പാഠം 1
ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
യഹോവയാണു നമ്മുടെ ദൈവവും സ്രഷ്ടാവും. യഹോവയാണ് എല്ലാം ഉണ്ടാക്കിയത്, നമുക്കു കാണാനാകുന്നതും കാണാനാകാത്തതും ആയ എല്ലാം. നമുക്കു കാണാവുന്ന കാര്യങ്ങൾ ഉണ്ടാക്കുന്നതിനു മുമ്പ് ദൈവം ഒത്തിരിയൊത്തിരി ദൈവദൂതന്മാരെ സൃഷ്ടിച്ചു. ആരാണ് ഈ ദൈവദൂതന്മാർ, നിങ്ങൾക്ക് അറിയാമോ? തന്നെപ്പോലെയുള്ള ചില വ്യക്തികളെ ദൈവം സൃഷ്ടിച്ചു. അവരാണു ദൈവദൂതന്മാർ. ദൈവത്തെ നമുക്കു കാണാൻ പറ്റാത്തതുപോലെ ഈ ദൈവദൂതന്മാരെയും നമുക്കു കാണാനാകില്ല. ദൈവമായ യഹോവ ഉണ്ടാക്കിയ ആദ്യത്തെ ദൂതൻ ദൈവത്തിന്റെ സഹായിയായി. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിങ്ങനെ എല്ലാം ഉണ്ടാക്കിയപ്പോൾ ആ ദൂതൻ യഹോവയെ സഹായിച്ചു. അങ്ങനെ ഉണ്ടാക്കിയ ഒരു ഗ്രഹമാണു നമ്മൾ താമസിക്കുന്ന മനോഹരമായ ഈ ഭൂമി!
എന്നിട്ട് മനുഷ്യർക്കും മൃഗങ്ങൾക്കും ജീവിക്കാൻവേണ്ടി യഹോവ ഭൂമിയെ ഒരുക്കി. സൂര്യന്റെ വെളിച്ചം ഭൂമിയിൽ പ്രകാശിക്കാൻ ദൈവം ഇടയാക്കി. കൂടാതെ മലകളും പുഴകളും കടലുകളും ഉണ്ടാക്കി.
പിന്നീട് എന്തു സംഭവിച്ചു? യഹോവ പറഞ്ഞു: ‘ഞാൻ പുല്ലുകളും സസ്യങ്ങളും മരങ്ങളും ഉണ്ടാക്കാൻപോകുകയാണ്.’ അങ്ങനെ പല തരം പഴങ്ങളും പച്ചക്കറികളും പൂക്കളും ഉണ്ടാകാൻതുടങ്ങി. പിന്നെ യഹോവ ജന്തുക്കളെ ഉണ്ടാക്കി. പറക്കുകയും നീന്തുകയും ഇഴയുകയും ചെയ്യുന്ന എല്ലാ ജീവികളും അക്കൂട്ടത്തിലുണ്ടായിരുന്നു. മുയലുകളെപ്പോലുള്ള ചെറിയ ജന്തുക്കളെയും ആനകളെപ്പോലുള്ള വലിയ ജന്തുക്കളെയും ദൈവം ഉണ്ടാക്കി. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള മൃഗം ഏതാണ്?
പിന്നീട് യഹോവ ആദ്യത്തെ ദൈവദൂതനോടു പറഞ്ഞു: ‘നമുക്കു മനുഷ്യനെ ഉണ്ടാക്കാം.’ മനുഷ്യർ മൃഗങ്ങളിൽനിന്ന് വ്യത്യസ്തരായിരിക്കും. അവർക്കു കണ്ടുപിടിത്തങ്ങൾ നടത്താൻ കഴിയും. സംസാരിക്കാനും ചിരിക്കാനും പ്രാർഥിക്കാനും പറ്റും. അവർ ഭൂമിയെയും മൃഗങ്ങളെയും പരിപാലിക്കും. ആദ്യത്തെ മനുഷ്യൻ ആരായിരുന്നെന്നു നിങ്ങൾക്ക് അറിയാമോ? നമുക്കു നോക്കാം.
“ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉൽപത്തി 1:1