വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

സുഭാ​ഷി​തങ്ങൾ 17:17—“സ്‌നേ​ഹി​തൻ എല്ലാകാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു”

സുഭാ​ഷി​തങ്ങൾ 17:17—“സ്‌നേ​ഹി​തൻ എല്ലാകാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു”

“യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17, പുതിയ ലോക ഭാഷാ​ന്തരം.

“സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; അനർത്ഥ​കാ​ലത്തു അവൻ സഹോ​ദ​ര​നാ​യ്‌തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17, സത്യ​വേ​ദ​പു​സ്‌തകം.

സുഭാ​ഷി​തങ്ങൾ 17:17-ന്റെ അർഥം

 യഥാർഥ​സു​ഹൃ​ത്തു​ക്കൾ വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്ന​വ​രും ആശ്രയ​യോ​ഗ്യ​രും ആയിരി​ക്കും. നല്ല അടുപ്പ​മുള്ള കൂടപ്പി​റ​പ്പു​ക​ളെ​പ്പോ​ലെ അവർ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ക​യും പരസ്‌പരം കരുതു​ക​യും ചെയ്യും, പ്രത്യേ​കി​ച്ചും ബുദ്ധി​മു​ട്ടുള്ള സമയത്ത്‌.

 “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു.” “സുഹൃ​ത്തു​ക്കൾ എല്ലായ്‌പോ​ഴും സ്‌നേഹം പ്രകടി​പ്പി​ക്കു​ന്നു” എന്നും ഇതിനെ പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. “സ്‌നേഹം” എന്ന എബ്രാ​യ​പ​ദ​ത്തിൽ ഒരു വ്യക്തി​യോട്‌ തോന്നുന്ന വികാ​ര​ത്തെ​ക്കാൾ കൂടുതൽ ഉൾപ്പെ​ടു​ന്നു. അത്‌ പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്കുന്ന നിസ്വാർഥ​സ്‌നേ​ഹ​വു​മാണ്‌. (1 കൊരി​ന്ത്യർ 13:4-7) അത്തരം സ്‌നേ​ഹ​മുള്ള സുഹൃ​ത്തു​ക്കൾക്കി​ട​യിൽ തെറ്റി​ദ്ധാ​ര​ണ​യോ മറ്റു പ്രശ്‌ന​ങ്ങ​ളോ ഒക്കെ ഉണ്ടായാ​ലും അവർ ഒന്നിച്ചു​നിൽക്കും. പരസ്‌പരം ക്ഷമിക്കാ​നും അവർ തയ്യാറാ​യി​രി​ക്കും. (സുഭാ​ഷി​തങ്ങൾ 10:12) മറ്റേ വ്യക്തിക്ക്‌ എന്തെങ്കി​ലും നേട്ടങ്ങ​ളു​ണ്ടാ​കു​മ്പോൾ ഒരു നല്ല സുഹൃത്ത്‌ ഒരിക്ക​ലും അസൂയ​പ്പെ​ടില്ല, പകരം അദ്ദേഹ​ത്തോ​ടൊ​പ്പം സന്തോ​ഷി​ക്കും.—റോമർ 12:15.

 “കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.” കൂടപ്പി​റ​പ്പു​കൾക്കി​ട​യിൽ നല്ല അടുപ്പ​മു​ണ്ടാ​യി​രി​ക്കും എന്ന ആശയം മനസ്സിൽപ്പി​ടി​ച്ചു​കൊ​ണ്ടാണ്‌ ഈ സുഭാ​ഷി​തം എഴുതി​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നമ്മുടെ ഒരു സുഹൃത്ത്‌ ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ നമ്മളെ​ക്കൊണ്ട്‌ ആകുന്ന വിധം സഹായി​ക്കു​ക​യാ​ണെ​ങ്കിൽ നമ്മളൊ​രു കൂടപ്പി​റ​പ്പി​നെ​പ്പോ​ലെ ഇടപെ​ടു​ക​യാ​യി​രി​ക്കും. പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ ആ ബന്ധം കുറഞ്ഞു​പോ​കില്ല. ആ സമയത്ത്‌ അവർ കൂടുതൽ സ്‌നേ​ഹ​വും ബഹുമാ​ന​വും കാണി​ക്കു​ന്ന​തു​കൊണ്ട്‌ ആ സൗഹൃദം ശക്തമാ​കു​ക​യാണ്‌ ചെയ്യു​ന്നത്‌.

സുഭാ​ഷി​തങ്ങൾ 17:17-ന്റെ സന്ദർഭം

 സുഭാ​ഷി​ത​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിൽ വായന​ക്കാ​രനെ ചിന്തി​പ്പി​ക്കുന്ന രീതി​യി​ലുള്ള ലളിത​വും താത്‌പ​ര്യം ജനിപ്പി​ക്കു​ന്ന​തും ആയ ജ്ഞാനങ്ങ​ളാണ്‌ അടങ്ങി​യി​രി​ക്കു​ന്നത്‌. ബൈബി​ളി​ലെ ഈ പുസ്‌ത​ക​ത്തി​ന്റെ കൂടുതൽ ഭാഗവും എഴുതി​യത്‌ ശലോ​മോൻ രാജാ​വാണ്‌. അദ്ദേഹം എബ്രായ കവിത​ക​ളി​ലെ ഒരു പ്രത്യേ​ക​ശൈലി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. പ്രാസം ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം വരിയു​ടെ ആദ്യഭാ​ഗ​ത്തി​ന്റെ സമാനാ​ശ​യ​മോ വിപരീ​താ​ശ​യ​മോ രണ്ടാമത്തെ ഭാഗത്ത്‌ വരുന്ന രീതി​യി​ലാണ്‌ അദ്ദേഹം എഴുതി​യി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, സുഭാ​ഷി​തങ്ങൾ 17:17-ൽ സമാനാ​ശയം കൊണ്ടു​വ​രുന്ന ശൈലി​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതായത്‌, വരിയു​ടെ രണ്ടാം ഭാഗം ആദ്യഭാ​ഗ​ത്തി​ന്റെ വിശദീ​ക​രണം കൊടു​ക്കും. വിപരീ​താ​ശ​യ​ത്തി​ന്റെ ഒരു ഉദാഹ​ര​ണ​മാണ്‌ സുഭാ​ഷി​തങ്ങൾ 18:24. “പരസ്‌പരം നശിപ്പി​ക്കാൻ തക്കം​നോ​ക്കി​യി​രി​ക്കുന്ന സുഹൃ​ത്തു​ക്ക​ളുണ്ട്‌; എന്നാൽ കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറുള്ള കൂട്ടു​കാ​രു​മുണ്ട്‌.”

 സുഭാ​ഷി​ത​ങ്ങൾ 17:17 എഴുതി​യ​പ്പോൾ ശലോ​മോ​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ തന്റെ പിതാ​വായ ദാവീ​ദും ശൗൽ രാജാ​വി​ന്റെ മകനായ യോനാ​ഥാ​നും തമ്മിലുള്ള സുഹൃ​ദ്‌ബ​ന്ധ​മാ​യി​രി​ക്കണം. (സുഭാ​ഷി​തങ്ങൾ 17:17; 1 ശമുവേൽ 13:16; 18:1; 19:1-3; 20:30-34, 41, 42; 23:16-18) അവർ സഹോ​ദ​ര​ങ്ങ​ള​ല്ലാ​യി​രു​ന്നെ​ങ്കി​ലും കൂടപ്പി​റ​പ്പു​ക​ളെ​ക്കാൾ ശക്തമായ ബന്ധം അവർക്കി​ട​യിൽ ഉണ്ടായി​രു​ന്നു. ചെറു​പ്രാ​യ​ത്തി​ലുള്ള തന്റെ സുഹൃ​ത്തി​നു​വേണ്ടി യോനാ​ഥാൻ സ്വന്തം ജീവൻപോ​ലും പണയ​പ്പെ​ടു​ത്തി. a

സുഭാ​ഷി​തങ്ങൾ 17:17-ന്റെ മറ്റു പരിഭാ​ഷ​കൾ

 “സ്‌നേഹിതൻ എല്ലായ്‌പോ​ഴും സ്‌നേ​ഹി​ക്കു​ന്നു, അനർഥ​കാ​ലത്ത്‌ അവൻ നിനക്കു സഹോ​ദ​ര​നാ​യി​രി​ക്കും.”—സത്യ​വേ​ദ​പു​സ്‌തകം, ആധുനി​ക​വി​വർത്തനം.

 “സ്‌നേ​ഹി​തൻ എക്കാല​ത്തും സ്‌നേ​ഹി​ക്കു​ന്നു, അങ്ങനെ അനർഥ​ങ്ങ​ളിൽ പങ്കാളി​യാ​കാൻ സഹോ​ദരൻ ഉണ്ടാകു​ന്നു.”—ഓശാന ബൈബിൾ.

 “സ്‌നേ​ഹി​തൻ എല്ലാക്കാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു; അനർത്ഥ​കാ​ലത്ത്‌ അവൻ സഹോ​ദ​ര​നാ​യി​ത്തീ​രു​ന്നു.”—ദാനീ​യേൽ ദ്വിഭാ​ഷാ പഠന​ബൈ​ബിൾ.

 സുഭാ​ഷി​ത​ങ്ങൾ എന്ന പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

aഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി” എന്ന ലേഖനം കാണുക.