ആരുടെ കരവിരുത്?
താഴെ വീണാലും കേടുപറ്റാത്ത ബബ്ലൂസ് നാരങ്ങ
മധുരവും പുളിപ്പും ഉള്ള നാരങ്ങാവർഗത്തിലുള്ള ഒരു പഴമാണു നമ്മൾ കമ്പിളിനാരങ്ങ എന്നു വിളിക്കുന്ന ബബ്ലൂസ് നാരങ്ങ. 10 മീറ്റർ ഉയരത്തിൽനിന്ന് വീണാലും അതിനു കേടൊന്നും പറ്റാറില്ല. എന്താണ് അതിനു പിന്നിലെ രഹസ്യം?
സവിശേഷത: കമ്പിളിനാരങ്ങയുടെ തൊലിയുടെ അകത്തായി വെള്ളനിറത്തിലുള്ള ഒരു പാളിയുണ്ട്. അതു കോശങ്ങളും വിടവുകളും നിറഞ്ഞ സ്പോഞ്ചുപോലെയുള്ള ഒരു ആവരണമാണ്. ഉള്ളിലേക്കു പോകുംതോറും ഈ കോശങ്ങൾ തമ്മിലുള്ള അകലം കൂടുന്നു. ആ വിടവുകൾക്കിടയിൽ വായുവോ വെള്ളമോ നിറഞ്ഞിരിക്കും. പഴം നിലത്ത് വീഴുമ്പോൾ ഈ വെള്ളം ഒരു കുഷ്യൻപോലെ പ്രവർത്തിക്കും. അപ്പോൾ നാരങ്ങയുടെ തൊലി ചുരുങ്ങി കട്ടിയാകുന്നു. അതുകൊണ്ട് പഴത്തിന്റെ ഉള്ളിലേക്കു ക്ഷതമേൽക്കുന്നില്ല, അതു പൊട്ടിപ്പോകുന്നില്ല.
കമ്പിളിനാരങ്ങയുടെ തൊലിയുടെ ഘടന അനുകരിച്ച് ലോഹംകൊണ്ടുള്ള, ക്ഷതമേൽക്കാത്ത ഒരുതരം ‘കുഷ്യൻ’ നിർമിക്കാനുള്ള ശ്രമത്തിലാണു ശാസ്ത്രജ്ഞന്മാർ. അത് ഉപയോഗിച്ച് ഹെൽമെറ്റുകൾ, വാഹനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള ഉപകരണങ്ങൾ എന്നിവ ഉണ്ടാക്കാനും ബഹിരാകാശനിലയത്തെ ഉൽക്കകളിൽനിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് അവർ വിശ്വസിക്കുന്നു.
നിങ്ങൾക്ക് എന്ത് തോന്നുന്നു? കമ്പിളിനാരങ്ങയുടെ തൊലി പരിണമിച്ചുവന്നതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?