കഥ 2
മനോഹരമായ ഒരു തോട്ടം
ഈ ചിത്രത്തിലെ ഭൂമിയെ ഒന്നു നോക്കൂ! എന്തു ഭംഗിയാണ് അല്ലേ? പുല്ലും പൂക്കളും മരങ്ങളും മൃഗങ്ങളുമൊക്കെ ചേർന്ന് എത്ര രസമായിരിക്കുന്നു! ഇതിൽ ആനയെയും സിംഹത്തെയുമൊക്കെ കണ്ടുപിടിക്കാമോ എന്നു നോക്കൂ.
മനോഹരമായ ഈ തോട്ടം എങ്ങനെയാണ് ഉണ്ടായത്? ദൈവം ഭൂമിയെ നമുക്കായി എങ്ങനെയാണ് ഒരുക്കിയതെന്നു നമുക്കു നോക്കാം.
ഒന്നാമതായി ദൈവം നിലത്തെ പുതപ്പിക്കാനായി പച്ചപ്പുല്ല് ഉണ്ടാക്കി. അവൻ എല്ലാ തരത്തിലുമുള്ള ചെടികളും മരങ്ങളും മുളപ്പിച്ചു. ഇവ വളർന്ന് ഭൂമിയെ മനോഹരമാക്കുന്നു. എന്നാൽ അവ ഭൂമിയെ മനോഹരമാക്കുക മാത്രമല്ല ചെയ്യുന്നത്. അവയിൽ പലതും നല്ല രുചിയുള്ള ആഹാരവും കൂടെ നമുക്കു തരുന്നു.
പിന്നെ ദൈവം വെള്ളത്തിൽ നീന്തുന്ന മീനിനെയും ആകാശത്തിൽ പറക്കുന്ന പക്ഷികളെയും സൃഷ്ടിച്ചു. പട്ടി, പൂച്ച, കുതിര എന്നുവേണ്ട വലുതും ചെറുതുമായ എല്ലാ മൃഗങ്ങളെയും അവൻ ഉണ്ടാക്കി. നിങ്ങളുടെ വീടിനടുത്ത് ഏതെല്ലാം മൃഗങ്ങളാണ് ഉള്ളത്? ദൈവം ഇവയെയെല്ലാം നമുക്കുവേണ്ടി ഉണ്ടാക്കിയതിൽ നാം സന്തോഷമുള്ളവർ ആയിരിക്കേണ്ടതല്ലേ?
അവസാനമായി, ദൈവം ഭൂമിയുടെ ഒരു ഭാഗം വളരെ വിശേഷപ്പെട്ട ഒരു സ്ഥലമാക്കിത്തീർത്തു. അവൻ ഈ സ്ഥലത്തെ ഏദെൻതോട്ടം എന്നു വിളിച്ചു. യാതൊന്നിന്റെയും കുറവില്ലാത്ത ഒരു സ്ഥലമായിരുന്നു അത്. അവിടെയുണ്ടായിരുന്ന എല്ലാം കാണാൻ നല്ല ഭംഗിയായിരുന്നു. ഭൂമി മുഴുവനും താൻ ഉണ്ടാക്കിയ മനോഹരമായ ഈ തോട്ടംപോലെ ആയിത്തീരണമെന്ന് ദൈവം ആഗ്രഹിച്ചു.
എന്നാൽ ഈ തോട്ടത്തിന്റെ ചിത്രം ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഇവിടെ ഇല്ലാത്തതായി ദൈവം കണ്ടത് എന്തായിരിക്കും? നമുക്കു നോക്കാം.