അധ്യായം 2
നിങ്ങൾക്ക് യഥാർഥത്തിൽ ‘ദൈവത്തോട് അടുത്തു ചെല്ലാൻ കഴിയുമോ?’
1, 2. (എ) അനേകരും എന്ത് അസംഭവ്യമാണെന്നു കരുതിയേക്കാം, എന്നാൽ ബൈബിൾ നമുക്ക് എന്ത് ഉറപ്പുനൽകുന്നു? (ബി) അബ്രാഹാമിന് എന്ത് അടുത്ത ബന്ധം ആസ്വദിക്കാൻ കഴിഞ്ഞു, എന്തുകൊണ്ട്?
സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് നിങ്ങളെ കുറിച്ച് “ഇത് എന്റെ സ്നേഹിതനാണ്” എന്നു പറഞ്ഞാൽ നിങ്ങൾക്ക് എന്തു തോന്നും? അത് അസംഭവ്യമാണെന്ന് അനേകരും കരുതിയേക്കാം. വെറുമൊരു മനുഷ്യന് യഹോവയാം ദൈവവുമായി സൗഹൃദം സ്ഥാപിക്കാൻ എങ്ങനെ കഴിയും? എന്നാൽ നമുക്ക് വാസ്തവമായും ദൈവത്തോട് അടുക്കാൻ സാധിക്കുമെന്ന് ബൈബിൾ ഉറപ്പു നൽകുന്നു.
2 അത്തരം അടുപ്പം ആസ്വദിച്ച ഒരു വ്യക്തി ആയിരുന്നു പുരാതന കാലത്തെ അബ്രാഹാം. യഹോവ ആ ഗോത്രപിതാവിനെ ‘എന്റെ സ്നേഹിതൻ’ എന്നു വിളിച്ചു. (യെശയ്യാവു 41:8) അതേ, യഹോവ അബ്രാഹാമിനെ സ്വന്തം സ്നേഹിതനായി കണക്കാക്കി. അബ്രാഹാം ‘യഹോവയിൽ വിശ്വാസമർപ്പിച്ച’തിനാലാണ് അവന് അത്തരമൊരു അടുത്ത ബന്ധം ആസ്വദിക്കാൻ കഴിഞ്ഞത്. (യാക്കോബ് 2:23, NW) യഹോവ ഇന്നും തന്നെ സ്നേഹപൂർവം സേവിക്കുന്നവരോട് ‘പറ്റിനിൽക്കാനുള്ള’ അവസരങ്ങൾ തേടുന്നു. (ആവർത്തനപുസ്തകം 10:15, NW) അവന്റെ വചനം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ് 4:8) ഈ വാക്കുകളിൽ നാം ഒരു ക്ഷണവും ഒരു വാഗ്ദാനവും കാണുന്നു.
3. യഹോവ നമുക്ക് എന്തു ക്ഷണം നൽകുന്നു, ഏതു വാഗ്ദാനം അതുമായി ബന്ധപ്പെട്ടിരിക്കുന്നു?
3 തന്നോട് അടുത്തു വരാൻ യഹോവ നമ്മെ ക്ഷണിക്കുന്നു. തന്റെ സ്നേഹിതരെന്ന നിലയിൽ നമ്മെ തന്റെ പ്രീതിയിലേക്ക് കൈക്കൊള്ളാൻ അവൻ മനസ്സൊരുക്കമുള്ളവനാണ്. അവനോട് അടുത്തു ചെല്ലാൻ നാം നടപടികൾ സ്വീകരിക്കുന്നെങ്കിൽ അവനും സമാനമായ നടപടി സ്വീകരിക്കുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു, അതായത് അവൻ നമ്മോടും അടുത്തുവരും. അങ്ങനെ “യഹോവയുടെ സഖിത്വം” എന്ന അനുഗൃഹീത പദവി ആസ്വദിക്കാൻ നമുക്കു കഴിയും. a (സങ്കീർത്തനം 25:14) “സഖിത്വം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിൽ, ആത്മമിത്രവുമായി നടത്തുന്ന രഹസ്യ സംഭാഷണത്തിന്റെ അഥവാ ഹൃദയം തുറന്നുള്ള സംസാരത്തിന്റെ ആശയം ഉൾക്കൊള്ളുന്നു.
4. ഒരു ഉറ്റ സുഹൃത്തിനെ നിങ്ങൾ എങ്ങനെ വർണിക്കും, തന്നോട് അടുക്കുന്നവർക്ക് താൻ അത്തരമൊരു സ്നേഹിതനാണെന്ന് യഹോവ ഏതു വിധത്തിൽ തെളിയിക്കുന്നു?
4 വിശ്വാസമർപ്പിക്കാൻ കഴിയുന്ന ഒരു ഉറ്റ സുഹൃത്ത് നിങ്ങൾക്കുണ്ടോ? അത്തരം ഒരു സുഹൃത്ത് നിങ്ങൾക്കുവേണ്ടി കരുതുന്നവനാണ്. അയാൾ വിശ്വസ്തനെന്നു തെളിഞ്ഞിരിക്കുന്നതിനാൽ നിങ്ങൾ അയാളെ വിശ്വസിക്കുന്നു. അയാളുമായി സന്തോഷം പങ്കുവെക്കുമ്പോൾ നിങ്ങളുടെ സന്തോഷം വർധിക്കുന്നു. നിങ്ങളുടെ ദുഃഖങ്ങൾ സഹാനുഭൂതിയോടെ അയാൾ ശ്രദ്ധിച്ചു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിന്റെ ഭാരം കുറയുന്നു. മറ്റാരും നിങ്ങളെ മനസ്സിലാക്കാത്തതായി കാണപ്പെടുമ്പോൾ പോലും അയാൾ നിങ്ങളെ മനസ്സിലാക്കുന്നു. സമാനമായി, നിങ്ങൾ ദൈവത്തോട് അടുക്കുമ്പോൾ, നിങ്ങളെ യഥാർഥമായി വിലമതിക്കുകയും നിങ്ങളെ കുറിച്ചു വളരെയധികം കരുതുകയും നിങ്ങളെ പൂർണമായി മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ആത്മാർഥ സുഹൃത്തിനെ നിങ്ങൾക്കു ലഭിക്കുന്നു. (സങ്കീർത്തനം 103:14; 1 പത്രൊസ് 5:7) ഉള്ളിന്റെ ഉള്ളിലുള്ള കാര്യങ്ങൾ പോലും തുറന്നുപറയാൻ തക്കവണ്ണം നിങ്ങൾ അവനെ വിശ്വസിക്കുന്നു, എന്തുകൊണ്ടെന്നാൽ തന്നോടു വിശ്വസ്തരായവരോട് അവൻ വിശ്വസ്തനാണെന്നു നിങ്ങൾക്കറിയാം. (സങ്കീർത്തനം 18:25, NW) എന്നിരുന്നാലും, ദൈവവുമായി ഒരു ഉറ്റബന്ധം ആസ്വദിക്കാൻ നിങ്ങൾക്കു കഴിയുന്നത് അവൻ ആ പദവി നിങ്ങൾക്കു നൽകിയിരിക്കുന്നതുകൊണ്ടു മാത്രമാണ്.
യഹോവ വഴി തുറന്നിരിക്കുന്നു
5. നമുക്ക് യഹോവയോട് അടുക്കാൻ കഴിയേണ്ടതിന് അവൻ എന്തു ക്രമീകരണം ചെയ്തു?
5 പാപികളായ നമുക്ക് സഹായം ലഭ്യമല്ലെങ്കിൽ ഒരിക്കലും ദൈവത്തോട് അടുക്കാൻ കഴിയുകയില്ല. (സങ്കീർത്തനം 5:4) “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (റോമർ 5:8) അതേ, യേശു ‘അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാൻ’ യഹോവ ക്രമീകരണം ചെയ്തു. (മത്തായി 20:28) ആ മറുവിലയാഗത്തിൽ വിശ്വസിക്കുന്നതു മുഖാന്തരം നമുക്ക് ദൈവത്തോട് അടുത്തു ചെല്ലാൻ സാധിക്കുന്നു. ദൈവം “ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു” നമുക്ക് അവനുമായുള്ള സൗഹൃദത്തിലേക്കു വരാനുള്ള അടിസ്ഥാനം അവൻ ഇട്ടു.—1 യോഹന്നാൻ 4:19.
6, 7. (എ) യഹോവ മറഞ്ഞിരിക്കുന്ന, ദുർജ്ഞേയനായ ഒരു ദൈവമല്ലെന്ന് നാം എങ്ങനെ അറിയുന്നു? (ബി) ഏതു വിധങ്ങളിൽ യഹോവ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു?
6 യഹോവ മറ്റൊരു നടപടി സ്വീകരിച്ചിരിക്കുന്നു. അവൻ തന്നെത്തന്നെ നമുക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഏതു സൗഹൃദത്തിലും, അടുപ്പം അടിസ്ഥാനപ്പെട്ടിരിക്കുന്നത് ഒരു വ്യക്തിയെ യഥാർഥമായി അറിയുന്നതിലും അയാളുടെ ഗുണങ്ങളെയും പ്രവർത്തന രീതികളെയും വിലമതിക്കുന്നതിലുമാണ്. യഹോവ മറഞ്ഞിരിക്കുന്ന, ദുർജ്ഞേയനായ ഒരു ദൈവമായിരുന്നെങ്കിൽ നമുക്ക് ഒരിക്കലും അവനോട് അടുത്തു ചെല്ലാൻ കഴിയുമായിരുന്നില്ല. അതേ, അവൻ നമ്മിൽനിന്ന് ഒരിക്കലും മറഞ്ഞിരിക്കുന്നില്ല. പകരം നാം അവനെ അറിയാൻ അവൻ ആഗ്രഹിക്കുന്നു. (യെശയ്യാവു 45:19) മാത്രവുമല്ല, അവൻ തന്നെക്കുറിച്ചുതന്നെ വെളിപ്പെടുത്തുന്ന കാര്യങ്ങൾ സകലർക്കും, ലോകനിലവാരം അനുസരിച്ചു താഴ്ന്നവരെന്നു ഗണിക്കപ്പെട്ടേക്കാവുന്നവർക്കു പോലും, ലഭ്യമാണ്.—മത്തായി 11:25.
7 യഹോവ നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണ്? യഹോവയുടെ സൃഷ്ടിക്രിയകൾ അവന്റെ വ്യക്തിത്വത്തിന്റെ ചില വശങ്ങൾ—അതിരറ്റ ശക്തി, അഗാധമായ ജ്ഞാനം, സമൃദ്ധമായ സ്നേഹം എന്നിവ—വ്യക്തമാക്കുന്നു. (റോമർ 1:20) എന്നാൽ തന്റെ സൃഷ്ടികളിലൂടെ മാത്രമല്ല യഹോവ തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. വലിയ വിവരദാതാവായ യഹോവ തന്റെ വചനമായ ബൈബിളിൽ തന്നെക്കുറിച്ചുള്ള കാര്യങ്ങൾ ലിഖിതരൂപത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു.
“യഹോവയുടെ പ്രസാദം” ദർശിക്കൽ
8. ബൈബിൾതന്നെ യഹോവയ്ക്കു നമ്മോടുള്ള സ്നേഹത്തിന്റെ തെളിവാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
8 ബൈബിൾതന്നെ യഹോവയ്ക്കു നമ്മോടുള്ള സ്നേഹത്തിന്റെ തെളിവാണ്. തന്റെ വചനത്തിൽ നമുക്കു മനസ്സിലാകുന്ന വാക്കുകളിൽ അവൻ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു—അവൻ നമ്മെ സ്നേഹിക്കുന്നു എന്നതിന്റെ മാത്രമല്ല, നാം അവനെ അറിയാനും സ്നേഹിക്കാനും അവൻ ആഗ്രഹിക്കുന്നു എന്നതിന്റെയും തെളിവാണ് അത്. ഈ അമൂല്യ ഗ്രന്ഥത്തിൽനിന്നു നാം വായിക്കുന്ന വിവരങ്ങൾ “യഹോവയുടെ പ്രസാദം” അഥവാ പ്രസന്നത ദർശിക്കാൻ നമ്മെ പ്രാപ്തരാക്കുകയും അവനോട് അടുത്തു ചെല്ലാനുള്ള ആഗ്രഹം നമ്മിൽ ജനിപ്പിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 90:17) യഹോവ അവന്റെ വചനത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ഹൃദയോഷ്മളമായ വിധങ്ങളിൽ ചിലതു നമുക്കു ചർച്ച ചെയ്യാം.
9. ദൈവത്തിന്റെ ഗുണങ്ങളെ തിരിച്ചറിയിക്കുന്ന ബൈബിളിലെ ചില പ്രസ്താവനകൾ ഏവ?
9 ദൈവത്തിന്റെ ഗുണങ്ങളെ തിരിച്ചറിയിക്കുന്ന നേരിട്ടുള്ള അനേകം പ്രസ്താവനകൾ തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്നു. ചില ഉദാഹരണങ്ങൾ കാണുക. “യഹോവ ന്യായപ്രിയനാകുന്നു.” (സങ്കീർത്തനം 37:28) ദൈവം “ശക്തിയിൽ അത്യുന്നതനാകുന്നു.” (ഇയ്യോബ് 37:23) “ഞാൻ കരുണയുള്ളവൻ . . . എന്നു യഹോവയുടെ അരുളപ്പാട്.” (യിരെമ്യാവു 3:12) ‘അവൻ ജ്ഞാനിയാകുന്നു.’ (ഇയ്യോബ് 9:4) “യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.” (പുറപ്പാടു 34:6) “കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും . . . ആകുന്നു.” (സങ്കീർത്തനം 86:5) മുൻ അധ്യായത്തിൽ പറഞ്ഞതുപോലെ, ഒരു ഗുണം മികച്ചുനിൽക്കുന്നു: “ദൈവം സ്നേഹം തന്നേ.” (1 യോഹന്നാൻ 4:8) ഈ ശ്രേഷ്ഠ ഗുണങ്ങളെ കുറിച്ച് വിചിന്തനം ചെയ്യുന്നത് അതുല്യനായ ഈ ദൈവത്തിലേക്ക് അടുക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നില്ലേ?
യഹോവയോട് അടുത്ത് ചെല്ലാൻ ബൈബിൾ നമ്മെ സഹായിക്കുന്നു
10, 11. (എ) തന്റെ വ്യക്തിത്വത്തെ കൂടുതൽ വ്യക്തമായി കാണാൻ നമ്മെ സഹായിക്കുന്നതിന് യഹോവ തന്റെ വചനത്തിൽ എന്ത് ഉൾപ്പെടുത്തിയിരിക്കുന്നു? (ബി) ദൈവത്തിന്റെ ശക്തി പ്രവർത്തനത്തിലിരിക്കുന്നതു വിഭാവന ചെയ്യാൻ ഏതു ബൈബിൾ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു?
10 തന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നു നമ്മോടു പറയുന്നതിനു പുറമേ, താൻ ഈ ഗുണങ്ങൾ പ്രകടമാക്കിയതിന്റെ സുവ്യക്തമായ ദൃഷ്ടാന്തങ്ങളും യഹോവ തന്റെ വചനത്തിൽ സ്നേഹപൂർവം ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരം വിവരണങ്ങൾ അവന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ ഭാവനയിൽ വ്യക്തമായി കാണാൻ നമ്മെ സഹായിക്കുന്ന ഉജ്ജ്വലമായ ചിത്രങ്ങൾ വരച്ചുകാട്ടുന്നു. അവനോട് അടുത്തു ചെല്ലാൻ അതു നമ്മെ സഹായിക്കുന്നു. ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക.
11 ദൈവം “ശക്തിയുടെ ആധിക്യം” ഉള്ളവനാണെന്നു നാം ബൈബിളിൽ വായിക്കുന്നു. (യെശയ്യാവു 40:26) എന്നാൽ അവൻ ഇസ്രായേലിനെ ചെങ്കടലിലൂടെ എങ്ങനെ വിടുവിച്ചെന്നും പിന്നീട് ആ ജനതയെ മരുഭൂമിയിൽ 40 വർഷം എങ്ങനെ പുലർത്തിയെന്നും വായിക്കുമ്പോൾ യഹോവയെ കുറിച്ചു കൂടുതൽ ഉജ്ജ്വലമായ ഒരു ചിത്രം നമുക്കു ലഭിക്കുന്നു. അലയടിക്കുന്ന വെള്ളങ്ങൾ വേർപിരിയുന്നതു നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയും. ആ ജനത—ഒരുപക്ഷേ മൊത്തം 30,00,000 പേർ—ഉണങ്ങിയ കടൽത്തട്ടിലൂടെ നടന്നുനീങ്ങുന്നതും ജലം സ്ഫടികഭിത്തികൾ പോലെ ഇരുവശങ്ങളിലായി നിലകൊള്ളുന്നതും നിങ്ങൾക്കു ഭാവനയിൽ കാണാനാകും. (പുറപ്പാടു 14:21; 15:8) അതുപോലെ, മരുഭൂമിയിലെ ദൈവിക പരിപാലനത്തിന്റെ തെളിവും നിങ്ങൾക്കു ദർശിക്കാനാകും. പാറയിൽനിന്നു വെള്ളം പ്രവഹിച്ചതും വെളുത്ത ധാന്യത്തിനു സദൃശമായ ആഹാരപദാർഥം നിലത്തു പ്രത്യക്ഷമായതുമെല്ലാം. (പുറപ്പാടു 16:31; സംഖ്യാപുസ്തകം 20:11) തനിക്കു ശക്തി ഉണ്ടെന്നു മാത്രമല്ല, തന്റെ ജനത്തിനുവേണ്ടി താൻ അത് ഉപയോഗിക്കുന്നെന്നും യഹോവ ഇവിടെ വെളിപ്പെടുത്തുന്നു. ‘നമ്മുടെ സങ്കേതവും ബലവും കഷ്ടങ്ങളിൽ ഏററവും അടുത്ത തുണയു’മായിരിക്കുന്ന ശക്തനായ ഒരു ദൈവത്തിങ്കലേക്കാണ് നമ്മുടെ പ്രാർഥനകൾ പോകുന്നത് എന്നറിയുന്നത് ആശ്വാസകരമല്ലേ?—സങ്കീർത്തനം 46:1.
12. നമുക്കു ഗ്രഹിക്കാൻ കഴിയുന്ന ഭാഷ ഉപയോഗിച്ച് തന്നെ “കാണാൻ” യഹോവ നമ്മെ സഹായിക്കുന്നത് എങ്ങനെ?
12 ഒരു ആത്മവ്യക്തിയായ യഹോവ, അവനെ അറിയാൻ നമ്മെ സഹായിക്കുന്നതിന് ഇനിയുമധികം ചെയ്തിട്ടുണ്ട്. മനുഷ്യരെന്ന നിലയിൽ നമുക്ക് ദൃശ്യസംബന്ധമായ പരിമിതികൾ ഉണ്ട്, അതിനാൽ നമുക്ക് ആത്മമണ്ഡലത്തിലെ കാര്യങ്ങൾ കാണാൻ സാധിക്കുകയില്ല. ദൈവം ആത്മമണ്ഡലത്തോടു ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ച് തന്നെത്തന്നെ വർണിക്കുന്നത്, ജന്മനാ അന്ധനായ ഒരാളോട് നിങ്ങളുടെ കണ്ണിന്റെ നിറമോ ത്വക്കിലെ പാടുകളോ പോലെയുള്ള ആകാരത്തിന്റെ വിശദാംശങ്ങൾ വിവരിക്കാൻ ശ്രമിക്കുന്നതുപോലെ ആയിരിക്കും. എന്നാൽ, യഹോവ നമുക്കു മനസ്സിലാകുന്ന പദങ്ങൾ ഉപയോഗിച്ച് അവനെ “കാണാൻ” നമ്മെ ദയാപൂർവം സഹായിക്കുന്നു. ചില സമയങ്ങളിൽ ഉപമകളും രൂപകങ്ങളും ഉപയോഗിച്ചുകൊണ്ട് നമുക്ക് അറിയാവുന്ന വസ്തുക്കളോട് അവൻ തന്നെത്തന്നെ ഉപമിക്കുന്നു. മനുഷ്യരുടേതു പോലുള്ള ചില രൂപലക്ഷണങ്ങൾ ഉള്ളവനായി പോലും അവൻ തന്നെത്തന്നെ വർണിക്കുന്നു. b
13. യെശയ്യാവു 40:11 നിങ്ങളുടെ മനസ്സിൽ എന്തു ചിത്രം വരയ്ക്കുന്നു, അത് നിങ്ങളിൽ എന്തു ഫലം ഉളവാക്കുന്നു?
13 യെശയ്യാവു 40:11-ൽ കാണുന്ന യഹോവയെ കുറിച്ചുള്ള വർണന ശ്രദ്ധിക്കുക: “ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും . . . ചെയ്യും.” ഇവിടെ കുഞ്ഞാടുകളെ “ഭുജത്തിൽ” എടുക്കുന്ന ഒരു ഇടയനോട് യഹോവയെ ഉപമിച്ചിരിക്കുന്നു. തന്റെ ജനത്തെ, കൂടുതൽ ദുർബലരായവരെ പോലും, സംരക്ഷിക്കാനും പിന്തുണയ്ക്കാനുമുള്ള ദൈവത്തിന്റെ പ്രാപ്തിയെ ഇതു സൂചിപ്പിക്കുന്നു. അവന്റെ ശക്തമായ ഭുജങ്ങളിൽ നമുക്ക് സുരക്ഷിതരായിരിക്കാം, നാം അവനോടു വിശ്വസ്തരാണെങ്കിൽ അവൻ നമ്മെ ഒരിക്കലും കൈവിടുകയില്ല. (റോമർ 8:38, 39) വലിയ ഇടയൻ കുഞ്ഞാടുകളെ “മാർവ്വിടത്തിൽ”—ഈ പദം മേലങ്കിയുടെ മടക്കിനെ പരാമർശിക്കുന്നു—വഹിക്കുന്നു. ഒരു ഇടയൻ ചിലപ്പോൾ ഒരാട്ടിൻകുട്ടിയെ ദിവസങ്ങളോളം അതിൽ വഹിക്കുമായിരുന്നു. യഹോവ നമ്മെ വിലമതിക്കുകയും ആർദ്രമായി പരിപാലിക്കുകയും ചെയ്യുന്നുവെന്ന് നമുക്ക് അങ്ങനെ ഉറപ്പു ലഭിച്ചിരിക്കുന്നു. അവനോട് അടുത്തു നിൽക്കാൻ ആഗ്രഹിക്കുന്നതു സ്വാഭാവികം മാത്രമാണ്.
‘പുത്രൻ അവനെ വെളിപ്പെടുത്താൻ ഇച്ഛിക്കുന്നു’
14. യേശുവിലൂടെ യഹോവ തന്നെത്തന്നെ പൂർണമായി വെളിപ്പെടുത്തിയിരിക്കുന്നു എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
14 യഹോവ തന്റെ വചനത്തിൽ തന്നെ ഏറ്റവും അടുത്തറിഞ്ഞ പ്രിയപുത്രനായ യേശുവിലൂടെ തന്നെക്കുറിച്ച് വളരെ വ്യക്തമായി വെളിപ്പെടുത്തുന്നു. യേശുവിനെക്കാൾ മെച്ചമായി, ദൈവത്തിന്റെ ചിന്തയെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാനോ അവനെ കുറിച്ച് കൂടുതൽ വ്യക്തമായ ഒരു ചിത്രം നൽകാനോ ആർക്കും കഴിയില്ല. മറ്റ് ആത്മജീവികളും ഭൗതിക പ്രപഞ്ചവും സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ആ ആദ്യജാതപുത്രൻ പിതാവിനോടൊപ്പം ഉണ്ടായിരുന്നു. (കൊലൊസ്സ്യർ 1:15) യേശുവിന് പിതാവുമായി അടുത്ത സമ്പർക്കം ഉണ്ടായിരുന്നു. അതുകൊണ്ടാണ് യേശുവിന് ഇപ്രകാരം പറയാൻ കഴിഞ്ഞത്: “പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.” (ലൂക്കൊസ് 10:22) ഭൂമിയിൽ ഒരു മനുഷ്യനായിരുന്നപ്പോൾ രണ്ടു പ്രധാനപ്പെട്ട വിധങ്ങളിൽ യേശു തന്റെ പിതാവിനെ വെളിപ്പെടുത്തി.
15, 16. ഏതു രണ്ടു വിധങ്ങളിൽ യേശു തന്റെ പിതാവിനെ വെളിപ്പെടുത്തി?
15 ഒന്നാമതായി, യേശുവിന്റെ പഠിപ്പിക്കലുകൾ അവന്റെ പിതാവിനെ അറിയാൻ നമ്മെ സഹായിക്കുന്നു. നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന വിധത്തിൽ യേശു യഹോവയെ വർണിച്ചു. ദൃഷ്ടാന്തത്തിന്, അനുതാപമുള്ള പാപികളെ തിരികെ സ്വാഗതം ചെയ്യുന്ന കാരുണ്യവാനായ ദൈവത്തെ വിശദീകരിക്കാൻ, തന്റെ ധൂർത്തപുത്രൻ മടങ്ങിവരുന്നതു കണ്ടപ്പോൾ അങ്ങേയറ്റത്തെ മനസ്സലിവോടെ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു വാത്സല്യപൂർവം ചുംബിച്ച ക്ഷമാശീലനായ പിതാവിനോട് യേശു യഹോവയെ ഉപമിച്ചു. (ലൂക്കൊസ് 15:11-24) പരമാർഥഹൃദയരായവരെ വ്യക്തികളെന്ന നിലയിൽ സ്നേഹിക്കുന്നതിനാൽ തന്നിലേക്ക് അവരെ “ആകർഷിക്കുന്ന” ഒരു ദൈവമായും യേശു യഹോവയെ വരച്ചുകാട്ടി. (യോഹന്നാൻ 6:44) ഒരു ചെറിയ കുരികിൽ നിലത്തു വീഴുന്നതുപോലും അവൻ അറിയുന്നു. “ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുളളവരല്ലോ,” യേശു വിശദീകരിച്ചു. (മത്തായി 10:29, 31) അത്ര കരുതലുള്ള ഒരു ദൈവത്തിലേക്കു നാം തീർച്ചയായും ആകർഷിക്കപ്പെടുന്നു.
16 രണ്ടാമതായി, യേശുവിന്റെ മാതൃക യഹോവ ഏതു തരം വ്യക്തിയാണെന്ന് നമുക്കു കാണിച്ചുതരുന്നു. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറയാനാകുംവിധം അത്ര പൂർണമായി യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പ്രതിഫലിപ്പിച്ചു. (യോഹന്നാൻ 14:9) അതുകൊണ്ട് സുവിശേഷങ്ങളിൽ യേശുവിനെ കുറിച്ചു നാം വായിക്കുമ്പോൾ—അവൻ പ്രകടമാക്കിയ വികാരങ്ങളും അവൻ മറ്റുള്ളവരോട് ഇടപെട്ട വിധവും വായിച്ചറിയുമ്പോൾ—നാം ഒരർഥത്തിൽ അവന്റെ പിതാവിന്റെ ഒരു ജീവസ്സുറ്റ ചിത്രം കാണുകയാണ്. തന്റെ ഗുണങ്ങൾ അതിനെക്കാൾ വ്യക്തമായി വെളിപ്പെടുത്താൻ യഹോവയ്ക്കു കഴിയുമായിരുന്നില്ല. എന്തുകൊണ്ട്?
17. താൻ എങ്ങനെയുള്ളവൻ ആണെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന് യഹോവ എന്താണു ചെയ്തിരിക്കുന്നതെന്ന് ഉദാഹരണസഹിതം വിശദമാക്കുക.
17 ഉദാഹരണത്തിന്, നിങ്ങൾ ദയ എന്താണെന്നു വിശദീകരിക്കാൻ ശ്രമിക്കുകയാണ് എന്നിരിക്കട്ടെ. വാക്കുകളാൽ നിങ്ങൾ അതിനെ നിർവചിച്ചേക്കാം. എന്നാൽ ആരെങ്കിലും ഒരു ദയാപ്രവൃത്തി ചെയ്യുന്നതു ചൂണ്ടിക്കാട്ടി “അതാ, അത് ഒരു ദയാപ്രവൃത്തിയാണ്” എന്നു നിങ്ങൾക്കു പറയാൻ കഴിയുമെങ്കിൽ “ദയ”യ്ക്ക് കൂടുതലായ അർഥം കൈവരുന്നു, അതു മനസ്സിലാക്കാൻ എളുപ്പമായിത്തീരുകയും ചെയ്യുന്നു. താൻ എങ്ങനെയുള്ള വ്യക്തിയാണെന്നു ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നതിന് യഹോവ സമാനമായ സംഗതി ചെയ്തിട്ടുണ്ട്. വാക്കുകളാൽ തന്നെത്തന്നെ വർണിക്കുന്നതിനു പുറമേ, തന്റെ പുത്രന്റെ ജീവിക്കുന്ന ദൃഷ്ടാന്തം അവൻ നൽകിയിരിക്കുന്നു. യേശുവിൽ ദൈവത്തിന്റെ ഗുണങ്ങൾ പ്രവർത്തനത്തിലിരിക്കുന്നതു കാണാം. യേശുവിനെ വർണിക്കുന്ന സുവിശേഷ വിവരണങ്ങളിലൂടെ യഹോവ ഫലത്തിൽ “ഞാൻ അങ്ങനെയാണ്” എന്നു പറയുകയാണ്. ഭൂമിയിലായിരുന്നപ്പോഴത്തെ യേശുവിനെ കുറിച്ച് നിശ്വസ്ത രേഖ എന്താണു പറയുന്നത്?
18. ശക്തി, നീതി, ജ്ഞാനം എന്നീ ഗുണങ്ങൾ യേശു പ്രകടമാക്കിയത് എങ്ങനെ?
18 ദൈവത്തിന്റെ നാലു പ്രമുഖ ഗുണവിശേഷങ്ങൾ യേശുവിൽ മനോഹരമായി പ്രകടമായി. അവന് രോഗത്തെയും വിശപ്പിനെയും, മരണത്തെയും പോലും കീഴടക്കാനുള്ള ശക്തി ഉണ്ടായിരുന്നു. എന്നാൽ, തങ്ങളുടെ ശക്തി ദുരുപയോഗിക്കുന്ന സ്വാർഥ മനുഷ്യരെപ്പോലെ സ്വന്തം കാര്യം സാധിക്കുന്നതിനോ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ വേണ്ടി അവൻ ഒരിക്കലും തന്റെ അത്ഭുതശക്തി ഉപയോഗിച്ചില്ല. (മത്തായി 4:2-4) അവൻ നീതിയെ സ്നേഹിച്ചു. വഞ്ചകരായ വ്യാപാരികൾ ജനങ്ങളെ ചൂഷണം ചെയ്യുന്നതു കണ്ടപ്പോൾ അവനു ധാർമികരോഷം തോന്നി. (മത്തായി 21:12, 13) ദരിദ്രരോടും ചവിട്ടിമെതിക്കപ്പെട്ടവരോടും അവൻ മുഖപക്ഷമില്ലാതെ ഇടപെട്ടു, “ആശ്വാസം കണ്ടെത്തു”വാൻ അവൻ അവരെ സഹായിച്ചു. (മത്തായി 11:4, 5, 28-30) “ശലോമോനിലും വലിയവൻ” ആയ യേശുവിന്റെ പഠിപ്പിക്കലുകളിൽ കിടയറ്റ ജ്ഞാനം പ്രകടമായിരുന്നു. (മത്തായി 12:42) എന്നാൽ യേശു ഒരിക്കലും തന്റെ ജ്ഞാനം മറ്റുള്ളവരുടെ മുമ്പാകെ പ്രദർശിപ്പിക്കാൻ ശ്രമിച്ചില്ല. അവന്റെ വചനങ്ങൾ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി, എന്തുകൊണ്ടെന്നാൽ അവന്റെ പഠിപ്പിക്കലുകൾ വ്യക്തവും ലളിതവും പ്രായോഗികവും ആയിരുന്നു.
19, 20. (എ) യേശു സ്നേഹത്തിന്റെ ഒരു മുന്തിയ മാതൃക ആയിരുന്നത് എങ്ങനെ? (ബി) യേശുവിന്റെ മാതൃകയെ കുറിച്ചു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ നാം എന്ത് ഓർത്തിരിക്കണം?
19 യേശു സ്നേഹത്തിന്റെ ഒരു മുന്തിയ ദൃഷ്ടാന്തമായിരുന്നു. തന്റെ ശുശ്രൂഷയിൽ ഉടനീളം സമാനുഭാവവും സഹാനുഭൂതിയും ഉൾപ്പെടെ സ്നേഹത്തിന്റെ വിവിധ വശങ്ങൾ അവൻ പ്രകടമാക്കി. മറ്റുള്ളവരുടെ ദുരിതങ്ങൾ കാണുന്ന ഓരോ സന്ദർഭത്തിലും അവന് അനുകമ്പ തോന്നിയിരുന്നു. വേദനിക്കുന്നവരോടുള്ള ആ പരിഗണന വീണ്ടും വീണ്ടും അവനെ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു. (മത്തായി 14:14) അവൻ രോഗികളെ സൗഖ്യമാക്കുകയും വിശപ്പുള്ളവരെ പോഷിപ്പിക്കുകയും ചെയ്തെങ്കിലും അതിലും മർമപ്രധാനമായ ഒരു വിധത്തിൽ അവൻ സഹതാപം പ്രകടമാക്കി. മനുഷ്യവർഗത്തിനു സ്ഥിരമായ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ദൈവരാജ്യത്തെ കുറിച്ചുള്ള സത്യം അറിയാനും സ്വീകരിക്കാനും അതിനെ സ്നേഹിക്കാനും അവൻ മറ്റുള്ളവരെ സഹായിച്ചു. (മർക്കൊസ് 6:34; ലൂക്കൊസ് ) എല്ലാറ്റിനുമുപരിയായി, മറ്റുള്ളവർക്കുവേണ്ടി തന്റെ മനുഷ്യജീവനെ മനസ്സോടെ അർപ്പിച്ചുകൊണ്ട് യേശു ആത്മത്യാഗപരമായ സ്നേഹം പ്രകടമാക്കി.— 4:43യോഹന്നാൻ 15:13.
20 എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുംപെട്ട ആളുകൾ ഊഷ്മള സ്നേഹവും ആഴമായ വികാരങ്ങളും ഉണ്ടായിരുന്ന ഈ മനുഷ്യനിൽ ആകൃഷ്ടനായതിൽ എന്തെങ്കിലും ആശ്ചര്യമുണ്ടോ? (മർക്കൊസ് 10:13-16) എന്നിരുന്നാലും, യേശുവിന്റെ ജീവിക്കുന്ന ദൃഷ്ടാന്തത്തെ കുറിച്ചു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോഴെല്ലാം അവൻ തന്റെ പിതാവിന്റെ വ്യക്തമായ പ്രതിഫലനമായിരുന്നു എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.—എബ്രായർ 1:3.
നമുക്കായി ഒരു പഠനസഹായി
21, 22. യഹോവയെ അന്വേഷിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു, ഈ ഉദ്യമത്തിൽ നമ്മെ സഹായിക്കുന്ന എന്തു വിവരങ്ങൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു?
21 തന്റെ വചനത്തിൽ ഇത്ര വ്യക്തമായി തന്നെത്തന്നെ വെളിപ്പെടുത്തിയതിലൂടെ നാം യഹോവയോട് അടുക്കാൻ അവൻ ആഗ്രഹിക്കുന്നു എന്ന് അവൻ വ്യക്തമാക്കിയിരിക്കുകയാണ്. എന്നിരുന്നാലും, താനുമായി ഒരു അംഗീകൃത ബന്ധത്തിലേക്കു വരാൻ അവൻ നമ്മെ നിർബന്ധിക്കുന്നില്ല. “യഹോവയെ കണ്ടെത്താകുന്ന സമയത്തു” അവനെ അന്വേഷിക്കുക എന്നതു നമ്മുടെ ഉത്തരവാദിത്വമാണ്. (യെശയ്യാവു 55:6) യഹോവയെ അന്വേഷിക്കുന്നതിൽ, ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന അവന്റെ ഗുണങ്ങളും പ്രവർത്തന രീതികളും അറിയുന്നത് ഉൾപ്പെടുന്നു. നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഈ ഉദ്യമത്തിൽ നിങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ തയ്യാറാക്കിയിരിക്കുന്നതാണ്.
22 യഹോവയുടെ നാലു പ്രമുഖ ഗുണങ്ങളായ ശക്തി, നീതി, ജ്ഞാനം, സ്നേഹം എന്നിവയെ കുറിച്ചു ചർച്ച ചെയ്യുന്ന നാലു ഭാഗങ്ങളായി ഈ പുസ്തകത്തെ വിഭജിച്ചിരിക്കുന്നതു നിങ്ങൾ ശ്രദ്ധിക്കും. ഓരോ ഭാഗവും ആ ഗുണത്തിന്റെ ഒരു സംഗ്രഹത്തോടെ തുടങ്ങുന്നു. അടുത്ത ഏതാനും അധ്യായങ്ങൾ യഹോവ ആ ഗുണത്തിന്റെ വിവിധ വശങ്ങൾ സഹിതം അതു പ്രകടമാക്കുന്നത് എങ്ങനെയെന്നു ചർച്ച ചെയ്യുന്നു. യേശു ആ ഗുണം എങ്ങനെ പ്രതിഫലിപ്പിച്ചു എന്നു കാണിക്കുന്ന ഒരു അധ്യായവും നമുക്ക് നമ്മുടെ ജീവിതത്തിൽ അത് എങ്ങനെ പ്രകടമാക്കാമെന്നു കാണിക്കുന്ന ഒരു അധ്യായവും ഓരോ ഭാഗത്തും അടങ്ങിയിട്ടുണ്ട്.
23, 24. (എ) “ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ” എന്ന പ്രത്യേക ഭാഗത്തെ കുറിച്ചു വിശദീകരിക്കുക. (ബി) ദൈവത്തോടു പൂർവാധികം അടുക്കാൻ ധ്യാനം നമ്മെ സഹായിക്കുന്നത് എങ്ങനെ?
23 ഈ അധ്യായം മുതൽ “ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ” എന്ന ഒരു പ്രത്യേക ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, 24-ാം പേജിലെ ചതുരം കാണുക. തിരുവെഴുത്തുകളും ചോദ്യങ്ങളും അധ്യായത്തിന്റെ ഒരു പുനരവലോകനം നൽകാൻ ഉദ്ദേശിച്ചുള്ളവയല്ല. പകരം, വിഷയത്തിന്റെ മറ്റു സുപ്രധാന വശങ്ങൾ സംബന്ധിച്ചു വിചിന്തനം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ്. ഈ സവിശേഷത നിങ്ങൾക്ക് എങ്ങനെ ഫലകരമായി ഉപയോഗിക്കാൻ കഴിയും? പരാമർശിച്ചിരിക്കുന്ന ഓരോ തിരുവെഴുത്തും എടുത്തു നോക്കുകയും ശ്രദ്ധാപൂർവം വായിക്കുകയും ചെയ്യുക. പിന്നീട് ഓരോ പരാമർശിത തിരുവെഴുത്തിനെയും തുടർന്നു കൊടുത്തിരിക്കുന്ന ചോദ്യം പരിചിന്തിക്കുക. ഉത്തരങ്ങൾ വിചിന്തനം ചെയ്യുക. ആവശ്യമായ ഗവേഷണം നടത്തുക. കൂടാതെ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഈ വിവരങ്ങൾ യഹോവയെ കുറിച്ച് എന്നോട് എന്തു പറയുന്നു? അത് എന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു? മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് അത് എങ്ങനെ ഉപയോഗിക്കാനാകും?’
24 അത്തരം ധ്യാനം യഹോവയോടു പൂർവാധികം അടുക്കാൻ നമ്മെ സഹായിക്കും. എന്തുകൊണ്ട്? ബൈബിൾ ധ്യാനത്തെ ഹൃദയത്തോടു ബന്ധിപ്പിക്കുന്നു. (സങ്കീർത്തനം 19:14) ദൈവത്തെ കുറിച്ചു നാം പഠിക്കുന്ന കാര്യങ്ങൾ വിലമതിപ്പോടെ ധ്യാനിക്കുമ്പോൾ പ്രസ്തുത വിവരങ്ങൾ നമ്മുടെ ആലങ്കാരിക ഹൃദയത്തിലേക്ക് അരിച്ചിറങ്ങുന്നു, അവിടെ അതു നമ്മുടെ ചിന്തയെയും വികാരങ്ങളെയും സ്വാധീനിക്കുകയും ആത്യന്തികമായി നമ്മെ പ്രവർത്തനത്തിനു പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം വർധിക്കുന്നു; ആ സ്നേഹം, നമ്മുടെ ഏറ്റവും പ്രിയ സുഹൃത്തെന്ന നിലയിൽ അവനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം നമ്മിൽ ജനിപ്പിക്കുന്നു. (1 യോഹന്നാൻ 5:3) അത്തരമൊരു ബന്ധത്തിലേക്കു വരുന്നതിന് യഹോവയുടെ ഗുണങ്ങളും പ്രവർത്തന രീതികളും മനസ്സിലാക്കുന്നത് അത്യന്താപേക്ഷിതമാണ്. ആദ്യമായി ദൈവത്തോട് അടുക്കാൻ നമ്മെ ശക്തമായി പ്രേരിപ്പിക്കുന്ന, അവന്റെ വ്യക്തിത്വത്തിന്റെ ഒരു സവിശേഷതയായ പരിശുദ്ധിയെ കുറിച്ചു നമുക്കു ചർച്ച ചെയ്യാം.
a ശ്രദ്ധേയമായി, “സഖിത്വം” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദമാണ് ആമോസ് 3:7-ൽ ഉപയോഗിച്ചിരിക്കുന്നത്. അവിടെ പരമാധികാരിയാം കർത്താവായ യഹോവ, താൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് തന്റെ ദാസന്മാരെ മുന്നമേ അറിയിച്ചുകൊണ്ട് തന്റെ “രഹസ്യം” അവർക്കു വെളിപ്പെടുത്തുന്നതായി പറഞ്ഞിരിക്കുന്നു.
b ദൃഷ്ടാന്തത്തിന്, ബൈബിൾ ദൈവത്തിന്റെ മുഖം, കണ്ണ്, ചെവി, മൂക്ക്, വായ്, ഭുജം, പാദം എന്നിവയെ കുറിച്ചു പറയുന്നു. (സങ്കീർത്തനം 18:15; 27:8; 44:3; യെശയ്യാവു 60:13; മത്തായി 4:4; 1 പത്രൊസ് 3:12) അത്തരം ആലങ്കാരിക പദപ്രയോഗങ്ങൾ, “പാറ,” “പരിച” എന്നിങ്ങനെ യഹോവയെ പരാമർശിക്കുന്ന പദങ്ങളെപ്പോലെതന്നെ അക്ഷരാർഥത്തിൽ എടുക്കേണ്ടവയല്ല.—ആവർത്തനപുസ്തകം 32:4; സങ്കീർത്തനം 84:11.