പാഠം 3
സന്തോഷവാർത്ത യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ളതാണോ?
1. ബൈബിളിന്റെ ഗ്രന്ഥകർത്താവ് ആരാണ്?
ആളുകൾ ഭൂമിയിൽ എന്നേക്കും ജീവിക്കും എന്ന സന്തോഷവാർത്ത ബൈബിളിലാണു രേഖപ്പെടുത്തിയിട്ടുള്ളത്. (സങ്കീർത്തനം 37:29) ചെറിയചെറിയ 66 പുസ്തകങ്ങൾ ചേർന്നതാണു ബൈബിൾ. അത് എഴുതുന്നതിനു ദൈവം വിശ്വസ്തരായ ഏതാണ്ട് 40 പുരുഷന്മാരെ ഉപയോഗിച്ചു. ആദ്യത്തെ അഞ്ചുപുസ്തകം എഴുതിയതു മോശയാണ്, ഏതാണ്ട് 3,500 വർഷം മുമ്പ്. അവസാനത്തെ പുസ്തകം എഴുതിയത് യോഹന്നാൻ അപ്പോസ്തലനും; 1,900-ത്തിലേറെ വർഷം മുമ്പാണ് അത്. ആരുടെ ആശയങ്ങളാണു ബൈബിളെഴുത്തുകാർ രേഖപ്പെടുത്തിയത്? തന്റെ പരിശുദ്ധാത്മാവിലൂടെ ദൈവം ആ എഴുത്തുകാരുമായി ആശയവിനിമയം നടത്തി. (2 ശമുവേൽ 23:2) അവർ എഴുതിയതു സ്വന്തം ആശയങ്ങളല്ല, ദൈവത്തിന്റെ ആശയങ്ങളാണ്. അതുകൊണ്ട് യഹോവയാണു ബൈബിളിന്റെ ഗ്രന്ഥകർത്താവ്.—2 തിമൊഥെയൊസ് 3:16; 2 പത്രോസ് 1:20, 21 വായിക്കുക.
ബൈബിളിന്റെ ഗ്രന്ഥകർത്താവ് ആരാണ്? എന്ന വീഡിയോ കാണുക
2. ബൈബിൾ സത്യമാണെന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാം?
ബൈബിൾ ദൈവത്തിൽനിന്നുള്ളതാണ്; കാരണം, അതു ഭാവിയെക്കുറിച്ച് കൃത്യതയോടെ, വിശദമായി മുൻകൂട്ടിപ്പറയുന്നു. മനുഷ്യനു പറ്റാത്ത കാര്യമാണത്. (യോശുവ 23:14) മനുഷ്യരുടെ ഭാവി കൃത്യമായി മുൻകൂട്ടിക്കാണാൻ സർവശക്തനായ ദൈവത്തിനു മാത്രമേ സാധിക്കൂ.—യശയ്യ 42:9; 46:10 വായിക്കുക.
ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥം അതുല്യമായിരിക്കാൻ നാം പ്രതീക്ഷിക്കും. ബൈബിളിന്റെ കാര്യത്തിൽ അതു സത്യമാണുതാനും. നൂറുകണക്കിനു ഭാഷകളിലായി ബൈബിളിന്റെ കോടിക്കണക്കിനു പ്രതികളാണു വിതരണം ചെയ്തിട്ടുള്ളത്. ബൈബിൾ വളരെ പഴക്കമുള്ള ഒരു പുസ്തകമാണെങ്കിലും തെളിയിക്കപ്പെട്ട ശാസ്ത്രവുമായി അതു പൂർണയോജിപ്പിലാണ്. കൂടാതെ, 40-ഓളം ആളുകളെക്കൊണ്ട് എഴുതിച്ചിട്ടും അതിൽ പരസ്പരവിരുദ്ധമായ ഒന്നും ഇല്ല. a സ്നേഹത്തെക്കുറിച്ച് ബൈബിൾ വിവരിക്കുന്ന കാര്യങ്ങളാകട്ടെ, സ്നേഹവാനായ ഒരു ദൈവത്തിനുമാത്രം പറയാനാകുന്നവയാണ്. മാത്രമല്ല, ആളുകളുടെ ജീവിതത്തെ നല്ല രീതിയിൽ സ്വാധീനിക്കാനുള്ള ശക്തി ഇന്നും അതിനുണ്ട്. ബൈബിൾ ദൈവവചനമാണെന്നു ദശലക്ഷങ്ങളെ ബോധ്യപ്പെടുത്തുന്ന വസ്തുതകളാണ് ഇവ.—1 തെസ്സലോനിക്യർ 2:13 വായിക്കുക.
ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താം? എന്ന വീഡിയോ കാണുക
3. ബൈബിളിന്റെ ഉള്ളടക്കം എന്താണ്?
ബൈബിളിന്റെ മുഖ്യവിഷയം മനുഷ്യരെക്കുറിച്ച് ദൈവത്തിനു സ്നേഹപൂർവകമായ ഒരു ഉദ്ദേശ്യമുണ്ട് എന്ന സന്തോഷവാർത്തയാണ്. മനുഷ്യർക്ക് പറുദീസാഭൂമിയിൽ ജീവിക്കാനുള്ള പദവി മനുഷ്യചരിത്രത്തിന്റെ ആരംഭത്തിൽ നഷ്ടപ്പെട്ടത് എങ്ങനെയെന്നും ഒടുവിൽ പറുദീസ പുനഃസ്ഥിതീകരിക്കപ്പെടുന്നത് എങ്ങനെയെന്നും തിരുവെഴുത്തുകൾ വിശദീകരിക്കുന്നു.—വെളിപാട് 21:4, 5 വായിക്കുക.
കൂടാതെ, ദൈവവചനത്തിൽ നിയമങ്ങളും തത്ത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിരിക്കുന്നു. മനുഷ്യരോടുള്ള ദൈവത്തിന്റെ ഇടപെടലിന്റെ ചരിത്രവും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്; ദൈവം എങ്ങനെയുള്ള വ്യക്തിയാണെന്ന് അതു നമുക്കു വെളിപ്പെടുത്തിത്തരുന്നു. അങ്ങനെ ദൈവത്തെക്കുറിച്ച് അറിയാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും. നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ സുഹൃത്തായിരിക്കാമെന്ന് അതു വിശദീകരിക്കുന്നു.—സങ്കീർത്തനം 19:7, 11; യാക്കോബ് 2:23; 4:8 വായിക്കുക.
4. നിങ്ങൾക്ക് എങ്ങനെ ബൈബിൾ മനസ്സിലാക്കാം?
ബൈബിൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്ന വിധത്തിലാണ് ഈ ലഘുപത്രിക തയ്യാറാക്കിയിരിക്കുന്നത്. യേശുവിന്റെ പഠിപ്പിക്കൽരീതി ഇതിൽ പിൻപറ്റിയിരിക്കുന്നു. യേശു ബൈബിൾഭാഗങ്ങൾ ഓരോന്നായി പരാമർശിക്കുകയും “തിരുവെഴുത്തുകളുടെ അർഥം” വിശദീകരിക്കുകയും ചെയ്തു.—ലൂക്കോസ് 24:27, 45 വായിക്കുക.
ദൈവത്തിൽനിന്നുള്ള സന്തോഷവാർത്തപോലെ ആകർഷകമായ ഒന്ന് വേറെ ഇല്ലെന്നുതന്നെ പറയാം. എന്നിട്ടും ചിലരെങ്കിലും അതിൽ വലിയ താത്പര്യം കാണിക്കുന്നില്ല. അതു കേൾക്കുന്നതുതന്നെ മറ്റുചിലരെ അസ്വസ്ഥരാക്കുന്നു. എന്നാൽ അതൊന്നും നിങ്ങളെ നിരുത്സാഹിതരാക്കരുത്. നിത്യജീവൻ ആസ്വദിക്കാനുള്ള നിങ്ങളുടെ പ്രത്യാശ നിങ്ങൾ ദൈവത്തെ അറിയുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.—യോഹന്നാൻ 17:3 വായിക്കുക.
a സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക കാണുക.