അവരുടെ വിശ്വാസം അനുകരിക്കുക |ഇയ്യോബ്
“ദൈവത്തോടുള്ള നിഷ്കളങ്കത ഞാൻ ഉപേക്ഷിക്കില്ല!”
അദ്ദേഹം നിലത്തിരിക്കുകയാണ്. വേദനകൊണ്ട് പുളയുന്നു. ശരീരം മുഴുവൻ, തലമുതൽ ഉള്ളങ്കാൽവരെ, നിറയെ വ്രണങ്ങളാണ്. തനിക്കു ചുറ്റിലും പറക്കുന്ന പ്രാണികളെ ആട്ടിപ്പായ്ക്കാൻപോലും ത്രാണിയില്ലാതെ തലകുനിച്ച്, തൂങ്ങിയ തോളുമായി ഒറ്റയ്ക്കിരിക്കുന്ന അദ്ദേഹത്തെ നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? ചാരത്തിലിരുന്ന് വിലപിക്കുകയാണ് ആ പാവം. അതിനിടെ ഒരു മൺപാത്രത്തിന്റെ കഷണം എടുത്ത് ശരീരം ചൊറിയുകയും ചെയ്യുന്നുണ്ട്. ഒരിക്കൽ അദ്ദേഹം വളരെ പ്രശസ്തനായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം നഷ്ടപ്പെട്ടു. അദ്ദേഹത്തെ വളരെ ബഹുമാനത്തോടെ കണ്ടിരുന്ന ആളുകൾ ഇപ്പോൾ വെറുപ്പോടെയാണു കാണുന്നത്. കൂട്ടുകാർ, അയൽക്കാർ, ബന്ധുക്കൾ എല്ലാവരും ഉപേക്ഷിച്ചമട്ടാണ്. കുട്ടികൾപോലും അദ്ദേഹത്തെ കളിയാക്കാൻ തുടങ്ങിയിരിക്കുന്നു. തന്റെ ദൈവമായ യഹോവ തനിക്ക് എതിരെ തിരിഞ്ഞെന്നാണ് അദ്ദേഹം വിചാരിച്ചിരിക്കുന്നത്. എന്നാൽ അക്കാര്യത്തിൽ അദ്ദേഹത്തിനു തെറ്റി.—ഇയ്യോബ് 2:8; 19:18, 22.
ഇദ്ദേഹത്തിന്റെ പേരാണ് ഇയ്യോബ്. ദൈവം ഇയ്യോബിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല.” (ഇയ്യോബ് 1:8) നൂറ്റാണ്ടുകൾ കഴിഞ്ഞും യഹോവ ഇയ്യോബിനെ നീതിനിഷ്ഠരിൽ മികച്ച മാതൃകയായിട്ടാണു കണ്ടത്. —യഹസ്കേൽ 14:14, 20.
നിങ്ങൾക്ക് ഇപ്പോൾ ബുദ്ധിമുട്ടും കഷ്ടപ്പാടും നിറഞ്ഞ സാഹചര്യമാണോ? ഇയ്യോബിന്റെ കഥ നിങ്ങൾക്കു വലിയ ആശ്വാസം തരും. ദൈവത്തിന്റെ എല്ലാ വിശ്വസ്തദാസർക്കും ഉണ്ടായിരിക്കേണ്ട ഒരു ഗുണത്തെക്കുറിച്ച് കൂടുതൽ അറിവ് പകർന്നുതരാൻ ഈ കഥയ്ക്കു കഴിയും. ഈ ഗുണമാണു നിഷ്കളങ്കത. ദൈവത്തോടു സമ്പൂർണ്ണഭക്തി കാണിക്കുന്ന ആളുകൾ, എത്ര പ്രയാസം നിറഞ്ഞ സാഹചര്യങ്ങളിലും ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ തുടർന്നുകൊണ്ട് ദൈവത്തോടുള്ള നിഷ്കളങ്കത അഥവാ ധർമനിഷ്ഠ കാണിക്കും. ഇയ്യോബിൽനിന്ന് നമുക്കു കുറച്ച് കാര്യങ്ങൾ പഠിക്കാം.
ഇയ്യോബിന് അറിയാൻ കഴിയാഞ്ഞത്
ഇയ്യോബ് മരിച്ച് കുറച്ച് നാളുകൾക്കു ശേഷമാണു വിശ്വസ്ത ദൈവദാസനായ മോശ, ഇയ്യോബിന്റെ ജീവിതകഥയെക്കുറിച്ച് എഴുതിയത്. ദൈവപ്രചോദനത്താൽ, ഇയ്യോബിനു സംഭവിച്ച കാര്യങ്ങൾ രേഖപ്പെടുത്താൻ മാത്രമല്ല, സ്വർഗത്തിൽ സംഭവിച്ച ചില കാര്യങ്ങൾകൂടി രേഖപ്പെടുത്താൻ മോശയ്ക്കു കഴിഞ്ഞു.
ഈ ബൈബിൾവിവരണത്തിന്റെ തുടക്കത്തിൽ, സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം നയിക്കുന്ന ഇയ്യോബിനെയാണു നമ്മൾ കാണുന്നത്. ഊസ് ദേശത്ത്, സാധ്യതയനുസരിച്ച് വടക്കേഅറേബ്യയിൽ, ആണ് ഇയ്യോബ് താമസിച്ചിരുന്നത്. ധനികനും പ്രശസ്തനും ബഹുമാന്യനും ആയിരുന്നു ഇയ്യോബ്. വളരെ ഉദാരമതിയും പാവങ്ങളെ സഹായിക്കുകയും ചെയ്തിരുന്ന ഒരു നല്ല മനുഷ്യൻ. പത്തു മക്കളെ നൽകിക്കൊണ്ട് ദൈവം ഇയ്യോബിനെയും ഭാര്യയെയും അനുഗ്രഹിച്ചു. ഏറ്റവും പ്രധാനമായി, ഇയ്യോബിനു ദൈവവുമായി ശക്തമായ ഒരു ബന്ധമുണ്ടായിരുന്നു. തന്റെ അകന്ന ബന്ധുക്കളായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, യോസേഫ് എന്നിവരെപ്പോലെ ഇയ്യോബും യഹോവയെ സന്തോഷിപ്പിക്കാൻ കഠിനശ്രമം ചെയ്തു. ആ ഗോത്രപിതാക്കാന്മാരെപ്പോലെ ഇയ്യോബും തന്റെ കുടുംബത്തിന്റെ പുരോഹിതനായി പ്രവർത്തിച്ചു, തന്റെ മക്കൾക്കുവേണ്ടി ക്രമമായി ബലികൾ അർപ്പിച്ചു.—ഇയ്യോബ് 1:1-5; 31:16-22.
എന്നാൽ പെട്ടെന്നാണ് ഇയ്യോബിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. സ്വർഗത്തിൽ നടന്ന ചില കാര്യങ്ങൾ അന്ന് ഇയ്യോബിന് അറിയാൻ കഴിയാതെപോയി. പക്ഷേ അതിലെ ചില കാര്യങ്ങൾ നമുക്ക് ഇന്ന് അറിയാം. വിശ്വസ്തരായ ദൂതന്മാരെല്ലാം ഒരിക്കൽ യഹോവയുടെ മുമ്പാകെ കൂടിവന്നു. എതിരാളിയായ സാത്താൻ എന്ന ദൂതനും അവിടെ എത്തി. നീതിമാനായ ഇയ്യോബിനെ സാത്താന് ഇഷ്ടമല്ലെന്ന് യഹോവ മനസ്സിലാക്കി. അതുകൊണ്ട് ഇയ്യോബിന്റെ തികഞ്ഞ നിഷ്കളങ്കതയെക്കുറിച്ച് യഹോവ സാത്താനോടു സംസാരിക്കുന്നു. ഉടനെ സാത്താൻ ധിക്കാരത്തോടെ പറഞ്ഞു: “വെറുതേയാണോ ഇയ്യോബ് ദൈവത്തോട് ഇത്ര ഭയഭക്തി കാട്ടുന്നത്? അവനും അവന്റെ വീടിനും അവനുള്ള എല്ലാത്തിനും ചുറ്റും അങ്ങ് ഒരു വേലി കെട്ടിയിരിക്കുകയല്ലേ?” നിഷ്കളങ്കത അല്ലെങ്കിൽ ധർമനിഷ്ഠ കാണിക്കുന്നവരെ സാത്താൻ വെറുക്കുന്നു. കാരണം ദൈവമായ യഹോവയോടു സമ്പൂർണ്ണഭക്തി കാണിക്കുന്നവർ സാത്താൻ സ്നേഹശൂന്യനായ ഒരു ചതിയനാണെന്നു തെളിയിക്കുകയാണ്. അതുകൊണ്ട് സാത്താൻ ഇയ്യോബിന്റെ മേൽ കള്ളക്കുറ്റം ചുമത്തുന്നു. സ്വാർഥകാരണങ്ങൾകൊണ്ടാണ് ഇയ്യോബ് ദൈവത്തെ സേവിക്കുന്നതെന്നു സാത്താൻ ആരോപിക്കുന്നു. തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടാൽ ഇയ്യോബ് യഹോവയെ മുഖത്ത് നോക്കി ശപിക്കുമെന്നാണു സാത്താന്റെ വാദം.—ഇയ്യോബ് 1:6-11.
പക്ഷേ, ഇയ്യോബ് ഇതൊന്നും അറിയുന്നില്ല. സാത്താൻ ഒരു നുണയനാണെന്ന കാര്യം തെളിയിക്കാനുള്ള വലിയൊരു അവസരം യഹോവ ഇപ്പോൾ ഇയ്യോബിനു കൊടുക്കുന്നു. ഇയ്യോബിനുള്ളതെല്ലാം കവർന്നെടുക്കാൻ സാത്താന് അനുവാദം ലഭിച്ചെങ്കിലും ഇയ്യോബിനെ മാത്രം ഒന്നും ചെയ്യാൻപാടില്ലായിരുന്നു. അങ്ങനെ സാത്താൻ ഇയ്യോബിനെ വേദനിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ജോലി തുടങ്ങി. വെറും ഒറ്റ ദിവസംകൊണ്ട് ദുരന്തങ്ങളുടെ ഒരു പേമാരിതന്നെ ഇയ്യോബിന്റെ മേൽ പെയ്തിറങ്ങി. ആദ്യം തന്റെ മൃഗസമ്പത്തുകളെല്ലാം, കാളകളും കഴുതകളും ആടുകളും ഒട്ടകങ്ങളും എല്ലാം, നഷ്ടമായി. പിന്നെ അവയെ മേയ്ച്ചുകൊണ്ടിരുന്ന ദാസന്മാരും കൊല്ലപ്പെട്ടു. ഒരു കൂട്ടം നശിപ്പിക്കപ്പെട്ടതു “ദൈവത്തിൽനിന്നുള്ള തീ” ഇറങ്ങിയാണെന്നാണു വിവരം കിട്ടിയത്. സാധ്യതയനുസരിച്ച് ഇടിമിന്നലായിരിക്കും. തന്റെ ദാസന്മാരുടെ ജീവൻ പോയതിനെക്കുറിച്ചും താൻ ഇനി അനുഭവിക്കേണ്ടിവരുന്ന ദാരിദ്ര്യത്തെക്കുറിച്ചും ചിന്തിക്കാൻപോലും സമയം കിട്ടിയില്ല. അതാ, അതിനു മുമ്പ് അതിലും വലിയ ഒരു ദുരന്തത്തെക്കുറിച്ച് ഇയ്യോബ് കേൾക്കുന്നു: മക്കളെല്ലാവരും മരിച്ചെന്ന വാർത്ത. മൂത്ത മകന്റെ വീട്ടിലിരുന്ന് അവർ ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോൾ ഒരു കൊടുങ്കാറ്റ് അടിച്ച് വീടു തകർന്നുവീണു. —ഇയ്യോബ് 1:12-19.
ഇയ്യോബിന്റെ മാനസികാവസ്ഥയെക്കുറിച്ച് ഒരുപക്ഷേ നമുക്കു ചിന്തിക്കാൻപോലും കഴിയില്ല. വസ്ത്രം കീറി, മുടി മുറിച്ച് നിലത്ത് തറയിൽ കിടക്കുകയാണു ഇയ്യോബ്. ദൈവം തന്നു, ദൈവംതന്നെ തിരികെ എടുത്തു എന്നാണ് ഇയ്യോബ് ധരിച്ചുവെച്ചിരിക്കുന്നത്. ഈ ദുരന്തങ്ങളെല്ലാം ദൈവത്തിൽനിന്ന് വന്നതാണെന്നു സാത്താൻ കൗശലപൂർവം വരുത്തിത്തീർത്തു. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും സാത്താൻ പറഞ്ഞതുപോലെ ഇയ്യോബ് ദൈവത്തെ ശപിച്ചില്ല. പകരം ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “യഹോവയുടെ പേര് സ്തുതിക്കപ്പെടട്ടെ.”—ഇയ്യോബ് 1:20-22.
“അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും”
സാത്താന്റെ കോപം ജ്വലിച്ചു. അവനു വിടാൻ ഭാവമില്ല. ദൂതന്മാർ യഹോവയുടെ മുമ്പാകെ കൂടിവന്ന മറ്റൊരു അവസരത്തിൽ സാത്താൻ പിന്നെയും വന്നു. അപ്പോൾ യഹോവ ഇയ്യോബിനെ പ്രശംസിച്ച് സംസാരിക്കുന്നു. സാത്താന്റെ ശക്തമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും ഇയ്യോബ് നിഷ്കളങ്കത കൈവെടിഞ്ഞില്ല. ഉടനെ സാത്താൻ കോപിഷ്ഠനായി ഇങ്ങനെ പറഞ്ഞു: “തൊലിക്കു പകരം തൊലി! സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കുള്ളതെല്ലാം കൊടുക്കും. കൈ നീട്ടി അവന്റെ അസ്ഥിയിലും മാംസത്തിലും ഒന്നു തൊട്ടുനോക്ക്. . . . അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും.” ഇയ്യോബിനു കഠിനമായ രോഗം വന്നാൽ ദൈവത്തെ ശപിക്കുമെന്നു സാത്താന് ഉറപ്പായിരുന്നു. ഇപ്പോൾ യഹോവ സാത്താനെ അതിനും അനുവദിക്കുന്നു. യഹോവയ്ക്ക് ഇയ്യോബിനെ പൂർണവിശ്വാസമാണ്. എന്നാൽ ഇയ്യോബിന്റെ പ്രാണൻ മാത്രം തൊടരുതെന്നു ദൈവം സാത്താനോടു കല്പിച്ചു.—ഇയ്യോബ് 2:1-6.
ഇങ്ങനെയാണു തുടക്കത്തിൽ നമ്മൾ കണ്ട അവസ്ഥയിൽ ഇയ്യോബ് എത്തിച്ചേർന്നത്. പാവം ഇയ്യോബിന്റെ ഭാര്യ. പത്തു മക്കൾ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ ഇപ്പോൾതന്നെ തകർന്നിരിക്കുന്ന അവർക്ക്, ഭർത്താവിന്റെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് നിസ്സഹായായി നോക്കിനിൽക്കാനേ കഴിയുന്നുള്ളൂ. സങ്കടം സഹിക്കവയ്യാതെ അവർ ഇങ്ങനെ പറഞ്ഞു: “ഇപ്പോഴും നിഷ്കളങ്കത മുറുകെ പിടിച്ച് ഇരിക്കുകയാണോ? ദൈവത്തെ ശപിച്ചിട്ട് മരിക്കൂ!” ഇങ്ങനെ തന്റെ ഭാര്യ സംസാരിക്കുന്നതു ഇയ്യോബ് ഇതുവരെ കേട്ടിട്ടില്ല. സുബോധം നഷ്ടപ്പെട്ടതുപോലെയാണ് അവൾ സംസാരിക്കുന്നതെന്നാണ് ഇയ്യോബിനു തോന്നിയത്. ഇങ്ങനെയൊക്കെയായിട്ടും ഇയ്യോബ് ദൈവത്തെ ശപിച്ചില്ല. തെറ്റായ ഒരു വാക്കും ഇയ്യോബിന്റെ വായിൽനിന്ന് വന്നില്ല. —ഇയ്യോബ് 2:7-10.
ഈ ദുരന്തകഥ നിങ്ങളെയും ബാധിക്കുമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? സാത്താന്റെ വിഷം കുത്തിവെച്ച ആരോപണങ്ങൾ ഇയ്യോബിനെതിരെ മാത്രമല്ല എല്ലാ മനുഷ്യരോടും ആണെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? സാത്താൻ പറഞ്ഞത്, “സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കുള്ളതെല്ലാം കൊടുക്കും” എന്നാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ ദൈവമായ യഹോവയ്ക്കു സമ്പൂർണഭക്തി കൊടുക്കാൻ ഒരു മനുഷ്യനും കഴിയില്ല എന്നാണ്. നിങ്ങൾക്കു ദൈവത്തോടു ഒരു സ്നേഹവുമില്ലെന്നും, സ്വയരക്ഷയുടെ കാര്യം വരുമ്പോൾ നിങ്ങൾ ദൈവത്തെ തള്ളിക്കളയുമെന്നും ആണ് അവന്റെ വാദം. സാത്താനെപോലെ നിങ്ങളും സ്വാർഥരാണ് എന്നാണ് ഫലത്തിൽ അവൻ പറഞ്ഞുവരുന്നത്. അത് തെറ്റാണെന്നു തെളിയിക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ? നമുക്ക് ഓരോരുത്തർക്കും അതിനുള്ള അവസരമുണ്ട്. (സുഭാഷിതങ്ങൾ 27:11) ഇയ്യോബ് നേരിടുന്ന അടുത്ത പ്രശ്നം എന്താണെന്നു നോക്കാം.
വേദനിപ്പിക്കുന്ന ആശ്വാസകർ
ഇയ്യോബിനു സംഭവിച്ച കഷ്ടതകളെക്കുറിച്ച് കേട്ടപ്പോൾ ആശ്വസിപ്പിക്കാനായി മൂന്നു പേർ എത്തി. അവരെ ‘കൂട്ടുകാർ’ അഥവാ പരിചയക്കാർ എന്നാണ് ബൈബിൾ വിളിക്കുന്നത്. ദൂരെനിന്ന് ഇയ്യോബിനെ കണ്ടപ്പോൾ അവർക്കു മനസ്സിലായില്ല. രോഗം ബാധിച്ച്, കടുത്ത വേദനകൊണ്ട് പുളയുന്ന അദ്ദേഹത്തിന്റെ തൊലിയൊക്കെ കറുത്ത് കരിവാളിച്ചിരുന്നു. തിരിച്ചറിയാൻ ആകാത്തവിധം അദ്ദേഹം ആളാകെ മാറിയിരിക്കുന്നു. ഉറക്കെ കരഞ്ഞും തലയിൽ മണ്ണു വാരിയെറിഞ്ഞും വലിയ ദുഃഖപ്രകടനങ്ങളൊക്കെ കാണിച്ച് എലീഫസും ബിൽദാദും സോഫറും ഇയ്യോബിന്റെ അടുത്ത് ഒന്നും മിണ്ടാതെ ഇരിക്കുന്നു. അങ്ങനെ അവർ ഒരാഴ്ച്ച, രാത്രിയും പകലും കൂടെയിരിക്കുന്നു. ഒരു അക്ഷരം പോലും മിണ്ടിയില്ല. അവരുടെ ഈ നിശ്ശബ്ദത ഒരു ആശ്വസിപ്പിക്കലായി നമ്മൾ തെറ്റിദ്ധരിക്കരുത്. കാരണം ഇയ്യോബിനോട് ഒന്നും ചോദിച്ചറിയാൻ അവർ ശ്രമിച്ചില്ല. ആകെ അവർക്കു മനസ്സിലായത് ഇയ്യോബ് കഠിനമായ വേദനയിലാണെന്നു മാത്രം.—ഇയ്യോബ് 2:11-13; 30:30.
ഒടുവിൽ ഇയ്യോബുതന്നെ സംസാരിച്ചുതുടങ്ങുന്നു. താൻ ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ടാണു തുടങ്ങുന്നത്. ഇയ്യോബ് എത്രമാത്രം വേദന സഹിക്കുന്നുണ്ടെന്ന് ആ വാക്കുകളിൽനിന്ന് വായിച്ചെടുക്കാം. ഈ പരിതാപകരമായ അവസ്ഥയ്ക്കുള്ള കാരണം അദ്ദേഹം പറയുന്നു, ‘എന്റെ പ്രശ്നങ്ങൾക്കു കാരണക്കാരൻ ദൈവമാണ്.’ അതാണ് അദ്ദേഹത്തിന്റെ ചിന്ത. (ഇയ്യോബ് 3:1, 2, 23) ദൈവത്തിലുള്ള വിശ്വാസമൊന്നും ഇയ്യോബിനു നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇപ്പോൾ അദ്ദേഹത്തിനുവേണ്ടത് ആശ്വാസമാണ്. തന്റെ കൂട്ടുകാർ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് അവരുടെ നിശ്ശബ്ദത എത്രയോ നല്ലതായിരുന്നെന്ന് ഇയ്യോബ് മനസ്സിലാക്കുന്നത്. —ഇയ്യോബ് 13:5.
എലീഫസ് സംസാരിച്ചുതുടങ്ങുന്നു. സാധ്യതയനുസരിച്ച്, കൂട്ടത്തിൽ മൂത്തയാൾ എലീഫസാണ്. അയാൾക്ക് ഇയ്യോബിനെക്കാൾ നല്ല പ്രായകൂടുതൽ കാണും. പിന്നെ ബാക്കി രണ്ടു പേരും എലീഫസിനോടൊപ്പം ചേരുന്നു. അവരും എലീഫസിനെപോലെതന്നെ കുത്തുവാക്കുകളാണു പറയുന്നത്. തുടക്കംമുതലേ ഇയ്യോബിനോടുള്ള അവരുടെ സംസാരത്തിൽ ഒട്ടുംതന്നെ ദയയുണ്ടായിരുന്നില്ല. അവർ പറയുന്ന ചില ന്യായങ്ങൾ കേട്ടാൽതോന്നും വലിയ കുഴപ്പമില്ലാത്തതാണെന്ന്. പല ആളുകളും ദൈവത്തെക്കുറിച്ച് പറയുന്ന, ശരിയാണെന്നു തോന്നിക്കുന്ന ചില കാര്യങ്ങളാണ് അവരും പറയുന്നത്. ഉദാഹരണത്തിന്, ദൈവം നല്ല ആളുകൾക്ക് പ്രതിഫലം കൊടുക്കും, ചീത്ത ആളുകളെ ശിക്ഷിക്കും എന്നൊക്കെ. വളരെ ലളിതമായ യുക്തിയുപയോഗിച്ചാണ് എലീഫസ് സംസാരിക്കുന്നത്. ദൈവം നല്ലവനാണെങ്കിൽ തെറ്റു ചെയ്തവരെ ശിക്ഷിക്കും. ഇയ്യോബിന് ഇപ്പോൾ ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതിന് അർഥം ഇയ്യോബ് തെറ്റുചെയ്തെന്നല്ലേ?—ഇയ്യോബ് 4:1, 7, 8; 5:3-6.
അവരുടെ ആ വാദങ്ങൾക്കൊന്നും ഇയ്യോബ് ചെവികൊടുത്തില്ല. അതെല്ലാം ശക്തിയുക്തം നിരസിച്ചു. (ഇയ്യോബ് 6:25) എന്നാൽ ഇയ്യോബ് എന്തോ തെറ്റു ചെയ്തിട്ട് അത് മറച്ചുവെക്കാൻ മനഃപൂർവം ശ്രമിക്കുകയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആ മൂന്നു കൂട്ടുകാർ. ഇപ്പോൾ സംഭവിക്കുന്ന മോശം കാര്യങ്ങൾക്കൊക്കെ ഇയ്യോബ് അർഹനാണെന്നാണു അവരുടെ പക്ഷം. ഇയ്യോബ് അഹങ്കാരിയും ദുഷ്ടനും ദൈവഭയമില്ലാത്തവനും ആണെന്ന് എലീഫസ് കുറ്റപ്പെടുത്തുന്നു. (ഇയ്യോബ് 15:4, 7-9, 20-24; 22:6-11) പാപം ചെയ്യുന്നതും അതിൽ സന്തോഷം കണ്ടെത്തുന്നതും നിറുത്താൻ സോഫർ ഇയ്യോബിനോടു പറഞ്ഞു. (ഇയ്യോബ് 11:2, 3, 14; 20:5, 12, 13) അതിലും ക്രൂരമായ വാക്കുകളായിരുന്നു ബിൽദാദിന്റേത്. ഇയ്യോബിന്റെ മക്കൾ ദൈവത്തോട് എന്തെങ്കിലും പാപം ചെയ്തിരിക്കും. അതായിരിക്കാം അവർ മരിക്കാൻ കാരണം എന്നാണു ബിൽദാദ് പറഞ്ഞത്.—ഇയ്യോബ് 8:4, 13.
നിഷ്കളങ്കതയ്ക്കു നേരെയുള്ള ആക്രമണം
വഴിതെറ്റിപ്പോയ ആ കൂട്ടുകാർ അതിലും മോശമായ ഒരു കാര്യം പറയുന്നു. ഇയ്യോബ് ദൈവത്തോടു പൂർണ്ണമായി വിശ്വസ്തത കാണിക്കുന്നില്ല. മാത്രമല്ല ദൈവത്തോടു വിശ്വസ്തരായിരിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നുവരെ അവർ വാദിക്കുന്നു. ഒരു ആത്മവ്യക്തി എലീഫസിനോടു സംസാരിക്കുന്നതിനെക്കുറിച്ച് സംഭാഷണത്തിന്റെ തുടക്കത്തിൽ അദ്ദേഹം പറയുന്നുണ്ട്. ആ ഭൂതവുമായുള്ള സംഭാഷണം എലീഫസിനെ തീർത്തും തെറ്റായൊരു നിഗമനത്തിൽ കൊണ്ടെത്തിച്ചു. “ദൈവത്തിനു തന്റെ ദാസരെപ്പോലും വിശ്വാസമില്ല, തന്റെ ദൂതന്മാരിലും ദൈവം കുറ്റം കണ്ടുപിടിക്കുന്നു.” ദൈവത്തെ പ്രസാദിപ്പിക്കാൻ മനുഷ്യനെക്കൊണ്ട് ഒരിക്കലും കഴിയില്ല എന്നാണ് ആ വാദത്തിലൂടെ പറയുന്നത്. ഒരു പുഴുവിന്റെ നിഷ്കളങ്കത ദൈവം കണക്കിലെടുക്കാത്തതുപോലെ ഇയ്യോബിന്റെ നിഷ്കളങ്കതയും ദൈവം കണക്കിലെടുക്കില്ല എന്ന് ബിൽദാദ് അവകാശപ്പെടുന്നു.—ഇയ്യോബ് 4:12-18; 15:15; 22:2, 3; 25:4-6.
വളരെ വിഷമത്തിലായിരിക്കുന്ന ഒരാളെ ആശ്വസിപ്പിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അത് അത്ര എളുപ്പമായിരിക്കില്ല. ഇക്കാര്യത്തിൽ വഴിതെറ്റിപ്പോയ ഇയ്യോബിന്റെ ആ മൂന്നു കൂട്ടുകാരിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്. പ്രത്യേകിച്ച് എന്തു പറയരുത് എന്നതിനെക്കുറിച്ച്. അവർ ആരും ഇയ്യോബിനോട് അനുകമ്പയോടെ സംസാരിച്ചില്ല. ഇയ്യോബിന്റെ പേരുപോലും വിളിച്ചില്ല. ആകെക്കൂടെ അവർ പറഞ്ഞത് കുറെ തെറ്റായ ന്യായവാദങ്ങളും യുക്തിയും മാത്രമായിരുന്നു. ഇയ്യോബ് വളരെ വിഷമിച്ച് തകർന്നിരിക്കുകയാണെന്നും ദയയോടെ ഇടപെടണമെന്നും അവർ ചിന്തിച്ചതേ ഇല്ല. * വിഷമിച്ചിരിക്കുന്ന ആരെയെങ്കിലും നിങ്ങൾ സഹായിക്കുന്നത് സ്നേഹത്തോടെയും ദയയോടെയും പരിഗണനയോടെയും കൂടെയായിരിക്കണം. ആ വ്യക്തിയുടെ വിശ്വാസം ബലപ്പെടുത്താൻ ശ്രമിക്കണം. അദ്ദേഹത്തിനു ധൈര്യം പകരണം. അതോടൊപ്പം ദൈവത്തിൽ ആശ്രയിക്കാനും ദൈവത്തിന്റെ വലിയ ദയയിലും കരുണയിലും നീതിയിലും വിശ്വാസമർപ്പിക്കാനും ആ വ്യക്തിയെ സഹായിക്കണം. ഇയ്യോബിന്റെ കൂട്ടുകാരുടെ സ്ഥാനത്ത് ഇയ്യോബായിരുന്നെങ്കിൽ അങ്ങനെ ചെയ്തേനേ. (ഇയ്യോബ് 16:4, 5) നിഷ്കളങ്കതയ്ക്കു നേരെയുള്ള ഈ നിലയ്ക്കാത്ത ആക്രമണത്തോട് ഇയ്യോബ് എങ്ങനെയാണു പ്രതികരിച്ചത്?
ഇയ്യോബ് ഉറച്ചുനിന്നു
ഇയ്യോബ് അതീവ ദുഃഖിതനായിരിക്കുന്ന സമയത്താണ് അവർ ഈ വലിയ തർക്കം തുടങ്ങിയത്. തുടക്കത്തിൽ ഇയ്യോബ് ഇങ്ങനെ സമ്മതിക്കുന്നു. “ഞാൻ ചിന്തിക്കാതെ” അങ്ങനെയൊക്കെ പറഞ്ഞുപോയി, ‘ആശയറ്റ ഒരാളുടെ വാക്കുകളാണ്’ എന്റേത് എന്നൊക്കെ. (ഇയ്യോബ് 6:3, 26) അത് എന്തുകൊണ്ടാണെന്ന് നമുക്കു മനസ്സിലാക്കാൻ പറ്റും. എത്രമാത്രം വിഷമം ഇയ്യോബ് അനുഭവിച്ചുകാണും! തനിക്ക് എന്താണു സംഭവിക്കുന്നതെന്നുപോലും ഇയ്യോബിനു മനസ്സിലായിക്കാണില്ല. മാത്രമല്ല ഈ ദുരന്തങ്ങളെല്ലാം പെട്ടെന്നാണല്ലോ സംഭവിച്ചത്. അതുപോലെതന്നെ എന്തോ അമാനുഷശക്തി ഇതിന്റെ പിന്നിൽ പ്രവർത്തിച്ചെന്നും ഇയ്യോബിനു തോന്നിക്കാണും. അതുകൊണ്ട് ഇതൊക്കെ യഹോവയായിരിക്കും വരുത്തിയതെന്ന് ഇയ്യോബ് കരുതി. അതേസമയം ഇയ്യോബിന് അറിയാൻപാടില്ലാത്ത പ്രധാനപ്പെട്ട പല കാര്യങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് ഇയ്യോബിന്റെ ചില ന്യായവാദങ്ങൾ തെറ്റിപ്പോയതിൽ അതിശയിക്കാനില്ല.
ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇയ്യോബ് ശക്തമായ വിശ്വാസത്തിന്റെ ഉടമയായിരുന്നു. ആ നീണ്ട സംവാദത്തിൽ പറഞ്ഞ വാക്കുകൾ ഇയ്യോബിന്റെ വിശ്വാസത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. സത്യസന്ധവും മനോഹരവും ആയ ആ വാക്കുകൾ ഇന്നും നമുക്ക് പ്രോത്സാഹനം തരുന്നവയാണ്. സൃഷ്ടിയിലെ അത്ഭുതങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഇയ്യോബ് ദൈവത്തെ സ്തുതിച്ചു. ദൈവത്തിന്റെ സഹായമില്ലാതെ ഒരു മനുഷ്യനും അങ്ങനെ ചെയ്യാൻ പറ്റില്ല. ഉദാഹരണത്തിന്, യഹോവ “ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുന്നു” എന്നു ഇയ്യോബ് പറഞ്ഞു. നൂറു കണക്കിനു വർഷം കഴിഞ്ഞാണ് ശാസ്ത്രജ്ഞർ അതു മനസ്സിലാക്കിയത്. * (ഇയ്യോബ് 26:7) വിശ്വാസത്തിനു പേരുകേട്ട മറ്റു ദൈവദാസന്മാർക്ക് ഉണ്ടായിരുന്ന അതേ പ്രത്യാശയാണ് തനിക്കും ഉള്ളതെന്ന കാര്യം ഇയ്യോബ് പറഞ്ഞു. താൻ മരിച്ചാൽ ദൈവം തന്നെ ഓർക്കുമെന്നും കാണാൻ കൊതിക്കുമെന്നും ഒടുവിൽ ജീവനിലേക്കു തിരികെ കൊണ്ടുവരുമെന്നും ഇയ്യോബ് വിശ്വസിച്ചു.—ഇയ്യോബ് 14:13-15; എബ്രായർ 11:17-19, 35.
നിഷ്കളങ്കതയെക്കുറിച്ചുള്ള വിഷയമോ? മനുഷ്യരുടെ നിഷ്കളങ്കത അഥവാ ധർമനിഷ്ഠ ദൈവം കാര്യമാക്കുന്നില്ല എന്ന് എലീഫസും രണ്ടു കൂട്ടുകാരും അവകാശപ്പെട്ടു. ആ തെറ്റായ ആശയത്തോടു ഇയ്യോബ് യോജിച്ചോ? ഒരിക്കലും ഇല്ല. മനുഷ്യരുടെ നിഷ്കളങ്കത ദൈവം പ്രാധാന്യത്തോടെ വീക്ഷിക്കുന്നെന്ന് ഇയ്യോബ് മനസ്സിലാക്കി. യഹോവയെക്കുറിച്ച് ആത്മവിശ്വാസത്തോടെ ഇയ്യോബ് പറഞ്ഞു: “ഞാൻ നിഷ്കളങ്കനാണെന്ന് . . . ദൈവത്തിനു മനസ്സിലാകും.” (ഇയ്യോബ് 31:6) കൂടാതെ തന്നെ ആശ്വസിപ്പിക്കാനാണെന്നു പറഞ്ഞുവന്നവരുടെ തെറ്റായ വാദമുഖങ്ങൾ ദൈവത്തോടുള്ള തന്റെ നിഷ്കളങ്കതയ്ക്കു മേലുള്ള ആക്രമണമാണെന്ന് ഇയ്യോബ് വ്യക്തമായി മനസ്സിലാക്കി. അത് നീണ്ട ഒരു പ്രസംഗം നടത്താൻ ഇയ്യോബിനെ പ്രചോദിപ്പിച്ചു. ഒടുവിൽ അത് മൂന്നു കൂട്ടുകാരുടെയും വായ് അടപ്പിച്ചു.
നിത്യജീവിതത്തിലെ കാര്യങ്ങളുമായി തന്റെ നിഷ്കളങ്കതയ്ക്കു ബന്ധമുണ്ടെന്ന് ഇയ്യോബ് മനസ്സിലാക്കി. താൻ ചെയ്ത എല്ലാ കാര്യങ്ങളിലും എങ്ങനെയാണു നിഷ്കളങ്കത കാണിച്ചതെന്ന് ഇയ്യോബ് വിശദീകരിച്ചു. ഉദാഹരണത്തിന്, എല്ലാ തരത്തിലുള്ള വിഗ്രഹാരാധനയും ഇയ്യോബ് ഒഴിവാക്കി. മറ്റുള്ളവരോടു ദയയോടെയും മാന്യമായും ഇടപ്പെട്ടു. ധാർമികശുദ്ധി കാത്തുസൂക്ഷിച്ചു, തന്റെ വിവാഹജീവിതത്തെ അമൂല്യമായി കണ്ടു. എല്ലാത്തിലും ഉപരിയായി സത്യദൈവമായ യഹോവയോടു സമ്പൂർണഭക്തി കാണിച്ചു. അങ്ങനെ ഇയ്യോബിന് ആത്മാർഥമായി ഇങ്ങനെ പറയാൻ കഴിഞ്ഞു: “മരണംവരെ ദൈവത്തോടുള്ള നിഷ്കളങ്കത ഞാൻ ഉപേക്ഷിക്കില്ല!”—ഇയ്യോബ് 27:5; 31:1, 2, 9-11, 16-18, 26-28.
ഇയ്യോബിന്റെ വിശ്വാസം അനുകരിക്കുക
നിഷ്കളങ്കതയെ അല്ലെങ്കിൽ ധർമനിഷ്ഠയെ ഇയ്യോബ് കാണുന്ന വിധത്തിലാണോ നിങ്ങളും കാണുന്നത്? വെറുതേ നിഷ്കളങ്കരാണെന്നു പറഞ്ഞാൽ പോരാ, പ്രവൃത്തികൾകൊണ്ട് അതു തെളിയിക്കണം എന്ന കാര്യം ഇയ്യോബ് മനസ്സിലാക്കി. നമ്മുടെ അനുദിനജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽപോലും ദൈവദൃഷ്ടിയിൽ ശരിയായ കാര്യം ചെയ്തുകൊണ്ട് മുഴുഹൃദയത്തോടെയുള്ള ഭക്തി ദൈവത്തിനു കൊടുക്കണം. ആ വിധത്തിൽ നമ്മൾ ജീവിക്കുമ്പോൾ നമ്മൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ദൈവത്തിന്റെ ശത്രുവായ സാത്താനെ തോൽപ്പിക്കുകയും ചെയ്യും. നാളുകൾക്കു മുമ്പ് ഇയ്യോബ് അതാണു ചെയ്തത്. ഇയ്യോബിന്റെ വിശ്വാസം അനുകരിക്കാൻ കഴിയുന്ന ഏറ്റവും മികച്ച വിധം അതാണ്.
ഇയ്യോബിന്റെ കഥ ഇവിടെ തീരുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇയ്യോബ് മറക്കുന്നു. താൻ നീതിമാനാണെന്നു തെളിയിക്കുന്നതിലാണ് ഇയ്യോബിന്റെ ശ്രദ്ധ മുഴുവൻ. ദൈവത്തിന്റെ പേരിനുവേണ്ടി നിൽക്കുന്നതിനെക്കുറിച്ച് ഇയ്യോബ് ചിന്തിക്കുന്നില്ല. ദൈവം കാണുന്നതുപോലെ കാര്യങ്ങൾ കാണാൻ ഇയ്യോബിനു തിരുത്തൽ വേണ്ടിവന്നു. ഇയ്യോബ് ഇപ്പോഴും വലിയ ദുഃഖത്തിലും വേദനയിലുമാണ്. ശരിക്കും ആശ്വാസംവേണ്ട ഒരു സമയം. വിശ്വാസവും നിഷ്കളങ്കതയും കാണിക്കുന്ന ഈ മനുഷ്യനുവേണ്ടി യഹോവ എന്തു ചെയ്യും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റൊരു ലേഖനത്തിൽ വിശദീകരിക്കും.
^ ഖ. 23 എലീഫസും കൂട്ടുകാരും വിചാരിച്ചത് അവർ വളരെ ദയയോടെയാണ് ഇയ്യോബിനോടു സംസാരിക്കുന്നതെന്നാണ്. ചിലപ്പോൾ അവർ ശബ്ദം കുറച്ചായിരിക്കും സംസാരിച്ചത്. (ഇയ്യോബ് 15:11) എന്നാൽ ദയയോടെ പറയുന്ന വാക്കുകൾക്കുപോലും ക്രൂരവും മുറിപ്പെടുത്തുന്നതും ആയിരിക്കാൻ കഴിയും.
^ ഖ. 26 തെളിവനുസരിച്ച് ഏതാണ്ട് 3,000 വർഷം കഴിഞ്ഞാണ്, ഏതെങ്കിലും ഒരു വസ്തുവിന്റെയോ സാധനത്തിന്റെയോ താങ്ങൊന്നും കൂടാതെയാണ് ഭൂമി നിൽക്കുന്നെന്ന കാര്യം ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയത്. ശൂന്യാകാശത്തുനിന്ന് ഭൂമിയുടെ ചിത്രം എടുത്തപ്പോഴാണ് ഇയ്യോബിന്റെ വാക്കുകളുടെ സത്യത കണ്ട് മനസ്സിലാക്കാൻ മനുഷ്യർക്കു കഴിഞ്ഞത്.