ദുഷ്ടത
നിർവ്വചനം: ധാർമ്മികമായി വളരെ മോശമായിരിക്കുന്നത്. അത് മിക്കപ്പോഴും ദ്രോഹകരമായ, വിദ്വേഷപരമായ അല്ലെങ്കിൽ നശീകരണ സ്വാധീനമുളള കാര്യങ്ങളെ സൂചിപ്പിക്കുന്നു.
ഇത്രയധികം ദുഷ്ടത ഉളളതെന്തുകൊണ്ടാണ്?
അതിന് ദൈവത്തെ കുററപ്പെടുത്താനാവില്ല. അവൻ മനുഷ്യവർഗ്ഗത്തിന് പൂർണ്ണതയുളള ഒരു തുടക്കമിട്ടുകൊടുത്തു, എന്നാൽ ദൈവത്തിന്റെ നിബന്ധനകളെ അവഗണിക്കുന്നതിനും നൻമയെന്ത്, തിൻമയെന്ത് എന്ന് തങ്ങൾക്കുവേണ്ടിത്തന്നെ തീരുമാനിക്കുന്നതിനും മനുഷ്യർ തെരഞ്ഞെടുത്തു. (ആവ. 32:4, 5; സഭാ. 7:29; ഉൽപ്പ. 3:5, 6) ഇതു ചെയ്യുകവഴി അവർ മനുഷ്യാതീത ദുഷ്ടശക്തികളുടെ സ്വാധീനത്തിൻകീഴിൽ വന്നിരിക്കുന്നു.—എഫേ. 6:11, 12.
1 യോഹ. 5:19: “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്നു.”
വെളി. 12:7-12: “സ്വർഗ്ഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു . . . മഹാസർപ്പവും അതിന്റെ ദൂതൻമാരും പടവെട്ടി, എന്നാൽ അത് ജയിച്ചില്ല, സ്വർഗ്ഗത്തിൽ മേലാൽ അവർക്ക് ഒരു സ്ഥലം കണ്ടതുമില്ല. നിവസിതഭൂമിയെ മുഴുവൻ വഴിതെററിക്കുന്ന, പിശാചും സാത്താനും എന്ന് വിളിക്കപ്പെടുന്ന ആദ്യപാമ്പായ മഹാസർപ്പം താഴേക്ക് വലിച്ചെറിയപ്പെട്ടു; അവൻ ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു, അവന്റെ ദൂതൻമാരും അവനോടുകൂടെ വലിച്ചെറിയപ്പെട്ടു. . . . ‘അതിനാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുളേളാരെ, സന്തോഷിക്കുക! ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ പിശാച് തനിക്ക് അൽപ്പകാലമേ ശേഷിച്ചിട്ടുളളു എന്നറിഞ്ഞുകൊണ്ട് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങി വന്നിരിക്കുന്നു.’” (രാജ്യത്തിന്റെ ജനനത്തെ തുടർന്ന് സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് വലിച്ചെറിയപ്പെട്ടപ്പോൾ മുതൽ ലോകത്തിന് ഈ വർദ്ധിച്ച കഷ്ടം അനുഭവപ്പെട്ടിരിക്കുന്നു. 10-ാം വാക്യം കാണുക.)
2 തിമൊ. 3:1-5: “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമേറിയ ദുർഘടസമയങ്ങൾ ഇവിടെ ഉണ്ടായിരിക്കും എന്നറിയുക. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും, പണസ്നേഹികളും, പൊങ്ങച്ചക്കാരും, അഹങ്കാരികളും, ദൂഷകൻമാരും, മാതാപിതാക്കളെ അനുസരിക്കാത്തവരും, നന്ദിയില്ലാത്തവരും, അവിശ്വസ്തരും, സ്വാഭാവിക പ്രിയമില്ലാത്തവരും, യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും, ഏഷണിക്കാരും, ആത്മനിയന്ത്രണമില്ലാത്തവരും, ഉഗ്രൻമാരും, നൻമപ്രിയമില്ലാത്തവരും, ദ്രോഹികളും, വഴങ്ങാത്തവരും, നിഗളത്താൽ ചീർത്തവരും, ദൈവപ്രിയരായിരിക്കുന്നതിനേക്കാൾ ഉല്ലാസപ്രിയരും, ദൈവികഭക്തിയുടെ ഒരു രൂപം മാത്രമുളളവരും അതിന്റെ ശക്തിയില്ലാത്തവരും ആയിരിക്കും.” (നൂററാണ്ടുകളോളം സത്യാരാധന ഉപേക്ഷിച്ച് വിശ്വാസത്യാഗികളായിരുന്നതിന്റെ ഫലങ്ങളാണ് ഇത്. മതഭക്തരാണെന്ന് അവകാശപ്പെട്ടവർ ദൈവത്തിന്റെ വചനം യഥാർത്ഥത്തിൽ പറയുന്നതിനെ അവഗണിച്ചതുകൊണ്ടാണ് ഈ അവസ്ഥകൾ വികാസം പ്രാപിച്ചത്. യഥാർത്ഥ ദൈവിക ഭക്തിക്ക് ഒരുവന്റെ ജീവിതത്തിൻമേൽ ഉണ്ടായിരിക്കാവുന്ന നൻമക്കുവേണ്ടിയുളള സ്വാധീനം അവരിൽ ഇല്ല എന്ന് തെളിഞ്ഞിരിക്കുന്നു.)
ദൈവം എന്തുകൊണ്ടാണ് അത് അനുവദിക്കുന്നത്?
ദുഷ്ടൻമാരെയെല്ലാം ഇവിടെനിന്ന് പാടെ തുടച്ചു നീക്കുന്നതാണ് ഏററം നല്ലത് എന്ന് ചിലപ്പോൾ നമുക്കു തോന്നിയേക്കാം. ദുഷ്ടത അവസാനിച്ചു കാണാൻ നാം ആഗ്രഹിക്കുന്നു, എന്നിരുന്നാലും ദുഷ്ടത ഇവിടെ ഉണ്ടായിരുന്നിട്ടുളള കാലം വച്ചു നോക്കുമ്പോൾ താരതമ്യേന ചുരുക്കം വർഷങ്ങൾ മാത്രമേ നാം അത് അനുഭവിച്ചിട്ടുളളു. അത് സംബന്ധിച്ച് യഹോവയാം ദൈവത്തിന് എന്തു തോന്നണം? ആയിരക്കണക്കിന് വർഷങ്ങളായി തങ്ങൾ അനുഭവിച്ചിട്ടുളള മോശമായ അവസ്ഥകൾക്ക് ആളുകൾ അവനെ കുററപ്പെടുത്തിയിട്ടുണ്ട്, ശപിച്ചിട്ടുപോലുമുണ്ട്. എന്നാൽ ഈ അവസ്ഥകൾക്ക് കാരണക്കാരൻ അവനല്ല, സാത്താനും ദുഷ്ട മനുഷ്യരുമാണ്. യഹോവക്ക് ദുഷ്ടൻമാരെ നശിപ്പിക്കാനുളള ശക്തിയുണ്ട്. അവൻ ഈ കാലമത്രയും സ്വയം നിയന്ത്രിച്ചതിന് തീർച്ചയായും നല്ല കാരണമുണ്ടായിരിക്കണം. ഈ സാഹചര്യത്തെ കൈകാര്യം ചെയ്യാനുളള യഹോവയുടെ മാർഗ്ഗം നാം ശുപാർശ ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമാണെങ്കിൽ നമുക്ക് അതിൽ ആശ്ചര്യം തോന്നണമോ? അവന്റെ അനുഭവജ്ഞാനം മനുഷ്യരുടേതിനേക്കാൾ വളരെയധികമാണ്, സാഹചര്യം സംബന്ധിച്ച അവന്റെ വീക്ഷണമാകട്ടെ ഏതൊരു മനുഷ്യന്റേതിനേക്കാൾ വിശാലവുമാണ്.—യെശയ്യാവ് 55:8, 9; യെഹെസ്ക്കേൽ 33:17 താരതമ്യം ചെയ്യുക.
ദൈവം ബുദ്ധിശക്തിയുളള സൃഷ്ടികൾക്ക് സ്വതന്ത്രമായ ഇച്ഛാശക്തി നൽകിയില്ലായിരുന്നുവെങ്കിൽ ദുഷ്ടത ഉണ്ടായിരിക്കുമായിരുന്നില്ല. ദൈവത്തോട് അനുസരണക്കേടു കാണിക്കാനോ അവനോടുള്ള സ്നേഹം നിമിത്തം അവനെ അനുസരിക്കാനോ ഉള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകിയിരിക്കുന്നു. (ആവ. 30:19, 20; യോശു. 24:15) അങ്ങനെ അല്ലായിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിക്കുന്നുവോ? നാം മാതാപിതാക്കളാണെങ്കിൽ, എപ്പോഴാണ് നമുക്ക് കൂടുതൽ സന്തോഷം തോന്നുന്നത്—നമ്മോടുളള സ്നേഹം നിമിത്തം നമ്മുടെ മക്കൾ നമ്മെ അനുസരിക്കുമ്പോഴോ നാം നിർബന്ധിച്ച് അവരെ അനുസരിപ്പിക്കുമ്പോഴോ? അനുസരണമുളളവനായിരിക്കാൻ ദൈവം ആദാമിനെ നിർബ്ബന്ധിക്കണമായിരുന്നോ? ദൈവത്തെ അനുസരിക്കാൻ നിർബ്ബന്ധിക്കപ്പെടുന്ന ഒരു ലോകത്തിലാണ് നാം ജീവിച്ചിരുന്നതെങ്കിൽ അത് നമ്മെ കൂടുതൽ സന്തുഷ്ടരാക്കുമായിരുന്നോ? ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുന്നതിനു മുമ്പായി ദൈവത്തിന്റെ നീതിയുളള നിയമങ്ങൾക്ക് ചേർച്ചയായി ജീവിക്കാൻ ആളുകൾ ആഗ്രഹിക്കുന്നുവോ ഇല്ലയോ എന്ന് തെളിയിക്കാൻ ദൈവം അവർക്ക് അവസരം നൽകുകയാണ്. തന്റെ നിയമിത സമയത്ത് അവൻ തീർച്ചയായും ദുഷ്ടൻമാരെ നശിപ്പിക്കും.—2 തെസ്സ. 1:9, 10.
ജീവൽപ്രധാനമായ ചില വിവാദപ്രശ്നങ്ങൾ പരിഹരിക്കാൻ അവൻ ജ്ഞാനപൂർവ്വം സമയം അനുവദിച്ചിരിക്കുകയാണ്: (1) യഹോവയുടെ ഭരണത്തിന്റെ നീതിയും ന്യായവും ഏദനിൽ വെല്ലുവിളിക്കപ്പെട്ടു. (ഉൽപ്പ. 2:16, 17; 3:1-5) (2) സ്വർഗ്ഗത്തിലും ഭൂമിയിലുമുളള ദൈവത്തിന്റെ സകല ദാസൻമാരുടെയും നിർമ്മലത ചോദ്യംചെയ്യപ്പെട്ടു. (ഇയ്യോ. 1:6-11; 2:1-5; ലൂക്കോ. 22:31) ദൈവത്തിന് ഉടനടി ആ മൽസരികളെ (സാത്താനെയും ആദാമിനെയും ഹവ്വായെയും) നശിപ്പിച്ചുകളയാമായിരുന്നു, എന്നാൽ അത് പ്രശ്നങ്ങൾ പരിഹരിക്കുകയില്ലായിരുന്നു. ശക്തി പ്രയോഗിക്കുന്നത് ഒരുവന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നില്ല. ഉന്നയിക്കപ്പെട്ട വിവാദങ്ങൾ ധാർമ്മികമായിരുന്നു. ദൈവം സമയം അനുവദിച്ചത് തനിക്കുവേണ്ടിത്തന്നെ എന്തെങ്കിലും തെളിയിക്കാനായിരുന്നില്ല, മറിച്ച് സ്വതന്ത്ര ഇച്ഛാശക്തിയുളള എല്ലാ സൃഷ്ടികളും തന്റെ ഭരണത്തിനെതിരെയുളള മൽസരം ഉൽപ്പാദിപ്പിച്ചിരിക്കുന്ന മോശമായ ഫലങ്ങൾ കാണുന്നതിനും ഈ ജീവൽപ്രധാനമായ വിവാദങ്ങളിൽ വ്യക്തിപരമായി തങ്ങൾ എവിടെ നിൽക്കുന്നു എന്ന് പ്രകടമാക്കാൻ അവർക്ക് ഒരു അവസരം പ്രദാനം ചെയ്യുന്നതിനും വേണ്ടിയായിരുന്നു. ഈ വിവാദങ്ങൾക്ക് തീർപ്പ് കൽപ്പിക്കപ്പെട്ടുകഴിഞ്ഞാൽ സമാധാനം ഭഞ്ജിക്കുന്നതിന് മേലാൽ ആരും അനുവദിക്കപ്പെടുകയില്ല. മുഴുഅഖിലാണ്ഡത്തിലെയും ക്രമവും യോജിപ്പും ക്ഷേമവും യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നതിനെയും ബുദ്ധിശക്തിയുളള എല്ലാ സൃഷ്ടികളും അവനോട് ഹൃദയംഗമമായ ആദരവ് പ്രകടിപ്പിക്കുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്. (“പിശാചായ സാത്താൻ” എന്ന ശീർഷകത്തിൻകീഴിൽ 363, 364 പേജുകൾകൂടെ കാണുക.)
ദൃഷ്ടാന്തം: കുടുംബത്തലവനെന്നനിലയിൽ നിങ്ങൾ നിങ്ങളുടെ സ്ഥാനം ദുരുപയോഗപ്പെടുത്തുകയാണെന്നും നിങ്ങളെക്കൂടാതെ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ അതായിരിക്കും നിങ്ങളുടെ കുട്ടികൾക്ക് കൂടുതൽ മെച്ചമെന്നും നിങ്ങളോടുളള സ്നേഹം നിമിത്തമല്ല നിങ്ങൾ നൽകുന്ന ഭൗതികമായ പ്രയോജനങ്ങൾ നിമിത്തമാണ് അവർ നിങ്ങളെ അനുസരിക്കുന്നതെന്നും ആരെങ്കിലും സമൂഹത്തിന്റെയെല്ലാം മുമ്പാകെ നിങ്ങളെപ്പററി ഒരു ആരോപണം ഉന്നയിച്ചാൽ ആ പ്രശ്നത്തിന് ഒരു തീർപ്പ് ഉണ്ടാക്കുന്നതിനുളള ഏററം നല്ല മാർഗ്ഗം എന്തായിരിക്കും? ആ വ്യാജാരോപകനെ വെടിവച്ച് കൊന്നുകളഞ്ഞാൽ സമൂഹത്തിന്റെ മനസ്സിൽ നിന്ന് ആ ആരോപണങ്ങൾ നീങ്ങിപ്പോയ്ക്കൊളളുമോ? മറിച്ച്, നിങ്ങൾ നീതിയും സ്നേഹവുമുളള ഒരു കുടുംബത്തലവനാണെന്നും നിങ്ങളുടെ കുട്ടികൾ നിങ്ങളോടൊപ്പം ജീവിക്കുന്നത് അവർ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടാണെന്നും കാണിക്കാൻ നിങ്ങൾക്ക് സാക്ഷികളായിരിക്കാൻ നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ഒരു അവസരം നൽകുകയാണെങ്കിൽ അത് എത്രയോ നല്ല ഒരു മറുപടിയായിരിക്കും! നിങ്ങളുടെ കുട്ടികളിൽ ചിലർ നിങ്ങളുടെ ശത്രുവിനെ വിശ്വസിച്ച് വീടുവിട്ടു പോവുകയും മററു ജീവിത ശൈലികൾ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ജീവിതം നശിപ്പിക്കുകയും ചെയ്താൽ അത് കുട്ടികൾ നിങ്ങളുടെ മാർഗ്ഗനിർദ്ദേശം ശ്രദ്ധിച്ചിരുന്നെങ്കിൽ അവർക്ക് അതായിരിക്കുമായിരുന്നു കൂടുതൽ മെച്ചമെന്ന് സത്യസന്ധരായ നിരീക്ഷകർ തിരിച്ചറിയാൻ ഇടയാക്കുകയേ ചെയ്യുകയുളളു.
ഇന്നോളം ദൈവം ദുഷ്ടത അനുവദിച്ചതിനാൽ നമുക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചിട്ടുണ്ടോ?
2 പത്രോ. 3:9: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ യഹോവ തന്റെ വാഗ്ദത്തം സംബന്ധിച്ച് താമസമുളളവനല്ല, മറിച്ച് ആരും നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കാതെ എല്ലാവരും അനുതാപത്തിലേക്ക് വരാൻ അവൻ ആഗ്രഹിക്കുന്നതുകൊണ്ട് അവൻ നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നതേയുളളു.” (അവന്റെ ക്ഷമ നമ്മുടെ നാൾവരെ നീണ്ടുനിന്നതുകൊണ്ട് നാം അനുതാപമുളളവരാണെന്നും നൻമയും തിൻമയും സംബന്ധിച്ച് നമ്മുടെ സ്വന്തം തീരുമാനമെടുക്കുന്നതിനു പകരം യഹോവയുടെ നീതിയുളള ഭരണാധിപത്യത്തിന് കീഴ്പ്പെടാൻ നാം ആഗ്രഹിക്കുന്നു എന്നും തെളിയിക്കുന്നതിന് നമുക്ക് അവസരമുണ്ട്.)
റോമ. 9:14-24: “അപ്പോൾ നാം എന്തു പറയണം? ദൈവത്തിന്റെ പക്കൽ അനീതിയുണ്ടോ? ഒരിക്കലും അങ്ങനെ ആകാതിരിക്കട്ടെ! . . . ഇപ്പോൾ ദൈവം തന്റെ കോപം പ്രകടമാക്കാനും ശക്തി വെളിപ്പെടുത്തുവാനും മനസ്സുണ്ടായിരുന്നിട്ടും, യഹൂദൻമാരിൽ നിന്ന് മാത്രമല്ല ജനതകളിൽ നിന്നും വിളിച്ച് മഹത്വത്തിനായി മുന്നൊരുക്കിയ [അതായത് തന്റെ ഉദ്ദേശ്യത്തോടുളള ചേർച്ചയിൽ ചിലർക്ക് കരുണ നീട്ടിക്കൊടുക്കുന്നതിന് അവൻ ആ സമയം ഉപയോഗിക്കും] കരുണാപാത്രങ്ങളായ നമ്മിൽ തന്റെ മഹത്വത്തിന്റെ ധനം വെളിപ്പെടുത്തുവാൻ വേണ്ടി നാശത്തിനു യോഗ്യമായി നിർമ്മിക്കപ്പെട്ട കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു. [അതായത് അവൻ ദീർഘകാലം ദുഷ്ടൻമാരുടെ ആസ്തിക്യം സഹിച്ചു] എങ്കിലെന്ത്? (അപ്രകാരം സ്വർഗ്ഗീയ രാജ്യത്തിന്റെ അംഗങ്ങളായി ക്രിസ്തുവിനോടുകൂടെ താൻ മഹത്വീകരിക്കാനിരിക്കുന്ന ആളുകളെ തെരഞ്ഞെടുക്കാൻ സമയം അനുവദിക്കുന്നതിന് ദൈവം ദുഷ്ടൻമാരുടെ നാശം നീട്ടിവച്ചു. ദൈവം അങ്ങനെ ചെയ്തത് ആരോടെങ്കിലുമുളള അനീതിയായിരുന്നോ? അല്ല; അത് പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുളള അവസരം ലഭിക്കാനുളള എല്ലാത്തരത്തിലുമുളള ആളുകളെ അനുഗ്രഹിക്കുന്നതിനുളള ദൈവത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായിരുന്നു. സങ്കീർത്തനം 37:10, 11 താരതമ്യം ചെയ്യുക.)
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ദൈവം എന്തുകൊണ്ടാണ് ഇത്തരം ദുഷ്ടത അനുവദിക്കുന്നത്?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങളുടെത് ഒരു നല്ല ചോദ്യമാണ്. ദൈവത്തിന്റെ അനേകം വിശ്വസ്ത ദാസൻമാർ തങ്ങൾക്ക് ചുററുമുളള ദുഷ്ടത നിമിത്തം അസ്വസ്ഥരായിത്തീർന്നിട്ടുണ്ട്. (ഹബ. 1:3, 13)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അത് ദൈവത്തിന്റെ ഭാഗത്തെ എന്തെങ്കിലും താൽപ്പര്യക്കുറവുകൊണ്ടല്ല. ദുഷ്ടൻമാരോട് കണക്കുചോദിക്കാൻ താൻ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടെന്ന് അവൻ നമുക്ക് ഉറപ്പു തരുന്നു. (ഹബ. 2:3)’ (2) ‘എന്നാൽ ആ സമയം വരുമ്പോൾ അതിജീവകരുടെ കൂട്ടത്തിലായിരിക്കാൻ നമ്മുടെ ഭാഗത്ത് എന്താണ് ആവശ്യമായിരിക്കുന്നത്? (ഹബ. 2:4ബി; സെഫ. 2:3)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ ആ ചോദ്യം ചോദിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. അത് ആത്മാർത്ഥഹൃദയരായ പലരെയും അസ്വസ്ഥരാക്കുന്ന ഒരു സംഗതിയാണ്. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുന്ന വളരെ സഹായകമായ ചില വിവരങ്ങൾ ഇവിടെ എന്റെ കൈവശമുണ്ട്. (അതിനുശേഷം 428-430 പേജുകളിലെ ചില ആശയങ്ങൾ ഒരുമിച്ച് വായിക്കുക.)’
‘ഇത്രയും വർഷങ്ങൾക്കുശേഷം കാര്യങ്ങൾക്ക് ഒരു മാററം വരുത്താൻ ദൈവം എന്തെങ്കിലും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് വളരെയധികം ദുഷ്ടതയുണ്ടെന്നുളളതും അത് നമ്മുടെ കാലത്തിന് ദീർഘകാലം 428-ാം പേജ് 1-ാം ഖണ്ഡികയിലെ ആശയങ്ങൾ ഉപയോഗിക്കുക.)’
മുമ്പ് ആരംഭിച്ചതാണെന്നുളളതും തീർച്ചയായും സത്യമാണ്. എന്നാൽ നിങ്ങൾ ഇത് പരിഗണിച്ചിട്ടുണ്ടോ . . . ? (ദൈവം ഇത് സഹിച്ചിട്ടുളള കാലത്തിന്റെ ദൈർഘ്യത്തെ സംബന്ധിച്ച്അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ഒരു വീട് പണിയാൻ പ്രാപ്തിയുളള ഒരാൾക്ക് അത് വൃത്തിയാക്കാനും കഴിയും എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ അതിനോട് യോജിക്കുമെന്ന് എനിക്കുറപ്പുണ്ട്. . . . ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചതിനാൽ അത് ശുദ്ധീകരിക്കുന്നത് അവന് പ്രയാസമുളള കാര്യമായിരിക്കുകയില്ല. അവൻ ഇത്രയും കാലം കാത്തിരുന്നിട്ടുളളത് എന്തുകൊണ്ടാണ്? ഈ മറുപടി വളരെ തൃപ്തികരമായി ഞാൻ കണ്ടിരിക്കുന്നു. അത് സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു എന്ന് എന്നോട് പറയൂ. (അതിനുശേഷം 428-430 പേജുകളിലെ വിവരം ഒരുമിച്ച് വായിക്കുക.)’