മരിച്ചവർക്ക് ഒരു സുനിശ്ചിത പ്രത്യാശ
ഒരു 25 വയസ്സുകാരി എഴുതി: “എന്റെ വളർത്തമ്മ 1981-ൽ കാൻസർ ബാധിച്ചു മരിച്ചു. എനിക്കും വളർത്തമ്മയുടെ മകനും അതു താങ്ങാനായില്ല. എനിക്ക് 17 വയസ്സായിരുന്നു, അവന് 11-ഉം. വളർത്തമ്മ ഇല്ലാത്തതിന്റെ കുറവ് എനിക്കു നന്നായി അനുഭവപ്പെട്ടു. അമ്മ സ്വർഗത്തിലാണ് എന്നു പഠിപ്പിക്കപ്പെട്ടതുകൊണ്ട് ജീവനൊടുക്കി അവരോടൊപ്പം ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അവരായിരുന്നു എന്റെ ഏറ്റവും നല്ല സുഹൃത്ത്.”
മരണത്തിന്, നിങ്ങൾ പ്രിയപ്പെടുന്ന ഒരാളെ തട്ടിയെടുക്കാനുള്ള ശക്തിയുണ്ട് എന്നതു വലിയ അന്യായമായി തോന്നുന്നു, അല്ലേ? അതു സംഭവിക്കുമ്പോൾ, ഇനി ഒരിക്കലും നിങ്ങളുടെ പ്രിയപ്പെട്ടയാളോടു സംസാരിക്കാനോ അയാളോടൊത്ത് ഒന്നു ചിരിക്കാനോ ആ വ്യക്തിയെ ആശ്ലേഷിക്കാനോ കഴിയില്ലല്ലോ എന്ന ചിന്ത താങ്ങാവുന്നതിലും അപ്പുറം ആയിരുന്നേക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ആൾ മേലെ സ്വർഗത്തിലാണ് എന്നൊക്കെ പറഞ്ഞതുകൊണ്ട് ആ വേദന മാറണമെന്നില്ല.
ബൈബിൾ പക്ഷേ തികച്ചും ഭിന്നമായ ഒരു പ്രത്യാശയാണു വെച്ചുനീട്ടുന്നത്. നമ്മൾ നേരത്തേ കണ്ടതുപോലെ, അജ്ഞാതമായ സ്വർഗത്തിലല്ല പിന്നെയോ ഈ ഭൂമിയിൽത്തന്നെ നീതിയുള്ള സമാധാനപൂർണമായ അവസ്ഥകളിൻ കീഴിൽ നിങ്ങളുടെ മരിച്ച പ്രിയപ്പെട്ടവരുമായി ആസന്നഭാവിയിൽ വീണ്ടും ഒത്തുചേരുക സാധ്യമാണെന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. ആ സമയത്തു പൂർണാരോഗ്യം ആസ്വദിക്കാൻ മനുഷ്യർക്കു കഴിയും; അവർക്ക് വീണ്ടും ഒരിക്കലും മരിക്കേണ്ടിവരികയില്ല. ‘പക്ഷേ ഇതൊക്കെ നടക്കാൻ പോകുന്ന കാര്യമാണോ’ എന്നു ചിലർ ചിന്തിച്ചേക്കാം.
ഇതൊരു സുനിശ്ചിത പ്രത്യാശയാണെന്ന് നിങ്ങൾക്കു ബോധ്യം വരാൻ എന്താണ് ആവശ്യം? ഒരു വാഗ്ദാനത്തിൽ വിശ്വസിക്കുന്നതിന്, വാഗ്ദാനം ചെയ്യുന്ന വ്യക്തി അതു നിവർത്തിക്കാൻ സന്നദ്ധനും പ്രാപ്തനും ആണെന്ന് നിങ്ങൾക്ക് ഉറപ്പു ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ, മരിച്ചവർ വീണ്ടും ജീവിക്കും എന്നു വാഗ്ദാനം ചെയ്യുന്നത് ആരാണ്?
യേശുക്രിസ്തു പൊ.യു. 31-ലെ വസന്തകാലത്ത് ഉറപ്പോടെ പിൻവരുന്ന ഈ വാഗ്ദാനം നൽകി: “പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുതു; [സ്മാരക] കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:21, 28, 29) ഉവ്വ്, ഇപ്പോൾ മരണത്തിൽ നിദ്രകൊള്ളുന്ന ദശലക്ഷങ്ങൾ ഈ ഭൂമിയിൽത്തന്നെ സമാധാനപൂർണമായ പറുദീസ അവസ്ഥകളിൽ എന്നേക്കും വസിക്കുന്നതിനുള്ള പ്രതീക്ഷയോടെ വീണ്ടും ജീവനിലേക്കു വരും എന്ന് യേശുക്രിസ്തു വാഗ്ദാനം ചെയ്തു. (ലൂക്കൊസ് 23:43, NW; യോഹന്നാൻ 3:16; 17:3; സങ്കീർത്തനം 37:29-ഉം മത്തായി 5:5-ഉം താരതമ്യം ചെയ്യുക.) വാഗ്ദാനം ചെയ്തത് യേശു ആയതിനാൽ, അതു നിവർത്തിക്കാൻ അവൻ സന്നദ്ധനാണ് എന്ന് നിശ്ചയമായും കരുതാം. പക്ഷേ അവൻ അതിനു പ്രാപ്തനാണോ?
ഈ വാഗ്ദാനം നൽകി രണ്ടു വർഷം ആകുന്നതിനു മുമ്പ്, മരിച്ചവരെ ഉയിർപ്പിക്കാൻ താൻ സന്നദ്ധനും പ്രാപ്തനുമാണെന്ന് ശക്തമായ ഒരു വിധത്തിൽ യേശു പ്രകടിപ്പിച്ചു കാണിച്ചു.
‘ലാസറേ, പുറത്തുവരിക’
അതൊരു ഹൃദയസ്പർശിയായ രംഗമായിരുന്നു. ലാസർ രോഗം പിടിപെട്ട് വളരെ ഗുരുതരമായ നിലയിലായിരുന്നു. അവന്റെ സഹോദരിമാരായ മാർത്തയും മറിയയും യോർദാൻ നദിക്കക്കരെയായിരുന്ന യേശുവിന്റെ അടുക്കൽ ആളയച്ച് “കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു” എന്ന് അറിയിച്ചു. (യോഹന്നാൻ 11:3) യേശു ലാസറിനെ സ്നേഹിച്ചിരുന്നുവെന്ന് അവർക്ക് അറിയാമായിരുന്നു. തന്റെ രോഗിയായ സ്നേഹിതനെ കാണാൻ യേശുവിന് താത്പര്യം ഉണ്ടാവില്ലേ? എന്നാൽ, തീരെ പ്രതീക്ഷിക്കാഞ്ഞ ഒന്നാണു സംഭവിച്ചത്. ഉടനടി ബേഥാന്യക്കു പുറപ്പെടുന്നതിനു പകരം യേശു, താൻ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസംകൂടെ ചെലവഴിച്ചു.—യോഹന്നാൻ 11:5, 6.
ലാസർ രോഗശയ്യയിലാണെന്ന സന്ദേശവുമായി ആളയച്ച് കുറെക്കഴിഞ്ഞപ്പോൾ അവൻ മരിച്ചു. ലാസർ മരിച്ചപ്പോൾ യേശു അതറിഞ്ഞു, അതു സംബന്ധിച്ച് എന്തോ ചെയ്യാൻ അവൻ നിശ്ചയിക്കുകയും ചെയ്തു. യേശു ഒടുവിൽ ബേഥാന്യയിൽ എത്തിയപ്പോൾ അവന്റെ പ്രിയ സ്നേഹിതൻ മരിച്ചിട്ട് നാലു ദിവസം ആയിരുന്നു. (യോഹന്നാൻ 11:17, 39) മരിച്ചിട്ട് അത്രയും ദിവസം ആയ ഒരാളെ ജീവനിലേക്കു മടക്കിവരുത്താൻ യേശുവിനു കഴിയുമായിരുന്നോ?
യേശു വരുന്നുണ്ടെന്ന് കേട്ടപ്പോൾ, സ്വതവേ കർമോത്സുകയായ മാർത്ത അവനെ എതിരേൽക്കാൻ ഓടിച്ചെന്നു. (ലൂക്കൊസ് 10:38-42 താരതമ്യം ചെയ്യുക.) അവളുടെ ദുഃഖം കണ്ട് മനംനൊന്ത് യേശു അവളെ ഇങ്ങനെ ധൈര്യപ്പെടുത്തി: “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും.” അവൾ ഒരു ഭാവി പുനരുത്ഥാനത്തിലുള്ള വിശ്വാസം പ്രകടമാക്കിയപ്പോൾ യേശു അവളോട് ഇങ്ങനെ തുറന്നു പറഞ്ഞു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.”—യോഹന്നാൻ 11:20-25.
കല്ലറയ്ക്കൽ എത്തിയപ്പോൾ അതിന്റെ കവാടം മറച്ചിരുന്ന കല്ല് എടുത്തു മാറ്റാൻ യേശു നിർദേശിച്ചു. തുടർന്ന് ഉറക്കെ പ്രാർഥിച്ചശേഷം ‘ലാസറേ, പുറത്തുവരിക’ എന്ന് യേശു കൽപ്പിച്ചു.—യോഹന്നാൻ 11:38-43.
എല്ലാവരും കല്ലറയിലേക്കുതന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അപ്പോൾ, ഇരുട്ടിൽനിന്ന് ഒരു രൂപം പ്രത്യക്ഷപ്പെട്ടു. അവന്റെ കൈകാലുകൾ ശീലകൾകൊണ്ടും മുഖം റൂമാൽകൊണ്ടും യോഹന്നാൻ 11:44.
മൂടിയിരുന്നു. “അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ” എന്ന് യേശു ആജ്ഞാപിച്ചു. ശീലകളിൽ അവസാനത്തേതും അഴിഞ്ഞു നിലത്തുവീണു. അതേ, അത് ലാസറായിരുന്നു, നാലു ദിവസമായി മരിച്ചു കിടന്നിരുന്ന മനുഷ്യൻ!—അത് വാസ്തവമായും സംഭവിച്ചുവോ?
ലാസറിന്റെ പുനരുത്ഥാനം ഒരു ചരിത്ര വസ്തുതയായിട്ടാണ് യോഹന്നാന്റെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അത് വെറുമൊരു ആലങ്കാരിക വിവരണമാണ് എന്നു പറയാനാകാത്തവിധം അത്രയേറെ ജീവസ്സുറ്റതാണ് അതിലെ വിശദാംശങ്ങൾ. അതിന്റെ ചരിത്ര സത്യതയെ ചോദ്യം ചെയ്യുകയെന്നാൽ യേശുക്രിസ്തുവിന്റെ തന്നെ പുനരുത്ഥാനം ഉൾപ്പെടെ ബൈബിളിലെ സകല അത്ഭുതങ്ങളെയും ചോദ്യം ചെയ്യുകയെന്നാകും അർഥം. യേശുവിന്റെ പുനരുത്ഥാനത്തെ നിഷേധിക്കുന്നതാകട്ടെ, ക്രിസ്തീയ വിശ്വാസത്തെ മുഴുവനായും നിരാകരിക്കുന്നതിനു തുല്യമാണ്.—1 കൊരിന്ത്യർ 15:13-15.
വാസ്തവത്തിൽ, ദൈവത്തിന്റെ അസ്തിത്വത്തെ നിങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ നിങ്ങൾക്കു പ്രയാസം ഉണ്ടായിരിക്കേണ്ടതില്ല. ഇതു വ്യക്തമാക്കുന്നതിന് നമുക്ക് ഒരു ദൃഷ്ടാന്തം പരിചിന്തിക്കാം. ഒരു വ്യക്തിക്ക് താൻ വിൽപ്പത്രം വായിക്കുന്ന രംഗം വീഡിയോയിൽ പകർത്തിവെക്കാനാകും. അദ്ദേഹത്തിന്റെ മരണശേഷം ഈ ടേപ്പ് ഇട്ടു കാണുന്ന ബന്ധുക്കൾക്കും സ്നേഹിതർക്കും, തന്റെ സ്വത്ത് എങ്ങനെ വീതിക്കണം എന്നു വിശദീകരിക്കുന്ന അദ്ദേഹത്തെ ഫലത്തിൽ കാണാനും സ്വരം കേൾക്കാനും കഴിയും. ഒരു നൂറ് വർഷം മുമ്പ് അങ്ങനെയൊരു സംഗതി ചിന്തിക്കാൻപോലും കഴിയില്ലായിരുന്നു. ഇന്നും ലോകത്തിന്റെ വിദൂരകോണുകളിൽ ജീവിക്കുന്ന ചില ആളുകൾക്ക് വീഡിയോ റെക്കോർഡിങ് എന്ന സാങ്കേതികവിദ്യ തങ്ങളുടെ ഗ്രാഹ്യത്തിനപ്പുറമാണ്; അതുകൊണ്ടുതന്നെ അവർക്കത് ഒരു അത്ഭുതമാണ്. സ്രഷ്ടാവ് സ്ഥാപിച്ച ശാസ്ത്രതത്ത്വങ്ങൾ ഉപയോഗിച്ച് കാണാനും കേൾക്കാനും കഴിയുന്ന ഒരു രംഗം പുനരാവിഷ്കരിക്കാൻ മനുഷ്യനു കഴിയുമെങ്കിൽ, അതിനെക്കാൾ വളരെ കൂടുതൽ ചെയ്യാൻ സ്രഷ്ടാവ് പ്രാപ്തനായിരിക്കേണ്ടതല്ലേ? അപ്പോൾ, ജീവനെ സൃഷ്ടിച്ചവന് അത് പുനഃസൃഷ്ടിക്കാൻ കഴിയും എന്നതു ന്യായയുക്തമല്ലേ?
ലാസറിന്റെ പുനരുത്ഥാനം എന്ന അത്ഭുതകൃത്യം ആളുകൾക്ക് യേശുവിലും പുനരുത്ഥാനത്തിലുമുള്ള വിശ്വാസം വർധിപ്പിച്ചു. (യോഹന്നാൻ 11:41, 42; 12:9-11, 17-19) കൂടാതെ, പുനരുത്ഥാനം നിർവഹിക്കാനുള്ള യഹോവയുടെയും അവന്റെ പുത്രന്റെയും സന്നദ്ധതയെയും ആഗ്രഹത്തെയും അത് ഹൃദയസ്പർശിയായ ഒരു വിധത്തിൽ വരച്ചുകാട്ടുകയും ചെയ്യുന്നു.
‘ദൈവത്തിന് താത്പര്യമുണ്ടാകും’
ലാസറിന്റെ മരണത്തോടുള്ള യേശുവിന്റെ പ്രതികരണം ദൈവപുത്രന്റെ വ്യക്തിത്വത്തിന്റെ വളരെ ആർദ്രമായ ഒരു വശത്തെ വെളിപ്പെടുത്തുന്നു. ഈ അവസരത്തിൽ അവൻ പ്രകടമാക്കിയ ആഴമായ വികാരങ്ങൾ മരിച്ചവരെ ഉയിർപ്പിക്കാനുള്ള അവന്റെ തീവ്രമായ ആഗ്രഹത്തിന്റെ വ്യക്തമായ സൂചനയാണ്. നാം ഇങ്ങനെ വായിക്കുന്നു: “യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി: അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്നു അവർ അവനോടു പറഞ്ഞു. യേശു കണ്ണുനീർ വാർത്തു. ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.”—യോഹന്നാൻ 11:32-36.
യേശുവിന്റെ ഹൃദയംഗമമായ അനുകമ്പയെ സൂചിപ്പിക്കുന്ന മൂന്നു പ്രയോഗങ്ങൾ നമുക്ക് ഇവിടെ കാണാം: “നൊന്തു,” “കലങ്ങി,” “കണ്ണുനീർ വാർത്തു.” ഹൃദയസ്പർശിയായ ഈ രംഗം രേഖപ്പെടുത്താൻ ഉപയോഗിച്ച മൂല-ഭാഷാപദങ്ങൾ സൂചിപ്പിക്കുന്നത്, കണ്ണു നിറഞ്ഞുതുളുമ്പുമാറ് തന്റെ പ്രിയസ്നേഹിതനായ ലാസറിന്റെ മരണവും ലാസറിന്റെ സഹോദരി കരയുന്ന കാഴ്ചയും യേശുവിനെ അത്ര ആഴത്തിൽ സ്പർശിച്ചു എന്നാണ്. *
അതീവ ശ്രദ്ധേയമായ കാര്യം, യേശു അതിനുമുമ്പ് മറ്റു രണ്ടുപേരെ ജീവനിലേക്കു തിരികെ കൊണ്ടുവന്നിരുന്നു എന്നതാണ്. അതേ കാര്യംതന്നെ ലാസറിന്റെ കാര്യത്തിലും ചെയ്യാൻ അവൻ നിശ്ചയിച്ചുറച്ചിരുന്നുതാനും. (യോഹന്നാൻ 11:11, 23, 25) എന്നിട്ടും, അവൻ “കണ്ണുനീർ വാർത്തു.” അതുകൊണ്ട്, മനുഷ്യരെ ജീവനിലേക്കു തിരികെ കൊണ്ടുവരിക എന്നത് യേശുവിനെ സംബന്ധിച്ചിടത്തോളം വെറും യാന്ത്രികമായ ഒരു നടപടി അല്ല. ഈ അവസരത്തിൽ പ്രകടമായതു പോലുള്ള യേശുവിന്റെ ആഴമായ ആർദ്രവികാരങ്ങൾ മരണത്തിന്റെ കെടുതികളെ ഇല്ലായ്മ ചെയ്യാനുള്ള അവന്റെ ഉത്കടമായ ആഗ്രഹത്തിന്റെ വ്യക്തമായ സൂചനയാണ്.
ലാസറിന്റെ പുനരുത്ഥാനത്തോടു ബന്ധപ്പെട്ട് യേശു പ്രകടമാക്കിയ ആർദ്രവികാരങ്ങൾ മരണത്തിന്റെ കെടുതികളെ ഇല്ലായ്മ ചെയ്യാനുള്ള അവന്റെ ഉത്കടമായ ആഗ്രഹത്തെ പ്രതിഫലിപ്പിച്ചു
യേശു “[യഹോവയാം ദൈവത്തിന്റെ] തത്ത്വത്തിന്റെ മുദ്ര” അതായത്, അവന്റെ കൃത്യമായ പ്രതിഫലനം ആയതുകൊണ്ട് നമ്മുടെ സ്വർഗീയ പിതാവിൽനിന്ന് ഇതിൽ കുറഞ്ഞ ഒന്നുമല്ല നാം പ്രതീക്ഷിക്കുന്നത്. (എബ്രായർ 1:3) പുനരുത്ഥാനം നിർവഹിക്കാനുള്ള യഹോവയുടെ സ്വന്തം മനസ്സൊരുക്കത്തെ സംബന്ധിച്ച് വിശ്വസ്തപുരുഷനായ ഇയ്യോബ് പറഞ്ഞത് ഇങ്ങനെയാണ്: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? . . . നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (ഇയ്യോബ് 14:14, 15) “നിനക്കു താല്പര്യമുണ്ടാകും” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന മൂല-ഭാഷാപദം, ദൈവത്തിന്റെ ആത്മാർഥമായ വാഞ്ഛയെയും ആഗ്രഹത്തെയും സൂചിപ്പിക്കുന്നു. (ഉല്പത്തി 31:30; സങ്കീർത്തനം 84:2) മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള ആ സമയത്തിനായി യഹോവ നോക്കിപ്പാർത്തിരിക്കുന്നുണ്ട് എന്നു വ്യക്തം.
നമുക്ക് പുനരുത്ഥാന വാഗ്ദാനത്തിൽ വാസ്തവമായും വിശ്വസിക്കാനാകുമോ? ഉവ്വ്, യഹോവയും അവന്റെ പുത്രനും അതു നിവർത്തിക്കാൻ സന്നദ്ധരും പ്രാപ്തരുമാണ് എന്നതിന് യാതൊരു സംശയവുമില്ല. ഇത് നിങ്ങൾക്ക് എന്തർഥമാക്കുന്നു? ഈ ഭൂമിയിൽത്തന്നെ, പക്ഷേ വളരെ വ്യത്യസ്തമായ അവസ്ഥകളിൽ, മരിച്ചുപോയ പ്രിയപ്പെട്ടവരുമായി വീണ്ടും ഒത്തുചേരാനുള്ള ഭാവിപ്രതീക്ഷ നിങ്ങൾക്കുണ്ട്!
ഒരു മനോഹരമായ ഉദ്യാനത്തിൽ മനുഷ്യവർഗത്തിനു തുടക്കമിട്ടുകൊടുത്ത യഹോവയാം ദൈവം, ഇന്ന് മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവിന്റെ കൈകളിലെ തന്റെ സ്വർഗരാജ്യത്തിന്റെ ഭരണത്തിൻകീഴിൽ ഈ ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കും എന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. (ഉല്പത്തി 2:7-9; മത്തായി 6:10; ലൂക്കൊസ് 23:42, 43) പുനഃസ്ഥിതീകരിക്കപ്പെട്ട ആ പറുദീസയിൽ, സകലവിധ രോഗങ്ങളിൽനിന്നും വിമുക്തമായി അനന്തമായ ജീവിതം ആസ്വദിക്കുന്നതിനുള്ള പ്രതീക്ഷ മനുഷ്യ കുടുംബത്തിന് ഉണ്ടായിരിക്കും. (വെളിപ്പാടു 21:1-5; ഇയ്യോബ് 33:25 താരതമ്യം ചെയ്യുക; യെശയ്യാവു 35:5-7) സകല വിദ്വേഷവും വർഗീയ മുൻവിധിയും വംശീയ കലാപങ്ങളും സാമ്പത്തിക ഞെരുക്കങ്ങളും പൊയ്പോയിരിക്കും. ശുദ്ധീകരിക്കപ്പെട്ട അത്തരം ഒരു ഭൂമിയിലേക്കായിരിക്കും യഹോവയാം ദൈവം യേശുക്രിസ്തുവിലൂടെ മരിച്ചവരെ ഉയിർപ്പിച്ച് ആനയിക്കുക.
ക്രിസ്തുയേശുവിന്റെ മറുവിലയാഗത്തിൽ അധിഷ്ഠിതമായ പുനരുത്ഥാനം സകല ജനതകൾക്കും ആനന്ദം കൈവരുത്തും
ഈ ഭാഗത്തിന്റെ ആരംഭത്തിൽ പരാമർശിച്ച സ്ത്രീയുടെ പ്രത്യാശ ഇപ്പോൾ അതാണ്. അവളുടെ അമ്മ മരിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞ് യഹോവയുടെ സാക്ഷികൾ, ബൈബിളിന്റെ ഒരു സൂക്ഷ്മമായ പഠനം നടത്താൻ അവളെ സഹായിച്ചു. അവൾ ഇങ്ങനെ അനുസ്മരിക്കുന്നു: “പുനരുത്ഥാനത്തെപ്പറ്റി പഠിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. അമ്മയെ വീണ്ടും കാണാൻ കഴിയും എന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ വികാരം പറഞ്ഞറിയിക്കാനാവില്ല.”
പ്രിയപ്പെട്ട ഒരാളെ വീണ്ടും കാണാൻ നിങ്ങളുടെ ഹൃദയം ഇതുപോലെ വെമ്പൽ കൊള്ളുന്നുവെങ്കിൽ ഈ സുനിശ്ചിത പ്രത്യാശ സ്വന്തമാക്കാൻ എങ്ങനെ കഴിയും എന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. നിങ്ങളുടെ സമീപത്തുള്ള ഒരു രാജ്യഹാളിൽ ചെന്ന് അവരെ കാണുകയോ അല്ലെങ്കിൽ 32-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏറ്റവും അടുത്ത വിലാസത്തിൽ അവർക്ക് എഴുതുകയോ ചെയ്യരുതോ?
^ ഖ. 20 “നൊന്തു,” കൂടുതൽ കൃത്യമായി പറഞ്ഞാൽ “ഞരങ്ങി” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുപദം വേദനാകരമായ വിധത്തിൽ അല്ലെങ്കിൽ ആഴമായി സ്പർശിക്കപ്പെടുക എന്ന് അർഥമുള്ള ഒരു ക്രിയയിൽ (എംബ്രിമാവോമായ്) നിന്നുള്ളതാണ്. ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “അത്തരം ആഴമായ വികാരം യേശുവിനെ ഗ്രസിച്ചിട്ട് അവന്റെ ഹൃദയത്തിൽനിന്ന് അറിയാതെ ഒരു ഞരക്കം ഉയർന്നു എന്നു തന്നെയാണ് ഇവിടെ ഇതിനർഥം.” “കലങ്ങി” എന്നു പരിഭാഷചെയ്തിരിക്കുന്ന പ്രയോഗം പ്രക്ഷുബ്ധതയെ സൂചിപ്പിക്കുന്ന ഒരു ഗ്രീക്കു പദത്തിൽ (റ്റാറാസോ) നിന്നാണു വന്നിട്ടുള്ളത്. ഒരു നിഘണ്ടു രചയിതാവ് പറയുന്നതനുസരിച്ച്, “ഒരാൾക്ക് ആന്തരിക ക്ഷോഭമുണ്ടാക്കുക, . . . വലിയ വേദന അല്ലെങ്കിൽ സങ്കടം ഉളവാക്കുക” എന്നാണ് അതിനർഥം. “കണ്ണുനീർ വാർത്തു” എന്ന പ്രയോഗം “കണ്ണീർ പൊഴിക്കുക, മൗനമായി കരയുക” എന്ന് അർഥം വരുന്ന ഒരു ഗ്രീക്കു ക്രിയയിൽ (ഡാക്രിയൊ) നിന്നാണു വരുന്നത്.