പാഠം 6—വിശുദ്ധ തിരുവെഴുത്തുകളുടെ ക്രിസ്തീയ ഗ്രീക്ക് പാഠം
നിശ്വസ്ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ
പാഠം 6—വിശുദ്ധ തിരുവെഴുത്തുകളുടെ ക്രിസ്തീയ ഗ്രീക്ക് പാഠം
വിശുദ്ധ തിരുവെഴുത്തുകളുടെ പാഠത്തിന്റെ പകർത്തൽ; ഗ്രീക്ക് ഭാഷയിലേക്കും മററു ഭാഷകളിലേക്കുമുളള അതിന്റെ ഇന്നോളമുളള കൈമാറിവരവ്; ആധുനിക പാഠത്തിന്റെ വിശ്വസനീയത.
1. ക്രിസ്തീയ വിദ്യാഭ്യാസപരിപാടിക്ക് എങ്ങനെ തുടക്കമിട്ടു?
ആദിമ ക്രിസ്ത്യാനികൾ എഴുതപ്പെട്ട ‘യഹോവയുടെ വചന’ത്തിന്റെ ലോകവ്യാപക വിദ്യാഭ്യാസപ്രവർത്തകരും പ്രഘോഷകരുമായിരുന്നു. തന്റെ സ്വർഗാരോഹണത്തിനു തൊട്ടുമുമ്പുളള യേശുവിന്റെ ഈ വാക്കുകൾ അവർ ഗൗരവമായി എടുത്തു: “പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.” (യെശ. 40:8; പ്രവൃ. 1:8) യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, ആദ്യത്തെ 120 ശിഷ്യർക്കു പരിശുദ്ധാത്മാവ് അതിന്റെ ഊർജസ്വലമാക്കുന്ന ശക്തിസഹിതം ലഭിച്ചു. അതു പൊ.യു. 33-ലെ പെന്തക്കോസ്തു ദിവസത്തിലായിരുന്നു. അതേ ദിവസം പത്രൊസ് ഒരു സമ്പൂർണസാക്ഷ്യം കൊടുത്തുകൊണ്ടു പുതിയ വിദ്യാഭ്യാസ പരിപാടിയുടെ നേതൃത്വം വഹിച്ചു. അനേകർ ഹൃദയപൂർവം സന്ദേശം സ്വീകരിക്കുകയും പുതുതായി സ്ഥാപിതമായ ക്രിസ്തീയസഭയിലേക്ക് ഏതാണ്ടു 3,000 പേർ കൂട്ടപ്പെടുകയും ചെയ്തുവെന്നതായിരുന്നു ഫലം.—പ്രവൃ. 2:14-42.
2. ഇപ്പോൾ ഏതു സുവാർത്ത ഘോഷിക്കപ്പെട്ടു, ഈ സാക്ഷീകരണവേല എന്തിന്റെ ഒരു പ്രകടനമായിരുന്നു?
2 സകല ചരിത്രത്തിലെയും മറേറതൊരു കൂട്ടത്തിൽനിന്നും വ്യത്യസ്തമായി യേശുക്രിസ്തുവിന്റെ ഈ ശിഷ്യൻമാർ അന്നറിയപ്പെട്ടിരുന്ന ലോകത്തിന്റെ സകല കോണുകളിലേക്കും ഒടുവിൽ കവിഞ്ഞൊഴുകിയ ഒരു പഠിപ്പിക്കൽ പ്രസ്ഥാനത്തിനു തുടക്കമിട്ടു. (കൊലൊ. 1:23) അതേ, യഹോവയുടെ ഈ അർപ്പിതസാക്ഷികൾ നഗരംതോറും ഗ്രാമംതോറും “നൻമ സുവിശേഷിച്ചു”കൊണ്ടു വീടുതോറും നടക്കുന്നതിനു തങ്ങളുടെ പാദങ്ങൾ ഉപയോഗിക്കാൻ ആകാംക്ഷയുളളവരായിരുന്നു. (റോമ. 10:15) ഈ സുവാർത്ത ക്രിസ്തുവിന്റെ മറുവിലാകരുതലിനെക്കുറിച്ചും പുനരുത്ഥാനപ്രത്യാശയെക്കുറിച്ചും വാഗ്ദത്ത ദൈവരാജ്യത്തെക്കുറിച്ചും പറഞ്ഞു. (1 കൊരി. 15:1-3, 20-22, 50; യാക്കോ. 2:5) കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുളള അത്തരമൊരു സാക്ഷ്യം മുമ്പൊരിക്കലും മനുഷ്യവർഗത്തിനു സമർപ്പിക്കപ്പെട്ടിരുന്നില്ല. അതു യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യഹോവയെ തങ്ങളുടെ പരമാധികാര കർത്താവായി ഇപ്പോൾ സ്വീകരിച്ച അനേകർക്ക്, “കാണപ്പെടുന്നില്ലെങ്കിലും യാഥാർഥ്യങ്ങളുടെ പ്രസ്പഷ്ടപ്രകടനം,” വിശ്വാസത്തിന്റെ ഒരു പ്രദർശനം, ആയിത്തീർന്നു.—എബ്രാ. 11:1, NW; പ്രവൃ. 4:24; 1 തിമൊ. 1:14-17.
3. പൊ.യു. ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ ശുശ്രൂഷകരുടെ പ്രത്യേക സ്വഭാവമെന്തായിരുന്നു?
3 സ്ത്രീകളും പുരുഷൻമാരുമടങ്ങിയ ഈ ക്രിസ്തീയ ശുശ്രൂഷകർ ദൈവത്തിന്റെ പ്രബുദ്ധരായ ശുശ്രൂഷകരായിരുന്നു. അവർക്ക് എഴുതാനും വായിക്കാനും കഴിയുമായിരുന്നു. അവർ വിശുദ്ധ തിരുവെഴുത്തുകളിൽ വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു. അവർ ലോകസംഭവങ്ങൾ അറിവുളള ആളുകളായിരുന്നു. അവർക്കു യാത്ര പരിചിതമായിരുന്നു. സുവാർത്ത പരത്തുന്നതിൽ തങ്ങളുടെ മുന്നേററത്തെ തടസ്സപ്പെടുത്താൻ യാതൊരു പ്രതിബന്ധത്തെയും അനുവദിക്കാഞ്ഞതിൽ അവർ വെട്ടുക്കിളിസമാനരായിരുന്നു. (പ്രവൃ. 2:7-11, 41; യോവേ. 2:7-11, 25) പൊതുയുഗത്തിന്റെ ആ ഒന്നാം നൂററാണ്ടിൽ അവർ പല വിധങ്ങളിൽ ഏറെയും ആധുനിക കാലങ്ങളിലെ ആളുകളെപ്പോലെയായിരുന്നവരുടെ ഇടയിൽ ജോലിചെയ്തു.
4. യഹോവയുടെ നിശ്വസ്തതയിലും നടത്തിപ്പിലും ആദിമ ക്രിസ്തീയ സഭയുടെ നാളുകളിൽ ഏത് എഴുത്തു നിർവഹിക്കപ്പെട്ടു?
4 “ജീവന്റെ വചന”ത്തിന്റെ പുരോഗമനാത്മക പ്രസംഗകരെന്ന നിലയിൽ ആദിമ ക്രിസ്ത്യാനികൾ അവർക്കു ലഭിക്കാവുന്ന ഏതു ബൈബിൾചുരുളുകളും ഉപയോഗപ്പെടുത്തി. (ഫിലി. 2:15, 16; 2 തിമൊ. 4:13) അവരിൽ നാലു പേരായ മത്തായിയും മർക്കൊസും ലൂക്കൊസും യോഹന്നാനും “യേശുക്രിസ്തുവിന്റെ സുവിശേഷം” എഴുതാൻ യഹോവയാൽ നിശ്വസ്തരാക്കപ്പെട്ടു. (മർക്കൊ. 1:1; മത്താ. 1:1) പത്രൊസ്, പൗലൊസ്, യോഹന്നാൻ, യാക്കോബ്, യൂദാ എന്നിങ്ങനെ അവരിൽ ചിലർ നിശ്വസ്തതയിൽ ലേഖനങ്ങൾ എഴുതി. (2 പത്രൊ. 3:15, 16) മററു ചിലർ ഈ നിശ്വസ്ത സന്ദേശങ്ങളുടെ പകർപ്പെഴുത്തുകാരായിത്തീർന്നു. പെരുകിക്കൊണ്ടിരുന്ന സഭകൾക്കു പ്രയോജനം കിട്ടുമാറ് അവ സഭകളുടെ ഇടയിൽ കൈമാററം ചെയ്യപ്പെട്ടു. (കൊലൊ. 4:16) കൂടാതെ, “അപ്പോസ്തലൻമാരും യെരൂശലേമിലെ മൂപ്പൻമാരും” ദൈവാത്മാവിന്റെ നടത്തിപ്പിൻ കീഴിൽ ഉപദേശപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു, അവ പിൽക്കാല ഉപയോഗത്തിനായി രേഖപ്പെടുത്തി. ഈ കേന്ദ്ര ഭരണസംഘം വിദൂരസ്ഥ സഭകളിലേക്കു പ്രബോധന ലേഖനങ്ങളും അയച്ചുകൊടുത്തു. (പ്രവൃ. 5:29-32; 15:2, 6, 22-29; 16:4) ഇതിന് അവർ സ്വന്തം തപാൽസേവനം ഏർപ്പെടുത്തേണ്ടിവന്നു.
5. (എ) ഒരു കൈയെഴുത്തുപുസ്തകം എന്താണ്? (ബി) ആദിമ ക്രിസ്ത്യാനികൾ കൈയെഴുത്തുപുസ്തകം എത്രത്തോളം ഉപയോഗിച്ചു, അതിന്റെ പ്രയോജനങ്ങൾ എന്തായിരുന്നു?
5 തിരുവെഴുത്തുകളുടെ വിതരണം ത്വരിതപ്പെടുത്തുന്നതിനും അവ പരിശോധനക്കു സൗകര്യമുളള ഒരു രൂപത്തിൽ ഒരുക്കിക്കൊടുക്കുന്നതിനും വേണ്ടി ആദിമ ക്രിസ്ത്യാനികൾ ചുരുളുകൾക്കു പകരം കൈയെഴുത്തു പുസ്തകരൂപം പെട്ടെന്നുതന്നെ ഉപയോഗിച്ചുതുടങ്ങി. കൈയെഴുത്തുപുസ്തകം ആധുനികപുസ്തകത്തിന്റെ രൂപത്തിലാണ്, അവയിൽ ഒരു പരാമർശം നോക്കുന്നതിന് ഒരു ചുരുളിന്റെ കാര്യത്തിലെന്നപോലെ മിക്കപ്പോഴും ആവശ്യമായിരുന്ന ഗണ്യമായ ചുരുളഴിക്കലിനു പകരം താളുകൾ എളുപ്പം മറിക്കാവുന്നതാണ്. തന്നെയുമല്ല, പുസ്തകരൂപം കാനോനിക ലിഖിതങ്ങളെ ഒരുമിച്ചുചേർക്കുക സാധ്യമാക്കി. അതേ സമയം, ചുരുൾരൂപത്തിലുളളവ സാധാരണമായി വേറിട്ട ചുരുളുകളായി സൂക്ഷിച്ചിരുന്നു. ആദിമ ക്രിസ്ത്യാനികൾ കൈയെഴുത്തു പുസ്തകരൂപത്തിന്റെ ഉപയോഗത്തിൽ മുന്നണിയിലായിരുന്നു. അവർ അതു കണ്ടുപിടിക്കുകപോലും ചെയ്തിരിക്കാം. അക്രൈസ്തവ എഴുത്തുകാർ സാവധാനത്തിൽ മാത്രമാണു പുസ്തകരൂപം സ്വീകരിച്ചതെങ്കിലും രണ്ടും മൂന്നും നൂററാണ്ടുകളിലെ ബഹുഭൂരിപക്ഷം ക്രിസ്തീയ പപ്പൈറസുകളും പുസ്തകരൂപത്തിലാണ്. a
6. (എ) സാഹിത്യ ഗ്രീക്കിന്റെ കാലഘട്ടം എപ്പോഴായിരുന്നു, അതിൽ എന്തുൾപ്പെട്ടിരുന്നു, കൊയ്നി അല്ലെങ്കിൽ സാധാരണ ഗ്രീക്ക് എപ്പോൾ വികസിതമായി? (ബി) കൊയ്നി എങ്ങനെ, എത്രത്തോളം പൊതു ഉപയോഗത്തിലായി?
6 കൊയ്നി (സാധാരണ ഗ്രീക്ക്) മാധ്യമം. ഗ്രീക്ക് ഭാഷയുടെ സാഹിത്യ കാലഘട്ടം എന്നു വിളിക്കപ്പെടുന്നതു പൊ.യു.മു. ഒൻപതാം നൂററാണ്ടുമുതൽ പൊ.യു.മു. നാലാം നൂററാണ്ടുവരെ നീണ്ടുകിടന്നു. ഇത് ആററിക്, ലോണിക് എന്നീ ഉപഭാഷകളുടെ കാലഘട്ടമായിരുന്നു. ഈ കാലത്ത്, വിശേഷാൽ പൊ.യു.മു. അഞ്ചും നാലും നൂററാണ്ടുകളിൽ ആയിരുന്നു അനേകം ഗ്രീക്ക് നാടകകൃത്തുകളും കവികളും പ്രഭാഷകരും ചരിത്രകാരൻമാരും തത്ത്വജ്ഞാനികളും ശാസ്ത്രജ്ഞൻമാരും തഴച്ചത്. അവരിൽ ഹോമർ, ഹെറോഡോട്ടസ്, സോക്രട്ടീസ്, പ്ലേറേറാ മുതലായവർ പ്രസിദ്ധരായിത്തീർന്നു. പൊ.യു.മു. ഏതാണ്ടു നാലാം നൂററാണ്ടുമുതൽ പൊ.യു. ആറാം നൂററാണ്ടുവരെയുളള കാലഘട്ടം കൊയ്നി അഥവാ സാധാരണ ഗ്രീക്ക് എന്നറിയപ്പെടുന്നതിന്റെ യുഗമായിരുന്നു. അതിന്റെ വികാസം അധികമായി മഹാനായ അലക്സാണ്ടറിന്റെ സൈനികപ്രവർത്തനങ്ങൾ മൂലമായിരുന്നു, അദ്ദേഹത്തിന്റെ സൈന്യത്തിൽ ഗ്രീസിന്റെ സകല ഭാഗങ്ങളിലുംനിന്നുളള പടയാളികൾ ഉണ്ടായിരുന്നു. അവർ പല ഗ്രീക്ക് ഉപഭാഷകൾ സംസാരിച്ചിരുന്നു. ഇവ കൂടിക്കലർന്നപ്പോൾ ഒരു പൊതു ഉപഭാഷ, കൊയ്നി, വികാസം പ്രാപിക്കുകയും പൊതു ഉപയോഗത്തിൽ വരുകയും ചെയ്തു. ഈജിപ്തിനെയും ഇന്ത്യവരെ ഏഷ്യയെയും അലക്സാണ്ടർ ജയിച്ചടക്കിയതോടെ അനേകം ജനങ്ങളുടെ ഇടയിൽ കൊയ്നി ഗ്രീക്ക് പരക്കാനിടയായി. തന്നിമിത്തം അതു സാർവദേശീയ ഭാഷയായിത്തീരുകയും അനേകം നൂററാണ്ടുകളിൽ അങ്ങനെ നിലനിൽക്കുകയും ചെയ്തു. സെപ്ററുവജിൻറിലെ ഗ്രീക്ക് പദാവലി പൊ.യു.മു. രണ്ടും മൂന്നും നൂററാണ്ടുകളിൽ ഈജിപ്തിലെ അലക്സാണ്ട്രിയായിൽ നിലവിലിരുന്ന കൊയ്നി ആയിരുന്നു.
7. (എ) ബൈബിൾ യേശുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും കാലത്തെ കൊയ്നിയുടെ ഉപയോഗത്തെ സാക്ഷ്യപ്പെടുത്തുന്നത് എങ്ങനെ? (ബി) കൊയ്നി ദൈവവചനം അറിയിച്ചുകൊടുക്കുന്നതിനു വളരെ യോജിച്ചതായിരുന്നത് എന്തുകൊണ്ട്?
7 യേശുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും നാളുകളിൽ കൊയ്നി റോമൻ പ്രദേശത്തെ സാർവദേശീയ ഭാഷയായിരുന്നു. ബൈബിൾതന്നെ ഈ വസ്തുതക്കു സാക്ഷ്യംവഹിക്കുന്നു. യേശുവിനെ സ്തംഭത്തിൽ തറച്ചപ്പോൾ, അവന്റെ തലയ്ക്കുമീതെ യഹൂദൻമാരുടെ ഭാഷയായിരുന്ന എബ്രായയിൽ മാത്രമല്ല, ദേശത്തെ ഔദ്യോഗികഭാഷയായിരുന്ന ലത്തീനിലും മിക്കവാറും റോമിലോ അലക്സാണ്ട്രിയായിലോ ഏതെൻസിൽതന്നെയോ സംസാരിച്ചിരുന്നതുപോലെ, കൂടെക്കൂടെ യെരുശലേമിലെ തെരുവുകളിൽ സംസാരിച്ചിരുന്ന ഗ്രീക്കിലും ആലേഖനം വെക്കേണ്ടത് ആവശ്യമായിരുന്നു. (യോഹ. 19:19, 20; പ്രവൃ. 6:1) പൗലൊസ് യെരുശലേമിൽ ഗ്രീക്ക്ഭാഷ സംസാരിച്ചിരുന്ന യഹൂദൻമാരോടു സുവാർത്ത പ്രസംഗിച്ചുവെന്നു പ്രവൃത്തികൾ 9:29 പ്രകടമാക്കുന്നു. ആ സമയമായപ്പോഴേയ്ക്കു കൊയ്നി ചലനാത്മകമായ, ജീവത്തായ, സുവികസിതമായ, ഒരു ഭാഷയായിരുന്നു—ദിവ്യവചനം കൂടുതലായി അറിയിച്ചുകൊടുക്കാനുളള യഹോവയുടെ ഉന്നതമായ ഉദ്ദേശ്യത്തിന് അനുയോജ്യമായ ഒരു ഭാഷതന്നെ.
ഗ്രീക്ക് പാഠവും അതിന്റെ കൈമാററവും
8. ഗ്രീക്ക് തിരുവെഴുത്തുകൈയെഴുത്തുപ്രതികളുടെ സംഭരണി ഇപ്പോൾ നാം പരിശോധിക്കുന്നത് എന്തുകൊണ്ട്?
8 മുൻ പാഠത്തിൽ, യഹോവ തന്റെ സത്യത്തിൻജലം ലിഖിത രേഖകളുടെ ഒരു സംഭരണിയിൽ—നിശ്വസ്ത എബ്രായ തിരുവെഴുത്തുകളിൽ—സൂക്ഷിച്ചുവെന്നു നാം മനസ്സിലാക്കി. എന്നിരുന്നാലും, യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാരും മററു ശിഷ്യൻമാരും എഴുതിയ തിരുവെഴുത്തുകൾ സംബന്ധിച്ചെന്ത്? ഇവയും സമാനമായ ശ്രദ്ധയോടെ നമുക്കുവേണ്ടി സൂക്ഷിക്കപ്പെട്ടിട്ടുണ്ടോ? ഗ്രീക്കിലും മററു ഭാഷകളിലും സൂക്ഷിക്കപ്പെട്ടിരിക്കുന്ന കൈയെഴുത്തുപ്രതികളുടെ വിപുലമായ സംഭരണിയുടെ ഒരു പരിശോധന അവ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു പ്രകടമാക്കുന്നു. വിശദീകരിച്ചുകഴിഞ്ഞതുപോലെ, ബൈബിൾകാനോന്റെ ഈ ഭാഗത്തിന് 27 പുസ്തകങ്ങളുണ്ട്. ഈ 27 പുസ്തകങ്ങളുടെ പാഠസംബന്ധമായ കൈമാററത്തിന്റെ ധാരകളെക്കുറിച്ചു പരിചിന്തിക്കുക. അവ മൂല ഗ്രീക്ക്പാഠം ഇന്നോളം സംരക്ഷിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്നു പ്രകടമാക്കുന്നു.
9. (എ) ഏതു ഭാഷയിലാണു ക്രിസ്തീയ തിരുവെഴുത്തുകൾ എഴുതപ്പെട്ടത്? (ബി) മത്തായിയുടെ കാര്യത്തിൽ ഏതു വ്യത്യസ്തത ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു?
9 ഗ്രീക്ക് കൈയെഴുത്തുപ്രതികളുടെ ഉറവ. ക്രിസ്തീയ തിരുവെഴുത്തുകളിലെ 27 കാനോനിക പുസ്തകങ്ങൾ അന്നത്തെ പൊതു ഗ്രീക്കിലാണ് എഴുതിയത്. എന്നിരുന്നാലും, മത്തായിയുടെ പുസ്തകം യഹൂദജനങ്ങൾക്ക് ഉപകരിക്കുന്നതിനു പ്രത്യക്ഷത്തിൽ ആദ്യം ബൈബിൾ എബ്രായയിൽ എഴുതി. അതു പിന്നീടു ഗ്രീക്കിലേക്കു ഭാഷാന്തരം ചെയ്തുവെന്നു പറഞ്ഞുകൊണ്ടു നാലാം നൂററാണ്ടിലെ ബൈബിൾ വിവർത്തകനായ ജെറോം ഈ കാര്യം പ്രസ്താവിക്കുന്നു. b ഒരുപക്ഷേ മത്തായിതന്നെ ഈ ഭാഷാന്തരം നടത്തി—അവൻ ഒരു റോമൻ ഗവൺമെൻറ് ഉദ്യോഗസ്ഥൻ, ഒരു നികുതിപിരിവുകാരൻ, ആയതുകൊണ്ട് അവന് എബ്രായയും ലത്തീനും ഗ്രീക്കും അറിയാമായിരുന്നുവെന്നതിനു സംശയമില്ല.—മർക്കൊ. 2:14-17.
10. ബൈബിൾലിഖിതങ്ങൾ നമ്മിലേക്കു വന്നെത്തിയിരിക്കുന്നത് എങ്ങനെ?
10 മററു ക്രിസ്തീയ ബൈബിളെഴുത്തുകാരായ മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, പൗലൊസ്, പത്രൊസ്, യാക്കോബ്, യൂദാ എന്നിവരെല്ലാം തങ്ങളുടെ രേഖകൾ ക്രിസ്ത്യാനികൾക്കും ഒന്നാം നൂററാണ്ടിലെ മറെറല്ലാ ജനങ്ങൾക്കും മനസ്സിലായിരുന്ന പൊതു ജീവദ്ഭാഷയായിരുന്ന കൊയ്നിയിൽ എഴുതി. യോഹന്നാൻ മൂല രേഖകളിൽ അവസാനത്തേതു പൊ.യു. ഏതാണ്ടു 98-ൽ എഴുതി. അറിയപ്പെടുന്നടത്തോളം, കൊയ്നിയിലുളള ഈ 27 മൂല കൈയെഴുത്തുപ്രതികളിലൊന്നും ഇന്നോളം നിലനിന്നിട്ടില്ല. എന്നിരുന്നാലും ഈ മൂല ഉറവയിൽനിന്നു ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തു കൈയെഴുത്തുപ്രതികളുടെ ഒരു വിപുലമായ സംഭരണി രൂപം കൊളളുന്നതിനു മൂല രേഖകളുടെ പകർപ്പുകളും പകർപ്പുകളുടെ പകർപ്പുകളും പകർപ്പുകളുടെ കുടുംബങ്ങളും നമ്മിലേക്ക് കടന്നുവന്നിട്ടുണ്ട്.
11. (എ) കൈയെഴുത്തുപ്രതികളുടെ ഏതു ശേഖരം ഇന്നു ലഭ്യമാണ്? (ബി) ഇവ അളവും പഴക്കവും സംബന്ധിച്ച് സാഹിത്യകൃതികളുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
11 13,000-ത്തിൽപ്പരം കൈയെഴുത്തുപ്രതികളുടെ ഒരു സംഭരണി. ആകെയുളള 27 കാനോനിക പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെ ഒരു വമ്പിച്ച ശേഖരം ഇന്നു ലഭ്യമാണ്. ഇവയിൽ ചിലതിൽ തിരുവെഴുത്തിന്റെ വിപുലമായ ഭാഗങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു; മററു ചിലതു കേവലം ശകലങ്ങളാണ്. ഒരു കണക്കുകൂട്ടലനുസരിച്ചു മൂല ഗ്രീക്കിൽ 5,000-ത്തിൽപ്പരം കൈയെഴുത്തുപ്രതികളുണ്ട്. കൂടാതെ, മററു വിവിധ ഭാഷകളിൽ 8,000-ത്തിൽപ്പരം കൈയെഴുത്തുപ്രതികളുണ്ട്—എല്ലാംകൂടെ മൊത്തം 13,000-ത്തിൽ കവിയുന്നു. പൊ.യു. 2-ാം നൂററാണ്ടുമുതൽ പൊ.യു. 16-ാം നൂററാണ്ടുവരെയുളള അവയെല്ലാം യഥാർഥ മൂലപാഠം സ്ഥിരീകരിക്കുന്നതിനു സഹായിക്കുന്നു. ഈ അനേകം കൈയെഴുത്തുപ്രതികളിൽ ഏററവും പഴക്കമുളളത് ഇംഗ്ലണ്ട്, മാഞ്ചെസ്റററിലെ ജോൺ റൈലാൻഡ്സ് ലൈബ്രറിയിലുളള യോഹന്നാന്റെ സുവിശേഷത്തിന്റെ ശകലമാണ്, അത് P52 എന്ന് അറിയപ്പെടുന്നു, അതു രണ്ടാം നൂററാണ്ടിന്റെ ആദ്യ പകുതിമുതൽ, ഒരുപക്ഷേ പൊ.യു. ഏതാണ്ട് 125 മുതൽ ഉളളതാണ്. c അങ്ങനെ ഈ പകർപ്പു മൂലരേഖക്കുശേഷം ഒരു നൂററാണ്ടിന്റെ ഏതാണ്ടു നാലിലൊന്നുമാത്രം കഴിഞ്ഞ് എഴുതിയതാണ്. മിക്ക പൗരാണികഗ്രന്ഥകാരൻമാരുടെയും പാഠം സ്ഥിരീകരിക്കുന്നതിന് ഏതാനും കൈയെഴുത്തുപ്രതികൾമാത്രമേ ലഭ്യമായിട്ടുളളുവെന്നും ഇവ അപൂർവമായേ മൂല ലിഖിതങ്ങളുടെ നൂററാണ്ടുകളിലേതായിരിക്കുന്നുളളു എന്നുമുളള സംഗതി നാം പരിചിന്തിക്കുമ്പോൾ, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ആധികാരികമായ ഒരു പാഠത്തിലെത്താൻ സഹായിക്കുന്നതിന് എത്ര സമൃദ്ധമായ തെളിവാണുളളതെന്നു നമുക്കു വിലമതിക്കാൻ കഴിയും.
12. ആദ്യ കൈയെഴുത്തുപ്രതികൾ എന്തിൽ എഴുതി?
12 പപ്പൈറസ് കൈയെഴുത്തുപ്രതികൾ. സെപ്ററുവജിൻറിന്റെ ആദ്യ പകർപ്പുകളുടെ കാര്യത്തിലെന്നപോലെ, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ആദ്യ കൈയെഴുത്തുപ്രതികൾ പപ്പൈറസിലാണ് എഴുതിയത്. ഇതു പൊ.യു. ഏതാണ്ടു നാലാം നൂററാണ്ടുവരെ ബൈബിൾകൈയെഴുത്തുപ്രതികൾക്കുവേണ്ടി തുടർന്ന് ഉപയോഗിക്കപ്പെട്ടു. പ്രത്യക്ഷത്തിൽ ബൈബിളെഴുത്തുകാർ ക്രിസ്തീയ സഭകൾക്ക് എഴുത്തുകളയച്ചപ്പോഴും പപ്പൈറസ് ഉപയോഗിച്ചു.
13. 1931 എന്ന വർഷത്തിൽ ഏതു പ്രധാനപ്പെട്ട പപ്പൈറസ് കണ്ടുപിടിത്തം പ്രസിദ്ധമാക്കി?
13 ഈജിപ്തിലെ ഫായൂമിൽ ഒട്ടേറെ പപ്പൈറസ് ലിഖിതങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. 19-ാം നൂററാണ്ടിന്റെ ഒടുവിൽ നിരവധി ബൈബിൾപപ്പൈറസുകൾ വെളിച്ചത്തുവന്നു. ആധുനികനാളിലെ കൈയെഴുത്തു കണ്ടുപിടിത്തങ്ങളിൽ ഏററവും പ്രധാനപ്പെട്ടവയിലൊന്ന് 1931-ൽ പരസ്യപ്പെടുത്തിയ ഒരു കണ്ടുപിടിത്തമായിരുന്നു. അതിൽ നിശ്വസ്ത എബ്രായ തിരുവെഴുത്തുകളിലെ 8 വ്യത്യസ്ത പുസ്തകങ്ങളുടെയും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ 15 പുസ്തകങ്ങളുടെയും ഭാഗങ്ങളടങ്ങിയ 11 കൈയെഴുത്തുപുസ്തകങ്ങളുടെ ഭാഗങ്ങളാണ് ഉൾക്കൊണ്ടിരുന്നത്, എല്ലാം ഗ്രീക്കിൽ. ഈ പപ്പൈറസുകളുടെ എഴുത്തിന്റെ തീയതികൾ പൊതുയുഗത്തിന്റെ രണ്ടാം നൂററാണ്ടുമുതൽ നാലാം നൂററാണ്ടുവരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ കണ്ടുപിടിത്തത്തിലെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുഭാഗങ്ങളിലധികവും ഇപ്പോൾ ചെസ്ററർ ബീററി ശേഖരങ്ങളിലുണ്ട്, P45, P46, P47 എന്നിങ്ങനെ പട്ടികപ്പെടുത്തുകയും ചെയ്തിരിക്കുന്നു. “P” എന്ന സംജ്ഞ “പപ്പൈറസി”നെ പ്രതിനിധാനം ചെയ്യുന്നു.
14, 15. (എ) 313-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ചില പ്രമുഖ പപ്പൈറസ് കൈയെഴുത്തുപ്രതികൾ ഏവ? (ബി) പുതിയലോക ഭാഷാന്തരം ഈ കൈയെഴുത്തുപ്രതികളെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നു സൂചിപ്പിക്കുക. (സി) ആദിമ പപ്പൈറസ് കൈയെഴുത്തുപുസ്തകങ്ങൾ എന്തു സ്ഥിരീകരിക്കുന്നു?
14 ശ്രദ്ധേയമായ മറെറാരു ശേഖരത്തിലെ പപ്പൈറസുകൾ 1956 മുതൽ 1961 വരെ സ്വിററ്സർലണ്ടിലെ ജനീവയിൽ പ്രസിദ്ധീകരിച്ചു. ബോഡ്മെർ പപ്പൈറി എന്നറിയപ്പെടുന്ന അവയിൽ പൊ.യു. മൂന്നാം നൂററാണ്ടിന്റെ പ്രാരംഭം മുതലുളള രണ്ടു സുവിശേഷങ്ങളുടെ (P66-ഉം P75-ഉം) ആദിമപാഠങ്ങൾ ഉൾപ്പെടുന്നു. ഈ പാഠത്തിനു മുമ്പു കൊടുത്തിരിക്കുന്ന പട്ടിക എബ്രായ തിരുവെഴുത്തുകളുടെയും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെയും പുരാതന ബൈബിൾപപ്പൈറസുകളിൽ മുന്തിയ ചിലതു പട്ടികപ്പെടുത്തുന്നു. ചെയ്തിരിക്കുന്ന വിവർത്തനത്തെ ഈ പപ്പൈറസ് കൈയെഴുത്തുപ്രതികൾ പിന്താങ്ങുന്ന വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിലെ ഭാഗങ്ങൾ ഒടുവിലത്തെ പംക്തിയിൽ പരാമർശിച്ചിട്ടുണ്ട്, ആ വാക്യങ്ങളുടെ അടിക്കുറിപ്പുകളിൽ ഇതു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു.
15 ഈ പപ്പൈറസുകളുടെ കണ്ടുപിടിത്തങ്ങൾ വളരെ നേരത്തെയുളള തീയതിയിൽ ബൈബിൾകാനോൻ പൂർത്തിയായി എന്നതിനു തെളിവു നൽകുന്നു. ചെസ്ററർ ബീററി പപ്പൈറിയുടെ ഇടയിൽ രണ്ടു കൈയെഴുത്തു പുസ്തകങ്ങൾ—ഒന്നു നാലു സുവിശേഷങ്ങളുടെയും പ്രവൃത്തികളുടെയും ഭാഗങ്ങൾ (P45) ഒന്നിച്ചുചേർത്തതും മറെറാന്നു പൗലൊസിന്റെ 14 ലേഖനങ്ങളിൽ 9 എണ്ണം പുറഞ്ചട്ടക്കുളളിൽ ആക്കിയിരിക്കുന്നതും (P46)—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ അപ്പോസ്തലൻമാരുടെ മരണശേഷം താമസിയാതെ ഒന്നിച്ചുചേർത്തുവെന്നു പ്രകടമാക്കുന്നു. ഈ കൈയെഴുത്തുപുസ്തകങ്ങൾ വിപുലമായി പ്രചരിക്കുന്നതിനും ഈജിപ്തുവരെ എത്തുന്നതിനും സമയമെടുക്കുമെന്നുളളതുകൊണ്ട് ഏററവും താമസിച്ചാൽ രണ്ടാം നൂററാണ്ടോടെ ഈ തിരുവെഴുത്തുകൾ അവയുടെ പ്രാമാണികരൂപത്തിൽ ഒന്നിച്ചുകൂട്ടിയെന്നു സ്പഷ്ടമാണ്. അങ്ങനെ, രണ്ടാം നൂററാണ്ടിന്റെ അവസാനത്തോടെ മുഴു ബൈബിളിന്റെയും കാനോൻ പൂർത്തിയാക്കിക്കൊണ്ടു ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ കാനോൻ പര്യവസാനിപ്പിച്ചുവെന്നതിനു സംശയമില്ലായിരുന്നു.
16. (എ) ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഏതു വട്ടെഴുത്തു കൈയെഴുത്തുപ്രതികൾ ഇന്നോളം അതിജീവിച്ചിരിക്കുന്നു? (ബി) പുതിയലോക ഭാഷാന്തരത്തിൽ വട്ടെഴുത്തു കൈയെഴുത്തുപ്രതികൾ എത്രത്തോളം ഉപയോഗിച്ചിരിക്കുന്നു, എന്തുകൊണ്ട്?
16 ചർമപത്ര കൈയെഴുത്തുപ്രതികളും തോൽ കൈയെഴുത്തുപ്രതികളും. നാം മുൻ പാഠത്തിൽ പഠിച്ചതുപോലെ സാധാരണഗതിയിൽ കാളക്കുട്ടിയുടെയോ ആട്ടിൻകുട്ടിയുടെയോ കോലാടിന്റെയോ തോലിൽനിന്നു നിർമിക്കുന്ന നല്ലയിനം തോൽക്കടലാസായ ഈടുനിൽക്കുന്ന ചർമപത്രം പൊ.യു. ഏതാണ്ടു നാലാം നൂററാണ്ടുമുതൽ കൈയെഴുത്തുപ്രതികൾ എഴുതുന്നതിനു പപ്പൈറസിന്റെ സ്ഥാനത്ത് ഉപയോഗിക്കപ്പെട്ടുതുടങ്ങി. ഇന്നു നിലവിലുളള വളരെ പ്രധാനപ്പെട്ട ബൈബിൾകൈയെഴുത്തുപ്രതികളിൽ ചിലതു ചർമപത്രത്തിലാണു രേഖപ്പെടുത്തിയിരിക്കുന്നത്. നാം ഇപ്പോൾത്തന്നെ എബ്രായ തിരുവെഴുത്തുകളുടെ ചർമപത്ര കൈയെഴുത്തുപ്രതികളെയും തോൽ കൈയെഴുത്തുപ്രതികളെയും കുറിച്ചു ചർച്ചചെയ്തുകഴിഞ്ഞു. 314-ാം പേജിലെ പട്ടിക ചർമപത്രത്തിലും തുകലിലുമുളള ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെയും എബ്രായ തിരുവെഴുത്തുകളുടെയും പ്രമുഖ കൈയെഴുത്തുപ്രതികളിൽ ചിലതു പട്ടികപ്പെടുത്തുന്നു. ഗ്രീക്ക് തിരുവെഴുത്തുകളുടേതായി പട്ടികപ്പെടുത്തിയിരിക്കുന്നവ മുഴുവനായി വല്യക്ഷരങ്ങളിലാണ് എഴുതപ്പെട്ടത്, വട്ടെഴുത്തുകൾ എന്നു പരാമർശിക്കപ്പെടുകയും ചെയ്യുന്നു. ന്യൂ ബൈബിൾ ഡിക്ഷ്നറി ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ 274 വട്ടെഴുത്തു കൈയെഴുത്തുപ്രതികൾ പട്ടികപ്പെടുത്തുന്നു, ഇവ പൊ.യു. നാലാം നൂററാണ്ടുമുതൽ പത്താം നൂററാണ്ടുവരെയുളളവയാണ്. ഇനി 5,000-ത്തിൽപ്പരം വരുന്ന ചെറുലിപി കൈയെഴുത്തുപ്രതികളുണ്ട്, അവ ഒഴുക്കൻ എഴുത്തുരീതിയിൽ നിർമിതമാണ്. d ചർമപത്രത്തിൽത്തന്നെയുളള ഇവ പൊ.യു. ഒൻപതാം നൂററാണ്ടുമുതൽ അച്ചടിയുടെ ആവിർഭാവംവരെയുളള കാലഘട്ടത്തിൽ എഴുതപ്പെട്ടു. വട്ടെഴുത്തു കൈയെഴുത്തുപ്രതികൾ നേരത്തെ ഉളളവയും പൊതുവേ കൃത്യതയുളളവയും ആയതിനാൽ, ഗ്രീക്ക് പാഠത്തിൽനിന്നു ശ്രദ്ധാപൂർവകമായ വിവർത്തനം നടത്തുന്നതിനു പുതിയലോക ബൈബിൾ ഭാഷാന്തരക്കമ്മിററി അവ വിപുലമായി ഉപയോഗിച്ചു. “ചില പ്രമുഖ ചർമപത്ര, തോൽ, കൈയെഴുത്തുപ്രതികൾ” എന്ന പട്ടികയിൽ ഇതു സൂചിപ്പിക്കപ്പെടുന്നു.
പാഠനിരൂപണത്തിന്റെയും ശുദ്ധീകരണത്തിന്റെയും യുഗം
17. (എ) ഏതു രണ്ടു സംഭവങ്ങൾ ബൈബിളിന്റെ ഗ്രീക്ക് പാഠത്തിന്റെ വർധിച്ച പഠനത്തിലേക്കു നയിച്ചു? (ബി) ഇറാസ്മസ് ഏതു കൃതിക്ക് പ്രശസ്തനായി? (സി) അച്ചടിച്ച ഒരു വിദഗ്ധ പാഠം നിർമിക്കപ്പെടുന്നത് എങ്ങനെ?
17 ഇറാസ്മസിന്റെ പാഠം. അന്ധകാരയുഗങ്ങളുടെ ദീർഘ നൂററാണ്ടുകളിൽ, ലത്തീൻഭാഷ ആധിപത്യം പുലർത്തുകയും പശ്ചിമയൂറോപ്പ് റോമൻ കത്തോലിക്കാ സഭയുടെ ക്രൂര നിയന്ത്രണത്തിലായിരിക്കയും ചെയ്തപ്പോൾ പാണ്ഡിത്യവും പഠിപ്പും അധോഗതിയിലായിരുന്നു. എന്നിരുന്നാലും, യൂറോപ്പിൽ 15-ാം നൂററാണ്ടിൽ എടുത്തുമാററാവുന്ന അച്ച് ഉപയോഗിച്ചുളള അച്ചടിയുടെ കണ്ടുപിടിത്തവും 16-ാം നൂററാണ്ടിന്റെ പ്രാരംഭത്തിലെ നവീകരണപ്രസ്ഥാനവും നടന്നതോടെ കൂടുതൽ സ്വാതന്ത്ര്യം കളിയാടി, ഗ്രീക്ക് ഭാഷയിലുളള താത്പര്യത്തിന്റെ ഒരു പുനർജനനവും നടന്നു. പഠിപ്പിന്റെ ഈ പ്രാരംഭ പുനരുജ്ജീവന കാലത്തായിരുന്നു പ്രശസ്ത ഡച്ച് പണ്ഡിതനായ ഡസിഡേറിയസ് ഇറാസ്മസ് “പുതിയ നിയമ”ത്തിന്റെ ഒരു വിദഗ്ധ ഗ്രീക്ക് പാഠത്തിന്റെ ഒന്നാം പതിപ്പ് ഉത്പാദിപ്പിച്ചത്. (അത്തരമൊരു അച്ചടിച്ച വിദഗ്ധപാഠം നിരവധി കൈയെഴുത്തുപ്രതികൾ ശ്രദ്ധാപൂർവം താരതമ്യപ്പെടുത്തിക്കൊണ്ടും മൂലമെന്ന് അത്യന്തസാധാരണമായി സമ്മതിക്കപ്പെടുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടും ചില കൈയെഴുത്തുപ്രതികളിലുളള ഏതെങ്കിലും വ്യത്യസ്ത വിവർത്തനങ്ങൾ സംബന്ധിച്ച കുറിപ്പുകൾ അടിയിലത്തെ ഒരു സംവിധാനത്തിൽ മിക്കപ്പോഴും ഉൾപ്പെടുത്തിക്കൊണ്ടും തയ്യാറാക്കുന്നു.) ഈ മൂന്നാം പതിപ്പ് 1516-ൽ സ്വിററ്സർലണ്ടിലെ ബാസലിലാണ് അച്ചടിച്ചത്, ജർമനിയിൽ നവീകരണപ്രസ്ഥാനം തുടങ്ങുന്നതിന് ഒരു വർഷംമുമ്പ്. ആദ്യപതിപ്പിന് അനേകം തെററുകൾ ഉണ്ടായിരുന്നു. എന്നാൽ 1519, 1522, 1527, 1535 എന്നീ വർഷങ്ങളിൽ തുടർന്നുവന്ന പതിപ്പുകളിൽ മെച്ചപ്പെട്ട ഒരു പാഠം അവതരിപ്പിക്കപ്പെട്ടു. തന്റെ വിദഗ്ധപാഠം ഒരുമിച്ചുചേർത്തു തയ്യാറാക്കുന്നതിന് ഇറാസ്മസിനു പിൽക്കാലത്തെ ചുരുക്കംചില ചെറുലിപി കൈയെഴുത്തുപ്രതികളേ ലഭ്യമായിരുന്നുളളു.
18. ഇറാസ്മസിന്റെ പാഠം എന്തു സാധ്യമാക്കി, അത് ആർ നന്നായി ഉപയോഗിച്ചു?
18 ഇറാസ്മസിന്റെ ശുദ്ധിചെയ്ത ഗ്രീക്ക് പാഠം പല പശ്ചിമയൂറോപ്യൻ ഭാഷകളിലേക്കുളള മെച്ചപ്പെട്ട വിവർത്തനങ്ങളുടെ അടിസ്ഥാനമായിത്തീർന്നു. ഇതു മുമ്പു ലത്തീൻ വൾഗേററിൽനിന്നു പരിഭാഷപ്പെടുത്തിയവയെക്കാൾ മെച്ചപ്പെട്ട ഭാഷാന്തരങ്ങളുടെ ഉത്പാദനം സാധ്യമാക്കി. ഇറാസ്മസിന്റെ പാഠം ആദ്യം ഉപയോഗിച്ചതു ജർമനിയിലെ മാർട്ടിൻ ലൂഥർ ആയിരുന്നു. അദ്ദേഹം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ജർമനിലേക്കുളള തന്റെ വിവർത്തനം 1522-ൽ പൂർത്തിയാക്കി. വളരെയധികം എതിർപ്പിനെ നേരിട്ടുകൊണ്ട് ഇംഗ്ലണ്ടിലെ വില്യം ററിൻഡേയ്ൽ ഇറാസ്മസിന്റെ പാഠത്തിൽനിന്നുളള തന്റെ ഇംഗ്ലീഷ് വിവർത്തനം തുടർന്നു, അതു പൂർത്തിയാക്കിയത് അദ്ദേഹം 1525-ൽ യൂറോപ്പ് ഭൂഖണ്ഡത്തിൽ പ്രവാസത്തിലായിരുന്നപ്പോഴായിരുന്നു. ഇററലിയിലെ അന്റോണിയോ ബ്രൂസിയോളി 1530-ൽ ഇറാസ്മസിന്റെ പാഠം ഇററാലിയനിലേക്കു ഭാഷാന്തരംചെയ്തു. ഇറാസ്മസിന്റെ ഗ്രീക്ക് പാഠത്തിന്റെ ആഗമനത്തോടെ ഇപ്പോൾ പാഠനിരൂപണത്തിന്റെ ഒരു യുഗം പിറക്കുകയായിരുന്നു. പാഠനിരൂപണം എന്നുളളതു മൂല ബൈബിൾപാഠത്തിന്റെ പുനർനിർമിതിക്കും പുനഃസ്ഥാപനത്തിനും വേണ്ടി ഉപയോഗിക്കുന്ന രീതിയാണ്.
19. ബൈബിളിനെ അധ്യായങ്ങളും വാക്യങ്ങളുമായി തിരിക്കുന്നതിന്റെ ചരിത്രം എന്താണ്, ഇത് എന്തു സാധ്യമാക്കിയിരിക്കുന്നു?
19 അധ്യായങ്ങളും വാക്യങ്ങളുമായുളള വിഭജനം. റോബർട്ട് എസ്ററീൻ അഥവാ സ്റെറഫാനസ് 16-ാം നൂററാണ്ടിൽ പാരീസിൽ ഒരു പ്രിൻററും എഡിറററും എന്ന നിലയിൽ പ്രമുഖനായിരുന്നു. ഒരു എഡിറററായതുകൊണ്ട് അദ്ദേഹം അനായാസ പരാമർശനത്തിന് അധ്യായങ്ങളുടെയും വാക്യങ്ങളുടെയും ഒരു പദ്ധതി ഉപയോഗിക്കുന്നതിന്റെ പ്രായോഗികപ്രയോജനം കണ്ടു. തന്നിമിത്തം അദ്ദേഹം 1551-ൽ തന്റെ ഗ്രീക്ക്-ലത്തീൻ പുതിയ നിയമത്തിൽ ഈ പദ്ധതി അവതരിപ്പിച്ചു. മാസെറെററുകൾ ആദ്യം എബ്രായ തിരുവെഴുത്തുകൾക്കു വാക്യവിഭജനങ്ങൾ നടത്തി, എന്നാൽ സ്റെറഫാനസിന്റെ 1553-ലെ ഫ്രഞ്ച് ബൈബിളിലാണു മുഴു ബൈബിളിന്റെയും ഇന്നത്തെ വിഭജനം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതു പിന്നീടുളള ഇംഗ്ലീഷ് ബൈബിളുകളിൽ തുടരുകയും 1737-ൽ അലക്സാണ്ടർ ക്രൂഡൻ ഇറക്കിയതുപോലെയുളള ബൈബിൾ കൊൺകോഡൻസുകളുടെയും ഇംഗ്ലീഷ് ബൈബിളിന്റെ അധികൃതഭാഷാന്തരത്തിന്റെ രണ്ടു വിപുലമായ കൊൺകോഡൻസുകളുടെയും—1873-ൽ ആദ്യം എഡിൻബർഗിൽ പ്രസിദ്ധപ്പെടുത്തിയ റോബർട്ട് യംഗിന്റെയും 1894-ൽ ന്യൂയോർക്കിൽ പ്രസിദ്ധപ്പെടുത്തിയ ജയിംസ് സ്ട്രോംഗിന്റെയും—ഉത്പാദനം സാധ്യമാക്കുകയും ചെയ്തു.
20. റെറക്സ്ററസ് റിസ്പ്ററസ് എന്തായിരുന്നു, അത് എന്തിന്റെ അടിസ്ഥാനമായിത്തീർന്നു?
20 റെറക്സ്ററസ് റിസ്പ്ററസ്. സ്റെറഫാനസ് ഗ്രീക്ക് “പുതിയ നിയമ”ത്തിന്റെ പല പതിപ്പുകളും പ്രസിദ്ധപ്പെടുത്തി. ഇവ മുഖ്യമായി ഇറാസ്മസിന്റെ പാഠത്തിൽ അധിഷ്ഠിതമായിരുന്നു. 1522-ലെ കോമ്പ്ളൂട്ടെൻഷ്യൻ പോളീഗ്ലട്ടും ചുരുക്കം ചില മുൻനൂററാണ്ടുകളിലെ 15 പിൽക്കാല ചെറുലിപി കൈയെഴുത്തുപ്രതികളുമനുസരിച്ചുളള തിരുത്തലുകളുമുണ്ടായിരുന്നു. 1550-ൽ പ്രസിദ്ധപ്പെടുത്തിയ സ്റെറഫാനസിന്റെ ഗ്രീക്ക് പാഠത്തിന്റെ മൂന്നാം പതിപ്പ് ഫലത്തിൽ റെറക്സ്ററസ് റിസ്പ്ററസ് (“സ്വീകൃതപാഠം” എന്നതിനുളള ലത്തീൻ) ആയിത്തീർന്നു. 16-ാം നൂററാണ്ടിലെ മററ് ഇംഗ്ലീഷ് വിവർത്തനങ്ങളും 1611-ലെ ജയിംസ് രാജാവിന്റെ ഭാഷാന്തരവും അതിൽ അധിഷ്ഠിതമായിരുന്നു.
21. 18-ാം നൂററാണ്ടുമുതൽ ശുദ്ധിചെയ്ത ഏതു പാഠങ്ങൾ ഉത്പാദിപ്പിച്ചിരിക്കുന്നു, അവ എങ്ങനെ ഉപയോഗിക്കപ്പെട്ടിരിക്കുന്നു?
21 ശുദ്ധിചെയ്ത ഗ്രീക്ക് പാഠങ്ങൾ. പിന്നീട്, ഗ്രീക്ക് പണ്ഡിതൻമാർ വളരെയേറെ ശുദ്ധിചെയ്ത പാഠങ്ങൾ പ്രസിദ്ധപ്പെടുത്തി. 18-ാം നൂററാണ്ടിന്റെ അവസാനത്തോടെ ലഭ്യമായിത്തീർന്ന നൂറുകണക്കിനു ഗ്രീക്ക് കൈയെഴുത്തുപ്രതികൾ പരിശോധിക്കാൻ കഴിയുമായിരുന്ന ജെ. ജെ. ഗ്രീസ്ബാച്ച് ഉളവാക്കിയ പാഠം പ്രമുഖമായിരുന്നു. ഗ്രീസ്ബാച്ചിന്റെ മുഴു ഗ്രീക്ക് പാഠത്തിന്റെയും ഏററവും നല്ല പതിപ്പ് 1796-1806-ൽ പ്രസിദ്ധപ്പെടുത്തി. 1840-ലെ ഷാർപ്പെയുടെ ഇംഗ്ലീഷ് ഭാഷാന്തരത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ വിദഗ്ധപാഠമായിരുന്നു. 1864-ൽ ആദ്യം പൂർണമായി പ്രസിദ്ധപ്പെടുത്തിയ ദി എംഫാററിക്ക് ഡയഗ്ലട്ടിൽ അച്ചടിച്ചിരുന്ന ഗ്രീക്ക് പാഠവും അതായിരുന്നു. കോൺസ്ററാൻറിൻ വോൺ ററിസൻഡോർഫും (1872) ഹേർമൻ വോൺ സോഡനും (1910) വിശിഷ്ടമായ മററു പാഠങ്ങൾ ഉത്പാദിപ്പിച്ചു. ഒടുവിൽ പറഞ്ഞ പാഠമാണ് 1913-ലെ മോഫററിന്റെ ഇംഗ്ലീഷ് ഭാഷാന്തരത്തിനുളള അടിസ്ഥാനമായി ഉതകിയത്.
22. (എ) ഏതു ഗ്രീക്ക് പാഠം പരക്കെ അംഗീകാരം നേടിയിരിക്കുന്നു? (ബി) ഏത് ഇംഗ്ലീഷ് ഭാഷാന്തരങ്ങൾക്കുളള അടിസ്ഥാനമായി അത് ഉപയോഗിക്കപ്പെട്ടിരിക്കുന്നു?
22 വെസ്ററ്കോട്ട് ആൻഡ് ഹോർട്ട് പാഠം. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുളള ഒരു ഗ്രീക്ക് വിദഗ്ധപാഠമാണ് കേംബ്രിഡ്ജ് യൂണിവേഴ്സിററി പണ്ഡിതൻമാരായ ബി. എഫ്. വെസ്ററ്കോട്ടും എഫ്. ജെ. എ. ഹോർട്ടും ചേർന്ന് 1881-ൽ ഇറക്കിയത്. 1881-ലെ തങ്ങളുടെ “പുതിയ നിയമ” പരിഷ്കരണത്തിന്, വെസ്ററ്കോട്ടും ഹോർട്ടും അംഗങ്ങളായിരുന്ന ബ്രിട്ടീഷ് റിവിഷൻ കമ്മിററി വെസ്ററ്കോട്ടിന്റെയും ഹോർട്ടിന്റെയും ഗ്രീക്ക് പാഠത്തിന്റെ പ്രൂഫ് പരിശോധിക്കുകയുണ്ടായി. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പുതിയലോക ഭാഷാന്തരത്തിൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുന്നതിനു മുഖ്യമായി ഈ വിദഗ്ധ പാഠമാണ് ഉപയോഗിച്ചത്. ഇംഗ്ലീഷിലേക്കുളള പിൻവരുന്ന വിവർത്തനങ്ങളുടെ അടിസ്ഥാനവും ഈ പാഠമാണ്: ദി എംഫസൈസ്ഡ് ബൈബിൾ, ദി അമേരിക്കൻ സ്ററാൻഡേഡ് വേർഷൻ, ആൻ അമേരിക്കൻ ട്രാൻസ്ലേഷൻ (സ്മിത്ത്-ഗുഡ്സ്പീഡ്), റിവൈസ്ഡ് സ്ററാൻഡേഡ് വേർഷൻ. e ഈ ഒടുവിലത്തെ വിവർത്തനം നെസിലിന്റെ പാഠവും ഉപയോഗിച്ചു.
23. പുതിയലോക ഭാഷാന്തരത്തിനു വേറെ ഏതു പാഠങ്ങൾ ഉപയോഗിക്കപ്പെട്ടു?
23 നെസിലിന്റെ ഗ്രീക്ക് പാഠവും (18-ാം പതിപ്പ്, 1948) താരതമ്യംചെയ്യാനുളള ഉദ്ദേശ്യത്തിൽ പുതിയലോക ബൈബിൾഭാഷാന്തരക്കമ്മിററി ഉപയോഗിച്ചു. കത്തോലിക്കാ ജസ്യൂട്ട് പണ്ഡിതൻമാരായ ജോസ് എം. ബൂവറും (1943) അഗസ്ററിൻ മേർക്കും (1948) തയ്യാറാക്കിയവയും കമ്മിററി പരിശോധിച്ചു. 1984-ലെ റഫറൻസ് പതിപ്പിന്റെ അടിക്കുറിപ്പുകൾ നവീകരിക്കുന്നതിന് 1975-ലെ യുണൈററഡ് ബൈബിൾസൊസൈററീസ് പാഠവും 1979-ലെ നെസിൽ-അലൻഡ് റെറക്സ്ററും പരിശോധിക്കപ്പെട്ടു. f
24. പുതിയലോക ഭാഷാന്തരം വേറെ ഏതു പുരാതന ഭാഷാന്തരങ്ങളെ ആധാരമാക്കിയിട്ടുണ്ട്? ചില ദൃഷ്ടാന്തങ്ങളേവ?
24 ഗ്രീക്കിൽനിന്നുളള പുരാതനഭാഷാന്തരങ്ങൾ. ഗ്രീക്ക് കൈയെഴുത്തുപ്രതികൾക്കു പുറമേ, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ മററു ഭാഷകളിലേക്കുളള വിവർത്തനങ്ങളുടെ അനേകം കൈയെഴുത്തു പ്രതികളും ഇന്നു പഠനത്തിനു ലഭ്യമാണ്. പഴയ ലത്തീൻ ഭാഷാന്തരങ്ങളുടെ ഏതാണ്ട് 50-ൽപ്പരം കൈയെഴുത്തുപ്രതികളും (അല്ലെങ്കിൽ ശകലങ്ങളും) ജെറോമിന്റെ ലത്തീൻ വൾഗേററിന്റെ ആയിരക്കണക്കിനു കൈയെഴുത്തുപ്രതികളും ഉണ്ട്. പുതിയലോക ബൈബിൾഭാഷാന്തരക്കമ്മിററി ഇവയും കോപ്ററിക്, അർമീനിയൻ, സിറിയക് ഭാഷാന്തരങ്ങളും പരിഗണിച്ചിട്ടുണ്ട്. g
25. പുതിയലോക ഭാഷാന്തരത്തിൽ പരാമർശിച്ചിരിക്കുന്ന എബ്രായഭാഷാ വിവർത്തനങ്ങൾ ഏതു പ്രത്യേക താത്പര്യമുളളവയാണ്?
25 പതിനാലാം നൂററാണ്ടുമുതൽ ഇങ്ങോട്ടെങ്കിലും ഗ്രീക്ക് തിരുവെഴുത്തുകളുടെ എബ്രായ ഭാഷയിലേക്കുളള ഭാഷാന്തരങ്ങൾ ഉളവാക്കപ്പെട്ടിട്ടുണ്ട്. അവയിൽ പലതും ക്രിസ്തീയ തിരുവെഴുത്തുകളിൽ ദിവ്യനാമം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നുളളതിൽ താത്പര്യജനകമാണ്. പുതിയലോക ഭാഷാന്തരം മുകളിൽ ഒരു സംഖ്യ കൊടുത്തുകൊണ്ട് “J” എന്ന സംജ്ഞയിൻകീഴിൽ ഈ എബ്രായ ഭാഷാന്തരങ്ങളെ അനേകം പ്രാവശ്യം പരാമർശിക്കുന്നുണ്ട്. വിശദാംശങ്ങൾക്കായി, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—പരാമർശങ്ങളോടു കൂടിയതിന്റെ ആമുഖം, പേജുകൾ 9-10-ഉം അനുബന്ധം 1D, “ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ദിവ്യനാമം” എന്നതും കാണുക.
പാഠവ്യത്യാസങ്ങളും അവയുടെ അർഥവും
26. പാഠസംബന്ധമായ വ്യത്യാസങ്ങളും കൈയെഴുത്തുപ്രതികുടുംബങ്ങളും എങ്ങനെ ഉയർന്നുവന്നു?
26 ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ 13,000-ത്തിലധികം കൈയെഴുത്തുപ്രതികളുടെ ഇടയിൽ പാഠസംബന്ധമായ അനേകം വ്യത്യാസങ്ങളുണ്ട്. ഗ്രീക്ക് ഭാഷയിൽമാത്രമുളള 5,000 കൈയെഴുത്തുപ്രതികൾ അങ്ങനെയുളള അനേകം വ്യത്യാസങ്ങൾ പ്രകടമാക്കുന്നുണ്ട്. ആദ്യ കൈയെഴുത്തുപ്രതികളിൽനിന്നു നിർമിച്ച ഓരോ പകർപ്പിലും പകർത്തിയെഴുതിയതിൽ വന്ന അതിന്റേതായ വ്യതിരിക്തമായ തെററുകൾ അടങ്ങിയിരിക്കുമെന്നു നമുക്കു തീർച്ചയായും മനസ്സിലാക്കാൻ കഴിയും. ഈ ആദിമ കൈയെഴുത്തുപ്രതികളിൽ ഏതെങ്കിലും ഒന്ന് ഉപയോഗത്തിനായി ഏതെങ്കിലും പ്രദേശത്തേക്ക് അയച്ചാൽ ആ പ്രദേശത്തുണ്ടാക്കുന്ന പകർപ്പുകളിൽ ഈ തെററുകൾ ആവർത്തിക്കുകയും അവിടത്തെ മററു കൈയെഴുത്തുപ്രതികളുടെ സ്വഭാവവിശേഷമായിത്തീരുകയും ചെയ്യും. സമാന കൈയെഴുത്തുപ്രതികളുടെ കുടുംബങ്ങൾ വളർന്നുവന്നത് ഈ വിധത്തിലായിരുന്നു. അതുകൊണ്ട് ആയിരക്കണക്കിനു പകർത്തൽതെററുകളെ ഭയത്തോടെ വീക്ഷിക്കേണ്ടതല്ലേ? അവ പാഠത്തിന്റെ കൈമാററത്തിലെ സത്യതയുടെ കുറവിനെ സൂചിപ്പിക്കുന്നില്ലേ? അശേഷമില്ല!
27. ഗ്രീക്ക് പാഠത്തിന്റെ ശുദ്ധിസംബന്ധിച്ചു നമുക്ക് എന്ത് ഉറപ്പുണ്ട്?
27 വെസ്ററ്കോട്ട് ആൻഡ് ഹോർട്ട് പാഠത്തിന്റെ സഹ ഉത്പാദകനായ എഫ്. ജെ. എ. ഹോർട്ട് ഇങ്ങനെ എഴുതുന്നു: “പുതിയ നിയമത്തിലെ പദങ്ങളുടെ വലിയ സമൂഹം വിമർശനത്തിന്റെ താരതമ്യപ്രക്രിയക്ക് ഉപരിയായി നിലകൊളളുന്നു, എന്തുകൊണ്ടെന്നാൽ അവയിൽ വ്യത്യാസങ്ങൾ ഇല്ല, പകർത്തേണ്ട ആവശ്യമേയുളളു. . . . തുലനാത്മകമായ നിസ്സാരകാര്യങ്ങൾ . . . അവഗണിക്കപ്പെടുകയാണെങ്കിൽ ഞങ്ങളുടെ അഭിപ്രായത്തിൽ സംശയത്തിന് ഇപ്പോഴും വിധേയമായ വാക്കുകൾ ഒട്ടും മുഴു പുതിയ നിയമത്തിന്റെയും ആയിരത്തിലൊന്നു ഭാഗത്തിൽ കൂടുതൽ ആയിരിക്കാവുന്നതല്ല.” h
28, 29. (എ) ശുദ്ധിചെയ്ത ഗ്രീക്ക് പാഠത്തെക്കുറിച്ചുളള നമ്മുടെ അന്തിമ വിലയിരുത്തൽ എന്തായിരിക്കണം? (ബി) ഇതു സംബന്ധിച്ചു നമുക്ക് ഏത് ആധികാരിക പ്രസ്താവന ഉണ്ട്?
28 പാഠകൈമാററത്തിന്റെ വിലയിരുത്തൽ. അപ്പോൾ, കൈമാററത്തിന്റെ ഈ അനേകം നൂററാണ്ടുകൾക്കെല്ലാം ശേഷം പാഠസംബന്ധമായ ശുദ്ധിയും വിശ്വാസ്യതയും സംബന്ധിച്ചുളള വിലയിരുത്തൽ എന്താണ്? താരതമ്യപ്പെടുത്തുന്നതിന് ആയിരക്കണക്കിനു കൈയെഴുത്തുപ്രതികൾ ഉണ്ടെന്നു മാത്രമല്ല, പഴക്കമേറിയ ബൈബിൾകൈയെഴുത്തുപ്രതികളുടെ കഴിഞ്ഞ ഏതാനും ദശകങ്ങളിലെ കണ്ടുപിടിത്തങ്ങൾ, അപ്പോസ്തലനായ യോഹന്നാന്റെ പൊ.യു. ഏതാണ്ടു 100-ലെ മരണശേഷം വെറും രണ്ടു ദശകങ്ങൾ കഴിഞ്ഞു പൊ.യു. 125 വരെ ഗ്രീക്ക് പാഠത്തെ പിമ്പോട്ടു കൊണ്ടുപോകുന്നു. ഈ കൈയെഴുത്തുപ്രതിത്തെളിവുകൾ നമുക്കിപ്പോൾ ശുദ്ധീകരിക്കപ്പെട്ട രീതിയിൽ ആശ്രയയോഗ്യമായ ഒരു ഗ്രീക്കുപാഠം ഉണ്ടെന്നുളളതിന് ഉറപ്പുനൽകുന്നു. ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിന്റെ മുൻ ഡയറക്ടറും ലൈബ്രേറിയനുമായ സർ ഫ്രെഡറിക് കെനിയൻ ഈ സംഗതി സംബന്ധിച്ചു നടത്തുന്ന വിലയിരുത്തൽ ശ്രദ്ധിക്കുക:
29 “അപ്പോൾ മൂല രചനയുടെ തീയതികൾക്കും ശേഷിച്ചിരിക്കുന്ന ഏററവും നേരത്തെയുളള കൈയെഴുത്തുപ്രതിക്കും ഇടയ്ക്കുളള അകലം യഥാർഥത്തിൽ അഗണ്യമായിരിക്കത്തക്കവണ്ണം അത്ര നിസ്സാരമായിത്തീരുന്നു, തിരുവെഴുത്തുകൾ അവ എഴുതപ്പെട്ടതുപോലെതന്നെ സാക്ഷാത്തായി നമ്മിൽ എത്തിയിരിക്കുന്നുവെന്നതിനെ സംശയിക്കുന്നതിനുളള അവസാനത്തെ അടിസ്ഥാനവും ഇപ്പോൾ നീക്കംചെയ്യപ്പെട്ടിരിക്കുന്നു. പുതിയ നിയമത്തിലെ പുസ്തകങ്ങളുടെ വിശ്വാസ്യതയും പൊതു ശുദ്ധിയും അന്തിമമായി സ്ഥിരീകരിക്കപ്പെട്ടതായി കരുതാവുന്നതാണ്. എന്നിരുന്നാലും പൊതുശുദ്ധി ഒരു സംഗതിയാണെങ്കിൽ വിശദാംശങ്ങൾ സംബന്ധിച്ച സുനിശ്ചിതത്വം മറെറാരു സംഗതിയാണ്.” i
30. പുതിയലോക ഭാഷാന്തരം അതിന്റെ വായനക്കാർക്കുവേണ്ടി വിശ്വസനീയമായ “യഹോവയുടെ വചനം” പ്രദാനംചെയ്യുന്നുവെന്നു നമുക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
30 “വിശദാംശങ്ങൾ സംബന്ധിച്ച സുനിശ്ചിതത്വ”ത്തെക്കുറിച്ചുളള അവസാനത്തെ നിരീക്ഷണംസംബന്ധിച്ചാണെങ്കിൽ, 27-ാം പേജിലെ ഡോ. ഹോർട്ടിനാലുളള ഉദ്ധരണി അതുൾപ്പെടുത്തുന്നു. വിശദാംശങ്ങൾ ശരിയാക്കുകയെന്നതു പാഠപരിഷ്കർത്താക്കളുടെ വേലയാണ്, ഒരു വലിയ അളവിൽ അവർ ഇതു ചെയ്തിട്ടുമുണ്ട്. ഈ കാരണത്താൽ, വെസ്ററ്കോട്ടിന്റെയും ഹോർട്ടിന്റെയും പരിഷ്കരിച്ച ഗ്രീക്ക് പാഠം അത്യന്തം മികവുളള ഒന്നായി പൊതുവേ അംഗീകരിക്കപ്പെടുന്നു. പുതിയലോക ഭാഷാന്തരത്തിന്റെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുഭാഗം ഈ മികച്ച ഗ്രീക്ക് പാഠത്തിൽ അധിഷ്ഠിതമാകയാൽ അതിന്റെ വായനക്കാർക്കു വിശ്വസനീയമായ “യഹോവയുടെ വചനം” കൊടുക്കാൻ അതിനു പ്രാപ്തിയുണ്ട്, കാരണം അതു കൈയെഴുത്തു പ്രതികളുടെ ഗ്രീക്ക് സംഭരണിയിൽ നമുക്കുവേണ്ടി അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.—1 പത്രൊ. 1:24, 25, NW.
31. (എ) ഗ്രീക്ക് തിരുവെഴുത്തുകളുടെ പാഠം സംബന്ധിച്ച് ആധുനിക കണ്ടുപിടിത്തങ്ങൾ എന്തു പ്രകടമാക്കിയിരിക്കുന്നു? (ബി) 309-ാം പേജിലെ ചാർട്ട് പുതിയലോക ഭാഷാന്തരത്തിന്റെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുഭാഗത്തിന്റെ മുഖ്യ ആധാരത്തെ സൂചിപ്പിക്കുന്നത് എങ്ങനെ, ഉപയോഗിച്ച ചില ഉപ ആധാരങ്ങളേവ?
31 നമ്മുടെ ബൈബിളും പുരാതന കൈയെഴുത്തുപ്രതികളും, 1962 (ഇംഗ്ലീഷ്), എന്ന തന്റെ പുസ്തകത്തിൽ സർ ഫ്രെഡറിക് കെനിയൻ 249-ാം പേജിൽ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങൾ കൂടുതലായ താത്പര്യമുണർത്തുന്നതാണ്. “പുതിയ നിയമ പാഠത്തിന്റെ പൊതു വിശ്വാസ്യത മൂല ലിഖിതങ്ങളും ഇപ്പോഴും നിലനിൽക്കുന്ന നമ്മുടെ ഏററവും പുരാതനമായ കൈയെഴുത്തുപ്രതികളും തമ്മിലുളള അകലത്തെ വളരെയധികം കുറച്ചിരിക്കുന്ന ആധുനിക കണ്ടുപിടിത്തങ്ങളാൽ ശ്രദ്ധാർഹമായി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും വായനയിലെ വ്യത്യാസങ്ങൾ, താത്പര്യജനകമാണെങ്കിലും, ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങളെ ബാധിക്കുന്നില്ല എന്നും അറിയുന്നതിൽ നാം സംതൃപ്തരായിരിക്കണം. 309-ാം പേജിൽ “പുതിയലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പാഠത്തിനുളള ആധാരങ്ങൾ” എന്ന ചാർട്ടിൽ കാണിച്ചിരിക്കുന്നതുപോലെ, കൃത്യമായി വിവർത്തനം ചെയ്തിരിക്കുന്ന ഒരു ഇംഗ്ലീഷ് പാഠം നൽകുന്നതിനു ബന്ധപ്പെട്ട എല്ലാ രേഖകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിലയേറിയ അടിക്കുറിപ്പുകൾ ഈ വിശ്വസ്തമായ പ്രവർത്തനങ്ങളെ പിന്താങ്ങുന്നു. പുതിയലോക ബൈബിൾഭാഷാന്തരക്കമ്മിററി അതിന്റെ വിശിഷ്ടമായ പരിഭാഷ ഉളവാക്കുന്നതിനു നൂററാണ്ടുകളിൽ വികാസംപ്രാപിച്ച ബൈബിൾപാണ്ഡിത്യത്തിന്റെ ഏററം നല്ല ഫലങ്ങൾ ഉപയോഗിച്ചു. ഇപ്പോൾ നമുക്കു ലഭ്യമായിരിക്കുന്ന തരത്തിലുളള ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ തീർച്ചയായും യേശുക്രിസ്തുവിന്റെ നിശ്വസ്ത ശിഷ്യൻമാർ എഴുതിയ “പഥ്യവചനം” അടങ്ങിയിരിക്കുന്നുവെന്ന് ഇന്നു നമുക്ക് എന്തു ദൃഢവിശ്വാസമുണ്ടായിരിക്കാൻ കഴിയും. നമുക്ക് ഈ വിലപ്പെട്ട വചനങ്ങളോടു വിശ്വസ്തതയിലും സ്നേഹത്തിലും പററിനിൽക്കാം!—2 തിമൊ. 1:13.
32. ഇവിടെ വിശുദ്ധ തിരുവെഴുത്തുകളുടെ കൈയെഴുത്തുപ്രതികളെയും പാഠത്തെയും കുറിച്ചുളള ഒരു ചർച്ചക്കു ഗണ്യമായ സ്ഥലം വിനിയോഗിച്ചിരിക്കുന്നത് എന്തുകൊണ്ട്, ഏതു തൃപ്തികരമായ ഫലത്തോടെ?
32 ഇതും മുൻപാഠവും വിശുദ്ധ തിരുവെഴുത്തുകളുടെ കൈയെഴുത്തുപ്രതികളെയും പാഠത്തെയും കുറിച്ചുളള ഒരു ചർച്ചക്കു വിനിയോഗിച്ചിരിക്കുകയാണ്. ഇത് ഇത്ര വിപുലമായി ചർച്ചചെയ്തിരിക്കുന്നത് എന്തുകൊണ്ടാണ്? അതിന്റെ ഉദ്ദേശ്യം എബ്രായ തിരുവെഴുത്തുകളുടെയും ഗ്രീക്ക് തിരുവെഴുത്തുകളുടെയും പാഠങ്ങൾ തത്ത്വത്തിൽ യഹോവ പുരാതനകാലത്തെ വിശ്വസ്ത മനുഷ്യരെ നിശ്വസ്തരാക്കി രേഖപ്പെടുത്തിച്ച വിശ്വാസ്യമായ മൂല പാഠംതന്നെയാണെന്നു നിസ്തർക്കമായി തെളിയിക്കുക എന്നതാണ്. ആ മൂല ലിഖിതങ്ങൾ നിശ്വസ്തമായിരുന്നു. എന്നിരുന്നാലും പകർപ്പെഴുത്തുകാർ, വിദഗ്ധരെങ്കിലും നിശ്വസ്തരല്ലായിരുന്നു. (സങ്കീ. 45:1; 2 പത്രൊ. 1:20, 21; 3:16) അതുകൊണ്ട്, വലിയ ഉറവായ യഹോവയിൽനിന്ന് ആദ്യം പുറപ്പെട്ട സത്യത്തിന്റെ ശുദ്ധജലത്തെ തിരിച്ചറിയുന്നതിനു കൈയെഴുത്തുപ്രതികളുടെ വിപുലമായ സംഭരണിയിലൂടെ പരതേണ്ടതാവശ്യമായിരുന്നിട്ടുണ്ട്. അവന്റെ വചനമാകുന്ന നിശ്വസ്ത ബൈബിളിന്റെ അത്ഭുതകരമായ ദാനത്തിനും അതിന്റെ ഏടുകളിൽനിന്ന് ഒഴുകുന്ന നവോൻമേഷപ്രദമായ രാജ്യസന്ദേശത്തിനും വേണ്ടി സകല നന്ദിയും യഹോവയ്ക്കായിരിക്കട്ടെ!
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 354-5.
b 176-ാം പേജ്, ഖണ്ഡിക 6 കാണുക.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 323; ന്യൂ ബൈബിൾ ഡിക്ഷ്നറി, രണ്ടാം പതിപ്പ്, 1986, ജെ. ഡി. ഡഗ്ലസ്, പേജ് 1187.
d ന്യൂ ബൈബിൾ ഡിക്ഷ്നറി, രണ്ടാം പതിപ്പ്, പേജ് 1187.
e “ഏഴു മുഖ്യഭാഷകളിലേക്കുളള ചില പ്രമുഖ ബൈബിൾവിവർത്തനങ്ങൾ” എന്ന 322-ാം പേജിലെ ചാർട്ടു കാണുക.
f ദി കിങ്ഡം ഇൻറർലീനിയർ ട്രാൻസ്ലേഷൻ ഓഫ് ഗ്രീക്ക് സ്ക്രിപ്ച്ചേഴ്സ്, 1985, പേജുകൾ 8-9.
g ലൂക്കൊസ് 24:40; യോഹന്നാൻ 5:4; പ്രവൃത്തികൾ 19:23; 27:37; വെളിപ്പാടു 3:16 എന്നിവിടങ്ങളിലെ അടിക്കുറിപ്പുകൾ കാണുക.
h മൂല ഗ്രീക്കിലെ പുതിയ നിയമം, 1974, വാല്യം I, പേജ് 561.
i ബൈബിളും പുരാവസ്തുശാസ്ത്രവും 1940, (ഇംഗ്ലീഷ്), പേജുകൾ 288-9.
[അധ്യയന ചോദ്യങ്ങൾ]