ആത്മവിദ്യാചാരം
നിർവ്വചനം: മനുഷ്യന്റെ ഒരു ആത്മഭാഗം ഭൗതിക ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവെന്നും അതിന് സാധാരണയായി മദ്ധ്യവർത്തിയായി സേവിക്കുന്ന ഒരു വ്യക്തിയിലൂടെ ജീവിച്ചിരിക്കുന്നവരുമായി ആശയവിനിമയം നടത്താൻ കഴിയുമെന്നുമുളള വിശ്വാസം. എല്ലാ ഭൗതിക വസ്തുക്കൾക്കും പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങൾക്കും ഉളളിൽ വസിക്കുന്ന ആത്മാക്കളുണ്ട് എന്ന് ചിലയാളുകൾ വിശ്വസിക്കുന്നു. ദുഷ്ടാത്മാക്കളിൽ നിന്നുളളതാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന ശക്തിയുടെ ഉപയോഗമാണ് ആഭിചാരം. ആത്മവിദ്യാചാരത്തിന്റെ എല്ലാ രൂപങ്ങളും ബൈബിളിൽ ശക്തമായി കുററംവിധിക്കപ്പെട്ടിരിക്കുന്നു.
മരിച്ചുപോയ പ്രിയപ്പെട്ട ഒരാളുടെ “ആത്മാവുമായി” ആശയവിനിമയം നടത്താൻ ഒരു മനുഷ്യന് വാസ്തവത്തിൽ കഴിയുമോ?
സഭാ. 9:5, 6, 10: “ജീവിച്ചിരിക്കുന്നവർക്ക് തങ്ങൾ മരിക്കുമെന്ന് ബോധമുണ്ട്; മരിച്ചവർക്കോ യാതൊന്നിനെക്കുറിച്ചും ബോധമില്ല . . . അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയിരിക്കുന്നു, സൂര്യനു കീഴെ ചെയ്യപ്പെടേണ്ട യാതൊന്നിലും അവർക്ക് മേലാൽ അനിശ്ചിതകാലത്തോളം ഒരു ഓഹരിയും ഇല്ല. നിന്റെ കൈ ചെയ്യാൻ കണ്ടെത്തുന്നതൊക്കെയും നിന്റെ ശക്തിയോടെതന്നെ ചെയ്യുക, എന്തുകൊണ്ടെന്നാൽ നീ ചെല്ലുന്ന ഷീയോളിൽ [ശവക്കുഴി] പ്രവൃത്തിയോ ആസൂത്രണമോ അറിവോ ജ്ഞാനമോ ഇല്ല.”
യെഹെ. 18:4, 20: “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (അതുകൊണ്ട് ദേഹി ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന എന്തെങ്കിലുമല്ല; ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് പിന്നീട് അതുമായി ആശയവിനിമയം നടത്താനും കഴിയുകയില്ല.)
സങ്കീ. 146:4: “അവന്റെ ആത്മാവ് വിട്ടുപോകുന്നു, അവൻ മണ്ണിലേക്ക് തിരികെ പോകുന്നു; അന്നു അവന്റെ ചിന്തകൾ തീർച്ചയായും നശിക്കുന്നു.” (ആത്മാവ് ശരീരത്തെ വിട്ടുപോകുന്നു എന്നത് ജീവശക്തിയുടെ പ്രവർത്തനം നിലക്കുന്നു എന്നു പറയുന്നതിന്റെ മറെറാരു വിധം മാത്രമാണ്. അപ്രകാരം ഒരു വ്യക്തി മരിച്ചശേഷം അവന്റെ ആത്മാവ് ശരീരത്തിൽനിന്ന് വേർപിരിഞ്ഞ് ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കഴിയുന്ന ഒരു ആത്മജീവിയായി അസ്തിത്വത്തിൽ തുടരുന്നില്ല. മരിച്ചശേഷം, ജീവിച്ചിരിക്കുന്നവർക്ക് തുടർന്ന് ആശയവിനിമയം നടത്താൻ കഴിയത്തക്ക എന്തെങ്കിലുമല്ല അത്.)
“മരണം” എന്ന ശീർഷകത്തിൻകീഴിൽ 100-102 പേജുകൾകൂടെ കാണുക.
ശമൂവേൽ പ്രവാചകന്റെ മരണശേഷം ശൗൽ രാജാവ് ശമൂവേലുമായി ആശയവിനിമയം നടത്തി എന്ന് ബൈബിൾ സൂചിപ്പിക്കുന്നില്ലേ?
ആ വിവരണം 1 ശമൂവേൽ 28:3-20-ലാണ് കാണപ്പെടുന്നത്. ശൗൽ തന്നെ ശമൂവേലിനെ കണ്ടില്ല എന്നും ആത്മമദ്ധ്യവർത്തി നൽകിയ വിവരണത്തിൽ നിന്ന് അവൾ ശമൂവേലിനെ കണ്ടു എന്ന നിഗമനത്തിലെത്തിയതേയുളളു എന്നും 13, 14 വാക്യങ്ങൾ കാണിക്കുന്നു. അത് ശമൂവേലാണ് എന്ന് വിശ്വസിക്കാൻ ശൗൽ അങ്ങേയററം ആഗ്രഹിച്ചു. അതുകൊണ്ട് അവൻ വഞ്ചിക്കപ്പെടാൻ ഇടയായി. ശമൂവേൽ മരിച്ച് അടക്കം ചെയ്യപ്പെട്ടിരുന്നു എന്ന് 3-ാം വാക്യം പറയുന്നു. ശൗലുമായി ആശയവിനിമയം നടത്താൻ കഴിയത്തക്കവണ്ണം ശമൂവേലിന്റെ യാതൊരു ഭാഗവും മറെറാരു മണ്ഡലത്തിൽ ജീവനോടെ ഇരിപ്പില്ലായിരുന്നു എന്ന് മുൻ ഉപശീർഷകത്തിൻ കീഴിൽ ഉദ്ധരിക്കപ്പെട്ട തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. ശമൂവേലിന്റെതാണെന്ന് നടിച്ച സ്വരം ഒരു കപട നാട്യക്കാരന്റെതായിരുന്നു.
മരിച്ചവരുമായി സംസാരിക്കാൻ ശ്രമിക്കുന്നവർ വാസ്തവത്തിൽ ആരുമായിട്ടാണ് ആശയവിനിമയം നടത്തുന്നത്?
മരിച്ചവരുടെ അവസ്ഥ സംബന്ധിച്ചുളള സത്യം ബൈബിളിൽ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. എന്നാൽ മരണം സംബന്ധിച്ച് ആദ്യ മാനുഷ ജോടിയെ വഞ്ചിക്കാൻ ശ്രമിച്ചത് ആരാണ്? അനുസരണക്കേട് മരണം കൈവരുത്തുമെന്നുളള ദൈവത്തിന്റെ മുന്നറിയിപ്പിനെതിരെ സാത്താൻ സംസാരിച്ചു. (ഉൽപ. 3:4; വെളി. 12:9) എന്നാൽ, തീർച്ചയായും കാലക്രമത്തിൽ മനുഷ്യർ മരിക്കുമെന്ന് ദൈവം പറഞ്ഞതു പോലെതന്നെ സംഭവിച്ചു എന്നുളളത് വ്യക്തമായി. മനുഷ്യർ യഥാർത്ഥത്തിൽ മരിക്കുന്നില്ലെന്നും മനുഷ്യന്റെ ആത്മീയമായ ഒരു ഭാഗം ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നു എന്നുമുളള ഈ ആശയം കണ്ടുപിടിച്ചതിന് ഉത്തരവാദി യുക്തിയനുസരിച്ച് അപ്പോൾ ആരായിരിക്കണം? അത്തരമൊരു വഞ്ചന “ഭോഷ്ക്കിന്റെ പിതാവ്” എന്ന് യേശു വർണ്ണിച്ച പിശാചായ സാത്താന് യോജിക്കുന്നു. (യോഹ. 8:44; 2 തെസ്സലോനീക്യർ 2:9, 10 കൂടെ കാണുക.) മരിച്ചവർ യഥാർത്ഥത്തിൽ മറെറാരു മണ്ഡലത്തിൽ ജീവിച്ചിരിക്കുന്നുവെന്നും നമുക്ക് അവരുമായി ആശയവിനിമയം നടത്താൻ കഴിയുമെന്നുമുളള ആശയം മനുഷ്യവർഗ്ഗത്തിന് ഗുണം ചെയ്തിട്ടില്ല. നേരെ മറിച്ച്, മഹാബാബിലോന്റെ ആഭിചാര പ്രവർത്തനങ്ങളാൽ “സകല ജനതകളും വഴിതെററിക്കപ്പെട്ടിരിക്കുന്നു” എന്ന് വെളിപ്പാട് 18:23 പറയുന്നു. ‘മരിച്ചവരുമായി സംസാരിക്കുന്ന’ ആഭിചാരവൃത്തി വാസ്തവത്തിൽ മനുഷ്യർ ഭൂതങ്ങളുമായി (ദൈവത്തിനെതിരെ സ്വാർത്ഥപരമായി മൽസരിച്ച ദൂതൻമാരുമായി) ബന്ധപ്പെടുന്നതിന് ഇടയാക്കുന്ന ഒരു മഹാവഞ്ചനയാണ്; അത് മിക്കപ്പോഴും ആളുകൾ അനാവശ്യമായ സ്വരങ്ങൾ കേൾക്കുന്നതിലേക്കും ആ ദുഷ്ടാത്മാക്കളാൽ ശല്യപ്പെടുത്തപ്പെടുന്നതിലേക്കും നയിക്കുന്നു.
ആത്മവിദ്യയിലൂടെ രോഗശാന്തിയോ സംരക്ഷണമോ തേടുന്നതിൽ ഉപദ്രവമുണ്ടോ?
ഗലാ. 5:19-21: “ജഡത്തിന്റെ പ്രവൃത്തികൾ പ്രകടമാണ്, അവ ദുർവൃത്തി, അശുദ്ധി, അഴിഞ്ഞ നടത്ത, വിഗ്രഹാരാധന, ആഭിചാരം . . . എന്നിവയാണ്. ഇവയെ സംബന്ധിച്ച് ഞാൻ നേരത്തെ നിങ്ങൾക്ക് മുന്നറിയിപ്പ് തന്നതുപോലെ ഇപ്പോഴും മുന്നറിയിപ്പ് തരുന്നു; അത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (സഹായത്തിനുവേണ്ടി ആഭിചാരത്തിലേക്കു തിരിയുന്നത് ആ വ്യക്തി മരണത്തെ സംബന്ധിച്ചുളള സാത്താന്റെ ഭോഷ്ക്ക് വിശ്വസിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്; സാത്താനിൽ നിന്നും അവന്റെ ഭൂതങ്ങളിൽ നിന്നുമുളള ശക്തി ആവഹിക്കാൻ ശ്രമിക്കുന്നവരിൽ നിന്നുളള ഉപദേശമാണ് അയാൾ തേടുന്നത്. അത്തരമൊരു വ്യക്തി യഹോവയാം ദൈവത്തിന്റെ ശത്രുക്കളായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നവരുടെ പക്ഷം ചേരുകയാണ്. യഥാർത്ഥ സഹായം ലഭിക്കുന്നതിനു പകരം അത്തരമൊരു ഗതിയിൽ തുടരുന്നവർ നിലനിൽക്കുന്ന ഉപദ്രവം സഹിക്കേണ്ടി വരുന്നു.)
ലൂക്കോ. 9:24: “തന്റെ ദേഹിയെ [അല്ലെങ്കിൽ ജീവനെ] രക്ഷിക്കാൻ ആഗ്രഹിക്കുന്ന ഏതൊരുവനും അതിനെ നഷ്ടമാക്കും; എന്നാൽ എന്റെ നിമിത്തം [അവൻ യേശുക്രിസ്തുവിന്റെ ഒരു അനുഗാമിയായിരിക്കുന്നതിനാൽ] അതിനെ നഷ്ടമാക്കുന്ന ഏതൊരുവനുമായിരിക്കും അതിനെ രക്ഷിക്കുന്നത്.” (തന്റെ ഇപ്പോഴത്തെ ജീവൻ നിലനിർത്തുന്നതിനോ സംരക്ഷിക്കുന്നതിനോ ഉളള ശ്രമത്തിൽ ഒരു വ്യക്തി ദൈവത്തിന്റെ വചനത്തിൽ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്ന കൽപനകൾ മനഃപൂർവ്വം ലംഘിക്കുന്നുവെങ്കിൽ നിത്യജീവന്റെ പ്രതീക്ഷ അയാൾക്ക് നഷ്ടമാകും. എത്ര മൗഢ്യം!)
2 കൊരി. 11:14, 15: “സാത്താൻ താനും തന്നെത്തന്നെ ഒരു വെളിച്ചദൂതനായി രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് അവന്റെ ശുശ്രൂഷകൻമാർ നീതിയുടെ ശുശ്രൂഷക്കാരായി തങ്ങളെത്തന്നെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അത് അതിശയമല്ല.” (അതുകൊണ്ട് ആഭിചാരത്താൽ ചെയ്യപ്പെടുന്ന ചില കാര്യങ്ങൾ താൽക്കാലിക പ്രയോജനമുളളതായി കാണപ്പെടുന്നുവെങ്കിൽ നാം വഴിതെററിക്കപ്പെടരുത്.)
“രോഗശാന്തി” എന്നതിൻ കീഴിൽ 156-160 പേജുകൾ കൂടെ കാണുക.
ഭാവി എന്താണെന്ന് അറിയുന്നതിനോ ഏതെങ്കിലും സംരംഭത്തിൽ വിജയം ഉറപ്പാക്കുന്നതിനോവേണ്ടി
ആഭിചാരം ഉപയോഗിക്കുന്നത് ജ്ഞാനമായിരിക്കുമോ?യെശ. 8:19: “‘ആത്മവിദ്യാമാദ്ധ്യമങ്ങളോട് അഥവാ ചിലക്കുകയും ജപിക്കുകയും ചെയ്യുന്നവരായി ഭാവികഥനത്തിന്റെ ആത്മാവുളളവരോട് ചോദിക്കുക’ എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ, ജനം അവരുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്?”
ലേവ്യ. 19:31: “ആത്മവിദ്യാമാദ്ധ്യമങ്ങളുടെ അടുക്കലേക്ക് തിരിയുകയോ ഭാവികഥനം തൊഴിലാക്കിയിരിക്കുന്നവരോട് ആലോചന ചോദിക്കുകയോ ചെയ്തുകൊണ്ട് അവരാൽ അശുദ്ധരാക്കപ്പെടരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു.”
2 രാജാ. 21:6: “[മനശ്ശെ രാജാവ്] ആഭിചാരം പ്രയോഗിക്കുകയും ലക്ഷണം നോക്കുകയും ആത്മവിദ്യാമാദ്ധ്യമങ്ങളെയും ഭാവികഥനം തൊഴിലാക്കിയിരിക്കുന്നവരെയും നിയമിക്കുകയും ചെയ്തു. യഹോവയെ കോപിപ്പിക്കാൻ തക്കവണ്ണം യഹോവയുടെ ദൃഷ്ടിയിൽ മോശമായത് അയാൾ വ്യാപകമായ തോതിൽ ചെയ്തു.” (അത്തരം ആത്മവിദ്യാചാരങ്ങളിൽ വാസ്തവത്തിൽ സഹായത്തിനായി സാത്താനിലേക്കും അവന്റെ ഭൂതങ്ങളിലേക്കും തിരിയുന്നതാണ് ഉൾപ്പെട്ടിരുന്നത്. അത് “യഹോവയുടെ ദൃഷ്ടിയിൽ മോശമായിരുന്നത്” അതിശയമല്ല, അതിന് അവൻ മനശ്ശെയുടെമേൽ കഠിനമായ ശിക്ഷ വരുത്തുകയും ചെയ്തു. എന്നാൽ അവൻ അനുതപിക്കുകയും ഈ ദുരാചാരങ്ങൾ ഉപേക്ഷിക്കുകയും ചെയ്തപ്പോൾ അവൻ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടു.)
ഒരുതരം ആഭിചാരം ഉൾപ്പെട്ടിരിക്കുന്ന കളികളിൽ ഏർപ്പെടുകയോ ഒരു നല്ല ശകുനമായി തോന്നുന്ന എന്തിന്റെയെങ്കിലും അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതിൽ എന്താണ് ദോഷം?
ആവ. 18:10-12: “പ്രശ്നക്കാരൻ, ആഭിചാരകൻ അല്ലെങ്കിൽ ശകുനം നോക്കുന്നവൻ, മന്ത്രവാദി, ക്ഷുദ്രം പ്രയോഗിക്കുന്നവൻ, ആത്മമദ്ധ്യവർത്തിയോട് ആലോചന ചോദിക്കുന്നവൻ, ഭാവികഥനം തൊഴിലാക്കിയിരിക്കുന്നവൻ, മരിച്ചവരോട് ആലോചന ചോദിക്കുന്നവൻ എന്നിവർ നിങ്ങളുടെയിടയിൽ കാണപ്പെടരുത്. എന്തുകൊണ്ടെന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരോട് യഹോവക്ക് വെറുപ്പാണ്.” (പ്രശ്നം നോട്ടം നിഗൂഢമായ അറിവ് വെളിപ്പെടുത്തുന്നതിനും ഭാവി സംഭവങ്ങൾ മുൻകൂട്ടിപ്പറയുന്നതിനും ശ്രമിക്കുന്നു, അത് ഗവേഷണത്തിന്റെ ഫലമായിട്ടല്ല, മറിച്ച് ശകുന വ്യാഖ്യാനത്തിലൂടെയോ പ്രകൃത്യാതീത ശക്തികളുടെ സഹായത്താലോ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നു. യഹോവ അത്തരം പ്രവർത്തനങ്ങൾ തന്റെ ദാസൻമാർക്കിടയിൽ നിരോധിച്ചു. എന്തുകൊണ്ട്? ഇവയെല്ലാം അശുദ്ധാത്മാക്കളുമായി അല്ലെങ്കിൽ ഭൂതങ്ങളുമായി ആശയവിനിമയത്തിലേർപ്പെടുന്നതിനോ അവരാൽ ബാധിക്കപ്പെടുന്നതിനോ ഉളള ഒരു ക്ഷണമാണ്. അത്തരം കാര്യങ്ങളിൽ ഉൾപ്പെടുന്നത് യഹോവയാം ദൈവത്തോടുളള കടുത്ത അവിശ്വസ്തതയായിരിക്കും.)
പ്രവൃ. 16:16-18: “ഒരു ആത്മാവുളള, ഭാവി കഥനത്തിന്റെ ഭൂതമുളള, ഒരു ദാസി പെൺകുട്ടി ഞങ്ങളെ കണ്ടുമുട്ടി. ഭാവി പറഞ്ഞുകൊണ്ട് അവൾ തന്റെ യജമാനൻമാർക്ക് വളരെ ആദായം ഉണ്ടാക്കികൊടുത്തിരുന്നു.” (സ്പഷ്ടമായി നീതിയെ സ്നേഹിക്കുന്ന യാതൊരാളും ഗൗരവമായിട്ടോ തമാശയായിട്ടോ വിവരങ്ങളുടെ അത്തരമൊരു ഉറവിൽനിന്ന് ആലോചന ചോദിക്കുകയില്ല. പൗലോസിന് അവളുടെ മുറവിളിയിൽ മടുപ്പു തോന്നുകയും അവളിൽനിന്ന് പുറത്തുപോകാൻ ആ ആത്മാവിനോട് കൽപിക്കുകയും ചെയ്തു.)
ദുഷ്ടാത്മാക്കൾക്ക് മനുഷ്യരൂപം എടുക്കാൻ കഴിയുമോ?
നോഹയുടെ നാളുകളിൽ അനുസരണംകെട്ട ദൂതൻമാർ മനുഷ്യരൂപം എടുക്കുകതന്നെ ചെയ്തു. അവർ വാസ്തവത്തിൽ വിവാഹം കഴിക്കുകയും കുട്ടികളെ ജനിപ്പിക്കുകയും ചെയ്തു. (ഉൽപ. 6:1-4) എന്നിരുന്നാലും, പ്രളയം വന്നപ്പോൾ ആ ദൂതൻമാർ ആത്മമണ്ഡലത്തിലേക്ക് മടങ്ങിപ്പോകാൻ നിർബ്ബന്ധിതരായിത്തീർന്നു. അവരെ സംബന്ധിച്ച് യൂദാ 6 പറയുന്നു: “തങ്ങളുടെ ആദിമ സ്ഥാനം കാത്തുകൊളളാതെ ഉചിതമായ സ്വന്തം വാസസ്ഥലം വിട്ടുപോയ ദൂതൻമാരെ മഹാദിവസത്തിലെ ന്യായവിധിക്കായി എന്നേക്കുമുളള ചങ്ങലയിട്ട് കൂരിരുട്ടിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.” അവർക്ക് സ്വർഗ്ഗത്തിൽ നേരത്തെയുണ്ടായിരുന്ന പദവികളിൽനിന്ന് ദൈവം അവരെ തരംതാഴ്ത്തുകയും യഹോവയുടെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ചിടത്തോളം കൂരിരുളിൽ ആക്കിവെയ്ക്കുകയും ചെയ്തതുകൂടാതെ ചങ്ങലയെ സംബന്ധിച്ചുളള പരാമർശനം അവരെ നിയന്ത്രണത്തിൽ വച്ചിരിക്കുന്നു എന്നുംകൂടെ സൂചിപ്പിക്കുന്നു. എന്തിൽ നിന്നുളള നിയന്ത്രണം? പ്രത്യക്ഷത്തിൽ, പ്രളയത്തിനു മുമ്പ് ചെയ്തതുപോലെ സ്ത്രീകളുമായി ബന്ധപ്പെടാൻ ഭൗതിക ശരീരം എടുക്കുന്നതിൽ നിന്ന്. വിശ്വസ്തരായ ദൂതൻമാർ ദൈവത്തിന്റെ സന്ദേശവാഹകരെന്നനിലയിൽ തങ്ങളുടെ ചുമതല നിർവ്വഹിക്കുന്നതിനുവേണ്ടി പൊ. യു. ഒന്നാം നൂററാണ്ടുവരെ ശരീരമെടുത്തതായി ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ പ്രളയത്തെ തുടർന്ന് തങ്ങളുടെ പ്രാപ്തികൾ ദുരുപയോഗപ്പെടുത്തിയ ദൂതൻമാർക്ക് മനുഷ്യരൂപമെടുക്കാനുളള പ്രാപ്തി നഷ്ടമായി.
എന്നിരുന്നാലും ഭൂതങ്ങൾക്ക് പ്രത്യക്ഷത്തിൽ മനുഷ്യർ ദർശനങ്ങൾ കാണാൻ ഇടയാക്കാൻ കഴിയുമെന്നുളളത് രസാവഹമാണ്, അവർ കാണുന്നത് യഥാർത്ഥമാണെന്ന് അവർക്ക് തോന്നുകയും ചെയ്തേക്കാം. പിശാച് യേശുവിനെ പരീക്ഷിച്ചപ്പോൾ പ്രത്യക്ഷത്തിൽ “ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും” യേശുവിന് കാണിച്ചു കൊടുക്കാൻ അവൻ അത്തരം മാർഗ്ഗം ഉപയോഗിച്ചു.—മത്താ. 4:8.
ആത്മവിദ്യയുടെ സ്വാധീനത്തിൽനിന്ന് ഒരു വ്യക്തിക്ക് എങ്ങനെയാണ് സ്വതന്ത്രനാകാൻ കഴിയുന്നത്?
സദൃശ. 18:10: “യഹോവയുടെ നാമം ഒരു ബലമുളള ഗോപുരമാണ്. നീതിമാൻ അതിലേക്ക് ഓടിച്ചെല്ലുന്നു, സംരക്ഷണം നൽകപ്പെടുകയും ചെയ്യുന്നു.” (ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കുന്നത് തിൻമ അകററിക്കളയാൻ ഒരു മന്ത്രം പോലെ ഉപകരിക്കുന്നു എന്ന് ഇതിനർത്ഥമില്ല. യഹോവ എന്ന “നാമം” ആ വ്യക്തിയെത്തന്നെ പ്രതിനിധാനം ചെയ്യുന്നു. നാം അവനെ അറിയാനിടയാവുകയും അവന്റെ അധികാരത്തെ അംഗീകരിച്ചുകൊണ്ടും അവന്റെ കൽപനകൾ അനുസരിച്ചുകൊണ്ടും അവനിൽ പൂർണ്ണമായി ആശ്രയം വയ്ക്കുകയും ചെയ്യുമ്പോൾ നാം സംരക്ഷിക്കപ്പെടുന്നു. നാം അപ്രകാരം ചെയ്യുന്നുവെങ്കിൽ, നാം സഹായത്തിനായി അവന്റെ വ്യക്തിപരമായ നാമം ഉപയോഗിച്ചുകൊണ്ട് അവനെ വിളിക്കുമ്പോൾ അവൻ തന്റെ വചനത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്ന സംരക്ഷണം അവൻ നൽകുന്നു.)
മത്താ. 6:9-13: “അപ്പോൾ നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: ‘ . . . ഞങ്ങളെ പ്രലോഭനങ്ങളിലേക്ക് വരുത്തരുതേ, മറിച്ച് ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ സംരക്ഷിക്കണമേ.’” നിങ്ങൾ “പ്രാർത്ഥനയിൽ സ്ഥിരോൽസാഹം കാണിക്കുകയും”കൂടെ വേണം. (റോമ. 12:12) (സത്യം അറിയാനും ദൈവത്തിന് പ്രസാദകരമായ ഒരു വിധത്തിൽ അവനെ ആരാധിക്കാനും ആഗ്രഹിക്കുന്നവരിൽ നിന്നുളള അത്തരം പ്രാർത്ഥനകൾ അവൻ കേൾക്കുന്നു.)
1 കൊരി. 10:21: “നിങ്ങൾക്ക് ‘യഹോവയുടെ മേശ’യിലും ഭൂതങ്ങളുടെ മേശയിലും പങ്കുപററാൻ കഴിയുകയില്ല.” (യഹോവയുടെ സൗഹൃദവും സംരക്ഷണവും ആഗ്രഹിക്കുന്നവർ ആത്മവിദ്യാപരമായ മീററിംഗുകളിലെ പങ്കുപററൽ പൂർണ്ണമായി അവസാനിപ്പിക്കണം. പ്രവൃത്തികൾ 19:19-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൃഷ്ടാന്തത്തിന് ചേർച്ചയായി ആത്മവിദ്യയോടുബന്ധപ്പെട്ടതായി ഒരുവന്റെ കൈവശമുളള എല്ലാ വസ്തുക്കളും നശിപ്പിക്കുകയോ ഉചിതമായി നീക്കിക്കളയുകയോ വേണം.)
യാക്കോ. 4:7: “അതുകൊണ്ട് ദൈവത്തിന് നിങ്ങളെത്തന്നെ കീഴ്പ്പെടുത്തുക; എന്നാൽ പിശാചിനോട് എതിർത്തുനിൽക്കുക, എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.” (അങ്ങനെ ചെയ്യുന്നതിന് ദൈവേഷ്ടമെന്താണെന്ന് അറിയുന്നതിനും അതു നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുന്നതിനും ഉൽസാഹമുളളവരായിരിക്കുക. ദൈവത്തോടുളള സ്നേഹം മാനുഷഭയത്തിനെതിരെ നിങ്ങളെ ശക്തിപ്പെടുത്തവേ ആത്മവിദ്യയോടുബന്ധപ്പെട്ട ഏതു ആചാരത്തിലും പങ്കെടുക്കുന്നതിനും ഒരു ആഭിചാരകൻ വയ്ക്കുന്ന നിയമങ്ങൾ അനുസരിക്കുന്നതിനും വിസമ്മതിക്കുക.)
എഫേസ്യർ 6:10-18-ൽ വർണ്ണിച്ചിരിക്കുന്ന “ദൈവത്തിൽനിന്നുളള സർവ്വായുധവർഗ്ഗം” ധരിക്കുക, അതിന്റെ എല്ലാ ഭാഗവും നല്ല നിലയിൽ സൂക്ഷിക്കുന്നതിന് ഉൽസാഹമുളളവരായിരിക്കുക.