടാതിരിക്കാൻ, അവൻ പഠിച്ചിരിക്കുന്നു. മാതാപിതാക്കളെ സമീപിച്ച് സത്യസന്ധമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ അവന്റെ മനസ്സാക്ഷി അവനെ പ്രേരിപ്പിക്കുന്നു. ചിലപ്പോൾ അതു ശിക്ഷണം ലഭിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. എന്നിരുന്നാലും സത്യസന്ധനായിരുന്നതിനാൽ ‘മനസ്സിന് സുഖം’ തോന്നിയിട്ടുണ്ട് എന്ന് അവൻ സമ്മതിക്കുന്നു.
സത്യം സംസാരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. എന്നാൽ സത്യം സംസാരിക്കാൻ തീരുമാനിക്കുന്ന വ്യക്തി ഒരു നല്ല മനസ്സാക്ഷിയും തന്റെ യഥാർത്ഥ സുഹൃത്തുക്കളുമായി ഒരു നല്ല ബന്ധവും, എന്നാൽ എല്ലാററിലും മേലായി ദൈവത്തിന്റെ കൂടാരത്തിൽ ഒരു “അതിഥി”യായിരിക്കുന്നതിന്റെ പദവിയും നിലനിർത്തും! അപ്പോൾ സത്യസന്ധത ഏററം നല്ലനയം മാത്രമല്ല, അതു എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടിയുളള ശരിയായ നയവും കൂടെയാണ്.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ ഭോഷ്ക്ക് പറയാൻ പ്രലോഭിപ്പിക്കപ്പെടാവുന്ന ചില സാഹചര്യങ്ങൾ ഏവയാണ്?
◻ ഭോഷ്ക്ക് പറയുകയും വഞ്ചിക്കുകയും ചെയ്യുന്നത് ഒരു നേട്ടമായിരിക്കാത്തത് എന്തുകൊണ്ട്? വ്യക്തിപരമായ നിരീക്ഷണത്തിൽ നിന്നോ അനുഭവത്തിൽനിന്നോ നിങ്ങൾക്ക് ഇത് വ്യക്തമാക്കാൻ കഴിയുമോ?
◻ ഒരു ഭോഷ്ക്കാളി എങ്ങനെയാണ് തന്റെ മനസ്സാക്ഷിയെ നശിപ്പിക്കുന്നത്?
◻ സങ്കീർത്തനം 15 വായിക്കുക. അതിലെ വാക്യങ്ങൾ സത്യസന്ധതയുടെ പ്രശ്നത്തിന് എങ്ങനെ ബാധകമാകുന്നു?
◻ ഒരു യുവാവിന് സത്യസന്ധമായ ഒരു മനസ്സാക്ഷി വികസിപ്പിച്ചെടുക്കാൻ കഴിയുന്നതെങ്ങനെ?
[213-ാം പേജിലെ ആകർഷകവാക്യം]
‘പഠനകാര്യങ്ങളിൽ വഞ്ചന കാണിക്കുന്ന ഒരു വിദ്യാർത്ഥി തന്റെ ഭാവി അവസരങ്ങളെ വലിയ അപകടത്തിലാക്കുന്നു’
[216-ാം പേജിലെ ആകർഷകവാക്യം]
ഭോഷ്ക്കും നിരുപദ്രവകരമായ ഭോഷ്ക്കും തമ്മിൽ ബൈബിൾ യാതൊരു വ്യത്യാസവും കല്പിക്കുന്നില്ല
[214-ാം പേജിലെ ചിത്രം]
അനുസരണക്കേടിന് വിശദീകരണം നല്കാനുളള നിങ്ങളുടെ മുടന്തൻ ന്യായങ്ങൾക്ക് അപ്പുറം കാണാൻ സാധാരണയായി മാതാപിതാക്കൾക്ക് കഴിയുന്നു