അധ്യായം 7
പ്രസംഗിക്കുന്ന രീതികൾ—സാധ്യമായ വഴികളെല്ലാം ഉപയോഗിക്കുന്നു
1, 2. (എ) വലിയൊരു ജനക്കൂട്ടത്തോടു സംസാരിക്കാൻ യേശു ഏതു രീതിയാണു പരീക്ഷിച്ചത്? (ബി) ക്രിസ്തുവിന്റെ മാതൃക വിശ്വസ്താനുഗാമികൾ അനുകരിച്ചിരിക്കുന്നത് എങ്ങനെ, എന്തുകൊണ്ട്?
ആ തടാകക്കരയിൽ യേശുവിന്റെ ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. പക്ഷേ യേശു ഒരു വള്ളത്തിൽ കയറി തീരത്തുനിന്ന് അൽപ്പം ദൂരേക്കു നീങ്ങുന്നു. എന്തിന്? ജലത്തിന്റെ ഉപരിതലം തന്റെ ശബ്ദതരംഗങ്ങളുടെ തീവ്രത കൂട്ടുമെന്നും അപ്പോൾ ആ വലിയ ജനക്കൂട്ടത്തിനു താൻ പറയുന്ന കാര്യങ്ങൾ കൂടുതൽ വ്യക്തമായി കേൾക്കാനാകുമെന്നും യേശുവിന് അറിയാമായിരുന്നു.—മർക്കോസ് 4:1, 2 വായിക്കുക.
2 ക്രിസ്തുവിന്റെ ആ മാതൃക, ദൈവരാജ്യം ജനിച്ചതിനോട് അടുത്തുള്ള ദശകങ്ങളിൽ ക്രിസ്തുവിന്റെ വിശ്വസ്താനുഗാമികളും അനുകരിച്ചു. ജനസഹസ്രങ്ങളുടെ അടുത്ത് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാൻ അവർ നൂതനമായ രീതികൾ ഉപയോഗിച്ചു. സാഹചര്യങ്ങളും സാങ്കേതികവിദ്യകളും മാറുന്നതനുസരിച്ച് ഇന്നും ദൈവജനം തങ്ങളുടെ രാജാവിന്റെ നിർദേശത്തിൻകീഴിൽ പുതിയ രീതികൾ ഉപയോഗിക്കുകയോ രീതികളിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നു. അന്ത്യം വരുന്നതിനു മുമ്പ് കഴിയുന്നത്ര ആളുകളുടെ അടുത്ത് ദൈവരാജ്യസന്ദേശം എത്തിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. (മത്താ. 24:14) ഭൂമിയിൽ എവിടെ താമസിക്കുന്നവരായാലും അവരെയെല്ലാം ആ സന്ദേശം അറിയിക്കാൻ നമ്മൾ ഉപയോഗിച്ചുപോന്ന ചില രീതികൾ നമുക്കു നോക്കാം. ദൈവരാജ്യം ജനിച്ചതിനോട് അടുത്തുള്ള ദശകങ്ങളിൽ സന്തോഷവാർത്ത വ്യാപിപ്പിക്കാൻ പ്രയത്നിച്ച അവരുടെ വിശ്വാസം നിങ്ങൾക്ക് എങ്ങനെ അനുകരിക്കാമെന്നും ചിന്തിക്കുക.
ജനസഹസ്രങ്ങളിലേക്ക് . . .
3. നമ്മൾ പത്രങ്ങൾ ഉപയോഗപ്പെടുത്തുന്നതു കണ്ട് ശത്രുക്കൾ അസ്വസ്ഥരായത് എന്തുകൊണ്ട്?
3 പത്രങ്ങൾ. ദൈവരാജ്യസന്ദേശം അനേകം ആളുകളുടെ അടുത്ത് എത്തിക്കാനായി റസ്സൽ സഹോദരനും സഹകാരികളും 1879 മുതൽ വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ക്രിസ്തു ഇടപെട്ടതുകൊണ്ടാണെന്നു തോന്നുന്നു, 1914-നു മുമ്പുള്ള ഒരു പതിറ്റാണ്ടുകാലത്ത് ചില മാറ്റങ്ങളുണ്ടായി. കൂടുതൽ ആളുകളുടെ അടുത്ത് സന്തോഷവാർത്ത എത്തുന്ന രീതിയിൽ കാര്യങ്ങൾ നീങ്ങി. 1903-ലായിരുന്നു ആ സംഭവപരമ്പരയുടെ തുടക്കം. ആ വർഷം, പെൻസിൽവേനിയയിലെ ഒരു കൂട്ടം പ്രോട്ടസ്റ്റന്റ് ശുശ്രൂഷകരുടെ വക്താവായ ഡോ. ഇ. എൽ. ഈറ്റൺ, ബൈബിളുപദേശങ്ങളെക്കുറിച്ചുള്ള ചില സംവാദങ്ങൾക്കായി ചാൾസ് റ്റെയ്സ് റസ്സൽ സഹോദരനെ വെല്ലുവിളിച്ചു. റസ്സൽ സഹോദരന് അദ്ദേഹം ഇങ്ങനെ എഴുതി: “എനിക്കും താങ്കൾക്കും അഭിപ്രായവ്യത്യാസമുള്ള ആ ചോദ്യങ്ങളിൽ ചിലതിനെക്കുറിച്ച് ജനങ്ങളുടെ മുന്നിൽവെച്ച് ഒരു സംവാദം നടത്തുന്നത് . . . അവർക്കു വലിയ താത്പര്യമുള്ള കാര്യമായിരിക്കും.” പൊതുജനങ്ങൾക്ക് ഇതിൽ താത്പര്യം കാണുമെന്നു റസ്സൽ സഹോദരനും സഹകാരികൾക്കും തോന്നി. അതുകൊണ്ട് ഈ സംവാദങ്ങൾ അന്നത്തെ മുൻനിരദിനപത്രങ്ങളിൽ ഒന്നായ പിറ്റ്സ്ബർഗ് ഗസറ്റിൽ (ഇംഗ്ലീഷ്) പ്രസിദ്ധീകരിക്കാൻ വേണ്ട ക്രമീകരണങ്ങൾ അവർ ചെയ്തു. ആ പത്രലേഖനങ്ങൾക്കു വലിയ ജനപ്രീതി ലഭിച്ചു. പോരാത്തതിന്, റസ്സൽ സഹോദരൻ ബൈബിൾസത്യങ്ങൾ വിശദീകരിച്ചിരുന്നതോ ആർക്കും ബോധ്യംവരുന്ന രീതിയിൽ വളരെ വ്യക്തതയോടെയും. ഇതെല്ലാം കണക്കിലെടുത്ത് റസ്സൽ സഹോരന്റെ പ്രസംഗങ്ങൾ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കാൻ സമ്മതമാണെന്ന് ആ പത്രം അറിയിച്ചു. സത്യത്തിന്റെ ശത്രുക്കളെ ആ സംഭവവികാസം എത്ര അസ്വസ്ഥരാക്കിക്കാണും!
1914 ആയപ്പോഴേക്കും 2,000 പത്രങ്ങളാണു റസ്സൽ സഹോദരന്റെ പ്രഭാഷണങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്
4, 5. റസ്സൽ സഹോദരൻ ഏതു ഗുണം പ്രകടിപ്പിച്ചു, ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ളവർക്ക് ആ മാതൃക എങ്ങനെ അനുകരിക്കാം?
4 വളരെ പെട്ടെന്ന്, റസ്സൽ സഹോദരന്റെ പ്രസംഗങ്ങൾ പ്രസിദ്ധീകരിക്കാൻ തയ്യാറായി കൂടുതൽ പത്രങ്ങൾ രംഗത്തെത്തി. 1908 ആയപ്പോഴേക്കും, “പതിവായി 11 പത്രങ്ങളിൽ” ആ പ്രസംഗങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നു റിപ്പോർട്ട് ചെയ്യാൻ വീക്ഷാഗോപുരത്തിനു കഴിഞ്ഞു. എന്നാൽ സൊസൈറ്റിയുടെ ഓഫീസുകൾ പിറ്റ്സ്ബർഗിൽനിന്ന് കുറെക്കൂടെ അറിയപ്പെടുന്ന ഒരു നഗരത്തിലേക്കു മാറ്റിയാൽ, നമ്മുടെ ബൈബിളധിഷ്ഠിതലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ കൂടുതൽ പത്രങ്ങൾ തയ്യാറാകുമെന്നു പത്രപ്രവർത്തനരംഗവുമായി അടുത്ത് പരിചയമുള്ള ചില സഹോദരങ്ങൾ റസ്സൽ സഹോദരനെ ഉപദേശിച്ചു. ആ ഉപദേശവും മറ്റു ചില ഘടകങ്ങളും കണക്കിലെടുത്ത് റസ്സൽ സഹോദരൻ 1909-ൽ ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്ക് ഓഫീസുകൾ മാറ്റി. ഫലമോ? വെറും മാസങ്ങൾ കഴിഞ്ഞപ്പോൾ, റസ്സൽ സഹോദരന്റെ പ്രസംഗങ്ങൾ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുടെ എണ്ണം 400 ആയി ഉയർന്നു, കൂടുതൽക്കൂടുതൽ പത്രങ്ങൾ അതിനു തയ്യാറായി മുന്നോട്ടു വരുന്നുമുണ്ടായിരുന്നു. 1914-ൽ ദൈവരാജ്യം സ്ഥാപിതമായ സമയമായപ്പോഴേക്കും നാലു ഭാഷകളിലായി 2,000 പത്രങ്ങളാണു റസ്സൽ സഹോദരന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നത്!
5 ആ സംഭവവികാസത്തിൽനിന്ന് ഏതു പ്രധാനപ്പെട്ട പാഠമാണു പഠിക്കാനുള്ളത്? ഇന്നു ദൈവത്തിന്റെ സംഘടനയിൽ അധികാരസ്ഥാനങ്ങളിലുള്ളവർ റസ്സൽ സഹോദരന്റെ താഴ്മ അനുകരിക്കേണ്ടതാണ്. എങ്ങനെ? പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ മറ്റുള്ളവരുടെ ഉപദേശവും പരിഗണിച്ചുകൊണ്ട്.—സുഭാഷിതങ്ങൾ 15:22 വായിക്കുക.
6. പത്രലേഖനങ്ങളിൽ പ്രസിദ്ധീകരിച്ച സത്യങ്ങൾ ഒരാളെ സ്വാധീനിച്ചത് എങ്ങനെ?
6 ആ പത്രലേഖനങ്ങളിൽ പ്രസിദ്ധീകരിച്ച രാജ്യസത്യങ്ങൾ ആളുകളുടെ ജീവിതം മാറ്റിമറിച്ചു. (എബ്രാ. 4:12) ഉദാഹരണത്തിന്, അത്തരം ലേഖനങ്ങളിൽനിന്ന് സത്യം ആദ്യമായി മനസ്സിലാക്കിയ ധാരാളം പേരിൽ ഒരാളാണ് 1917-ൽ സ്നാനമേറ്റ ഓറാ ഹെട്സെൽ. സഹോദരി പറയുന്നു: “കല്യാണത്തിനു ശേഷം ഒരിക്കൽ ഞാൻ മിന്നെസോട്ടായിലെ റോച്ചസ്റ്ററിലുള്ള എന്റെ അമ്മയെ കാണാൻ പോയി. ഞാൻ ചെന്നപ്പോൾ അമ്മ പത്രത്തിൽനിന്ന് ചില ലേഖനങ്ങൾ വെട്ടിയെടുക്കുകയായിരുന്നു. റസ്സൽ സഹോദരന്റെ പ്രഭാഷണങ്ങളായിരുന്നു അത്. ആ ലേഖനങ്ങളിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ അമ്മ എനിക്കു വിശദീകരിച്ചുതന്നു.” താൻ കേട്ട സത്യങ്ങൾ സ്വീകരിച്ച ഓറാ, ഏതാണ്ട് ആറു പതിറ്റാണ്ടോളം വിശ്വസ്തമായി ദൈവരാജ്യത്തെക്കുറിച്ച് ഘോഷിച്ചു.
7. പത്രങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി ഒരു പുനരാലോചന നടത്താൻ, നേതൃത്വമെടുക്കുന്നവരെ പ്രേരിപ്പിച്ചത് എന്താണ്?
7 സന്തോഷവാർത്ത പ്രസിദ്ധമാക്കുന്നതിൽ പത്രങ്ങൾ എത്രത്തോളം ഉപയോഗിക്കണം എന്നതിനെപ്പറ്റി ഒരു പുനരാലോചന നടത്താൻ, നേതൃത്വമെടുക്കുന്നവരെ പ്രേരിപ്പിക്കുന്ന രണ്ടു നിർണായകസംഭവങ്ങൾ 1916-ലുണ്ടായി. ഒന്നാമത്തേത്, അന്നു കൊടുമ്പിരികൊണ്ടിരുന്ന മഹായുദ്ധമായിരുന്നു. യുദ്ധം കാരണം, അച്ചടിസാമഗ്രികൾ കിട്ടുക ദുഷ്കരമായി. ആ വെല്ലുവിളിയെക്കുറിച്ച് 1916-ൽ ബ്രിട്ടനിലെ നമ്മുടെ പത്രവിഭാഗത്തിൽനിന്ന് വന്ന ഒരു റിപ്പോർട്ട് പറഞ്ഞത് ഇതാണ്: “ഇപ്പോൾ വെറും 30 പത്രങ്ങൾ മാത്രമേ നമ്മുടെ പ്രഭാഷണങ്ങൾ പ്രസിദ്ധീകരിക്കുന്നുള്ളൂ. പത്രക്കടലാസിന്റെ കുതിച്ചുയരുന്ന വില കാരണം അധികം വൈകാതെ ഈ സംഖ്യ ഇനിയും വളരെ താഴേക്കു പോകാനാണു സാധ്യത.” റസ്സൽ സഹോദരന്റെ മരണമായിരുന്നു രണ്ടാമത്തെ സംഭവം. 1916 ഒക്ടോബർ 31-നായിരുന്നു അത്. തുടർന്ന്, 1916 ഡിസംബർ 15 ലക്കം വീക്ഷാഗോപുരം ഇങ്ങനെ അറിയിച്ചു: “റസ്സൽ സഹോദരൻ നമ്മെ വേർപിരിഞ്ഞതുകൊണ്ട്, (പത്രങ്ങളിൽ) പ്രഭാഷണങ്ങൾ പ്രസിദ്ധീകരിക്കുന്ന രീതി നമ്മൾ പൂർണമായി ഉപേക്ഷിക്കാൻപോകുകയാണ്.” പത്രങ്ങളിലൂടെയുള്ള പ്രസംഗപ്രവർത്തനം അവസാനിച്ചെങ്കിലും “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പോലുള്ള മറ്റു രീതികൾ അപ്പോഴും നല്ല വിജയം കൊയ്യുന്നുണ്ടായിരുന്നു.
8. “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” ഒരുക്കാൻ എന്തെല്ലാം തയ്യാറെടുപ്പുകൾ നടന്നു?
8 ദൃശ്യമാധ്യമം. റസ്സൽ സഹോദരന്റെയും സഹകാരികളുടെയും മൂന്നു വർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ 1914-ൽ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രകാശനം ചെയ്തു. (സുഭാ. 21:5) പല നിറങ്ങളിലെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഗ്ലാസ് സ്ലൈഡുകൾ, ശബ്ദങ്ങൾ, ചലിക്കുന്ന ചിത്രങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ച് തികച്ചും പുതുമയാർന്നൊരു രീതിയിൽ തയ്യാറാക്കിയ അതിന്റെ വിളിപ്പേര് ‘നാടകം’ എന്നായിരുന്നു. ബൈബിൾരംഗങ്ങളുടെ പുനരാവിഷ്കാരത്തിൽ നൂറുകണക്കിന് ആളുകൾ അഭിനയിച്ചു, എന്നിട്ട് അതു ഫിലിമിൽ ചിത്രീകരിച്ചു. മൃഗങ്ങൾപോലും അതിൽ പ്രത്യക്ഷപ്പെട്ടു. അതെക്കുറിച്ച് 1913-ലെ ഒരു റിപ്പോർട്ട് പറയുന്നു: “ആ നാടകത്തിലെ നോഹയുടെ ഭാഗം, ചലിക്കുന്ന ശബ്ദചിത്രങ്ങളുടെ രൂപത്തിൽ പുനരാവിഷ്കരിക്കാൻ ഒരു വലിയ മൃഗശാലയിലെ ഭൂരിഭാഗം മൃഗങ്ങളെയും ഉപയോഗിച്ചു.” ഇനി, അതിൽ ഉപയോഗിച്ച ഗ്ലാസ് സ്ലൈഡുകളോ? ന്യൂയോർക്ക്, പാരീസ്, ഫിലാഡെൽഫിയ, ലണ്ടൻ എന്നിവിടങ്ങളിലെ കലാകാരന്മാർ കൈകൊണ്ട് നിറം കൊടുത്തതായിരുന്നു ഓരോന്നും.
9. വളരെയധികം സമയവും പണവും ചെലവഴിച്ച് “ഫോട്ടോ നാടകം” നിർമിച്ചത് എന്തിനായിരുന്നു?
9 ഇത്രയധികം സമയവും പണവും ചെലവഴിച്ച് “ഫോട്ടോ നാടകം” നിർമിച്ചത് എന്തിനായിരുന്നു? 1913-ലെ കൺവെൻഷൻ പരമ്പരയിൽ അംഗീകരിക്കപ്പെട്ട ഒരു പ്രമേയം അതെപ്പറ്റി ഇങ്ങനെ പറയുന്നു: “പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ, അമേരിക്കൻ പത്രങ്ങളുടെ വാർത്താ-മാസിക വിഭാഗങ്ങൾ ഉപയോഗിക്കുന്ന കാർട്ടൂണുകളുടെയും ചിത്രങ്ങളുടെയും ഫലപ്രദത്വം സമാനതകളില്ലാത്തതാണ്. ഇനി, ചലിക്കുന്ന ചിത്രങ്ങൾക്കു വലിയ ജനസമ്മതിയുണ്ട്. അവയുടെ പുതുമയും വൈവിധ്യവും എടുത്തുപറയത്തക്കതാണ്. അവയുടെ മൂല്യം എത്രത്തോളമാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. അതുകൊണ്ട് ഒരു കാര്യത്തിനു നമ്മളെല്ലാം പൂർണപിന്തുണ കൊടുക്കുന്നത് എന്തുകൊണ്ടും ഉചിതമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു: പുരോഗമനതത്പരരായ പ്രസംഗകരും ബൈബിൾക്ലാസ് അധ്യാപകരും എന്ന നിലയിൽ നമ്മൾ, സുവിശേഷ-പഠിപ്പിക്കൽ പ്രവർത്തനത്തിൽ, ചലിക്കുന്ന ചിത്രങ്ങളും സ്ലൈഡുകളും ഉപയോഗിക്കേണ്ടതാണ്. ഫലപ്രദവും അഭികാമ്യവും ആയ ഒരു രീതിയാണ് അത്.”
10. “ഫോട്ടോ നാടകം” എത്ര വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ടു?
10 1914-ൽ “ഫോട്ടോ നാടകം” ഓരോ ദിവസവും 80 നഗരങ്ങളിൽ കാണിച്ചിരുന്നു. ഐക്യനാടുകളിലും കാനഡയിലും ആയി ഏകദേശം 80 ലക്ഷം പേരാണ് ആ പ്രദർശനം കണ്ടത്. അതേ വർഷം ഓസ്ട്രേലിയ, ജർമനി, ഡെന്മാർക്ക്, നോർവേ, ന്യൂസിലൻഡ്, ഫിൻലൻഡ്, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും ആ നാടകം കാണിക്കുകയുണ്ടായി. ചെറുപട്ടണങ്ങളിൽ കാണിക്കാനായി ആ നാടകത്തിന്റെ ഒരു ലഘുരൂപവും തയ്യാറാക്കി. ചലിക്കുന്ന ചിത്രങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ മാത്രമേ അതിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. “യുറീക്കാ നാടകം” എന്നു പേരിട്ട ആ പതിപ്പ്, കുറഞ്ഞ ചെലവിൽ നിർമിക്കാവുന്നതും കൊണ്ടുനടക്കാൻ എളുപ്പവും ആയിരുന്നു. 1916-ഓടെ “ഫോട്ടോ നാടക”മോ “യുറീക്കാ നാടക”മോ അർമേനിയൻ, ഇറ്റാലിയൻ, ഗ്രീക്ക്, ജർമൻ, ഡാനോ-നോർവീജിയൻ, പോളിഷ്, ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു.
1914-ൽ, തിങ്ങിനിറഞ്ഞ സദസ്സുകളിലായിരുന്നു “ഫോട്ടോ നാടകം” പ്രദർശിപ്പിച്ചത്
11, 12. “ഫോട്ടോ നാടകം” ഒരു ചെറുപ്പക്കാരനെ എങ്ങനെ സ്വാധീനിച്ചു, അദ്ദേഹം എന്തു മാതൃക വെച്ചു?
11 ഷാൾ റോണേർ എന്നൊരു 18 വയസ്സുകാരനെ “ഫോട്ടോ നാടക”ത്തിന്റെ ഫ്രഞ്ചുപരിഭാഷ വളരെയേറെ സ്വാധീനിച്ചു. “ഫ്രാൻസിലെ അൽസാസിലുള്ള എന്റെ സ്വന്തപട്ടണമായ കോൾമാറിൽ അതു പ്രദർശിപ്പിച്ചു” എന്നു ഷാൾ പറയുന്നു. “തുടക്കംമുതലേ അതിൽ വ്യക്തതയോടെ അവതരിപ്പിച്ച ബൈബിൾസത്യം എന്നെ വളരെയധികം ആകർഷിച്ചു.”
12 അതിന്റെ ഫലമായി ഷാൾ 1922-ൽ സ്നാനമേറ്റു, മുഴുസമയശുശ്രൂഷയും തുടങ്ങി. അദ്ദേഹത്തിനു കിട്ടിയ ആദ്യനിയമനങ്ങളിലൊന്നു ഫ്രാൻസിലെ വിവിധസദസ്സുകളിൽ “ഫോട്ടോ നാടകം” പ്രദർശിപ്പിക്കാൻ സഹായിക്കുക എന്നതായിരുന്നു. ആ ജോലിയെക്കുറിച്ച് ഷാൾ പറയുന്നു: “എനിക്കു പല പണികളുണ്ടായിരുന്നു. ചിലപ്പോൾ വയലിൻവായന, മറ്റു ചിലപ്പോൾ കണക്കുദാസന്റെയോ സാഹിത്യദാസന്റെയോ ജോലി. പരിപാടി തുടങ്ങുന്നതിനു മുമ്പ് സദസ്യരെ നിശ്ശബ്ദരാക്കുന്നതായിരുന്നു മറ്റൊരു നിയമനം. ഇടവേളയുടെ സമയത്ത് ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യും. ഓരോ സഹോദരനും സഹോദരിക്കും ഹാളിന്റെ ഓരോ ഭാഗം വീതിച്ചുകൊടുക്കും. കൈയിൽ ഒരു കെട്ടു പ്രസിദ്ധീകരണങ്ങളുമായി അവർ ഓരോരുത്തരുടെയും അടുത്ത് ചെല്ലും. ഹാളിന്റെ പ്രവേശനകവാടത്തിന് അടുത്തുള്ള മേശകളിലും നിറയെ പ്രസിദ്ധീകരണങ്ങൾ വെച്ചിരുന്നു.” 1925-ൽ ഷാളിനു ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ബഥേലിലേക്കു ക്ഷണം കിട്ടി. പുതുതായി സ്ഥാപിതമായ ഡബ്ല്യുബിബിആർ റേഡിയോ നിലയത്തിന്റെ ഓർക്കെസ്ട്രയ്ക്കു നേതൃത്വം കൊടുക്കുന്നതായിരുന്നു അവിടത്തെ നിയമനം. റോണേർ സഹോദരന്റെ മാതൃക കണ്ട നമ്മൾ നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്: ‘ദൈവരാജ്യസന്ദേശം വ്യാപിപ്പിക്കാൻ സഹായിക്കുന്ന ഏതു നിയമനം കിട്ടിയാലും അത് ഏറ്റെടുക്കാൻ ഞാൻ തയ്യാറാണോ?’—യശയ്യ 6:8 വായിക്കുക.
13, 14. സന്തോഷവാർത്ത വ്യാപിപ്പിക്കാൻ റേഡിയോ ഉപയോഗിച്ചത് എങ്ങനെ? (“ ഡബ്ല്യുബിബിആർ-ലെ പരിപാടികൾ” എന്ന ചതുരവും “ ചരിത്രപ്രധാനമായ ഒരു കൺവെൻഷൻ” എന്ന ചതുരവും കാണുക.)
13 റേഡിയോ. 1920-കളിൽ “ഫോട്ടോ നാടക”വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞുതുടങ്ങി. പക്ഷേ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാനുള്ള ഒരു സുപ്രധാനമാർഗമെന്ന നിലയിൽ റേഡിയോ രംഗപ്രവേശം ചെയ്തു. 1922 ഏപ്രിൽ 16-നു റഥർഫോർഡ് സഹോദരൻ പെൻസിൽവേനിയയിലെ ഫിലാഡെൽഫിയയിലുള്ള മെട്രോപോളിറ്റൻ ഓപ്പറ ഹൗസിൽനിന്ന് ചരിത്രപ്രധാനമായ ഒരു റേഡിയോപ്രഭാഷണം നടത്തി. “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന ആ പ്രസംഗം 50,000-ത്തോളം ആളുകൾ കേട്ടിട്ടുണ്ടാകും എന്നാണു കണക്ക്. 1923-ൽ ആദ്യമായി കൺവെൻഷന്റെ ഒരു ഭാഗവും പ്രക്ഷേപണം ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന റേഡിയോ നിലയങ്ങൾ അന്നു നമ്മൾ ഉപയോഗിച്ചിരുന്നെങ്കിലും നമുക്കു സ്വന്തമായി ഒരു റേഡിയോ നിലയം ഉള്ളതു നല്ലതാണെന്നു കണ്ട് അത്തരം ഒരെണ്ണം നിർമിക്കാൻ, നേതൃത്വമെടുക്കുന്നവർ തീരുമാനിച്ചു. ന്യൂയോർക്കിലെ സ്റ്റേറ്റൺ ദ്വീപിൽ പണിത ആ നിലയം ഡബ്ല്യുബിബിആർ എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയുണ്ടായി. 1924 ഫെബ്രുവരി 24-ാം തീയതി അവിടെനിന്ന് ആദ്യപരിപാടി പ്രക്ഷേപണം ചെയ്തു.
“ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന റേഡിയോപ്രഭാഷണം 1922-ൽ 50,000-ത്തോളം ആളുകൾ കേട്ടിട്ടുണ്ടാകും എന്നാണു കണക്ക്
14 ഡബ്ല്യുബിബിആർ-ന്റെ ഉദ്ദേശ്യത്തെക്കുറിച്ച് 1924 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ വിശദീകരിച്ചു: “സത്യത്തെക്കുറിച്ചുള്ള സന്ദേശം വ്യാപിപ്പിക്കാൻ ഇതേവരെ ഉപയോഗിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും പണച്ചെലവ് കുറഞ്ഞതും ഫലപ്രദവും ആയ രീതിയാണു റേഡിയോ എന്നു ഞങ്ങൾ വിശ്വസിക്കുന്നു.” ആ ലേഖനം ഇങ്ങനെയും പറഞ്ഞു: “സത്യം വ്യാപിപ്പിക്കാൻ ഇനിയും റേഡിയോ നിലയങ്ങൾ പണിയേണ്ടതുണ്ടെന്നതാണു കർത്താവിന്റെ ഹിതമെങ്കിൽ അതിനു വേണ്ട പണം തന്റേതായ രീതിയിൽ കർത്താവ് തരുകതന്നെ ചെയ്യും.” (സങ്കീ. 127:1) 1926 ആയപ്പോഴേക്കും യഹോവയുടെ ജനത്തിന് ആറു റേഡിയോ നിലയങ്ങൾ സ്വന്തമായുണ്ടായിരുന്നു. രണ്ടെണ്ണം ഐക്യനാടുകളിലായിരുന്നു—ന്യൂയോർക്കിലെ ഡബ്ല്യുബിബിആർ-ഉം ചിക്കാഗോയ്ക്കടുത്തുള്ള ഡബ്ല്യുഓആർഡി-യും. മറ്റു നാലെണ്ണം കാനഡയിലെ ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, ഒണ്ടേറിയോ, സസ്കാച്ചിവാൻ എന്നിവിടങ്ങളിലായിരുന്നു.
15, 16. (എ) നമ്മുടെ റേഡിയോ പ്രക്ഷേപണങ്ങളോടു കാനഡയിലെ വൈദികർ പ്രതികരിച്ചത് എങ്ങനെ? (ബി) റേഡിയോ പ്രഭാഷണങ്ങളും വീടുതോറുമുള്ള പ്രവർത്തനവും പരസ്പരപൂരകങ്ങളായിരുന്നത് എങ്ങനെ?
15 ബൈബിൾസത്യങ്ങൾ ഇത്ര വ്യാപകമായി പ്രക്ഷേപണം ചെയ്യുന്നതു ക്രൈസ്തവലോകത്തിലെ വൈദികരുടെ ശ്രദ്ധയിൽപ്പെടാതിരുന്നില്ല. കാനഡയിലെ സസ്കാച്ചിവാനിലുള്ള റേഡിയോ നിലയത്തിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാമായിരുന്ന ആൽബർട്ട് ഹോഫ്മാൻ പറയുന്നു: “കൂടുതൽക്കൂടുതൽ ആളുകൾ ബൈബിൾവിദ്യാർഥികളെക്കുറിച്ച് (അന്ന് യഹോവയുടെ സാക്ഷികൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.) അറിയാൻ തുടങ്ങി. മറ്റുള്ളവരെ സത്യം അറിയിക്കുന്ന പ്രവർത്തനം 1928 വരെ ഗംഭീരമായി മുന്നോട്ടുപോയെന്നു പറയാം. എന്നാൽ ഉദ്യോഗസ്ഥരുടെമേൽ വൈദികർ ചെലുത്തിയ സമ്മർദം കാരണം, ബൈബിൾവിദ്യാർഥികൾ കാനഡയിൽ നടത്തിയിരുന്ന എല്ലാ റേഡിയോ നിലയങ്ങൾക്കും ആ വർഷം ലൈസൻസ് നഷ്ടമായി.”
16 കാനഡയിലെ നമ്മുടെ റേഡിയോ നിലയങ്ങൾ അടച്ചുപൂട്ടിയെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന റേഡിയോ നിലയങ്ങളിലൂടെ തുടർന്നും ബൈബിൾപ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്തുപോന്നു. (മത്താ. 10:23) ആ പരിപാടികളുടെ ഫലപ്രദത്വത്തിനു മൂർച്ച കൂട്ടാൻ മറ്റൊരു കാര്യവും ചെയ്തു. ബൈബിൾസത്യങ്ങൾ പ്രക്ഷേപണം ചെയ്യുന്ന അത്തരം റേഡിയോ നിലയങ്ങളുടെ പേരുകൾ വീക്ഷാഗോപുരം മാസികയിലും സുവർണയുഗം (ഇന്ന് ഉണരുക! എന്ന് അറിയപ്പെടുന്നു.) മാസികയിലും പ്രസിദ്ധീകരിക്കാൻതുടങ്ങി. അതു വീടുതോറും പ്രവർത്തിക്കുന്ന പ്രചാരകർക്ക് ഒരു സൗകര്യമായി. കാരണം, ബൈബിൾപ്രഭാഷണങ്ങൾ അവരവരുടെ പ്രാദേശികനിലയങ്ങളിലൂടെത്തന്നെ കേൾക്കാൻ അവർക്ക് ആളുകളെ പ്രോത്സാഹിപ്പിക്കാനായി. എന്തായിരുന്നു ഫലം? 1931 ജനുവരി ലക്കം ബുള്ളറ്റിൻ പറയുന്നു: “വീടുതോറും പോയി പ്രസംഗിക്കുന്ന നമ്മുടെ സുഹൃത്തുക്കൾക്കു റേഡിയോ ശരിക്കും ഒരു ഉത്തേജനമാണ്. പലയാളുകളും നമ്മുടെ റേഡിയോ പരിപാടികൾ കേട്ടെന്നും റഥർഫോർഡ് സഹോദരന്റെ പ്രസംഗങ്ങൾ കേട്ടതുകൊണ്ട് നമ്മൾ കൊടുക്കുന്ന പുസ്തകങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നും പറഞ്ഞുകൊണ്ടുള്ള അനേകം റിപ്പോർട്ടുകൾ ഓഫീസിൽ ലഭിച്ചിട്ടുണ്ട്.” റേഡിയോ പ്രക്ഷേപണത്തെയും വീടുതോറുമുള്ള പ്രവർത്തനത്തെയും, “കർത്താവിന്റെ സംഘടനയുടെ രണ്ടു വലിയ പ്രചാരണശാഖകൾ” എന്നാണു ബുള്ളറ്റിൻ വിളിച്ചത്.
17, 18. സാഹചര്യങ്ങൾ മാറിവന്നെങ്കിലും സത്യം അറിയിക്കുന്നതിൽ റേഡിയോ തുടർന്നും ഒരു പങ്കു വഹിച്ചത് എങ്ങനെ?
17 വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന റേഡിയോ നിലയങ്ങൾ നമ്മൾ ഉപയോഗിക്കുന്നതിനോട് 1930-കളിൽ എതിർപ്പുകൾ കൂടിവന്നു. അതുകൊണ്ട് മാറിവന്ന സാഹചര്യങ്ങൾക്കനുസരിച്ച് യഹോവയുടെ ജനവും ചില മാറ്റങ്ങൾ വരുത്തി. 1937-ന്റെ ഒടുവിൽ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന റേഡിയോ നിലയങ്ങളിലൂടെ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിൽനിന്ന് അവർ പിന്മാറി. എന്നിട്ട്, വീടുതോറുമുള്ള പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. a എങ്കിലും ചില ഉൾനാടൻപ്രദേശങ്ങളിലും രാഷ്ട്രീയകാരണങ്ങളാൽ ഒറ്റപ്പെട്ടുകിടക്കുന്ന ചില നാടുകളിലും രാജ്യസന്ദേശം എത്തിക്കുന്നതിൽ റേഡിയോ തുടർന്നും വലിയ പങ്കു വഹിച്ചു. ഉദാഹരണത്തിന്, 1951 മുതൽ 1991 വരെയുള്ള കാലത്ത് ജർമനിയിലെ പടിഞ്ഞാറൻ ബർലിനിലുള്ള ഒരു നിലയം പതിവായി ബൈബിൾപ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്തതുകൊണ്ട്, അന്നത്തെ കിഴക്കൻ ജർമനിയുടെ ചില ഭാഗങ്ങളിൽ താമസിച്ചിരുന്നവർക്കു രാജ്യസന്ദേശം കേൾക്കാനായി. 1961-ൽ തുടങ്ങി മൂന്നു പതിറ്റാണ്ടിലേറെ കാലം തെക്കേ അമേരിക്കയിലെ സുരിനാമിലെ ഒരു ദേശീയ റേഡിയോ നിലയം ബൈബിൾസത്യങ്ങൾ പ്രസിദ്ധമാക്കുന്ന ഒരു 15 മിനിട്ടു പരിപാടി ആഴ്ചതോറും സംപ്രേഷണം ചെയ്തു. 1969 മുതൽ 1977 വരെയുള്ള കാലത്ത് സംഘടന, “എല്ലാ തിരുവെഴുത്തും പ്രയോജനപ്രദമാകുന്നു” എന്ന പരമ്പരയിൽ, 350-ലധികം റേഡിയോ പരിപാടികൾ റെക്കോർഡ് ചെയ്ത് തയ്യാറാക്കി. ഐക്യനാടുകളിലെ 48 സംസ്ഥാനങ്ങളിലായി 291 റേഡിയോ നിലയങ്ങളാണു പരിപാടികൾ പ്രക്ഷേപണം ചെയ്തത്. 1996-ൽ തെക്കൻ പസിഫിക് രാഷ്ട്രമായ സമോവയുടെ തലസ്ഥാനനഗരമായ അപ്പിയയിലെ ഒരു റേഡിയോ നിലയം “നിങ്ങളുടെ ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ” എന്ന പേരിൽ ആഴ്ചതോറും ഒരു പരിപാടി സംപ്രേഷണം ചെയ്തു.
18 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, സന്തോഷവാർത്ത പ്രസിദ്ധമാക്കുന്ന കാര്യത്തിൽ റേഡിയോയ്ക്കുള്ള പ്രസക്തി നഷ്ടമായി. എന്നാൽ ഏറ്റവും അധികം ആളുകളുടെ അടുത്ത് സത്യം എത്തിക്കാൻ സഹായിച്ചെന്നു ചരിത്രം സാക്ഷ്യപ്പെടുത്തിയ പുതിയൊരു സാങ്കേതികവിദ്യ അപ്പോൾ രംഗപ്രവേശം ചെയ്തു.
19, 20. യഹോവയുടെ ജനം jw.org വെബ്സൈറ്റ് നിർമിച്ചത് എന്തുകൊണ്ട്, അത് എത്ര ഫലപ്രദമാണ്? (“ JW.ORG” എന്ന ചതുരവും കാണുക.)
19 ഇന്റർനെറ്റ്. 2013-ലെ കണക്കനുസരിച്ച് 270 കോടിയിലേറെ ആളുകൾക്ക്, അതായത് ലോകജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനത്തിന്, ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ചില കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം 200 കോടി ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതു സ്മാർട്ട്ഫോണുകളോ ടാബ്ലറ്റുകളോ പോലെ കൈയിൽ കൊണ്ടുനടക്കാവുന്ന ഉപകരണങ്ങളിലാണെന്നാണ്. ലോകമെങ്ങും ആ സംഖ്യ കുതിച്ചുയരുകയാണ്. എന്നാൽ മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യയിൽ ഏറ്റവും വലിയ കുതിച്ചുചാട്ടം കാണുന്നത് ആഫ്രിക്കയിലാണ്. അവിടെ ഇപ്പോൾ ഒൻപതു കോടി മൊബൈൽ ഇന്റർനെറ്റ് വരിക്കാരുണ്ട്. ഈ സംഭവവികാസങ്ങൾ കാരണം പലർക്കും വിവരങ്ങൾ ലഭിക്കുന്ന രീതിക്ക് അടിമുടി മാറ്റം വന്നിരിക്കുകയാണ്.
20 1997 മുതൽ യഹോവയുടെ ജനം ഈ ബഹുജന വാർത്താവിനിമയോപാധി ഉപയോഗപ്പെടുത്താൻ തുടങ്ങി. 2013-ൽ jw.org വെബ്സൈറ്റ് 300-ഓളം ഭാഷകളിൽ ലഭ്യമായിരുന്നു. 520-ലധികം ഭാഷകളിൽ ബൈബിളധിഷ്ഠിതവിവരങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ആ സൈറ്റ് സന്ദർശിക്കുന്നവരുടെ എണ്ണമോ? ഓരോ ദിവസവും 7,50,000-ത്തിലധികം ഉപകരണങ്ങളിൽനിന്നുള്ള സന്ദർശനങ്ങളാണു രേഖപ്പെടുത്തുന്നത്. സൈറ്റിലെ അനേകം വീഡിയോകൾ കാണുന്നതിനു പുറമേ, പൂർണരൂപത്തിലുള്ള 30 ലക്ഷം പുസ്തകങ്ങൾ, 40 ലക്ഷം മാസികകൾ, 2 കോടി 20 ലക്ഷം ഓഡിയോ റെക്കോർഡിങ്ങുകൾ എന്നിവയാണ് ഓരോ മാസവും ആളുകൾ ഡൗൺലോഡ് ചെയ്യുന്നത്.
21. സീനയുടെ അനുഭവകഥയിൽനിന്ന് നിങ്ങൾക്ക് എന്തു മനസ്സിലായി?
21 നമ്മുടെ പ്രസംഗപ്രവർത്തനത്തിനു നിയന്ത്രണങ്ങളുള്ള നാടുകൾ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത വ്യാപിപ്പിക്കാൻ സഹായിക്കുന്ന അതിശക്തമായ ഒരു ഉപാധിയായി മാറിയിരിക്കുകയാണ് ആ വെബ്സൈറ്റ് ഇന്ന്. ഉദാഹരണത്തിന് 2013-ന്റെ തുടക്കത്തിൽ സീന എന്നൊരാൾ jw.org സൈറ്റ് കണ്ട് ഐക്യനാടുകളിലുള്ള ലോകാസ്ഥാനത്തേക്കു വിളിക്കുകയുണ്ടായി. ബൈബിളിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയണമെന്നായിരുന്നു ആവശ്യം. ഇതിൽ ഇത്ര അസാധാരണമായി എന്തിരിക്കുന്നു? മുസ്ലീം പശ്ചാത്തലത്തിൽനിന്നുള്ള സീന, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു കർശനനിയന്ത്രണങ്ങളുള്ള ഒരു രാജ്യത്തെ ഉൾനാടൻ ഗ്രാമത്തിൽനിന്നുള്ളയാളാണ്. ആ സംഭാഷണത്തെത്തുടർന്ന്, ഇന്റർനെറ്റ് വീഡിയോ സൗകര്യം ഉപയോഗിച്ച് ഐക്യനാടുകളിലെ ഒരു സാക്ഷിയോടൊപ്പം ആഴ്ചയിൽ രണ്ടു തവണ ബൈബിൾ പഠിക്കാനുള്ള സൗകര്യം സീനയ്ക്കു ചെയ്തുകൊടുത്തു.
വ്യക്തികളെ പഠിപ്പിക്കുന്നു
22, 23. (എ) ജനസഹസ്രങ്ങളോടു സന്തോഷവാർത്ത അറിയിക്കുന്ന ചില രീതികൾ വന്നതോടെ വീടുതോറുമുള്ള ശുശ്രൂഷയുടെ പ്രാധാന്യം നഷ്ടമായോ? (ബി) ദൈവരാജ്യത്തിന്റെ രാജാവ് നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിച്ചിരിക്കുന്നത് എങ്ങനെ?
22 പത്രങ്ങൾ, “ഫോട്ടോ നാടകം,” റേഡിയോ പരിപാടികൾ, വെബ്സൈറ്റ് എന്നിങ്ങനെ ജനസഹസ്രങ്ങളുടെ അടുത്ത് സത്യം എത്തിക്കാൻ നമ്മൾ ഉപയോഗിച്ചിരിക്കുന്ന രീതികളൊന്നും വീടുതോറുമുള്ള ശുശ്രൂഷയ്ക്കു പകരംവെക്കാൻ ഉദ്ദേശിച്ചുള്ളതല്ലായിരുന്നു. എന്തുകൊണ്ട്? കാരണം യേശു വെച്ച മാതൃക പിൻപറ്റുന്നവരാണ് യഹോവയുടെ ജനം. യേശു വലിയ ജനക്കൂട്ടങ്ങളോടു പ്രസംഗിച്ചു എന്നതു ശരിയാണ്. പക്ഷേ ആളുകളെ വ്യക്തിപരമായി സഹായിക്കുന്നതിനു യേശു വലിയ ശ്രദ്ധ കൊടുത്തു. (ലൂക്കോ. 19:1-5) അതുതന്നെ ചെയ്യാൻ ശിഷ്യന്മാരെയും പരിശീലിപ്പിച്ചു. അറിയിക്കേണ്ട സന്ദേശവും അവർക്കു പറഞ്ഞുകൊടുത്തു. (ലൂക്കോസ് 10:1, 8-11 വായിക്കുക.) ആറാം അധ്യായത്തിൽ കണ്ടതുപോലെ, യഹോവയുടെ ജനത്തിനു നേതൃത്വമെടുക്കുന്നവർ എല്ലാ കാലത്തും ഓരോ ദൈവദാസനെയും ഒരു പ്രത്യേകകാര്യത്തിനു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആളുകളെ നേരിട്ട് കണ്ട് സംസാരിക്കുക എന്നതായിരുന്നു അത്!—പ്രവൃ. 5:42; 20:20.
23 ദൈവരാജ്യം പിറന്നിട്ട് 100 വർഷം പിന്നിട്ട ഈ വേളയിൽ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഊർജസ്വലതയോടെ പഠിപ്പിക്കുന്ന പ്രചാരകരുടെ എണ്ണം 79 ലക്ഷത്തിലധികം വരും! ദൈവരാജ്യം പ്രസിദ്ധമാക്കാനായി നമ്മൾ ഉപയോഗിച്ചിരിക്കുന്ന രീതികളെ നമ്മുടെ രാജാവ് അനുഗ്രഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമേതുമില്ല. എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും പെട്ടവരോടു സന്തോഷവാർത്ത അറിയിക്കാൻ ആവശ്യമായ ഉപകരണങ്ങളും ആ രാജാവ് നമുക്കു തന്നിട്ടുണ്ട്. അടുത്ത അധ്യായത്തിൽ അതാണു കാണാൻപോകുന്നത്.—വെളി. 14:6.
a 1957-ൽ, ന്യൂയോർക്കിലെ ഡബ്ല്യുബിബിആർ എന്ന നമ്മുടെ അവസാനത്തെ റേഡിയോ നിലയവും അടച്ചുപൂട്ടാൻ നേതൃത്വമെടുക്കുന്നവർ തീരുമാനിച്ചു.