അധ്യായം 5
ലോകത്തിൽനിന്ന് എങ്ങനെ വേറിട്ടുനിൽക്കാം?
“നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 15:19.
1. തന്റെ മനുഷ്യജീവിതത്തിന്റെ അവസാനരാത്രിയിൽ യേശു ഏതു കാര്യം ഊന്നിപ്പറഞ്ഞു?
യേശു ഒരു മനുഷ്യനായി ഭൂമിയിൽ ജീവിച്ച അവസാനരാത്രി. തന്റെ അനുഗാമികളുടെ ക്ഷേമത്തിൽ ഉത്കണ്ഠാകുലനാണു യേശു. അതു സംബന്ധിച്ച് യേശു പിതാവിനോട് ഇങ്ങനെ അപേക്ഷിക്കുകപോലും ചെയ്തു: “അവരെ ഈ ലോകത്തുനിന്ന് കൊണ്ടുപോകണമെന്നല്ല, ദുഷ്ടനായവനിൽനിന്ന് അവരെ കാത്തുകൊള്ളണമെന്നാണു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നത്. ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:15, 16) ഉള്ളുരുകിയുള്ള ആ പ്രാർഥനയിൽ, തന്റെ അനുഗാമികളോടുള്ള ആഴമായ സ്നേഹം കാണാമായിരുന്നു. അതുപോലെ, “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല” എന്ന് അവരിൽ ചിലരോട് അൽപ്പം മുമ്പ് പറഞ്ഞ വാക്കുകളുടെ പ്രാധാന്യവും അതിൽ വ്യക്തമായിരുന്നു. (യോഹന്നാൻ 15:19) തന്റെ അനുഗാമികൾ ലോകത്തിൽനിന്ന് വേർപെട്ടിരിക്കുന്നതു യേശുവിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായിരുന്നു എന്നതു സ്പഷ്ടം.
2. യേശു ഉദ്ദേശിച്ച ‘ലോകം’ എന്താണ്?
2 സാത്താനിൽനിന്ന് പുറപ്പെടുന്ന സ്വാർഥതയുടെയും അഹങ്കാരത്തിന്റെയും ആത്മാവിന് അടിമപ്പെട്ട് അവന്റെ ഭരണത്തിൻകീഴിൽ, ദൈവത്തിൽനിന്ന് അകന്നുകഴിയുന്ന എല്ലാ മനുഷ്യരെയുമാണു ‘ലോകം’ എന്നതുകൊണ്ട് യേശു ഉദ്ദേശിച്ചത്. (യോഹന്നാൻ 14:30; എഫെസ്യർ 2:2; 1 യോഹന്നാൻ 5:19) ആ ‘ലോകവുമായുള്ള സൗഹൃദം ദൈവത്തോടുള്ള ശത്രുത്വമാണ്.’ (യാക്കോബ് 4:4) അങ്ങനെയെങ്കിൽ, ദൈവസ്നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവർക്കു ലോകത്തിലായിരിക്കാനും അതേസമയം അതിൽനിന്ന് വേറിട്ടുനിൽക്കാനും എങ്ങനെ കഴിയും? അതിനുള്ള അഞ്ചു വിധങ്ങൾ നമുക്കു ചിന്തിക്കാം. (1) ക്രിസ്തു രാജാവായുള്ള ദൈവരാജ്യത്തോടു വിശ്വസ്തരായിരിക്കുകയും രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായിരിക്കുകയും ചെയ്യുക. (2) ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുക. (3) വസ്ത്രധാരണത്തിലും ചമയത്തിലും മാന്യത പുലർത്തുക. (4) ജീവിതം ലളിതമാക്കിനിറുത്തുക. (5) ആത്മീയപോരാട്ടത്തിനുള്ള സമ്പൂർണപടക്കോപ്പു ധരിക്കുക.
വിശ്വസ്തരായിരിക്കുക, നിഷ്പക്ഷത പാലിക്കുക
3. (എ) തന്റെ കാലത്തെ രാഷ്ട്രീയത്തെപ്പറ്റി യേശുവിന്റെ കാഴ്ചപ്പാട് എന്തായിരുന്നു? (ബി) യേശുവിന്റെ അഭിഷിക്താനുഗാമികൾ സ്ഥാനപതികളായി സേവിക്കുന്നെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക.)
3 രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടുന്നതിനു പകരം, താൻ രാജാവായി ഭരിക്കാൻപോകുന്ന ദൈവരാജ്യം എന്ന സ്വർഗീയഗവൺമെന്റിനെക്കുറിച്ച് പ്രസംഗിക്കുന്നതിലാണു യേശു ശ്രദ്ധ കേന്ദ്രീകരിച്ചത്. (ദാനിയേൽ 7:13, 14; ലൂക്കോസ് 4:43; 17:20, 21) അതുകൊണ്ടാണു റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽവെച്ച് “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്നു യേശുവിനു പറയാൻ കഴിഞ്ഞത്. (യോഹന്നാൻ 18:36) ക്രിസ്തുവിനോടും ക്രിസ്തുവിന്റെ രാജ്യത്തോടും വിശ്വസ്തരായിരുന്നുകൊണ്ടും ആ രാജ്യത്തെക്കുറിച്ച് ലോകത്തെ അറിയിച്ചുകൊണ്ടും യേശുവിന്റെ വിശ്വസ്തരായ അനുഗാമികൾ ആ മാതൃക അനുകരിക്കുന്നു. (മത്തായി 24:14) “ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായ സ്ഥാനപതികളാണ്. ‘ദൈവവുമായി അനുരഞ്ജനപ്പെടൂ’ എന്നു ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായി യാചിക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതുകയുണ്ടായി. a—2 കൊരിന്ത്യർ 5:20.
4. സത്യക്രിസ്ത്യാനികളായ എല്ലാവരും ദൈവരാജ്യത്തോടു വിശ്വസ്തത കാണിച്ചിരിക്കുന്നത് എങ്ങനെ? (“ ആദ്യകാലക്രിസ്ത്യാനികളും ക്രിസ്തീയനിഷ്പക്ഷതയും” എന്ന ചതുരം കാണുക.)
4 സ്ഥാനപതികൾ ഒരു വിദേശഭരണാധികാരിയെയോ മറ്റൊരു രാജ്യത്തെയോ പ്രതിനിധീകരിക്കുന്നതുകൊണ്ട്, തങ്ങളെ നിയമിച്ചിരിക്കുന്ന രാജ്യത്തെ ആഭ്യന്തരകാര്യങ്ങളിൽ അവർ ഇടപെടുന്നില്ല. അവർ നിഷ്പക്ഷരായിരിക്കും. എങ്കിലും തങ്ങൾ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ താത്പര്യങ്ങൾക്കായി അവർ നിലകൊള്ളുന്നു. സ്വർഗത്തിൽ പൗരത്വമുള്ള അഭിഷിക്താനുഗാമികളുടെ കാര്യവും അങ്ങനെതന്നെ. (ഫിലിപ്പിയർ 3:20) അവരുടെ തീക്ഷ്ണമായ പ്രസംഗപ്രവർത്തനത്തിന്റെ ഫലമായി ‘ദൈവവുമായി അനുരഞ്ജനപ്പെടാൻ’ ദശലക്ഷങ്ങൾവരുന്ന ‘വേറെ ആടുകളെ’ സഹായിക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു. (യോഹന്നാൻ 10:16; മത്തായി 25:31-40) യേശുവിന്റെ അഭിഷിക്തസഹോദരന്മാരായ ‘സ്ഥാനപതികളെ’ പിന്തുണച്ചുകൊണ്ട് ഈ വേറെ ആടുകൾ ക്രിസ്തുവിനുവേണ്ടി വക്താക്കളായി പ്രവർത്തിക്കുന്നു. മിശിഹൈകരാജ്യത്തിനായി നിലകൊള്ളുന്ന ഒരു ഏകീകൃതസംഘം എന്ന നിലയിൽ ഇരുകൂട്ടരും ഈ ലോകത്തിലെ രാഷ്ട്രീയകാര്യങ്ങളിൽ തികഞ്ഞ നിഷ്പക്ഷത പാലിക്കുന്നു.—യശയ്യ 2:2-4 വായിക്കുക.
5. ക്രിസ്തീയസഭ പുരാതനകാലത്തെ ഇസ്രായേലിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ, ക്രിസ്ത്യാനികൾ ഈ വ്യത്യാസം എങ്ങനെ പ്രതിഫലിപ്പിക്കുന്നു?
5 ക്രിസ്തുവിനോടുള്ള വിശ്വസ്തത ഒന്നുകൊണ്ടു മാത്രമല്ല സത്യക്രിസ്ത്യാനികൾ നിഷ്പക്ഷരായിരിക്കുന്നത്. പുരാതനകാലത്തെ ഇസ്രായേൽ ജനത്തിനു ദൈവം നിയമിച്ചുകൊടുത്ത ഒരു ഭൂപ്രദേശമുണ്ടായിരുന്നു. എന്നാൽ നമ്മുടെ കാര്യം അതല്ല. ഒരു അന്തർദേശീയസഹോദരസമൂഹത്തിന്റെ ഭാഗമാണു നമ്മൾ. (മത്തായി 28:19, 20; 1 പത്രോസ് 2:9) അതുകൊണ്ട് രാഷ്ട്രീയകാര്യങ്ങളിൽ പക്ഷംപിടിച്ചാൽ, മനസ്സാക്ഷിപൂർവം രാജ്യസന്ദേശം ഘോഷിക്കാൻ നമുക്കു കഴിയില്ല; നമ്മുടെ ക്രിസ്തീയമായ ഐക്യവും അപകടത്തിലാകും. (1 കൊരിന്ത്യർ 1:10) മാത്രമല്ല, നമ്മൾ സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്ന സഹവിശ്വാസികൾക്കെതിരെ യുദ്ധസമയങ്ങളിൽ പോരാടേണ്ടതായുംവരും. (യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 3:10-12) അതുകൊണ്ടുതന്നെയാണു വാൾ ഉറയിൽ ഇടാൻ യേശു ശിഷ്യന്മാരോടു പറഞ്ഞത്. ശത്രുക്കളെ സ്നേഹിക്കാൻപോലും യേശു അവരോടു പറഞ്ഞു.—മത്തായി 5:44; 26:52; “ ഞാൻ നിഷ്പക്ഷനാണോ?” എന്ന ചതുരം കാണുക.
6. ദൈവത്തിനുള്ള നിങ്ങളുടെ സമർപ്പണം സീസറുമായുള്ള നിങ്ങളുടെ ബന്ധത്തെ ബാധിക്കുന്നത് എങ്ങനെ?
6 സത്യക്രിസ്ത്യാനികളായ നമ്മൾ ജീവിതം സമർപ്പിച്ചിരിക്കുന്നതു ദൈവത്തിനാണ്, ഏതെങ്കിലും മനുഷ്യനോ സംഘടനയ്ക്കോ രാഷ്ട്രത്തിനോ അല്ല. “നിങ്ങൾ നിങ്ങളുടെ സ്വന്തമല്ലെന്നും ഓർക്കണം. കാരണം നിങ്ങളെ വില കൊടുത്ത് വാങ്ങിയതാണ്” എന്ന് 1 കൊരിന്ത്യർ 6:19, 20 പറയുന്നു. അതുകൊണ്ട് ആദരവ്, നികുതികൾ, ആപേക്ഷികമായ കീഴ്പെടൽ എന്നിവയുടെ രൂപത്തിൽ ‘സീസർക്കുള്ളതു സീസർക്കു’ കൊടുക്കുമ്പോൾത്തന്നെ, യേശുവിന്റെ അനുഗാമികൾ ‘ദൈവത്തിനുള്ളതു ദൈവത്തിനു’ കൊടുക്കുന്നു. (മർക്കോസ് 12:17; റോമർ 13:1-7) അവരുടെ ആരാധനയും മുഴുദേഹിയോടെയുള്ള സ്നേഹവും അനുസരണവും ഇതിൽപ്പെടുന്നു. ആവശ്യമെങ്കിൽ ദൈവത്തിനുവേണ്ടി സ്വന്തജീവൻ കൊടുക്കാനും അവർ തയ്യാറാണ്.—ലൂക്കോസ് 4:8; 10:27; പ്രവൃത്തികൾ 5:29; റോമർ 14:8 വായിക്കുക.
‘ലോകത്തിന്റെ ആത്മാവിനെ’ ചെറുത്തുനിൽക്കുക
7, 8. എന്താണു ‘ലോകത്തിന്റെ ആത്മാവ്,’ അത് അനുസരണംകെട്ട മനുഷ്യരിൽ ‘പ്രവർത്തിക്കുന്നത്’ എങ്ങനെ?
7 ലോകത്തിന്റെ ദുഷിച്ച ആത്മാവിനെ ചെറുത്തുനിന്നുകൊണ്ടും ക്രിസ്ത്യാനികൾ അതിൽനിന്ന് വേറിട്ടുനിൽക്കുന്നു. “നമുക്കു കിട്ടിയിരിക്കുന്നതു ലോകത്തിന്റെ ആത്മാവല്ല ദൈവത്തിൽനിന്നുള്ള ആത്മാവാണ്” എന്നു പൗലോസ് എഴുതുകയുണ്ടായി. (1 കൊരിന്ത്യർ 2:12) എഫെസൊസിലുള്ളവരോടു പൗലോസ് ഇങ്ങനെ പറഞ്ഞു: “അന്ന് . . . നിങ്ങൾ ഈ ലോകവ്യവസ്ഥിതിയുടെ വഴികളിൽ, വായുവിന്റെ സ്വാധീനശക്തിക്ക് അധിപതിയായവനെ അനുസരിച്ച് നടന്നു; അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആ ആത്മാവിനു ചേർച്ചയിൽ ജീവിച്ചു.”—എഫെസ്യർ 2:2, 3.
8 ദൈവത്തെ ധിക്കരിക്കാൻ പ്രചോദിപ്പിക്കുന്ന, അദൃശ്യവും പ്രബലവും ആയ ശക്തിയാണു ലോകത്തിന്റെ “വായു” അഥവാ ആത്മാവ്. അതു “ജഡത്തിന്റെ മോഹം, കണ്ണിന്റെ മോഹം” എന്നിവയെ ഊട്ടിവളർത്തുന്നതാണ്. (1 യോഹന്നാൻ 2:16; 1 തിമൊഥെയൊസ് 6:9, 10) തിരിച്ചറിയാനാകാത്ത രീതിയിൽ പ്രവർത്തിച്ചുകൊണ്ടും നിരന്തരം സമ്മർദം ചെലുത്തിക്കൊണ്ടും പാപപൂർണമായ ജഡത്തിൽ മോഹങ്ങൾ ഉണർത്തിക്കൊണ്ടും ആണ് ഈ ആത്മാവ് അതിന്റെ “സ്വാധീനശക്തി” പ്രയോഗിക്കുന്നത്; അതു വായുപോലെ വ്യാപകവുമാണ്. സ്വാർഥത, അഹങ്കാരം, അത്യാഗ്രഹം, സ്വതന്ത്രചിന്താഗതി, മത്സരമനോഭാവം എന്നിങ്ങനെയുള്ള അഭക്തഗുണങ്ങൾ വളർന്നുവരാൻ ഇടയാക്കിക്കൊണ്ടും അത് അനുസരണംകെട്ട മനുഷ്യരിൽ ‘പ്രവർത്തിക്കുന്നു.’ b ചുരുക്കിപ്പറഞ്ഞാൽ, പിശാചിന്റെ സ്വഭാവഗുണങ്ങൾ മനുഷ്യരുടെ ഹൃദയങ്ങളിൽ ക്രമേണ വേരുപിടിക്കാൻ ലോകത്തിന്റെ ആത്മാവ് ഇടയാക്കുന്നു.—യോഹന്നാൻ 8:44; പ്രവൃത്തികൾ 13:10; 1 യോഹന്നാൻ 3:8, 10.
9. ലോകത്തിന്റെ ആത്മാവ് ഏതെല്ലാം വിധങ്ങളിൽ നിങ്ങളെ സ്വാധീനിച്ചേക്കാം?
9 ലോകത്തിന്റെ ആത്മാവിനു നിങ്ങളിലേക്കു കടന്നുവരാനാകുമോ? കഴിയും, പക്ഷേ ജാഗ്രത വെടിഞ്ഞുകൊണ്ട് നിങ്ങൾ അത് അനുവദിച്ചാൽമാത്രം. (സുഭാഷിതങ്ങൾ 4:23 വായിക്കുക.) അതു സ്വാധീനിച്ചുതുടങ്ങുന്നത് അത്ര എളുപ്പം തിരിച്ചറിയാനാകില്ല. നല്ലവരെന്നു തോന്നിയേക്കാമെങ്കിലും യഹോവയോടു സ്നേഹമില്ലാത്ത കൂട്ടുകാരിലൂടെയായിരിക്കാം അതു സംഭവിക്കുന്നത്. (സുഭാഷിതങ്ങൾ 13:20; 1 കൊരിന്ത്യർ 15:33) മോശമായ പ്രസിദ്ധീകരണങ്ങൾ, അശ്ലീലവും വിശ്വാസത്യാഗവും പ്രചരിപ്പിക്കുന്ന ഇന്റർനെറ്റ് സൈറ്റുകൾ, അനുചിതമായ വിനോദപരിപാടികൾ, കടുത്ത മത്സരവും ആക്രമണോത്സുകതയും മുറ്റിനിൽക്കുന്ന സ്പോർട്സ് എന്നിവയിലൂടെയും ആ ദുഷിച്ച ആത്മാവ് നിങ്ങളിലേക്കു കടന്നുവന്നേക്കാം. ചുരുക്കിപ്പറഞ്ഞാൽ, സാത്താന്റെയോ അവന്റെ വ്യവസ്ഥിതിയുടെയോ ചിന്താഗതി പ്രതിഫലിപ്പിക്കുന്ന എന്തിലൂടെയും ആരിലൂടെയും അതു കടന്നുവരാം.
10. ലോകത്തിന്റെ ആത്മാവിനെ എങ്ങനെ ചെറുത്തുനിൽക്കാം?
10 ലോകത്തിന്റെ അപകടകരമായ ആത്മാവിനെ ചെറുത്തുനിന്നുകൊണ്ട് ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമുക്ക് എങ്ങനെ കഴിയും? യഹോവയുടെ ആത്മീയകരുതലുകൾ പരമാവധി പ്രയോജനപ്പെടുത്തുകയും പരിശുദ്ധാത്മാവിനായി നിരന്തരം പ്രാർഥിക്കുകയും ചെയ്താൽ മാത്രമേ അതു കഴിയൂ. പിശാചിനെക്കാളും പിശാചിന്റെ കീഴിലുള്ള ദുഷ്ടലോകത്തെക്കാളും എത്രയോ വലിയവനാണ് യഹോവ! (1 യോഹന്നാൻ 4:4) ആ സ്ഥിതിക്ക്, യഹോവയോടു പ്രാർഥിച്ചുകൊണ്ട് യഹോവയോടു ചേർന്നുനിൽക്കുന്നതു വളരെ പ്രധാനമല്ലേ?
മാന്യമായ വസ്ത്രധാരണവും ചമയവും
11. ലോകത്തിന്റെ ആത്മാവ് ആളുകളുടെ വസ്ത്രധാരണരീതിയെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു?
11 ഒരു വ്യക്തിയുടെ വസ്ത്രധാരണം, ചമയം, ശുചിത്വശീലങ്ങൾ എന്നിവയിൽനിന്ന്, അയാളെ നയിക്കുന്നത് ഏത് ആത്മാവാണെന്നു മിക്കപ്പോഴും മനസ്സിലാക്കാം. പല രാജ്യങ്ങളിലും വസ്ത്രധാരണത്തിന്റെ നിലവാരം തീർത്തും അധഃപതിച്ചിരിക്കുകയാണ്. ഈ പോക്കുപോയാൽ വേശ്യകളെ തിരിച്ചറിയിക്കുന്ന വസ്ത്രങ്ങൾ ഇല്ലെന്നാകും എന്ന് ഒരു ടിവി അവതാരകൻ പറയുകയുണ്ടായി. കൗമാരത്തിലേക്കു കാലെടുത്തുവെച്ചിട്ടില്ലാത്ത പെൺകുട്ടികൾപോലും, “കൂടുതൽ നഗ്നത, കുറച്ച് മാന്യത” എന്ന അവസ്ഥയിലേക്കു തരംതാണിരിക്കുകയാണെന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്തു. ധിക്കാരം നിഴലിക്കുന്ന, അന്തസ്സും ആത്മാഭിമാനവും തൊട്ടുതീണ്ടിയിട്ടില്ലാത്ത, അലസമായ വസ്ത്രധാരണം ഇന്നൊരു ഫാഷനായിക്കൊണ്ടിരിക്കുകയാണ്.
12, 13. നമ്മുടെ വസ്ത്രധാരണത്തെയും ചമയത്തെയും സ്വാധീനിക്കേണ്ട തത്ത്വങ്ങൾ ഏതെല്ലാം?
12 യഹോവയുടെ ദാസന്മാരായ നമ്മൾ വൃത്തിയും വെടിപ്പും ഉള്ള, നന്നായി ഇണങ്ങുന്ന, സന്ദർഭോചിതമായ വസ്ത്രം ധരിക്കാനാണ് ആഗ്രഹിക്കുന്നത്. നമ്മുടെ വസ്ത്രധാരണവും ചമയവും എല്ലായ്പോഴും ‘മാന്യതയും സുബോധവും’ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. അതോടൊപ്പം “സത്പ്രവൃത്തികൾ” കൂടെയാകുമ്പോൾ ‘ദൈവഭക്തിയുള്ളവർക്കു ചേർന്ന രീതിയിൽ’ നടക്കാൻ എല്ലാവർക്കും—സ്ത്രീകൾക്കും പുരുഷന്മാർക്കും—കഴിയും. നമ്മളിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കുക എന്നതല്ല, “എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക” എന്നതാണു നമ്മളുടെ ലക്ഷ്യം. (1 തിമൊഥെയൊസ് 2:9, 10; യൂദ 21) അതെ, ‘ദൈവമുമ്പാകെ വിലയുള്ള, ആന്തരികമനുഷ്യൻ’ ആയിരിക്കണം നമ്മുടെ ഏറ്റവും വിശേഷപ്പെട്ട അലങ്കാരം.—1 പത്രോസ് 3:3, 4.
13 സത്യാരാധനയോടുള്ള മറ്റുള്ളവരുടെ മനോഭാവത്തെ, നമ്മുടെ വസ്ത്രധാരണരീതിയും ചമയവും സ്വാധീനിക്കുമെന്ന കാര്യവും മനസ്സിൽപ്പിടിക്കണം. ധാർമികമായ തലത്തിൽ ഉപയോഗിക്കുമ്പോൾ, ‘മാന്യത’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു ഭക്തി, ഭയാദരവ്, മറ്റുള്ളവരുടെ വികാരങ്ങളോടും അഭിപ്രായങ്ങളോടും ഉള്ള പരിഗണന എന്നീ അർഥങ്ങൾ വരാം. അതുകൊണ്ട്, മറ്റുള്ളവരുടെ മനസ്സാക്ഷിയെ കരുതി നമ്മുടെ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. സർവോപരി, “എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി” ചെയ്തുകൊണ്ട് യഹോവയ്ക്കും യഹോവയുടെ ജനത്തിനും ബഹുമതി കരേറ്റാനും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു തെളിയിക്കാനും ആണ് നമ്മൾ ആഗ്രഹിക്കുന്നത്.—1 കൊരിന്ത്യർ 4:9; 10:31; 2 കൊരിന്ത്യർ 6:3, 4; 7:1.
14. വസ്ത്രധാരണം, ചമയം, ശുചിത്വശീലങ്ങൾ എന്നിവ സംബന്ധിച്ച് നമ്മൾ നമ്മളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?
14 വയൽശുശ്രൂഷയിൽ ഏർപ്പെടുകയോ ക്രിസ്തീയയോഗങ്ങളിൽ സംബന്ധിക്കുകയോ ചെയ്യുമ്പോൾ വസ്ത്രധാരണം, ചമയം, ശുചിത്വം എന്നീ കാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ വസ്ത്രധാരണവും ചമയവും ശുചിത്വശീലങ്ങളും എങ്ങനെയുള്ളതാണ്? അതു മറ്റുള്ളവരെ അസ്വസ്ഥരാക്കുമോ, എന്നിലേക്ക് അനാവശ്യമായി ശ്രദ്ധ ക്ഷണിക്കുമോ? ഇക്കാര്യങ്ങളിൽ എനിക്കുള്ള അവകാശങ്ങൾക്കാണോ അതോ സഭയിൽ സേവനപദവികൾക്കായി യോഗ്യത പ്രാപിക്കുന്നതിനാണോ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്?’—സങ്കീർത്തനം 68:6; ഫിലിപ്പിയർ 4:5; 1 പത്രോസ് 5:6.
15. വസ്ത്രധാരണം, ചമയം, ശുചിത്വശീലങ്ങൾ എന്നിവ സംബന്ധിച്ച ഒരു നീണ്ട നിയമാവലി ബൈബിൾ തരാത്തത് എന്തുകൊണ്ട്?
15 ഒരു ക്രിസ്ത്യാനിയുടെ വസ്ത്രധാരണം, ചമയം, ശുചിത്വശീലങ്ങൾ എന്നിവ സംബന്ധിച്ച ഒരു നീണ്ട നിയമാവലി ബൈബിൾ തരുന്നില്ല. തിരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിനോ ചിന്താപ്രാപ്തിക്കോ കൂച്ചുവിലങ്ങിടാൻ യഹോവയ്ക്ക് ആഗ്രഹമില്ല. നമ്മൾ ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നവരും “ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ച”വരും ആയ പക്വതയുള്ള വ്യക്തികളാകാനാണു ദൈവം ആഗ്രഹിക്കുന്നത്. (എബ്രായർ 5:14) എല്ലാറ്റിനുമുപരി, ദൈവത്തോടും സഹമനുഷ്യരോടും ഉള്ള സ്നേഹം നമ്മളെ നയിക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്. (മർക്കോസ് 12:30, 31 വായിക്കുക.) ഈ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് വസ്ത്രധാരണത്തിലും ചമയത്തിലും എത്രമാത്രം വൈവിധ്യമാകാമെന്നോ! യഹോവയുടെ ജനത്തിന്റെ കൂടിവരവുകൾ ഇതിന് ഉദാഹരണമാണ്. അവിടെ നാനാവർണങ്ങളിൽ വസ്ത്രം ധരിച്ച, സന്തോഷഭരിതരായ യഹോവയുടെ ജനത്തെ കാണാനാകും—അവർ ലോകത്തിന്റെ ഏതു കോണിലായാലും.
ജീവിതം ലളിതമാക്കിനിറുത്തുക
16. ലോകത്തിന്റെ ആത്മാവ് യേശുവിന്റെ പഠിപ്പിക്കലിനു വിരുദ്ധമായിരിക്കുന്നത് എങ്ങനെ, നമ്മളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?
16 ഈ ലോകത്തിന്റെ വഞ്ചകമായ ആത്മാവ്, സന്തോഷത്തിനുവേണ്ടി പണത്തെയും ഭൗതികവസ്തുക്കളെയും ആശ്രയിക്കാൻ ലക്ഷക്കണക്കിനാളുകളെ പ്രേരിപ്പിക്കുന്നു. എന്നാൽ യേശു പറഞ്ഞതു ശ്രദ്ധിക്കുക: “ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്.” (ലൂക്കോസ് 12:15) ഇഹലോകസുഖങ്ങൾ വെടിഞ്ഞുകൊണ്ടുള്ള ജീവിതത്തെ യേശു പ്രോത്സാഹിപ്പിച്ചില്ല. പകരം, ‘ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർക്കും’ ആത്മീയകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ജീവിതം ലളിതമാക്കിനിറുത്തുന്നവർക്കും ആണ് യഥാർഥസന്തോഷം കിട്ടുക എന്നു യേശു പഠിപ്പിച്ചു. (മത്തായി 5:3; 6:22, അടിക്കുറിപ്പ്) നിങ്ങളോടുതന്നെ ചോദിക്കുക: ‘യേശു പഠിപ്പിച്ച ഈ കാര്യം ഞാൻ ശരിക്കും വിശ്വസിക്കുന്നുണ്ടോ, അതോ എന്നെ ‘നുണയുടെ അപ്പൻ’ സ്വാധീനിക്കുന്നുണ്ടോ? (യോഹന്നാൻ 8:44) എന്റെ വാക്കുകളും ലക്ഷ്യങ്ങളും മുൻഗണനകളും ജീവിതരീതിയും എന്താണു വെളിപ്പെടുത്തുന്നത്?’—ലൂക്കോസ് 6:45; 21:34-36; 2 യോഹന്നാൻ 6.
17. ജീവിതം ലളിതമാക്കിനിറുത്തുന്നവർക്കു കിട്ടുന്ന ചില അനുഗ്രഹങ്ങൾ ഏതെല്ലാം?
17 “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിയുള്ളതെന്നു തെളിയും” എന്നു യേശു പറയുകയുണ്ടായി. (മത്തായി 11:19) ജീവിതം ലളിതമാക്കിനിറുത്തുന്നവർക്കു കിട്ടുന്ന ചില അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക. ദൈവരാജ്യസേവനം അവർക്കു നവോന്മേഷം പകരുന്നു. (മത്തായി 11:29, 30) അവർക്ക് അനാവശ്യമായ ഉത്കണ്ഠകളില്ല, അതുകൊണ്ടുതന്നെ മാനസികവും വൈകാരികവും ആയ വേദനകളും അവർക്ക് അധികമില്ല. (1 തിമൊഥെയൊസ് 6:9, 10 വായിക്കുക.) അവശ്യവസ്തുക്കൾകൊണ്ട് തൃപ്തരായി ജീവിക്കുന്ന അവർക്കു കുടുംബത്തിന്റെയും സഹാരാധകരുടെയും കൂടെ ചെലവഴിക്കാൻ ധാരാളം സമയമുണ്ട്. അവരുടെ ഉറക്കവും സുഖകരമായിരിക്കും. (സഭാപ്രസംഗകൻ 5:12) കൊടുക്കുന്നതിലെ സന്തോഷം അവർ അനുഭവിച്ചറിയുന്നു, തങ്ങളെക്കൊണ്ട് സാധിക്കുന്ന എല്ലാ വിധങ്ങളിലും അവർ അങ്ങനെ ചെയ്യുന്നു. (പ്രവൃത്തികൾ 20:35) അവരിൽ ‘പ്രത്യാശ നിറഞ്ഞുകവിയുന്നു’ എന്നു മാത്രമല്ല, അവർക്കു സമാധാനവും സംതൃപ്തിയും ഉണ്ട്. (റോമർ 15:13; മത്തായി 6:31, 32) ഈ അനുഗ്രഹങ്ങൾ മറ്റ് എവിടെനിന്നാണു കിട്ടുക?
“സമ്പൂർണപടക്കോപ്പ്” ധരിക്കുക
18. നമ്മുടെ ശത്രുവിനെയും അവന്റെ തന്ത്രങ്ങളെയും നമ്മുടെ ‘പോരാട്ടത്തെയും’ ബൈബിൾ വർണിക്കുന്നത് എങ്ങനെ?
18 നമ്മുടെ സന്തോഷം മാത്രമല്ല നിത്യജീവൻകൂടെ കവർന്നെടുക്കാനാണു സാത്താൻ ശ്രമിക്കുന്നത്. എങ്കിലും ദൈവസ്നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവർക്കു സാത്താന്റെ ആക്രമണത്തിൽനിന്ന് ആത്മീയസംരക്ഷണം കിട്ടും. (1 പത്രോസ് 5:8) “നമ്മുടെ പോരാട്ടം മാംസത്തോടും രക്തത്തോടും അല്ല, ഗവൺമെന്റുകളോടും അധികാരങ്ങളോടും ഈ അന്ധകാരലോകത്തിന്റെ ചക്രവർത്തിമാരോടും സ്വർഗീയസ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളോടും ആണ്” എന്നു പൗലോസ് പറയുന്നു. (എഫെസ്യർ 6:12) “പോരാട്ടം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, സുരക്ഷിതമായ കിടങ്ങിലോ മറ്റോ ഒളിഞ്ഞിരുന്നുകൊണ്ട് ദൂരെനിന്ന് നടത്തുന്ന ആക്രമണത്തെയല്ല, പിന്നെയോ നേർക്കുനേരെയുള്ള ആക്രമണത്തെയാണ് അർഥമാക്കുന്നത്. ആത്മമണ്ഡലത്തിൽനിന്നുള്ള ആക്രമണങ്ങൾ വളരെ സംഘടിതവും ആസൂത്രിതവും ആണെന്നാണു ‘ഗവൺമെന്റുകൾ,’ ‘അധികാരങ്ങൾ,’ ‘ചക്രവർത്തിമാർ’ എന്നിങ്ങനെയുള്ള പദങ്ങൾ സൂചിപ്പിക്കുന്നത്.
19. ക്രിസ്ത്യാനികളുടെ സമ്പൂർണപടക്കോപ്പിനെക്കുറിച്ച് വിവരിക്കുക.
19 ബലഹീനതകളും കുറവുകളും ഉണ്ടെങ്കിലും നമുക്കു വിജയിക്കാനാകും. എങ്ങനെ? “ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പ്” ധരിച്ചുകൊണ്ട്. (എഫെസ്യർ 6:13) ആ പടക്കോപ്പിനെക്കുറിച്ച് എഫെസ്യർ 6:14-18 ഇങ്ങനെ പറയുന്നു: “അതുകൊണ്ട് സത്യം അരയ്ക്കു കെട്ടി നീതി എന്ന കവചം മാറിൽ ധരിച്ച് സമാധാനത്തിന്റെ സന്തോഷവാർത്ത അറിയിക്കാനുള്ള ഒരുക്കം ചെരിപ്പായി അണിഞ്ഞ് ഉറച്ചുനിൽക്കുക. ഇതിനെല്ലാം പുറമേ ദുഷ്ടന്റെ തീയമ്പുകളെ മുഴുവൻ കെടുത്തിക്കളയാൻ സഹായിക്കുന്ന വിശ്വാസം എന്ന വലിയ പരിചയും പിടിക്കണം. രക്ഷ എന്ന പടത്തൊപ്പി (അഥവാ, പ്രത്യാശ) അണിഞ്ഞ് ദൈവവചനം എന്ന ദൈവാത്മാവിന്റെ വാളും എടുക്കുക. ഏതു സാഹചര്യത്തിലും എല്ലാ തരം പ്രാർഥനകളോടും ഉള്ളുരുകിയുള്ള അപേക്ഷകളോടും കൂടെ ദൈവാത്മാവിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയും വേണം.”
20. ഒരു ക്രിസ്ത്യാനിയുടെ സാഹചര്യം ഒരു ഭടന്റേതിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
20 ഈ ആത്മീയപടക്കോപ്പു ദൈവത്തിൽനിന്നുള്ള ഒരു കരുതലായതുകൊണ്ട്, എല്ലായ്പോഴും അതു ധരിക്കുന്നെങ്കിൽ സംരക്ഷണം ഉറപ്പാണ്. ഭടന്മാരുടെ ജീവിതത്തിൽ സാധാരണ, പോരാട്ടങ്ങളില്ലാത്ത ദീർഘമായ ഇടവേളകൾ ഉണ്ടായിരുന്നേക്കാം. ക്രിസ്ത്യാനികൾ പക്ഷേ ഒരു ആജീവനാന്തപോരാട്ടത്തിലാണ്—ദൈവം സാത്താന്റെ ലോകത്തെ നശിപ്പിച്ച് സാത്താനെയും ഭൂതങ്ങളെയും അഗാധത്തിൽ അടയ്ക്കുന്നതുവരെ നീളുന്ന ഒരു ജീവന്മരണപോരാട്ടം. (വെളിപാട് 12:17; 20:1-3) ബലഹീനതകളുമായോ തെറ്റായ മോഹങ്ങളുമായോ പോരാടുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ, മടുത്ത് പിന്മാറരുത്. യഹോവയോടു വിശ്വസ്തത പാലിക്കാനായി നമ്മളെല്ലാം നമ്മളെത്തന്നെ ‘ഇടിച്ചിടിച്ച് ഒരു അടിമയെപ്പോലെ കൊണ്ടുനടക്കേണ്ടതുണ്ട്’ എന്ന് ഓർക്കുക. (1 കൊരിന്ത്യർ 9:27) പോരാട്ടം ഇല്ലാതെ വരുന്നെങ്കിലാണു നമ്മൾ ശ്രദ്ധിക്കേണ്ടത്!
21. ആത്മീയപോരാട്ടത്തിൽ വിജയിക്കാൻ എന്ത് അനിവാര്യമാണ്?
21 സ്വന്തം ശക്തികൊണ്ട് ഈ പോരാട്ടത്തിൽ വിജയിക്കാൻ നമുക്കാകില്ല. അതുകൊണ്ടാണ് ‘ദൈവാത്മാവിൽ പ്രാർഥിച്ചുകൊണ്ടിരിക്കാൻ’ പൗലോസ് നമ്മളെ ഓർമിപ്പിക്കുന്നത്. അതേസമയം, എല്ലാ അവസരങ്ങളിലും ദൈവവചനം പഠിച്ചുകൊണ്ടും നമ്മളോടൊപ്പം പോരാടുന്ന ‘സഹഭടന്മാരുമായി’ സഹവസിച്ചുകൊണ്ടും നമ്മൾ യഹോവയുടെ വാക്കുകൾക്കു ശ്രദ്ധ കൊടുക്കുകയും വേണം. (ഫിലേമോൻ 2; എബ്രായർ 10:24, 25) ഈ മേഖലകളിലെല്ലാം വിശ്വസ്തരായിരിക്കുന്നവർ വിജയംവരിക്കുമെന്നു മാത്രമല്ല വിശ്വാസത്തിനുവേണ്ടി ശക്തമായ നിലപാടെടുക്കാൻ പ്രാപ്തരുമായിരിക്കും.
വിശ്വാസത്തെപ്പറ്റി ആർക്കും മറുപടി കൊടുക്കാൻ ഒരുങ്ങിയിരിക്കുക
22, 23. (എ) വിശ്വാസത്തെപ്പറ്റി മറുപടി കൊടുക്കാൻ നമ്മൾ എപ്പോഴും ഒരുങ്ങിയിരിക്കേണ്ടത് എന്തുകൊണ്ട്, നമ്മൾ നമ്മളോടുതന്നെ എന്തു ചോദിക്കണം? (ബി) അടുത്ത അധ്യായത്തിൽ നമ്മൾ എന്തു ചിന്തിക്കും?
22 യേശു പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല. അതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു.” (യോഹന്നാൻ 15:19) അതുകൊണ്ട്, ആദരവോടെയും സൗമ്യതയോടെയും വിശ്വാസത്തെപ്പറ്റി മറുപടി കൊടുക്കാൻ ക്രിസ്ത്യാനികൾ എപ്പോഴും ഒരുങ്ങിയിരിക്കണം. (1 പത്രോസ് 3:15 വായിക്കുക.) സ്വയം ഇങ്ങനെ ചോദിക്കുക: ‘യഹോവയുടെ സാക്ഷികൾ ചിലപ്പോൾ പൊതുജനാഭിപ്രായത്തിനു വിരുദ്ധമായ നിലപാടു സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാമോ? അത്തരം സാഹചര്യങ്ങളിൽ, ബൈബിളും വിശ്വസ്തനായ അടിമയും പറയുന്നതു ശരിയാണെന്ന് എനിക്ക് ഉറപ്പുണ്ടോ? (മത്തായി 24:45; യോഹന്നാൻ 17:17) ദൈവദൃഷ്ടിയിൽ ശരിയായ കാര്യത്തിനുവേണ്ടി ഒരു നിലപാടു സ്വീകരിക്കേണ്ടിവരുന്നെങ്കിൽ, ഞാൻ അതിനു തയ്യാറാണോ? അങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുമോ?’—സങ്കീർത്തനം 34:2; മത്തായി 10:32, 33.
23 ലോകത്തിൽനിന്ന് വേറിട്ടുനിൽക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ മാറ്റുരയ്ക്കുന്ന കൂടുതൽ കുടിലമായ സാഹചര്യങ്ങൾ ഉയർന്നുവന്നേക്കാം. ഉദാഹരണത്തിന്, നേരത്തേ പരാമർശിച്ചതുപോലെ, അധഃപതിച്ച വിനോദപരിപാടികളിലൂടെ യഹോവയുടെ ആരാധകരെ വശീകരിച്ച് ഈ ലോകത്തിന്റെ ഭാഗമാക്കാനാണു പിശാച് ശ്രമിക്കുന്നത്. ശുദ്ധമായൊരു മനസ്സാക്ഷി നിലനിറുത്തിക്കൊണ്ടുതന്നെ നവോന്മേഷം കണ്ടെത്താൻ സഹായിക്കുന്ന നല്ല വിനോദങ്ങൾ തിരഞ്ഞെടുക്കാൻ നമുക്ക് എങ്ങനെ കഴിയും? അടുത്ത അധ്യായത്തിൽ നമ്മൾ അതു ചിന്തിക്കും.
a എ.ഡി. 33-ലെ പെന്തിക്കോസ്തു മുതൽ, ഭൂമിയിലെ അഭിഷിക്താനുഗാമികളുടെ സഭയുടെ മേൽ യേശു രാജാവാണ്. (കൊലോസ്യർ 1:13) 1914-ൽ ലോകരാജ്യങ്ങളുടെ മേൽ യേശുവിനു രാജാവെന്ന നിലയിൽ അധികാരം ലഭിച്ചു. അതുകൊണ്ട് അഭിഷിക്തരായ ക്രിസ്ത്യാനികൾ ഇപ്പോഴും മിശിഹൈകരാജ്യത്തിന്റെ സ്ഥാനപതികളായി സേവിക്കുന്നു.—വെളിപാട് 11:15.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ, പേജ് 389-393 കാണുക.
c അനുബന്ധത്തിലെ “പതാകവന്ദനം, വോട്ടുചെയ്യൽ, പൊതുജനസേവനം” എന്ന ഭാഗം കാണുക.