മഹാവൃക്ഷത്തിന്റെ മർമം ചുരുളഴിയുന്നു
അധ്യായം ആറ്
മഹാവൃക്ഷത്തിന്റെ മർമം ചുരുളഴിയുന്നു
1. നെബൂഖദ്നേസർ രാജാവിന് എന്തു സംഭവിച്ചു, അത് ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?
യഹോവ നെബൂഖദ്നേസർ രാജാവിനെ ഒരു ലോകഭരണാധിപൻ ആകാൻ അനുവദിച്ചു. ബാബിലോണിന്റെ രാജാവ് എന്ന നിലയിൽ അവനു വളരെയേറെ സമ്പത്തും അത്യന്തം സമൃദ്ധമായ ഭക്ഷണമേശയും പ്രൗഢമായ കൊട്ടാരവും അതേ, ഭൗതികമായി അവൻ ആഗ്രഹിച്ചതെല്ലാം ഉണ്ടായിരുന്നു. എന്നാൽ പൊടുന്നനെ അവൻ താഴ്ത്തപ്പെട്ടു. മാനസിക സമനില തെറ്റിയ നെബൂഖദ്നേസർ ഒരു മൃഗത്തെപ്പോലെ പെരുമാറി! രാജമേശയിൽനിന്നും വസതിയിൽനിന്നും പുറന്തള്ളപ്പെട്ട അവൻ വയലുകളിൽ ജീവിച്ചു കാളയെപ്പോലെ പുല്ലു തിന്നു. ഈ ദുരന്തത്തിലേക്കു നയിച്ചത് എന്തായിരുന്നു? അതു നമുക്കു താത്പര്യമുള്ളത് ആയിരിക്കേണ്ടത് എന്തുകൊണ്ട്?—ഇയ്യോബ് 12:17-19; സഭാപ്രസംഗി 6:1, 2 എന്നിവ താരതമ്യം ചെയ്യുക.
രാജാവ് അത്യുന്നതനെ മഹത്ത്വീകരിക്കുന്നു
2, 3. തന്റെ പ്രജകൾ എന്ത് അറിയാൻ ബാബിലോണിയൻ രാജാവ് ആഗ്രഹിച്ചു, പരമോന്നത ദൈവത്തെ അവൻ എങ്ങനെ വീക്ഷിച്ചു?
2 ആ സമ്പൂർണ മാനസിക തകർച്ചയിൽനിന്നു സുഖം പ്രാപിച്ച നെബൂഖദ്നേസർ അധികം താമസിയാതെ, സംഭവിച്ചതിനെ കുറിച്ചുള്ള ശ്രദ്ധേയമായ ഒരു റിപ്പോർട്ട് തന്റെ രാജ്യത്ത് ഉടനീളം അയച്ചു. ആ സംഭവങ്ങളുടെ കൃത്യമായ രേഖ കാത്തുസൂക്ഷിക്കാൻ യഹോവ ദാനീയേൽ പ്രവാചകനെ നിശ്വസ്തനാക്കി. അത് ഈ വാക്കുകളോടെ തുടങ്ങുന്നു: “നെബൂഖദ്നേസർരാജാവു സർവ്വഭൂമിയിലും പാർക്കുന്ന സകലവംശങ്ങൾക്കും ജാതികൾക്കും ഭാഷക്കാർക്കും എഴുതുന്നതു: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ. അത്യുന്നതനായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നന്നെന്നു എനിക്കു തോന്നിയിരിക്കുന്നു. അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.”—ദാനീയേൽ 4:1-3.
3 നെബൂഖദ്നേസരിന്റെ പ്രജകൾ ‘സർവ്വഭൂമിയിലും പാർത്തിരുന്നു’ —അവന്റെ സാമ്രാജ്യത്തിൽ ബൈബിൾ രേഖയിലുള്ള ലോകത്തിന്റെ അധികഭാഗവും ഉൾപ്പെട്ടിരുന്നു. ദാനീയേലിന്റെ ദൈവത്തെ കുറിച്ചു രാജാവ് പറഞ്ഞു: ‘അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വം ആകുന്നു.’ ആ വാക്കുകൾ ബാബിലോണിയൻ സാമ്രാജ്യത്തിൽ ഉടനീളം യഹോവയെ എത്ര മഹത്ത്വപ്പെടുത്തി! കൂടാതെ, അനിശ്ചിതകാലത്തോളം, “എന്നേക്കും” നിലനിൽക്കുന്നതു ദൈവരാജ്യം മാത്രമാണെന്ന് നെബൂഖദ്നേസരിനു കാണിച്ചുകൊടുത്തത് ഇതു രണ്ടാംതവണ ആയിരുന്നു.—ദാനീയേൽ 2:44.
4. നെബൂഖദ്നേസരിനോടുള്ള ബന്ധത്തിൽ യഹോവയുടെ ‘അടയാളങ്ങളും അത്ഭുതങ്ങളും’ ആരംഭിച്ചത് എങ്ങനെ?
4 “അത്യുന്നതനായ ദൈവം” എന്ത് ‘അടയാളങ്ങളും അത്ഭുതങ്ങളു’മാണ് പ്രവർത്തിച്ചത്? രാജാവിന്റെ സ്വന്തം അനുഭവങ്ങളോടെ അത് ആരംഭിച്ചു. അത് ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു: “നെബൂഖദ്നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു, അതുനിമിത്തം ഭയപ്പെട്ടു, കിടക്കയിൽവെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ടു.” (ദാനീയേൽ 4:4, 5) അസഹ്യപ്പെടുത്തുന്ന ആ സ്വപ്നത്തിന്റെ കാര്യത്തിൽ ബാബിലോണിയൻ രാജാവ് എന്തു ചെയ്തു?
5. നെബൂഖദ്നേസർ ദാനീയേലിനെ വീക്ഷിച്ചത് എങ്ങനെ, എന്തുകൊണ്ട്?
5 നെബൂഖദ്നേസർ ബാബിലോണിലെ വിദ്വാന്മാരെ വിളിച്ചുവരുത്തി സ്വപ്നം അറിയിച്ചു. എന്നാൽ അവർ എത്ര പരാജിതരായി! അതു വ്യാഖ്യാനിക്കാൻ അവർ തീർത്തും അപ്രാപ്തർ ആയിരുന്നു. രേഖ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേൽത്ത്ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോടു ഞാൻ സ്വപ്നം വിവരി”ച്ചു. (ദാനീയേൽ 4:6-8) രാജസദസ്സിൽ ദാനീയേലിന്റെ പേര് ബേൽത്ത്ശസ്സർ എന്നായിരുന്നു. ‘എന്റെ ദേവൻ’ എന്നു രാജാവ് വിളിച്ച വ്യാജ ദേവൻ ഒരുപക്ഷേ ബേലോ നെബോയോ മർദൂക്കോ ആയിരുന്നിരിക്കാം. ഒരു ബഹുദൈവ വിശ്വാസി ആയിരുന്ന നെബൂഖദ്നേസർ ദാനീയേലിനെ “വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവ”നായി വീക്ഷിച്ചു. ബാബിലോണിലെ എല്ലാ വിദ്വാന്മാരുടെയും തലവനെന്ന നിലയിലുള്ള ദാനീയേലിന്റെ സ്ഥാനം നിമിത്തമാണു രാജാവ് അവനെ ‘മന്ത്രവാദിശ്രേഷ്ഠൻ’ എന്നു പരാമർശിച്ചത്. (ദാനീയേൽ 2:48; 4:9; ദാനീയേൽ 1:20 താരതമ്യം ചെയ്യുക.) വിശ്വസ്തനായ ദാനീയേൽ മന്ത്രവാദം നടത്താനായി ഒരിക്കലും യഹോവയുടെ ആരാധന ഉപേക്ഷിച്ചില്ലെന്നു തീർച്ചയാണ്.—ലേവ്യപുസ്തകം 19:26; ആവർത്തനപുസ്തകം 18:10-12.
ഒരു മഹാവൃക്ഷം
6, 7. നെബൂഖദ്നേസരിന്റെ സ്വപ്നം നിങ്ങൾ എങ്ങനെ വിവരിക്കും?
6 ബാബിലോണിയൻ രാജാവിന്റെ ഭീതിദമായ സ്വപ്നത്തിന്റെ ഉള്ളടക്കം എന്തായിരുന്നു? നെബൂഖദ്നേസർ പറഞ്ഞു: “കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനമാവിതു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏററവും ഉയരമുള്ളതായിരുന്നു. ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അററത്തോളം കാണാകുന്നതും ആയിരുന്നു. അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണലിളെച്ചുവന്നു; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ടു ഉപജീവനം കഴിച്ചുപോന്നു” (ദാനീയേൽ 4:10-12) ലെബാനോനിലെ കൂറ്റൻ ദേവദാരു വൃക്ഷങ്ങളിൽ നെബൂഖദ്നേസരിനു വലിയ കമ്പം ആയിരുന്നതിനാൽ അവൻ അവ കാണാൻ പോകുകയും കുറെ വൃക്ഷങ്ങൾ ഉരുപ്പടികളാക്കി ബാബിലോണിലേക്കു കൊണ്ടുവരികയും ചെയ്തെന്നു പറയപ്പെടുന്നു. എന്നാൽ തന്റെ സ്വപ്നത്തിൽ കണ്ടതുപോലുള്ള ഒരു വൃക്ഷം അവൻ ഒരിക്കലും കണ്ടിരുന്നില്ല. “ഭൂമിയുടെ നടുവിൽ” ഒരു സുപ്രധാന സ്ഥാനത്തു നിന്ന ആ വൃക്ഷം ഭൂമിയിൽ എങ്ങും ദൃശ്യവും സകല ജഡത്തിനും ആഹാരം പ്രദാനം ചെയ്യാൻ തക്കവിധം അത്ര ഫലസമൃദ്ധവും ആയിരുന്നു.
7 സ്വപ്നത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. എന്തെന്നാൽ നെബൂഖദ്നേസർ ഇങ്ങനെ കൂട്ടിച്ചേർത്തു: “കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനത്തിൽ ഒരു ദൂതൻ [“ഒരു കാവൽക്കാരൻ,” NW], ഒരു പരിശുദ്ധൻ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വൃക്ഷം വെട്ടിയിട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറിച്ചുകളവിൻ; അതിന്റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ. അതിന്റെ തായ്വേരോ [“കുറ്റിയോ,” NW] വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ [“അത്,” NW] ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു [“അതിന്,” NW] മൃഗങ്ങളോടുകൂടെ നിലത്തെ പുല്ലു ഉപജീവനം ആയിരിക്കട്ടെ.”—ദാനീയേൽ 4:13-15.
8. “കാവൽക്കാരൻ” ആരായിരുന്നു?
8 നല്ലവരും ദുഷ്ടരുമായ ആത്മസൃഷ്ടികളെ കുറിച്ചു ബാബിലോണിയർക്കു തങ്ങളുടേതായ മത വിശ്വാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്വർഗത്തിൽ നിന്നുള്ള ഈ “കാവൽക്കാരൻ” അഥവാ കാവൽഭടൻ ആരായിരുന്നു? “ഒരു പരിശുദ്ധൻ” എന്നു വിളിക്കപ്പെട്ട അവൻ ദൈവത്തെ പ്രതിനിധീകരിക്കുന്ന നീതിമാനായ ഒരു ദൂതൻ ആയിരുന്നു. (സങ്കീർത്തനം 103:20, 21 താരതമ്യം ചെയ്യുക.) നെബൂഖദ്നേസരിനെ അലട്ടിയ ചോദ്യങ്ങൾ ഒന്നു വിഭാവന ചെയ്യൂ! ഈ വൃക്ഷം എന്തിനു വെട്ടിയിടപ്പെടണം? അതിന്റെ കുറ്റി വളരാതവണ്ണം ഇരിമ്പും താമ്രവുംകൊണ്ടു ബന്ധിക്കുന്നതിന്റെ നേട്ടം എന്ത്? വെറുമൊരു കുറ്റി എന്ത് ഉദ്ദേശ്യത്തിനാണ് ഉപകരിക്കുക?
9. അടിസ്ഥാനപരമായി കാവൽക്കാരൻ എന്താണു പറഞ്ഞത്, അത് ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?
9 കാവൽക്കാരന്റെ തുടർന്നുള്ള വാക്കുകൾ കേട്ടപ്പോൾ നെബൂഖദ്നേസരിനു തികഞ്ഞ നിഗൂഢത അനുഭവപ്പെട്ടിട്ടുണ്ടാകണം: “അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ [അതിന്റെ മാനുഷ ഹൃദയം മാറ്റി അതിന് ഒരു മൃഗത്തിന്റെ ഹൃദയം നൽകപ്പെടട്ടെ,” NW] അങ്ങനെ അവന്നു [“അതിനു,” NW] ഏഴു കാലംകഴിയട്ടെ. അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിർണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.” (ദാനീയേൽ 4:16, 17) ഒരു വൃക്ഷത്തിന്റെ കുറ്റിയിൽ സ്പന്ദിക്കുന്ന മാനുഷ ഹൃദയം ഇല്ല. അപ്പോൾപ്പിന്നെ, ഒരു മൃഗത്തിന്റെ ഹൃദയം ഒരു വൃക്ഷത്തിന്റെ കുറ്റിക്കു നൽകാൻ കഴിയുന്നത് എങ്ങനെ? ‘ഏഴു കാലങ്ങൾ’ എന്താണ്? “മനുഷ്യരുടെ രാജത്വത്തിന്മേ”ലുള്ള ഭരണാധിപത്യവുമായി ഇവയെല്ലാം എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്? ഇതൊക്കെ അറിയാൻ നെബൂഖദ്നേസർ തീർച്ചയായും ആഗ്രഹിച്ചു.
രാജാവിന് ഒരു ദുർവാർത്ത
10. (എ) തിരുവെഴുത്തുകൾ അനുസരിച്ച്, വൃക്ഷങ്ങൾക്ക് എന്തിനെയൊക്കെ പ്രതിനിധീകരിക്കാൻ കഴിയും? (ബി) മഹാവൃക്ഷം എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്?
10 സ്വപ്നം കേട്ടപ്പോൾ ദാനീയേൽ ഒരു നിമിഷം അമ്പരന്നുപോയി, തുടർന്നു ഭയാകുലനായി. സ്വപ്നം വ്യാഖ്യാനിക്കാൻ നെബൂഖദ്നേസർ ഉത്സാഹിപ്പിച്ചപ്പോൾ പ്രവാചകൻ പറഞ്ഞു: “യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ. വളർന്നു ബലപ്പെട്ട[തായി] . . . കണ്ട വൃക്ഷം, രാജാവേ, വർദ്ധിച്ചു ബലവാനായി തീർന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വർദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.” (ദാനീയേൽ 4:18-22) തിരുവെഴുത്തുകളിൽ വൃക്ഷങ്ങൾക്കു വ്യക്തികളെയും ഭരണാധിപന്മാരെയും രാജ്യങ്ങളെയും പ്രതിനിധീകരിക്കാൻ കഴിയും. (സങ്കീർത്തനം 1:3; യിരെമ്യാവു 17:7, 8; യെഹെസ്കേൽ 31-ാം അധ്യായം) തന്റെ സ്വപ്നത്തിലെ കൂറ്റൻ വൃക്ഷത്തെപ്പോലെ, നെബൂഖദ്നേസർ ഒരു ലോകശക്തിയുടെ അധിപതി എന്ന നിലയിൽ “വർദ്ധിച്ചു ബലവാനായി തീർന്നി”രുന്നു. എന്നാൽ, ആ മഹാവൃക്ഷം പ്രതിനിധാനം ചെയ്യുന്നതു മുഴു മനുഷ്യവർഗ രാജ്യവും ഉൾപ്പെടുന്ന ‘ഭൂമിയുടെ അറുതിവരെയുള്ള ഭരണാധിപത്യ’ത്തെയാണ്. അതുകൊണ്ട് ആ വൃക്ഷം യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തെ പ്രതീകപ്പെടുത്തുന്നു—വിശേഷിച്ചും ഭൂമിയോടുള്ള ബന്ധത്തിൽ.—ദാനീയേൽ 4:17.
11. രാജാവ് അപമാനകരമായ ഒരു മാറ്റത്തിനു വിധേയനാകുമെന്ന് അവന്റെ സ്വപ്നം പ്രകടമാക്കിയത് എങ്ങനെ?
11 അപമാനകരമായ ഒരു മാറ്റം നെബൂഖദ്നേസരിനു സംഭവിക്കാനിരിക്കുകയായിരുന്നു. ആ സംഭവ വികാസത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് ദാനീയേൽ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ; എങ്കിലും അതിന്റെ തായ്വേർ [“കുറ്റി,” NW] വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ [“അത്,” NW] ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു [“അതിന്,” NW] ഏഴുകാലം കഴിയുന്നതുവരെ അവന്റെ [“അതിന്റെ,” NW] ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ. രാജാവേ, അതിന്റെ അർത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ.” (ദാനീയേൽ 4:23, 24) ശക്തനായ രാജാവിനെ ആ സന്ദേശം അറിയിക്കാൻ തീർച്ചയായും ധൈര്യം ആവശ്യമായിരുന്നു!
12. നെബൂഖദ്നേസരിന് എന്തു സംഭവിക്കാൻ പോകുകയായിരുന്നു?
12 നെബൂഖദ്നേസരിന് എന്തു സംഭവിക്കുമായിരുന്നു? ദാനീയേൽ പിൻവരുന്ന പ്രകാരം കൂട്ടിച്ചേർത്തപ്പോഴത്തെ രാജാവിന്റെ പ്രതികരണം ഒന്നു സങ്കൽപ്പിച്ചുനോക്കൂ: “തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും; തിരുമേനിയെ കാളയെപ്പോലെ പുല്ലു തീററും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.” (ദാനീയേൽ 4:25) നെബൂഖദ്നേസരിന്റെ രാജസദസ്സിലെ ഉദ്യോഗസ്ഥന്മാർതന്നെ അവനെ “നീക്കിക്കളയു”മായിരുന്നു. എന്നാൽ, അനുകമ്പയുള്ള കാലിവളർത്തലുകാരോ ഇടയന്മാരോ അവനെ പരിരക്ഷിക്കുമായിരുന്നോ? ഇല്ല, കാരണം നെബൂഖദ്നേസർ “മൃഗങ്ങളോടുകൂടെ” ജീവിച്ച് നിലത്തെ പുല്ലു തിന്നുമെന്നു ദൈവം കൽപ്പിച്ചിരുന്നു.
13. ലോകഭരണാധിപൻ എന്ന നിലയിലുള്ള നെബൂഖദ്നേസരിന്റെ സ്ഥാനത്തിന് എന്തു സംഭവിക്കുമെന്നാണ് വൃക്ഷത്തെ കുറിച്ചുള്ള സ്വപ്നം പ്രകടമാക്കിയത്?
13 വൃക്ഷം വെട്ടിയിടപ്പെട്ടതു പോലെതന്നെ നെബൂഖദ്നേസർ ലോകഭരണാധിപത്യത്തിൽ നിന്നു മറിച്ചിടപ്പെടുമായിരുന്നു—എന്നാൽ ഒരു കാലഘട്ടത്തേക്കു മാത്രം. ദാനീയേൽ വിശദീകരിച്ചു: “വൃക്ഷത്തിന്റെ തായ്വേർ [“കുറ്റി,” NW] വെച്ചേക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നതു സ്വർഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.” (ദാനീയേൽ 4:26) നെബൂഖദ്നേസരിന്റെ സ്വപ്നത്തിലെ വെട്ടിയിടപ്പെട്ട വൃക്ഷത്തിന്റെ കുറ്റി വളരാതെവണ്ണം ബന്ധിക്കപ്പെട്ടെങ്കിലും അതിനെ നിലനിൽക്കാൻ അനുവദിച്ചു. സമാനമായി, തഴച്ചുവളരാതവണ്ണം “ഏഴു കാല”ത്തേക്കു ബന്ധിക്കപ്പെട്ടെങ്കിലും ബാബിലോണിലെ രാജാവിന്റെ “കുറ്റി” നിലനിൽക്കുമായിരുന്നു. ലോകഭരണാധിപൻ എന്ന നിലയിലുള്ള അവന്റെ സ്ഥാനം ബന്ധിക്കപ്പെട്ട വൃക്ഷക്കുറ്റി പോലെ ആയിരിക്കുമായിരുന്നു. ഏഴു കാലങ്ങൾ കടന്നുപോകുന്നതുവരെ അതു സുരക്ഷിതമായി സൂക്ഷിക്കപ്പെടുമായിരുന്നു. എന്നാൽ ആ കാലഘട്ടത്തിൽ നെബൂഖദ്നേസരിന്റെ പിൻഗാമി എന്നനിലയിൽ ബാബിലോണിന്റെ അദ്വിതീയ ഭരണാധിപനായി ആരും രംഗത്തു വരില്ലെന്ന് യഹോവ ഉറപ്പുവരുത്തുമായിരുന്നു, അവന്റെ പുത്രനായ എവീൽ മെരോദക് ഒരു പകരം ഭരണാധിപനായി വർത്തിച്ചിരിക്കാമെങ്കിലും.
14. എന്തു ചെയ്യാനാണ് ദാനീയേൽ നെബൂഖദ്നേസരിനെ ഉദ്ബോധിപ്പിച്ചത്?
14 നെബൂഖദ്നേസരിനെ കുറിച്ചു പ്രവചിക്കപ്പെട്ട വസ്തുതയുടെ വീക്ഷണത്തിൽ ദാനീയേൽ അവനെ ധീരമായി ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാർക്കു കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീർഘമായി നില്ക്കും.” (ദാനീയേൽ 4:27) അടിച്ചമർത്തലും അഹങ്കാരവും നിറഞ്ഞ തന്റെ പാപപൂർണമായ ഗതി നെബൂഖദ്നേസർ ഉപേക്ഷിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ അതു കാര്യങ്ങൾ അവന് അനുകൂലം ആക്കുമായിരുന്നു. ഏതാണ്ട് രണ്ടു നൂറ്റാണ്ടു മുമ്പ്, അസീറിയയുടെ തലസ്ഥാനമായ നീനെവേയിലെ ജനങ്ങളെ നശിപ്പിക്കാൻ യഹോവ തീരുമാനിക്കുകയും എന്നാൽ അവിടത്തെ രാജാവും പ്രജകളും അനുതപിച്ചതു നിമിത്തം അവൻ അവരെ നശിപ്പിക്കാതിരിക്കുകയും ചെയ്തതാണല്ലോ. (യോനാ 3:4, 10; ലൂക്കൊസ് 11:32) എന്നാൽ അഹങ്കാരിയായ നെബൂഖദ്നേസരിന്റെ കാര്യമോ? അവൻ തന്റെ വഴികൾക്കു മാറ്റം വരുത്തുമായിരുന്നോ?
സ്വപ്നത്തിന്റെ ആദ്യ നിവൃത്തി
15. (എ) നെബൂഖദ്നേസർ തുടർന്നും എന്തു മനോഭാവം പ്രകടമാക്കി? (ബി) നെബൂഖദ്നേസരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആലേഖനങ്ങൾ എന്തു വെളിപ്പെടുത്തുന്നു?
15 നെബൂഖദ്നേസർ അഹങ്കാരിയായി തുടർന്നു. വൃക്ഷത്തെ കുറിച്ചുള്ള സ്വപ്നം കണ്ട് 12 മാസത്തിനു ശേഷം, കൊട്ടാര മട്ടുപ്പാവിലൂടെ ഉലാത്തവെ അവൻ ഇങ്ങനെ വീമ്പിളക്കി: “ഇതു ഞാൻ എന്റെ ധന മാഹാത്മ്യത്താൽ എന്റെ പ്രതാപ മഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ”? (ദാനീയേൽ 4:28-30) ബാബിലോൺ (ബാബേൽ) സ്ഥാപിച്ചത് നിമ്രോദ് ആയിരുന്നു. എന്നാൽ നെബൂഖദ്നേസർ അതിനു പ്രൗഢി വരുത്തി. (ഉല്പത്തി 10:8-10) തന്റെ ഒരു ക്യൂനിഫോം ലിഖിതത്തിൽ അവൻ ഇങ്ങനെ വീമ്പിളക്കുന്നു: “നെബോപോളസ്സറിന്റെ പുത്രനായ, എസാഗിലയുടെയും എസിഡയുടെയും പുനരുദ്ധാരകനായ, ബാബിലോൺ രാജാവായ നെബൂഖദ്റേസർ ആകുന്നു ഞാൻ. . . . എസാഗിലയുടെയും ബാബിലോണിന്റെയും കോട്ടകളെ ഞാൻ ബലപ്പെടുത്തി, എന്റെ ഭരണത്തെ കുറിച്ചുള്ള ഖ്യാതിയെ ഞാൻ ശാശ്വതമായി സ്ഥാപിച്ചു.” (ജോർജ് എ. ബാർട്ടനാലുള്ള 1949-ലെ, പുരാവസ്തുശാസ്ത്രവും ബൈബിളും, [ഇംഗ്ലീഷ്] പേജുകൾ 478-9) അവൻ പുതുക്കുകയോ പുനർനിർമിക്കുകയോ ചെയ്ത ഏകദേശം 20 ക്ഷേത്രങ്ങളെ കുറിച്ച് മറ്റൊരു ആലേഖനം പരാമർശിക്കുന്നു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “നെബൂഖദ്നേസരിന്റെ ഭരണത്തിൻ കീഴിൽ ബാബിലോൺ പുരാതന ലോകത്തെ ഏറ്റവും പ്രൗഢോജ്വലമായ നഗരങ്ങളിലൊന്ന് ആയിത്തീർന്നു. തന്റെ സൈനിക പ്രവർത്തനങ്ങളെ കുറിച്ചു സ്വന്തം രേഖകളിൽ അവൻ അപൂർവമായേ പരാമർശിച്ചിട്ടുള്ളൂ. എന്നാൽ തന്റെ നിർമാണ പദ്ധതികളെ കുറിച്ചും ബാബിലോണിയൻ ദേവന്മാർക്കു നൽകിയ ശ്രദ്ധയെ കുറിച്ചും അവൻ എഴുതി. സാധ്യതയനുസരിച്ച് നെബൂഖദ്നേസരാണ് പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ബാബിലോണിലെ തൂങ്ങുന്ന ഉദ്യാനങ്ങൾ നിർമിച്ചത്.”
16. നെബൂഖദ്നേസർ ഉടൻതന്നെ താഴ്ത്തപ്പെടാൻ പോകുകയായിരുന്നത് എങ്ങനെ?
16 വീമ്പിളക്കിയെങ്കിലും അഹങ്കാരിയായ നെബൂഖദ്നേസർ ഉടൻതന്നെ താഴ്ത്തപ്പെടാൻ പോകുകയായിരുന്നു. നിശ്വസ്ത വിവരണം പറയുന്നു: “ഈ വാക്കു രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: നെബൂഖദ്നേസർരാജാവേ, നിന്നോടു ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു. നിന്നെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; നിന്റെ പാർപ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീററും; അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.”—ദാനീയേൽ 4:31, 32.
17. അഹങ്കാരിയായ നെബൂഖദ്നേസരിന് എന്തു സംഭവിച്ചു, പെട്ടെന്നുതന്നെ അവൻ ഏതു സാഹചര്യങ്ങളിൽ ആയിത്തീർന്നു?
17 നെബൂഖദ്നേസരിന് ഉടൻതന്നെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടു. മനുഷ്യരുടെ ഇടയിൽനിന്ന് ഓടിക്കപ്പെട്ട അവൻ “കാളയെപ്പോലെ” പുല്ലു തിന്നു. വയലിലെ മൃഗങ്ങളോട് ഒപ്പമായിരുന്ന അവൻ കുളിരണിയിക്കുന്ന ഇളങ്കാറ്റ് ആസ്വദിച്ചുകൊണ്ടു പറുദീസാ തുല്യമായ ഒരു പുൽപ്പുറത്തു ദിവസേന അലസമായി ഇരിക്കുക അല്ലായിരുന്നെന്നു തീർച്ചയാണ്. ബാബിലോണിന്റെ അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്ന ഇന്നത്തെ ഇറാക്കിൽ വേനൽക്കാലത്ത് ഊഷ്മാവ് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നു. ശൈത്യ കാലത്താണെങ്കിൽ വെള്ളം മഞ്ഞുകട്ടയാകുന്നതിലും കൂടിയ തണുപ്പ്. പരിചരണം ലഭിക്കാതെ, പ്രകൃതി ഘടകങ്ങളുടെ പ്രവർത്തനത്തിനു വിധേയനായ നെബൂഖദ്നേസരിന്റെ നീണ്ടു ജടപിടിച്ച രോമം കഴുകന്മാരുടെ തൂവൽപോലെ കാണപ്പെട്ടു. കൈകാൽ വിരലുകളിലെ വെട്ടാത്ത നഖങ്ങൾ പക്ഷികളുടെ നഖങ്ങൾ പോലെയായി. (ദാനീയേൽ 4:33) അഹങ്കാരിയായ ആ ലോകഭരണാധിപന് എന്തൊരു അപമാനം!
18. ഏഴു കാലങ്ങളുടെ സമയത്തു ബാബിലോണിന്റെ സിംഹാസനത്തോടുള്ള ബന്ധത്തിൽ എന്തു സംഭവിച്ചു?
18 നെബൂഖദ്നേസരിന്റെ സ്വപ്നത്തിൽ, മഹാവൃക്ഷം വെട്ടിയിടപ്പെടുകയും മേൽപ്പോട്ടുള്ള വളർച്ച ഏഴു കാലത്തേക്കു തടയാനായി അതിന്റെ കുറ്റി ബന്ധിക്കപ്പെടുകയും ചെയ്തു. സമാനമായി, യഹോവ നെബൂഖദ്നേസരിനു ബുദ്ധിഭ്രമം വരുത്തിയപ്പോൾ “അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി.” (ദാനീയേൽ 5:20) ഫലത്തിൽ, അതു രാജാവിന്റെ മാനുഷ ഹൃദയത്തെ കാളയുടേതു പോലെ ആക്കിത്തീർത്തു. എന്നാൽ, ഏഴു കാലങ്ങൾ അവസാനിക്കുന്നതുവരെ യഹോവ നെബൂഖദ്നേസരിന്റെ സിംഹാസനം അവനായി നീക്കിവെച്ചു. എവീൽ മെരോദക് സാധ്യതയനുസരിച്ച് ഗവൺമെന്റിന്റെ താത്കാലിക തലവനായി വർത്തിച്ചപ്പോൾ, ദാനീയേൽ “ബാബേൽ സംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും” ആയി സേവിച്ചു. അവന്റെ മൂന്ന് എബ്രായ കൂട്ടാളികൾ ആ സംസ്ഥാനത്തിന്റെ കാര്യാദികൾ നോക്കിനടത്തുന്നതിൽ തുടർന്നും പങ്കുപറ്റി. (ദാനീയേൽ 1:11-19; 2:48, 49; 3:30) “അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു” എന്ന തിരിച്ചറിവു നേടിയ സുബോധമുള്ള രാജാവായി നെബൂഖദ്നേസർ സിംഹാസനത്തിൽ പുനഃസ്ഥിതീകരിക്കപ്പെടാൻ ആ നാലു പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരുന്നു.
നെബൂഖദ്നേസരിന്റെ പുനഃസ്ഥിതീകരണം
19. യഹോവ നെബൂഖദ്നേസരിന്റെ സുബോധം പുനഃസ്ഥാപിച്ചു കഴിഞ്ഞപ്പോൾ ബാബിലോണിയൻ രാജാവ് എന്തു തിരിച്ചറിഞ്ഞു?
19 ഏഴു കാലങ്ങളുടെ ഒടുവിൽ യഹോവ നെബൂഖദ്നേസരിനു സുബുദ്ധി തിരിച്ചു നൽകി. അപ്പോൾ അത്യുന്നത ദൈവത്തെ അംഗീകരിച്ചുകൊണ്ടു രാജാവ് പറഞ്ഞു: “ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ. അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈതടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനോടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീയേൽ 4:34, 35) അതേ, മനുഷ്യവർഗത്തിന്റെ രാജ്യത്തിലെ പരമാധികാര ഭരണാധിപൻ തീർച്ചയായും അത്യുന്നതനായവൻ ആണെന്നു നെബൂഖദ്നേസർ തിരിച്ചറിയുകതന്നെ ചെയ്തു.
20, 21. (എ) സ്വപ്നത്തിലെ വൃക്ഷത്തിന്റെ കുറ്റിയിലെ ലോഹ ബന്ധനങ്ങൾ നീക്കിയതും നെബൂഖദ്നേസരിനു സംഭവിച്ചതും തമ്മിൽ എന്തു സമാന്തരമുണ്ട്? (ബി) നെബൂഖദ്നേസർ എന്തു സമ്മതിച്ചു പറഞ്ഞു, അത് അവനെ യഹോവയുടെ ഒരു ആരാധകൻ ആക്കിയോ?
20 നെബൂഖദ്നേസർ സിംഹാസനത്തിൽ മടങ്ങി എത്തിയപ്പോൾ, അതു സ്വപ്നത്തിൽ കണ്ട വൃക്ഷത്തിന്റെ കുറ്റിയിലെ ലോഹ ബന്ധനങ്ങൾ നീക്കം ചെയ്തതുപോലെ ആയിരുന്നു. തന്റെ പുനഃസ്ഥിതീകരണത്തെ കുറിച്ച് അവൻ പറഞ്ഞു: “ആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിന്നായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു [“ഉത്സാഹപൂർവം അന്വേഷിച്ചു,” NW]; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.” (ദാനീയേൽ 4:36) കൊട്ടാര ഉദ്യോഗസ്ഥന്മാരിൽ ആരെങ്കിലും ബുദ്ധിഭ്രമം പിടിപെട്ട രാജാവിനെ അവമതിച്ചിട്ടുണ്ടായിരുന്നെങ്കിൽ, അവർ ഇപ്പോൾ തികഞ്ഞ ആദരവോടെ അവനെ “ഉത്സാഹപൂർവം അന്വേഷി”ക്കുക ആയിരുന്നു.
21 അത്യുന്നതനായ ദൈവം എത്ര വലിയ ‘അടയാളങ്ങളും അത്ഭുതങ്ങളു’മാണു പ്രവർത്തിച്ചത്! പുനഃസ്ഥിതീകരിക്കപ്പെട്ട ബാബിലോണിയൻ രാജാവ് പിൻവരുന്ന പ്രകാരം പറഞ്ഞതു നമ്മെ അതിശയിപ്പിക്കരുത്: “ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ ഒക്കെയും സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവൻ പ്രാപ്തൻ തന്നേ.” (ദാനീയേൽ 4:2, 37) എന്നാൽ അങ്ങനെ സമ്മതിച്ചുപറഞ്ഞത് നെബൂഖദ്നേസരിനെ യഹോവയുടെ ഒരു വിജാതീയ ആരാധകൻ ആക്കിയില്ല.
മതേതരമായ തെളിവുകൾ ഉണ്ടോ?
22. നെബൂഖദ്നേസരിന്റെ ബുദ്ധിഭ്രമം ഏതു വൈകല്യം ആയിരുന്നെന്ന് ചിലർ നിഗമനം ചെയ്തിരിക്കുന്നു, എന്നാൽ അവന്റെ ബുദ്ധിഭ്രമത്തിന്റെ കാരണത്തെ കുറിച്ച് നാം എന്തു മനസ്സിലാക്കണം?
22 നെബൂഖദ്നേസരിന്റെ ബുദ്ധിഭ്രമം ലൈക്കാന്ത്രോപ്പി ആണെന്നു ചിലർ നിഗമനം ചെയ്തിരിക്കുന്നു. ഒരു വൈദ്യശാസ്ത്ര നിഘണ്ടു പറയുന്നു: “ലൈക്കാന്ത്രോപ്പി . . . [ലൈകോസ്] ലുപസ്, ചെന്നായ്; [ആന്ത്രോപോസ്], ഹോമോ, മനുഷ്യൻ എന്നീ [വാക്കുകളിൽ] നിന്നാണ്. താൻതന്നെ ഒരു മൃഗം ആയിത്തീർന്നു എന്ന് ഒരുവൻ വിശ്വസിക്കുകയും ആ മൃഗത്തിന്റെ ശബ്ദമോ അലർച്ചയോ അല്ലെങ്കിൽ ചേഷ്ടകളോ പെരുമാറ്റങ്ങളോ അനുകരിക്കുകയും ചെയ്യുന്ന രോഗത്തിനു നൽകപ്പെട്ട പേരാണിത്. സാധാരണഗതിയിൽ, തങ്ങൾ ഒരു ചെന്നായോ പട്ടിയോ പൂച്ചയോ, നെബൂഖദ്നേസരിന്റെ കാര്യത്തിൽ എന്നപോലെ ചിലപ്പോൾ ഒരു കാളയോ ആയി മാറിയിരിക്കുന്നുവെന്ന് ഇത്തരം രോഗികൾ കരുതുന്നു.” (ഡിക്ഷണയർ ഡെ സയൻസസ് മെഡിക്കൽ, പർ ഉൺ സോഷ്യറ്റ് ഡെ മെഡിസിൻസ് എ ഡെ ഷിറൂഷിയൻസ്, പാരീസ്, 1818, വാല്യം 29, പേജ് 246) ലൈക്കാന്ത്രോപ്പിയുടെ ലക്ഷണങ്ങൾ ബുദ്ധിഭ്രമം ബാധിച്ച നെബൂഖദ്നേസരിന്റെ അവസ്ഥയ്ക്കു സമാനമാണ്. എന്നാൽ, അവന്റെ മാനസിക രോഗം ദിവ്യകൽപ്പിതം ആയിരുന്നതിനാൽ അത് ഇന്ന് അറിയപ്പെടുന്ന ഇന്ന വൈകല്യം ആയിരുന്നെന്നു വ്യക്തമായി പറയാൻ സാധ്യമല്ല.
23. നെബൂഖദ്നേസരിന്റെ ബുദ്ധിഭ്രമത്തിന് മതേതരമായ എന്തു തെളിവുണ്ട്?
23 പണ്ഡിതനായ ജോൺ ഇ. ഗോൾഡിങ്ങെ നെബൂഖദ്നേസരിന്റെ ബുദ്ധിഭ്രമത്തോടും പുനഃസ്ഥിതീകരണത്തോടും ബന്ധപ്പെട്ട അനേകം സമാന്തര വിവരണങ്ങൾ നൽകുന്നു. ദൃഷ്ടാന്തത്തിന്, അദ്ദേഹം പ്രസ്താവിക്കുന്നു: “ഒരു അപൂർണ ക്യൂനിഫോം പാഠം നെബൂഖദ്നേസരിന്റെ ചില മാനസിക വൈകല്യങ്ങളെയും ഒരുപക്ഷേ അവൻ ബാബിലോണിനെ അവഗണിച്ച് അവിടം വിട്ടുപോയതിനെയും പരാമർശിക്കുന്നു.” “ബാബിലോണിയൻ ഇയ്യോബ്” എന്നു വിളിക്കപ്പെടുന്ന ഒരു രേഖ ഗോൾഡിങ്ങെ ഉദ്ധരിക്കുന്നു. അത്, “ദൈവശിക്ഷ, രോഗം, അപമാനം, ഭീതിദമായ ഒരു സ്വപ്നത്തിന്റെ വ്യാഖ്യാനം ആരായൽ, ഒരു വൃക്ഷം വെട്ടിയിടപ്പെടുന്നതു പോലുള്ള മറിച്ചിടപ്പെടൽ, പുറന്തള്ളപ്പെടൽ, പുല്ലുതീറ്റി, സുബോധം നഷ്ടപ്പെടൽ, കാളയെപ്പോലെ ആകൽ, മർദൂക്കിനാലുള്ള ഭരണം, നഖങ്ങൾ ചീത്തയാകൽ, രോമ വളർച്ച, ബന്ധിക്കപ്പെടൽ എന്നിവയെയും തുടർന്നുള്ള പുനഃസ്ഥിതീകരണത്തെ പ്രതി അവൻ ദേവനെ സ്തുതിക്കുന്നതിനെയും സാക്ഷ്യപ്പെടുത്തുന്നു” എന്ന് അദ്ദേഹം പറയുന്നു.
നമ്മെ ബാധിക്കുന്ന ഏഴു കാലങ്ങൾ
24. (എ) സ്വപ്നത്തിലെ മഹാവൃക്ഷം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ബി) ഏഴു കാലത്തേക്കു തടയപ്പെട്ടത് എന്താണ്, അത് എങ്ങനെ സംഭവിച്ചു?
24 മഹാവൃക്ഷത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട നെബൂഖദ്നേസർ ലോക ഭരണാധിപത്യത്തെ പ്രതീകപ്പെടുത്തി. എന്നാൽ ആ വൃക്ഷം ബാബിലോണിയൻ രാജാവിന്റേതിനെക്കാൾ വളരെ മഹത്തരമായ ഭരണാധിപത്യത്തെയും പരമാധികാരത്തെയുമാണു പ്രതിനിധാനം ചെയ്യുന്നതെന്ന് ഓർമിക്കുക. അത് “സ്വർഗ്ഗസ്ഥനായ രാജാ”വായ യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തെ പ്രതീകപ്പെടുത്തുന്നു, വിശേഷിച്ചും ഭൂമിയോടുള്ള ബന്ധത്തിൽ. ബാബിലോണിയർ യെരൂശലേമിനെ നശിപ്പിക്കുന്നതിനു മുമ്പ്, ദാവീദും അനന്തരാവകാശികളും ആ നഗരത്തെ കേന്ദ്രീകരിച്ച് “യഹോവയുടെ സിംഹാസനത്തിൽ” ഇരുന്നു ഭരണം നടത്തിയിരുന്നു. ആ രാജ്യം ഭൂമിയോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്റെ പരമാധികാരത്തെ പ്രതിനിധാനം ചെയ്തു. (1 ദിനവൃത്താന്തം 29:23) യെരൂശലേമിനെ നശിപ്പിക്കാൻ നെബൂഖദ്നേസരെ ഉപയോഗിച്ചുകൊണ്ട് പൊ.യു.മു. 607-ൽ ദൈവംതന്നെ ആ പരമാധികാരത്തെ വെട്ടിയിട്ട് ബന്ധിച്ചിരുന്നു. ഭൂമിയോടുള്ള ബന്ധത്തിൽ, ദാവീദിന്റെ വംശാവലിയിലെ ഒരു രാജ്യത്തിലൂടെ ദിവ്യപരമാധികാരം പ്രയോഗിക്കുന്നത് ഏഴു കാലത്തേക്കു തടയപ്പെട്ടു. ഈ ഏഴു കാലങ്ങൾ എത്ര ദീർഘമായിരുന്നു? അത് എന്നു തുടങ്ങി, അതിന്റെ അവസാനം കുറിച്ചത് എന്ത്?
25, 26. (എ) നെബൂഖദ്നേസരിന്റെ കാര്യത്തിൽ “ഏഴു കാലങ്ങ”ളുടെ ദൈർഘ്യം എത്രയായിരുന്നു, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നത് എന്തുകൊണ്ട്? (ബി) പ്രധാന നിവൃത്തിയിൽ “ഏഴു കാലങ്ങൾ” എപ്പോൾ, എങ്ങനെ ആരംഭിച്ചു?
25 നെബൂഖദ്നേസരിന് ബുദ്ധിഭ്രമം ബാധിച്ചിരുന്ന സമയത്ത് “അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും” വളർന്നു. (ദാനീയേൽ 4:33) അതിന് ഏഴു ദിവസങ്ങളോ ഏഴ് ആഴ്ചകളോ പോരായിരുന്നു. നിരവധി ഭാഷാന്തരങ്ങൾ “ഏഴു കാലങ്ങൾ” എന്നു പറയുന്നു. “നിയമിത (ക്ലിപ്ത) കാലങ്ങൾ,” “സമയ ഘട്ടങ്ങൾ” എന്നിവയാണ് മറ്റു പ്രയോഗങ്ങൾ. (ദാനീയേൽ 4:16, 23, 25, 32) പഴയ ഗ്രീക്കു ഭാഷാന്തരത്തിന്റെ (സെപ്റ്റുവജിന്റിന്റെ) അൽപ്പസ്വൽപ്പം വ്യത്യാസമുള്ള ഒരു പതിപ്പ് “ഏഴു വർഷങ്ങൾ” എന്നു പറയുന്നു. ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ജോസീഫസ് “ഏഴു കാലങ്ങൾ” “ഏഴു വർഷങ്ങൾ” ആയി പരിഗണിച്ചു. (യഹൂദന്മാരുടെ പ്രാചീനകാലങ്ങൾ, [ഇംഗ്ലീഷ്] വാല്യം 10, അധ്യായം 10, ഖണ്ഡിക 6) ചില എബ്രായ പണ്ഡിതന്മാരും ഈ “കാലങ്ങ”ളെ “വർഷങ്ങൾ” ആയി കണക്കാക്കിയിട്ടുണ്ട്. ഒരു അമേരിക്കൻ ഭാഷാന്തരം, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ, ജയിംസ് മോഫറ്റിനാലുള്ള പരിഭാഷ എന്നിവയിൽ “ഏഴു വർഷങ്ങൾ” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
26 നെബൂഖദ്നേസരിന്റെ കാര്യത്തിൽ “ഏഴു കാലങ്ങൾ” വ്യക്തമായും ഏഴു വർഷങ്ങൾ ആയിരുന്നു. പ്രവചനത്തിൽ, ഒരു വർഷം ശരാശരി 360 ദിവസങ്ങളാണ്, അഥവാ 30 ദിവസങ്ങളുള്ള 12 മാസങ്ങളാണ്. (വെളിപ്പാടു 12:6, 14 താരതമ്യം ചെയ്യുക.) അതുകൊണ്ട്, രാജാവിന്റെ “ഏഴു കാലങ്ങൾ” അഥവാ വർഷങ്ങൾ, 360-നെ 7 കൊണ്ടു ഗുണിച്ചാൽ കിട്ടുന്ന അത്രയും ദിവസങ്ങൾ, അതായത് 2,520 ദിവസങ്ങൾ ആയിരുന്നു. എന്നാൽ അവന്റെ സ്വപ്നത്തിന്റെ മുഖ്യ നിവൃത്തിയുടെ കാര്യത്തിലോ? പ്രാവചനിക “ഏഴു കാലങ്ങൾ”ക്ക് 2,520 ദിവസങ്ങളെക്കാൾ വളരെയേറെ ദൈർഘ്യം ഉണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ വാക്കുകൾ അതു സൂചിപ്പിക്കുന്നു: “ജനതകളുടെ നിയമിത കാലങ്ങൾ പൂർത്തിയാകുവോളം യെരൂശലേം ജനതകളാൽ ചവിട്ടപ്പെടും.” (ലൂക്കൊസ് 21:24, NW) പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെടുകയും യഹൂദയിലെ പ്രതീകാത്മക ദൈവരാജ്യം പ്രവർത്തനരഹിതം ആകുകയും ചെയ്തതോടെ ആ ‘ചവിട്ടൽ’ ആരംഭിച്ചു. അത് എന്ന് അവസാനിക്കുമായിരുന്നു? “ഒക്കെയും യഥാസ്ഥാനത്താകുന്ന കാല”ത്ത്. അന്ന്, പ്രതീകാത്മക യെരൂശലേം ആയ ദൈവരാജ്യത്തിലൂടെ ഭൂമിയോടുള്ള ബന്ധത്തിൽ ദിവ്യ പരമാധികാരം വീണ്ടും പ്രകടമാകും.—പ്രവൃത്തികൾ 3:21.
27. പൊ.യു.മു. 607-ൽ ആരംഭിച്ച “ഏഴു കാലങ്ങൾ” 2,520 അക്ഷരീയ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവസാനിച്ചില്ലെന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ട്?
27 പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശം മുതൽ 2,520 അക്ഷരീയ ദിവസങ്ങൾ എണ്ണിയാൽ, തിരുവെഴുത്തുപരമായി യാതൊരു പ്രാധാന്യവും ഇല്ലാത്ത പൊ.യു.മു. 600-ൽ മാത്രമേ നാം എത്തുകയുള്ളൂ. വിടുവിക്കപ്പെട്ട യഹൂദന്മാർ യഹൂദയിൽ എത്തിച്ചേർന്ന പൊ.യു.മു. 537-ൽ പോലും യഹോവയുടെ പരമാധികാരം ഭൂമിയിൽ പ്രത്യക്ഷമായില്ല. കാരണം, ദാവീദിന്റെ സിംഹാസനാവകാശി ആയിരുന്ന സെരുബ്ബാബേൽ ഒരു രാജാവ് ആക്കപ്പെട്ടില്ല, മറിച്ച് പേർഷ്യൻ പ്രവിശ്യയായ യഹൂദയുടെ ഗവർണർ മാത്രമായിരുന്നു അവൻ.
28. (എ) 2,520 ദിവസങ്ങളുടെ പ്രാവചനിക “ഏഴു കാലങ്ങൾ”ക്ക് ഏതു ചട്ടം ബാധകമാക്കപ്പെടണം? (ബി) പ്രാവചനിക “ഏഴു കാലങ്ങൾ”ക്ക് എത്ര ദൈർഘ്യം ഉണ്ടായിരുന്നു, അതിന്റെ ആരംഭവും അവസാനവും കുറിച്ച തീയതികൾ ഏവ?
28 “ഏഴു കാലങ്ങൾ” പ്രാവചനികം ആയതിനാൽ, 2,520 ദിവസങ്ങൾക്കു നാം പിൻവരുന്ന തിരുവെഴുത്തു ചട്ടം ബാധകമാക്കണം: “ഒരു സംവത്സരത്തിന്നു ഒരു ദിവസം.” യെരൂശലേമിന് എതിരെയുള്ള ബാബിലോണിയൻ ഉപരോധത്തെ കുറിച്ചുള്ള ഒരു പ്രവചനത്തിൽ ആണ് ഈ ചട്ടം പ്രസ്താവിച്ചിരിക്കുന്നത്. (യെഹെസ്കേൽ 4:6, 7; സംഖ്യാപുസ്തകം 14:34 താരതമ്യം ചെയ്യുക.) അതുകൊണ്ട്, വിജാതീയ ശക്തികൾക്കു ദൈവരാജ്യത്തിന്റെ ഇടപെടൽ ഇല്ലാതെ ഭൂമിയിൽ ആധിപത്യം നടത്താൻ കഴിയുന്ന “ഏഴു കാലങ്ങൾ” 2,520 വർഷം ദീർഘിക്കുമായിരുന്നു. പൊ.യു.മു. 607-ലെ ഏഴാം ചാന്ദ്രമാസത്തിൽ (തിസ്രി 15) യഹൂദയും യെരൂശലേമും നശിപ്പിക്കപ്പെട്ടതോടെയാണ് അതു തുടങ്ങിയത്. (2 രാജാക്കൻമാർ 25:8, 9, 25, 26) അന്നു മുതൽ പൊ.യു.മു. 1 വരെ 606 വർഷങ്ങളുണ്ട്. തുടർന്ന്, ശേഷിക്കുന്ന 1,914 വർഷങ്ങളും അതിനോടു കൂട്ടുമ്പോൾ പൊ.യു. 1914-ൽ എത്തുന്നു. അങ്ങനെ, ആ “ഏഴു കാലങ്ങൾ” അതായത്, 2,520 വർഷങ്ങൾ 1914 തിസ്രി 15-ഓടെ അഥവാ ഒക്ടോബർ 4/5-ഓടെ അവസാനിച്ചു.
29. “മനുഷ്യരിൽ അധമനായവ”ൻ ആരാണ്, അവനെ സിംഹാസനസ്ഥൻ ആക്കാൻ യഹോവ എന്തു ചെയ്തു?
29 ആ വർഷം “ജനതകളുടെ നിയമിത കാലങ്ങൾ” പൂർത്തിയായി. ദൈവം ഭരണാധിപത്യം “മനുഷ്യരിൽ അധമനായവ”ന് [“മനുഷ്യവർഗത്തിൽ ഏറ്റവും എളിയവന്,” NW]—യേശുക്രിസ്തുവിന്—നൽകി. അവന്റെ ശത്രുക്കൾ അവനെ തീർത്തും അധമനായി പരിഗണിച്ച് ഒരു ദണ്ഡനസ്തംഭത്തിൽ തറച്ചു കൊല്ലുക പോലും ചെയ്തിരുന്നു. (ദാനീയേൽ 4:17) മിശിഹൈക രാജാവിനെ സിംഹാസനസ്ഥനാക്കാൻ യഹോവ സ്വന്തം പരമാധികാരം ആകുന്ന “കുറ്റി”ക്കു ചുറ്റുമുണ്ടായിരുന്ന ഇരുമ്പും താമ്രവുംകൊണ്ടുള്ള പ്രതീകാത്മക ബന്ധനങ്ങൾ അഴിച്ചുമാറ്റി. അങ്ങനെ ദാവീദിന്റെ ഏറ്റവും വലിയ അവകാശിയായ യേശുക്രിസ്തുവിന്റെ കരങ്ങളിലെ സ്വർഗീയ രാജ്യം മുഖേന, ഭൂമിയോടു ബന്ധപ്പെട്ട ദിവ്യപരമാധികാരത്തിന്റെ ഒരു പ്രകടനം എന്ന നിലയിൽ ഒരു രാജകീയ “മുള” അതിൽനിന്നു വളർന്നു വരാൻ പരമോന്നത ദൈവം അനുവദിച്ചു. (യെശയ്യാവു 11:1, 2; ഇയ്യോബ് 14:7-9; യെഹെസ്കേൽ 21:27) കാര്യാദികളുടെ ഈ അനുഗൃഹീത വഴിത്തിരിവിനും മഹാവൃക്ഷത്തെ കുറിച്ചുള്ള മർമത്തിന്റെ ചുരുൾ അഴിച്ചതിനും യഹോവയോടു നാം എത്ര നന്ദി ഉള്ളവരാണ്!
നിങ്ങൾ എന്തു ഗ്രഹിച്ചു?
• നെബൂഖദ്നേസരിന്റെ സ്വപ്നത്തിലെ മഹാവൃക്ഷം എന്തിനെ പ്രതീകപ്പെടുത്തി?
• തന്റെ സ്വപ്നത്തിലെ വൃക്ഷത്തിന്റെ ആദ്യ നിവൃത്തിയിൽ നെബൂഖദ്നേസരിന് എന്തു ഭവിച്ചു?
• തന്റെ സ്വപ്നം നിവൃത്തിയേറി കഴിഞ്ഞപ്പോൾ നെബൂഖദ്നേസർ എന്തു സമ്മതിച്ചു പറഞ്ഞു?
• പ്രാവചനിക വൃക്ഷത്തെ കുറിച്ചുള്ള സ്വപ്നത്തിന്റെ പ്രധാന നിവൃത്തിയിൽ, “ഏഴു കാലങ്ങൾ”ക്ക് എത്ര ദൈർഘ്യം ഉണ്ടായിരുന്നു, അവ എന്ന് ആരംഭിക്കുകയും എന്ന് അവസാനിക്കുകയും ചെയ്തു?
[അധ്യയന ചോദ്യങ്ങൾ]
[83-ാം പേജ് നിറയെയുള്ള ചിത്രം]
[91-ാം പേജ് നിറയെയുള്ള ചിത്രം]