കഥ 94
അവൻ കൊച്ചുകുട്ടികളെ സ്നേഹിക്കുന്നു
യേശു ഇവിടെ ഈ കുട്ടിയെ ചേർത്തു പിടിച്ചിരിക്കുന്നതു കണ്ടോ? അതു കണ്ടാലറിയാം യേശുവിന് കൊച്ചു കുട്ടികളെ വളരെ ഇഷ്ടമാണെന്ന്, അല്ലേ? അടുത്തു നോക്കിനിൽക്കുന്നത് അവന്റെ അപ്പൊസ്തലന്മാരാണ്. യേശു അവരോട് എന്താണു പറയുന്നത്? നമുക്കു നോക്കാം.
യേശുവും അവന്റെ അപ്പൊസ്തലന്മാരും ഒരു നീണ്ട യാത്ര കഴിഞ്ഞു മടങ്ങിവന്നതേയുള്ളൂ. വഴിയിൽവെച്ച് അപ്പൊസ്തലന്മാരുടെ ഇടയിൽ ഒരു തർക്കമുണ്ടായി. അതുകൊണ്ട് യാത്ര കഴിഞ്ഞപ്പോൾ യേശു അവരോടു ചോദിക്കുന്നു: ‘നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചാണു തർക്കിച്ചത്?’ വാസ്തവത്തിൽ, ആ തർക്കം എന്തിനെക്കുറിച്ച് ആയിരുന്നുവെന്ന് യേശുവിന് അറിയാം. എന്നാൽ അപ്പൊസ്തലന്മാർ അതു തന്നോടു പറയുമോ എന്നറിയാൻ വേണ്ടിയാണ് അവൻ അങ്ങനെ ചോദിക്കുന്നത്.
അപ്പൊസ്തലന്മാർ ഉത്തരം പറയുന്നില്ല. കാരണം തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെക്കുറിച്ചാണ് അവർ തർക്കിച്ചുകൊണ്ടിരുന്നത്. ചില അപ്പൊസ്തലന്മാർ മറ്റുള്ളവരെക്കാൾ വലിയവരായിരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അതു ശരിയല്ല എന്ന് യേശു അവർക്ക് എങ്ങനെ പറഞ്ഞുകൊടുക്കും?
അവൻ ഒരു കൊച്ചു കുട്ടിയെ വിളിച്ച് അവരുടെ എല്ലാവരുടെയും മുമ്പിൽ നിറുത്തുന്നു; എന്നിട്ട് അവൻ ശിഷ്യന്മാരോടു പറയുന്നു: ‘നിങ്ങൾ ഒരു കാര്യം മനസ്സിലാക്കിയേ പറ്റൂ, നിങ്ങൾ മാറ്റംവരുത്തി കൊച്ചുകുട്ടികളെപ്പോലെ ആകുന്നില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ദൈവരാജ്യത്തിൽ കടക്കാൻ പറ്റില്ല. ഈ കുട്ടിയെപ്പോലെ ആകുന്നവനായിരിക്കും ആ രാജ്യത്തിലെ ഏറ്റവും വലിയവൻ.’ എന്തുകൊണ്ടായിരിക്കും യേശു അങ്ങനെ പറഞ്ഞത്?
തീരെ കൊച്ചുകുട്ടികൾക്ക് മറ്റുള്ളവരെക്കാൾ വലിയവരോ പ്രധാനികളോ ആകണമെന്ന ആഗ്രഹം ഉണ്ടാകാറില്ല. അതുകൊണ്ട് അപ്പൊസ്തലന്മാർ ഈ വിധത്തിൽ കൊച്ചുകുട്ടികളെപ്പോലെ ആയിരിക്കാൻ പഠിക്കുകയും ആരാണു വലിയവൻ എന്നതിനെക്കുറിച്ചു വഴക്കിടാതിരിക്കയും വേണം.
കൊച്ചുകുട്ടികളെ തനിക്ക് എത്ര ഇഷ്ടമാണെന്ന് മറ്റു സമയങ്ങളിലും യേശു കാണിക്കുന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ് ചിലയാളുകൾ യേശുവിനെ കാണിക്കാനായി തങ്ങളുടെ കുട്ടികളെ കൊണ്ടുവരുന്നു. അപ്പൊസ്തലന്മാർ അവരെ തടയാൻ നോക്കുന്നു. എന്നാൽ യേശു തന്റെ അപ്പൊസ്തലന്മാരോടു പറയുന്നു: ‘കുട്ടികൾ എന്റെ അടുക്കൽ വരട്ടെ; അവരെ തടുക്കരുത്; എന്തുകൊണ്ടെന്നാൽ ദൈവരാജ്യം അവരെപ്പോലെയുള്ളവർക്കുള്ളതാണല്ലോ.’ പിന്നെ യേശു ആ കുട്ടികളെ കൈയിലെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. യേശു കൊച്ചുകുട്ടികളെ സ്നേഹിക്കുന്നുണ്ട് എന്നറിയുന്നത് എത്ര നല്ലതാണ്, അല്ലേ?