തെറ്റായ വിവരങ്ങൾ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ
ഇന്ന് വിവരങ്ങൾ വിരൽത്തുമ്പിലാണ്. നമ്മൾ ശ്രദ്ധിക്കേണ്ട, ആരോഗ്യത്തിനു ഗുണം ചെയ്യുന്ന കാര്യങ്ങൾ ഉൾപ്പെടെ പലതും നമുക്ക് അറിയാനാകും. എന്നാൽ ഈ വിവരങ്ങൾക്കായി പരതുമ്പോൾ ചില അപകടങ്ങൾ പതിയിരിപ്പുണ്ട്. അവയിൽ ചിലതാണ്:
തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ
വ്യാജറിപ്പോർട്ടുകൾ
കോവിഡ്-19 മഹാമാരിയുടെ സമയത്ത് മറ്റൊരു പകർച്ചവ്യാധി പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ മുന്നറിയിപ്പു നൽകി. അത് എന്താണ്? അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ: “ആരോഗ്യത്തിനു ദോഷം ചെയ്യുന്ന വിവരങ്ങളും മുറിവൈദ്യന്മാരുടെ പ്രതിവിധികളുമാണ് ഇന്ന് എവിടെയും. ഇനി, ടിവിയിലും റേഡിയോയിലും നിറയെ നുണപ്രചാരണങ്ങൾ. ഇന്റർനെറ്റിലാണെങ്കിൽ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ കുത്തൊഴുക്ക്. എങ്ങും വിദ്വേഷം നുരഞ്ഞുപൊന്തുകയാണ്. വ്യക്തികളെയും കൂട്ടങ്ങളെയും കരിവാരിത്തേക്കാൻ ആർക്കും ഒരു മടിയുമില്ല.”
തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ നമ്മുടെ കാലത്ത് “ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും വഴിതെറ്റിച്ചും വഴിതെറ്റിക്കപ്പെട്ടും കൊണ്ട് അടിക്കടി അധഃപതിക്കും” എന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ് 3:1, 13) ഇനി, ഇന്റർനെറ്റിന്റെ വരവ് അത്തരം വാർത്തകളുടെ പ്രചാരണത്തിന് ആക്കംകൂട്ടി. തെറ്റായ വിവരങ്ങൾ കിട്ടാനും അറിയാതെയാണെങ്കിലും അതു മറ്റുള്ളവരിൽ എത്തിക്കാനും മുമ്പെന്നത്തെക്കാളും എളുപ്പമാണ് ഇന്ന്. അതുകൊണ്ട് നമ്മുടെ ഇമെയിലിലും സോഷ്യൽമീഡിയയിലും അതുപോലെ, ലഭ്യമാകുന്ന വാർത്തകളിലും ഒക്കെ വളച്ചൊടിച്ച വിവരങ്ങളും അർധസത്യങ്ങളും നിറയുകയാണ്.
തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളിലും ഗൂഢാലോചന സിദ്ധാന്തങ്ങളിലും വീണുപോകരുത്. അതിനു നമ്മളെ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നോക്കാം.
കാണുന്നതും കേൾക്കുന്നതും എല്ലാം വിശ്വസിക്കരുത്
ബൈബിൾ പറയുന്നത്: “അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു; എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”—സുഭാഷിതങ്ങൾ 14:15.
ശ്രദ്ധിച്ചില്ലെങ്കിൽ തെറ്റായ കാര്യങ്ങൾപോലും നമ്മൾ പെട്ടെന്നു വിശ്വസിച്ചുപോയേക്കാം. ഉദാഹരണം പറഞ്ഞാൽ, കുറിപ്പോടുകൂടിയ ചിത്രങ്ങളും ചെറിയ വീഡിയോകളും ഒക്കെ ഓൺലൈനിലൂടെ, പ്രത്യേകിച്ച് സോഷ്യൽമീഡിയയിൽ കാട്ടുതീപോലെ പടരുകയാണ്. പലപ്പോഴും തമാശക്കുവേണ്ടി ചെയ്യുന്ന അത്തരം കാര്യങ്ങളെ പൊതുവെ മീമുകൾ എന്നാണു വിളിക്കുന്നത്. എന്നാൽ ഒരു കാര്യം ഓർക്കണം, ചിത്രങ്ങളിലും വീഡിയോകളിലും എന്തു മാറ്റം വേണമെങ്കിലും വരുത്താം. അതുപോലെ തലയും വാലും ഇല്ലാതെ എവിടെനിന്നെങ്കിലും എടുത്ത് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുമ്പോൾ അതിന്റെ അർഥംതന്നെ മാറിപ്പോയെന്നുവരാം. ഇനി, ആളുകൾ പറയുകയോ ചെയ്യുകയോ ചെയ്യാത്ത കാര്യങ്ങൾപോലും അവർ ചെയ്യുന്നതായി കാണിക്കുന്ന വീഡിയോകൾ ഉണ്ടാക്കിയെടുക്കാനാകും.
“ഇതെക്കുറിച്ച് ഗവേഷണം ചെയ്യുന്നവർ സോഷ്യൽമീഡിയയിൽ കണ്ടെത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളിൽ അധികവും, സന്ദർഭവും സാഹചര്യവും പറയാതെയുള്ള ചിത്രങ്ങളും വീഡിയോകളും ആണ്. മീമുകൾ അതിന് ഉദാഹരണമാണ്.”—അക്സിയോസ് മീഡിയ.
ഇങ്ങനെ ചിന്തിച്ചുനോക്കണം: ‘ഇതു ശരിക്കുമുള്ള ഒരു വാർത്തയാണോ അതോ വെറുമൊരു മീമാണോ?’
ഉറവിടവും ഉള്ളടക്കവും പരിശോധിക്കണം
ബൈബിൾ പറയുന്നത്: ‘എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുക.’—1 തെസ്സലോനിക്യർ 5:21.
ചിലത് വൈറലായ വാർത്തകളായിരിക്കാം. ഇനി ചിലത് പിന്നെയും പിന്നെയും കേട്ടെന്നുവരാം. അങ്ങനെയുള്ള വാർത്തകൾപോലും വിശ്വസിക്കുകയോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയോ ചെയ്യുന്നതിനു മുമ്പ് അത് ശരിയാണോ എന്ന് നമ്മൾ ഉറപ്പുവരുത്തണം. പക്ഷേ എങ്ങനെ?
അതിന്റെ ഉറവിടം വിശ്വസിക്കാൻ പറ്റുന്നതാണോ എന്ന് നോക്കുക. മിക്കപ്പോഴും വാർത്താമാധ്യമങ്ങളും മറ്റു സംഘടനകളും ഒക്കെ വാർത്തകൾ അവതരിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയ ചായ്വുകളും മറ്റു താത്പര്യങ്ങളും നോക്കിയായിരിക്കും. അതുകൊണ്ട് ഒരു വാർത്താമാധ്യമത്തിൽ കാണുന്നത് മറ്റുള്ളവയുമായി താരതമ്യം ചെയ്തു നോക്കുന്നതു നല്ലതാണ്. ഇനി, ചിലപ്പോൾ നമ്മുടെ കൂട്ടുകാർപോലും അറിയാതെ തെറ്റായ വിവരങ്ങൾ മെയിലിലൂടെയോ സോഷ്യൽമീഡിയയിലൂടെയോ നമുക്ക് അയച്ചേക്കാം. അതുകൊണ്ട് ഒരു വാർത്തയുടെ യഥാർഥ ഉറവിടം അറിയില്ലെങ്കിൽ അതു വിശ്വസിക്കാതിരിക്കുന്നതാണ് ബുദ്ധി.
വിവരങ്ങളുടെ ഉള്ളടക്കം ഏറ്റവും പുതിയതും കൃത്യതയുള്ളതും ആണെന്ന് ഉറപ്പുവരുത്തുക. കൊടുത്തിരിക്കുന്ന തീയതി ഏതാണ്, ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നേരാണെന്നു തെളിയിക്കുന്ന വസ്തുതകളും ശക്തമായ തെളിവുകളും ഉണ്ടോ എന്നൊക്കെ ചിന്തിക്കുക. ഇനി, സങ്കീർണമായൊരു കാര്യം തീരെ ലളിതമായി പറയുന്നെങ്കിലോ? അല്ലെങ്കിൽ നിങ്ങളിൽ ഒരു പ്രത്യേക വികാരമുണ്ടാക്കുക എന്ന ലക്ഷ്യമാണ് അതിനുള്ളത് എന്നു തോന്നുന്നെങ്കിലോ? അത്തരം വിവരങ്ങൾ വിശ്വസിക്കുന്നതിനു മുമ്പ് നല്ലവണ്ണം ചിന്തിക്കണം.
“ഇന്ന് വിവരങ്ങൾ എത്രത്തോളം ശരിയാണെന്ന് വിലയിരുത്തുന്നത്, കൈ കഴുകുന്നതുപോലെതന്നെ പ്രധാനമായിക്കൊണ്ടിരിക്കുകയാണ്.”—ശ്രീധർ ധർമപുരി, യു.എൻ. ഭക്ഷ്യസുരക്ഷയും പോഷണവും വിഭാഗത്തിലെ സീനിയർ ഓഫീസർ.
ഇങ്ങനെ ചിന്തിച്ചുനോക്കണം: ‘ഈ വാർത്താറിപ്പോർട്ട് ശരിക്കും വസ്തുതയാണോ അതോ ആരുടെയെങ്കിലും ഒരു അഭിപ്രായത്തെ വസ്തുതയായി അവതരിപ്പിച്ചിരിക്കുന്നതാണോ? അല്ലെങ്കിൽ സംഭവത്തിന്റെ ഒരു വശം മാത്രമാണോ അതു പറയുന്നത്?’
നമ്മുടെ താത്പര്യമല്ല, വസ്തുതകളാണ് നോക്കേണ്ടത്
ബൈബിൾ പറയുന്നത്: “സ്വന്തഹൃദയത്തെ ആശ്രയിക്കുന്നവർ വിഡ്ഢികൾ.”—സുഭാഷിതങ്ങൾ 28:26.
നമ്മൾ നടന്നുകാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യം വാർത്തയിൽ കണ്ടാൽ അതു നമുക്കു പെട്ടെന്നു വിശ്വസിക്കാൻ തോന്നും. ഇനി ഇന്റർനെറ്റ് കമ്പനികളും സോഷ്യൽമീഡിയകളും, നമ്മൾ മുമ്പ് സെർച്ച് ചെയ്ത കാര്യങ്ങളും നമ്മുടെ താത്പര്യങ്ങളും ഒക്കെ നോക്കിയാണ് നമ്മുടെ മുമ്പിലേക്ക് വാർത്തകളും വിവരങ്ങളും ഇട്ടുതരുന്നത്. പക്ഷേ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യം കേട്ടു എന്നതുകൊണ്ടുമാത്രം അതു സത്യമാകണമെന്നില്ല.
“കാര്യങ്ങൾ നന്നായി ചിന്തിക്കാനും വിവേചിക്കാനും ഒക്കെ മനുഷ്യന് കഴിവുണ്ട്. പക്ഷേ നമ്മുടെ ഉള്ളിൽ ആഗ്രഹങ്ങളും പ്രതീക്ഷയും പേടിയും നമ്മളെ പ്രചോദിപ്പിക്കുന്ന കാര്യങ്ങളും ഉണ്ടല്ലോ? അതുകൊണ്ടുതന്നെ ആഗ്രഹിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അതു കണ്ണുമടച്ച് വിശ്വസിക്കാൻ നമ്മുടെ മനസ്സ് നമ്മളോടു പറയും.”—പീറ്റർ ഡിറ്റോ, സോഷ്യൽ സൈക്കോളജിസ്റ്റ്.
ഇങ്ങനെ ചിന്തിച്ചുനോക്കണം: ‘ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമായതുകൊണ്ടു മാത്രമാണോ ഞാൻ ഇതു വിശ്വസിക്കുന്നത്?’
തെറ്റായ വിവരങ്ങൾ പടരുന്നത് തടയാം
ബൈബിൾ പറയുന്നത്: “സത്യമല്ലാത്ത വാർത്ത പ്രചരിപ്പിക്കരുത്.”—പുറപ്പാട് 23:1.
നിങ്ങൾ അയച്ചുകൊടുക്കുന്ന വിവരങ്ങൾ മറ്റൊരാളുടെ ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിക്കും എന്നോർക്കുക. നിങ്ങൾ തെറ്റായ വിവരങ്ങൾ അയയ്ക്കുന്നത് അറിയാതെയാണെങ്കിൽപ്പോലും അതു ദോഷം ചെയ്യും.
“ഒരു കാര്യം അയച്ചുകൊടുക്കുന്നതിനു മുമ്പ് ഒരു മിനിട്ട് ഇങ്ങനെയൊന്ന് ആലോചിക്കുന്നതു പ്രധാനമാണ്, ‘ഞാൻ അയയ്ക്കാൻ പോകുന്ന ഈ കാര്യം ശരിയാണെന്ന് എനിക്ക് ഉറപ്പുണ്ടോ?’ എല്ലാവരും ഇങ്ങനെ ചെയ്താൽ ഓൺലൈനിൽ തെറ്റായ വിവരങ്ങൾ വരുന്നത് കാര്യമായി കുറയ്ക്കാനാകും.”—പീറ്റർ ആഡംസ്, ന്യൂസ് ലിറ്റെറസി പ്രോജക്ടിന്റെ സീനിയർ വൈസ് പ്രസിഡന്റ്.
ഇങ്ങനെ ചിന്തിച്ചുനോക്കണം: ‘സത്യമാണെന്ന് ഉറപ്പുള്ളതുകൊണ്ടാണോ ഞാൻ ഇതു ഷെയർ ചെയ്യുന്നത്?’